വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Friday, 27 September 2013

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - IV

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - III

ചായയുമായി ഞങ്ങളെ വിളിച്ചുണര്‍ത്താന്‍ നാലുമണിക്ക് മുന്‍പേ ആളെത്തി. തണുപ്പ് എല്ലുകളെ വരെ കുത്തി നോവിക്കുന്നു, നേരം പുലരാന്‍ തുടങ്ങിയിട്ട് പോലുമില്ല. പറഞ്ഞു നില്ക്കാന്‍ സമയമില്ല, സുര്യന്‍റെ ചൂടേറ്റു മഞ്ഞുരുകും മുന്‍പ് SAR പാസ് കടക്കണം ഇല്ലെങ്കില്‍ യാത്ര കഠിനവും അപകടകരവുമാവും. എല്ലാവരും ചൂടോടെ ചായ അകത്താക്കി, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു. പ്രാതല്‍ കഴിച്ചു വന്നു ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞെടുത്തു.  ഒരു പാക്കറ്റ് ഗ്ലുകോസ് ബിസ്ക്കറ്റ്, മംഗോ ജ്യൂസിന്‍റെ ചെറിയൊരു പായ്ക്ക് പിന്നെ പരിപ്പുവട പോലെയുള്ള വടക്കേ ഇന്ത്യക്കാര്‍ മതിരി എന്ന് വിളിക്കുന്ന പലഹാരം നാലെണ്ണം ഇത്രയുമായാല്‍ ഉച്ച ഭക്ഷണം ആയി.  ഞങ്ങള്‍ക്കെല്ലാം പ്രാതല്‍ ഉണ്ടാക്കി തരാന്‍ തന്നെ അവരെത്ര ബുദ്ധിമുട്ടുന്നുണ്ടാവുമെന്ന് ഊഹിക്കാമല്ലോ..അവര്‍ക്ക് നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചരയോടടുത്തു. ഷേര്‍പ എന്നറിയപ്പെടുന്ന നേപാള്‍ സ്വദേശികളാണ്, ഇന്നത്തെ ഞങ്ങളുടെ ഗൈഡ്. എവറസ്റ്റ് പുലികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്.

ഷെർപ്പ


ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.ഏതു സാഹചര്യത്തിലും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളും മറ്റുജനിതകസവിശേഷതകളുമാണ് ഷെർപ്പകളെ ലോകത്തിലെ ഏറ്റവും വലിയ മലകയറ്റക്കാരാക്കുന്നത്. ഇവരുടെ വസ്ത്രവും ജീവിതരീതിയും തിബറ്റൻ ബുദ്ധമതക്കാരുടേതുപോലെത്തന്നെയാണ്. മുടി നീട്ടിക്കെട്ടുന്ന ഇവർ അതിന്റെ അറ്റത്ത് നിറമുള്ള നൂലുണ്ടകൾ തൂക്കിയിടുന്നു. വലിയ മേലങ്കി ധരിക്കുന്ന ഇവർക്ക് അരയിൽ ഒരു കെട്ടും കാണും. സഞ്ചിപോലുള്ള നീളമുള്ള ട്രൌസറും തുണികൊണ്ടൂള്ള ഷൂസും ധരിക്കുന്നു. ഷൂസിന്റെ അടിവശം തുകൽ കൊണ്ടായിരിക്കും. ചെവിയെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിന് രോമതൊപ്പിയും ഇവർ ധരിക്കുന്നു. ( ഷേര്‍പ്പകളെ പറ്റി കൂടുതല്‍ അറിയാന്‍ )

തുടക്കത്തിലേ ചെങ്കുത്തായ കയറ്റമാണ് ഞങ്ങളെ വരവേറ്റത്. കയറാന്‍ എല്ലാവരും നന്നേ ബുദ്ധിമുട്ടി. ഐസില്‍ കാലുവഴുതാന്‍ തുടങ്ങി എല്ലാവര്‍ക്കും. ഷേര്‍പ്പകള്‍ ഐസ് ഹാമ്മര്‍ കൊണ്ട് ഞങ്ങള്‍ക്ക് നടക്കാന്‍ വഴി ഉണ്ടാക്കി തരുന്നുണ്ടായിരുന്നു.  സുര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.  കുന്നുകള്‍ക്ക് പിറകില്‍ നിന്നു സൂര്യന്‍ പതിയെ തല കാണിച്ചു തുടങ്ങി. ഐസ് മൂടിക്കിടക്കുന്ന കുന്നിനു സ്വര്‍ണ നിറം നല്‍കി സൂര്യ രശ്മികള്‍.
സമയം കഴിയുംതോറും കണ്ണിനു താങ്ങാന്‍ കഴിയാത്ത വിധം വെളിച്ചം നിറഞ്ഞു ചുറ്റിലും. എല്ലാവരും കറുത്ത കണ്ണട ധരിച്ചായി നടപ്പ്.
13800അടി ഉയരത്തില്‍ എത്താന്‍ രണ്ടുമണിക്കൂറില്‍ അധികം സമയമെടുത്തു.
ഇനി കുറച്ച് വിശ്രമം, പകുതി പേര്‍ ഇനിയും എത്താനുണ്ട്.  പത്തു പതിനഞ്ചു മിനുറ്റ് വിശ്രമിച്ചു കാണും. കൂടുതലും ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ചത്. എട്ടു ദിവസത്തെ പരിശ്രമം ഏകദേശം സഫലമായതിന്‍റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. ഒന്‍പതു കിലോമീറ്ററിലധികം ഇന്ന് നടക്കാനുണ്ട്.

