വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday 7 September 2013

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - i

യൂത്ത് ഹോസ്റല്‍ അസോസിയേഷനെ പറ്റി കേട്ടറിഞ്ഞ നാള്‍ മുതല്‍ ആഗ്രഹിച്ചതായിരുന്നു അവര്‍ നടത്തുന്ന ഏതെങ്കിലും ട്രെക്കിംഗ് പരിപാടിയില്‍ പങ്കെടുക്കുക എന്നത്... പല കാരണങ്ങള്‍ കാരണം അത് നീണ്ടു പോയി.. കഴിഞ്ഞ വര്‍ഷം ഹിമാചലില്‍ വന്നു പോയപ്പോള്‍ ഉറപിച്ചു ഒരിക്കല്‍ എങ്കിലും ട്രെക്കിങ്ങിനു വേണ്ടി അങ്ങോട്ടേക്ക് തിരിച്ച് ചെല്ലണമെന്ന്...
ജനുവരി അവസാനം യാദൃശ്ചികമായി ആണ് YHAI യുടെ വെബ്‌സൈറ്റില്‍ കയറിയത്.  പതിമൂവായിരം അടിയില്‍ അധികം ഉയരത്തില്‍ ട്രെക്കിംഗ് മെയ്‌ മാസത്തില്‍ അവര്‍ നടത്തുന്നു. പിന്നെയും ഒരു ദിവസം എടുത്തു സീറ്റ്‌ ബുക്ക്‌ ചെയ്യാന്‍, ഒന്ന് രണ്ടുപേരോട് കൂടെ കൂടുന്നോ എന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. മെയ്‌ 29നുള്ള ബാച്ചിലാണ് എനിക്ക് കിട്ടിയത്. അന്‍പതു  പേരടങ്ങുന്നു ഏകദേശം 30-35 ബാച്ചുകള്‍ ആണുള്ളത്. പതിനൊന്ന്‍ പകലും പത്ത്  രാത്രിയും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. മേയ് അവസാനം ലീവ് കിട്ടുമോ എന്നുപോലും ഉറപ്പില്ല, എങ്കിലും ഒരു സീറ്റ്‌ ഞാനും ഉറപ്പിച്ചു... കിട്ടിയാല്‍ ഒരു ട്രെക്കിംഗ് ഇല്ലേല്‍ പോട്ടെ...

