വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Friday, 12 June 2015

ഗാന്ധിജിയുടെ നാട്ടില്‍...

      ഇന്ത്യയുടെ സിരകളിലൂടെ – 7
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര്‍ പഴയഭാഗങ്ങള്‍ വായിക്കാന്‍ ഇത് വഴി പോയാല്‍ മതി.... 

    ഗുജറാത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നു,  പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനമൊന്നുമില്ല ഇന്നത്തെ യാത്രക്ക്. ഭുജിലേക്കുള്ള യാത്രയിലാണ്  ഞാന്‍. ജൈസല്‍മേറില്‍ നിന്നും 650 കിലോമീറ്ററോളം ദൂരെയാണ് ഭുജ്. കഴിയുന്നത്ര യാത്ര ചെയ്യുക പിന്നെ കിട്ടുന്നിടത്ത് മുറിയെടുക്കുക. ജൈസല്‍മേറില്‍ നിന്നും രാവിലെ പുറപ്പെട്ടു. നാഷണല്‍ ഹൈവേ 15 ഇലൂടെയാണ് യാത്ര വിജനമായ റോഡുകള്‍ ബാര്‍മര്‍ സഞ്ചോര്‍ തുടങ്ങിയ പട്ടണങ്ങള്‍ കടന്നുപോയി ഇടക്കെന്ന് മാത്രം. രണ്ട് മണിയോടടുത്ത് ഗുജറാത്തിലേക്ക് പ്രവേശിച്ചു. അതിനു മുന്പ് തന്നെ ഉച്ചഭക്ഷണം അകത്താക്കിയിരുന്നു... ഗുജറാത്തില്‍ എത്തും മുന്‍പ് ഒരിക്കല്‍ക്കൂടി സസ്യേതര ആഹാരം അകത്താക്കണമെന്ന് കരുതിയാണ് കയറിയതെങ്കിലും സസ്യാഹാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

greater flamingoതരടില്‍ വെച്ച് എനിക്ക് ചെറുതായൊന്ന് വഴി തെറ്റി, ഫലമോ നാഷണല്‍ ഹൈവേയില്‍ നിന്ന് വഴിമാറി സഞ്ചരിക്കേണ്ടി വന്നു കുറേദൂരം. തിരിച്ച് പ്രധാന വഴിയില്‍ കയറും വരെ കഷ്ടപ്പെടേണ്ടി വന്നു, അത്രക്ക് മോശം റോഡായിരുന്നു അത്. പക്ഷേ അതുകൊണ്ടൊരു മെച്ചമുണ്ടായി ഫ്ലെമിങോകളെ കാണാനും കാമറയില്‍ പകര്‍ത്താനും സാധിച്ചു. 