@SAR pass

ആറുമണിക്കൂറോളം എടുക്കും നടന്നു തീരാന്‍.
താരതമ്യേന എളുപ്പമെന്നു തോന്നുമെങ്കിലും ഐസ് ഉരുകാന്‍ തുടങ്ങിയാല്‍ ബുദ്ധിമുട്ടും അപകടസാധ്യത കൂടുതലുമാണ്. കയറി ഇതുവരെ എത്തിയപ്പോള്‍ തന്നെ ചൂട് നല്ല രീതിയില്‍ കൂടിയിട്ടുണ്ട്. തണുപ്പ് പേടിച്ചു രാവിലെ എടുത്ത് അണിഞ്ഞ രോമാക്കുപ്പയങ്ങളെല്ലാം ഊരി തിരിച്ചു സഞ്ചിയില്‍ കുത്തിനിറച്ചു. ആദ്യത്തെ വിശ്രമകേന്ദ്രം ഇനിയും ഒരുപാട് അകലെയാണ്.  മഞ്ഞു മൂടിയ ഒരു തടാകത്തിനു മുകളിലൂടെയുള്ള വഴി ആയതിനാലാണ് ഈ വഴിക്ക് സര്‍ പാസ്‌ എന്ന പേര് കിട്ടിയത്. പ്രാദേശിക ഭാഷയില്‍ സാര്‍ എന്നാല്‍ തടാകമെന്നാണത്രേ അര്‍ഥം.
SAR  lake