പുലര്‍ച്ചക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി.. കിരണിനെ വിളിച്ചു പറഞ്ഞിരുന്നു, സൌദിയില്‍ നിന്ന് നേരിട്ടുള്ള വരവായതിനാല്‍ അധികമുള്ള സാധനങ്ങള്‍ അവനെ ഏല്പിച്ചു വൈകീട്ടുള്ള ബസില്‍ ഹിമാചലില്‍ എത്താനാണ് പരിപാടി...  ഡല്‍ഹിയിലെ ചൂടില്‍ അവന്‍റെ വീടും തപ്പി നടന്നു കുറെ നേരം, വിമാനം ഇറങ്ങിയത്‌ മുതല്‍ അവനെ വിളിക്കാന്‍ തുടങ്ങിയതാണ്. ഫോണ്‍ പരിധിക്ക് പുറത്ത്.. വീട്ടില്‍ എത്തിയപ്പോ വീടും പൂട്ടി അവന്‍ മണാലിയില്‍ പോയിരിക്കുന്നു... എന്തായാലും അവനെ നോക്കി ഇരുന്നിട്ട് ഇനി പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല. റൂം എടുത്ത് കുളിയും കഴിച്ചു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കിരണിന്‍റെ വിളി വന്നു.. വൈകീട്ട് കാണാമെന്നു പറഞ്ഞു ഞാന്‍  ഉറങ്ങാന്‍ കിടന്നു. വൈകീട്ട് എട്ടു മണിക്ക് കാശ്മീരി ഗൈറ്റില്‍ നിന്നാണ് എനിക്ക് പോകേണ്ട ബസ്‌ പുറപ്പെടുന്നത്.  ബസ് എടുക്കുന്നതിനും അരമണിക്കൂര്‍ മുന്‍പ്‌ ഞാന്‍ അവിടെ എത്തി, കിരണ്‍ ആ സമയത്ത് എത്താമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അവന്‍റെ ഒരു വിവരവുമില്ല.... ഒരു മിനിറ്റ് ഇതാ എത്തി കഴിഞ്ഞ പത്തിരുപതു മിനിറ്റ് ആയി ഞാന്‍ ഇതേ വാചകം കേള്‍ക്കാന്‍ തുടങ്ങിയിട്ട്... എട്ടു മണി ആകുന്നതിനു മുന്‍പ്‌ തന്നെ ബസ്‌ നീങ്ങി തുടങ്ങിയതാണ് ഒരാള്‍ എത്താന്‍ ഉണ്ടെന്ന്‍ പറഞ്ഞു ഞാന്‍ പിടിച്ചു നിര്‍ത്തി, എട്ടു മണി ആയതും ഇനി കത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു അവര്‍ വണ്ടി എടുത്തു... ഒടുക്കം ബസ് സ്റ്റാന്റ് വിടുന്നതിനു തൊട്ടു മുന്‍പ്‌  അവന്‍ എത്തി... വായില്‍ വന്ന തെറി ഒക്കെ വിളിച്ചു കൊണ്ടാണ് ബാഗ്‌ അവനെ ഏല്പിച്ചത്. അവനല്ല ഞാന്‍ തന്നെ ആണ് ബസില്‍ യാത്ര തുടരുന്നതെന്ന്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അപ്പോളാണ് മനസ്സിലായതെന്ന് തോന്നുന്നു... ബാഗില്‍ നിന്ന് ഒരു ചെറിയ പാക്കറ്റ് ചോക്ലേറ്റ് എടുത്ത് കണ്ടക്റ്റര്‍ക്ക് കൈക്കൂലി ആയി കൊടുത്ത് അയാളെ സമാദാനിപ്പിച്ചു.  ആ ബാഗും കൂടി തൂക്കി പതിമൂവായിരം അടി കയറുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തത്ര കഠിനമാണ്....


ഒരു വലിയ ബാധ്യത ഒഴിവാക്കിയ സമാധാനം. അരമണിക്കൂര്‍ കൊണ്ട് ഡല്‍ഹിയിലെ തിരക്കുപിടിച്ച റോഡുകള്‍  കടന്നു ബസ് ചണ്ഡിഗഡ്  ഹൈവേയില്‍ പ്രവേശിച്ചു. ഹിമാചല്‍ സര്‍ക്കാര്‍ വക ബസിലാണ് യാത്ര, ഏതോ ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്, അത് കാണാന്‍ എനിക്ക് താല്പര്യം  തോന്നിയില്ല പാട്ടു കേട്ട് ഞാന്‍ ഇരിക്കാന്‍ തുടങ്ങി. ധൃതിയില്‍ പോന്നത് കാരണം ഞാന്‍ ഭക്ഷണംപോലും കഴിച്ചിട്ടില്ലായിരുന്നു. സമയം പതിനൊന്നു ആവുന്നു. ബസ് എവിടെയും നിര്‍ത്താതെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുകയാണ്. ബാഗില്‍ ഇനിയുമുണ്ട് ചോക്ലേറ്റ് അതെടുത്ത് കഴിച്ചാലോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോള്‍ വണ്ടിയുടെ വേഗം കുറയാന്‍ തുടങ്ങി. U-ടേണ്‍ അടിച്ചു റോഡിന്‍റെ എതിര്‍വശത്തായി ഉണ്ടായിരുന്ന സാമാന്യം വലിപ്പമുള്ള ഒരു ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്തി.

