വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday 28 September 2013

ഹിമാലയന്‍ ട്രെക്കിംഗ് - V (അവസാന ഭാഗം)

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ്  - IV

ഫോട്ടോ എടുത്ത് നടക്കുന്നതിനിടയില്‍ കാല് തെന്നി വെള്ളത്തിലേക്ക് വഴുതി വീണു, മുട്ടോളം നനഞ്ഞു, ക്യാമറ നനഞ്ഞില്ലെങ്കിലും പാദുകം മുഴുവനായിത്തന്നെ നനഞ്ഞു.  അടുത്ത് തന്നെ ആയിരുന്നു ഉച്ച ഭക്ഷണം കഴിക്കാനുള്ള സ്ഥലം സജ്ജീകരിച്ചിരുന്നത്. ആ സമയത്ത് സോക്സും ഷൂസും അഴിച്ചു വെയിലില്‍ ഉണക്കാന്‍ ഇട്ടു..മനോഹരമായ പുല്‍മേടുകളും താഴ്വരകളും താണ്ടി ഞങ്ങള്‍ നടന്നു. ഇടക്കെപ്പോഴോ മഴയൊന്നു ഞങ്ങളെ വിരട്ടാനെത്തി, ചാറ്റല്‍ മഴയായി പെട്ടെന്ന് തന്നെ  പെയ്തൊഴിയുകയും ചെയ്തു.

 ചെറിയൊരു പയ്യനായിരുന്നു ഞങ്ങളുടെ വഴികാട്ടി. ഏറ്റവും പിറകിലായി ഞങ്ങള്‍ക്കൊപ്പമാണ് അവന്‍ നടന്നിരുന്നത്. അത് കൊണ്ട് തന്നെ, ഞങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ക്കെല്ലാം വഴി തെറ്റി. കുറച്ചകലെയായി അവരുടെ ശബ്ദം എതിര്‍ ദിശയില്‍ നിന്നു കേള്‍ക്കുന്നുണ്ട്, അവന്‍ ആ വഴിക്കോടി, എല്ലാവരെയും മേച്ചു തിരിച്ചെത്തി, അതുവരെ ഫോട്ടോയും എടുത്ത് ഞങ്ങള്‍ കുറച്ചു പേര്‍ നിന്നു.

സംഭാരം വില്‍ക്കുന്ന സ്ത്രീ
വഴിയില്‍ രണ്ടു സ്ത്രീകള്‍ ഇരുന്ന് സംഭാരം വില്‍ക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ മിക്കവരും അത് വാങ്ങി കുടിച്ചു. മനുഷ്യന്‍റെ കടന്നുകയറ്റം അവിടുന്നങ്ങോട്ട് ദൃശ്യമായിരുന്നു. വെട്ടിയിട്ട മരങ്ങളും എന്നോ കാടു കടത്തപ്പെട്ട മരങ്ങളുടെ കുറ്റികളും അത് വിളിച്ചോതി. ഒന്ന് രണ്ടു കൃഷിയിടങ്ങളും കടന്നു വേണം ബന്ധക്ക് താച്ചില്‍ എത്താന്‍.,
ക്യാമറയുടെ കൂടെ കരുതിയിരുന്ന ബാറ്ററികള്‍ രണ്ടും കഴിയാറായി. അത് കൊണ്ട് തന്നെ ചിത്രമെടുക്കല്‍ പരിമിതപ്പെടുത്തി. ട്രെക്കിംഗ് തുടങ്ങിയത് മുതല്‍ വൃന്ദക്ക് എന്നെക്കൊണ്ട് പടമെടുപ്പിക്കല്‍ ആയിരുന്നു ഒരു വിനോദം. ആദ്യമൊന്നും എനിക്കത് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല, ഇപ്പോഴാണ് അതൊരു വയ്യാവേലി ആയത്. എങ്കിലും വലിച്ചു നീട്ടിയാല്‍ നാളേക്ക് കൂടി ക്യാമറ ജീവനോടെ തന്നെ നില്‍ക്കുമെന്ന് എനിക്ക് തോന്നി.
വിശാലമായ ഒരു പുല്‍മേടയിലാണ് ബന്ധക്കില്‍ കൂടാരങ്ങള്‍ കെട്ടിയിരിക്കുന്നത്.  മഞ്ഞു മൂടിക്കിടക്കുന്ന മലകള്‍ ഒരു വശത്തിന് വശ്യമായ സൗന്ദര്യം നല്‍കുന്നു... ദൂരെ നിന്നു നോക്കുമ്പോള്‍ പകുതി പച്ചയും ബാക്കി വെള്ളയിലും വരച്ചു വെച്ച ഒരു ചിത്രം പോലെ.  കൊച്ചു-സ്വിറ്റ്സര്‍ലന്‍ഡ്  എന്ന് വിളിക്കുന്നതില്‍ ഒട്ടും ശരികേട് തോന്നില്ല. ആവശ്യത്തിനു ബാറ്ററി ബാക്കി വെക്കാതത്തില്‍ സത്യത്തില്‍ അപ്പോള്‍ എനിക്കൊരുപാട് നിരാശ തോന്നി.


ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന വഴി കാട്ടി തന്നെയാണ് ഇന്നത്തെ ക്യാമ്പ്‌ ലീഡറും. പതിവ് കാര്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും അടുത്ത പ്രധാന ഇനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മറ്റൊന്നുമല്ല എട്ടായിരം അടി ഉയരത്തില്‍ ക്രിക്കെറ്റ് കളിക്കാന്‍.
Bandak thach
മുപ്പത്തിഎട്ടുപേരില്‍ ഭൂരിപക്ഷം പേരും കളിക്കാന്‍ തയ്യാറായിരുന്നു. എട്ടു പേരോളം വരുന്ന നാലു ഗ്രൂപ്പ്‌ ആയി തിരിഞ്ഞു. കളിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ഒഴിഞ്ഞു നിന്നു.  പാടത്ത് പണ്ട് കളിച്ചിരുന്ന പോലെ വിചിത്രമായ നിയമങ്ങള്‍ പലതും ഉണ്ടായിരുന്നു. ചെറിയ കളി സ്ഥലം ആയതിനാല്‍ അതിര്‍ത്തിക്കപ്പുറത്ത് ഉയര്‍ന്നു പോയാല്‍ കളിക്കുന്നവന്‍ പുറത്താകും, എന്ന് തുടങ്ങി അടുത്തുള്ള ടെന്റില്‍ തട്ടിയാല്‍ ഒരു റണ്‍ എന്നുവരെ...രണ്ടു ടീമുകള്‍ പരസപരം കളിക്കും അതില്‍ വിജയിക്കുന്നവര്‍ തമ്മില്‍ ഫൈനല്‍.   ഞാനും ശ്രീനിയും വിനോദും ഉള്‍പ്പെടുന്നതായിരുന്നു ഒരു സംഘം. ഗൈഡും ഞങ്ങളുടെ കൂടെ കൂടി... ആദ്യത്തെ കപ്പ് ഞങ്ങള്‍ക്ക് തന്നെ കിട്ടി. രണ്ടാമത്തേതില്‍ കര്‍ശനമായ ചില നിയമങ്ങള്‍ കൂടുതല്‍ വന്നു, ഒരാള്‍ക്ക് ഒരോവറില്‍ കൂടുതല്‍ എറിയാന്‍ പാടില്ല എന്നടക്കം...ആദ്യത്തെ കളിയില്‍ അഞ്ചോവറും രണ്ടു പേര്‍ ചേര്‍ന്നാണ് എറിഞ്ഞത്... എറിയാന്‍ അറിയാവുന്നവരെ മാറ്റി നിര്‍ത്താന്‍ കൂടി ആയിരുന്നു അത്.. എന്തായാലും രണ്ടാമത്തെ പ്രാവശ്യവും ഫൈനലില്‍ ഞങ്ങളെത്തി പക്ഷെ ഇത്തവണ തോല്‍ക്കാന്‍ ആയിരുന്നു വിധി.