 രാത്രി വൈകിയാണ് ഭചാഉവില്‍ എത്തിയത്, എങ്കിലും ഭുജിനു അടുത്തെത്താനായതിലുള്ള സന്തോഷത്തിലായിരുന്നു ഞാന്‍. ഭചാഉവില്‍ താമസിക്കാനൊരിടം കണ്ടെത്താന്‍ കുറച്ച് പാടുപെടേണ്ടിവന്നു. ഭുജിലേക്കിനിയും ഒരു നൂറുകിലോമീറ്ററെങ്കിലും ദൂരം കാണും.. അത്രയും ഇന്നിനി യാത്ര ചെയ്യുക സാധ്യമല്ല, നന്നേക്ഷീണിച്ചിരിക്കുന്നു. ആകെ രണ്ട് സത്രങ്ങളേ ഭചാഉവിൽ ഉള്ളൂ. കിടന്നതും ഉറങ്ങിയതും ഏകദേശം ഒരേ സമയത്തായിരിക്കണം….
കച്ച് ജില്ലയിലെ മനോഹരമായ പട്ടണമാണ് ഭുജ്. ആയിരത്തി അഞ്ചൂറുകളിൽ മഹറാവു ഹാമിർ നിർമ്മിച്ചതാണീ പട്ടണം. കച്ചിന്റെ പഴയ കാല തലസ്ഥാനമയിരുന്നു ഭുജ്. മഹാഭാരതം മുതൽ അലക്സാണ്ടർ ചക്രവർത്തിയുടെ അധിനിവേശത്തിന്റെ വരെ കഥകൾ പറയാനുണ്ടാവും ഭുജെന്ന പ്രാചീന നഗരത്തിന്. ഗുജറാത്തിലെ ആദ്യത്തെ മ്യൂസിയമാണ് കച്ച് മ്യൂസിയം. ഒന്നാം നൂറ്റാണ്ടിലെ ക്ഷത്രപരുടെ ശേഷിപ്പുകൾ ഇവിടെ കാണാം.. ഗുജറാത്തിന്റെ ചരിത്രങ്ങളിലൂടെ ഒരു യാത്രപോകാൻ ഇവിടെ കയറിയാൽ മതി..   കാമറ അകത്ത് പ്രവേശിപ്പിക്കാത്തത് കാരണം ചിത്രങ്ങൾ ഒന്നും പകറ്ത്താൻ സാധിച്ചില്ല.. കച്ച് ഗ്രാമത്തിന്റെ ഒരു പകർപ്പും ഇവിടെ കാണാം, പഴയ കറൻസികളുടെ ഒരു ശേഖരവും ഇവിടെയുണ്ട്. വെർച്വൽ ടൂറിസം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്റെർനെറ്റിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയവും കച്ച് മ്യൂസിയമാണ്.
 ഉച്ചയോടെ ഭുജിൽ നിന്നും റൺ ഓഫ് കച്ചിലേക്ക് യാത്ര തുടങ്ങി. കച്ചിലെ പഴമയിൽ തുടരുന്ന ഉൾഗ്രാമങ്ങളിൽ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും സാധിച്ചില്ല. ഗ്രേറ്റ് റണിലേക്ക് തിരിയുന്നിടത്താണ് ചെക്ക് പോസ്റ്റ്. പണമടച്ച് പോകേണ്ട സ്ഥലങ്ങൾ എഴുതിക്കൊടുത്ത് പാസ് വാങ്ങി. ഏത് രാജ്യക്കാരനാണെന്ന് എഴുതേണ്ട കോളത്തിൽ ഗുജറാത്തി അല്ലത്താവൻ എന്നായിരുന്നു എഴുതിയിരുന്നത്. ഇനി ഇപ്പൊ ഞാൻ അറിയാതെ ഗുജറാത്ത് വേറെ രാജ്യമായി പ്രഖ്യാപിച്ചോ എന്തോയാത്ര തുടങ്ങിയിട്ട് ദിവസങ്ങൾ കുറേ ആയല്ലോ…. ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് യാത്ര തുടർന്നു. അവിടെനിന്നും ഇടത്തേക്കുള്ള വഴി ആയിരുന്നു റൺ ഓഫ് കച്ചിലേക്കു പോകുന്നത്, ഞാൻ തിരഞ്ഞെടുത്തത് നേരെ ഉള്ള വഴിയും. (എനിക്ക് വഴി തെറ്റിയതൊന്നും അല്ല…. ആണെങ്കിലും ഞാൻ സമ്മതിക്കാനും പോണില്ലഅല്ല പിന്നെ..)

  വഴി ചെന്നെത്തിയത് ഒരു പാലത്തിലാണ് പാലത്തിനപ്പുറം ഒരു റോഡും പട്ടാളക്കാരേയുമൊക്കെ കാണാം. പാലത്തിനിപ്പുറം വെച്ച് തന്നെ എന്നെ തടന്ന് നിർത്തി, പാലത്തിൽ കയറണമെങ്കിൽ മുൻകൂർ അനുമതി വേണമത്രേഫോട്ടൊ എടുക്കരുതെന്ന് വെണ്ടക്കാ അക്ഷരത്തിൽ എഴുതി വെച്ചത് കൊണ്ടും വെടിയുണ്ട നെഞ്ച്കൊണ്ട് തടുക്കാൻ പ്രാപ്തി ഇല്ലാത്തത് കൊണ്ടും നേരെ തിരിച്ച് പോന്നു. പാലത്തിനപ്പുറത്ത് കൂടി ബോർഡർ റോഡ് പോകുന്നുണ്ട്, ഇന്ത്യയിൽ തന്നെയാണ് റോഡുള്ളത്, റോഡിനപ്പുറം പാകിസ്താനും. നാലുമണി കഴിഞ്ഞിരുന്നു ഗ്രേറ്റ് റണിൽ എത്തുമ്പോൾറോഡിന്റെ പണി നടക്കുന്നതിനാൽ ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് കാറുകൾ കടത്തി വിടുന്നില്ലായിരുന്നു. ബൈക്കിനു പോകാൻ കുഴപ്പമില്ലെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ബൈക്കിൽ തന്നെ യാത്ര തുടർന്നു, വേണ്ടായിരുന്നെന്ന് പിന്നെ തോന്നി
മെറ്റലിനുമുകളിലൂടെ ബൈക്കോടിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു. ചിത്രങ്ങളിൽ കണ്ട് പരിചയമുള്ള റൺനെയല്ല ഞാൻ അവിടെ കണ്ടത്, റൺ മുഴുവനായി വെള്ളപൂശാൻ ഇനിയും സമയമെടുക്കും.. ഡിസംബറ് മാസമാവണം അതിന്.   
   ചൈനക്കാരായ ബ്രയാൻ, ഭാര്യ ജാസ്മിൻ സുഹ്രുത്ത് ടോണി എന്നിവരെ അവിടെ വച്ച് പരിചയപ്പെട്ടു. അഹമദാബാദിൽ ജോലി ചെയ്യുകയാണവർ.. നിലത്ത് ഇഴയുന്നത്രയും മുടിയുണ്ടവൾക്ക്. യാത്രപ്രിയരാണ് ബ്രയാനും ജാസ്മിനും, അവധി ദിവസങ്ങളിൽ ബുള്ളറ്റുമെടുത്ത് യാത്ര ചെയ്യൽ തന്നെയാണ്  രണ്ടുപേരുടേയും വിനോദം. അഹമദാബാദ് വഴി വരുകയാണെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് ചട്ടം കെട്ടി നമ്പറും കുറിച്ച് തന്നു ബ്രയാൻ. യാത്രികരുടെ സുഹ്രുത്തുക്കൾ എന്നും യാത്രികരാണല്ലോ…..  റണിനപ്പുറം പാകിസ്താനാണെന്ന് പറയേണ്ടതില്ലല്ലോ…. കാലാദുങ്കർ എന്നൊരു സ്ഥലമുണ്ട് കച്ചിൽ, കച്ചിലെ ഉയരം കൂടിയ സ്ഥലമാണ് കാലദുങ്കർ. നല്ല ദിവസമാണെങ്കിൽ അവിടെ നിന്നും നോക്കിയാൽ പാകിസ്ഥാൻ വരെ കാണാൻ കഴിയും. ഞാൻ അവിടെ എത്തുമ്പോൾ മൂടിയ കാലാവസ്ഥയായിരുന്നുസിന്ധു നദിയെ വഴിമാറ്റി ഒഴുക്കിയ ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ. അതിനെ തുടർന്ന് അല്ലാഹ് ബണ്ട് എന്നറിയപ്പെടുന്ന പ്രകൃതി ദത്തമായ ഡാം രൂപപ്പെട്ടു. റണിനെ മുറിച്ച് കടന്നാൽ കാണാം അല്ലാഹ് ബണ്ട്.