ഉറങ്ങാന്‍ തുടങ്ങിയവരോടും വിശന്നു വലഞ്ഞിരിക്കുന്ന ഞാന്‍ ഉള്‍പ്പെടയുള്ളവരോടുമായി ഇവിടെ മുപ്പത് മിനിറ്റ് വണ്ടി നിര്‍ത്തിയിടും എന്തെങ്കിലും കഴിക്കുകയോ മറ്റോ ചെയ്യാനുണ്ടെങ്കില്‍ വേഗം ചെയ്തു കൊള്ളാന്‍ പറഞ്ഞു ഡ്രൈവറും  കണ്ടെക്ടറും ആദ്യമേ ഇറങ്ങിപ്പോയി. ക്യാമറയുടെ ബാഗെടുത് തോളില്‍ തൂക്കി മൊബൈലും പേഴ്സും പോക്കെറ്റില്‍ കുത്തിക്കയറ്റി ഞാനും പുറത്തിറങ്ങി... ഹോട്ടലില്‍ മെനു ഒന്നുമില്ല ഇരുനൂറു രൂപക്ക് ബുഫ്ഫെറ്റ് ഉണ്ട് അല്ലെങ്കില്‍ മാഗി. തമ്മില്‍ ഭേദം ആവശ്യമുള്ളത് പ്ലേറ്റില്‍ എടുത്ത് കഴിക്കുന്ന പരിപാടി തന്നെ. വിശപ്പ്‌ മാറ്റാന്‍ കുറച്ചു എന്തൊക്കെയോ എടുത്ത് കഴിച്ചു ഞാന്‍ ബസിനടുത്തെത്തി. ബസ് പുറപ്പെടാന്‍ നേരം മൂന്ന്പേരെ കാണാനില്ല.  കണ്ടക്ടര്‍ എന്തൊക്കെയോ തെറിയും പറഞ്ഞു അവരെ തപ്പി എടുക്കാന്‍ പോയി..

വളവും തിരിവുകളുമുള്ള വീതി കുറഞ്ഞ റോഡിലൂടെ യാണ് എപ്പോള്‍ പോകുന്നത്. എവിടെയാണെന്നറിയാന്‍ ഒരു നിര്‍വാഹവുമില്ല. ചരക്കു ലോറികള്‍ കൊണ്ടുള്ള തിരക്കാണ് റോഡുമുഴുവന്‍.. . മലകയറിപ്പോകുന്നവയെ മറികടന്നും മലയിറങ്ങിവരുന്നവക്ക് വഴിയൊരുക്കിയും സാഹസികനായി ഡ്രൈവര്‍ വണ്ടി ഓടിച്ചു കൊണ്ടേയിരുന്നു. പകല്‍മുഴുവന്‍ ഉറങ്ങി തീര്‍ത്തത്കൊണ്ട് എനിക്ക് തീരെ ഉറക്കം വരുന്നില്ലായിരുന്നു. ബസിനകത്തു ചിലര്‍ സാമാന്യം നന്നായി തന്നെ കൂര്‍ക്കം വലിക്കുന്നുണ്ട്. വാഹനങ്ങളുടെ ഗര്‍ജനവും ചിന്നം വിളിയും വേറെയും. ഇതൊന്നും അലോസരപ്പെടുത്താതിരിക്കാന്‍ സാമാന്യം ഉച്ചത്തില്‍ തന്നെയാണ് എന്റെ ചെവിയില്‍ ഗസലുകള്‍ മുഴങ്ങിയിരുന്നത്.

പൈന്‍മരങ്ങള്‍ക്കിടയിലൂടെയും അഗതമായ കൊക്കകളെ മറികടന്നും ബസ് യാത്ര തുടര്‍ന്നു.. ഇടക്കെപ്പോഴോ ഞാനും മയക്കത്തിലേക്ക് വഴുതി വീണു. പുലര്‍ച്ചെ ഏഴുമണിയോടെ ഒരു ചായക്കടയ്ക്കടുത്ത് ബസ് നിര്‍ത്തി.  പല്ലുതേപ്പും മൂത്രമൊഴിക്കലും തീര്‍ത്തു  ചായകുടിക്കാന്‍ ചെന്നപ്പോള്‍ കട്ടന്‍ ചായ കിട്ടാനില്ല...  ഇനി തിരിച്ചു വരും വരെ മിക്കവാറും കട്ടന്‍ചായയും ഒഴിവാക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി.  ബിസ്കറ്റും ജ്യുസും അകത്താക്കി വിശപ്പടക്കി.  വഴിയില്‍ വീണ്ടുമൊരിടത്ത് ബസ് നിര്‍ത്തി.  കണ്ടക്ടര്‍ ഇറങ്ങിയപ്പോള്‍ ക്യാമറയുമായി പലരും പുറത്തിറങ്ങി.





