വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday 18 May 2013

ഉത്തരേന്ത്യയിലൂടെ Part-III

കുളു-മനാലി

 രണ്ടാം അധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


ആറുമണിയോടെ ഇരുട്ട് പരന്നു തുടങ്ങി. മുന്നോട്ട് പോകുന്തോറും റോഡ്‌  പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുക്കയായിരുന്നു. 250 കിലോമീറ്ററിലധികം ദൂരമുണ്ട് മണാലിയിലേക്ക്.  ആറുമണിക്കൂറുകൊണ്ട് മണാലിയില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍, അതെല്ലാം തെറ്റാനാണ് സാധ്യത. തണുപ്പ് കാരണം വിശപ്പിന്‍റെ വിളി നേരത്തെ തന്നെ തുടങ്ങി. 8 മണിയോടെ വഴിയരികില്‍ കണ്ട ഒരു കടയില്‍ കയറി ഭക്ഷണം കഴിച്ചു. ഇനിയും അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് ശക്തി പറയുന്നത്. പ്രവിയുടെ മൊബൈലില്‍ നിന്നൊഴുകുന്ന സംഗീതവും ആസ്വദിച്ചാണിപ്പോള്‍ യാത്ര. രണ്ടുമണിയോടടുത്ത്  മണാലിയില്‍ എത്തിച്ചേര്‍ന്നു.  ഇടത്തരം ഹോട്ടലുകളിലൊന്നില്‍ റൂം കിട്ടി, 800-രൂപയും നികുതിയും. കൂടുതല്‍ ഒന്നും ആലോചിച്ചില്ല, രാവിലെ കാണാമെന്നു പറഞ്ഞ് ശക്തി പോകാന്‍ ഒരുങ്ങി.. ഡ്രൈവര്‍മാര്‍ക്ക് താമസിക്കാന്‍ മിക്ക ഹോടെലുകളും സൗകര്യം ചെയ്തു കൊടുക്കും.
രാവിലെ എട്ടുമണിക്ക് എഴുന്നേല്‍ക്കണം എന്നുറപ്പിച്ചാണ്  കിടന്നത്.  ക്ഷീണം കാരണം അപ്പോഴേ ഉറങ്ങിപ്പോയി.. എഴുന്നേറ്റപ്പോള്‍ സമയം പത്തു കഴിഞ്ഞിരുന്നു. ചൂടുവെള്ളത്തില്‍ കുളി പാസ്സാക്കി പുറത്തിറങ്ങി..

ബിയാസ് നദി




ശക്തി പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങളുടെ വിളിയും പ്രതീക്ഷിച്ചിരിപ്പാണ്. തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍,  ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ കണ്ടപ്പോള്‍ പിന്നെ അത് തന്നെ ആക്കികളയാം ഇന്നത്തെ ഭക്ഷണമെന്നുറപ്പിച്ചു.  പതിനൊന്നരയോടെ സോളാംഗ് വാലി ലക്ഷ്യമാക്കി പുറപ്പെട്ടു.  മണാലി പട്ടണത്തില്‍നിന്നു 13 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാനുള്ള വീതിയെ റോഡിനുള്ളൂ. ഇരുവശവും മഞ്ഞുമൂടി കിടക്കുന്നു.

മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മനാലി


റോഡില്‍ വീഴുന്ന മഞ്ഞു രണ്ടുവശത്തുമായി  കോരിയിട്ടിരിക്കുന്നു.  ശക്തിയാണ് ഞങ്ങള്‍ക്ക്  സ്കിയിങ്ങിനും പാരഗ്ലൈഡിംഗിനുമുള്ള സാധനങ്ങള്‍ ഒരുക്കി തന്നത്.  ഓരോന്നിനും ഏകദേശം വരുന്ന ചാര്‍ജ് ഞങ്ങള്‍ ആദ്യമേ തിരക്കി വെച്ചിരിന്നു. വഴിയിലുടനീളം അതുപോലുള്ള കടകള്‍ ഉണ്ട്.  അതുകൊണ്ട്  തന്നെ കൂടുതല്‍ പണം ഒരിടത്തും ഈടാക്കുന്നില്ലെന്ന്‍ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.  മഞ്ഞില്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ധരിച്ച് സ്കിയിങ്ങിനും പാരഗ്ലൈഡിംഗിനും  ഉള്ള പണവും കൊടുത്ത് ഞങ്ങള്‍ സ്നോ പോയിന്‍റിലേക്ക് യാത്ര തുടര്‍ന്നു. അവിടെ നിന്ന് തന്നെ ഒരു ഗൈഡിനെയും ഒപ്പം കൂട്ടി. സോളാംഗ് വാലി തന്നെയാണ് സ്നോ പോയിന്‍റ് എന്നറിയപ്പെടുന്നത്. ആപ്പിള്‍ മരങ്ങള്‍ തിങ്ങി വളരുന്ന തോട്ടങ്ങള്‍ക്കിടയിലൂടെയാണ്  താഴ്വരയിലേക്കുള്ള വഴി. ബിയാസ് നദിയുടെ കുറുകെയുള്ള പാലം കടന്നു മുന്നോട്ട് നീങ്ങി.  റോഡിനു വശങ്ങളില്‍ ദേവദാരു വൃക്ഷങ്ങള്‍ കാണാം.
മഞ്ഞു മൂടിയ പാലം 

വഴിയില്‍ പലയിടങ്ങളില്‍ നിര്‍ത്തി ഞങ്ങള്‍ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. മിക്കവാറും എല്ലാ സ്ഥലങ്ങളും മഞ്ഞില്‍ പുതഞ്ഞു നില്‍പ്പാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ മുകളില്‍ മുഴുവന്‍ മഞ്ഞിന്റെ പാളികള്‍ കാണാം. ആപ്പിള്‍ മരങ്ങള്‍ ശിശിരത്തെ ഇലകള്‍ പൊഴിച്ച് വരവേല്‍ക്കുകയാണ്‌.  ശൈത്യം കഴിയുന്നതോടെ അവയില്‍ വീണ്ടും ഇലകള്‍ കിളിര്‍ത്തു തുടങ്ങും.
ബ്രിട്ടീഷ്‌കാര്‍  ആണ് ഇവിടെ ആപ്പിള്‍ കൃഷി ചെയ്തു തുടങ്ങിയത്, ചരിത്രാതീത കാലത്ത് കാട്ടാളര്‍ ജീവിച്ചിരുന്ന സ്ഥലമെന്ന്‍ പറയപ്പെടുന്നു. നാര്‍ (നൌര്‍) വംശം കൃഷി ചെയ്യാന്‍ വേണ്ടിയാണ് ആദ്യമായി ഇവിടേക്ക് കുടിയേറുന്നത്. പിന്നീട് ബ്രിട്ടീഷ്‌ ഭരണ കാലത്ത് ആപ്പിളും പ്ലംസും പീര്‍സും കൃഷി ചെയ്തു തുടങ്ങി, ഇന്നും മനാലിയിലെ വരുമാനത്തില്‍ നല്ലൊരു പങ്കു ഈ കൃഷി തന്നെയാണ്. മണാലിയില്‍ സഞ്ചാരികള്‍ എത്തി തുടങ്ങുന്നത് എണ്‍പതുകളില്‍ കാശ്മീരില്‍ യുദ്ധ സമാനമായ സാഹചര്യം നിലനിന്നു തുടങ്ങിയതിനു ശേഷമാണ്. ഇന്നീ ചെറിയ ചെറിയ ഗ്രാമം പട്ടണ വല്‍ക്കരിച്ചു കഴിഞ്ഞു. എങ്ങും വലിയ കോണ്‍ക്രീറ്റ് സൌധങ്ങള്‍ കാണാം.


