വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Sunday, 4 May 2014

മരുപ്പച്ചതേടി....

ഇന്ത്യയുടെ സിരകളിലൂടെ - 6
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവരോട് പഴയഭാഗങ്ങള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു... 

                 യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. വഴിയില്‍ പലരേയും പരിചയപ്പെടുകയും ചെയ്തു. ആ പരിചയം പുതുക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്. ശ്രീഗംഗാനഗറിലേക്കാണ് ഇന്നത്തെ യാത്ര. യാത്ര തുടങ്ങും മുന്‍പ് തന്നെ പോകേണ്ട വഴികളുടെ ഒരു ഏകദേശരൂപം മനസ്സില്‍ കണ്ടിരുന്നു, അന്നേരം തന്നെ ബൈക്ക് സര്‍വീസ് ചെയ്യാന്‍ കൊടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ഒരു ധാരണ എനിക്ക് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ അല്ലലില്ലാതെ ആദ്യത്തെ സര്‍വീസ് നടത്താന്‍ സാധിച്ചതും. ഇനി 3000 കിലോമീറ്ററില്‍ നടത്തേണ്ട സര്‍വീസാണ്, 2500 കിലോമീറ്റര്‍ ആവുന്നതേ ഉള്ളൂ. ഗംഗാനഗറില്‍ ചെയ്തില്ലെങ്കില്‍ എല്ലാം താളം തെറ്റും, ബിക്കാനേര്‍, ജൈസല്‍മേര്‍, റാന്‍ ഓഫ് കച്ച് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇനി എന്റെ യാത്ര. അവിടെ ഒന്നും എന്‍ഫീല്‍ഡിനു സര്‍വീസ് ഇല്ല താനും. ഡെല്‍ഹിയില്‍ നിന്ന് ആദ്യമായി തണ്ടര്‍ബേര്‍ഡ് എന്റെ കയ്യില്‍ കിട്ടുമ്പോള്‍ യാത്രയില്‍ ഇത്രത്തോളം എന്നോട് ഇണങ്ങുമെന്ന് ഞാന്‍ കരുതിയിരുന്നില്ല (ഇനി ഞാന്‍ വണ്ടിയോട് ഇണങ്ങിയതാണോ? ഏയ് ആവില്ല...). ബുള്ളറ്റിനെ അപേക്ഷിച്ച് നീണ്ട യാത്രക്ക് വളരെ അനുയോജ്യമാണ് തണ്ടര്‍ബേര്‍ഡ്, വണ്ടിയുടെ ഉയരവും സീറ്റും അതിനെ സാധൂകരിക്കുന്നു. എന്തായലും ആദ്യ ദിവസങ്ങളില്‍ അനുസരണയില്ലാത്ത കുതിരയെപ്പോലെ പെരുമാറിയിരുന്നെങ്കില്‍ ഇപ്പോള്‍ നന്നായി മെരുങ്ങിയ അവസ്ഥയാണ്. എനിക്ക് വണ്ടിയേയും വണ്ടിക്ക് എന്നേയും നന്നായി മനസ്സിലായി തുടങ്ങിയെന്ന് മാത്രം.  ബ്രേക്കുകള്‍ ഒന്നു ചെക്ക് ചെയ്യണം പിന്നെ പതിവ് കലാപരിപാടികളും ഓയില്‍ ചെയിഞ്ചും മറ്റും തന്നെ.  നന്നായൊന്നുകുളിപ്പിക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. അദ്യത്തെ സര്‍വീസ് ചെയ്തപ്പോള്‍ അവര്‍ വണ്ടി കഴുകിയിരുന്നില്ല, ധൃതിയില്‍ ഞാനത് മറക്കുകയും ചെയ്തു. പുറകിലത്തെ ബ്രേക്കിന് പ്ലേ ഇത്തിരി കുറവാണ്, അതു മാത്രമേ ഇതുവരെ എനിക്കൊരു കുഴപ്പമായി തോന്നിയിട്ടുള്ളൂ.
ശ്രീഗംഗാനഗറില്‍ വൈകീട്ടോടെ ഞാന്‍ എത്തിച്ചേര്‍ന്നു, 270 കിലോമീറ്ററില്‍ അധികം ദൂരം താണ്ടി ഇന്ന്, എങ്കിലും അഞ്ച് മണിക്കൂറോളമേ അതിന് വേണ്ടി വന്നുള്ളൂ. പഞ്ചാബിലെ റോഡുകള്‍ അത്രനല്ലതാണ്. റോഡ് വീതി കൂട്ടുന്നതിന്റെ ജോലികള്‍ നടക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതില്ല. അതിര്‍ത്തിയോട് അടുത്ത് കിടക്കുന്നതിനാല്‍ പല റോഡൂകളൂം ബി ആര്‍ ഓയുടെ കീഴില്‍ വരുന്നവയാണ്. ' Be gentle on my curves, safety on road is safe tea at home, If married divorce speed, it is a highway not a runway, Be Mr late than Late Mr.' തുടങ്ങിയ ബിആര്‍ഓ സൂക്തങ്ങള്‍ ഇതിനോടകം എനിക്ക് മനപ്പാഠമായികഴിഞ്ഞിരിക്കുന്നു.

                 ഗൂഗിള്‍ മാപ്പില്‍ വീടിന്റെ വിലാസം കൃത്യമായി രേഖപ്പെടുത്തി അയച്ച് തന്നത് കാരണം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഹര്‍ഷിന്റെ വീട്ടിലെത്തി. കുളിച്ച് വന്നപ്പോഴേക്കും അവന്റെ അമ്മ ചായ ഉണ്ടാക്കി തന്നു, അതും കുടിച്ച് ഞങ്ങള്‍ നേരെ എന്‍ഫീല്‍ഡിന്റെ ഷോറൂമിലേക്ക് പോയി. ഇവിടുത്തെ വളരെ പഴയ മെക്കാനിക്കുകളില്‍ ഒരാളാണ് എന്‍ഫീല്‍ഡ് സര്‍വീസ് സെന്റര്‍ നടത്തുന്നത്. ഹര്‍ഷിനു വളരെക്കാലമായി അവരെ ഒക്കെ പരിചയമുള്ളത്കൊണ്ട് വൈകിയാണ് ഞങ്ങള്‍ എത്തിയതെങ്കിലും സര്‍വീസ് ചെയ്ത് അപ്പോള്‍ തന്നെ കിട്ടി. ബ്രേക്കും അവര്‍ നന്നയി പരിശോധിച്ചെങ്കിലും പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താന്‍ അവര്‍ക്കായില്ല.  നല്ല രീതിയില്‍ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഞാനും കരുതിയത് നാഗാലന്റില്‍ വെച്ച് പൂര്‍ണ്ണമായും ബ്രേക്ക് നഷ്ടമാവും വരെ. ശ്രീനഗറില്‍ വെച്ചാണ് ആദ്യമായി ബ്രേക്ക് മിസ്സാവുന്നത്. കൃത്യമായി പറഞ്ഞാല്‍ ഗുല്‍മാര്‍ഗില്‍ നിന്നും തിരിച്ച് വരുന്ന വഴിക്ക്. അന്നാണ് ഒരു പട്ടാളക്കാരന്‍ എന്നോട് കയര്‍ത്ത് സംസാരിക്കാന്‍ ഇടയാക്കിയ സംഭവം ഉണ്ടായതും. അത്യാവശ്യം വേഗത്തില്‍ തന്നെയാണ് ഞാന്‍ വണ്ടി ഓടിച്ച് കൊണ്ടിരുന്നത്, സന്ധ്യമയങ്ങും മുന്‍പ് ദാല്‍ തടാകം ചുറ്റിക്കാണണം അതു മാത്രമായിരുന്നു മനസ്സില്‍. പിറകിലായി ചരക്ക് കയറ്റിവരുന്ന ഒരു ലോറിയുണ്ട് ആ വണ്ടിയെ മറികടന്നതേ ഉള്ളൂ ഞാന്‍. കുറച്ച് മുന്നിലായി റോഡില്‍ ഒരു പട്ടാളക്കാരന്‍ കൈകള്‍ കൊണ്ട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്, സത്യത്തില്‍ അയാളുടെ നില്‍പ്പും ഭാവവുമൊക്കെ കണ്ടപ്പോള്‍ പിറകില്‍ വരുന്ന ലോറി നിര്‍ത്താനാണ് അയാളീ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതെന്നാണ് ഞാന്‍ കരുതിയത്. അടുത്തെത്താറായപ്പോള്‍ രണ്ട് കൈകളും ഉയര്‍ത്തി അയാള്‍ വഴി തടയാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് പന്തികേട് തോന്നിയത്. ബൈക്കിന്റെ വേഗത ഞാന്‍ കുറച്ചിരുന്നു ഇതിനകം, അതേതായാലും നന്നായി. ഇല്ലെങ്കില്‍ ചിലപ്പോള്‍ ത്രീവാദി ആണെന്നോ മറ്റോ കരുതി എന്നെ വെടിവെച്ചിടാനും മതി. വെറുതെ സര്‍ക്കാറിനു ചിലവുണ്ടാക്കണ്ടല്ലോ.. ഞാന്‍ ബൈക്ക് നിര്‍ത്തിയതും എതിര്‍വശത്ത് നിന്ന് വന്നിരുന്ന പട്ടാള വണ്ടികള്‍ റോഡ് മുറിച്ച്കടന്ന് പട്ടാളക്യാമ്പിനകത്തേക്ക് കേറിപ്പോയതും ഒരുമിച്ചായിരുന്നു. വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ നിനക്കെന്താ ഒരു മടി, അയാള്‍ ഹിന്ദിയില്‍ കയര്‍ത്തു. ഞാന്‍ ബബബ അടിക്കാന്‍ തുടങ്ങി, പണി പാളുമോ ഇവിടെ പട്ടാളക്കാര്‍ക്ക് പ്രകോപനം കൂടാതെ തന്നെ വെടിവെക്കാം എന്ന് കേട്ടിട്ടുണ്ട്, ഞാന്‍ സാര്‍ അതു പിന്നെ പുറകിലത്തെ വണ്ടി, എന്നോടല്ലായിരിക്കും നിര്‍ത്താന്‍ പറയുന്നത്..... എന്നൊക്കെ പറഞ്ഞ് തുടങ്ങിയപ്പോള്‍, അയാള്‍ പറഞ്ഞു ആര്‍സിയും ലൈസന്‍സും കാണിക്ക്.  ലൈസന്സിലേക്കും എന്റെമുഖത്തേക്കും ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു; ഇനി പട്ടാളക്കാര്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ മടിക്കണ്ട,  പൊക്കോ.. (പട്ടാളവണ്ടി കയറിപ്പോകും വരെ റോഡിനു നടുവിലുള്ള ഡിവൈഡറും എതിര്‍വശത്തുള്ള പട്ടാളക്യാമ്പും ഞാന്‍ കണ്ടിരുന്നില്ല.)
                 നെഞ്ചില്‍ ഉണ്ടയൊന്നും കൊള്ളാതെ രക്ഷപ്പെട്ട സമാധാനത്തോടെ ഞാന്‍ മുന്നോട്ട് നീങ്ങി. കുറച്ച് നേരം കഴിഞ്ഞതും എന്റെ മുന്നില്‍ പോയിക്കൊണ്ടിരുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു, തൊട്ടുപിറകിലായാണ് ഞാന്‍ വണ്ടി ഓടിച്ചിരുന്നത്, ബ്രേക്കിങ്ങ് ഡിസ്റ്റന്‍സ് ഇല്ലായിരുന്നു എന്ന് സാരം. രണ്ട് ബ്രേക്കും ഒരുമിച്ചമര്‍ത്തി വണ്ടി നിര്‍ത്താന്‍ ശ്രമിക്കുമ്പോളാണ് അത് സംഭവിച്ചത്. പുറകിലെ ബ്രേക്കിന്റെ പെഡല്‍ മുഴുവനായി താഴെപ്പോയി. ബ്രേക്കില്‍ നിന്നും കാല്‍ വഴുതുകയും ചെയ്തു. മുന്നിലെ ചക്രങ്ങള്‍ മാത്രം നിശ്ചലമായത് കാരണം, വണ്ടിയുടെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു അപ്പോളേക്കും. മറിയാതിരിക്കാന്‍ കാലുകള്‍ കുത്തേണ്ട അവസ്ഥയും വന്നു, അതിനാല്‍ എഞ്ചിന്‍ ബ്രേക്കിങ്ങിനു അവസരം കിട്ടിയില്ല താനും. എങ്ങനെയൊക്കെയോ വണ്ടി വീഴാതെ വരുതിയിലാക്കാന്‍ എനിക്ക് സാധിച്ചു. സ്പീഡ് കുറവായത് തന്നെയാണ് അതിനൊരു കാരണം. പുറകിലെ ബ്രേക്ക് പ്രവര്‍ത്തിക്കാത്തത് കാരണമാണ് പെഡല്‍ താഴേക്ക് പോയതും കാല്‍ വഴുതി മാറിയതുമെന്ന് അപ്പോളെനിക്ക് മനസ്സിലായില്ലെന്ന് മാത്രം.  ഒന്നര ലക്ഷത്തിലധികം ഷോറൂം വിലയുള്ള വണ്ടിയുടെ ബ്രേക്കിന് ഇത്രമാത്രമേ വിശ്വാസ്യതയുള്ളൂ എന്നെനിക്ക് അപ്പോള്‍ തോന്നിയതുമില്ല.  അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും, പാന്ഥനൊക്കെ അറിയണമെങ്കില്‍ ചെറിയ ചൊറിച്ചില്‍ പോര എന്നു സാരം...

                 നേരം  ഇരുട്ടിയിരുന്നു ഓയില്‍ മാറ്റി വണ്ടി കിട്ടുമ്പോളേക്കും. ഇന്നിനി കഴുകല്‍ നടക്കില്ല. രാവിലത്തേക്ക് മാറ്റിവെക്കുകയേ നടക്കൂ. തണുപ്പ് വീണു തുടങ്ങി രാത്രി ആയതും. ഹര്‍ഷാണ് വണ്ടി ഓടിക്കുന്നത് ഹെല്‍മെറ്റിന് അവധി കൊടുത്തിരിക്കുകയാണ്, ഇറങ്ങാന്‍ നേരം ഹെല്‍മെറ്റ് എടുത്തിരുന്നെങ്കിലും അവനത് തിരിച്ച് വെപ്പിക്കുകയാണുണ്ടായത്. ഇവിടെ ഹെല്‍മെറ്റ് പതിവില്ലത്രേ. പഞ്ചാബിലും രാജസ്ഥാനിലും ഹെല്‍മെറ്റ് വെച്ച് ഓടിക്കുന്നവരെ ഞാന്‍ കണ്ടുമില്ല.
നമ്മുടെ നാട്ടില്‍ കാണാത്ത മറ്റൊരു സംഭവം കണ്ടു ഞാന്‍ പഞ്ചാബില്‍. തീവണ്ടി പോകാന്‍ വേണ്ടി ഗേറ്റ് അടച്ചാല്‍ അതിനടിയിലൂടെ നൂണ്ട് പോകുന്ന സ്വഭാവക്കാര്‍ അല്ല്ല്ലോ നമ്മള്‍. ഇവിടെ ആള്‍ക്കാര്‍മാത്രമല്ല വണ്ടിയും ഗേറ്റിനടിയിലൂടെ അവര്‍ തള്ളിക്കൊണ്ട്പോകും. ചെറിയ വണ്ടി ആണെങ്കില്‍ ഇറങ്ങി തള്ളിയും, അല്ലെങ്കില്‍ ചെരിച്ച് കൊണ്ടും അവര്‍ ഗേറ്റ് കടത്തും. ഏറിയാല്‍ 5 മിനുട്ടാണ് ഗേറ്റടച്ചിടുന്നത്. അത് പോലും കാത്ത് നില്‍ക്കാന്‍ ആര്‍ക്കും സമയമില്ല്....