 ചുറ്റിലും കണ്ടതെല്ലാം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിക്കുമ്പോള്‍ ഒരുത്തന്‍ അടുത്ത് വന്നു ചോദിച്ചു, "YHAI 29 ബാച്ച് ആണോ? " ഇംഗ്ലീഷില്‍ ആയിരുന്നു ചോദ്യം.. അതെ എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഞാന്‍ ഇറങ്ങേണ്ട സ്ഥലം ഉറപ്പുവരുത്താന്‍   YHAI ടികറ്റ് എടുത്ത് നോക്കുന്നത് അവന്‍ ശ്രദ്ധിച്ചിരുന്നു. ശ്രീനിവാസ, ബാംഗ്ലൂരില്‍നിന്ന് വരുന്നു അവന്‍ പരിചയപ്പെടുത്തി. കൂടെ വേറെ മൂന്നുപേരുമുണ്ട്. എന്നെ ഞാനും പരിചയപ്പെടുത്തി, എന്‍റെ വരവ് ഒറ്റക്ക് ആണെന്നും. അങ്ങനെ ക്യാമ്പില്‍ എത്തും മുന്‍പ്‌ തന്നെ എനിക്ക് ഒരു കൂട്ടുകാരനെ കിട്ടി.
ബുന്ധറില്‍ ബസ് ഇറങ്ങി ഉടനെ അടുത്ത ബസ് കിട്ടി ഞങ്ങള്‍ക്ക് കസോളിലേക്ക് അവിടെയാണ് ബേസ് ക്യാമ്പ്‌.




അഖില, സോനം, സ്നേഹ ശ്രീനിയുടെ  കൂടെ ഉള്ളവരെയും ഞാന്‍ പരിജയപ്പെട്ടു. സ്നേഹയെ ബസില്‍ നിന്നാണ് ശ്രീനിയും കൂട്ടരും പരിചയപ്പെടുന്നത്. ഇന്നലെ കണ്ടക്ടര്‍ തപ്പിയെടുത്തു കൊണ്ട്  വന്നത് വേറെ ആരെയും അല്ല. ഇവരെ മൂന്നുപേരെയും തന്നെയാണ്. സുഹൃത്ത്ബന്ധത്തിന്റെ പുതിയൊരു അധ്യായം അവിടെ തുടങ്ങി. പിന്നീട് ഞങ്ങള്‍ ഒരുമിച്ചായിരുന്നു മിക്കവാറും സമയങ്ങളില്‍..   ബേസ് ക്യാമ്പില്‍ എത്തി ഒരുമിച്ചായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്ന് കാര്യമായി പരിപാടികള്‍ ഒന്നുമില്ല. ഉച്ച ഭക്ഷണം കഴിഞ്ഞു വേണമെങ്കില്‍ പുറത്ത് നടക്കാന്‍ പോകാം. ബാഗും മറ്റും ടെന്റില്‍ കൊണ്ട് വെച്ച് കുറച്ച നേരം അതിനകത്ത് തന്നെ ഇരുന്നു. സമയം നട്ടുച്ചയോടടുക്കുന്നു. സാമാന്യം ചൂടുണ്ട് ടെന്റിനകത്ത്. സമുദ്രനിരപ്പില്‍നിന്ന് 6500 അടി ഉയരത്തിലാണ് കസോള്‍ ബേസ് ക്യാമ്പ്‌..