Kaladungar
    രാജ്കോട്ടിലേക്കുള്ള യാത്രയായിരുന്നു പിറ്റേന്ന്. അടഞ്ഞ് കിടക്കുന്ന ഗാന്ധി സ്മൃതിയുടെ കവാടം കണ്ടപ്പോളാണ് ഇന്നു ഞായറാശ്ചയാണെന്ന ബോധം എനിക്ക് വന്നത്. രാജ്കോട്ട് നഗരത്തിന്റെ മധ്യത്തിലായാണ് കബ ഗാന്ധി നൊ ഡെലൊ എന്ന ഗാന്ധി സ്മൃതി നിലകൊള്ളുന്നത്. ആറുവയസ്സുമുതൽ ഗാന്ധിജി താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. രാജ്കോട്ടിന്റെ ദിവാനായി ഗാന്ധിജിയുടെ പിതാവ് സേവനമനുഷ്ടിച്ചിരുന്ന കാലത്തായിരുന്നു അത്. ഞായറും മറ്റ് അവധി ദിനങ്ങളിലും ഇവിടം അടഞ്ഞ് കിടക്കും. അകത്ത് കയറാനാവാതെ അടഞ്ഞ് കിടക്കുന്ന കവാടത്തിനു മുന്നിൽ നിന്നും ഞാൻ തിരിച്ച് പോന്നു.

ഞായർ തിരക്കിൽപ്പെട്ട് നഗരത്തിൽ കുറച്ച് നേരം കുടുങ്ങിപ്പോയെങ്കിലും അധികം സമയം കളയാതെ ഗിറിലേക്കുള്ള യാത്ര തുടങ്ങി. സൌരാഷ്ട്രയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. നമ്മുടെ നാട്ടിലെ ഒക്കെ പോലെയുള്ള സ്ഥലങ്ങൾ തന്നെ.. ഇടുങ്ങിയ റോഡുകളും ഗൂഗിൾ മാപ്പിനുപോലും വഴി അറിയാത്ത സ്ഥലങ്ങൾ. തെങ്ങും കവുങ്ങും റബറിനും ഒക്കെ ഒക്കെ പകരം പരുത്തിയും ഗോതമ്പുമൊക്കെയാണെന്ന് മാത്രം..

