വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Sunday, 1 July 2012

ഹരിത മനോഹരം : ഗവി

ഗവിയെ പറ്റി ഞാന്‍ കേട്ട് തുടങ്ങിയത്‌ ഒന്ന് രണ്ടു കൊല്ലം മുന്‍പാണ്‌. പിന്നെ മാതൃഭൂമി യാത്രയില്‍ ഗവിയെ കുറിച്ച് വായിച്ചറിഞ്ഞു.  വനം വകുപ്പിന്‍റെ അനുമതി കിട്ടാത്തതിനാല്‍ വള്ളക്കടവ്‌ ചെക്ക്‌പോസ്റ്റില്‍ ആ യാത്ര അവസാനിച്ചു.  അന്ന് നിശ്ചയിച്ചതാണ് ഒരു രണ്ടാമങ്കം.. ഞങ്ങള്‍ യാത്ര പോകുമ്പോള്‍ ഗവി ഇത്രത്തോളം പ്രശസ്തമായിട്ടില്ല.  ഓര്‍ഡിനറി സിനിമ ഇറങ്ങിയതിനു ശേഷം അനിയന്ത്രിതമായി സഞ്ചാരികളുടെ തിരക്കുണ്ടവിടേക്ക്. എങ്കിലും പണ്ടത്തെ പോലെ തന്നെ ദിവസേന നൂറുപേര്‍ എന്ന വനം വകുപ്പിന്‍റെ കര്‍ശന നിലപാട് സ്വാഗതാര്‍ഹം തന്നെ. കാനന ഭംഗിക്ക് കോട്ടം തട്ടാതിരിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്താനും അത് ഒരു പരിധിവരെ സഹായിക്കും.


തലേന്ന് വൈകീട്ടോടെ ഞങ്ങള്‍ തേക്കടിയില്‍ എത്തിയിരുന്നു. ഞാനും റാസിയും  പ്രവിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.  ഗവിയിലേക്കുള്ള  പാസ്സും വാഹനവും ഒരു ടൂര്‍ ഓപ്പറേറ്റര്‍ വഴി കുമിളിയില്‍ നിന്നും സംഘടിപ്പിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ജീപ്പ്   ഞങ്ങളെ എടുക്കാന്‍ കുമിളിയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിന്‍ പ്രകാരം രാവിലെ നാലുമണിക്ക്‌ അലാറം വെച്ചിരുന്നെങ്കിലും രാവിലെ തണുപ്പില്‍ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും അഞ്ചരമണി യോടടുത്തിരുന്നു.    നേരത്തെ നിശ്ചയിച്ച പ്രകാരം ഞങ്ങളെയുമെടുത്ത് പതിനാല് കിലോമീറ്ററോളം അകലെ ഉള്ള  വള്ളക്കടവ്‌ ചെക്ക്പോസ്റ്റിലേക്ക് പുറപ്പെട്ടു. സമയം വൈകിയതിനാല്‍ നേരത്തിനു ചെക്ക്പോസ്റ്റില്‍ എത്താന്‍ ഇരുട്ടിന്‍റെ വിരിമാറിനെ കീറി മുറിച്ചുകൊണ്ട് ജീപ്പ് കുതിച്ചു പാഞ്ഞു. 

വള്ളകടവ്,  ഗവിയിലേക്കുള്ള ഒരു പ്രവേശന കവാടമാണിത്.  റാന്നി താലൂക്കില്‍ പെടുന്ന സീതത്തോട്‌ പഞ്ചായത്തില്‍ ആണ് റാന്നി റിസര്‍വ് ഫോറെസ്റ്റ് ന്‍റെ കീഴില്‍ വരുന്ന ഗവി സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ ടൈഗേര്‍ റിസര്‍വ്ന്‍റെ ഭാഗമാണ് ഈ ചെക്ക്പോസ്റ്റ് .  ആങ്ങാമൂഴി ചെക്ക്‌പോസ്റ്റ്‌ വഴിയും ഗവിയില്‍ എത്താം.