ക്യാമ്പിനു തൊട്ടു പുറകിലൂടെ പാര്‍വതി നദി ഒഴുകുന്നുണ്ട്. ഞങ്ങളുടെ ഗ്രൂപിലെ എത്ര പേരുണ്ടെന്നോ ആരൊക്കെയാണെനോ ഒന്നും ഇതുവരെ അറിയില്ല. വൈകുന്നേരത്തെ ചായക്ക് ശേഷം ഒരു ഒത്തുകൂടല്‍ ഉണ്ടെന്ന്‍ നേരത്തെ അറിയിച്ചിരുന്നു. ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങള്‍ പുറത്തേക്കിറങ്ങി. അഞ്ചുപേര്‍ക്കും എങ്ങോട്ട് പോകണം എന്ന് അറിയില്ല. നാലു കിലോമീറ്റര്‍ അകലെ മണികരന്‍ എന്നൊരു പട്ടണം ഉണ്ട് അങ്ങോട്ട്‌ പോകാന്‍ തീരുമാനിച്ചു. ബസില്‍ കയറി ടിക്കറ്റ്‌ എടുത്തു. അരകിലോമീറ്റര്‍ പോലും ബസ് നീങ്ങിയില്ല. അതിനു മുന്‍പേ ട്രാഫിക്‌ ബ്ലോക്കില്‍ കുരുങ്ങി വണ്ടി നിന്ന്. റോഡില്‍ ടാറിംഗ് നടക്കുകയാണ്. വണ്ടികളെ എല്ലാം തടഞ്ഞുനിര്‍‍ത്തി റോഡില്‍ പണി എടുക്കുന്നു. നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ അവിടെ അടി നടന്നേനെ.  ഒരു വാഹനതെപ്പോലും കടത്തിവിടാതെയുള്ള കലാപരിപാടി കണ്ട് ഞങ്ങള്‍ അന്തം വിട്ടുനിന്നു. പിന്നെ മനസ്സിലായി ബസില്‍ ഇരുന്നിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. ബസില്‍ നിന്നിറങ്ങി ഞങ്ങള്‍ നടപ്പ് തുടങ്ങി. നാലുമണിക്ക് തിരിച്ചെത്താന്‍ ഉള്ളത്കൊണ്ട് അധികദൂരം പോകാന്‍ കഴിയില്ല. കുറച്ച മുന്നിലായി പാര്‍വതി നദിക്ക് കുറുകെ ഒരു തൂക്കുപാലം കണ്ടു. അതിലൂടെ അക്കരെ കടന്നു കുറച്ചു ദൂരം നടന്നു പ്രകൃതിയെ ക്യാമറയിലേക്ക് ആവാഹിച്ചു ഞങ്ങള്‍ തിരിച്ചു പോന്നു.
Sreeni


ചായക്ക് ശേഷം ഏല്ലാവരും ഒത്തുകൂടി. YHAI യെ പറ്റിയും അവര്‍ നടത്തുന്ന ട്രെക്കിങ്ങ്നെക്കുറിച്ചും സുധീര്‍ഘമായി തന്നെ ക്യാമ്പ്‌ ലീഡര്‍ സംസാരിച്ചു. ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന ട്രെക്കിംഗ് ഓരോ ദിവസത്തെയും പരിപാടികളെ പറ്റിയും വിശദീകരിച്ചു. പിന്നീട് ഓരോരുത്തര്‍ ആയി സ്വയം പരിചയപ്പെടുത്തി. നാല്പത് പേരാണ് sp-29 എന്ന ഞങ്ങളുടെ ബാച്ചില്‍ ഇതുവരെ എത്തിച്ചേര്‍ന്നവര്‍.  മഹാരാഷ്ട്ര, ബംഗാള്‍, ഗുജറാത്ത്‌, ഡല്‍ഹി, കര്‍ണാടക, തുടങ്ങി ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും വന്നവര്‍. കേരളത്തില്‍ നിന്ന് വേറെ ആരുമില്ല. ഏല്ലാവരും പരിചയപ്പെട് കഴിഞ്ഞു. രാത്രി ഡിന്നര്‍ കഴിഞ്ഞു ക്യാമ്പ്‌ ഫയര്‍ ഉണ്ടാകും എല്ലാദിവസവും, അവിടെ കലാപരമായ നിങ്ങളുടെ കഴിവുകള്‍ പങ്കുവെക്കാന്‍ എല്ലാവര്‍ക്കും അവസരം കിട്ടുന്നതാണ്, ക്യാമ്പ്‌ ലീഡര്‍ പറഞ്ഞു നിര്‍ത്തി. ഭക്ഷണം വെജിറ്റെറിയന്‍ ആണ്, ഞാന്‍ ഒഴികെയുള്ള നാലുപേരും വെജിറ്റെറിയന്‍ മാത്രമേ കഴിക്കൂ. വെജിറ്റെറിയന്‍റെ നടുക്കഷണം തിന്നാന്‍ ഞാനും ശീലിച്ചു.  യാത്രയില്‍ കഴിവതും മാംസാഹാരം ഒഴിവാക്കുകയാണ് എന്‍റെ പതിവ് താനും

