വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday, 15 March 2014

സ്വര്‍ഗത്തിലേക്കുള്ള വഴി

ഇന്ത്യയുടെ സിരകളിലൂടെ -2 

ആദ്യഭാഗം
   

      അലാറം വെച്ചാണ്‌ കിടന്നതെങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച് വൈകി. വല്ലാത്ത തലവേദന, പല്ലുവേദന കുറവില്ല താനും. കുറച്ചുനേരം അതെ കിടപ്പ് കിടന്നുനോക്കി. കിടന്നാല്‍ അതെ കിടപ്പ് ഉച്ചവരെ കിടക്കേണ്ടി വരും, അതുകൊണ്ട് ഒരു പ്രയോജനവും കിട്ടിലെന്ന് മാത്രമല്ല, എല്ലാ പരിപാടിയും താളംതെറ്റിപ്പോകുകയും ചെയ്യും. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് വേദനസംഹാരിയും അകത്താക്കി, ബൈക്കില്‍ സഞ്ചിയും കെട്ടി വച്ചപ്പോളേക്കും സമയം അഞ്ചു കഴിഞ്ഞു. ബില്‍ സെറ്റില്‍ ചെയ്തു വേഗം യാത്ര തുടങ്ങി. ഇന്നലെ റോഹ്താങ്ങ് പാസ്സില്‍ എത്തും മുന്‍പ് തന്നെ ഒരുകാര്യം മനസ്സിലായിരുന്നു, ഞാന്‍ കയ്യില്‍ കരുതിയിട്ടുള്ള കയ്യുറ വരും ദിവസങ്ങളില്‍ ഗുണം ചെയ്യാന്‍ ഇടയില്ല എന്ന്. അത് കൊണ്ട് തന്നെ  റോഹ്താങ്ങ് പാസ്സില്‍  കണ്ട വഴിയോര വാണിഭക്കാരിയായ അമ്മൂമ്മയില്‍ നിന്നും ഒരു കയ്യുറയും വാങ്ങിയാണ് യാത്ര തുടര്‍ന്നത്. രാവിലെ വിചാരിച്ച അത്ര തണുപ്പില്ല. എങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ തയ്യാറായി തന്നെയാണ് ഞാന്‍ വസ്ത്ര ധാരണം ചെയ്തിരിക്കുന്നത് വാട്ടര്‍പ്രൂഫ്‌ ജാകെറ്റ് അടക്കം മൂന്നുനാല് വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. വഴിയില്‍ തണുപ്പ് അസഹനീയമായി തോന്നിയാല്‍ നിര്‍ത്തി വസ്ത്രം മാറുക എന്നതൊന്നും നടക്കുന്ന കാര്യമല്ല. പിന്നെ തണുപ്പും ഞാനും ഒട്ടും ചേരുകയും ഇല്ല.    മങ്കിക്യാപ്എടുത്തു തലയില്‍ ഇട്ടു, ഹെല്‍മെറ്റ്‌ അതിനു മുകളില്‍ കൊള്ളുന്നില്ല തല മൂടാന്‍ ഹെല്‍മെറ്റ്‌ മതിയാകും കഴുത്തില്‍ കാറ്റടിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി മങ്കിക്യാപ് കഴുത്തില്‍ മാത്രമായി അണിഞ്ഞു. തുടക്കത്തില്‍ കാര്യമായ തണുപ്പ് തോന്നിയില്ല, ജിസ്പ എത്തും വരെ. കേയലോങ്ങില്‍ നിന്നു ഏകദേശം ഇരുപത്തിരണ്ടു് കിലോമീറ്റര്‍ അകലെയാണ് ജിസ്പ.  മണാലി ലേ ഹൈവേയില്‍ ആദ്യദിവസത്തെ താമസത്തിന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്ഥലമാണ്‌ ജിസ്പ .കേയലോങ്ങ്  പോലെ അല്ലെങ്കിലും ഒരു ഹോട്ടലും ടെന്റ് ചെയ്യാന്‍ സൌകര്യമുള്ള ഒരു മൈതാനവും ഇവിടെ ഉണ്ട്.  തണുപ്പ് ശരീരത്തിലെ മറ്റുഭാഗങ്ങളെ ബാധിച്ചിട്ടില്ല, പക്ഷെ കൈകള്‍ രണ്ടും വല്ലാതെ മരവിച്ചു. പ്രത്യേകിച്ചും വലത്തേ കൈ, ആക്സിലറേറ്റര്‍ പിടിക്കുന്നത് കൊണ്ട് അധികം അനക്കം തട്ടാത്തത് കൊണ്ടാവും. ബാഗിനകത്ത് വേറെയും രണ്ടു കയ്യുറകള്‍ ഉണ്ട് അതിലൊന്ന്‍ എടുത്ത് കയ്യില്‍ ധരിച്ചു, അതിനു മുകളിലായി ഇന്നലെ വാങ്ങിയ കയ്യുറയും. ഇതുവരെ ഏകദേശം നിരപ്പായ റോഡ്‌ തന്നെയായിരുന്നു. ഒരു വശത്തുകൂടി ഭാഗ നദി ഒഴുകുന്നുണ്ട്. കുറച്ചുകൂടി മുന്നോട്ട് പോയാല്‍ ഗ്രാമീണര്‍ താല്‍ക്കാലികമായി യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കുന്ന താമസസ്ഥലങ്ങള്‍ കാണാം ദര്‍ച്ച വില്ലേജില്‍.  അവിടെയൊന്നും ആരെയും കാണാനില്ല. സീസണ്‍ കഴിഞ്ഞത് കാരണം ഗ്രാമീണര്‍ എല്ലാം സ്ഥലം വിട്ടുകാണും. പിന്നീടങ്ങോട്ട് കയറ്റം തുടങ്ങുകയാണ്, പതിനൊന്നായിരം അടി ഉയരത്തിലുള്ള ദര്‍ച്ചയില്‍ നിന്നും പതിനാറായിരത്തി അഞ്ഞൂറിലേറെ അടി ഉയരത്തിലേക്ക്. ഇരുപത്തിയാറുകിലോമീറ്റര്‍ പിന്നിടുമ്പോള്‍  സിംഗ്സിംഗ് ബാര്‍ എന്ന സ്ഥലത്തെത്തും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പ്‌ ഇവിടെയുണ്ട്. സീസണില്‍ ആയിരുന്നെങ്കില്‍ ഇവിടെയും ഗ്രാമീണരെ കണ്ടേനെ. അവര്‍ ഉപേക്ഷിച്ചിട്ട് പോയ പലതും റോഡരികില്‍ കാണാമായിരുന്നു.