റാസിയും പ്രവിയും പിന്നെ ഞാനും


ഫെബ്രുവരിയിലെ അത്യാവശ്യം തണുപ്പുള്ള ഒരു പ്രഭാതം.  ജീപ്പിനെ പുതപ്പിച്ചിരുന്ന ഉടുപ്പെല്ലാം അഴിച്ചു മാറ്റി, അകത്തിരുനാല്‍ തന്നെ നാലു പാടും വളരെ നന്നായി കാണാവുന്ന രൂപത്തിലായി. ഏഴുമണിക്ക്‌ ഗേറ്റ് തുറന്നു, മുന്നില്‍ ഒന്ന് രണ്ടു വാഹനങ്ങള്‍ മാത്രം.  ഗവിയില്‍ അനുവദിച്ചിട്ടുള്ള വാഹങ്ങള്‍ക്കും കൃത്യമായ നിയന്ത്രണങ്ങള്‍ ഉണ്ട്.  അതുകൊണ്ട് തന്നെ വാഹനങ്ങളുടെ തിരക്കില്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ സിവില്‍ വാര്‍ സമയത്ത് പുറത്താക്കപ്പെട്ട തമിഴ് വംശജരെ പുനരധിവസിപ്പിച്ചിരിക്കുന്ന കോളനികള്‍ ഉണ്ടിവിടെ. ഗവിയിലെ ഏലതോട്ടങ്ങളിലെ ജോലിക്കാരിവരാണ്, ഗൈഡുകളും ഇവര്‍ തന്നെ ആണ്. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് ഇവിടെ സഞ്ചാരികള്‍ക്ക്  താമസസൗകര്യമുള്ളത്, മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം ഇതിനായി. 


വള്ളക്കടവ്‌  ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള യാത്രയില്‍ കാട്ടുപോത്തിനെയും ആനയേയും കരിങ്കുരങ്ങിനെയും  കാണാന്‍ കഴിഞ്ഞെങ്കിലും ക്യാമറയില്‍ പകര്‍ത്താന്‍ മാത്രം വെളിച്ചമില്ലായിരുന്നു.  വഴി മദ്ധ്യേ മറ്റൊരു  ചെക്ക്പോസ്റ്റ്  കൂടെയുണ്ട്. അവിടെ അനുവാദത്തിനായി കാത്തുനില്‍ക്കുന്ന സമയത്താണ് കുറച്ചകലെ നിന്നും ആനയെ ഓടിക്കാന്‍ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും സമീപവാസികള്‍ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.  ആന ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട ഞങ്ങള്‍ ജീപ്പിനു കാത്തു നില്‍ക്കാതെ  ചെക്ക്പോസ്റ്റ്  കടന്ന് മുന്നോട്ടോടി.  ഞങ്ങള്‍ക്ക്‌ മുന്നിലായി പോയ ജീപ്പുകള്‍ വഴിയില്‍ നിര്‍ത്തിയിരുന്നു. അതിനു തൊട്ടു താഴെ ആയി  ചുള്ളികമ്പുകള്‍ ഒടിച്ചു തിന്നുകൊണ്ട് ആനക്കൂട്ടം നില്‍പുണ്ടായിരുന്നു.


ഗവിയിലെ വ്യൂ പോയിന്റില്‍ നിന്നൊരു ദൃശ്യം. 
 ഹരിത മനോഹരമായ മൊട്ടകുന്നുകള്‍ കടന്ന് ഞങ്ങള്‍  ഗവി ഇകോ ടൂറിസം സെന്‍ററില്‍ എത്തി. സമയം എട്ടു മണി കഴിഞ്ഞു.  ഇവിടെ പേര് രജിസ്റ്റര്‍ ചെയ്തു വേണം ഇനിയുള്ള  പരിപാടികള്‍.  പേരും അഡ്രസ്സും എഴുതി ഒപ്പും ഇട്ട്‌ ഞങ്ങള്‍ പുറത്തിറങ്ങി.