എട്ടുമണിയോടെ ക്യാമ്പ്‌ ഫയര്‍ തുടങ്ങി. പ്രതീകാല്മക ഫയറിംഗ് മാത്രമേ ഉള്ളൂ. ഇലക്ട്രിക്‌ വെളിച്ചത്തിന് ചുറ്റിലും ഇരുന്നാണ് കലാപരിപാടികള്‍. ഞങ്ങള്‍ക്ക് മുന്‍പേയുള്ള ബാച്ചില്‍ ഉള്ളവരാണ് ഇന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാട്ടും ഡാന്‍സും മിമിക് സ്കിറ്റുകളുമായി അത്യാവശം ബോറടിപ്പിച്ചു. പത്തുമണിക്ക് മുന്‍പേ ഏല്ലാവരും അവരവരുടെ  ടെന്റിലേക്ക് മടങ്ങി. രാവിലെ അഞ്ചരമണിക്ക് ബെഡ് കോഫി കുടിച്ചു വ്യായാമം ചെയ്യാന്‍ പോകണം. ഭക്ഷണം മുതല്‍ ഉറക്കം വരെ പട്ടികപ്പ്രകാരം ആണ്, കൃത്യനിഷ്ടയോടെ എല്ലാം ചെയ്യണം.

രാവിലെ കൃത്യമായി ടെന്റില്‍ കോഫിയുമായി ആളെത്തി. ചൂടോടെ അകത്താക്കി, ജോഗിംഗ് ചെയ്തു ഗ്രൌണ്ടിലെത്തി, വ്യായാമം കഠിനമാല്ലയിരുന്നെങ്കിലും, ഒരുപാട് നാള്‍ ശരീരമനക്കി പണിയൊന്നും എടുക്കാത്തത്കൊണ്ടു അനുസരണക്കേടു നല്ലവണ്ണം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍വരെ നീണ്ടുനിന്നു വ്യായാമം. പിന്നെ വീണ്ടും ക്യാമ്പിലേക്ക്.

കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയുള്ള ഒരു ചെറിയ ട്രെക്കിംഗ് (Acclimatization walk) മാത്രമാണ് ഇനി ഇന്നത്തെ പരിപാടി ഉള്ളത്. നാളെയും ബേസ് ക്യാമ്പില്‍തന്നെയാണ് വാസം. അതിനു ശേഷം SAR-പാസ് ട്രെക്കിംഗ് തുടങ്ങും. ഭാരം എടുത്ത് മലകയറാനുള്ള ശേഷി ഉണ്ടോയെന്ന് പരീക്ഷിക്കാനുള്ള ഒരു അവസരവുമാണിത്. അതുകൊണ്ട് പുറകില്‍ ബാഗും തൂക്കിയാണ് ഈ കയറ്റവും.ഒരുമണിക്കൂര്‍ നേരത്തെ കയറ്റം പിന്നെ കുറച്ച വിശ്രമം.

അവിടെ വെച്ച് ഗ്രൂപിനെ നയിക്കാനുള്ള നേതാക്കളെ
തിരഞ്ഞെടുക്കലായി. 4 പേരേയാണ് തിരഞ്ഞെടുക്കുക. വിനോദ് - മുഖ്യന്‍.,  കോളിന്‍ - ഉപമുഖ്യന്‍, ഗുന്ജന്‍ - സംസ്കാരികം, ഇനിയുള്ളത് പാരിസ്ഥിതിക നേതാവാണ്‌, ആരെങ്കിലും മുന്നോട്ട് വരുന്നതിനു മുന്‍പ്‌ സോനം കടാരിയയെ നോക്കി ഗൈഡ് പ്രക്യാപിച്ചു നീ തന്നെ.  തിരഞ്ഞെടുപ്പിന് ശേഷം ഏല്ലാവരും ഒരിക്കല്‍ കൂടി പരസ്പരം പരിചയപ്പെടുത്തി.