       വീണ്ടും ഒരു പതിനെട്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ആദ്യത്തെ ചുരം എത്തും. ബഡാ ലാചാ ലാ (Bara-lacha la) എന്ന് പേരിട്ടിട്ടുള്ള ഈ ചുരത്തിന്‍റെ  ഇരു വശങ്ങളില്‍ നിന്നുമായി രണ്ടു നദികള്‍ ഉത്ഭവിക്കുന്നു.  ഭാഗ നദിയും ചെനാബ് നദിയും. ഈ ചുരത്തില്‍ ഒന്നിലധികം നീരുറവകള്‍ റോഡിലൂടെ ഒഴുകുന്നുണ്ട്. വേനലിന്‍റെ തുടക്കത്തില്‍ ആണെങ്കില്‍ ഒരുപാട് ദൂരം അവ റോഡിലൂടെ ആണ് ഒഴുകുക. മഞ്ഞുരുകി വരുന്ന വെള്ളമാണിത്. ആദ്യത്തെ ഉറവ കാര്യമായ ബുദ്ധിമുട്ടില്ലാതെ ഞാന്‍ മുറിച്ചു കടന്നു. വെള്ളത്തിലൂടെ കുറച്ച ദൂരം ഓടിക്കണമെന്ന് മാത്രം. കുറച്ച് മുന്നോട്ട്  പോയപ്പോള്‍ വീണ്ടും വെള്ളം റോഡിലൂടെ ഒഴുകുന്നത് കണ്ടു. ബൈക്കിന്‍റെ വേഗത നന്നേ കുറച്ചാണ് ഞാന്‍ ഓടിക്കുന്നത്. ഒരുവശത്ത് അഗാധമായ കൊക്കയാണ്. മറുവശം പാറക്കെട്ടുകളും. ചുറ്റിലുമുള്ള ഭംഗി ആസ്വദിക്കുകയും വേണം എന്നാല്‍ ശ്രദ്ധയോടെ അല്ലാതെ ഒരു നിമിഷം പോലും വാഹനം ഓടിക്കാനും കഴിയില്ല. റോഡിന്‍റെ വശങ്ങളില്‍ അങ്ങിങ്ങായി മഞ്ഞു വീണു കിടപ്പുണ്ട്, കാലങ്ങളായി ഉരുകാതെ കിടക്കുന്നത് പോലെ മണ്ണും പൊടിയും പിടിച്ചുള്ള കിടപ്പാണ്. മുന്നിലുള്ള വെള്ളത്തില്‍ നോക്കിയപ്പോള്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.  വണ്ടി വീഴുംവരെ വെള്ളത്തിന്റെ മുകളിലത്തെ പാളി ഐസ് ആയി മാറിയത് എനിക്കൊട്ട് മനസ്സിലായതും ഇല്ല.  വേഗത കുറവായതിനാല്‍ വീഴ്ച കൊണ്ട് ഒന്നും പറ്റിയില്ല. പക്ഷെ, പെട്രോള്‍ അടക്കം ഇരുന്നൂറോളം കിലോ ഭാരം വരുന്ന വണ്ടിയില്‍ ഇരുപതു കിലോയോളം സാധനങ്ങള്‍ ഞാന്‍ കെട്ടി വച്ചിട്ടും ഉണ്ട്. എല്ലാത്തിലും ഉപരി തണുപ്പ്കൊണ്ട് കൈകള്‍ മടക്കാനും നിവര്‍ത്താനും പറ്റാത്ത വിധം ആയിരിക്കുന്നു. അഞ്ചു മിനിറ്റോളം എടുത്തു ഉന്തിയും തള്ളിയും വണ്ടി കരക്കടുപ്പിക്കാന്‍. ഇത്രയും ഉയരത്തില്‍ എത്തിയിട്ടും ശ്വാസം മുട്ടലോ വലിവോ ഒന്നും എനിക്കും വണ്ടിക്കും അനുഭവപ്പെട്ടില്ല എന്നത് തന്നെ വലിയ കാര്യം. കുറച്ചു നേരം വണ്ടി സ്റ്റാര്‍ട്ട്‌ആക്കി അടുത്തിരുന്ന് ചൂട് കൊണ്ടു.  കയ്യുറയില്‍ നിന്നും കൈ വലിച്ചൂരി എടുത്ത് പുകക്കുഴലിന്‍റെ അടുത്ത് കാണിച്ചു ചൂടാക്കി... ബാഗിന്‍റെ വശത്ത് വച്ചിരുന്ന കുപ്പികളില്‍ ഒരെണ്ണം എടുത്ത് വെള്ളം കുടിച്ചു.  