വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Thursday 15 December 2011

മൂന്നാറിലേക്ക്

    എറണാംകുളത്ത് നിന്ന് തിരിച്ച് നാട്ടില്‍ എത്തിയിട്ട് മണിക്കുറുകള്‍ ആയതെ ഉള്ളു, സമയം ആറു കഴിഞ്ഞുകാണും പെരിന്തല്‍മണ്ണയില്‍ സുഹൃത്ത് കൊടുക്കാന്‍ ഏല്പിച്ച സാധനങ്ങള്‍ കൊടുക്കാന്‍ വേണ്ടി വന്നതായിരുന്നു ഇനി രണ്ടു മൂന്നു ദിവസത്തേക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ല. പത്തില്‍ കുറവ്‌ ദിവസമേ ആകെ കയ്യില്‍ ഉള്ളൂ. പുതിയ ക്യാമറ വാങ്ങിയത് ഇതുവരെ നേരാം വണ്ണം ഉപയോഗിക്കാനും കഴിഞ്ഞിട്ടില്ല.  അയല്‍വാസിയായ കൂട്ടുകാരനെ വിളിച്ചു ചോദിച്ചു അവന്‍ ഊട്ടിയിലെക്കാണെങ്കില്‍ വരാം എന്ന് സമ്മദിച്ചു.. ഊട്ടിയെന്കില്‍ ഊട്ടി, കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി എന്നാണല്ലോ..  അങ്ങനെ അവന്‍റെ ഒരുക്കങ്ങള്‍ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സമയം എട്ടു കഴിഞ്ഞു, അപ്പോഴാണ് ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായ ശ്രീയുടെ വിളിവരുന്നത് ഊട്ടിയിലേക്ക് പോകാനുള്ള പരിപാടി ആണെന്നറിഞ്ഞപ്പോള്‍ അവന്‍ മുന്നാറിലോട്ട് പോകാമെന്നായി, കൂടെ ഉള്ളവന്‍ മൂന്നാര്‍ കണ്ടിട്ടുമില്ല..  എങ്കില്‍ മൂന്നാര്‍...
    
     അങ്ങനെ വണ്ടി നേരെ എറണാംകുളത്തേക്ക്. അവിടെ നിന്ന് ശ്രീയേയും കൂട്ടി മൂന്നാറിലോട്ട് വെച്ചുപിടിച്ചു.

നേര്യമംഗലം പാലം, അര്‍ത്ഥ രാത്രിയില്‍ പകര്‍ത്തിയത്‌
   ജൂണ്‍ ആയെങ്കിലും മഴ എത്തിയിട്ടില്ല,  അത് കൊണ്ട് തന്നെ യാത്ര അത്ര ദുഷ്കരമല്ലായിരുന്നു.  റോഡിന്‍റെ അവസ്ഥ ശോജനീയം ആയിരുന്നെങ്കിലും  പൊടിമഴയും വളഞ്ഞു പുളഞ്ഞുപോകുന്ന ചുരത്തിലൂടെ ഉള്ള വഴിയും യാത്ര  മറക്കാനാവാത്ത അനുഭൂതി ആക്കി മാറ്റി. 

   ആദ്യമായി  കണ്ടത്‌ ചീയപ്പാറ വെള്ളചാട്ടമായിരുന്നു രാത്രിയില്‍ തന്നെ അതിനെ പകര്‍ത്താന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. തിരിച്ചു വരുമ്പോള്‍ എടുത്ത ചിത്രം താഴെ.