പ്രാതലും, ഉച്ചയൂണും എല്ലാ യാത്രികര്‍ക്കും ടൂറിസം  വകുപ്പ്  നല്‍കുന്നുണ്ട്. അവിടെ തന്നെ തയ്യാറാക്കുന്ന ആ പ്രാതലിന്‍റെ രുചി ഇപ്പോളും മനസ്സില്‍ മായാതെ കിടപ്പുണ്ട്. പ്രാതലിന് ശേഷം അവിടെ കുറച്ച് നേരം  ചുറ്റിക്കറങ്ങി, ഒന്‍പതരയോടെ ഞങ്ങള്‍ ട്രെക്കിംഗ് തുടങ്ങി. കുറച്ചുദൂരം ഫൈബര്‍ ബോട്ടില്‍, അതിനു ശേഷം കാട്ടിലേക്കുള്ള വഴി തുടങ്ങുകയായി.

ടെന്റുമായി ബോട്ടിറങ്ങുന്ന പ്രവി.
ആന ഇറങ്ങിയതിന്‍റെ അടയാളങ്ങള്‍ നടത്തം തുടങ്ങിയപ്പോളെ കണ്ടു. രണ്ടു സായിപ്പന്‍മാരുമായി  മറ്റൊരു ഗൈഡ് ഞങ്ങളെ കടന്നുപോയി.  സായിപ്പ് മാരെ കാണിക്കാനെന്നോണം ശബ്ദമുണ്ടാക്കാതെ നടക്കണമെന്നും മറ്റും ഫ്രീ ആയി ഉപദേശിക്കാനും അവരോടൊപ്പം ഉള്ള ഗൈഡ്‌ സമയം കണ്ടെത്തി. വയസ്സിനെ ബഹുമാനിച്ചും കാട്ടിലെ നിയമങ്ങള്‍ പരമാവധി പാലിക്കുക എന്നത് ഞങ്ങളുടെ ബാധ്യത ആണെന്ന തിരിച്ചറിവും ഞങ്ങളെ മറുപടി പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ആവശ്യത്തിലധികം ശബ്ദം ഉണ്ടാക്കി തന്നെ ആയിരുന്നു ഞങ്ങളെ ഉപദേശിക്കാന്‍ വന്നത് എന്നത് മറ്റൊരു വിരോധഭാസവുമായി.

കാടിനു നടുവില്‍ പന്തലിച്ചു നില്‍ക്കുന്ന ഒരു മരം.
മൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതല്‍ സാധാരണ ട്രെക്കിംഗ് നടത്താത്ത വഴിയിലൂടെ ആയതുകൊണ്ട് കുറച്ച വഴിമാറി ആയിരുന്നു ഞങ്ങളുടെ ഗൈഡ്‌ ഞങ്ങളെ നടത്തിയിരുന്നത്. ചൂടുള്ള ആനപ്പിണ്ടത്തിനെ പിന്തുടര്‍ന്ന്‍ കുറച്ചു ദൂരം നടന്നെങ്കിലും ആനയെ കാണാന്‍ മാത്രം കഴിഞ്ഞില്ല.


ട്രെക്കിംഗ് വഴിയില്‍ 

ഇടതൂര്‍ന്ന മരങ്ങള്‍കിടയിലൂടെ നടന്നു  ഒരു കാട്ടു ചോലയുടെ അടുത്തെത്തി. നല്ല തണുപ്പുള്ള വെള്ളത്തില്‍ മുഖം കഴുകി, വീണ്ടും യാത്ര തുടര്‍ന്നു.  കാടിന്‍റെ വശ്യ മനോഹാരിത ആവോളം നുകര്‍ന്ന് കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്നെങ്കിലും ഒട്ടും ക്ഷീണമോ അലസതയോ തോന്നിയില്ല.