മലകയറുമ്പോള്‍ വെള്ളം കുടിക്കല്‍ അനിവാര്യതയാണ്, നടന്നല്ല കയറുന്നതെങ്കില്‍ പോലും. കുറച്ച നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു.. പിടിച്ചതിനേക്കാള്‍ വലുതാണു മാളത്തില്‍ എന്ന് പറഞ്ഞപോലെ ആയി, മുന്നില്‍  നേരത്തെ കടന്നു വന്നതിനേക്കാള്‍ വലിയ നീരൊഴുക്ക്, വെള്ളത്തിന്‌ മുകളില്‍ മഞ്ഞിന്‍റെ പാളി വ്യക്തമായി കാണാം. വണ്ടി നിര്‍ത്തി ഞാന്‍ അടുത്ത് പോയി നോക്കി. അതിനെ മറികടക്കുക അല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല. വെള്ളത്തിന്‌ മുകളില്‍ കാണുന്ന മഞ്ഞിന്‍റെ പാളി ഷൂസ്കൊണ്ട് പൊട്ടിക്കാന്‍ ശ്രമം നടത്തി, വിജയിച്ചില്ല.  പിന്നെ രണ്ടും കല്പിച്ച് അതിനുമുകളിലൂടെ വണ്ടി ഓടിച്ചു. രണ്ടു തവണ ഐസിലും ഉരുളന്‍ കല്ലുകളിലും തട്ടി വണ്ടി മറിഞ്ഞു വീണെങ്കിലും പരുക്കുകള്‍ ഒന്നും പറ്റാതെ അതും കടന്നു പോയി. സൂര്യന്‍ ഉദിച്ചുയരുന്നതേ ഉള്ളൂ, കുറച്ചുകൂടി കഴിഞ്ഞാണ് വരുന്നതെങ്കില്‍ ഒരുപക്ഷെ എനിക്കിത്ര ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു എന്ന് തോന്നി അപ്പോള്‍. ക്ഷീണം മാറ്റാന്‍ കുറച്ച നേരം വീണ്ടും വിശ്രമിച്ചു. കൊടും തണുപ്പില്‍ ചെറിയ ജോലിപോലും ഭാരിച്ചതായി തോന്നി.
ചുരം കടന്നു സര്‍ചുവിലേക്കുള്ള യാത്രയില്‍ പിന്നെയും നീരുറവകള്‍ റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അവയൊന്നും എന്നെ ബാധിക്കുന്ന വിധത്തിലുള്ളവയായിരുന്നില്ല. പത്തുനാല്പത് കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ മല നിരകള്‍ക്കിടയില്‍ വിശാലമായ ഒരു സ്ഥലം കണ്ടു, മുകളിലായി ഒരു വലിയ ബോര്‍ഡും; സര്‍ചു.ഗ്രാമീണര്‍ ഉപേക്ഷിച്ച് പോയതെന്ന് തോന്നിക്കുന്ന ചില  ഷെഡുകള്‍ കാണുന്നുണ്ട് ഒരുവശത്ത്. സമയം പത്തുമണിയോടടുക്കുന്നതെ ഉള്ളൂ. റോഡില്‍ നിന്നും ഇറക്കി വണ്ടി നിര്‍ത്തി കയ്യുറയില്‍ നിന്നും കൈകള്‍ പുറത്തെടുത്തു. മരവിച്ചു മടക്കാനും നിവര്‍ത്താനും കഴിയാത്ത പരുവത്തില്‍ ആയിരിക്കുന്നു രണ്ട് കൈകളും.  ചൂടുപകരാന്‍ വണ്ടിയുടെ അടുത്ത് തന്നെ ഇരുന്നു കുറെ നേരം. അന്തരീക്ഷം പക്ഷെ അത്ര കണ്ട് തണുത്തല്ല ഇരിക്കുന്നത്. പക്ഷെ വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റാണ് തണുപ്പിനെ അസഹനീയം ആക്കി മാറ്റുന്നത്. ഭാഗനദിയുടെയും ചെനാബ് നദിയുടേയും അരികിലൂടെ കടന്നു വന്ന വഴികള്‍ നല്‍കിയ യാത്രാനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയാണ്.  കേയലോങ്ങിലെ ഹോട്ടലിലെ ജോലിക്കാരന്‍ പറഞ്ഞപോലെ നേരത്തെ ഇറങ്ങാന്‍ തോന്നിയതിനെ മനസ്സാ നമിച്ച്, കയ്യില്‍ കരുതിയിരുന്ന ആപ്പിളും പഴവും ജ്യൂസും അകത്താക്കി. പ്രകൃതിയുടെ വശ്യമനോഹാരിതയെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു.