Cotton
  
   ചക്ടു എന്ന് വിളിക്കുന്ന പകുതി ബുള്ളറ്റും പകുതി റിക്ഷയുമായ വാഹനത്തെ ഞാൻ ആദ്യമായി കാണുന്നത്. ഡീസൽ ബുള്ളറ്റിനെ പകുതി വെട്ടിമാറ്റി ഉണ്ടാക്കിയതാണ് ചക്ടു. സൌരാഷ്ട്രയിലെ പധാന വാഹനങ്ങളിലൊന്നാണ് ചക്ടു എന്നു തോന്നുന്നുട്രാക്റ്ററും ചക്ടുവുമാണ് ഏറ്റവും കൂടുതൽ ഞാൻ യാത്രയിൽ കണ്ടുമുട്ടിയത്.. ധാരി, ലിംബിടി വഴി ഗിർ ഫോറസ്റ്റ് യിരുന്നു ലക്ഷ്യം.
ഭക്ഷണത്തിനു വേണ്ടി വഴിനീളെ റസ്റ്റോറന്റുകൾ അന്യേഷിച്ചെങ്കിലും ഒന്നും കണ്ടില്ല. ഒടുക്കം ഒരു സ്റ്റേഷനറി കടയിൽ കയറി ബിസ്കറ്റും ചോക്ലേറ്റും വാങ്ങി. ബൈക്കിനടുത്തേക്ക് നടന്നപ്പോൾ കടക്കാരൻ തിരിച്ച് വിളിക്കുന്നു. ശ്ശെടാ കാശൊക്കെ കൊടുത്തതാണല്ലോ, ഇനി എന്ത് പുകിലെന്ന് കരുതി, അയാളേം തുറിച്ച് നോക്കിയാണ് തിരിച്ച് ചെന്നത്. വെള്ളം വാങ്ങി അവിടെത്തന്നെ വെച്ചാണ് വന്നത് അത് പറയാൻ തിരിച്ച് വിളിച്ചതാണ് പാവം. ബൈക്കിനു ചുറ്റും കുട്ടിപ്പട്ടാളം കൂടി നില്പുണ്ട് ഒരുത്തൻ അതിനു ചുറ്റും നടക്കുന്നുമുണ്ട്, അവരുടെ നേതാവായിരിക്കണം. എന്നെ കണ്ടതും അവൻ ചോദ്യം ചോദിക്കാൻ തുടങ്ങി.
   “ഇതു ബുള്ളറ്റല്ലെ?“
   “അതെ
   “പെട്രോളോ? അതോ ഡീസലോ?”
   പെട്രോളാണെന്ന് പറഞ്ഞപ്പോൾ അവനമ്പരപ്പ്.... പെട്രോളൊക്കെ ആരേലും ഓടിക്കുമോ എന്നായി അവൻ...
   എത്ര മൈലേജ് കിട്ടുമെന്ന് ഉടനെ അടുത്ത സംശയം.
ബൈക്ക് സ്റ്റാറ്ട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോൾ ഞാൻ പറഞ്ഞു “25-30“
തലയിൽ കൈവച്ചുള്ള അവന്റെ നിൽപ്പ് കണ്ണാടിയിൽ എനിക്ക് കാണാമായിരുന്നു....
   ഗൂഗിൾ മാപ്പെന്നെ കൊണ്ടെത്തിച്ചത് ഗിർ ദേശീയോദ്ധ്യാനത്തിലേക്കുള്ള വഴിയിലാണ്. മുന്നിൽ അടഞ്ഞ് കിടക്കുന്നു ചെക്ക് പോസ്റ്റ്. മൊബൈൽ നോക്കി വന്നതാണല്ലേ, എന്നും ചോദിച്ചാണ് ഗാർഡ് ഇറങ്ങി വന്നത്. ഇതിപ്പോ ഇങ്ങേര് ഗണിച്ച് കണ്ട് പിടിച്ചോ ആവോ.. ഇതിനകത്ത് കാണാൻ ഒന്നുമില്ല വെറും കാട് മാത്രമാണ് തിരിച്ച് 40 കിലോമീറ്റർ പോയാൽ ഇടത്തേക്ക് ഒരു റോഡുണ്ട് അതു വഴി പോയാൽ സാസൻ ഗിറിൽ എത്തും അവിടെ ചെന്നാൽ സഫാരി ഒക്കെ ഉണ്ട്, ജീപ്പിൽ കയറി സിംഹത്തിനെ ഒക്കെ കാണാം. ഗുജറാത്തി കലർന്ന ഹിന്ദിയിൽ കുറേകഷ്ടപ്പെട്ട് അയാൾ പറഞ്ഞൊപ്പിച്ചുഅപ്പോൾ ഗൂഗിൾ നോക്കി ഇത് വഴി കുറേപ്പേര് സിംഹത്തെ കാണാൻ വന്നിട്ടുണ്ടായിരിക്കണം. അല്ലാണ്ട് അങ്ങേരു കണിയാൻ ഒന്നുമല്ല.
    ഇത്രേം കഷ്ടപ്പെട്ട് ഇതുവരെ വന്ന് തിരിച്ച് പോകുക എന്നുവച്ചാൽ അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ. മാപ്പെടുത്ത് നോക്കിയപ്പോൾ കാട്ടിലൂടെയുള്ള റോഡിൽ പോയാൽ ഗിർ കടന്ന് അപ്പുറം ചെന്നും സാസൻ ഗിറിൽ എത്താമെന്ന് മനസ്സിലായി. കോഡിനാർ ധാരി ഹൈ വേയിൽ ആണിപ്പോൾ ഞാൻ നിൽക്കുന്നത്. രാത്രി ആവാറായി തന്നേയുമല്ല ബൈക്കിൽ പോകുന്നത് അപകടവുമാണെന്ന് പറഞ്ഞ് എന്നെ കടത്തി വിടാതിരിക്കാൻ അവർ ആവുന്നത്  ശ്രമിച്ചു അവസാനം എന്റെ യാത്രയപ്പറ്റി ചെറിയൊരു വിശദീകരണം പറയേണ്ടി വന്നു, തിരിച്ച് പോകാതിരിക്കാൻ.
   സിംഹങ്ങൾ സാധാരണയായി ആക്രമിക്കാറില്ലെന്നും വഴിയിൽ ഒരു കാരണവശാലും നിർത്തെരുതെന്ന ഉപദേശവും കിട്ടി. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഹോണടിക്കരുതെന്നും അമിത വേഗത പാടില്ലെന്നും പറയാൻ മറന്നില്ല. ആവശ്യത്തിലധികം കുഴികളുള്ളതും ഇടുങ്ങിയതുമായ വഴിയാണ് ഗിർ വനത്തിലൂടെയുള്ളത്. മഴക്കാടുകൾ കണ്ട് ശീലിച്ച നമുക്ക് ഇവുടുത്തെ കാടുകൾ വെറും കുറ്റിക്കാടിന്റെ പ്രതീതി മാത്രമേ തരികയുള്ളൂ. പണ്ടൊരിക്കൽ വേനലിൽ ചിന്നാറിലെത്തിയപ്പോൾ കണ്ടത് ഇതുപോലെ കരിഞ്ഞുണങ്ങി നിൽക്കുന്ന കാടായിരുന്നു. സിംഹത്തിനെ വഴിയിൽ മുഴുവൻ നോക്കിയെങ്കിലും ഒരു സിംഹവാലൻ കുരങ്ങനെപ്പോലും കണ്ടില്ല.. സാധാരണ മാൻപറ്റത്തെ എങ്കിലും കാണുന്നതാണ് ഇവിടെ അതുപോലുമില്ല. സാസൻ ഗിറിലെത്തുമ്പോൾ സമയം എട്ടു കഴിഞ്ഞിരുന്നു. ദീപാവലി പ്രമാണിച്ച് ഒരുപാട് പേർ ഗിറിലെത്തിയിട്ടുണ്ട്. റൂം തിരഞ്ഞുള്ള അലച്ചിലിലാണ് ഞാൻ. ജോലി രാജിവെച്ച് വന്നിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ജോലി സ്ഥലത്തുള്ളവർ എന്നെ മറന്ന മട്ടില്ല. ഓരോന്ന് ചോദിച്ച് വൈകീട്ട് മുതൽ ഫോൺ വിളിയാണ്. അലച്ചിലിനൊടുവിൽ അഞ്ചൂറു രൂപ നിരക്കിൽ ഒരു റൂം കിട്ടി. നാളെ ഇവിടെത്തന്നെ തങ്ങി ഗിറിനെ മൊത്തത്തിൽ ഒന്നു ചുറ്റിക്കണ്ടിട്ടാവാം ഇനിയുള്ള യാത്ര, ഒരു ദിവസത്തെ റെസ്റ്റും കിട്ടും.
     