കാട്ടുചോല

മനുഷ്യന്‍റെ പാദസ്പര്‍ശം അധികമായി ഏല്‍ക്കാത്തത്  കൊണ്ട് തന്നെ, മനുഷ്യന്‍ അവശേഷിപ്പിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങളും  നന്നേ കുറവായിരുന്നു.  അഗസ്ത്യകൂടതിലേക്കുള്ള വഴിയിലൂടെ ഒരു തവണ സഞ്ചരിച്ചവരാരും അവിടെ നിത്യേനെ വന്നുപോകുന്ന സഞ്ചാരികള്‍ ഉപേക്ഷിച്ചിട്ട് പോയ മാലിന്യങ്ങള്‍ കാണാതിരിക്കില്ല. അഗസ്ത്യകൂടം കയറിയപ്പോള്‍ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു ആ കാഴ്ച. ഓരോ സഞ്ചാരിയും എപ്പോഴും താന്‍ ഒരിക്കലും പ്രകൃതിയെ മാലിന്യമയമാക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന്‍ ശപദം ചെയ്താല്‍ നമ്മുടെ കാടുകളെങ്കിലും മാലിന്യ വിമുക്തമാക്കി നമുക്ക്‌ സൂക്ഷിക്കാനാവും.

ഇനി കുറച്ച് ചിത്രങ്ങള്‍  എടുത്തിട്ടാവം ബാക്കി....
ഈ തവണ അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ഒരു കാമ്പിംഗ് എന്‍റെയും പ്രവിയുടെയും പ്ലാനിങ്ങില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ, ലഗേജ്‌ കൂടുതല്‍ ആയിട്ടും ടെന്‍റും സ്ലീപിംഗ് ബാഗും പ്രവി കയ്യോടെ കൊണ്ടുവന്നത്. അത് കൊണ്ടുതന്നെയാണ് ഈ ട്രിപ്പില്‍ ടെന്റ് അടിച്ചേ തീരു എന്ന് വാശി പിടിച്ചതും. കാട്ടില്‍ ഒടുക്കം ടെന്‍റടിക്കാന്‍ പാകത്തില്‍ തുറസ്സായ ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. പത്തു മിനിറ്റ് കൊണ്ട് ടെന്റ് റെഡി ആയി..


കുറച്ച് വിശ്രമം.
പത്തിരുപതുമിനിറ്റ് കൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ നടത്തം തുടര്‍ന്നു.  മാനുകളെ പോലും നടത്തത്തിനിടക്ക് കാണാനായില്ലെന്ന വിഷമം മാത്രം ഞങ്ങളില്‍ അവശേഷിച്ചു. പക്ഷെ കുളിര്‍ കോരുന്ന മന്ദമാരുതന്‍ തഴുകികൊണ്ട്  കാട്ടിലൂടെയുള്ള  നടത്തത്തിന്റെ അനുഭൂതി എത്ര വര്‍ണിച്ചാലും അധികമാവില്ല.  അനുഭവിച്ചു തന്നെ അറിയണം.
നടത്തം കഴിഞ്ഞു കാടിന്റെ മറ്റൊരു ഭാഗത്താണ് നമ്മള്‍ എത്തിച്ചേരുക. അവിടെ എത്തി ജീപ്പ് ഡ്രൈവര്‍ ബിബിന്‍ദാസിനെ  വിളിച്ച് അവിടേക്ക്‌ വരാന്‍ പറഞ്ഞു.  ഏകദേശം അരമണിക്കൂര്‍ എടുത്തു ജീപ്പ് ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് എത്താന്‍. ഡ്രൈവര്‍ ഊണ് കഴിക്കാന്‍ പോയത്‌ കൊണ്ടാണ് അത്ര സമയം വൈകിയത്‌.