ഹിമാചല്‍‌പ്രദേശ് ഇവിടെ അവസാനിക്കുകയാണ്,  കശ്മീര്‍ താഴ്വര ഇവിടെ  തുടങ്ങുന്നു.ഇരുനൂറ്റിയമ്പതിലധികം കിലോമീറ്റര്‍ ഇനിയും പോകാനുണ്ടെന്ന് വിളിച്ചോദിക്കൊണ്ട് തലയ്ക്കു മുകളില്‍ ബി.ആര്‍.ഓ.യുടെ ബോര്‍ഡ് കാണാം. അരമണിക്കൂര്‍ അവിടെ ഞാന്‍ ചിലവിട്ടു. ലേയിലേക്ക് പെട്രോളും പാചകവാതകവും മറ്റും കൊണ്ടുപോയി തിരിച്ചു വരുന്ന ടാങ്കര്‍ ലോറികള്‍ എന്നെക്കടന്നു പോയി.അരക്കിലോമീറ്റര്‍ സഞ്ചരിച്ചു കാണില്ല, ഒരു ഹെയര്‍പിന്‍ വളവ് തിരിഞ്ഞതും മുന്നില്‍ അതാ ചെറിയ ടെന്റുകള്‍. എന്നെ കടന്നുപോയ ചില വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്. സ്കോര്‍പിയോ ബൊലേറോ തുടങ്ങിയ വാഹനങ്ങള്‍. ബൈക്ക് നിര്‍ത്തി ഞാന്‍ ഇറങ്ങി ഒരു കടയില്‍ കയറി മാഗ്ഗി ഓര്‍ഡര്‍ ചെയ്തു.. (വേറെ ഒന്നും കിട്ടാനില്ല).മാഗിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് നടന്നു വരുന്നത് ഞാന്‍ കണ്ടു. കടയിലേക്കാവുമെന്നാണ് ഞാന്‍ കരുതിയത്.  ബൈക്കില്‍ വന്നത് ഞാന്‍ തന്നെ ആണോ എന്നുറപ്പ് വരുത്താനുള്ള വരവായിരുന്നു അത്. എന്‍റെ ഭ്രാന്തിനെ അഭിനന്ദിച്ച്, ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് അയാള്‍ തിരിച്ചു നടന്നു. പേരോ നാടോ ഒന്നും പരസ്പരം ചോദിച്ചതുമില്ല....
ഷെഡിനകത്ത് അത്യാവശ്യം സ്ഥലമുണ്ട്, വൃത്തിയായി താന്നെ എല്ലാം വെച്ചിട്ടുണ്ട്. കിടക്കാനായി ഒരുവശത്ത് മണ്ണിട്ട്‌ ഉയര്‍ത്തി മുകളില്‍ പായയും അതിനുമുകളില്‍ കമ്പിളികളും വിരിച്ചിട്ടിരിക്കുന്നു. പുതയ്ക്കാനുള്ള കമ്പിളികള്‍ ഒരുവശത്ത് അടുക്കി വെച്ചിട്ടുണ്ട്. ഷെഡിനകത്ത് ചൂടാക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഒരുമാസം മുന്‍പായിരുന്നു ഞാന്‍ ഇതുവഴി കടന്നു പോകുന്നതെങ്കില്‍ ഇവിടെയെല്ലാം ഒരുപാട് യാത്രികരെ ഞാന്‍ കണ്ടു മുട്ടുമായിരുന്നു. അകത്ത് തന്നെ ഒരുഭാഗം മറച്ചു അടുക്കള പോലെ ഉണ്ടാക്കിയിട്ടുണ്ട്. ബിസ്ക്കറ്റ്, മിഠായി തണുപ്പിനു വേണ്ടിയുള്ള അത്യാവശ്യം വസ്ത്രങ്ങള്‍ തുടങ്ങിയവയും വിലപ്പനക്കായി അവര്‍ ഒരുക്കിയിട്ടുണ്ട്.കുടിവെള്ളത്തിന്‍റെ കുപ്പികള്‍ കയറില്‍ തൂങ്ങി ആടുന്നുമുണ്ട്.
മാഗി കഴിച്ചു ഒരു ചായയും  കുടിച്ച് പുറത്തിറങ്ങുമ്പോള്‍ സമയം പത്തര. എട്ടു മണിക്കൂര്‍ മുന്നിലുണ്ട്, ഇരുനൂറ്റിയമ്പതോളം കിലോമീറ്ററും. ഒന്നുകില്‍ നാളെ വീണ്ടും തുടങ്ങണം, അതിലും നല്ലത് ഇന്ന് തന്നെ യാത്ര തുടരുന്നതാണെന്ന് എനിക്കപ്പോള്‍ തോന്നി. സര്‍ച്ചുവില്‍ നിന്നും പങ് വരെയുള്ള എണ്‍പത് കിലോമീറ്റര്‍ ദൂരം തകര്‍ന്നു തരിപ്പണമായ തരത്തില്‍ ആയിരുന്നു... ഇടയ്ക്കിടെ റോഡുപണി നടക്കുന്നുണ്ട്.ബി.ആര്‍.ഓ.യുടെ റോഡുകളുമായി ഞാന്‍ അപ്പോഴായിരിക്കും പ്രണയത്തില്‍ ആയത്. ഓരോവര്‍ഷവും കഴിയുന്നിടത്തോളം റോഡുകള്‍ അവര്‍ നന്നാക്കുന്നുണ്ട്. ചെറിയൊരു പ്രകൃതിക്ഷോഭം മതി എല്ലാം അവതാളത്തില്‍ ആക്കാന്‍. ഇരുവശത്തും ഹിമാലയന്‍ മല നിരകള്‍ പല നിറത്തില്‍ കലാകാരന്‍  ചായം നിറച്ചു വരച്ചു വച്ചത് പോലെ. നീലാകാശം അതിനു ചാരുത പകരാന്‍ കൂടെത്തന്നെ എപ്പോളുമുണ്ട്. എത്ര ആസ്വദിച്ചാലും മതിവരാത്ത യാത്രയായിരുന്നു അത് സമ്മാനിച്ചത്. മൂന്ന് മണിക്കൂര്‍ എടുത്തു  പങില്‍ എത്താന്‍. രണ്ടു ചുരങ്ങള്‍ കടന്നാണീ യാത്ര. നാകീലയും ലച്ചുലുങ്ങ് ലയും (Nakee La pass and Lachulung La ).  ഇരുപത്തി രണ്ടു ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് ഈ വഴിയില്‍. പങിലെ  ചെക്പോസ്റ്റില്‍ ആരുമില്ലായിരുന്നു. പങിലെ മാത്രമല്ല, വഴിയിലുടനീളം ഇത് തന്നെ ആയിരുന്നു അവസ്ഥ.പങ് കഴിഞ്ഞാല്‍ പിന്നെ നാല്‍പതു കിലോമീറ്റര്‍ നിരപ്പായ റോഡ്‌ ആണ്.. നീളത്തില്‍ ഒരു വര വരച്ചപോലെ. മലനിരകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന ഈ പ്രതലം സമുദ്രനിരപ്പില്‍ നിന്നും പതിനയ്യായിരം അടി ഉയരത്തിലാണ്. ഇതിനെ നടുകെ പിളര്‍ത്തുകൊണ്ടാണ് റോഡ്‌ കടന്നുപോകുന്നത്.  Sumkhel Lungpa river ന്‍റെ അരികിലൂടെ കടന്നുപോകുന്ന റോഡിലെ ഭാഗങ്ങള്‍ അവര്‍ണനീയമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുവഴി കടന്നു പോയില്ലെങ്കില്‍ അതൊരു തീരാനഷ്ടമാകും.