ചീയപ്പാറ വെള്ളച്ചാട്ടം 

  പുലര്‍ച്ചെയാണു മൂന്നാറില്‍ എത്തിയത്, റൂമിനു വേണ്ടി കുറച്ചു നേരം അന്യെഷിച്ചെങ്കിലും എട്ടുമണി എങ്കിലും ആവാതെ ഒരു റൂമും കിട്ടാന്‍ സാധ്യത ഇല്ലെന്ന്‍ തോന്നിയതിനാല്‍ വണ്ടി ഒരിടത്ത്‌ ഒതുക്കി നിര്‍ത്തി അതിനകത്ത് തന്നെ തല ചായ്ച്ചു. ഒന്‍പത് കഴിഞ്ഞു റൂം എടുത്ത്‌ കുളിച്ച് മാറ്റി വന്നപ്പോള്‍.  പിന്നെ പ്രാതലും കഴിച്ചു രാജമാലയിലോട്ടു നീങ്ങി. എങ്ങോട്ട് പോകണം എന്ത് കാണണം എന്നൊന്നും ഒരു ഊഹവും ഇല്ലാതെ ആയിരുന്നു യാത്ര തുടങ്ങിയത്, അതേ സംശയം ഇപ്പോളും കൂടെ ഉണ്ട്, എങ്കിലും ആദ്യം രാജമല തന്നെ.  പ്രാതല്‍ കഴിച്ച സ്ഥലത്ത് നിന്നും ചെറിയൊരു ലിസ്റ്റ് കിട്ടി, അത് പ്രകാരം കണ്ടു തീര്‍ക്കുക എന്നതായിരുന്നു പ്ലാന്‍.


തേയിലതോട്ടത്തിന്റെ പച്ചപ്പ്‌
   

   രാജമല, മുന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ ഡിവിഷന്‍റെ കീഴിലുള്ള  ഇരവികുളം നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നതിവിടെയാണ്.  1978ഇലാണ്  ഇവിടെ ദേശീയോദ്യാനം ഉണ്ടായത്‌. വരയാടുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ആണ് ഇത്. ഫെബ്രുവരി ആദ്യവാരം തുടങ്ങി നാല്പത്തിയഞ്ച് ദിവസം ഉദ്യാനം അടച്ചിടാറുണ്ട്.

സ്വാഗതം

   പാര്‍ക്കിലൂടെ സ്വന്തം വാഹനം ഓടിച്ചു പോകാന്‍ അനുവാദമില്ല, ടിക്കറ്റ് എടുക്കാന്‍ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അതുപോലെ തന്നെ ബസ്‌ വരാനും കുറച്ച് സമയം പിടിച്ചു.

ദേശീയോദ്യാനത്തിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ബസ്‌.
 ചുറ്റും തേയില തോട്ടങ്ങള്‍ അതിനിടയിലൂടെ ഒരു യാത്ര...

തേയില തോട്ടം

പത്തുപതിനഞ്ച് മിനിറ്റോളം ബസ്‌ യാത്ര, അത് കഴിഞ്ഞുപാര്‍ക്കിനകത്ത് നടക്കാനുള്ള സൗകര്യം ഉണ്ട്.  സഞ്ചാരികളെ കണ്ടു പേടിമാറിയത് കൊണ്ട് വരയാടുകളെ അടുത്ത്‌ കാണാന്‍ കഴിയും. റോഡിലൂടെ ആണ് നടക്കാന്‍ സൗകര്യം ഒരുക്കിരിയിരിക്കുന്നത്.
വരയാട്
   കയ്യെത്തും ദൂരത്തില്‍ നില്‍ക്കുന്ന മറ്റൊരുവരയാട്. പക്ഷെ ഓര്‍മിക്കുക; മൃഗങ്ങളെ തൊടരുത്. കാണുക, അറിയുക,...

വരയാട്


 വരയാടുകളെ കണ്കുളിര്‍ക്കെ കണ്ടു തിരിച്ചു ബസ്‌ കയറാന്‍ കാതുനില്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, അതികനേരം പെയ്തില്ലെങ്കിലും മലയിലൂടെ വെള്ളിനൂല്‍ പോലെ ഊര്‍ന്നിറങ്ങുന്ന വെള്ളചാലുകള്‍ നിമിഷ നേരം കൊണ്ട് പ്രത്യക്ഷപ്പെട്ടു.

വെള്ളി നൂല്‍ പോലെ മഴവെള്ളം.
 ഇനി ബസ്‌ വരാനുള്ള കാത്തിരിപ്പ്‌.. താഴെ എത്തിയിട്ട് വേണം അടുത്തതെങ്ങോട്ടെന്നു തീരുമാനിക്കാന്‍...