                 രാജസ്ഥാനില്‍ ഹരിത വിപ്ലവം സൃഷ്ടിച്ച ഇന്ദിരാഗാന്ധി കനാലിന്റെ സമീപത്തിരുന്ന് കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. ലേ യില്‍ നിന്നും യാത്ര തിരിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളെപ്പറ്റിയാണ് കൂടുതലും സംസാരിച്ചത്. പഞ്ചാപികളുടെ സ്വഭാവത്തെപ്പറ്റിയും അവന്‍ അതിനിടയില്‍ സംസാരിക്കുകയുണ്ടായി. പഞ്ചാപില്‍ മിക്കവാറും ഇടങ്ങളിലൊന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ളബോര്‍ഡുകള്‍ കാണാന്‍ കഴിയില്ല, എല്ലാം പഞ്ചാബിയിലാണ്. തമിഴ്നാട്ടിലേത് പോലെതന്നെ. പിന്നെ ഇന്ത്യന്‍ എന്ന് പറയും മുന്‍പ് പഞ്ചാബി എന്നായിരിക്കും അവര്‍ പറയുക. സസ്യേതര ആഹാരത്തിന്റെ കാര്യത്തില്‍ അവര്‍ ഭയങ്കരന്മാരാണ്. രാജസ്ഥാനിലേക്ക് കേറിയ സ്ഥിതിക്ക് ഇനി നല്ല മത്സ്യമാംസാദികള്‍ കിട്ടുക പ്രയാസമാണ്, ഗുജറാത്തില്‍ പിന്നെ അഹമദാബാദിലോ മറ്റോപോകണം സസ്യേതരമായി വല്ലതും കഴിക്കണമെങ്കില്‍.

                 രാത്രി ഭക്ഷണം പുറത്ത് നിന്നും കഴിച്ചാണ് ഞങ്ങള്‍ തിരിച്ച് പോയത്. അധ്യാപകരാണ് ഹര്‍ഷിന്റെ മാതാപിതാക്കള്‍. ഒരു സഹോദരികൂടി അടങ്ങുന്നതാണ് അവന്റെ കുടുംബം. ഭര്‍ത്താവുമൊത്ത് അവര്‍ ആസ്ത്രേലിയയിലാണ് താമസം. പരിശീലനത്തിന്റെ ഭാഗമായി ലേയില്‍ പോയതാണെന്നാണ് ഹര്‍ഷ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്. ആകെയുള്ള അവധിയില്‍ ചുറ്റിക്കറക്കം കഴിഞ്ഞാണ് വീട്ടില്‍ എത്തിയതെന്ന് പറഞ്ഞാല്‍ അത് മതിയാകും അവര്‍ സങ്കടപ്പെടാന്‍ എന്നാണ് പരിചയപ്പെട്ടപ്പോള്‍ ഹര്‍ഷ് പറഞ്ഞിരുന്നത്. ഇനിയുള്ള യാത്രയെപ്പറ്റിയും മറ്റും ഉറങ്ങും വരെ ഞങ്ങള്‍ സംസാരിച്ചു. പ്രാതല്‍ കഴിച്ച് ഹര്‍ഷിന്റെ മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി, അവസരം കിട്ടുമ്പോള്‍ ഇനിയും അതുവഴി വരണമെന്ന് പറഞ്ഞാണ് അവര്‍ യാത്രയാക്കിയത്. മറുപടി പറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു, അത്രക്ക് ഹൃദ്യമായിരുന്നു അവരുടെ ആദിത്യ മര്യാദ. ബൈക്കെടുത്ത് ഹര്‍ഷും കൂടെ വന്നു, വണ്ടി കഴുകിന്നിടം വരെ. യാത്ര തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ കുളിയാണ്. തിരക്കില്ലാത്തതിനാല്‍ പെട്ടെന്നു തന്നെ എല്ലാം കഴിഞ്ഞു. തൊട്ടടുത്തുള്ള പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. ഹര്‍ഷിനോട് യാത്ര പറഞ്ഞു, ഇനിയൊരിക്കല്‍ കാണാമെന്നുറപ്പും കൊടുത്തു.

                 ബിക്കാനേറിലേക്കാണ് ഇന്നത്തെ യാത്ര. ഇതുവരെയുള്ള പോലെയല്ല ഇനി മുഴുവന്‍ ശക്തിയിലും വണ്ടി ഓടിക്കാം. റോഡാണെങ്കില്‍ മരിഭൂമിയിലൂടെയും, അതായത് സ്കെയില്‍ വെച്ച് വരച്ച വരപോലെ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. കിലോമീറ്ററുകളും മണിക്കൂറുകളും പെട്ടെന്ന് കടന്ന്പോയി. ബികാനേര്‍ വളരെ അടുത്താണെന്ന് തോന്നി. 250 കിലോമീറ്റര്‍ ദൂരം മണിക്കൂറുകള്‍ കൊണ്ട് താണ്ടി. ഇടക്ക് ഭക്ഷണം കഴിക്കാനും മറ്റുമായി ഒന്നുരണ്ട് തവണ നിര്‍ത്തിയിരുന്നു. ഇതിനോടകം ഞാനും വണ്ടിയുമായി ഒരാത്മബന്ധം ഉടലെടുത്ത് കഴിഞ്ഞിട്ടുണ്ട്. എത്ര നേരം തുടര്‍ച്ചയായി വണ്ടി ഓടിച്ചാലും മുഷിപ്പോ ക്ഷീണമോ നടുവേദനയോ എന്നെ അലട്ടാറില്ല. നേരത്തെ ഇരുക്കിന്നിടം പഴുക്കുന്നപോലെ വേദനിക്കുന്ന ഒരു തോന്നല്‍ വരുമായിരുന്നു ഒരുപാട് മണിക്കൂര്‍ തുടര്‍ച്ചയായി വണ്ടി ഓടിച്ചാല്‍. സ്വതവേ ഇരിക്കാന്‍ എനിക്കിഷ്ടമല്ല. തുടര്‍ച്ചയായി കുറേനേരം ഇരുന്നാല്‍ പുകയാന്‍ തുടങ്ങും. ഇപ്പോള്‍ അവിടെയിക്കെ പേശികള്‍ രൂപപ്പെട്ട് തുടങ്ങിയെന്ന് തോന്നുന്നു. ഇടക്കിടെ തെന്നി വീഴുക എന്റെ ഒരു വിനോദമായിരുന്നല്ലോ തുടക്കത്തില്‍, ലഡാക്കിലൂടെയുള്ള യാത്രയില്‍ ഒരുപാട് തവണ തെന്നിവീണിട്ടും ഉണ്ട്. അന്നൊക്കെ വീണാല്‍ പൊക്കിവെക്കുക വല്ലാത്തൊരു ബുദ്ധിമുട്ടുപിടിച്ച ഏര്‍പ്പാടായിരുന്നു. അടുത്തൊന്നും വണ്ടി വീണിട്ടുമില്ല.
                 ബിക്കാനേറിലേക്കുള്ള വഴി മദ്ധ്യേ ഒരിക്കല്‍ കൂടീ ഭൂമീദേവിയെ ചുംബിക്കാന്‍ ബൈക്കിനു അവസരം കിട്ടി. ഒരു മൂളിപ്പാട്ടും പാടി വണ്ടിഓടിക്കുമ്പോളാണ് ഒരു ജീവി റോഡ് മുറിച്ച് കടക്കുന്നത് ഞാന്‍ കണ്ടത്. എന്നെകണ്ടിട്ടാവണം ആ ജീവി വേഗത കൂട്ടി. ഞാന്‍ വണ്ടി നിര്‍ത്തിയപ്പോളേക്കും അത് റോഡിന്റെ മറുവശത്തെത്തിയിരുന്നു. മറ്റൊന്നുമല്ല. ഒരു പെരുച്ചാഴിയോളം വലിപ്പമുള്ള ഉടുമ്പ്. റോഡിന്റെ നടുവിലാണ് ഞാന്‍ വണ്ടി നിര്‍ത്തിയിരിക്കുന്നത്. ബാഗില്‍ നിന്നും ക്യാമറ വലിച്ചെടുത്ത് ഫോട്ടോ എടുക്കാന്‍ വേണ്ടി തിരിഞ്ഞതും ബാലന്‍സ് പോയി ഞാനും വണ്ടിയും നടുറോട്ടില്‍ വീണതും ഒന്നിച്ചായിരുന്നു. എന്റെ പരാക്രമം കണ്ടാവണം ആ സാധു ഇതിനോടകം എവിടെയോ ഓടി മറഞ്ഞു. ബൈക്കെടുത്ത് പൊക്കിയപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി, തുടക്കത്തിലെപോലെയല്ല കയ്യിലെ പേശികള്‍ക്കൊക്കെ അത്യാവശ്യം ബലം വന്നുതുടങ്ങിയിരിക്കുന്നു. അനായാസം എനിക്ക് നിലത്ത് നിന്നും ബൈക്ക് പൊക്കി വെക്കാന്‍ കഴിയുന്നുണ്ടിപ്പോള്‍....                 യാത്രയിലെ ഇടത്താവളം മാത്രമാണ് ബിക്കാനേര്‍. അമ്പലങ്ങളും കൊട്ടാരങ്ങളും മറ്റുമായി പലതും  കാണാനുണ്ട്  ബിക്കാനേറില്‍. ഒരു ഓട്ടപ്രദക്ഷിണം വെക്കണമെന്ന് കരുതിയതാണ്. ഇപ്പോള്‍ ഒന്നിനും ഒരുത്സാഹം തോന്നുന്നില്ല. റൂം കിട്ടാന്‍ കുറച്ച് അലയേണ്ടിവന്നു , അത് തന്നെ കാരണം. ബിക്കാനേറില്‍നിന്ന് ജൈസാല്‍മേര്‍ വരെയുള്ള 350 കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചത്  വിരസമായിട്ടായിരുന്നു. മരുഭൂമിയല്ലാതെ മറ്റൊന്നുമില്ല ഇടക്കിടെ കടന്ന് വരുന്ന ചെറിയ ഗ്രാമങ്ങള്‍ ഒഴിച്ചാല്‍ പരവതാനി വിരിച്ചപോലെയുള്ള റോഡുകള്‍ വണ്ടി ഓടുന്നതിനിടയില്‍ ഉറങ്ങിപ്പോയാലും അത്ഭുതപ്പെടാനില്ല. വെള്ളം കുടിക്കുക സൂസൂ ഒഴിക്കുക ഇതായിരുന്നു പ്രധാന പരിപാടി. വേനല്ലെങ്കിലും ചൂടിനൊരു കുറവൊന്നുമില്ല. ഉച്ചഭക്ഷണം പൊക്രാനില്‍നിന്നും കഴിച്ചു.
                                   

                   റോഡ് വിജനമായിരുന്നു.ജൈസാല്‍മേറെത്താന്‍ മിനിട്ടുകള്‍ മാത്രം മതിയാവും ഇനി. പട്ടണം അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി, വഴിയിലിപ്പോള്‍ വാഹനങ്ങളുമുണ്ട്. രണ്ട് ചെറുപ്പക്കാര്‍ സഞ്ചരിക്കുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വരുന്നത് ഞാന്‍ കണ്ടിരുന്നു, എന്നെ കടന്ന്പോയതും അവര്‍ ബൈക്ക് വട്ടം തിരിച്ച് എനിക് പുറകേ വരുന്നത് ഞാന്‍ കണ്ടു. അവരെനിക്ക് നേരെയാണ് വരുന്നതെന്ന് തോന്നിയപ്പോള്‍ ഞാന്‍ ബൈക്കിന്‍റെ വേഗത കൂട്ടി. കൈകള്‍കൊണ്ട് ആംഗ്യം  കാണിക്കുകയുമ് എന്തൊക്കെയോ വിളിച്ച് പറയുന്നതും എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു . ഇതുവരെ ഞാന്‍ 90കി മി ല്‍ കൂടുതല്‍ വേഗത്തില്‍ ബൈക്കോടിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ സ്പീഡോ മീറ്ററില്‍ 100 കടന്ന് പോയിരിക്കുന്നു വേഗത.

             ഈ സ്പീഡില്‍ മുന്നോട്ട് പോകുക അത്ര സുഖകരമായ ഏര്‍പ്പാടല്ല. പ്രത്യേകിച്ചും എന്നെപ്പ്ഓലെ ഒരു തുടക്കക്കാരന് ഞാന്‍ വണ്ടിയുടെ വേഗത നിയന്ത്രിച്ചു. ഇതിനകം അവര്‍ എന്നെ മറികടന്നു. എന്നോട് സ്പ്പെഡ് കുറക്കാന്‍ ആംഗ്യം കാണീച്ചു. തെല്ലൊരു ശങ്കയോടെ  ഞാന്‍ വേഗത വീണ്ടുംകുറച്ച് വശത്തേക്ക് ഒതുക്കി നിര്‍ത്തി. അവര്‍ ബൈക്ക് നിര്‍ത്തി പുറകില്‍ ഇരുന്നവന്‍ ബൈക്കില്‍ നിന്നിറങ്ങി എനിക്ക് നേരേ നടന്നുവന്നു.ഒരാക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം.  പ്രത്യാക്രമണം നടത്താന്‍ എന്‍റെ കയ്യില്‍ യാതൊന്നുമില്ല. ബൈക്ക് സൈഡ് സ്റ്റാന്‍റില്‍ നിര്‍ത്തി. ഹെല്‍മറ്റ് ഊരി വലത് കയ്യില്‍ പിടിച്ചു. മരിക്കുന്നതിനുമുന്പ് ഒരുത്തന്‍റെയെങ്കിലും തല എങ്കിലും തല്ലിപ്പൊളിക്കാന്‍ അത് മതിയാവും.

                 അവന്‍റെ മുഖത്ത് ക്രൂരഭാവമൊന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നില്ല. എന്തായാലും ഇങ്ങോട്ട്  ആക്രമിക്കുംവരെ ശാന്തനായി തന്നെ ഇരിക്കാം. കത്തിയോ മറ്റോ എടുത്ത് വീശുകയോ കുത്തുകയോ ചെയ്യുകയാണെങ്കില്‍ ഒഴിഞ്ഞു മാറാനും തയ്യാറായാണ് എന്‍റെ ഇരിപ്പ്. അവന്‍റെ വലത് കൈ പാന്‍റിന്‍റെ പോക്കറ്റിലേക്ക് നീങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. ബൈക്ക് ഇപ്പോഴും സ്റ്റാര്‍ട്ടിങ്ങില്‍ തന്നെയാണ്. അവന്‍ ആക്രമിച്ച് കഴിഞ്ഞാല്‍ ഹെല്‍മെറ്റ്‍വെച്ച് തിരിച്ചടിക്കുക, ബൈക്കെടുത്ത് കഴിയുന്നത്ര വേഗത്തില്‍ ഓടിച്ച് പോകുക. പദ്ധതികള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവന്റെ കയ്യിലേക്കാണ് എന്റെ ശ്രദ്ധമുഴുവന്‍. പെട്ടെന്നവന്‍ കൈ പോക്കറ്റില്‍നിന്ന് വലിച്ചെടുത്ത് എനിക്ക് നേരെ നീട്ടി. അപ്പോള്‍ ആ കയ്യില്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് ഉണ്ടായിരുന്നു. തടഞ്ഞ് നിര്‍ത്തിയതില്‍ ക്ഷമാപണം നടത്തി, ജൈസല്‍മേറില്‍ അവര്‍ക്ക് ഹോട്ടല്‍ ഉണ്ടെന്നും കുറഞ്ഞചിലവിലുള്ള സൌകര്യപ്രദമായ ഇടമാണെന്നും അവന്‍ പറഞ്ഞു. ഞാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്താണ് വരുന്നതെന്നും, അവിടെ നിന്നും മാറേണ്ട അവസ്ഥ വരികയാണെങ്കില്‍ പരിഗണിക്കാമെന്നും ഞാന്‍ പറഞ്ഞു. കാര്‍ഡ് വാങ്ങി പോക്കറ്റിലിട്ടു. കാര്‍മേഘങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞപോലെയൊരു പ്രതീതി. ബാഗിന്റെ സൈഡിലെ പോക്കറ്റില്‍ വെച്ചിരുന്ന കുപ്പി വലിച്ചെടുത്ത് ഞാന്‍ വെള്ളം കുടിച്ചു. പിന്നെ ശാന്തമായ മനസ്സുമായി വണ്ടിയുമെടുത്ത് യാത്ര തുടര്‍ന്നു.