തിരിച്ച്‌  ഇകോ ടൂറിസം സെന്റെറില്‍ എത്തി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. യാത്രികരില്‍ അവസാനത്തെ ഗ്രൂപ്പ്‌ ഞങ്ങളുടെതായിരുന്നു.  രണ്ടു രണ്ടര മണിക്കൂറോളം നീണ്ട  നടത്തം അത്യാവശ്യം വിശപ്പ് സമ്മാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഊണിനു പ്രത്യേക രുചിയും ഉണ്ടായിരുന്നു. ശരാശരിയില്‍ ഒരുപാട് മുകളിലാണ് ഗവിയിലെ  ഭക്ഷണം എന്ന് പറയാതെ വയ്യ. വൃത്തിയും വെടിപ്പുമായി തന്നെ എല്ലാം ചെയ്യുന്നുമുണ്ട്.ഭക്ഷണത്തിന് ശേഷം കുറച്ചു നേരം ഉദ്യാനത്തില്‍ വിശ്രമിച്ചു. അതിനായി കുറച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിചിട്ടുമുണ്ട്.  കൊച്ചു പമ്പയിലേക്ക്‌ വെള്ളത്തിന്‌ വേണ്ടി ഡാം തുറന്നതിനാല്‍ വെള്ളം നന്നേ കുറവായിരുന്നു. അരമണിക്കൂര്‍ ബോട്ടിംഗ് പത്തു പതിനഞ്ചു മിനുട്ടില്‍ അവസാനിച്ചു.  ചെറിയ ബോട്ടായതിനാല്‍  മരകുറ്റികളില്‍ തട്ടിയാല്‍ മറിയാന്‍ ഇടയുണ്ട്.  ആദ്യമേ ജീവന്‍ രക്ഷക്കായി പോളിസി എന്നോണം  ലൈഫ് ജാകെറ്റ് എല്ലാവരെയും ഇടീച്ചിരുന്നു. മഴക്കാലത്ത്  വെള്ളച്ചാട്ടം ഉണ്ടാകാറുള്ള സ്ഥലമെന്നു ഗൈഡ് ചൂണ്ടി കാട്ടിയ സ്ഥലത്ത് ഇപ്പോള്‍ വെള്ളി നൂലുപോലെ വെള്ളം ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു.


ബോട്ടിങ്ങിനിടെ......
ബോട്ടിംഗ്  കഴിഞ്ഞു ഞങ്ങള്‍ നേരെ  പുല്ലുമേട്  പീകിലേക്ക് പോയി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കുള്ള  കെ.എസ്. ആർ.ടി.സി ബസ്സിനെ  ആയാത്രയില്‍ കണ്ടു. 
ഓര്‍ഡിനറി

പൊന്നമ്പലമേട് വിദൂരതയില്‍ കാണാനുണ്ടായിരുന്നു. ശബരിമലയും വ്യക്തമായി തന്നെ കിലോമീറ്റരുകള്‍ക്കപ്പുറം  കാണാമായിരുന്നു.ശബരിമലയുടെ ഒരു വിദൂര ദൃശ്യം. 


സമയം നാലിനോടടുക്കുന്നു ഗവിയോട് വിടപറയാന്‍ സമയമായി.  റാസിയെ കുമിളിയില്‍ നിന്ന് എറണാകുളത്തേക്ക് ബസ്‌ കയറ്റി വിട്ടിട്ട് വേണം ഞങ്ങള്‍ക്ക്‌ തിരിച്ച് പുനലൂരിലെ പ്രവിയുടെ വീട്ടിലേക്ക്‌ പോകാന്‍. 
തിരിച്ചുള്ള വഴിയില്‍, വീണ്ടും കരിവീരനും മലയണ്ണാനും കരിങ്കുരങ്ങും ഞങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷരായി.


കാട്ടാന 
കണ്‍ കുളിര്‍ക്കെ കാനന ഭംഗി ആസ്വദിച്ചു ഞങ്ങള്‍ ഗവിയോട് യാത്രാമംഗളം  നേര്‍ന്നു.