ക്യാമ്പിനു അടുത്തായി ഒരു ചോലയും അതിലൊരു വെള്ളച്ചാട്ടവും ഉണ്ടായിരുന്നു.. ചെറിയതെങ്കിലും തണുത്തുറഞ്ഞ വെള്ള മൊഴുകുന്നതും  ഭംഗിയുള്ളതുമായ ഒന്നായിരുന്നു അത്.   അരമണിക്കൂറോളം നടക്കാനുണ്ട് അങ്ങോട്ടേക്ക്.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബംഗ്ലൂര്‍ക്കാരനും പാതി മലയാളിയും ആയ ശ്രീകാന്ത് അവിടെ ഉണ്ടായിരുന്നു. അവനെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അവന്‍റെ ടീം തോറ്റതിന്‍റെ നിരാശയില്‍ അവന്‍ അപ്പോഴേ അവിടുന്ന് രക്ഷപ്പെട്ടു വന്നതായിരുന്നു.. യാത്രിക്കിടയില്‍ എപ്പോഴോ ശ്രീനിയാണ് അവന്‍ പാതി മലയാളിയാണെന്നു എന്നോട് പറഞ്ഞത്.കുറെ നേരം അതിനടുത്ത് ഞങ്ങള്‍ ചിലവഴിച്ചു. നന്നേ ഇരുട്ടിയിരുന്നു തിരിച്ചെത്തുമ്പോള്‍.
അത്താഴം വിളമ്പലും ഉറങ്ങാനുള്ള സാമഗ്രികള്‍ വിതരണം ചെയ്യലുമൊക്കെ എപ്പോഴോ കഴിഞ്ഞെന്നു ചുരുക്കം.. ക്യാമ്പ്‌ ലീഡറുമായി നേരത്തെ ചങ്ങാത്തം കൂടിയത് തുണയായി... വേറെ വല്ല ക്യാമ്പിലും ആയിരുന്നെങ്കില്‍ പട്ടിണി കിടക്കേണ്ടി വന്നേനെ... പ്രദീപ്‌ ഭാരതി എന്ന പത്തൊന്‍പത് വയസ്സുകാരനെ മണിയടിച്ചു ഞങ്ങള്‍ കാര്യം നടത്തി.