 കാര്‍ നിര്‍ത്തി, ഇനി കുറച്ച്  ദൂരം നടക്കാന്‍ ഉണ്ട്. സ്‌നോ ജാക്കറ്റും ബൂട്ട്‌സും ധരിച്ചുള്ള നടത്തം കുറച്ച് ആയാസകരമാണ്.  താഴ്വരയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ നല്ല തിരക്കാണ്.
സോലന്ഗ് വാലി
 പലരും പല വിധ വിനോദങ്ങളില്‍ മുഴുകിയിരിക്കുന്നു. ചിലര്‍ സ്കീയിംഗ് ചെയ്യുന്നു. മറ്റുചിലര്‍ പാരാഗ്ലൈഡിംഗ്‌ നടത്തുന്നു, ചിലര്‍ കാറ്റുനിറച്ച ബലൂണില്‍ താഴേക്ക് ഉരുണ്ടു വരുന്നു. സ്നോ സ്കൂട്ടര്‍ ഓടിക്കുന്നവരും. യാക്കിന് പുറത്ത് കയറി സവാരി നടത്തുന്നവരുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൂരത്തിനുള്ള ആളുണ്ടവിടെ.  ആദ്യം സ്കീയിംഗ്, ഗൈഡ് ഞങ്ങളെ ഓരോരുത്തരെ ആയി പഠിപ്പിക്കാം എന്നായി. അത് പറ്റില്ല, ഞങ്ങള്‍ക്ക് ഒരുമിച്ചു ചെയ്താല്‍ മതി, ചുമ്മാ കളയാന്‍ സമയം ഒട്ടുമില്ലെന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു.
സ്കിയിങ്ങിനു തയ്യാറായി പ്രവി
ഒരാള്‍ക്ക് സ്കീയിങ്ങിനുള്ള സാധനങ്ങള്‍ മാത്രമേ ഞങ്ങള്‍ കൊണ്ട് വന്നിട്ടുള്ളൂ. ആദ്യമേ ഞങ്ങള്‍ പറഞ്ഞുറപ്പിച്ചിരുന്നത് കൊണ്ട്, മറുത്തൊന്നും പറയാതെ അയാള്‍ പോയി മറ്റൊരെണ്ണം കൂടെ സംഘടിപ്പിച്ചുകൊണ്ട് വന്നു. അങ്ങനെ ഉരുണ്ടു വീണും പുറകിലേക്ക് മലര്‍ന്നടിച്ചു വീണും ഞങ്ങള്‍ പിച്ച വെച്ചു തുടങ്ങി.  പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് വീഴാതെ മുന്നോട്ടു നീങ്ങാനുള്ള വിദ്യ ഞങ്ങള്‍ സ്വായത്വമാക്കി. പിന്നെ കുറെ നേരം അവിടം മുഴുവന്‍ ഞങ്ങള്‍ ഒഴുകി നടന്നു.
ഗൈഡ് പരിശീലിപ്പിക്കുന്നു
ഇന്നത്തെ ദിവസം  മുഴുവന്‍ ഇവിടെ തന്നെ ചിലവിടാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.


ക്യാമറയും സാധനങ്ങളുമൊക്കെ ഗൈഡിന്‍റെ കയ്യിലാണ് സൂക്ഷിക്കാന്‍ ഏല്പിച്ചിരിക്കുന്നത്.  നൂഡില്‍സ് ബ്രെഡ്‌ എഗ്ഗ് ഫ്രൈ തുടങ്ങിയവ മാത്രമേ ഉച്ച ഭക്ഷണമായി കിട്ടാനുള്ളൂ.. അത് തന്നെ കിട്ടാന്‍ തിരക്കാണ്.. പരാഗ്ലൈഡിംഗ്‌ ആണ് ഇനി ചെയ്യാനുള്ളത്കാലാവസ്ഥ അനുകൂലമാല്ലാത്തതിനാല്‍ കൂടുതല്‍ ഉയരത്തില്‍ നിന്നുള്ള ഗ്ലൈഡിംഗ്‌ നടക്കില്ല. ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നും ഗ്ലൈഡ് ചെയ്യുന്നതേ ഇന്ന് നടക്കുകയുള്ളൂ... ഗ്ലൈഡറേയും കൂട്ടിക്കൊണ്ടു മഞ്ഞിലൂടെ ട്രെക്കിംഗ് നടത്തി മുകളിലെത്തി.  ഞങ്ങളുടെ ഊഴം കാത്തു ഞങ്ങള്‍ നിന്നു. താഴെ ഒരു വശത്ത് സ്കീയിംഗ് പരിശീലിക്കുന്ന കുട്ടികളെ കാണാം, അടുത്ത ആഴ്ച അവിടെ മത്സരം നടക്കുന്നുണ്ട്. അതിന്‍റെ മുന്നൊരുക്കങ്ങളില്‍ ആണവര്‍.
മത്സരത്തിനു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്ന കുട്ടികള്‍
പ്രവിയാണ് ആദ്യം പറക്കുന്നത്. അവന്‍റെ കയ്യില്‍ ഞാന്‍ ക്യാമറ കൊടുത്തു വിട്ടു. താഴെ എത്തുമ്പോള്‍ എന്‍റെ ചിത്രം പകര്‍ത്താനും ചട്ടം കെട്ടി... ഗ്ലൈഡര്‍   പുറകിലും പ്രവി മുന്നിലുമായി അവര്‍ പറന്നുയര്‍ന്നു.
പറക്കാന്‍ തയ്യാറായി പ്രവി