ചുറ്റും  മഞ്ഞു മാത്രമേ കാണാനുള്ളൂ... മഞ്ഞിന്‍റെ മൂടുപടമണിഞ്ഞു കിടക്കുകയാണ് മലകള്‍ ചുറ്റിലും. ഞങ്ങള്‍ക്ക് ഒരാഴ്ച മുന്‍പ് വന്ന സംഘത്തിനു ഇവിടെ വച്ചു ഐസ് വീഴ്ചയെ നേരിടേണ്ടിവന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതെ അവര്‍ തിരിച്ചെത്തിയത്.
ഷേര്‍പ്പകളില്‍ ഒരാള്‍ മുഞ്ഞില്‍ നടന്നു  വഴി ഉണ്ടാക്കിക്കൊണ്ടിരുന്നു, ഞങ്ങള്‍ വരിവരിയായി അവരെ പിന്തുടര്‍ന്നു. ചെങ്കുത്തായ മലയുടെ ചരിവിലൂടെയാണിപ്പോള്‍ നടപ്പ്. കാലൊന്നുവഴുതിയാല്‍ താഴേക്ക് ഉരുണ്ട് പോയത് തന്നെ. വെയിലുകൊണ്ട് ഐസ് ഉരുകാന്‍ തുടങ്ങിയിട്ടുണ്ട്.
ഷേര്‍പ്പകള്‍ പരസ്പരം ഐസ് എറിഞ്ഞു കളിക്കുന്നുണ്ട് ഞങ്ങളും അവരുടെ കൂടെ കൂടി... ഒടുക്കം ഏറു മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി തുടങ്ങിയപ്പോള്‍ സുല്ലിട്ടു... അവര്‍ക്ക് എങ്ങോട്ട് വേണമെങ്കിലും ഓടിമാറാന്‍ പറ്റും. ഞങ്ങള്‍ നടക്കുന്ന വഴിയില്‍ നിന്നു തെല്ലൊന്നു മാറിയാല്‍ ചിലപ്പോള്‍ നാളത്തെ സൂര്യോദയം കണ്ടെന്നു വരില്ല...
ചിലപ്പോഴൊക്കെ കാല്‍ മുട്ടോളം ഐസില്‍ പൂണ്ടു പോയി. ഇടയ്ക്കെപ്പോഴോ കാല്‍ വഴുതി വൃന്ദ താഴേക്ക് ഉരുണ്ടുപോയി. ശരവേഗത്തില്‍ ഷേര്‍പ്പയും ഗൈഡും അവള്‍ക്കു പിറകെ ഓടി. ഉരുണ്ടുപോയിക്കൊണ്ടിരുന്ന അവളെ പിടിച്ചു നിര്‍ത്തി, അമ്പതു മീറ്റര്‍ എങ്കിലും താഴേക്ക് എത്തിക്കാണും.
നേരെ നിര്‍ത്തിയതും വൃന്ദ അവരോട് ചോദിച്ചത് ബയ്യാ, ഇനി നമ്മളെങ്ങനെ മുകളിലേക്ക് കേറും എന്നാണത്രേ, അവള്‍ക്ക് മുകളിലേക്ക് നോക്കുമ്പോള്‍ വഴിയൊന്നും കാണാനില്ല, ഇനി ഉരുളാനുള്ള ത്രാണിയും പാവത്തിനില്ല.  ചരിവിലൂടെ നടന്നു ഷേര്‍പ്പ വഴിയുണ്ടാക്കി, അത് പിന്തുടര്‍ന്നു വൃന്ദ ഞങ്ങള്‍ക്കൊപ്പം എത്തി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്ത്. വഴിയില്‍ രണ്ടിടത്ത് വിശ്രമിക്കാന്‍ അവസരം ഉണ്ടായിരുന്നു. പതിവുപോലെ ചായ കുടിക്കാനും ഉച്ചഭക്ഷണം കഴിക്കാനും വേണ്ടിയുള്ള ക്രമീകരണം. മഞ്ഞധികം ഇല്ലെങ്കിലും അവസാനം ചെങ്കുത്തായ ഒരു കുന്നുകൂടി കയറാനുണ്ടായിരുന്നു. മേയ് ആദ്യവാരം ഇതിലെ കടന്നുപോയ സംഘങ്ങള്‍ക്ക് ഇവിടെയും മഞ്ഞണിഞ്ഞ മലനിരകളെ കടന്നു പോകേണ്ടി വന്നിരുന്നെന്നു ഷേര്‍പ്പകള്‍ പറഞ്ഞു. ഇനിയങ്ങോട്ട് വേറെ രണ്ടു വഴികാട്ടികള്‍ ആണ്. ഷേര്‍പ്പകള്‍ ഞങ്ങളോട് യാത്രാമംഗളം പറഞ്ഞു, തിരിച്ചു തിലലോത്നിയിലേക്ക് പോയി. ഞങ്ങള്‍ മണിക്കൂറുകള്‍ എടുത്ത് കയറി വന്ന വഴിയത്രയും, മിനിറ്റുകള്‍കൊണ്ട്  അവര്‍ തിരിച്ചിറങ്ങി. അഞ്ചുപത്തു മിനിറ്റ് കൊണ്ട് അവര്‍ ഞങ്ങളുടെ കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമായി. തിരിച്ചു ചെന്നിട്ടു വേണം അവര്‍ക്ക് ഇന്നലത്തെ ആലിപ്പഴ വീഴ്ചയില്‍ കേടുവന്ന ടെന്റ് നന്നാക്കാന്‍.