With Colin and Pradeep
രാത്രി ഒരുപാടു വൈകിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. നാളെ ട്രെക്കിംഗ് അവസാനിക്കുകയാണ്, പിന്നെ എല്ലാവരും പല വഴിക്ക് പിരിഞ്ഞു പോകും, സന്തോഷകരമായ കുറെ നല്ല ദിവസങ്ങള്‍ക്ക് നാളെ തിരശീല വീഴും. ഓരോന്നാലോചിച്ച് കിടന്നു എപ്പോഴോ ഞാനും ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ ശ്രീനി പല്ല് തേപ്പും മറ്റു കലാപരിപാടികളും കഴിഞ്ഞു വന്നിരിക്കുന്നു... നീ എന്തെ എന്നെ വിളിക്കാതെ പോയത്, ഞാന്‍ നീ എണീക്കുമ്പോള്‍ എന്നെയും ഉണര്‍ത്താന്‍ പറഞ്ഞതല്ലേ... മലയാളത്തിലാണ് ഞാന്‍ അവനോടു സംസാരിച്ചു കൊണ്ടിരിന്നതെന്ന്‍ അവന്‍ കണ്ണ് തുറിച്ചു എന്നെ നോക്കുന്നത് കണ്ടപ്പോളാണ് എനിക്ക് ബോധ്യം വന്നത്. ടെന്റില്‍ ഉണ്ടായിരുന്നവര്‍ക്ക് കാര്യം പിടികിട്ടാത്തത് നന്നായി, ഇല്ലെങ്കില്‍ ഇന്നത്തെ വധത്തിനു വേറെ ഒന്നും വേണ്ടി വരില്ല, അവന്മാര്‍ക്ക്.
SP-29
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഉച്ച ഭക്ഷണം പൊതിഞ്ഞെടുത്ത് പതിവുപോലെ ഞങ്ങള്‍ യാത്ര തുടങ്ങി, ഇന്ന് ഞങ്ങളുടെ കൂടെ വഴി കാണിക്കാന്‍ ആരും വരില്ല. പോകേണ്ട വഴി വിശദീകരിച്ചുതന്ന് പ്രദീപ്‌ അടുത്ത സംഘത്തെ കൂട്ടാന്‍വേണ്ടി കുന്നു കയറി ബിസ്കരിയിലേക്ക് നടന്നു. കളിക്കിടയില്‍ വീണ് കാല്‍മുട്ടിന് പരിക്ക് പറ്റിയത് കാരണം മുട്ട് മടക്കുമ്പോള്‍ വല്ലാത്ത വേദന ഉണ്ടായിരുന്നു, ഇന്നലെ കളിക്കിടയില്‍ അതൊന്നും അറിഞ്ഞതെ ഇല്ല, അത്രക്ക് ആവേശത്തോടെ ആയിരുന്നു കളി.
With Bangalore team
  അതുകൊണ്ട് ഇന്നും ഏറ്റവും പിറകിലായാണ് എന്‍റെ നടപ്പ്. ശ്രീനിയും അഖിലയും വൃന്ദയും ഞാനും, ബാക്കി എല്ലാവരും നടന്നു ഒരുപാട് അകലെ എത്തിക്കഴിഞ്ഞു. പിന്നെ ബസില്‍ വച്ചാണ് ഞങ്ങള്‍ അവരെ കണ്ടു മുട്ടുന്നത്. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാന്‍ പോകുന്ന പെണ്ണുങ്ങള്‍ ഞങ്ങളോട് മഴക്കോട്ട് ചോദിച്ചു വാങ്ങി.  ഇനി ഞങ്ങള്‍ക്കത് ഒരു ഉപയോഗവും ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവര്‍ക്കത് കൊടുത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. നടന്നു നടന്നു ഞങ്ങള്‍ വഴി തെറ്റി കാണണം, ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടു, പിന്നെ അവിടുന്ന്‍ വഴി ചോദിച്ച് വീണ്ടും നടന്നു. ട്രെക്കിംഗ് നു വേണ്ടി ഇട്ട അടയാളങ്ങള്‍ ഉള്ള വഴിയില്‍ എത്തിച്ചേര്‍ന്നു. അതിനിടയില്‍ കണ്ട ഭോജനശാലയില്‍ നിന്നു പഴച്ചാറ് വാങ്ങി കുടിക്കാനും ഞങ്ങള്‍ മറന്നില്ല. തണുപ്പിനു പകരം ചൂടുള്ള ദിവസത്തിലേക്കുള്ള മാറ്റം കാരണം ശരീരം നന്നേ ക്ഷീണിച്ചിരുന്നു. താമസിയാതെ ഞങ്ങളും മുഴുവന്‍ സംഘാംഗങ്ങള്‍ കേറിയ ബസില്‍ എത്തിച്ചേര്‍ന്നു. ഒരുതരത്തിലുള്ള മലിനീകരണങ്ങളും ഇല്ലാത്ത പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് എല്ലാം കൊണ്ടും മലീമസമായ ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക്...
ബര്‍സിനി റോഡില്‍ ആയിരുന്നു അത്. ഞങ്ങള്‍ കയറി കുറച്ചു നേരം കഴിഞ്ഞു ബസ് എടുത്തു.
യാത്രയില്‍ ഉടനീളം ഞങ്ങള്‍ ഏറ്റു വിളിച്ചിരുന്ന ഒരു മുദ്രാവാക്യമാണ് “In the gud gude, naal gud gude…dhishkaeon dhishkaeon dhishkaeon”. ഇതിന്‍റെ അര്‍ഥം എന്താണെന്നു അത് വിളിച്ചു കൂവിയിരുന്ന ഞങ്ങള്‍ക്കോ, ഞങ്ങള്‍ക്കീ മുദ്രാവാക്യം ചൊല്ലിത്തന്ന അഭയ് ഗുപ്തക്കോ  അറിയില്ലെന്ന് മാത്രം. രണ്ടുമണിക്കൂര്‍ എടുക്കും കസോളില്‍ എത്താന്‍, ഇന്ന് തന്നെ തിരിച്ചു ഡല്‍ഹിക്ക് പോകാന്‍ ആണ് ഞങ്ങളുടെ പ്ലാന്‍. സ്നേഹ നേരത്തെ ടിക്കറ്റ്‌ എടുത്തിട്ടുള്ളത് കൊണ്ട് ഞങ്ങളുടെ കൂടെ വരുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ അഞ്ചു പേരും ടിക്കറ്റ്‌ എടുത്തിട്ടില്ല.  മനികരനില്‍ എത്തിയപ്പോള്‍ അധികം പേരും അവിടെ ഇറങ്ങി. പ്രകൃതിദത്തമായ ചൂട് വെള്ളം കിട്ടുന്ന സ്ഥലമാണ് അത്. സള്‍ഫര്‍ അടങ്ങിയ ആ വെള്ളത്തില്‍ കുളിക്കാന്‍ സോനവും സ്നേഹയുടെ കൂടെ പോയി. ഞങ്ങള്‍ നേരെ കസോളിലെത്തി, കുളിയും കഴിഞ്ഞു, ഭക്ഷണം കഴിക്കാന്‍ ഇറങ്ങി ഡല്‍ഹിക്കുള്ള ടിക്കെറ്റ് എടുക്കണം. ഒന്ന് രണ്ടിടത്ത് കേറി ബുന്ധറില്‍ നിന്നെ ബസ് കിട്ടൂ, മണാലിയില്‍ നിന്നു വരുന്നവയാണ്, 6 മണിക്ക് ബുന്ധറില്‍ എത്തിയാലേ ബസ് കിട്ടൂ. കസോളില്‍ നിന്നു രണ്ടു-മൂന്നു മണിക്കൂര്‍ എടുക്കും ബുന്ധറിലേക്ക്. പോകുമ്പോള്‍ ഏല്‍പിച്ച ഞങ്ങളുടെ ബാഗ്‌ തിരിച്ചെടുക്കണം, YHAI യുടെ ട്രെക്കിംഗ് മുഴുവനാക്കിയതിന്‍റെ സാക്ഷ്യപത്രം വാങ്ങണം. വിചാരിച്ചപോലെ തന്നെ എല്ലാം നടന്നു. ബാഗും തൂക്കി റോഡില്‍ എത്തിയപ്പോള്‍ പതിവ് കാഴ്ച, നട്ടുച്ചക്കുള്ള റോഡ്‌ പണി... ബുന്ധര്‍ ലക്ഷ്യമാക്കി നടക്കാന്‍ തീരുമാനിച്ചു ഞങ്ങള്‍. വഴിയെ വരുന്ന എല്ലാ വണ്ടികള്‍ക്കും കൈ കാണിക്കാനും.
പല വാഹനങ്ങളും ഞങ്ങളെ കടന്നു പോയെങ്കിലും ആരും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പത്തിരുപത് മിനുട്ട് കഴിഞ്ഞു കാണും ഞങ്ങളുടെ ഭാഗ്യം ഒരു ബസ് വന്നു, റോഡ്‌ പണി തീരില്ലെന്ന് കണ്ടു തിരിച്ചു പോരുകയാണ് അവര്‍.
കൃത്യസമയത്ത്തന്നെ മണാലിയില്‍ നിന്നുള്ള ബസ് ബുന്ധര്‍ തപലാപീസിനു മുന്നിലെത്തി. നാലു സീറ്റുകള്‍ അടുത്തടുതും ഒരു സീറ്റ്‌ മുന്നിലും ആയാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്, ഒരുമിച്ച് ഇരിക്കാനുള്ള സൌകര്യത്തിനു ഞങ്ങള്‍ അടുത്തിരുന്ന ആളുമായി സീറ്റ്‌ വച്ചുമാറി. കഴിഞ്ഞു പോയ യാത്രയിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചും. ക്യാമറകളിലെ ഫോട്ടോകള്‍ നോക്കിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു.
Himachal couples