 പ്രവിയെ താഴെ ഇറക്കി അയാള്‍ തിരിച്ചു വന്നിട്ട് വേണം എനിക്ക് പറക്കാന്‍.
എന്‍റെ ഊഴവും കാത്ത് ഞാന്‍ നിന്നു. പറന്നു താഴെ ഇറങ്ങാറായപ്പോള്‍ അവന്‍ താഴെ കാമറയും പിടിച്ചു ചുമ്മാ നില്‍ക്കുന്നത് ഞാന്‍ കണ്ടു, ഫോട്ടോ എടുക്കാന്‍ ഞാന്‍ വിളിച്ചു പറഞ്ഞു...






 താഴെ ഇറങ്ങിയതും ഒരാള്‍ ക്യാമറയുമായി ഓടി എന്‍റെ അടുത്തെത്തി,
പറക്കലിനിടെ ഞാന്‍
തുടക്കം മുതല്‍ അയാള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തിയിരുന്നു.  അത് കൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് ഫോട്ടോ എടുക്കാന്‍ പ്രവി മുതിരാതിരുന്നത്...


 പിന്നെയും ഞങ്ങള്‍ സ്കീയിങ്ങിലേക്ക് തിരിഞ്ഞു, എത്രയായാലും മതി വരാത്തത് പോലെ... സ്നോ സ്കൂട്ടറും യാക്കും ബാക്കി കിടപ്പുണ്ട്.. ഞങ്ങള്‍ അതും പരീക്ഷിക്കാന്‍ തീരുമാനിച്ചു...
നേരം ഇരുട്ടി തുടങ്ങി,  ഇനി കൂടുതല്‍ ഒന്നും ഇവിടെ ചെയ്യാനില്ല.. യാക്കിന്‍റെ പുറത്ത് ഒരു സവാരി നടത്തി ഇന്നത്തെ യാത്ര അവസാനിപ്പക്കാം..
യാക്കിനു പുറത്തൊരു സവാരി
പത്തിരുപതു മിനുറ്റ് നീണ്ടതായിരുന്നു ആ യാത്ര, മൃഗത്തിന്‍റെ പുറത്ത് കയറി ഒരു യാത്ര എന്നതില്‍ കവിഞ്ഞു പറയത്തക്ക ഒന്നുമില്ല. ഓരോ അടി വെക്കുംപോളും അതിന്‍റെ കാല്‍ മഞ്ഞിലേക്ക് താഴ്ന്നു പോകുണ്ടായിരുന്നു.
തിരിച്ചു പോരാന്‍ തുടങ്ങുമ്പോളാണ് അറിയുന്നത് ബൂട്ടില്‍ ഒരെണ്ണം ആരോ മോഷ്ടിച്ചിരിക്കുന്നു. ഗൈഡിനെ ഏല്‍പ്പിച്ചു പോയത് കൊണ്ട് അതിന്‍റെ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുത്തു. സ്കിയിങ്ങിനു ഉപയോഗിക്കുന്ന ബൂട്ടിട്ട് താഴോട്ടിറങ്ങേണ്ട ഗതികേടില്‍ ആയി ഞാന്‍ എന്ന് മാത്രം, അത് കൊണ്ട് തന്നെ ഒന്ന് രണ്ടു തവണ അടി തെറ്റുകയും ഒരു തവണ സാമാന്യം നല്ല നിലയില്‍ വീഴുകയും ചെയ്യാന്‍ എനിക്കൊരു മടിയും ഉണ്ടായില്ല ...  റൂമിലെത്തി ഫ്രഷ്‌ ആയതിനു ശേഷം ഞങ്ങള്‍ നടക്കാനിറങ്ങി ഗ്രേറ്റര്‍ ഹിമാലയന്‍ പാര്‍ക്ക്‌ തേടിയാണ് ആദ്യം ഇറങ്ങിയത്. റൂമിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ പാര്‍ക്കിന്‍റെ ബോര്‍ഡ് എതിര്‍ വശത്തായി കണ്ടു. പാര്‍ക്ക് അടഞ്ഞു കിടപ്പായിരുന്നു... മഞ്ഞു കാലത്ത് അവിടെ ഒന്നും കാണാനില്ല എന്നതാണ് സത്യം.  