with our guide

പകുതി വഴി ഇനിയും തണ്ടാനുണ്ട്. കുറച്ചു വിശ്രമിച് വീണ്ടും യാത്ര തുടര്‍ന്നു. മഞ്ഞിലൂടെ ഉരസി ഇറങ്ങണം ഇനി. അരകിലോമീറ്ററില്‍ താഴെയേ ഉള്ളൂ, നേരത്തെ പോയവര്‍ക്ക് മൂന്നുനാലു ഭാഗങ്ങളിലായി മൂന്നു കിലോമീറ്റര്‍ ഉണ്ടായിരുന്നു. ആ വഴി അത്രയും ഞങ്ങള്‍ നടന്നിറങ്ങണം എന്ന് ചുരുക്കം.
വടി കൈയില്‍ ഉള്ളവരോടെല്ലാം അവിടെ ഉപേക്ഷിക്കാന്‍ വഴികാട്ടി നിര്‍ദേശിച്ചു. നിലത്തിരുന്ന് രണ്ടുകയ്യും തലക്കുപിറകില്‍ വെച്ച് ഐസിലൂടെ നിരങ്ങി താഴേക്ക് പോകണം. പത്തുമുന്നൂറടി ഒറ്റയടിക്ക് താഴേക്കെത്തും.  എല്ലാവരും താഴെക്കെത്തിയതിനു ശേഷം ഞങ്ങള്‍ ഗ്രാമീണരുണ്ടാക്കിയ ചെറിയ ഭോജനശാലയില്‍ നിന്നും മാഗിയും ചൂട് കാപ്പിയും കഴിച്ചു, ഒരുമണിക്കൂര്‍ അവിടെ വിശ്രമിച്ചു ബിസ്കരിയിലേക്ക് നടന്നു. പിന്നീടങ്ങോട്ട് കുത്തനെയുള്ള ഇറക്കങ്ങളായിരുന്നു.ശരീരത്തിന്‍റെയും തോളില്‍ കിടക്കുന്ന ബാഗിന്‍റെയും മുഴുവന്‍ ഭാരവും കാലുകളില്‍ അനുഭവപ്പെടുന്നുണ്ട്. പലരും മുടന്തിക്കൊണ്ടാണ്  ഇറങ്ങുന്നത്.  അഞ്ചുമണിയോടെ എല്ലാ സംഘവും ബിസ്കരിയിലെത്തി.ഉത്സാഹവാനായ ക്യാമ്പ്‌ ലീഡര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ചായയും പക്കാവടയും തന്നു ഞങ്ങളെ സ്വീകരിച്ചു. വിജയകരമായി സാര്‍പാസ്‌ കടന്നു വന്ന ഞങ്ങള്‍ക്ക് അനുമോദനങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല.

കൂടാരത്തിനകത്ത്  ഉല്ലാസവാന്‍മാരായിരുന്നു എല്ലാവരും, എങ്കിലും നന്നേ ക്ഷീണിച്ചിരുന്നു. അത്താഴത്തിനു ശേഷം എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങി. നാളെയാണ് ഈ യാത്രയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് ഞങ്ങള്‍ എത്തുന്നത്.  ബന്ധക് താച്,  കൊച്ചു-സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലം.

Biskeri Thach

പതിനൊന്നായിരം അടി ഉയരത്തില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍ ഇനി രണ്ടു ദിവസം കൊണ്ട് തിരിച്ചു കസോളിലെ ക്യാമ്പിലേക്ക് തിരിച്ചിറങ്ങണം. എട്ടുമണിക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തുടക്കത്തില്‍ കുറച്ചു ദൂരം ഇളകികിടക്കുന്ന കല്ലുകളും മറ്റുമുള്ള വഴിയിലൂടെ ആയിരുന്നു യാത്ര. ഒന്ന് രണ്ടു നീര്‍ച്ചാലുകള്‍ കടന്നു ഞങ്ങള്‍ മുന്നോട്ട് പോയി. ദുര്‍ഘടമായ വഴികളില്‍ പരസ്പരം സഹായിച്ചു കൊണ്ടായിരുന്നു യാത്രയത്രയും. അല്ലെങ്കില്‍ പലരും കാല് തെന്നി വഴിയില്‍ വീണുപോയേനെ.. മണിക്കൂറുകള്‍ പലത് കടന്നുപോയി. ചെങ്കുത്തായ ഒരു കിടങ്ങിനു സമീപം ഞങ്ങളെത്തി. കുറച്ചു താഴെയായി ഒരു അരുവി ഒഴുകുന്നുണ്ട്, അതിനു കുറുകെ ഒരു ചെറിയ മരപ്പാലവുമുണ്ട്. പാറയുടെ ചെരുവിലൂടെ ആയാസപ്പെട്ടു ഇറങ്ങേണ്ടിവരുമെന്ന് കരുതിയപ്പോഴേക്കും വഴികാട്ടി ഒരു കയറുമായി വന്നു. അടുത്ത് നിന്നിരുന്ന മരത്തില്‍ കെട്ടി വടം താഴേക്കിട്ടു. ഇറങ്ങി തുടങ്ങിയപ്പോള്‍ മനസ്സിലായി, കാണുന്നത്ര കുഴപ്പം പിടിച്ച വഴിയല്ല. കയറില്‍ പിടിക്കാതെ തന്നെ സുഖമായി ഞാന്‍ താഴെ ഇറങ്ങി. അരുവിയിലെ വെള്ളത്തില്‍ മുഖവും കൈകളും കഴുകി, മറ്റുള്ളവര്‍ ഇറങ്ങി തീരും വരെ അവിടെ കാത്തുനിന്നു.


ഹിമാലയന്‍ ട്രെക്കിംഗ് - V (അവസാന ഭാഗം)

2 comments:

  1. സമ്മതിച്ചു.

    വിവരണം വായിച്ച്‌ കോൾമയിർ കൊണ്ടു പോയല്ലോ!!

    ബാക്കി വായിക്കട്ടെ.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D