          നാഷണല്‍ ഹൈവേ 15 ഇലൂടെയാണ് യാത്ര. വലിയ ഹോട്ടലുകളുടെയും മറ്റും ബോര്‍ഡുകള്‍ കണ്ട് തുടങ്ങിയിരിക്കുന്നു, യൂത്ത് ഹോസ്റ്റലില്‍ തങ്ങാനാണ് ഇന്നത്തെ തീരുമാനം. ഗാഡ്സിസാര്‍ തടാകത്തിനു അടുത്തായാണ് ഹോസ്റ്റല്‍.  അഡ്രസ്സ് ഒന്നുകൂടി ഉറപ്പ് വരുത്തണം, നേരത്തെ വയറ് നിറച്ച് വെള്ളം കുടിച്ചത് കാരണം നല്ല മൂത്ര ശങ്കയും ഉണ്ട്, വണ്ടി റോഡിന്റെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ഇറങ്ങിയതും നേരത്തെപ്പോലെ ഒരുത്തന്‍   എന്റെ അടുത്തേക്ക്‌ ബൈക്കുമായി വന്നു. ഏതോ ഹോട്ടലുകാരന്റെ പ്രതിനിധിയാണ്. അവൻ കാർഡ്‌ തന്നതും വെപ്രാളപ്പെട്ട്‌ ഓടിയതും  ഒരുമിച്ചായിരുന്നു. തെന്നിവീഴാതെ ബൈക്കുമായി അവൻ എങ്ങനെയൊക്കെയോ  കടന്നുകളഞ്ഞു. ഞാൻ അവന്റെ പോക്ക്‌ കണ്ട്‌ അന്തംവിട്ട്‌ നിന്നതും എന്റെ അടുത്തേക്കായി ഒരു ജീപ്പ് കൊണ്ടുവന്ന് നിർത്തി. ജീപ്പിന്റെ മുന്‍വശത്ത്‌ പോലീസ്‌ എന്നെഴുതിയ ബോർഡ്‌ ഞാൻ കണ്ടു. അകത്തിരിക്കുന്ന രണ്ടുപേരും സാധാരണ ഡ്രസ്സിലാണു.
 'അവനെന്താ പറഞ്ഞത്‌' അതിലൊരാൾ ചോദിച്ചു.  ഞാൻ മറുപടി പറയും മുൻപ്‌ അയാൾ തുടർന്നു. 'ഞങ്ങൾ ടൂറിസ്റ്റ്‌ പോലീസാണ് നിങ്ങളേപ്പോലുള്ളവരുടെ പ്രൊട്ടക്ഷനുവേണ്ടി നിയമിക്കപ്പെട്ടവർ'. 

'ഏയ്‌ ഒന്നുമില്ല അവൻ ഒരു കാർഡ്‌ തന്നു, അപ്പോഴേക്കും നിങ്ങളെക്കണ്ട്‌ അവൻ ഓടിരക്ഷപ്പെട്ടു. എനിക്ക്‌ പരാതിയൊന്നുമില്ല' ഞാൻ പറഞ്ഞു. 'അവൻ തന്ന കാർഡിങ്ങ്‌ താ' അയാൾ പറഞ്ഞു. ' ഒന്നും ചെയ്യണ്ട സാർ വയറ്റിപ്പിഴപ്പല്ലേ '. അവന്റെ പരാക്രമം കണ്ട്‌ എനിക്കെന്തോ അവനോട്‌ സഹതാപം തോന്നിയിരിക്കണം. 'ഏയ്‌ ഒന്നുമില്ല ചുമ്മാ വിളിച്ചൊന്നു വിരട്ടുകയേ ഉള്ളൂ. ചില കള്ളന്മാരുണ്ട്‌ ഇവർക്കിടയിൽ, എന്നാൽ ശരി എന്തെങ്കിലും ആവശ്യമുണ്ടോ? ഞങ്ങൾ പോട്ടേ?' അവർ പോകാനൊരുങ്ങി.
'ഈ ഹോട്ടലിന്റെ അഡ്രസ്സ്‌ അറിയാമോ?' ഞാൻ യൂത്ത്‌ ഹോസ്റ്റലിന്റെ അഡ്രസ്സ്‌ കാണിച്ച്‌ കൊടുത്തു. 'ഇത്‌ ഗാഡ്സിസാര്‍ തടാകത്തിനടുത്തല്ലേ. ഇവിടെ അടുത്ത് തന്നെയാ. ഞങ്ങളുടെ പുറകേ വാ'. ഹോട്ടലിന്റെ നമ്പർ ഇതിനോടകം മൊബൈലിൽ അയാൾ അടിക്കുന്നത്‌ ഞാൻ കണ്ടിരുന്നു. അഡ്രസ്സ്‌ എഴുതിയ ബുക്ക്ലെറ്റ്‌ തിരിച്ച്‌ വാങ്ങി. ഞാൻ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്ത്‌ അവർക്ക്‌ പുറകേ യാത്ര തുടങ്ങി. നാലു റോഡുകൾ ചേരുന്ന ഒരിടത്തെത്തിയപ്പോൾ അവർ വണ്ടി നിർത്തി. എന്നോടും നിർത്താൻ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തി ജീപ്പിനടുത്തേക്ക്‌ ചെന്നു. 'ഹോട്ടലിൽനിന്നൊരുത്തൻ ഇപ്പോൾ വരും, അവന്റെ കൂടെ പോയാൽ മതി'; അപ്പോഴേക്കും ഒരു ബൈക്ക്‌ ഞങ്ങളുടെ അടുത്ത്‌ വന്ന് നിന്നു. ശുഭദിനം നേർന്ന് വണ്ടിയുമെടുത്തവർ പോയി. ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാൻ ഞാനും മടികാണിച്ചില്ല.
                 ബാഗും മറ്റും മുറിയിൽ വച്ച്‌ കുളിയും പാസ്സാക്കി ഞാൻ പുറത്തിറങ്ങി. ഗൂഗിൾ മാപ്പിൽ തപ്പി ടൂറിസ്റ്റ്‌ ഇൻഫോർമേഷൻ സെന്റർ കണ്ടുപിടിച്ചു. അവിടെചെന്ന് നോക്കിയപ്പോൾ നാലഞ്ച്‌ കസേരയും, കറങ്ങുന്ന ഫാനും, കത്തുന്ന ലൈറ്റും മാത്രം. ഇനി അകത്ത്‌ വല്ല മുറിയിലും ആരെങ്കിലും ഇരുന്ന് ഉറങ്ങിപ്പോയിട്ടുണ്ടാകുമോ? ഓഫീസ്‌ സമയം കഴിഞ്ഞ്‌ എല്ലാവരും പോയതാണെങ്കിൽ ഇതെല്ലാം പ്രവർത്തിക്കുമോ?
  വാതിലുകൾ പട്ടിയും പൂച്ചയും കയറാതിരിക്കാൻ അടക്കുകയെങ്കിലും ചെയ്യുമല്ലോ?  അഞ്ച്‌ മിനുട്ട്‌ ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞ്‌ എനിക്കറിയാവുന്ന ഭാഷയിലെല്ലാം ഇവിടെ ആരെങ്കിലുമുണ്ടോ എന്ന്  വിളിച്ച്‌ ചോദിച്ചു. മേശപ്പുറത്ത്‌ തട്ടി ഒച്ചയുണ്ടാക്കിയും നോക്കി. എന്റെ സംശയങ്ങൾ എല്ലാം അസ്ഥാനത്തായിരുന്നു.അവിടെ ആരുമില്ലായിരുന്നു. ഇനി ഇവിടെ നിന്നിട്ട്‌ കാര്യമില്ല.പുറത്തിറങ്ങി ബൈക്കുമെടുത്ത്‌ പോകാൻ തുടങ്ങിയതും ഗേറ്റ്‌ കടന്ന് ഒരാൾ വരുന്നു. എന്നോടകത്തേക്ക്‌ വരാൻ പറഞ്ഞ്‌ അയാൾ അകത്തേക്ക്‌ കയറിപ്പോയി. ജൈസൽമേറിന്റെ ടൂറിസ്റ്റ്‌ മാപ്പും മറ്റും അയാളിൽനിന്നെനിക്ക്‌ കിട്ടി.സാം സാൻഡ്‌ ഡ്യൂണിനെപ്പറ്റിയും അവിടെയുള്ള ഒട്ടകസവാരിയും ഫോക്ക്‌ ഡാൻസ്‌ ഡിസേർട്ട്‌ ക്യാമ്പ്‌ തുടങ്ങിയവയെപ്പറ്റിയും പറഞ്ഞു. സാം സാൻഡ്‌ ഡ്യൂണിൽ പോകണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്. ഏകദേശം അതിനുവേണ്ടി വരുന്ന ചിലവിനെപ്പറ്റിയും ഞാൻ ധാരണയുണ്ടാക്കിയിരുന്നു. അതിലും വളരെ കുറച്ച്‌ ചിലവിൽ അത്‌ ബുക്ക്‌ ചെയ്ത്‌ തരാൻ അയാളെന്നെ സഹായിച്ചു.          ഗാഡ്സിസാര്‍ തടാകം ജൈസൽമേർ നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായിരുന്നു പണ്ട്‌ കാലത്ത്‌. 1367 ൽ റവാൽ ഗാഡ്സിംഗ്‌ പണികഴിപ്പിച്ചതാണീ തടാകം. മഴവെള്ളം സംഭരിക്കുക വഴി കൃഷിക്കും മറ്റും വേണ്ട ജലം കണ്ടെത്തുകയായിരുന്നു ഇത്‌ വഴി. തടാകത്തിനു ചുറ്റിലും ചെറിയ അമ്പലങ്ങളിലും കോവിലുകളും മറ്റുമുണ്ട്‌. കാലുകൊണ്ട്‌ ചവിട്ടുന്ന ചെറിയ ബോട്ടിൽക്കയറി തടാകം മുഴുവൻ ചുറ്റിക്കാണാൻ തീരുമാനിച്ചു. 4 പേർക്കും 2 പേർക്കും യാത്ര ചെയ്യാവുന്ന ബോട്ടുകൾ ആണെല്ലാം. ഒരാൾക്ക്‌ മാത്രമായി തരാൻ കഴിയില്ലെന്നവർ തീർത്ത്‌ പറഞ്ഞു. ബാലൻസ്‌ നഷ്ടപ്പെട്ട്‌  ബോട്ട്‌ മറിയാൻ സാധ്യതയുള്ളത്‌ കൊണ്ടാണത്രേ. നടക്കല്ലുകളിലൂടെ കുറച്ചുനേരം ഞാൻ നടന്നു. തടാകത്തിലൂടെ ബോട്ടോടിക്കുന്നവരെ അസൂയയോടെ നോക്കിത്തന്നെ.
എന്നെപ്പോലെ ഒറ്റക്ക്‌ നടക്കുന്ന വല്ലവരും ഉണ്ടോ എന്ന് നോക്കിയാണു എന്റെ നടപ്പ്‌. 
Gadsisar Lake

                  ഞാനൊരു കൊറിയക്കാരനെ കണ്ടുമുട്ടി. ലോൺലി പ്ലാനെറ്റിന്റെ ബുക്കും കൊണ്ടാണു അവന്റേയും നടപ്പ്‌. അതിലൊരു ചിത്രം ചൂണ്ടി നമ്മൾ ഇപ്പോൾ ഇവിടെയാണോ എന്ന് ഇംഗ്ലീഷും, കൊറിയയും, ആംഗ്യവും കൂടിക്കലർന്ന ഭാഷയിൽ എന്നോട്‌ ചോദിച്ചു. അതെ നമ്മളിപ്പോൾ ഗാഡ്സിസാര്‍ ലേക്കിലാണു, ബോട്ടിംഗിനു താൽപര്യമുണ്ടോ ഒറ്റക്ക്‌ പറ്റാത്തതുകൊണ്ട്‌ ഒരാളെ തപ്പി നടക്കുകയാണു എന്നെല്ലാം ഞാൻ കുറേ കഷ്ടപ്പെട്ട്‌ അവനെ പറഞ്ഞ്‌ ധരിപ്പിച്ചു. അരമണിക്കൂർ ബോട്ടിംഗിനു 50 രൂപയാണു ചാർജ്ജ്‌.ഞാൻ ടിക്കറ്റ്‌ എടുത്ത്‌ വന്നു അവന്റെ പങ്ക്‌ തരാൻ അവന്റെ കയ്യിൽ ചില്ലറയില്ല. അത്‌ സാരമില്ല. ഞാൻ ഒരാളെ കൂട്ടിനു കിട്ടാതെ വിഷമിക്കുകയായിരുന്നു. നീ ബോട്ടിൽ കയറിയാൽ മാത്രം മതി ഞാൻ പറഞ്ഞൊപ്പിച്ചു. മനസ്സില്ലാമനസ്സോടെ  അവൻ എന്റെ കൂടെ വന്നു. അഭിമാനിയായ കൊച്ചൻ 21 വയസ്സേയുള്ളൂ ഇന്ത്യ ചുറ്റിക്കാണാൻ ഇറങ്ങിയതാണ്. 2 ആഴ്ച്ചയായി ഇന്ത്യയിൽ എത്തിയിട്ട്‌ ഇതൊക്കെ ബോട്ടിംഗിനിടയിൽ അവൻ പറഞ്ഞതാണ്. ഞാനും വിട്ട്‌ കൊടുത്തില്ല, എന്റെ സാഹസിക യാത്രയെക്കുറിച്ച്‌  ഞാനും വാചാലനായി. 


 Gadsisar Lake 

                 അങ്ങനെ ഗാഡ്സിസാറിന്റെ വിരിമാറിലൂടെ ഞങ്ങൽ പെഡൽ ബോട്ട്‌ ചവിട്ടി. അവന്റെ കയ്യിൽ സെവനപ്പിന്റെ ഒരു ബോട്ടിലുണ്ടായിരുന്നു. എനിക്കവൻ ഓഫർ ചെയ്തു. സെവനപ്പ്‌ കുടിക്കുന്ന ദുശ്ശീലം എനിക്കില്ലെന്നും പെപ്സി മാത്രമേ കുടിക്കാറുള്ളു എന്നും പറഞ്ഞ്‌ സ്നേഹപൂർവ്വം ആ ഓഫർ നിരസിച്ചു. ബോട്ടിൽനിന്നിറങ്ങിയതും യാത്രപറഞ്ഞവൻ പോയി. ഇരുട്ടുംവരെ അവിടെ ഇരിക്കാനായിരുന്നു എന്റെ തീരുമാനം. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സിനിമയിലെ ഒരു ഗാനത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ വെച്ചാണ് ചിത്രീകരിച്ചിരികുന്നത്. അസ്തമയസൂര്യനെ ക്യാമറയിൽ പകർത്തുമ്പോൾ അവൻ എന്റെ എതിരെ ഓടിവന്നു. കയ്യിൽ ഒരു പെപ്സിയുടെ ബോട്ടിലും ഉണ്ടായിരുന്നു. നിരസിക്കാൻ എനിക്കവസരം തരാതെ ഒരിക്കൽക്കൂടി അവൻ വിടപറഞ്ഞു. എന്റെ മുഖത്തും മനസ്സിലെ പുഞ്ചിരി പ്രതിഫലിച്ചു കാണണം അപ്പോൾ.
Fish In Gadsisar Lake

കുളം നിറയേ മീനുകളാണ്. ബ്രെഡും ബിസ്ക്കറ്റും മറ്റും സഞ്ചാരികൾ അവയ്ക്ക്‌ തിന്നാൻ കൊടുക്കുന്നുണ്ട്‌.     7 മണിക്ക്‌ പാവനാടകം കാണാൻ പോണം. ടൂറിസം ഇൻഫോർമേഷൻ സെന്ററിന്റെ അരികിൽ തന്നെയാണു പാവനാടകം നടക്കുന്ന ഡിസേർട്ട്‌ കള്‍ച്ചറല്‍ സെന്റർ.  ഇരുട്ടിയതും തടാകത്തിനരികിലെ ഇരിപ്പവസാനിപ്പിച്ച്‌ അങ്ങോട്ടേക്ക്‌ നടന്നു. 
Sun set from Gadsisar Lake

                 1156 ൽ രാജാ ജൈസൽ നിർമ്മിച്ച ജൈസൽമേർ കോട്ട കാണാൻ രാവിലെ തന്നെ ഞാൻ ഇറങ്ങി. അടുത്തായതിനാൽ ബൈക്കെടുക്കാതെയാണു  ഇറങ്ങിയത്‌. ലോകത്തിലെ തന്നെ വലിയ കോട്ടകളിൽ ഒന്നാണിത്‌. 


Jaisalmer Fort

Jiasalmer Fort
        ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്ന ജൈസൽമേറിന്റെ ഹൃദയഭാഗത്താണിത്‌. ജൈസൽമേർ ഫോർട്ട്‌ ലിവിങ്ങ്‌ ഫോർട്ടാണ്, എന്നുപറഞ്ഞാൽ മൂവായിരത്തോളം പേർ ഇന്നും ഈ കോട്ടയിലെ താമസക്കാരാണ്. ലോകത്തിൽതന്നെ ഒരു പക്ഷെ ഇതുപോലൊരു കോട്ട ഉണ്ടാവില്ല.  മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ട്‌ കെട്ടിയതാണീ ഭീമാകാരക്കോട്ട. വെയിലിൽ മഞ്ഞനിറത്തിൽ തിളങ്ങുന്നത്‌ കാരണം സ്വർണ്ണക്കോട്ട (ഗോൾഡൻ ഫോർട്ട്‌ ) എന്നും ഇതിനു പേരുണ്ട്‌.  ഉച്ചക്ക്‌ മുൻപ്‌ തന്നെ ഞാൻ കോട്ട ചുറ്റിക്കറങ്ങി പുറത്തിറങ്ങി.