രാവിലെ എഴുമണി ആയിക്കാണും ഡല്‍ഹിയില്‍ എത്തുമ്പോള്‍/ വൃന്ദയുടെ വീട്ടിലേക്കാണ് ഞങ്ങള്‍ നേരെ പോയത്. അന്ന് മുഴുവന്‍ ഡല്‍ഹിയില്‍ നില്ക്കാന്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. രാത്രി എട്ടുമണിക്ക് ബംഗ്ലൂരിലേക്കുള്ള തീവണ്ടിയില്‍ ശ്രീനിയും അഖിലയും സോനവും യാത്രയാവും. എനിക്ക് ഇനിയും ഒരു ദിവസം കൂടി കഴിഞ്ഞാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്.  ഉച്ചഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ കാണാന്‍ പോയി, യെഹ് ജവാനി, ഹേയ് ദിവാനി. സിനിമ ആര്‍ക്കും ഇഷ്ടപ്പെട്ടിലെങ്കിലും  തുടക്കം ട്രെക്കിങ്ങും മറ്റുംആയതു ഞങ്ങള്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയ പോലെ ഒരു അനുഭവം നല്‍കി.സിനിമക്ക് ശേഷം അധികം സമയം ഇല്ലായിരുന്നു, വൃന്ദ ഞങ്ങളെ എല്ലാവരെയും കൂട്ടി തീവണ്ടി ആപ്പീസിലേക്ക് പുറപ്പെട്ടു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീ ഓടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നത്. അവരുടെ ഡ്രൈവിങ്ങിനെ കളിയാക്കാറുണ്ടെങ്കിലും അത് അക്ഷരം പ്രതി ശെരിയാണെന്ന് എനിക്ക് തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു വരാനിരുന്നത്. വഴിയില്‍ ആരൊക്കെ ഞങ്ങളെ തെറി വിളിച്ചു എന്നതിന് കയ്യും കണക്കും കാണില്ല. വശങ്ങളിലൂടെ ഓടുന്ന വാഹങ്ങള്‍ അവള്‍ കാണുന്നു പോലുമില്ലെന്ന് എനിക്ക് തോന്നി. ഒരു നാലു തവണ എങ്കിലും വഴിയില്‍ വണ്ടി നില്‍ക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാ നിന്നെ ഇങ്ങനെ വണ്ടി ഓടിക്കാന്‍ പഠിപ്പിച്ചത്? ഇവിടെ ഇങ്ങനെയൊക്കെ ഓടിക്കാനെ പറ്റൂ, നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ വണ്ടി ഓടിച്ചു ശീലം ഇല്ലാത്തതുകൊണ്ട് തോന്നുന്നതാ... പിന്നെ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. ആവോ, ചിലപ്പോ എനിക്കറിയാത്തത് ആണെങ്കിലോ?