മരങ്ങള്‍കിടയിലൂടെ നടന്നു പാര്‍ക്കിന്‍റെ എതിര്‍ വശത്തെത്തി, ബിയാസ് നദി പാര്‍ക്കിന്‍റെ പിറകിലൂടെ ഒഴുകുന്നു വെള്ളം നന്നേ കുറവാണ്. കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.  രാത്രി കനത്തു വരുന്തോറും തണുപ്പിനു കാഠിന്യം കൂടുന്നുണ്ട് എങ്കിലും ഇപ്പോള്‍ തണുപ്പ് ശീലമായിരിക്കുന്നു... ശരീരം ഏകദേശം പൊരുത്തപ്പെട്ടു തുടങ്ങി.. തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുക്കണം, ട്രാവെല്സും കഫെയും ഉള്ള ഒരിടത്ത് കയറി, ഡല്‍ഹിയിലേക്കുള്ള ടിക്കെറ്റ്  എടുത്തു.  ഇമെയിലും ഫേസ്ബുക്കും ഒക്കെ ഒന്ന് തുറന്നു നോക്കി ഞങ്ങള്‍ അവിടെ നിന്നിറങ്ങി. ബിയാസ് നദിയില്‍ നിന്ന് പിടിക്കുന്ന മീന്‍ പാചകം ചെയ്തു വില്‍ക്കുന്ന ഒരു കടയെകുറിച്ച്  പ്രവി കേട്ടിരുന്നു. അതും അന്യേഷിച്ചു ഞങ്ങള്‍ നടപ്പ് തുടങ്ങി,  ശക്തിയും ഉണ്ട് കൂടെ. നമ്മുടെ നാട്ടിലൊക്കെ ഉള്ള തട്ട്കട പോലെയുള്ള  ചെറിയൊരു കട അതില്‍ മസാല പുരട്ടി വെച്ചിരിക്കുന്ന മീനും ചിക്കനും, വേണ്ടത് കാണിച്ചു കൊടുക്കുക തൂക്കതിനാണ് വില. അപ്പോള്‍ തന്നെ വറുത്ത് തരും... രണ്ടു രണ്ടര കിലോ ഞങ്ങള്‍ അകത്താക്കി. നാളെയും വരാമെന്ന് പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും റൂമിലേക്ക് തിരിച്ചു.
രാത്രി ഭക്ഷണം
പുഴ മുറിച്ചു കടക്കുന്ന മനാലി സ്ത്രീ
നേരത്തെ എഴുന്നേല്‍ക്കാന്‍ ഉറച്ചു പതിവുപോലെ കിടന്നുറങ്ങി... പതിവ് തെറ്റിക്കാതെ വൈകി തന്നെ എഴുന്നേറ്റു. രാവിലെ നേരെ പോയത് ത്രിഷ് ല ഷാള്‍ ഫാക്ടറിയിലേക്കാണ് കുളുവിലാണ് ഫാക്ടറി.
നദിക്കു കുറുകെ കാട്ടില്‍‌നിന്ന് വിറക് ശേഖരിച്ചു വരുന്ന ഒരു സ്ത്രീയെ കണ്ടു, നദിക്കു കുറുകെ കെട്ടിയിരിക്കുന്ന വടത്തിലൂടെ പ്രത്യേക തരം ഇരിപിടത്തില്‍ ഇരുന്നു, മറ്റൊരു കയറിന്റെ സഹായത്തോടെയാണ് നദി മുറിച്ചു കടക്കുന്നത്.
Add caption