     ജീപ്പ് സവാരിക്ക് ടിക്കറ്റ് കിട്ടണമെങ്കിൽ രാത്രി വൈകി ക്യൂവിൽ നിൽക്കണം. മാത്രമല്ല ജീപ്പും പ്രവേശന ഫീസും ഗൈഡിനുള്ള പണവുമടക്കം 2000 രൂപ കൊടുക്കുകയും വേണം. ആറുപേർക്കുള്ളതാണ് ഒരു ജീപ്പ്. രാവിലെ 2 തവണയായി 30 വണ്ടികളെ കടത്തി വിടൂ. പാതിരാമുതൽ ക്യൂ നിന്ന് സിംഹത്തെ കാണാമെന്ന് വെച്ചാൽ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുന്നില്ല. ഇതുവരെ വന്നിട്ട് സിംഹരാജനെ മുഖം കാണിക്കാതെ മടങ്ങുന്നതെങ്ങനെ? ആകെ മൊത്തം കൺഫ്യൂഷൻ.... ഹോട്ടലുകാരൻ ദൈവദൂതനെപ്പോലെ അവതരിച്ചത് അപ്പോഴാണ്. നാലുപേരുള്ള ഒരു ഫാമിലിക്കും ടിക്കറ്റ് വേണം, പണം അഞ്ചുപേരും കൂടി ഷെയറ് ചെയ്താൽ മതി. പക്ഷേ പകരം ഞാൻ രാത്രി ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. രാത്രി എന്നു വെച്ചാൽ പന്ത്രണ്ട് ഒരു മണി മുതൽ ക്യൂ നിൽക്കണം ആറരക്ക് ഗേറ്റ് തുറന്ന് ടിക്കറ്റ് തരും വരെ. അത് കേട്ടപ്പോൾ കൺഫ്യൂഷൻ കൂടി... ദൈവദൂതന്റെ വാക്കുകൾ അപ്പോൾ വീണ്ടും വന്നു... 500 രൂപ കൊടുത്താൽ അവൻ ക്യൂ നിന്നോളാം എന്നായിരുന്നു അത്. അപ്പോ പ്രശ്നത്തിനു ഒരു പരിഹാരമായി എല്ലാരേം പോലെ തന്നെ ഇവിടേം ദൈവദൂതൻ, കാശു കിട്ടിയാൽ ചുളുവിൽ കാര്യ സാദ്ധ്യം. എന്തായാലും സംഗതി കൊള്ളാം ഞാൻ 500 കൊടുത്താൽ മതി 6 മണി വരെ ഉറങ്ങുകയും ചെയ്യാം. എന്നാൽ പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ച് കിടക്കാൻ ഞാൻ തീരുമാനിച്ചു.
  