  ബംഗ്ലൂര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പേ വൃന്ദ തിരിച്ചു പോയി, ശ്രീനിയേയും മറ്റും കയറ്റി വിട്ടു ഞാന്‍ അഭിയെ കാത്തു നിന്നു. പിന്നെയും കുറച്ച സമയം എടുത്തു അവന്‍ എത്താന്‍..
ഒന്ന് രണ്ടു തവണ ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ ആയ എഫ് കെ യുടെ  മീറ്റില്‍ ഞങ്ങള്‍ പരസപരം കണ്ടിട്ടുണ്ട്. നാളെ അവധി ആയതിനാല്‍ അവന്‍ എന്നെ കാണാന്‍ വരാമെന്ന് നേരത്തെ ഏറ്റിരുന്നു. രാത്രി ആയതിനാല്‍ അവനെയും കൂട്ടി ഞാന്‍ നേരെ ഹോട്ടലില്‍ എത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
രാത്രി കുറെ നേരം സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ അവനു ഞാന്‍ വിവരിച്ചു കൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം മലയാളം സംസാരിക്കാന്‍ കിട്ടിയ അവസരം ഞാന്‍ വിനിയോഗിക്കുക തന്നെ ചെയ്തു. പിറ്റേന്ന് അവന്‍ തിരിച്ചു പോകും മുന്‍പ് മറ്റൊരു എഫ് കെ സുഹൃത്ത് ആയ സുര്യയും ഞങ്ങളെ കാണാന്‍ എത്തി. പിറന്നാള്‍ ആഘോഷിക്കുന്ന അഭിക്കുള്ള സമ്മാനവുമായിട്ടായിരുന്നു സുര്യ വന്നത്. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ആദ്യം കയറിയത് അൻഡർഡോഗ് എന്ന കഫെയില്‍ ആയിരുന്നു. പേരുകൊണ്ട് മാത്രമേ അത് അധഃകൃതന്‍മാര്‍ക്ക് പ്രാപ്യമാകൂ എന്ന് അവിടുത്തെ ഭക്ഷണത്തിന്‍റെ വില വിവരപ്പട്ടിക ഞങ്ങളോട് പറഞ്ഞു. ഓരോ ലഘു പാനീയവും  കുടിച്ചു  ഞങ്ങള്‍ പതുക്കെ അവിടെ നിന്നിറങ്ങി. നേരെ ആമ്പീൻസ് മാളിനു അകത്തേക്ക് കയറി. അതിനകത്തുള്ള വിശാലമായ ലഘുഭക്ഷണശാലകളിലൊന്നില്‍ കയറി ആവശ്യത്തിന്‌ ഭക്ഷണവും കഴിച്ചു. പിന്നെ ഒരു സിനിമയും കണ്ട് രണ്ടുപേരോടും വിട പറഞ്ഞ് ഞാന്‍ ഹോട്ടലില്‍ തിരിച്ചെത്തി. വെളുപ്പിന് എയര്‍പോര്‍ട്ടില്‍ എത്തണം, കൊച്ചിയിലേക്ക് പോകാന്‍...................