              നാലുമണിയോടെ സാൻഡ്‌ ഡ്യൂണിൽ എത്തണം. ഇനിയും ഒരു പാട് മണിക്കൂറുകൾ  ബാക്കിയുണ്ട്‌. യാത്ര തുടങ്ങിയതിനുശേഷം എന്താണെന്നറിയില്ല.  താടിയും മുടിയുമൊക്കെ വല്ലാതെ വളർന്നിരിക്കുന്നു,  ബാറ്ബറെ കാണാത്തത് കൊണ്ടാവും. എല്ലാമൊന്ന് വെട്ടി വൃത്തിയാക്കിയേക്കാം. സൂര്യാസ്തയത്തിനു മുൻപ്‌ ഒരു മണിക്കൂർ ഒട്ടകസവാരി പിന്നെ തിരിച്ച്‌ ക്യാമ്പിൽ. സന്ധ്യമയങ്ങിക്കഴിഞ്ഞാൽ ഡാൻസും കലാപരിപാടികളും. പിന്നെ ഡിന്നർ കഴിച്ച് എനിക്ക്‌ തിരിച്ച്‌ പോരണം. ഞാനവിടെ രാത്രി തങ്ങാനുള്ള പരിപാടിയില്ല. സാമിലേക്കുള്ള വഴിയിൽ ഡെസേർട്ട്‌ വില്ലേജിലൂടെയും ഒന്നുകയറി ഇറങ്ങി. നാലു മണിക്ക്‌ മുൻപ്‌ തന്നെ ഞാൻ സാമിലെത്തി. വെൽക്കം ഡ്രിങ്ക്‌ തന്നവർ സ്വീകരിച്ചു. 

Camp
getting ready for night show

അഞ്ച്‌ മുതൽ ആറുവരെ മണൽക്കൂനകൾക്ക്‌ മുകളിലൂടെ ഒട്ടകത്തിൽ സവാരി നടത്തി. കാണാൻ സുഖമുള്ള ഏർപ്പാടാണെങ്കിലും ഒട്ടകപ്പുറത്തിരിക്കൽ ഇടങ്ങേറുപിടിച്ച പരിപാടിയാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. മിക്കവാറും സമയം ഞാൻ മണൽക്കൂനകൾക്ക്‌ മുകളിലൂടെ നടന്നും ഫോട്ടോ എടുത്തും ചിലവഴിച്ചു. രാജസ്ഥാനി സംഗീതത്തിനനുസരിച്ച്‌ പെൺകുട്ടികൾ ചുവടുവച്ചു.

                 ഭക്ഷണം കഴിച്ച്‌ രാത്രി വൈകി ഞാൻ തിരിച്ച്‌ റൂമിലേക്ക്‌ വണ്ടി ഓടിച്ചു.  ഒരു കുടുംബം ബൈക്ക്‌ കേടായതുപോലെ വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കൈ കാണിച്ച്‌ നിർത്തിച്ചു. സംഭവം പെട്രോൾ തീർന്നതാണു. അവരുടെ കയ്യിൽ പെട്രോൾ സ്റ്റോക്കുമുണ്ട്‌. ഇരുട്ടായതിനാൽ ഒഴിക്കാൻ കഴിയാതെ നിൽപ്പാണ്. എന്റെ വണ്ടിയുടെ വെട്ടത്തിൽ അയാൾ കുപ്പിയിലെ പെട്രോൾ വണ്ടിയിലൊഴിച്ച്‌ വണ്ടി സ്റ്റാർട്ടാക്കി. ഇതെന്തിനാണ് കയ്യിൽ കൊണ്ട്‌ നടക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്‌. എങ്കിലും ഒന്നും മിണ്ടാതെ വണ്ടിയുമെടുത്ത്‌ ഞാൻ യാത്ര തുടർന്നു. അവരായി അവരുടെ പെട്രോളായി എന്തേലും ചെയ്യട്ട്...അല്ല പിന്നെ.

ജൈസല്‍മേര്‍ കോട്ട
Folk Dance
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക

Wednesday, 9 April 2014

അമൃതസരസ്സ് വഴി അതിര്‍ത്തിയിലേക്ക്

ഇന്ത്യയുടെ സിരകളിലൂടെ - 5

ഉറക്കം പതിവ് തെറ്റിച്ചില്ല, നേരത്തെ വിളിക്കാന്‍ പറഞ്ഞേല്‍പ്പിച്ചത് നന്നായി. പെട്ടെന്ന് തന്നെ എല്ലാം കെട്ടിപ്പെറുക്കി റെഡിയായി വന്നപ്പോള്‍ ഹൌസ്ബോട്ടിലെ കാര്യസ്ഥന്‍ കം അടുക്കളക്കാരന്‍ കട്ടനുമായി വന്നു, എന്നെ വിളിച്ചുണര്‍ത്തി അടുക്കളയില്‍ കയറിയതാവണം. തടാക്കത്തിന്റെ നടുക്കാണേലും പാന്ഥന്‍ കട്ടനെ കുടിക്കൂ എന്ന് ഇതിനോടകം അങ്ങേരും മനസ്സിലാക്കിയിരിക്കുന്നു. ബില്‍ സെറ്റില്‍ ചെയ്തപ്പോള്‍ അങ്ങേരുടെ തല ചൊറിഞ്ഞുള്ള നില്‍പ്, സംഗതി എനിക്ക് മനസ്സിലായി... യാത്രയില്‍ ചിലവ് കഴിവതും ചുരുക്കുക എന്നതാണ് പരമപ്രധാനം.. അല്ലെങ്കില്‍ രണ്ടറ്റവും മുട്ടിച്ചു കൊണ്ട് പെടാന്‍ ഞാന്‍ പാടുപെടും... യാത്ര തുടങ്ങുമ്പോള്‍ പലരും ചോദിച്ചിരുന്നു എത്രയാ ചിലവ് പ്രതീക്ഷിക്കുന്നത്, എവിടെയൊക്കെ പോകും, എന്നെല്ലാം. സത്യത്തില്‍ എനിക്കു തന്നെ ഒരു നിശ്ചയം ഇല്ലാത്ത കാര്യങ്ങള്‍ ആയിരുന്നു അതെല്ലാം... കയ്യില്‍ കുറച്ച് പൈസയുണ്ട് ഒന്നുകില്‍ അതു തീരും വരെ, അല്ലെങ്കില്‍ ശരീരവും മനസ്സും അനുസരിക്കാതാവും വരെ, അതുമല്ലെങ്കില്‍ കന്യാകുമാരി വരെ എങ്കിലും എത്തണം. ആഗ്രഹിക്കാന്‍ പരിധികള്‍ ഇല്ലല്ലോ... ആകാശത്തിനു മുകളില്‍ വരെ ആശ ചെന്നെത്തുന്ന കാലമല്ലേ...


ബില്ല് കൊടുത്തതിന്റെ ബാക്കി അയാള്‍ക്കും കൊടുത്ത് ശിക്കാരയിലേക്ക് ബാഗ് കയ്യിലെടുത്ത് ഞാന്‍ നടന്നു. പിറകെ അയാളും... തണുപ്പില്‍ കിടുകിടാ വിറക്കുന്നുണ്ട് ഞാന്‍, ഇത്ര തണുപ്പ് ഞാന്‍ പ്രതീക്ഷിച്ചില്ല. നാട് ഉണര്‍ന്ന് വരുന്നതേ ഉള്ളൂ. ശിക്കാരയില്‍ നിന്നിറങ്ങി ബാഗ് തൂക്കി ഞാന്‍ ബൈക്കിനടുത്തേക്ക് നടന്നു. സഹായിക്കാമെന്നയാള്‍ പറഞ്ഞെങ്കിലും എനിക്കിപ്പോള്‍ അതൊരു ഭാരമായി തോന്നുന്നേ ഇല്ല.. ദിവസങ്ങളായി ഏകദേശം എന്നും ചെയ്യുന്ന പണിയാണല്ലോ... തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പായി പിന്നെ. മേല്‍ക്കുപ്പായങ്ങളെല്ലാം വലിച്ച് കയറ്റി ഞാന്‍ യാത്ര തുടര്‍ന്നു. കാശ്മീര്‍ താഴ്‍വരയോട് വിടപറയുകയാണിന്ന്. ഇനിയും കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ തിരിച്ച്‍വരും, താല്‍ക്കാലികമെങ്കിലും എനിക്ക് യാത്രാ മൊഴി തന്നാലും. ഒരിക്കല്‍ കൂടി ദാല്‍ തടാകത്തിലേക്ക് ഞാന്‍ തിരിഞ്ഞ് നോക്കി, മഞ്ഞിന്റെ പുതപ്പിട്ട് നിറകണ്ണൂകളോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. തന്നെ കണ്ട് മടങ്ങുന്ന എല്ലവരിലും അവരീ നോവ് ബാക്കിവയ്ക്കുന്നുണ്ടാവും....


യാത്ര തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത് കഴിഞ്ഞു. നല്ല തിരക്കൂണ്ട് റോഡ് മുഴുവന്‍.  ബസും കാറും ലോറിയും എല്ലാമുണ്ട്. നാട്ടിലെ  മത്സരയോട്ടം ഇവിടുത്തെ ബസുകാര്‍ക്ക് ഒരു പൂ പറിക്കുന്ന പോലെയേ അനുഭവപ്പെടൂ, എനിക്കിവിടുത്ത്കാരുടെ വണ്ടീയോടിക്കല്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. 10 കിലോമീറ്റര്‍ വേഗതയില്‍ കയറ്റം കയറി പോകുകയാണെങ്കില്‍ പോലും ആരേയും ബസ്സുകാര്‍ കടത്തി വിടില്ല.. അതിന്റെ ഇടയില്‍ ചരക്ക് കൊണ്ട് പോകുന്ന വാഹങ്ങള്‍ വേറെയും. കയറ്റം കഴിഞ്ഞ് ഇറക്കം തുടങ്ങിയാല്‍ പിന്നെ മരണപ്പാച്ചിലാണ്. അന്നാട്ടുകാരല്ലാത്തവര്‍ ഈ ബസിലൊക്കെ ഉണ്ടെങ്കില്‍ കണ്ണടച്ച് പ്രാര്‍ഥിച്ചിരിക്കുകയാണ് നല്ലത്. ഇടക്കിടെ കിലോമീറ്ററുകള്‍ നീണ്ട ട്രാഫിക് ജാമുകള്‍ കാണാം. ബൈക്ക് ആയത് കൊണ്ട് കിട്ടുന്ന ഗാപ്പിലൂടെയെല്ലാം കേറി പതുക്കെ എല്ലാം മറികടന്ന് പോരാം. കാറുവല്ലതും ആയിരുന്നെങ്കില്‍ വലഞ്ഞേനെ. വിചാരിച്ചതിലും ഒരുപാട് പതുക്കെയാണ് യാത്ര ചെയ്യാന്‍ പറ്റുന്നത്, ഏത് നേരത്ത് ജമ്മുവില്‍ എത്തും എന്ന് ഒരു പിടിയും ഇല്ല. ശ്രീനഗറില്‍ നിന്നു പുറപ്പെട്ട് കുറച്ച് കഴിഞ്ഞതും ചൂടെടുക്കാന്‍ തുടങ്ങി, മേല്‍ക്കുപ്പായങ്ങള്‍ ഓരോന്നായി ഞാന്‍ അഴിച്ച് ബാഗില്‍ വെച്ചു. കഴിഞ്ഞ പത്തു ദിവസത്തോളം ചൂടെന്ന വാക്കുപോലും ഞാന്‍ ഓര്‍ത്തിട്ടുണ്ടായിരുന്നില്ല.  വഴിയില്‍ വണ്ടി നിര്‍ത്തി വല്ലതുമൊക്കെ കഴിക്കണം എന്നു തോന്നിയെങ്കിലും ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന വണ്ടികള്‍കൊണ്ട് റോഡ് നിറയും മുന്പ് എനിക്ക് കഴിയുന്നത്ര മുന്നോട്ട് പോകണം എന്നതായിരുന്നു മനസ്സ് മുഴുവന്‍, യാത്രക്ക് വേണ്ടി ഇനിയൊരു ദിവസം കൂടെ കളയാനില്ല. ഇന്ന് തന്നെ ജമ്മുവും കടന്ന് പോകണം. വിശപ്പിന്റെ വിളി അസഹനീയമായപ്പോള്‍ ഏകദേശം മൂന്ന് മണിയോടെ വഴിയരികല്‍ കണ്ട് പഞ്ചാബി ദാബയില്‍ കയറി രാജ്മ ദാലും ചോറും കഴിച്ചു. നേരത്തെ മത്സരം ഓട്ടം നടത്തിയിരുന്ന ബസുകള്‍ എന്നെക്കടന്ന് പോയി ആ സമയം. ഇനിയും നൂറുകിലോമീറ്റര്‍ കാണും ജമ്മുവിലേക്ക്. 7 മണിക്കൂറില്‍ ഇരൂന്നൂറ് കിലോമീറ്റര്‍ മാത്രമാണ് പിന്നിടാന്‍ കഴിഞ്ഞത്. ഝലം നദിക്കരികിലൂടെയുള്ള വഴി മനോഹരമായിരുനെങ്കിലും അതൊന്നും ആസ്വദിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. 1956 ഇല്‍  പണി കഴിപ്പിച്ച 2.85 കി.മി. നീളമുള്ള ജവഹര്‍ തുരങ്കം ഉള്ളത് കൊണ്ട് കൊല്ലം മുഴുവന്‍ ജമ്മു ശ്രീനഗര്‍ പാതയില്‍ യാത്ര സാധ്യമാകുന്നു.ഏഴുമണിയോടടുത്ത് ജമ്മുവിലെത്തി. അവിടെ തങ്ങണോ അതോ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ചാബിലെത്താം, അതു ചെയ്യണോ എന്നു കുറേനേരമായി ഞാന്‍ ആലോചിക്കുന്നു. അവസനാം ജമ്മുവിലേക്ക് തിരിയാതെ നാഷണല്‍ ഹൈവേയില്‍ നേരെ പോകാന്‍ ഞാന്‍ തീരുമാനിച്ചു. നാലുവരിപ്പാതയാണ് ഇനിയങ്ങോട്ട് ഏറിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് പത്താന്‍കോട്ടിലെത്താം, അതായിരുന്നു മനസ്സില്‍. ഭക്ഷണം കഴിക്കാതെയുള്ള രാവിലത്തെ യാത്രയും, കാലവസ്ഥയില്‍ വന്ന മാറ്റവും എന്നെ വല്ലാതെ തളര്‍ത്തുമെന്ന് ഞാന്‍ കരുതിയില്ല. അരമുക്കാല്‍ മണിക്കൂര്‍ നല്ല വേഗത്തില്‍ വണ്ടി ഓടിച്ചുകാണും ശരീരത്തിനു മൊത്തം ഒരു തളര്‍ച്ച ബാധിക്കുന്ന പോലെ എനിക്ക് തോന്നി. അടുത്ത കണ്ട ഡാബയില്‍ ഞാന്‍ ബൈക്ക് ഒതുക്കി നിര്‍ത്തി. രാത്രി ഭക്ഷണത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതേ ഉള്ളൂ, അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്തായാലും നല്ലൊരു വിശ്രമം കിട്ടാതെ ഇനി മുഞ്ഞോട്ട് പോകുക വയ്യ. കൈകള്‍ മടക്കാനും നിവര്‍ത്താനും വയ്യ. എല്ലാം വല്ലാതെ തളര്‍ന്നിരിക്കുന്നു, അടുത്ത് വല്ല താമസ സൌകര്യവും തരപ്പെടുമോ എന്നു ഞാന്‍ അന്യേഷിച്ചെങ്കിലും ഒന്നും തരപ്പെട്ടില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞും കുറേനേരം ഞാന്‍ അവിടെ ഇരുന്നു. വയസ്സായ ഒരാളായിരുന്നു കട നടത്തിയിരുന്നത്. എന്റെ യാത്രയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍, തന്റെ കയ്യിലും ബുള്ളറ്റ് ഉണ്ടെന്നും ആയ കാലത്ത് അതില്‍ കാശ്മീര്‍ താഴവരകളെ ഒരുപാട് ചുറ്റികണ്ടിട്ടുന്നെന്നയാള്‍ പറഞ്ഞു, ആ കണ്ണുകളില്‍ പോയ കാലത്തിന്റെ വസന്തം തിളങ്ങുന്നുണ്ടായിരുന്നു അപ്പോള്‍. ശ്രദ്ധിച്ച് പോണം, പതുക്കെ പോയാല്‍ മതി, പത്താന്‍കോട് എത്തിയാല്‍ താമസിക്കാന്‍ സൌകര്യമുള്ള ഇടം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യാത്രയക്കുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പത്താന്‍കോട്ടിലെത്തി റൂമെടുത്ത് കിടക്കയിലേക്ക് മറിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും എനിക്ക് ആവതുണ്ടായിരുന്നില്ല. സമയമപ്പോള്‍ പത്ത് കഴിഞ്ഞിരുന്നു.പതിനൊന്ന് മണി വരെ കിടന്ന് കാണും ഉറക്കം ഉണര്‍ന്നിട്ട് നേരം കുറേ ആയി, എഴുന്നേല്‍ക്കാന്‍ മടിപിടിച്ചുള്ള കിടപ്പാണ്. ഇന്നലത്തെ യാത്രയെപ്പറ്റി ഒന്നാലോചിച്ച് നോക്കി എന്തിനായിരുന്നു അത്രയും തിരക്കുപ്പിടിച്ച് സാഹസം കാണിച്ച് ഇവിടെ എത്തിയത്? ഇങ്ങനെ രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച് കിടക്കാനോ. ചിലപ്പോഴൊക്കെ അങ്ങനെയാണ്, ചില തീരുമാനങ്ങള്‍. 115 കിലോമീറ്റര്‍ ദൂരമേഉള്ളൂ അമൃതസരസ്സ് അഥവാ അമൃതസര്‍‍ലേക്ക്. നേരെചെന്ന് എവിടെ എങ്കിലും റൂം എടുക്കുക പിന്നെ നേരെ ഹർമന്ദിർ സാഹിബ്  ചെന്നു അവിടെ കുറച്ച് നേരം വെറുതെ ഇരിക്കുക, ഇന്നത്തെ പരിപാടികള്‍ ഇത്രയേ ഉള്ളൂ. യാത്രയില്‍ ഉടനീളം എന്റെ വഴികാട്ടികളില്‍ ഒരാള്‍ ഗൂഗിള്‍ നാവിഗേഷനും മറ്റേ ആള്‍ ലോണ്ലി പ്ലാനെറ്റിന്റെ ഇന്ത്യ എന്ന പുസ്തകവും ആയിരുന്നു. രണ്ടും പലപ്പോഴും എന്നെ വഴി തെറ്റിച്ചിട്ടുണ്ടെന്ന് മാത്രം. ഇന്നും അങ്ങനെ ഒരു അക്കിടി പറ്റി. പുസ്തകത്തില്‍ കണ്ട ഒരു സത്രം അന്യേഷിച്ച് ചെന്നെങ്കിലും കുറെ വലത്തും ഇടത്തും തിരിഞ്ഞു ഒരു തെരുവു മുഴുവന്‍ കറങ്ങിയത് മെച്ചം, അങ്ങനെ ഒരു സത്രത്തെപ്പറ്റി അന്നാട്ടുകാര്‍ക്ക് പോലും അറിയില്ല. പിന്നെയാണ്. പിന്നെ നേരെ ഹർമന്ദിർ സാഹിബ് അഥവാ സുവര്‍ണ്ണക്ഷേത്രത്തിന്റെ അടുത്തേക്ക് വണ്ടി ഒടിച്ചു, അവിടെ എന്തായാലും മുറി കിട്ടാതിരിക്കില്ലല്ലോ.
സുവര്‍ണ്ണക്ഷേത്രത്തിനു നാലു കവാടങ്ങള്‍ ഉണ്ട്, ഇതു എല്ലാമതങ്ങളേയും അംഗീകരിക്കുന്ന സിഖ് മതത്തിന്റെ വിശാലതയെ പ്രതിനിധാനം ചെയ്യുന്നു. 1604ഇല്‍ പണി തീര്‍ത്തതാണ് ഈ ക്ഷേത്രം സിഖ് മത വിശ്വാസികളുടെ പുണ്യദേവാലയമാണിത്.  ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ഇല്‍ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരില്‍ പ്രസിദ്ധമാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നടന്ന സൈനിക നടപടി വിജയമായിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ മരിക്കാന്‍ ഇതു കാരണമായി. കവാടത്തിനു പുറത്ത് പാദരക്ഷകള്‍ ഊരി വെക്കണം, സൌജന്യമായി ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഖ് ഗുരുദ്വാരകളില്‍ തല മറക്കണമെന്നത് എനിക്കതുവരെ അറിയില്ലായിരുന്നു. അകത്ത് കയറിയപ്പോള്‍ എന്നോട് തൂവാലയോ മറ്റോ കയ്യില്‍ ഉണ്ടെങ്കില്‍ അതുപയോഗിച്ചോ അല്ലെങ്കില്‍ കയറി വരുന്ന വഴിയില്‍ ഒരു പാത്രത്തില്‍ തൂവാലകള്‍ കിടപ്പുണ്ടാവും അതില്‍ ഒന്നെടുത്തോ തലമറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടൂ. തൂവാല ഉപയോഗിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് ഞാന്‍ പുറത്തിറങ്ങി തലയില്‍ കെട്ടി തിരിച്ച് കയറി. ദര്‍ബാര്‍ സാഹിബ് സരോവര്‍ എന്ന തടാകമധ്യത്തിലെ തുരുത്തിലാണ് ഇതു പണി കഴിപ്പിച്ചിട്ടുള്ളത്.  സിക്കുമതഗ്രന്ഥമായ ഗ്രന്ഥസാഹെബ് ആണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന ഗോപുരത്തിലെ താഴികക്കുടം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞത് മുതലാണ് സുവര്‍ണ്ണ ക്ഷേത്രം എന്ന വിളിപ്പേരു കിട്ടുന്നത്. ക്ഷേത്രത്തിന്റെ തറയും ചുമരുകളുമൊക്കെ വെണ്ണക്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 1762-ലെ ആക്രമണത്തില്‍ തകര്‍ന്ന  ക്ഷേത്രം ശുദ്ധികലശം കഴിച്ച് പുതുക്കിപ്പണിതതോടൊപ്പം സിക്കുനേതാക്കന്‍മാര്‍ ചുറ്റും കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ച് നഗരത്തെ സുശക്തമാക്കി.