   ഭക്ഷണം കഴിക്കണമെങ്കിൽ എ ടി എം വരെ പോകണം കയ്യിൽ കാശൊന്നുമില്ല. ഏ ടി എം തപ്പി നടക്കുമ്പോൾ എതിരെ 10-15 പേർ നടന്ന് വരുന്നത് കണ്ടു. മലയാളം സംസാരിച്ച് കൊണ്ടാണ് വരവ്. നാട്ടിൽ നിന്നും വന്നവരാണെന്ന് കണ്ടിട്ട് തോന്നുന്നില്ല. ഗുജറാത്തികളുടെ പണത്തിനുള്ള ബുദ്ധിമുട്ട് മാറ്റാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണവർ. മലയാളികൾക്ക് മാത്രമല്ലല്ലൊ പണത്തിനു ബുദ്ധിമുട്ടുള്ളത്.  
ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സമയം ആറ് മണി പോയിട്ട് മൂന്നുപോലും ആയിട്ടില്ല. ക്യൂവിൽ നിൽക്കാമെന്നേറ്റവനാണ് വിളിക്കുന്നത്. പെട്ടെന്ന് വരാൻ, ക്യൂവിൽ അവൻ നിൽക്കുന്നത് പോലീസുകാരുകണ്ടാൽ ഇറക്കിവിടും പിന്നെ അവനെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല പോലും..

    ഒരോരൊ പണികൾ വരുന്ന വഴികളേ….. അഞ്ചൂറും പോയി ഉറക്കവും പോയി. അങ്ങനെ 3 മണി മുതൽ ഞാൻ തന്നെ ക്യൂവിൽ. ആദ്യത്തെ 15 വണ്ടികൾ  6:30നും അടുത്ത 15 വണ്ടികൾ 7:30 നും കയറ്റിവിടും, ആദ്യത്തേതിൽ പെട്ടാലെ കാര്യമുള്ളൂ. അതിൽ പോയാൽ സിംഹത്തെ കാണാൻ സാദ്ധ്യത കൂടുതൽ ആണല്ലോ. ആൾക്കാരുടേയും വാഹനങ്ങളുടേയും ബഹളമായാൽ സിംഹം ഉൾക്കാട്ടിലേക്കെങ്ങാൻ പോയാൽ പണി പാളിയില്ലേ