പരമ്പരാഗത രീതിയില്‍ കൈത്തറിയില്‍ നിര്‍മിച്ചെടുക്കുന്നതാണ് അവിടുത്തെ ഷാളുകള്‍ അമ്മയ്ക്കും അനിയത്തിക്കും ഒന്നുരണ്ടു ഷാളുകള്‍ പ്രവി മേടിച്ചു.  കുറച്ചു നേരം ഫാക്ടറി ചുറ്റിക്കണ്ട് ഞങ്ങള്‍ അവിടെ നിന്നിറങ്ങി.
ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ഫാക്ടറി തൊഴിലാളികള്‍
ബിയാസ് നദിയില്‍ ഒരു റാഫ്റ്റിങ്ങാണ് ഇന്നിനി ഞങ്ങളുടെ ലിസ്റ്റില്‍ ഉള്ളത്. നദിയില്‍ വെള്ളം കുറവായതിനാല്‍ അധികം ആളുകള്‍ ഈ സമയത്ത് റാഫ്റ്റിങ്ങിനു മുതിരാറില്ല. താരതമ്യേനെ അപകട സാധ്യത കൂടുതലുമാണ്. എങ്കിലും ഇതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല. സാധാരണയില്‍ കൂടുതല്‍ ചിലവുമുണ്ട് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രതന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു. 5 പേര്‍ക്ക് വരെ പോകാം. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ വേറെ ആരെങ്കിലും വരുന്നത് വരെ കാത്തു നില്‍ക്കുന്നത് കൊണ്ട് വലിയ ഉപകാരം ഉണ്ടെന്നു തോന്നിയില്ല. ക്യാമറകള്‍ അവരെ ഏല്പിച്ചു, കഴിയുന്നത്ര ഫോട്ടോയും വീഡിയോയും എടുക്കാന്‍ ചട്ടവും കെട്ടി. വസ്ത്രങ്ങള്‍ മാറ്റി ഹെല്‍മെറ്റും ലൈഫ് ജാകെറ്റും ധരിച്ചു ഞങ്ങള്‍ റാഫ്റ്റില്‍ കയറി.
റാഫ്റ്റിങ്ങിനിടെ ഞങ്ങള്‍ 
വെള്ളത്തിന്‌ ഐസിനോളം തണുപ്പുണ്ടായിരുന്നു റാഫ്റ്റ് ചെരിയുമ്പോള്‍ വെള്ളം മേലേക്ക് തെറിക്കും പകുതിയും റാഫ്റ്റിനകത്തേക്ക് തന്നെ വീഴും. ഇടക് വെച്ച് റാഫ്റ്റ് കല്ലില്‍ ഉടക്കി നിന്നു റാഫ്റ്ററില്‍ ഒരാള്‍ ഇറങ്ങി തള്ളി വീണ്ടും  വെള്ളത്തിലേക്കിറക്കി, റാഫ്റ്റിലേക്ക് അയാളെയും വലിച്ചു കയറ്റി ഞങ്ങള്‍ സവാരി തുടര്‍ന്നു. ഇടുങ്ങിയ ഇടങ്ങളില്‍ നിന്ന് മാറുമ്പോള്‍ പങ്കായം ചോദിച്ചു വാങ്ങി ഞങ്ങളും തുഴഞ്ഞു, 4 കിലോമീറ്റര്‍ ആയപ്പോള്‍ മറ്റൊരു ടീം ഞങ്ങള്‍ക്ക് മുന്‍പില്‍ റാഫ്റ്റിങ്ങ് നടത്തുന്നുണ്ടായിരുന്നു... അവരെ മറികടന്ന് പോകാന്‍ പറഞ്ഞെങ്കിലും വെള്ളം കുറവായതിനാല്‍ നിശ്ചിത അകലത്തിലെ പോകാന്‍ ഒക്കൂ എന്നായി കപ്പിത്താന്‍.