തടാകത്തിനു ചുറ്റും വെണ്ണക്കല്ലുകള്‍ പാകിയിട്ടുണ്ട്. അതിലൊരിടത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. കാല്‍ വെള്ളത്തിലേക്ക് തൂക്കി ഇട്ടു ഇരിക്കരുതെന്ന് പലയിടത്തും എഴുതി വച്ചിട്ടുണ്ട്. ചമ്രം പടിഞ്ഞുള്ള ഇരിപ്പ് എനിക്ക് പരിചയം ഇല്ല താനും. വൈദ്യുത വിളക്കുകള്‍ക്ക് വേണ്ടി നിര്‍മിച്ച തൂണുകളൊന്നില്‍ ചാരി കുളത്തിലെ മീനുകളേയും നോക്കി ഞാന്‍ ഇരുന്നു. ദിവസങ്ങളായ അലച്ചിലിനിടയില്‍ ഇതുപോലെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ഞാന്‍ ഇരുന്നിട്ടുണ്ടാവില്ല. വിശ്വാസികള്‍ ഒരുപാട് പേര്‍ പുണ്യസ്നാനം നടത്തുന്നുണ്ട്, കുറച്ച് പേര്‍ ക്ഷേത്രത്തെ വലം വക്കുന്നു. ചിലര്‍ അകത്തു കേറാനുള്ള വരിയില്‍ നില്‍ക്കുന്നു. എങ്ങും ശാന്തത മാത്രം. ഒരുപൂരത്തിനുള്ള ആളുണ്ടെങ്കിലും മറ്റിടങ്ങളില്‍ കാണുന്ന കോലാഹലങ്ങള്‍ ഇവിടെ ഇല്ല. ആ തിരക്കിനിടയില്‍ ആരുമല്ലാതെ ഒരാളായി ഞാന്‍ എത്ര നേരം ഇരുന്നെന്ന് എനിക്കുമറിയില്ല. എന്റെ അടുത്തിരുന്നവരുടെ മുഖങ്ങള്‍ മാറുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ എന്നോട് സഹായം ചോദിക്കുമ്പോള്‍ മാത്രമാണ് അതു ഞാന്‍ ശ്രദ്ധിച്ചിരുന്നതെന്ന് മാത്രം. സിഖ്സ്ത്രീകള്‍ തലയില്‍ കെട്ടുമെന്ന് എനിക്കിതുവരെ അറിയില്ലായിരുന്നു, തീവ്ര വിശ്വാസികളായ ഒരു വിഭാഗമാണതെന്ന് പിന്നീട് ഒരു സുഹൃത്തെനിക്ക് പറഞ്ഞ് തന്നു.

വീടിനകത്ത് പോലും ചെരുപ്പിടാതെ നടക്കുന്നത് വിരളമാണിപ്പോള്‍. അത്കൊണ്ട് തന്നെ ക്ഷേത്രത്തിനു ചുറ്റും വലംവയ്ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടൂ. നാളെക്കഴിഞ്ഞ് തിരിച്ച് പോകും മുന്പ് ഒരുതവണ കൂടി ഇവിടെ വരണമെന്ന് ഞാന്‍ തീരുമാനിച്ചു. പുറത്തിറങ്ങി തെരുവിലൂടെ വെറുതേ കുറെ നേരം നടന്നു ഇടുങ്ങിയ വഴികളിലൂടെ ആളുകള്‍ തിങ്ങി നെരുങ്ങി നടക്കുന്നു അതിനിടയില്‍ സൈക്കിളുകള്‍ സൈക്കിള്‍ റിക്ഷകള്‍ അതും പോരാഞ്ഞ് ബൈക്കുകാരും. കുറേദൂരം എങ്ങോട്ടില്ലാതെ അലഞ്ഞു നടന്നു, അതിലും ഒരു രസമുണ്ട് ലക്ഷ്യബോധത്തോടെ നടക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ലക്ഷ്യബോധമില്ലാത്തൊരു കോമാളിയാവാന്‍. നടന്ന് നടന്ന് അത്യാവശ്യം നന്നായി ഞാന്‍ തളര്‍ന്നു വിശപ്പ് നന്നായി തന്നെ എന്നെ ആക്രമിച്ച് തുടങ്ങി, ഇനി രക്ഷയില്ല.. വല്ലതും കഴിച്ചേ പറ്റൂ.
ഭക്ഷണപ്രിയരാണ് പഞ്ചാബികള്‍, അവരുടെ ഭക്ഷണവും പ്രസിദ്ധമാണല്ലോ. വൈദ്യുതി വകുപ്പിന്റെ കാര്യാലയത്തിനു മുന്‍പിലുള്ള തട്ടുകടയില്‍ കയറി. കോഴിയുടെ ബഹളമാണവിടെ വറുത്തതും സൂപ്പും മുട്ട ബജിയും എന്നു പറയണ്ട കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കഴിച്ചു.  സുല്‍ത്താന്‍ വിന്റ് റോഡിനു എതിര്‍വശത്തുള്ള പുരാനി ലക്കര്‍ മന്ഡി റോഡിലായിരുന്നു ഞാന്‍ മുറിയെടുത്തിരുന്നത്, അങ്ങോട്ട് നടന്നു. പത്തുമണിക്ക് ഗേറ്റ് അടക്കുമെന്നവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇനി വൈകിയാല്‍ പണി പാലും വെള്ളത്തില്‍ കിട്ടി എന്നും പറയുമ്പോലെ ആകാന്‍ ഇടയുണ്ട്.
രാവിലെ ആദ്യം പോയത് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്തേക്കാണ്.  നടക്കാവുന്ന ദൂരമേ ഉള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ  റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. (അവലംബം വിക്കി).നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവെക്കുകയാണുണ്ടായത്. പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു. ഉധം സിങ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. അതുകൂടാതെ ആ സംഭവത്തിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഡയറിന് ഉത്തരവ് നൽകിയ പഞ്ചാബിന്റെ ലഫ്ടനന്റ് ഗവർണർ കൂടിയായിരുന്നു മൈക്കൽ ഒഡ്വയർ. ഉധം സിങിന്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു എന്നാണ് സർക്കാരിന്റെ ഒരു വക്താവ് പിന്നീട് പറഞ്ഞത്. ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. 1920 ൽ ജാലിയൻവാലാബാഗിലെ രക്തസാക്ഷികൾക്കായി ഒരു സ്മാരകം പണിയുവാനും അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ചു. 1923 ൽ ഈ ട്രസ്റ്റ് ജാലിയൻവാലാബാഗ് സ്വന്തമാക്കുകുയം ഒരു സ്മാരകം പണിയുകയും ചെയ്തു.
അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക് രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജവഹർലാൽ നെഹ്രു ഉൾപ്പടെ പല പ്രമുഖരും പങ്കെടുത്ത് സദസ്സിലാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. പട്ടാളക്കാരുടെ വെടിയേറ്റ സ്ഥലങ്ങളുള്ള ഭാഗം പ്രത്യേകം സംരക്ഷിച്ചു സൂക്ഷിച്ചിരിക്കുന്നു. വെടിവെപ്പിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു ചാടിയ കിണർ രക്തസാക്ഷികളുടെ കിണർ എന്ന പേരു നൽകി സംരക്ഷിച്ചിട്ടുണ്ട്.


ജാലിയൻവാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികള്‍ ആയവരെ മനസ്സിലോര്‍ത്ത് പാര്‍ക്കില്‍ ഞാന്‍ കുറച്ച് നേരം നടന്നു. അവരുടെ ഓര്‍മ്മക്കായി സൂക്ഷിക്കുന്ന കെടാവിളക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. വെടിയൊച്ചകളും നിലവിളികളും എനിക്ക് കേള്‍ക്കുന്നുണ്ടെന്ന് തോന്നി. രക്ഷപ്പെടാന്‍ മറ്റൊരു വാതില്‍ പോലുമില്ലാത്ത ആ മൈതാനത്തില്‍ പ്രാണനും കൊണ്ടോടുന്നവരെ എനിക്ക് കാണുന്നത് പോലെ തോന്നി. തകൃതിയായി ആളുകള്‍ ഫോട്ടോക്ക് പോസുചെയ്യുന്നുണ്ട് ചിലര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നു. വന്നു കയറിയപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.. ചുറ്റും നടന്ന് എല്ലാം ഞാന്‍ പകര്‍ത്തുകയും ചെയ്തു. വെടിയൊച്ചകള്‍ക്കും കരച്ചിലുകള്‍ക്കും അട്ടഹാസങ്ങള്‍ക്കും നടുവില്‍ ഇനി നില്‍ക്കുക വയ്യ, ഞാന്‍ ഒരു വിധം ഉദ്യാനത്തിനു പുറത്ത് കടന്നു. ഉധം സിങ്ങിനോട് എനിക്കപ്പോള്‍ വല്ലാത്ത ബഹുമാനം തോന്നി. നേരെ നടന്ന് ഞാന്‍ സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് കയറി, വൈകീട്ട് വാഗ അതിര്‍ത്തിയില്‍ പോകണം. അതിര്‍ത്തി അടക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കണം.


ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കുള്ള ഒരേ ഒരു  പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമത്തിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ ലാണ് വാഗ രണ്ടായി ഭാഗിച്ചത്. ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ"  ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ  ആവേശഭരിതമായ സൈനിക പരേഡുകൾ നടക്കാറുണ്ട്.  സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും, യഥാർത്ഥത്തിൽ വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുക മാത്രമാണ് ഇതിന്റെ ഉദ്ധേശം.  (അവലംബം വിക്കി). 