ലിച്ചീ പഴം കൊണ്ട് പാനീയം ഉണ്ടാക്കി ദാഹം ശെമിപ്പിച്ചു ഞങ്ങള്‍ തിരിച്ചു മലയിറങ്ങി.

ഉച്ചഭക്ഷണം കഴിച്ചു ഞങ്ങള്‍ ഷോപ്പിങ്ങും മറ്റുമായി കസോള്‍ പട്ടണത്തില്‍ ചുറ്റിത്തിരിഞ്ഞു.  അന്ന് ഞങ്ങളുടെ ഗ്രൂപ്പില്‍ രണ്ടുപേര്‍ കൂടി വന്നു ചേര്‍ന്നു. ഡല്‍ഹിയില്‍നിന്നുള്ള വൃന്ദയും പഞ്ചാബുകാരന്‍ ജൈനും. ഞങ്ങളുടെ ഗ്രൂപ്പില്‍ ആകെ ഉള്ള മൂന്നു സ്ത്രീ ജനങ്ങളും ശ്രീനിയുടെയും എന്‍റെയും കൂടെ ആയതിനാല്‍ അഞ്ചില്‍ നിന്ന് ആറായിത്തീര്‍ന്നു ഞങ്ങള്‍..
ബോറടിയുടെ അതിര്‍വരമ്പുകള്‍ ബേധിച്ച ക്യാമ്പ്‌ ഫയര്‍ ആയിരുന്നു ഇന്നത്തേത്‌,  നടത്തിയത് വേറെ ആരുമല്ല, നാല്പത്തിരണ്ട് പേരടങ്ങുന്ന ഞങ്ങളുടെ തന്നെ ഗ്രൂപ്പ്‌ ആയിരുന്നു.

രാവിലെ പതിവുപോലെ ആറുമണിക്ക് വ്യായാമം തുടങ്ങി. കസോളില്‍ ഞങ്ങളുടെ അവസാന ദിവസം ആണ്, നാളെ രാവിലെ ഞങ്ങള്‍ യഥാര്‍ത്ഥ ട്രെക്കിംഗ് തുടങ്ങും. രാവിലെ റോക്ക് ക്ലൈമിങ്ങും ഉച്ചക്ക് ശേഷം രാപ്പെലിംഗും ആണ് ഇന്ന് ചെയ്യാനുള്ളത്. ഹാര്‍നെസ്സ് സേഫ്ടി ഇക്വിപ്മെന്റ്സു ഹെല്‍മെറ്റ്‌ അടക്കം എല്ലാം ധരിച്ചു ഓരോരുത്തര്‍ ആയി റോക്ക് ക്ലൈമിങ്ങ് നടത്തി.
ചിലര്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞു. പലരും മുകളിലെത്താന്‍ നന്നേ കഷ്ടപ്പെട്ട്... അത്യാവശ്യം മരത്തില്‍ വലിഞ്ഞു കേറിയും പാറകളില്‍ പൊത്തിപ്പിടിച്ച് കേറിയും ചെറുപത്തില്‍ പരിശീലനം നടത്തിയത് കൊണ്ട് എനിക്കും ആയാസരഹിതമായി മുകളില്‍ എത്താന്‍ കഴിഞ്ഞു.

Vrinda
രാപ്പെലിംഗ് അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യാനും പോയില്ല..  ആ നേരം പാര്‍വതി നദിയുടെ കൈവഴിയായ  നദിയുടെ ഭംഗി ആസ്വദിച്ചു സമയം ചിലവഴിച്ചു.  നദിക്കുകുറുകെ വീണു കിടന്നിരുന്ന മരത്തിലൂടെ അക്കരകടക്കാന്‍  ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  വെള്ളത്തിന്‌ മരംകോച്ചുന്ന മകരത്തിനെ വെല്ലുന്ന തണുപ്പ്. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഒന്നും നോക്കാതെ അതില്‍ ഇറങ്ങി കുളി പസാക്കിയേനെ.
കസോളില്‍ എത്തിയതിനു ശേഷം ഞാന്‍ മാത്രമല്ല ആരും കുളിക്കുന്ന പരിപാടിയെ ഇല്ല... ചൂടുവെള്ളം കിട്ടാന്‍ നിവൃത്തിയില്ല..