  ഒരുമണിക്കൂറോളം നീണ്ടതായിരുന്നു മനോഹരമായ ആ യാത്ര. കുത്തനെയുള്ള ഇറക്കങ്ങളിലൂടെ റാഫ്റ്റ് താഴേക്ക് പതിക്കുമ്പോള്‍ തലകുത്തനെ മറിയുമോ എന്ന് തോന്നിപ്പോകും. ഓരോ ഇറക്കം എത്തുമ്പോളും റാഫ്റ്റില്‍ മുറുകെ പിടിക്കാന്‍ അറിയിപ്പ് തരും. പിന്നെ പിന്നെ ഞങ്ങള്‍ റാഫ്റ്റിനൊത്ത് അഭ്യാസിയെപ്പോലെ ശരീരം വളച്ചു ബാലന്‍സ് ചെയ്തു തുടങ്ങി മുറുകെ പിടിച്ചില്ലെങ്കിലും വീഴില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. എങ്കിലും തണുത്ത് മരവിച്ചു കിടക്കുന്ന ആ വെള്ളത്തില്‍ വീഴാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാല്‍ പിടിച്ചു തന്നെ ഇരുന്നു.  കല്ലുകളിലൂടെ തെന്നി നീങ്ങി തുറസ്സായ ഒരിടത്തെത്തി മുന്‍പില്‍ പോയിരുന്ന റാഫ്റ്റിനെ ഞങ്ങള്‍ മറികടന്നു, പങ്കായം കൊണ്ട് വെള്ളം അവരുടെ മേലേക്ക്തെ റിപ്പിച്ചു കൊണ്ടായിരുന്നു അതു..
ഇന്നാ പിടിച്ചോ!
കിട്ടുന്ന സമയം മൊത്തം ഞങ്ങളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചായിരുന്നു  മെയിന്‍ റാഫ്റ്ററുടെ യാത്ര മുഴുവന്‍. റാഫ്റ്റില്‍ നിന്ന് ഇറങ്ങുന്നതിനു മുന്പ് അയാളെ വെള്ളത്തില്‍ മുക്കണം എന്ന് ഞങ്ങള്‍ ഉറപിച്ചിരുന്നു. കരക്കടുത്തതും അയാള്‍ ഇറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു. എങ്കിലും കിട്ടിയ സമയം കൊണ്ട് ഞങ്ങള്‍ വെള്ളം തെറിപ്പിച്ചു... ഒരുപാട് ആസ്വദിച്ച ഒരു ജലയാത്രയുടെ അവസാനം ആയിരുന്നു അത്.  കാമറയും മറ്റും തിരിച്ചു വാങ്ങി ഡ്രസ്സ്‌ മാറി, ഞങ്ങള്‍  മണാലിയിലേക്ക് തിരിച്ചു. പ്രകൃതിദത്തമായ ചൂടുവെള്ളം വരുന്ന ഉറവയുടെ അരികിലൂടെയാണ്‌ യാത്ര, കുറെ പേര്‍ അവിടെ കുളിക്കുന്നുണ്ട്. സള്‍ഫര്‍ ആണതിനെ ചൂടാക്കുന്നത്. ചുറ്റും പ്രകൃതി തണുത്തുറഞ്ഞു നില്‍ക്കുമ്പോളും ചൂടോടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു....
മനാലിയിലെ അവസാനത്തെ രാത്രിയാണിന്ന്‍ നാളെ വൈകീട്ട് നാലരയോടെ മണാലിയോട് വിട ചോദിക്കണം. രാത്രി വൈകുവോളം തെരുവിലൂടെ നടന്നു.. ബുദ്ധവിഹാരങ്ങളും അമ്പലങ്ങളും നിറയെ ഉണ്ട് മണാലിയില്‍. എവിടെയും തെരിവു വാണിഭക്കാരെ കാണാം. ചെറിയ ചെറിയ കച്ചവടവുമായി ജീവിക്കുന്നവര്‍... ഗുലാബ് ജാമുന്‍ വില്‍ക്കുന്ന ഒരുവനെ കണ്ടു, 20 രൂപക്ക് 5 എണ്ണം. കഴിച്ചു നോക്കിയപ്പോള്‍ നല്ല രുചി അഞ്ചമത്തേതിനു അടി ഉണ്ടാക്കണ്ട അവസ്ഥ, വീണ്ടും അഞ്ചെണ്ണം കൂടി വാങ്ങി അടി ഒഴിവാക്കി.. ഇന്നലെ രാത്രി കഴിചിടത്ത് ചെന്ന് വയര്‍ നിറയെ മീന്‍ അകത്താക്കി തിരിച്ചു റൂമിലേക്ക് പോയി.