ബൈകിനു വിശ്രമം നല്‍കാമെന്ന് കരുതിയ ഒരു ദിവസമായിരുന്നു ഇന്ന്. അതു കൊണ്ട് തന്നെ വാഗയില്‍ ചടങ്ങ് കണ്ട് തിരിച്ച് വരാനുള്ള ടിക്കറ്റ് നേരത്തെ തന്നെ എടുത്ത് വച്ചിട്ടുണ്ടായിരുന്നു. രണ്ട് മണിയോടെ പുറപ്പെടണം ഒന്നെ മുക്കാലിനു തന്നെ എത്തണം എന്നെല്ലാം ചട്ടം കെട്ടിയിരുന്നു ജീപ്പ് ഡ്രൈവര്‍, അതനുസരിച്ച് രണ്ട് മണിക്ക് മുന്‍പ് തന്നെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഞാനെത്തി. ക്ഷമയുടെ അതിര്‍വരമ്പുകള്‍ കണ്ട നിമിഷങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ട്, ഒടുക്കം പണം തിരിച്ച് തരാന്‍ ആവശ്യപ്പെടേണ്ടി വന്നു അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍. ആഫ്രിക്കന്‍ വംശജനായ ഫ്രഞ്ച് പൌരന്‍ ലൂസേ ആയിരുന്നു അവസാനം എത്തിയത്. അയാളുടെ കയ്യില്‍ നിന്നും മൂന്നിരട്ടി പണം വാങ്ങിയിരുന്നെന്ന് പിന്നീട് അറിഞ്ഞു. എത്രയും പെട്ടെന്ന് വാഗയില്‍ എത്തണം, അവിടെ ഇപ്പോഴേ ആവശ്യത്തില്‍ അധികം ക്യൂ ആയിക്കാണും.  വഴിയില്‍ ഒരു അമ്പലത്തിന്റെ അടുത്ത് വണ്ടി നിന്നു എല്ലാവരും തൊഴാന്‍ അകത്ത് പോയി, ഞാനും ലൂസേയും മാത്രം അക്ഷമരായി വണ്ടിയില്‍ ഇരുന്നു. കമ്പനിയാവശ്യത്തിന് വന്നതാണ് ലൂസെ, സമയം കിട്ടിയപ്പോള്‍ ഇന്ത്യ കാണാന്‍ ഇറങ്ങിയതാണ് ആശാന്‍. മൂന്നര കഴിഞ്ഞ് കാണണം അവിടെ എത്തുമ്പോള്‍, ഒരുപൂരത്തിനുള്ള ആളുണ്ടവിടെ, ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ?? ഈ ക്യൂവില്‍ നിന്നു അകത്ത് കേറിയാല്‍ മിക്കവാറും പരേഡ് കാണല്‍ ഉണ്ടാവില്ല. തിരക്ക് അത്രക്കുണ്ട്, ഇന്നലെത്തന്നെ വന്ന് നില്‍ക്കുകയാണെന്ന് തോന്നുന്നു എല്ലാവരും. എന്റെ കൂടെ വിദേശിയെ കണ്ടപ്പോള്‍ വിദേശികള്‍ക്കും കയ്യില്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്കും വി ഐ പി കള്‍ക്ക് വേണ്ടി സംവരണം ചെയ്ത ഇരിപ്പിടങ്ങള്‍ക്ക് അരികെ ഇരിക്കാന്‍ അവസരംകിട്ടുമെന്ന് അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ബാഗുകള്‍ ഒന്നും തന്നെ അകത്തേക്ക് കടത്തി വിടില്ല, 20 രൂപ കൊടുത്താല്‍ പുറത്ത് ബാഗ് സൂക്ഷിക്കാന്‍ ആളുണ്ട്,വണ്ടിയില്‍ ഒന്നും വെക്കാന്‍ അനുവദിക്കില്ലെന്ന് ഡ്രൈവര്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ന് ഞായറാഴ്ച ആയതിനാലാണ് ഇത്രയും തിരക്ക്.
വിദേശികള്‍ക്കും വി ഐ പി കള്‍ക്കും വേണ്ടി പ്രത്യേകം ക്യൂ ആയിരുന്നു അതില്‍ തിരക്ക് കുറവായിരുന്നു താനും. ലൂസെ പാസ്പോര്‍ട്ട് എടുക്കാതെയാണ് വന്നിരിക്കുന്നത്, ക്യാമറ സഞ്ചിയില്‍ എന്റെ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും എപ്പോളും ഉണ്ട് താനും. ലൂസെ ഉള്ളത് കൊണ്ട് എനിക്കും ഞാന്‍ ഉള്ളത് ലുസെക്കും അങ്ങനെ ഉപകാരമായി. ചെക്കിങ്ങ് എല്ലാം കഴിഞ്ഞ് നാലുമണിക്ക് പത്തുമിനിട്ട് ഉള്ളപ്പോള്‍ ഞങ്ങള്‍ ഇരിപ്പിടം സ്വന്തമാക്കി. ഒരു ഗേറ്റിനപ്പുറം പാകിസ്താന്റെ ഗാലറി കാണാം, അവിടെ ആളുകള്‍ നന്നേ കുറവാണ്. നമ്മുടെ സൈഡില്‍ ആണേല്‍ ഇരിപ്പിടത്തിനായി ആളുകള്‍ പിടിയും വലിയും നടത്തേണ്ട അവസ്ഥയും.

അഞ്ചുമണിയോടെ പതാക താഴ്ത്തല്‍ ചടങ്ങ് തുടങ്ങി. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍. രണ്ട് രാജ്യത്തേയും പട്ടാളക്കാര്‍ പ്രകനങ്ങള്‍ നടത്തുന്നു. ഉച്ചഭാഷിണിയില്‍ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടെ ദേശഭക്തി ഉയര്‍ത്തുന്ന ഗാനങ്ങള്‍ മുഴങ്ങുന്നു. ഒരു രാത്രികൊണ്ട് അന്യരായിത്തീര്‍ന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വരക്കിരുപുറവും ഇരിക്കുന്നു... അവരെ വേര്‍ത്തിരിക്കാന്‍ രണ്ട് ഗേറ്റുകള്‍. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാട് പോലെ. മുഴുവന്‍ ശ്രദ്ധയും ചടങ്ങിലേക്ക് കേന്ദ്രീകരിക്കാന്‍ ഞന്‍ ശ്രമിച്ച് കൊണ്ടിരുന്നു. എനിക്കെതിര്‍ വശത്തുള്ള ഇന്ത്യയുടെ കവാടത്തിനു മുകളില്‍ നിറതോക്കുമായി പട്ടാളക്കാര്‍, അവര്‍ക്ക് മധ്യേ ചിരിച്ച് കൊണ്ടിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം അതിനുമീതെ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക. താഴെ പാകിസ്താനിലേക്ക് കടന്ന് പോകുന്ന റോഡില്‍ പതാകയേന്തിയ വനിതകള്‍ അടഞ്ഞു കിടക്കുന്ന ഗേറ്റിനരികിലേക്ക് വരെ ഓടി തിരിചു വരുന്നു, അവരുടെ കയ്യില്‍ നിന്നും അടുത്ത ആള്‍ പതാക വാങ്ങുന്നു. അന്തരീക്ഷം ഇന്ത്യക്ക് ജയ് വിളിക്കുന്നവരുടെ ശബ്ദം കൊണ്ട് നിറയുന്നു. ക്യാമറയില്‍ ചലന ചിത്രം പിടിക്കുന്ന സമയമൊഴികെ ഞാനും ഇന്ത്യക്ക് ജയ് വിളിക്കാന്‍ മറന്നില്ല. ഒരോ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും ഇവിടെ വരണം. ഇതുപോലുള്ള മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവണം. ബി എസ് എഫിന്റെ പട്ടാളക്കാര്‍ തലയില്‍ വര്‍വര്‍ണ്ണാഭമായ തൊപ്പി അണിഞ്ഞിട്ടുണ്ട്, എകദേശം ഇതേ രംഗങ്ങള്‍ തന്നെയാണ് അതിര്‍ത്തിക്കപ്പുറവും അരങ്ങേറുന്നത്, മുഴുവനായി കാണാന്‍ കഴിയുന്നില്ലെങ്കിലും.


ഗേറ്റിനു നേരെ നടന്നടുക്കുന്ന ഒരു പട്ടാളക്കാരന്‍ ഗേറ്റ് വലിച്ചു തുറക്കുന്നു, പിന്നെ നെഞ്ച് വിരിച്ച് പോരിനു വിളിക്കുമ്പോലെ നില്‍ക്കുന്നു, ഗേറ്റിനപ്പുറത്തും ഇത് തന്നെ. മറ്റൊരു പട്ടാളക്കരന്‍ വന്ന് നേരത്തെ പോലെ പോര്‍വിളി നടത്തുന്നു. മൂന്നാമത്തെ പട്ടാളക്കാരന്‍ തുറന്നിട്ട ഗേറ്റിനപ്പുറം കയറി പാകിസ്താന്‍ പട്ടാളക്കാരനു അഭിമുഖമായി നില്‍ക്കുന്നു ഭൂമിയില്‍ ആഞ്ഞ് ചവിട്ടി ശരവേഗത്തില്‍ കൊടിമരതിനടിയിലേക്ക് ചെന്ന് പതാക കെട്ടിയ കയര്‍ അഴിക്കുന്നു.  അഴിച്ച കയര്‍ പരസ്പരം കൂട്ടി മുട്ടിച്ച് നിന്ന് ജയ് വിളിക്കുന്നു. അന്തരീക്ഷത്തില്‍ അപ്പോള്‍ വന്ദേമാതരം, ഹിന്ദുസ്താന്‍ സിന്ദാബാദ്, തുടങ്ങിയ ശബ്ദങ്ങള്‍ മാത്രം.  ഇതൊക്കെ കണ്ട് എനിക്കു മുന്നില്‍ ഇരിക്കുന്ന വിദേശികള്‍ അടക്കിപ്പിടിച്ച് ചിരിക്കുന്നുണ്ട്. അഞ്ചരക്ക് ഇരു രാജ്യങ്ങളുടേയും പതാകകള്‍ താഴ്ത്തി, പതാക അഴിച്ച് മടക്കി പിറകില്‍ നിന്ന പട്ടാളക്കാരന് കൈമാറുന്നു.
പിന്നെ അകമ്പടിയോടെ പതാകകള്‍  ബി എസ് എഫിന്റെ കെട്ടിടത്തിനകത്തെക്ക്. ഇരു വശത്തേയും ഗേറ്റുകള്‍ ഇതിനോടകം അടച്ച് കഴിഞ്ഞു. ഇതിനെല്ലാം സാക്ഷി ആയിരുന്ന സൂര്യനും അസ്തമിച്ചു.  അവിടെ നിന്നിറങ്ങി തിരക്കിലൂടെ ഞങ്ങള്‍ വാഹനം നിര്‍ത്തിയ ഇടത്തേക്ക് നടന്നു. നാളെ എനിക്ക് ഇവിടം വിടണം നേരെ ശ്രീ ഗംഗ നഗര്‍ അവിടെ നിന്നും ബിക്കാനെര്‍ പിന്നെ ജൈസല്‍മീര്‍. ശ്രീ ഗംഗാനഗറിലാണ് ലേയില്‍ നിന്നും പരിചയപ്പെട്ട ഹര്‍ഷ്ദീപിന്റെ വീട്, അവിടെ അവന്‍ ഉണ്ടാവുമെന്നും അവിടെ എത്തുന്ന ദിവസം കാണണമെന്നും നേരത്തേ പറഞ്ഞിരുന്നു. തിരിച്ചുള്ള യാത്രയിലും എന്റെ മനസ്സുമുഴുവന്‍ പഞ്ചാബിനെ രണ്ടായി മുറിച്ച സമയത്ത് അവിടുത്ത്കാര്‍ അനുഭവിച്ച വേദനയായിരുന്നു മനസ്സ് മുഴുവന്‍... അതിര്‍ത്തികളില്ലാത്ത ഒരു ലോകം, ഒന്നിനും അതിര്‍വരമ്പുകള്‍ ഇല്ലാത്ത, സ്വപ്നം പോലും കാണാന്‍ ആവില്ലെന്ന സത്യം എന്നെ നോക്കി അപ്പോള്‍ പല്ലിളിക്കുകയായിരുന്നിരിക്കണം...ജാലിയന്‍വാലാബാഗിലെ കൂടുതല്‍ വീഡിയോകള്‍ കാണാന്‍

വാഗ അതിര്‍ത്തിയിലെ കൂടുതല്‍ വീഡിയോ കാണാന്‍
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക

തുടര്‍ന്ന് വായിക്കുകFriday, 4 April 2014

തടാക നഗരിയിലേക്ക്ഇന്ത്യയുടെ സിരകളിലൂടെ - 4

ആദ്യഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം   പതിവുപോലെ രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയാണ് കിടന്നത്... രാവിലത്തെ തണുപ്പ് പതിവു തെറ്റിച്ചില്ല എഴുന്നേറ്റപ്പോള്‍ സമയം എട്ട് കഴിഞ്ഞു.. പെട്ടെന്ന് തന്നെ ദിനചര്യകള്‍ തീര്‍ത്ത് ബാഗും മറ്റും വണ്ടിയില്‍ കെട്ടി വെച്ച് യാത്രയ്ക്ക് ഒരുങ്ങി... ബൈക്കിന്റെ ചങ്ങല പൊടിയും ചളിയും പിടിച്ച് ഉണങ്ങിയ പരുവത്തിലായിരിക്കുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ല. ഓയില്‍ ഇട്ട് അതിനെ ഒന്നു മൃദുവാക്കിയേ  പറ്റൂ.. മണാലിയില്‍ നിന്നും കുറച്ച് ദിവസം മുന്‍പ് ചെയ്തതേ ഉള്ളൂ എങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ യാത്രയില്‍ വീണ്ടും ചളി പിടിച്ചതാണ്. എല്ലാം കഴിഞ്ഞ് സ്വപ്നനഗരിയോട് യാത്ര പറയുമ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു. 420 കിലോമീറ്റര്‍ അകലെയാണ് ശ്രീനഗര്‍. ഒരു ദിവസം കൊണ്ട് അത്രയും ദൂരം ഓടിച്ചെത്താമെന്ന വ്യാമോഹമൊന്നും എനിക്കില്ല. ലേ-മണാലി ഹൈവേയുടെ അത്ര മനോഹരവും അപകടം നിറഞ്ഞതും അല്ലെങ്കിലും ഒരുപാട് ഹെയര്‍പിന്‍ വളവുകളും ചുരങ്ങളും മോശം റോഡുകളും താണ്ടി വേണം ശ്രീനഗറില്‍ എത്താന്‍. ലേ-കാര്‍ഗില്‍-ശ്രീനഗര്‍ ഹൈവേയുടെ ഏകദേശം മധ്യഭാഗത്തായാണ് കാര്‍ഗില്‍ സ്ഥിതി ചെയ്യുന്നത്, ലേയില്‍ നിന്ന് 215കിലോമീറ്റര്‍ കൃത്യമായി പറഞ്ഞാല്‍.

ലേയില്‍ നിന്നു നാഷണല്‍ ഹൈവേ ഒന്നു ഡിയില്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ ഇടത് വശത്തായി എയര്‍പോര്‍ട്ട് കാണാം. വായുസേനക്കും, സൈനികേതര ആവശ്യങ്ങള്‍ക്കും ഇതേ എയര്‍പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. സിന്ധു നദിക്കരയിലൂടെയാണ് പിന്നെ യാത്ര. കുറച്ച് മുന്നോട്ട്  പോകുമ്പോള്‍ അദ്യത്തെ ഹെയര്‍ പിന്‍ വളവ് വരും അതു കയറിയ ഉടന്‍ ഇടത് വശത്തായി ഇന്‍ഡൈന്റെ ബോട്ടിലിങ്ങ് പ്ലാന്‍റ് കാണാം. ശൈത്യകാലം കഴിയുംവരേക്കുള്ള ഇന്ധനം ഇപ്പോഴെ അവര്‍ ശേഖരിച്ച് വക്കും.തണുപ്പ് കാലത്ത് ലേ മുഴുവനായും ഒറ്റപ്പെട്ട് കിടക്കുകയായിരിക്കും..


NH-1D
ആദ്യത്തെ തൊണ്ണൂറു കിലോമീറ്റര്‍ ദൂരം സിന്ധു നദിക്കരയിലൂടെയാണ് യാത്ര. നദി പിന്നെ വഴിപിരിഞ്ഞ്   മറ്റൊരു സ്വപന നഗരിയായ സ്കാര്‍ദു  ഉള്‍പ്പെടുന്ന പാക് അധിനിവേശ കാശ്മീരിലേക്ക് കടക്കും. ഇന്‍ഡസ് വാലിയിലൂടെ കടന്ന് സിന്ധു നദി പിന്നീട് പാകിസ്താനിലേക്കൊഴുകും, അവിടെ നിന്നു അറബിക്കടലിലേക്കും. ഇന്ത്യക്കാരനു എത്തിപ്പെടാന്‍ കഴിയാത്ത കാശ്മീരിലെ മറ്റൊരു സ്ഥലമാണ് സ്കാര്‍ദു.നുര്‍ല, ലാമയാരു, നുനാംചെ തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് വേണം കാര്‍ഗിലില്‍ എത്താന്‍. ഇന്നത്തെ രാത്രി കാര്‍ഗിലില്‍ തങ്ങാനാണ് എന്റെ തീരുമാനം. ലേ-കാര്‍ഗില്‍ റോഡില്‍ 110കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ലാമയാരു എത്തും രാത്രിതാമസത്തിനും ഉച്ചഭക്ഷണം കഴിക്കാനുമൊക്കെ പറ്റിയ ഒരു ഇടത്താവളം ആണു ലാമയാരു. എനിക്ക് വിശപ്പ് തോന്നിത്തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് അവിടെ വാഹനം നിര്‍ത്താതെ ഞാന്‍ യാത്ര തുടര്‍ന്നു.