10 comments:

  1. kochiyethiiiii... makkaleeeeyyy kochiyethii... :D ee paart adhikam intresting aayi thonniyilladaa... :(

    ReplyDelete
    Replies
    1. എഴുതി എഴുതി പാന്ഥന് പ്രാന്തായി...

      Delete
  2. really nice .. put "end of d world-II" photos

    ReplyDelete
  3. ഗൊള്ളാം നല്ല വിവരണം !!!... ജോലിയില്‍ നിന്നും റിട്ടയര്‍ ആയതിനു ശേഷം എനിക്കീ സ്ഥലങ്ങളൊക്കെ പോകണം... ഇപ്പൊ ഇതൊക്കെ കണ്ടും വായിച്ചും വായില്‍ വെള്ളമിറക്കാനേ സാധിക്കൂ. പക്ഷെ ഞാന്‍ വേറെ ഇരിക്കുന്നൊന്നുമില്ല, കേരളവും പരിസര പ്രദേശങ്ങളും എന്നാലാവുന്ന വിധം കവര്‍ ചെയ്യുന്നുണ്ട്.

    ReplyDelete
  4. ആ യാത്ര കഴിഞ്ഞു.ഹിമാലയത്തിനു ഒന്ന് പോകണമെന്നുണ്ട്‌.നടക്കുമോ ആവോ!!!

    ReplyDelete
  5. ഒരുതരത്തിലുള്ള മലിനീകരണങ്ങളും ഇല്ലാത്ത പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് എല്ലാം കൊണ്ടും മലീമസമായ ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക്...

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D