രാവിലെ നേരെ പോയത് അടുത്തുള്ള അമ്പലtത്തിലേക്കാണ് പ്രവി എനിക്കും കൂടെ പ്രാര്‍ത്ഥിച്ചു ഇറങ്ങി.


ഹിഡിംബാദേവീക്ഷേത്രത്തിലേക്കാണ് അവിടുന്ന്‍ ഞങ്ങള്‍ പോയത്.  പൌരാണിക ഗുഹക്ഷേത്രങ്ങളില്‍ പെടുന്നതാണ് ഇത്.  ദേവdaaരു മരങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന ക്ഷേത്രത്തിനു മുന്ന് നിലകള്‍ ഉണ്ട്.
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി.പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണു ഹിഡിംബി. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. (അവലംബം wiki) 1553 ഇല്‍ ആണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
ഹിഡിംബി മാതാ ക്ഷേത്രം.

പ്രവി അകത്തു കയറി തൊഴുതിറങ്ങി ഞാന്‍ ചുറ്റിലും നടന്നു ചിത്രങ്ങള്‍ എടുത്തു. പുറത്തേക്കുള്ള വഴിയില്‍ തനത് ഹിമാചല്‍ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ നില്പുണ്ടായിരുന്നു. അവരുടെ തനത് ശൈലിയിലുള്ള വസ്ത്രങ്ങളില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുയലിനെ (അന്ഗോറ ഇനത്തില്‍പ്പെട്ട വലിയ രോമങ്ങളുള്ള ) കയ്യിലെടുത്ത് നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു പൂകൊട്ടയും തോളില്‍ തൂക്കി, ഞങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തു.
പഞ്ചാബി സുഹൃത്തുക്കളോടൊപ്പം
 അവിടെ വെച്ച് പഞ്ചാബികളായ രണ്ടു ദമ്പതികളെ ഞങ്ങള്‍ പരിചയപ്പെട്ടു. അവരുടെ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാന്‍ ഞങ്ങള്‍ സഹായിച്ചു  പിന്നീട് എല്ലാവരും കൂടെ നിന്നുള്ള ഫോട്ടോയും  എടുത്ത് ഞങ്ങള്‍ അവിടെ നിന്നിറങ്ങി.




ഭക്ഷണം കഴിച്ചു നേരെ ഹിമാചല്‍‌പ്രദേശ് മ്യുസിയം കാണാന്‍ പോയി. ഇന്നത്തെ അവസാനത്തെ കാഴ്ച. സമയം നാലാകുന്നു. മ്യുസിയതിനകത്ത് നേരത്തെ കണ്ട ദമ്പതി സുഹൃത്തുക്കളെ വീണ്ടും കണ്ടു. അവരുടെ ആവശ്യപ്രകാരം ഫോട്ടോ എടുത്ത് ഇമെയില്‍ അയച്ചു കൊടുക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചു.
മ്യുസിയം
 പുരാതന ഹിമാചല്‍‌പ്രദേശ്ന്‍റെ ഒരു പകര്‍പ്പ് അവിടെ ഉണ്ടായിരുന്നു. അകത്തു മുഴുവന്‍ നടന്നു കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. രാവിലെ തന്നെ റൂം ഒഴിവാക്കി സാധങ്ങള്‍ വണ്ടിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഇനി നേരെ ബസ്‌ കയറാന്‍ പോയാല്‍ മതി... ബസ് കയറാന്‍ ചെന്നപ്പോളാണ്‌ പ്രവി നേരത്തെ വാങ്ങിച്ച ചെറിയ വിഗ്രഹവും മറ്റും മ്യുസിയത്തില്‍ മറന്നുപോയ കാര്യം അറിയുന്നത്. പിന്നെ ഒരു ഒറ്റപ്പാച്ചില്‍ ആയിരുന്നു. വീണ്ടും അവിടെ ചെന്ന് അതെടുത്ത് വന്നപ്പോളേക്കും ബസ്‌ പുറപ്പെടാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. പറഞ്ഞുറപ്പിച്ചതില്‍ കൂടുതല്‍ കൊടുത്ത് ശക്തിയോട് യാത്ര പറഞ്ഞു ഞങ്ങള്‍ ബസില്‍ കയറി... രാവിലെ ഡല്‍ഹിയില്‍ തിരിച്ചു ചെന്നിട്ടു വേണം നേരെ താജ്മഹല്‍ കാണാന്‍ ആഗ്രക്ക് പുറപ്പെടാന്‍.....