രണ്ട് ചുരങ്ങളാണ് കാര്‍ഗിലിനു മുന്‍പ്  ഈ വഴിയില്‍ ഉള്ളത് ലേയില്‍ നിന്നു 125കിലോമീറ്ററോളം അകലത്തുള്ള ഫോടുലായും 160കി.മി ദൂരെയുള്ള നമികലായും. ഇതില്‍ ഉയരം കൂടിയ ഫോടുലാ സമുദ്രനിരപ്പില്‍ നിന്നും 13500 അടി ഉയരത്തിലാണ്. ലേ-മണാലി റോഡുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയരം കുറഞ്ഞ ചുരം എന്നു തന്നെ പറയാം, തന്നേയുമല്ല മഞ്ഞിന്റെ പൊടിപോലുമില്ല ഈ വഴിയില്‍ എങ്ങും.


ഉച്ച ഭക്ഷണം കഴിക്കാന്‍ വഴിയില്‍ കണ്ട ഒരു ചെറിയ ഭക്ഷണശാലയില്‍ കയറി. നൂഡില്‍സ് മാത്രമേ ഉള്ളു അവിടെ. മുട്ടപൊരിച്ചതും നൂഡില്‍സും ഞാന്‍ ഓര്‍ഡര്‍ ചെയ്തു. വിദേശികളായ രണ്ട്പേരെ ഞാന്‍ അവിടെകണ്ടു കൌതുകം തോന്നിയത് ബൈക്കിലോ കാറിലോ ഒന്നുമല്ല അവരുടെ യാത്ര. രണ്ട് സൈകിളുകളിലായാണ്. ദമ്പതികളെന്നു തോന്നിച്ച അവരോട് ഞാന്‍ സംസാരിക്കാന്‍ തീരുമാനിച്ചു. ഫിന്‍ലാന്‍ഡ്‍കാരാണവര്‍. ലേയില്‍ നിന്നു ഇന്നലെ  പുറപ്പെട്ടു. ലാമയാരുവിലായിരുന്നു ഇന്നലത്തെ പൊറുതി. അവരുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോള്‍ തന്നെ അവര്‍ യാത്ര തുടര്‍ന്നു, ഹൃദ്യമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച്.


സന്ധ്യയോടടുത്തു ഞാന്‍ കാര്‍ഗിലില്‍ എത്തുമ്പോള്‍. സുരു നദിയുടെ കരയിലാണ് കാര്‍ഗില്‍ നിലകൊള്ളുന്നത്. മറ്റൊരു അവസരത്തില്‍ ആയിരുന്നെങ്കില്‍ അവിടെ നിന്നു നേരെ സന്‍സ്കാറിലേക്ക്  തിരിഞ്ഞു യാത്ര തുടര്‍ന്നേനെ.. ഒരിക്കലും കണ്ട് മതിവരാത്തത്ര സുന്ദരമാണ് ലഡാക്ക്. ജമ്മു കാശ്മീര്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ  ഗസ്റ്റ് ഹൌസ് തിരഞ്ഞ് നടന്നു കുറച്ച് സമയം, കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ രാത്രി തലചായ്ക്കാന്‍ മറ്റൊരിടം തേടി നടന്നു, പലയിടങ്ങളില്‍ കയറി ഇറങ്ങേണ്ടിവന്നു ഒരു സ്ഥലം തരപ്പെടാന്‍. പലയിടങ്ങളിലും മുറികള്‍ ഒഴിവില്ല. ചില ഇടങ്ങള്‍ സീസണ്‍ കഴിഞ്ഞതിനാല്‍ അടച്ചിട്ടിരികുകയാണ്.  എവിടെയോ നേരത്തെ വായിച്ചത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു, ലേയില്‍ നിന്നു കാര്‍ഗിലില്‍ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുക ബുദ്ധമത വിശ്വാസികള്‍ പാര്‍ക്കുന്ന ശാന്തമായ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്ന് നാഗരികതയുടെ ധൃതിപിടിച്ച ജീവിതത്തെയാണു. തിക്കും തിരക്കും ആള്‍ക്കൂട്ടവും എവിടേയും കാണം.. ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി ഞന്‍ വേഗം പുറത്തിറങ്ങി.

കഫേയില്‍ കയറി കുറച്ച് നേരം അവിടെ ഇരുന്ന് പുറത്തിറങ്ങിയപ്പോളേക്കും ആകാശം ഇരുണ്ടു കഴിഞ്ഞിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്, കുളിച്ച് കഴിഞ്ഞപ്പോള്‍ തീരെ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സോക്സ്പോലും ഇടാതെയാണ് ഞാന്‍ നടക്കാന്‍ ഇറങ്ങിയത്.  ഇരുട്ടിയതും തണുപ്പ് ആക്രമണം തുടങ്ങി.... ഭക്ഷണം കഴിച്ചേ തിരിച്ച് റൂമില്‍ കയറുന്നുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. തെരുവ് ഭക്ഷണം കഴിക്കാന്‍ ആയിരുന്നു തീരുമാനം. യാത്ര തുടങ്ങിയത് മുതല്‍ വല്ലാത്തൊരു ഓട്ടപ്പാച്ചില്‍ ആയതുകൊണ്ട് അതിനിതുവരെ സമയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഫ് കബാബ് കഴിച്ചു കൊണ്ടിരിക്കേ തെരുവു വിളക്കുകളെല്ലാം അണഞ്ഞു, ഇവിടെ ഇതു പതിവാണത്രേ... ഇടക്കിടെ ഉള്ള ഈ പവര്‍ക്കട്ട്. നാലു റോഡുകള്‍ ചേരുന്ന ഒരിടത്താണ് ഞാന്‍ നില്‍ക്കുന്നത് രണ്ട് വണ്ടിക്ക് ഒരുമിച്ച് കടന്നുപോകാനുള്ളവീതി റോഡുകള്‍ക്കില്ല... അതുകൊണ്ട് തന്നെ സദാസമയം ട്രാഫിക് പോലീസ് അവിടെ ഉണ്ടാവും, പോരാത്തതിനു എല്ലായിടത്തും പട്ടാളക്കാരുമുണ്ട് കയ്യില്‍ എടുത്താല്‍ പൊങ്ങാത്ത തോക്കുമായി.. പേരറിയാത്ത വേറെ ചിലതും കഴിച്ച് വയറു നിറച്ചു... ദെല്‍ഹി വിട്ടതിനു ശേഷം ലേയില്‍ നിന്ന് വായുസേനക്കാരുടെ കൂടെ ചൈനീസ് ഭക്ഷണം കഴിച്ചത് ഒഴിച്ചാല്‍ പറയത്തക്ക നല്ലതൊന്നും കഴിച്ചിട്ടില്ല.. പൂരി ഭാജി, ആലു പൊറോട്ട ദാല്‍ റൈസ്, ഇതൊക്കെയാണ് സ്ഥിരം ഭക്ഷണം.. യാത്രയില്‍ കഴിവതും സസ്യേതര ആഹാരം വര്‍ജ്ജിക്കല്‍ ആണ് പതിവ്, എങ്കിലും ഇതിപ്പോള്‍ ഒരാഴ്ചയില്‍ അധികമായി യാത്ര തുടങ്ങിയിട്ട്.

നാളെ നേരത്തെ പുറപ്പെടണം സോജിലാചുരം വഴിയാണ് നാളത്തെ യാത്ര, അപകടം നിറഞ്ഞ ചുരമാണതെന്ന് കേട്ടിട്ടുണ്ട്, ഉയരം കുറവാണെങ്കിലും പ്രകൃതിക്ഷോഭങ്ങള്‍ക്ക് പേരുകേട്ട ചുരം. നേരത്തെ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല, വല്ലാതെ ഒറ്റപ്പെട്ടു പോയപോലെ... ആരും കൂട്ടിനില്ലാതെ ഏതോ മരുഭൂമിയിലോ മറ്റോ പെട്ടപോലെ...യാത്രയില്‍ ഒരിക്കലും അനുഭവപ്പെടാത്ത ഒരുകാര്യമായിരുന്നിത്, ഒറ്റപ്പെടല്‍... എന്നും തുടര്‍ന്ന് വരാന്‍ പോകുന്ന കാഴ്ചകളും കഴിഞ്ഞുപോയ ദിനങ്ങളും മാത്രമേ ഉണ്ടാവറുള്ളൂ മനസ്സില്‍.. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാം... നിലവിളികളും.. എല്ലാം എന്റെ വെറും തോന്നലുകള്‍ മാത്രമാണ് എങ്കിലും.. പിന്നെ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി, അലാറത്തിന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. മനസ്സിലെ സംഘര്‍ഷങ്ങള്‍ ഒക്കെ മാറിയിരിക്കുന്നു, പഴയ ഉന്മേഷവും തിരിച്ച് വന്നു. എത്രയും പെട്ടെന്ന് യാത്ര തുടരണം... മണാലിയില്‍ നിന്നു വാങ്ങിയ പെട്രോള്‍ ഇപ്പോഴും വണ്ടിയുടെ പുറകില്‍ ഇരിപ്പുണ്ട് ഇനി അതിന്റെ ആവശ്യം വരില്ല.. വാഹനത്തിന്റെ പുറകില്‍ അതു വെച്ച് യാത്ര ചെയ്യുന്നതിന്റെ അപകടത്തെപ്പറ്റി ബ്ലോഗ്ഗര്‍ നിരക്ഷരന്‍  പറഞ്ഞത് മനസ്സില്‍ ഓര്‍ത്തു ഞാന്‍, ലാഡാക്ക് യാത്ര ചെയ്യുമ്പോള്‍ അതൊന്നും ഒരു സാഹസം ആയി കാണാന്‍ കഴിയില്ലല്ലോ.

1999 ഇല്‍ കാര്‍ഗില്‍ യുദ്ധം നടന്നത് കാര്‍ഗില്‍ ദ്രാസ്, കക്സർ, മുഷ്കോ മേഖലകള്‍ ഉള്‍പ്പെടുന്ന കാര്‍ഗില്‍ ജില്ലയിലാണ്. 527 പേരുടെ മരണത്തിനിടയാക്കിയ യുദ്ധഭൂമിയിലൂടെയാണ് ഇന്നത്തെ യാത്ര.  (കാര്‍ഗില്‍ യുദ്ധത്തെപ്പറ്റി കൂടുതല്‍ വായിക്കാന്‍ വിക്കിപീഡിയയിലേക്കുള്ള വഴി)


കാര്‍ഗില്‍ യുദ്ധ സ്മാരകം

കാര്‍ഗിലില്‍ നിന്നും ശ്രീനഗറിലേക്കുള്ള വഴിയില്‍ 53 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാര്‍ഗില്‍ യുദ്ധ സ്മാരകം നിലകൊള്ളുന്ന സ്ഥലത്തെത്തും.  അവിടെ പട്ടാളം നടത്തുന്ന ഒരു കാപ്പിക്കടയുണ്ട്. നല്ല തണുപ്പാണ്, കാര്‍ഗിലില്‍ തണുപ്പ് കാലത്ത് -50 വരെ എത്താറുണ്ട്.  ബംഗാള്‍ സ്വദേശികളായ ഒരു കുടുംബം അവിടെ ഉണ്ടായിരുന്നു അപ്പോള്‍. ബൈക്കില്‍ ഒറ്റക്ക് വരുന്നത് കണ്ടതുകൊണ്ടാവണം എല്ലവരും നല്ലൊരു പുഞ്ചിരി തന്നാണ് എന്നെ വരവേറ്റത്. ബംഗാളില്‍ നിന്നും തുടങ്ങിയതാണ് അവരുടെ യാത്ര. എന്നോട് യാത്രയും യാത്രാമംഗളവും നേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു, തിരിച്ചവര്‍ക്കും മംഗളം നേരാന്‍ ഞാന്‍ മറന്നില്ല. ഞാന്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു. കൊടും തണുപ്പില്‍ കാപ്പിയും നുണഞ്ഞിരിക്കുമ്പോള്‍ പട്ടാളക്കാര്‍ ചിലര്‍ ആ വഴി വന്നു. എന്റെ യാത്രയെപ്പറ്റി ചോദിച്ചറിഞ്ഞപ്പോള്‍ കുറേക്കാലമായി മനസ്സില്‍  കൊണ്ട് നടക്കുന്ന തന്റെ ആഗ്രഹം അതിലൊരു പട്ടാളക്കാരന്‍ പങ്കുവെച്ചു. പട്ടാളത്തില്‍ നിന്നു വിരമിച്ചാല്‍ ഉടന്‍ ഇതുപോലൊരു യാത്ര താനും പോകുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു.  യാത്രയില്‍ എല്ലാവിധ നന്മകളും നേരുന്നതോടൊപ്പം പെട്ടെന്ന് പുറപ്പെടാന്‍ അദ്ദേഹം ഉപദേശിച്ചു, സോജില വഴി ഇതുവരെ ആരും കഴിഞ്ഞ ഒന്നു രണ്ട് മണിക്കൂറില്‍ ഈ വഴി കടന്നുപോകുന്നത് കണ്ടില്ല അവരാരും. അതു കൊണ്ട് തന്നെ ചിലപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് സോജില അടച്ചിട്ടുണ്ടാവാന്‍ സാധ്യത ഉണ്ട്. അങ്ങനെയെങ്കില്‍ തിരിച്ച് കാര്‍ഗില്‍ പോകേണ്ടി വരും താമസിക്കാന്‍ സ്ഥലം കിട്ടണമെങ്കില്‍, ദ്രാസില്‍ താമസസൌകര്യം കിട്ടാന്‍ സാധ്യത ഇല്ല. എന്തായാലും ഇതുവരെ വന്നു തിരിച്ചുപോകാന്‍ ഞാന്‍ ഒരുക്കമല്ല. ദ്രാസും കടന്ന് ഞാന്‍ മുന്നോട്ട് പോയി. കാര്‍ഗിലില്‍ നിന്നു 96 കിലോമീറ്റര്‍ അകലെയാണ് വിഖ്യാതമായസോജില ചുരം. ടൈല്‍സ് വിരിച്ച റോഡിനു കുറുകെ സ്ഥപിച്ച ബോര്‍ഡില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ സൊജിലയിലാണ് സമുദ്രനിരപ്പില്‍ നിന്നും 11649 അടി ഉയരത്തില്‍.


സോജില

ഇതായിരുന്നോ സോജില, അയ്യെ! ഇതു ഈസി... എന്തായാലും ചിത്രം പിടിക്കല്‍ കഴിഞ്ഞ് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. രണ്ട് മൂന്നു കിലോമീറ്റര്‍ മുന്നോട്ട് പോയിക്കാണും റോഡ് രണ്ടായി പിളരുന്നു അവിടെ വെച്ച്, ഒരു വഴി മുകളിലേക്കും മറ്റേത് താഴേക്കും. മുകളിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ഞാന്‍ താഴേക്കുള്ള വഴിയിലൂടെ വണ്ടി മുന്നോട്ടെടുത്തു 100 മീറ്റര്‍ മുന്നോട്ട് പോയിക്കാണും, റോഡിനു പകരം രണ്ട് ചാലുകള്‍ കാണാം മുന്നില്‍.  കിടിലന്‍ ഒരു ഓഫ് റോഡ് യാത്ര, അതായിരുന്നു സോജില എനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നത്. കല്ലുകള്‍ക്ക് മുകളിലൂടെ ശ്രദ്ധയോടെ വണ്ടിയോടിക്കുകയായിരുന്നു ഞാന്‍. പൊടിയും ഉരുളന്‍ കല്ലുകളും നിറഞ്ഞതാണ് സോജില ചുരം. ഒരു കല്ലില്‍ നിന്നും അടുത്തതിലേക്ക് തെന്നി തെന്നിയാണ് വണ്ടി പോകുന്നത്. അധികദൂരം അങ്ങനെ പോകേണ്ടി വന്നില്ല.