മലയണ്ണാന്‍
തിരിച്ചുള്ള വഴിയില്‍ ഓരോ മുക്കും മൂലയും കണ്ണുകള്‍കൊണ്ട് ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുനുണ്ടായിരുന്നു.  പേരറിയാത്ത ഒരുപാട് മരങ്ങളും ചെടികളും.  വള്ളിപടര്‍പ്പുകളും  ചുറ്റിനും ഉണ്ടായിരുന്നു. ഇനിയുമൊരിക്കല്‍ കാടിനകത്തു ഒരു ക്യാമ്പിംഗ് പ്ലാന്‍ ചെയ്തു തിരിച്ച് മലകയറുമെന്ന്‍ ഞങ്ങള്‍ ഉറപ്പിച്ചു.


ഞങ്ങള്‍  വള്ളക്കടവ് ചെക്ക്‌ പോസ്റ്റും കടന്നു കുമിളിയിലെക്ക് യാത്ര തുടര്‍ന്നു......


അടിക്കുറിപ്പ്‌:-
കുറെ ബഹളം വെച്ച് ഒരു അവധി ദിവസം ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെ  ഗവിയെ സമീപിക്കരുത്.  കാനന ഭംഗിയെ ആസ്വദിച്ചു ശുദ്ധവായു ശ്വസിച്ചു കൊണ്ട് കുറച്ച് സമയം നിശ്ശബ്ദമായി എല്ലാ തിരക്കുകളില്‍നിന്നും അകന്നിരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെങ്കില്‍ മാത്രം ഗവിയിലെക്ക് വരുക.  കാടിന്റെ വശ്യതയും,  പച്ചപ്പിന്റെ കുളിര്‍മയും പ്രകൃതിയുടെ ലാളിത്യവും അല്ലാതെ മറ്റൊന്നും ഗവി നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടില്ല.  ഗവിയിലേക്ക് വരുന്നവരെ എല്ലാം കടത്തി വിടണമെന്ന തദ്ദേശവാസികളുടെയും  വേറെ പണി ഒന്നും ഇല്ലാത്ത രാഷ്ട്രീയ മാധ്യമ ദല്ലാളന്മാരുടെയും  വാക്കുകളെ അംഗീകരിക്കാന്‍ ഒരു പ്രകൃതി സ്നേഹിക്കും കഴിയില്ല.  നാളേക്ക് വേണ്ടി നമ്മുടെ കാടുകളെ നിലനിര്‍ത്താന്‍ മനുഷ്യന്‍റെ കടന്നു കയറ്റം കുറച്ചേ പറ്റൂ. 

8 comments:

 1. orikkalum marakkanaavaatha aa karadiyude aakramanam ...:( :( ath njnagal ivde parnajittilla..:(

  Nyc description daa..:)

  ReplyDelete
 2. kidilan aayittund..ennalum vayichondu vannappol pettennu theernna pole..:)..kurachu koodi aavayirunnu..:D

  ReplyDelete
 3. @പ്രവി
  അത് വിട്ടുപോയതാ.... പാവം റാസി കരടി എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും അവനു നെഞ്ചിടിക്കും.....

  @റസ്‌ല...
  പാന്ഥന് കുറച്ച് മറവിയുടെ അസുഖം ഉള്ളതാണ് പലതും മറന്നു പോയി...
  ഇനിയുള്ള യാത്രകളില്‍ ഓരോന്നും അപ്പപ്പോള്‍തന്നെ കുത്തികുറിച്ച് വെച്ചേക്കാം....

  ReplyDelete
 4. Echiri koode valichu neetamayerunu...

  ReplyDelete
 5. Nice khadar nanayitundu ellam,,epol thonna nintay kuday school padikan pattiyathu entay bhagiyam anu enu...seriously..anee enikariyamayirunu ne nalla kazhivullavana enu keep it up buddy.

  ReplyDelete
 6. very well said...the words had life..and as every1 said..i wished there was more to read..gaviyiloode nadannath pole thonny vayichapo :) and also lovd the message u gave thru it,to not pollute our forests.. :) keep visitng places and keep writing ikka :)

  ReplyDelete
 7. Kadher you done a good job for us,bcz you take it to me in gavi with ur words and photos.. we are planning to move Gavi for the next mnth,thanks kadher for the wonderful travel experience share for us.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D