കൈ കഴുകാന്‍ തന്നെ മടിയാണ് അത്രയ്ക്കാണ് തണുപ്പ്.  ഇന്നെന്തായാലും കുളിക്കണം, മേലോട്ട് കയറുംതോറും തണുപ്പ് കൂടും... പിന്നെ കുളി ഒരു ഓര്‍മ്മ മാത്രമാകും.



മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നെങ്കിലും ബിപി  ചെക്ക്‌ ചെയ്യല്‍ ചടങ്ങ് ഉണ്ടായിരുന്നു YHAI വക.. എല്ലാവരോടും ദിവസേന 3 ലിറ്റര്‍ വെള്ളംകുടിക്കാന്‍ ഉപദേശവും നല്‍കി.



ഡിന്നറും ക്യാമ്പ്‌ ഫയറും കഴിഞ്ഞു വേഗം ഉറങ്ങാന്‍ കിടന്നു. മൊബൈലിന്‍റെയും ഇന്റര്‍നെറ്റിന്‍റെയും ഒക്കെ ലോകത്ത് നിന്ന് വളരെ അകലെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി. ചാര്‍ജ് ചെയ്യുക എന്നത് വലിയൊരു കടമ്പയാണ്. ആകെയുള്ള ചര്‍ജിംഗ് പൊയ്ന്റില്‍ പൂരത്തിനുള്ള ആളുണ്ടാവും എപ്പോഴും. ഫോണിന്റെ ശല്യം ഇല്ലാതായത്‌ ഒരു തരത്തില്‍ നല്ലൊരു കാര്യമായിരുന്നു. തികച്ചും സ്വകാര്യമായ ദിവസങ്ങള്‍..
നാളെ രാവിലെ ഏഴുമണിയോടെ കസോളില്‍ നിന്നും തിരിക്കണം.



പുലര്‍ച്ചെ അഞ്ചരമണിയോടെ എഴുന്നേറ്റു.കഴിഞ്ഞ മൂന്നു ദിവസമായി ഞങ്ങള്‍ ആറു പേരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. രണ്ടോമൂന്നോ പാത്രത്തില്‍ നിന്ന് ഏല്ലാവരും കഴിക്കും.  പ്രഭാത ഭക്ഷണം കഴിച്ചു ഉച്ചക്ക് കഴിക്കാന്‍ ഉള്ളത് പായ്ക്ക് ചെയ്തെടുത്ത്, ഞങ്ങള്‍ യാത്രക്കൊരുങ്ങി. തലേന്ന് തന്നെ ആവശ്യത്തില്‍ അധികം ഉള്ള സാധനങ്ങള്‍ ബാഗിലാക്കി കലവറയില്‍ നിക്ഷേപിച്ചിരുന്നു. സ്ലീപിംഗ് ബാഗ് ബ്ലാന്കെറ്റ് എന്നിവയെല്ലാം ഓരോ ക്യാമ്പിലും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്‍റെ സ്ലീപിംഗ് ബാഗ്‌.  ഞാന്‍ കയ്യില്‍ കരുതിയിരുന്നു. കസോളില്‍ നിന്ന് 13 കിലോമീറ്റര്‍ നീളുന്ന ബസ് യാത്ര, ഘടിഗത് വരെ, അവിടെ നിന്ന് 5  കിലോമീറ്റര്‍ ട്രെക്കിംഗ്  ആദ്യത്തെ ക്യാമ്പ്‌ സൈറ്റ് ആയ ഗല്‍കിതാച്ചിലേക്ക്.....

SP-29
SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - ii

9 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. ബാക്കി പോരട്ടെ..

    ReplyDelete
  3. Sambavam oru sambavam an ta

    ReplyDelete
  4. കൊള്ളാം.ബാക്കി വായിക്കട്ടെ.

    ReplyDelete
  5. വളരെ നല്ല എഴുത്ത്.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D