സോജില യില്‍ നിന്നുള്ള ഒരു ദൃശ്യം

വഴിയരികില്‍ മുഴുവന്‍ ലോറികള്‍ നിരത്തി നിര്‍ത്തിയിരിക്കുന്നു. അടുത്ത വളവ് തിരിഞ്ഞതും കാര്യം മനസ്സിലായി, മറ്റൊന്നുമല്ല ചുരം ഇടിഞ്ഞിരിക്കുകയാണ്. ബി ആര്‍ ഓ യുടെ വാഹനം റോഡ് നന്നാക്കുന്നുണ്ട് ചുരം ഇടിയുന്നുമുണ്ട് അപ്പോളും.
zojila pass


ബി ആര്‍ ഓ യുടെ വക ചുരം ഇടിഞ്ഞത് നന്നാക്കുന്ന പ്രക്രിയ നടക്കുന്നുണ്ട്, മുകളില്‍ നിന്നും മണ്ണ് വീഴുന്നതും മുറയ്ക്ക് നടക്കുന്നു. ശക്തമായ ഒരു കാറ്റ് മതി മണ്ണിടിയാന്‍.  എകദേശം ഒരു മണിക്കൂര്‍ അവിടെ കാത്തു നില്‍ക്കേണ്ടി വന്നു, അവര്‍ തല്‍ക്കാലത്തേക്ക് ആ വഴി തുറന്ന് തരാന്‍, അപ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു.  എതിര്‍ ദിശയിലുള്ള വാഹനങ്ങളേയാണ് ആദ്യം കടത്തി വിട്ടത്, കുറച്ച് നേരം ഞാന്‍ വാഹനങ്ങള്‍ കടന്ന് പോകുന്നത് നോക്കി നിന്നു.


Zojila
Zojila

view from zojila


ചുരം കയറി പട്ടാളവണ്ടികള്‍ ഒരുപാട് വരുന്നുണ്ട് അവ കടന്ന് പോകാന്‍ കാത്തു നിന്നാല്‍ ഒരായുസ്സിലേക്കുള്ള പൊടി ഞാന്‍ ഒരു മണിക്കൂര്‍കൊണ്ട് അകത്താക്കേണ്ടി വരുമെന്ന് എനിക്ക് തോന്നി. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് എന്നെ കാണാനുള്ള സൌകര്യത്തിനു വേണ്ടി ഹെഡ് ലൈറ്റും ഹസാര്‍ഡ് ലൈറ്റും പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഞാന്‍ ബൈക്ക് മുന്നോട്ടെടുത്തു. പട്ടാളവാഹനങ്ങളെ മറികടന്ന് മുന്നോട്ട് പോകുന്തോറും അവയുടെ എണ്ണം കൂടി വരുന്ന പോലെ തോന്നി..... കുഴുകളും കുത്തനെയുള്ള കയറ്റത്തോട് കൂടിയ പല ഹെയര്‍ പിന്‍ വളവുകളും കയറാന്‍  ഫോര്‍വീല്‍ ഡ്രൈവ് വണ്ടികള്‍ ആയിട്ടുപോലും പട്ടാള വാഹനങ്ങളില്‍ പലതും കഷ്ടപ്പെടുന്നുണ്ട്.  ഉരുളന്‍ കല്ലുകളും പൊടിനിറഞ്ഞതുമായ സോജില ചുരത്തിലൂടെ വാഹനമോടിക്കുക അത്രകണ്ട് ദുഷ്കരമാണ്. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോജില ടണല്‍ പൂര്‍ത്തിയായാല്‍ എല്ലാ കാലത്തും ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോകാനാവും. ഡിസംബര്‍ 5 വരെയാണ് സാധാരണ സോജില ചുരം യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കാറ്, അഥവാ മഞ്ഞ് വീണ് അതിനു മുന്‍പ് അടയുകയാണെങ്കില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. സോജിലക്ക് ശേഷം സിന്ദ് നദിക്ക് അരികിലൂടെയാണ് റോഡ് കടന്ന് പോകുന്നത് ഝലം നദിയുടെ പ്രധാന പോഷക നദിയാണ് സിന്ദ്.സോജില ചുരം കടന്ന് മുന്നോട്ട് പോകുമ്പോള്‍ ഏകദേശം 26 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ സോനാമാര്‍ഗിലെത്തും. ലഡാക്കിലൂടെ മുഴുവന്‍ ബൈക്ക് ഓടിച്ച് വന്ന എനിക്ക് സോനാമാര്‍ഗ് ഒരു സാധാരണ ടൂറിസ്റ്റ് സ്ഥലം എന്നേ തോന്നിയുള്ളൂ. അത് കൊണ്ട് തന്നെ അവിടെ നിര്‍ത്തി ഒരു ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നതും ഇല്ല. പിന്നെയും 6-7 കിലോമീറ്റര്‍ യാത്ര ചെയ്തതിനു ശേഷമാണ് ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി വണ്ടി നിര്‍ത്തിയത് തന്നെ. എന്നാല്‍ ശ്രീനഗര്‍ വരെ വന്നു തിരിച്ച് പോകാന്‍ ഉദ്ദേശിക്കുന്ന യാത്രികര്‍ക്ക് ഒരു ദിവസത്തെ യാത്രകൊണ്ട് കണ്ട് തിരിച്ചുപോകാന്‍ കഴിയുന്ന ഒരിടമാണ് സോനാമാര്‍ഗ്. ലഡാക്ക് മല നിരകളുടെ വശ്യത ആവോളം നുകരാനും കുതിര സഫാരിയും മറ്റും നടത്താനും ഇവിടെ വരെ വന്നാല്‍ കഴിയും..  

ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ വാഹനമോടിച്ചാല്‍ ഇവിടെയെത്താം. വൈകീട്ടോടെ തിരിച്ച് ശ്രീനഗറില്‍ എത്താനും കഴിയും.  ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ അഞ്ച് മണിയോടെ ഞാന്‍ എത്തിച്ചേര്‍ന്നു. താമസിക്കാന്‍ ഒരു സ്ഥലം കണ്ട് പിടിക്കണം. ദാല്‍ തടാകത്തില്‍ ഒരു രാത്രി തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ഒരുപകല്‍ മാത്രമേ ശ്രീനഗറിനു വേണ്ടി ഞാന്‍ മാറ്റി വെക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ നാളെ കഴിഞ്ഞ് ശ്രീനഗര്‍ വിടണം. ഇതൊക്കെ മനസ്സില്‍ ചിന്തിച്ച് കൊണ്ടാണ് ഞാന്‍ നടക്കുന്നത്. ഒന്നുരണ്ടിടത്ത് കേറി റൂം അന്വേഷിച്ചു. വൃത്തിയും വെടിപ്പും ഇല്ലതാനും എന്നാല്‍ അവര്‍ ചോദിക്കുന്നതോ എന്റെ കയ്യില്‍ ഒതുങ്ങുന്നതും അല്ല. അപ്പോഴാണ് ഒരാള്‍ എന്റെ നേരെ നടന്ന് വരുന്നത് കണ്ടത്, സംഗതി ഹൌസ്ബോട്ടാണ്, ഭക്ഷണമില്ലാതെ ഒരു രാത്രി 800 രൂപ അയാള്‍ പറഞ്ഞു. സീസണ്‍ അല്ലാത്തതിനാല്‍ ചാര്‍ജ് ഇപ്പോള്‍ കുറവായിരിക്കുമെന്ന് എനിക്കറിയാം പക്ഷേ എത്ര കാണുമെന്ന് ഒരു ഊഹവും ഇല്ല. എങ്കിലും 500 രൂപക്കാണെങ്കില്‍ നോക്കാമെന്നായി ഞാന്‍. ഒടുക്കം മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതിച്ചു. ബോട്ട് കണ്ടതിനു ശേഷമേ പണം തരൂ എന്നു ഞാന്‍ തീര്‍ത്ത് പറഞ്ഞു. അവര്‍ തന്നെ കാണിച്ചു തന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് ശിക്കാര നിര്‍ത്തിയിട്ടിട്ടുള്ള സ്ഥലത്തേക്ക് ഞാന്‍ അയാളോടൊപ്പം നടന്നു. ബാഗും മറ്റും എടുക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചെങ്കിലും കണ്ട് തിരിച്ച് വന്നതിനു ശേഷം എടുക്കാമെന്ന് ഞാന്‍ പറഞ്ഞു.


ദാല്‍ തടാകം വൈകുന്നേരം


1400 ഹൌസ്ബോട്ടുകളുണ്ട് ദാല്‍ തടാകത്തില്‍. മുഗള്‍ ഭരണകാലത്താണ് കാശ്മീര്‍ താഴ്‍വരയിലെ ഈ സ്വപ്ന ഭൂമി വികസിപ്പിക്കുന്നത്. ദാല്‍ തടാകത്തിനരികെത്തന്നെയാണ് മുഗള്‍ ഉദ്യാനവും നിലകൊള്ളുന്നത്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും  പ്രശസ്തമാണ് ശ്രീനഗർ. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് മഞ്ഞുമൂടിക്കിടക്കുകയായിരിക്കും ദാല്‍ തടാകം. ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മിച്ചിട്ടൂള്ള ഹൌസ്ബോട്ടുകള്‍ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ തന്നെ നിര്‍മിച്ചവയാണ്. ദൊഗ്ര മഹാരാജാവ് താഴ്‍വരയില്‍ വീട് കെട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു, ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷ്കാര്‍ പണി കഴിപ്പിച്ചതാണിവ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കാശ്മീരിലെ ഹഞ്ചി ജനവിഭാഗമാണ് അവയുടെ ഉടമസ്ഥര്‍.


ദാല്‍ തടാകം

ഹൌസ് ബോട്ടിലേക്ക് വരാനും പോകാനും ശിക്കാര കൂടിയേ തീരു. എല്ലാ ബോട്ടിലും ഒരു ശിക്കാരയെങ്കിലും കാണും. ശിക്കാരയില്‍ ദാല്‍ തടാകം ചുറ്റിക്കാണണമെങ്കില്‍ മണിക്കൂറിനു 300 രൂപ കൊടുക്കണം, ഒരു ശിക്കാരയില്‍ 4 പേര്‍ക്ക് യാത്ര ചെയ്യാം. കിടന്നും ഇരുന്നും യാത്ര ചെയ്യാനുള്ള സൌകര്യം ഉണ്ട്.

കേട്ടും വായിച്ചും മനസ്സില്‍ കയറിക്കൂടിയ ഗുല്‍മാര്‍ഗ് കാണാന്‍ പോകാനാണ് നേരത്തെ എഴുന്നേറ്റത്. തണുപ്പില്‍ മൂടിപ്പുതച്ച് കിടക്കാന്‍ തോന്നിയെങ്കിലും തിരിച്ച് വന്നു ശിക്കാരയില്‍ ദാല്‍ തടാകം കണ്ട് തീര്‍ക്കാന്‍ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി പിന്നെ കിടന്നില്ല. ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഗുല്‍മാര്‍ഗ്. പൂക്കളുടെ മൈതാനം എന്നാണ് ഗുല്‍മാര്‍ഗിന്റെ അര്‍ത്ഥം. മനോഹരമായ വഴിയായിരുന്നു ഗുല്‍മാര്‍ഗിലേക്കുള്ളത്. ആസ്വദിച്ച് തന്നെ അതുവരെ വാഹനമോടിച്ചു. ഗുല്‍മാര്‍ഗ് ഗൊന്‍ഡൊല എന്നറിയപ്പെടുന്ന കേബിള്‍കാറില്‍ കയറി ഗുല്‍മാര്‍ഗ് മൊത്തം കാണുക, 1000 രൂപയാണ് രണ്ട് ഘട്ടങ്ങളില്‍ ആയുള്ള യാത്രക്ക് ഈടാക്കുന്നത്. അത്യാവശ്യം തിരക്കുണ്ടായിരുന്നു ടിക്കറ്റ് കൌണ്ടറില്‍ ഒരു മണിക്കൂര്‍ നില്‍ക്കേണ്ടി വന്നു വരിയില്‍. ടിക്കറ്റ് എടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ആദ്യഘട്ടത്തെ യാത്ര 9മിനിറ്റും രണ്ടാം ഘട്ടം 12 മിനുറ്റും ആണ്. നിരാശാജനകമായിരുന്നു ആയാത്ര. മഞ്ഞിന്റെ പുതപ്പില്ലാതെ ഗുല്‍മോര്‍ഗിനു വശ്യമായ ഭംഗി അവകാശപ്പെടാനാവില്ലെന്ന് എനിക്ക് തോന്നി.

gulmarg gondola
ഇനിയുമൊരിക്കല്‍ മഞ്ഞുപെയ്യുന്ന ശിശിരത്തില്‍ വീണ്ടും കാണാമെന്ന് വാക്കുകൊടുത്ത് ഞാന്‍ തിരിച്ച് ദാല്‍ തടാകത്തിലേക്ക് പുറപ്പെട്ടു. ശിക്കാരയില്‍ രണ്ട് മണിക്കൂര്‍ തടാകത്തില്‍ ചിലവഴിക്കുകയായിരുന്നു ലക്ഷ്യം.

15 കിലോമീറ്ററോളം ചുറ്റളവുള്ള ദാല്‍ ശ്രീനഗറിലെ രണ്ടാമത്തെ വലിയ തടാകമാണ്. നാലുപേര്‍ക്ക് ഇരിക്കാവുന്ന ശിക്കാരയില്‍ ഞാന്‍ തനിച്ചാണ്, വിശാലമായി ചാരി ഇരുന്ന് ദാല്‍ തടാകത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു. തടാകത്തില്‍ നിന്നും നോക്കുമ്പോള്‍ കൌതുകം തോന്നിക്കുന്നതും മനോഹരവുമായ കാഴ്ചകളാണ് ചുറ്റിലും. ഹിമാലയന്‍ മലനിരകളും ഭംഗിയായി കാണാം തടാകത്തില്‍ നിന്നും. പരുന്തുകള്‍ മുകളില്‍ വട്ടമിട്ട് പറക്കുന്നു... ഇടയ്ക്കവ തടാകത്തില്‍ നിന്നും മീന്‍ പിടിച്ച് പറന്നുയരും താറാവും മറ്റ് ചില പക്ഷികളും തടാകത്തില്‍ മീന്‍ പിടിച്ച് ജീവിക്കുന്നുണ്ട്. ഒരു തുണ്ട് കടലാസുപോലും ദാല്‍ തടാകത്തില്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ അവിടുത്തുകാര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് എത്ര പ്രശംസിച്ചാലും മതിവരാത്തതാണ്. സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ വരെ തടാകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് നന്നായറിയാം, ദാല്‍ തടാകമില്ലെങ്കില്‍ ശ്രീനഗറില്ല. തടാകത്തെ ആശ്രയിച്ച് ഒരുപാട് ആളുകല്‍ ജീവിക്കുന്നുണ്ട്, പൊങ്ങിക്കിടക്കുന്ന ഒരു ചെറിയ നാട് തന്നെയാണ് ദാല്‍ തടാകം, പോസ്റ്റ് ഓഫീസ് വരെ വെള്ളത്തിലാണ്.

ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല ഞാന്‍ മീന്‍ കബാബും ഇറച്ചിക്കബാബും ഞാന്‍ തിന്നുന്ന തക്കം നോക്കി സൂര്യന്‍ മുങ്ങിക്കളഞ്ഞു. മേഘത്തിനു പിറകില്‍ ഒളിച്ച വരുണന്‍ പിന്നെ പിറ്റേന്ന് കാലത്താണ് എനിക്ക് മുഖം തന്നത്....


ശിക്കാരയിലൊരു തട്ടുകട
സന്ധ്യാ നേരത്തെ ആകാശത്തെ ദാല്‍ തടാകത്തില്‍ ഇരുന്ന് ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് ചുരുക്കം. ദാല്‍ തടാകത്തില്‍ കുട്ടികളുടെ തുഴച്ചില്‍ മത്സരം നടക്കുന്നുണ്ടായിരുന്നു, ഞാന്‍ അത് കുറച്ച് ക്യാമറയില്‍ പകര്‍ത്തി.  വര്‍ണ്ണനകള്‍ക്കപ്പുറത്തുള്ള ഒരു അനുഭവമാണ് ദാല്‍ തടാകം, അനുഭവിച്ച് തന്നെ അറിയണം അത്. സ്പീഡ് ബോട്ടും, പോലീസ് പട്രോള്‍ ബോട്ടും എല്ലാം കാണാം തടാകത്തില്‍.  തടാകത്തിന്റെ ഒരു വശത്തുള്ള ചന്തയിലൂടെയും ശിക്കാരയില്‍ സഞ്ചരിച്ചു ഞാന്‍.
സന്ധ്യാനേരത്തെ ദാല്‍ തടാകം
നാളെ രാവിലെ നേരത്തെ പുറപ്പെടണം, കഴിയുമെങ്കില്‍ ജമ്മു കശ്മീര്‍ അതിർത്തി കടക്കണം.. മുന്നൂറിലധികം കിലോമീറ്റര്‍ താണ്ടണം ജമ്മുവില്‍ എത്തണമെങ്കില്‍, അതും നല്ല തിരക്കും അതിലുപരി മലമ്പാതയും. വെളുപ്പിനു ശ്രീനഗര്‍ വിട്ടാലെ അതു സാധ്യമാവൂ....

യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക


house boat rates in Dal lake


തുടര്‍ന്ന് വായിക്കുക: അമൃതസരസ്സ് വഴി അതിര്‍ത്തിയിലേക്ക്