പിന്നീടങ്ങോട്ട് കയറ്റമാണ്, ടാഗ്  ലാങ്ങ്  ലാ വരെ.  പതിനേഴായിരത്തി അഞ്ഞൂറില്‍ പരം അടി ഉയരത്തിലൂടെ കടന്നുപോകുന്ന ഈ ചുരം ലോകത്തിലെ രണ്ടാമത്തെ വാഹനമോടിക്കാന്‍ കഴിയുന്ന രണ്ടാമത്തെ ഉയരം കൂടിയ ചുരമായി അറിയപ്പെടുന്നു. അവിടെ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീശിയടിക്കുന്ന കാറ്റും മരവിച്ച കൈകളും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ലെയിലേക്കുള്ള വഴിയിലെ അവസാന ചുരവും വെയിലുമായും മുന്‍പ് മറികടക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്‍റെ ഇന്നത്തെ യാത്ര മുഴുവന്‍.  ഫോട്ടോ എടുക്കാനും കൈ ചൂടാക്കാനും പലതവണ നിര്‍ത്തിയതൊഴിച്ചാല്‍ സമയം ഒട്ടും കളയാതെയുള്ള യാത്ര ആയിരുന്നു ഇതുവരെ.  ടാഗ്  ലാങ്ങ് ലാ എത്തുന്നതിന് 45 കിലോമീറ്റര്‍ മുന്‍പ് വലത്തോട്ടു തിരിഞ്ഞുപോയാല്‍ കര്‍ തടാകവും മോരിരി തടാകവും കാണാം. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തിലാണ് മോരിരി തടാകം കുടികൊള്ളുന്നത്.  പത്തൊന്‍പത് കിലോമീറ്റര്‍ നീളം ഉണ്ട് ഈ തടാകം. ലേ മണാലി ഹൈവേയില്‍ നിന്നും 95കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തുകയുള്ളൂ. മറ്റൊരവസരത്തില്‍  ആയിരുന്നെങ്കില്‍ ഞാന്‍ ബൈക്ക് അത് വഴി തിരിച്ചു വിട്ടേനെ!
ചുരം കടന്ന്‌ കഴിഞ്ഞ് പിന്നെ അവരോഹണമാണ്. വഴിയിലുടനീളം വളവുകള്‍ ഉണ്ടെങ്കിലും താരതമ്യേന സുഖകരമായി കടന്നുപോകാവുന്ന വഴിയായിരുന്നു, റോഡ്‌ നിര്‍മാണത്തിനായി കല്ല്‌ പതിച്ച ചുരുക്കം ചില സ്ഥലങ്ങള്‍ ഒഴിച്ചാല്‍.