   ആർമിയിൽ നിന്നും വിരമിച്ചയാളായിരുന്നു എനിക്ക് തൊട്ട് മുൻപിൽ നിന്നിരുന്നത് ബൈക്കിലാണ് വന്നതെന്ന് പറഞ്ഞപ്പോൾ അയാൾക്കൊരു വിശ്വാസക്കുറവ്. ഒടുക്കം ഡി എൽ നമ്പറ് കാണിച്ച് കൊടുക്കേണ്ടി വന്നു സംശയം മാറാൻ. ദില്ലിയിലെത്തിയിട്ട് ബൈക്കെടുത്ത് ഒരു യാത്ര പോകണമെന്ന് ആത്മഗതം പോലെ പറയുകയും ചെയ്തു.
ആറരക്ക് തന്നെ സഫാരി തുടങ്ങി. മകനും മകളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ത്രിവേദി കുടുംബമായിരുന്നു കൂടെ ഉണ്ടായിരുന്നത്, ഞങ്ങളേയും ഡ്രവറേയും കൂടാതെ ഒരു ഗൈഡും ഉണ്ട് കൂടെ, ജീപ്പിന്റെ മുന്നിലെ സീറ്റിൽ ആദ്യം തന്നെ കയറി സ്ഥലമുറപ്പിച്ചിട്ടുണ്ട് കക്ഷി. സിംഹത്തെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എല്ലാവരുംഇതുവരെ ബിഗ് കാറ്റ് ഫാമിലിയിൽ പെട്ട ഒന്നിനേയും നേരിട്ട് കാണാൻ എനിക്ക് പറ്റിയിട്ടില്ല.. മൃഗശാലയിലല്ലാതെ. എന്റെ ക്യാമറക്ക് പിടി തരാൻ ആദ്യമായി വരുന്നത് വനരാജൻ തന്നെ ആവട്ടെ. ആയിരത്തിനാനൂറിൽ പരം കിലോമീറ്റർ വിസ്തൃതിയുണ്ട് ഗിർ ഫോറസ്റ്റിന്. വേട്ടയാടപ്പെട്ട് ഒരുകാലത്ത് വംശനാശ ഭീഷണിയിൽ എത്തിയിരുന്നു ഏഷ്യൻ സിംഹങ്ങൾ. അവയുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. ഇന്ന് ലോകത്ത് ഏഷ്യൻ സിംഹങ്ങൾ അവശേഷിക്കുന്നത് ഇവിടെ മാത്രമാണ്. ഇന്ന് നാനൂറിൽ പരം സിംഹങ്ങൾ ഉണ്ടിവിടെ. കാടിറങ്ങി ദ്യൂ കടപ്പുറം വരെ എത്താറുണ്ടത്രേ സിംഹങ്ങൾ.

    നല്ല തണുപ്പുള്ള പ്രഭാതം. മഞ്ഞ് പെയ്യുന്നുണ്ട്. മരങ്ങളെല്ലാം നനഞ്ഞാണ് നിൽക്കുന്നത്. ഇടക്ക് ഡ്രൈവർ വണ്ടി നിർത്തി ഇടത്തേക്ക് കൈ ചൂണ്ടി സിംഹമാണെന്ന് കരുതി ഞാനും ക്യാമറയൊക്കെ റെഡിയാക്കി നിന്നു. പുള്ളിമാനിന്റെ ഒരു പറ്റം ഭയപ്പാടൊന്നുമില്ലാതെ നിന്നു പുല്ലു തിന്നുന്നുണ്ട്. ഇടക്കിടെ ഒരൊരുത്തർ തലപൊക്കി ചുറ്റും നിരീക്ഷിക്കും വീണ്ടും തീറ്റ തുടരും.


ജീപ്പ് പിന്നെ നിർത്തിയത് കമലേശ്വർ ഡാമിന്റെ കാച്ച്മെന്റിലാണ്ജീപ്പിൽ നിന്നിറങ്ങാൻ ഗൈഡ് അനുമതി നൽകിവെള്ളത്തിൽ നിറയെ മീനുകളെ കാണാമായിരുന്നുഫോൺ വെള്ളത്തിൽ മുക്കി ഞാൻ ഒരു വീഡിയോ പകർത്തി
തെല്ലതിശയത്തോടെ ജീപ്പിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടി ഞാൻ ചെയ്യുന്നത് മാറി നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നുഞങ്ങളെ കൂടാതെ നാലു ജീപ്പിലെ ആളുകൾ കൂടി ഉണ്ടായിരുന്നു അവിടെഅഞ്ചു വാഹനങ്ങളുടെ മൂന്നു ഗ്രൂപ്പുകൾ ആക്കി മൂന്നു വഴിക്കായിരുന്നു യാത്ര തുടങ്ങിയത്സ്വന്തം വാഹനമുള്ളവർക്ക് അതുപയോഗിക്കാംബൈക്കൊഴികെചുറ്റിലും ഞാൻ കണ്ണുകൾക്കൊണ്ട് സിംഹത്തെ പരതുന്നുണ്ടായിരുന്നു.