വേദന സംഹാരിയുടെ ഫലം കഴിഞ്ഞു തുടങ്ങിയതും അപ്പോളാണ്. വയറുകാലി ആയതിനാല്‍ അടുത്ത വിഹിതം കഴിക്കാനും പറ്റില്ല. അവസാനത്തെ മണിക്കൂറുകളിലെ യാത്ര വേദന കടിച്ചു പിടിച്ചായിരുന്നു.  ഉപാഷിക്കടുത്തുള്ള ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങുമ്പോള്‍ തലകറങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ആരോ എന്നെ വലിച്ചു കൊണ്ടുപോകും പോലെ ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിന്നു.
ഉപാഷിയിലെത്തുമ്പോള്‍ ലേ എന്ന മലയോരനഗരത്തെ  മരുഭൂമിയാകാതെ കാത്തു സൂക്ഷിക്കുന്ന സിന്ധു നദിക്കരയിലൂടെയാവും പിന്നീടുള്ള യാത്ര. ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ളതും ചൈന ടിബറ്റില്‍ നിന്നും ഉത്ഭവിച്ചു ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകി അറബിക്കടലില്‍ പതിക്കുന്നതുമായ നദിയാണ് സിന്ധു.എഴുമണിയോടടുത്ത് ലേയില്‍ എത്തിച്ചേരുമ്പോളേക്കും ഞാന്‍ നന്നേ ക്ഷീണിച്ചിരുന്നു. പതിമൂന്നു മണിക്കൂര്‍ നീണ്ട യാത്ര. ശ്രീനഗറില്‍ പ്രീപെയ്ഡ് മൊബൈലിനു റോമിംഗ് ഇല്ല എന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ജമ്മു കശ്മീര്‍ മുഴുവന്‍ ഈ നിരോധനം നിലവിലുണ്ടെന്ന്‍ അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇടത്തരം ഹോട്ടലുകളൊന്നില്‍ റൂം കിട്ടുന്നതിനു മുന്‍പ് എത്രയിടത്ത് ഞാന്‍ കേറിയിറങ്ങി എന്നെനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. സീസണ്‍ അവസാനിച്ചതിനാല്‍ ഒരുവിധം ഹോട്ടലുകള്‍ എല്ലാംതന്നെ അടച്ചിട്ടിരിക്കുകയാണ്. റൂമില്‍ എത്തി ജീന്‍സ് അഴിക്കുമ്പോളാണ് കാലിന്റെ മുട്ട് രാവിലത്തെ വീഴ്ചകളില്‍ എപ്പോഴോ മുറിഞ്ഞത് ഞാന്‍ അറിയുന്നത്. കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരിക്കും. അത്രക്ക് ക്ഷീണിതനായിരുന്നു ഞാന്‍ അപ്പോള്‍.


സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടുനിറഞ്ഞതുമാണ്, അതിത്ര സുന്ദരമാണെന്നറിയുന്നത് ഇപ്പോള്‍മാത്രമാണ്!!!!

തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....  

31 comments:

 1. കലക്കീട്ടോ.. സൂപ്പര്‍ കാദര്‍

  ReplyDelete
 2. വേഗം വായിച്ചു തീർനതു പോലെ ..ബാകി പോരട്ടെ

  ReplyDelete
  Replies
  1. വേഗം എഴുതി തീരുന്നില്ല... അതാ വരാന്‍ കുറച്ച് പാട്..

   Delete
 3. എന്നെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ യാത്രയാണിത് - നന്മനിറഞ്ഞ ഒരു അസൂയയുണ്ട് താങ്കളോട് - ഇത്തരമൊരു യാത്രചെയ്യാനുള്ള മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല -

  ReplyDelete
  Replies
  1. നന്ദി മാഷെ.... മാഷേപ്പോലുള്ളവരാണെനിക്ക് പ്രജോദനം,,,

   Delete
 4. Yathravivaranam thudarumallo alle....... adutha vivaranam vayikanai nokiyirikkunnu

  ReplyDelete
  Replies
  1. തുടരും.. സമയമെടുത്താണെങ്കിലും...

   Delete
 5. ഇങ്ങനെയൊരു യാത്ര .....
  ആരും ആഗ്രഹിക്കുന്നത് ....
  അസൂയ ഉളവാക്കുന്നത് .....
  ഇനിയും ആസ്വദിച്ച് ദൂരങ്ങൾ താണ്ടാൻ ..... ആശംസകൾ

  ReplyDelete
  Replies
  1. ആരിഫ്ക്കാ... ഇങ്ങളൊന്നും സപ്പോര്‍ട്ട് ചെയ്തില്ലായിരുനെങ്കില്‍ ഒരിക്കലും സാധിക്കില്ലായിരുന്നു.. ഇതുവരെപ്പോലും...

   Delete
 6. വായിച്ചു, അടുത്തതിനായി കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. വരും വരുന്നു... വന്നു....നന്ദി....

   Delete
 7. ആകാശത്തിന്റെയും ഭൂമിയുടെയും ആകര്‍ഷകമായ മുഖഭാവങ്ങള്‍ ..മനോഹരമായ യാത്ര..ഒപ്പം കൂടുന്നു..

  ReplyDelete
  Replies
  1. നന്ദി... സന്തോഷം പങ്കിടുമ്പോള്‍ വര്‍ദ്ധിക്കും എന്നാണല്ലോ....

   Delete
 8. വായിച്ചു ത്രില്ലടിച്ചു.
  അപ്പോള്‍ യാത്രചെയ്ത താങ്കളുടെ കാര്യം പറയണോ അല്ലേ...

  ReplyDelete
 9. ശ്രദ്ധ മുഴുവന്‍ യാത്രയില്‍ കേന്ദ്രീകരിക്കുമ്പോള്‍ പല്ലുവേദനയും മറ്റും അവഗണിക്കുന്നു അല്ലേ?
  യാത്രാവിശേഷം മനോഹരം!
  ആശംസകള്‍

  ReplyDelete
 10. അസൂയിച്ച് ഞാന്‍ വായന തുടരുന്നു.
  വളരെ മികച്ച നിലവാരത്തിലാണ് വിവരണം

  അവസാനത്തെ “സ്വര്‍ഗത്തിലേയ്ക്കുള്ള വഴി“യെപ്പറ്റി എഴുതിയത് നല്ലോണം ഇഷ്ടപ്പെട്ടു കേട്ടോ!

  ReplyDelete
 11. വായിച്ചവര്‍ക്കും വിലപ്പെട്ട അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി...

  ReplyDelete
 12. വായിച്ചവന് തന്നെ തണുപ്പും, കാറ്റുമൊക്കെ അനുഭവപ്പെടുന്നുണ്ട്. പോട്ടെ വണ്ടി മുന്നോട്ട്

  ReplyDelete
 13. ഒരു ഹിമാലയം യാത്രക്കായുള്ള തയാറെടുപ്പിനിടയിലാണ് ഈ ബ്ലോഗ്‌ ശ്രെധയിൽ പെട്ടത് ... കൊള്ളാം .. യാത്ര കുറേകൂടെ മുൻപേ വേണ്ടതായിരുന്നു
  എന്നു തോന്നി

  ReplyDelete
 14. കൊതിപ്പിക്കുന്ന യാത്രാനുഭവങ്ങള്‍ :)

  ReplyDelete
 15. super aayittundu ...wht about the ThunderBird 500...comfortable....give some feedback..plaaning to buyOne RETB 500

  ReplyDelete
 16. സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടുനിറഞ്ഞതുമാണ്, അതിത്ര സുന്ദരമാണെന്നറിയുന്നത് ഇപ്പോള്‍മാത്രമാണ്!!!!

  ReplyDelete
 17. Amazing writing. സത്യം പറഞ്ഞാ ഇപ്പോഴാണ് ഇത് വായിക്കുന്നത്. കർ തടാകത്തിലേക്കും മൊരിരിയിലേക്കും ഉള്ള diversion വരുന്നത് Debring എന്ന് പറയുന്ന സ്ഥലത്തു നിന്നാണ്. Upshiയിൽ നിന്നും മൊരിരിയിലേക്ക് വഴിയുണ്ട്.

  ReplyDelete
 18. തങ്ങള് ശെരിക്കും ഒരു സംഭവമാണ്... എഴുത്ത് വളരെ മനോഹരമാണ് ഫോട്ടോസും കൊള്ളാം

  ReplyDelete
 19. പാന്ഥാ ,പാന്ഥനൊരു മഹാസംഭവം തന്നെ..

  ചിത്രങ്ങളെല്ലാം കൊതിപ്പിക്കുന്നു.

  റോഡിൽ വീഴിച്ച മഞ്ഞുപാളിയുടെ ചിത്രങ്ങളും കൂടി ആകാമായിരുന്നു.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D