    മുന്നിൽ ആകെ ബഹളം നടക്കുന്ന പോലെ ശബ്ദം. കുറെ ജീപ്പുകൾ ഞങ്ങൾക്ക് മുൻപിലായി നിർത്തിയിട്ടുണ്ട്. സിംഹത്തെ കണ്ടിട്ടാണതെന്ന് എനിക്ക് മനസ്സിലായി. 2 മിനുറ്റ് വീതം എല്ലാ ജീപ്പുകാരേയും അവിടെ നിർത്താൻ അനുവദിക്കുന്നുണ്ട്. ഫോറസ്റ്റ് ഗാർഡ് മാർ തിരക്കൊഴിവാക്കി എല്ലാവർക്കും കാണാൻ അവസരം ഒരുക്കി തന്നു. 18-135 ലെൻസ് വെച്ച് പറ്റാവുന്നത്രയും വലുതാക്കി സിംഹത്തെ ഞാൻ ക്യാമറയിൽ പകർത്തി. അദ്യമായി സിംഹത്തെ കാണുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ ആയിരുന്നു.


  രാജാവിനെ തിരഞ്ഞിറങ്ങി  രാജ്ഞിപ്പടകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഞാൻ ഒരുപാട് സന്തോഷിച്ചു. ഗിർ വനത്തിൽ സിംഹങ്ങളെ കാണാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. രണ്ട് സഫാരികൾ നടത്തിയാൽ ഒരെണ്ണത്തിലെങ്കിലും സിംഹത്തെ കാണാൻ കഴിയും. എനിക്കത് ആദ്യത്തേതിൽ തന്നെ പറ്റിഇതിൽ കണ്ടില്ലെങ്കിൽ രണ്ടാമത് നടത്താൻ ഒരു നിർവാഹവും ഇല്ലായിരുന്നു എന്നത് വേരൊരു സത്യം.

     തിരിച്ച് കാടിറങ്ങി സിങ് സദാൻ സാസൻ ഗിർ എന്ന ഗവണ്മെന്റ് ഗസ്റ്റ് ഹൌസിനു മുൻപിൽ ജീപ്പ് നിന്നു. ഗുജറാത്ത് ടൂറിസം ഡിപാർട്മെന്റിന്റെ കീഴിലുള്ളതാണീ ഗസ്റ്റ് ഹൌസ്. നൂറ് രൂപക്ക് ഡോർമിറ്ററി പ്രതീക്ഷിച്ചായിരുന്നു ഞാൻ വന്നത്. ദീപാവലിയുടെ കാര്യം കലണ്ടർ നോക്കി ശീലമില്ലാത്തത് കൊണ്ട് അറിഞ്ഞതുമില്ല

തിരിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ യാത്രയിൽ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി എന്നോട് ഞാനെടുത്ത വീഡിയോ അയച്ച് കൊടുക്കുമോ എന്നു ചോദിച്ചു.

സിംഹത്തിന്റെ ഫോട്ടോ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂഞാൻ പറഞ്ഞു.

   ഡാമിൽ വെച്ച് ഞാൻ എടുത്ത വീഡിയോ ആയിരുന്നു അവൾക്ക് വേണ്ടതെന്നവൾ വിശദീകരിച്ച് തന്നു. ഹണി ത്രിവേദി എന്ന ഒരു ആരാധിക കൂടി എക്സ്പീരിയ ഇസഡിനു ഞാൻ കാരണം ഉണ്ടായി..
   ചെന്ന് കിടന്ന് അധിക സമയം ആവുന്നതിനു മുൻപ് ഡോറിൽ മുട്ടു തുടങ്ങി. തുറന്ന് നോക്കിയപ്പോൾ ദൈവദൂതൻ നിൽക്കുന്നു, ഇന്നു പിശാചിന്റെ ചെറിയൊരു പതിപ്പാണെന്ന് മാത്രം. ഇന്ന് രാത്രി തങ്ങണമെങ്കിൽ ആയിരം രൂപ കൊടുക്കണം. അഞ്ചൂറു രൂപയ്ക്ക് തരുമ്പോൾ അവിടെ റൂമെല്ലാം ഒഴിവായിരുന്നു. ഞാൻ വന്നതിനു ശേഷമാണ് മുറിയെല്ലാം നിറഞ്ഞതെന്നും പിശാച് പറഞ്ഞു. ആയിരം തന്ന് നിൽക്കാൻ എനിക്ക് പറ്റില്ല ഞാൻ ഇറങ്ങി തന്നോളാമെന്നായി ഞാൻ, എണ്ണൂറ് രൂപ തന്നാൽ ഇന്നു രാത്രി കൂടി നിൽക്കാമെന്ന ഓഫർ എനിക്ക് വെച്ചു നീട്ടി കക്ഷിഒരു മണിക്കൂറിനുള്ളിൽ ഇറങ്ങി തന്നോളാമെന്ന് പറഞ്ഞ് വാതിലടച്ച് ഞാൻ കിടന്നുറങ്ങി.. അവൻ വീണ്ടും വന്ന് മുട്ടുന്നത് വരെ…