വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Friday, 4 April 2014

തടാക നഗരിയിലേക്ക്ഇന്ത്യയുടെ സിരകളിലൂടെ - 4

ആദ്യഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം   പതിവുപോലെ രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയാണ് കിടന്നത്... രാവിലത്തെ തണുപ്പ് പതിവു തെറ്റിച്ചില്ല എഴുന്നേറ്റപ്പോള്‍ സമയം എട്ട് കഴിഞ്ഞു.. പെട്ടെന്ന് തന്നെ ദിനചര്യകള്‍ തീര്‍ത്ത് ബാഗും മറ്റും വണ്ടിയില്‍ കെട്ടി വെച്ച് യാത്രയ്ക്ക് ഒരുങ്ങി... ബൈക്കിന്റെ ചങ്ങല പൊടിയും ചളിയും പിടിച്ച് ഉണങ്ങിയ പരുവത്തിലായിരിക്കുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ല. ഓയില്‍ ഇട്ട് അതിനെ ഒന്നു മൃദുവാക്കിയേ  പറ്റൂ.. മണാലിയില്‍ നിന്നും കുറച്ച് ദിവസം മുന്‍പ് ചെയ്തതേ ഉള്ളൂ എങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ യാത്രയില്‍ വീണ്ടും ചളി പിടിച്ചതാണ്. എല്ലാം കഴിഞ്ഞ് സ്വപ്നനഗരിയോട് യാത്ര പറയുമ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു. 420 കിലോമീറ്റര്‍ അകലെയാണ് ശ്രീനഗര്‍. ഒരു ദിവസം കൊണ്ട് അത്രയും ദൂരം ഓടിച്ചെത്താമെന്ന വ്യാമോഹമൊന്നും എനിക്കില്ല. ലേ-മണാലി ഹൈവേയുടെ അത്ര മനോഹരവും അപകടം നിറഞ്ഞതും അല്ലെങ്കിലും ഒരുപാട് ഹെയര്‍പിന്‍ വളവുകളും ചുരങ്ങളും മോശം റോഡുകളും താണ്ടി വേണം ശ്രീനഗറില്‍ എത്താന്‍. ലേ-കാര്‍ഗില്‍-ശ്രീനഗര്‍ ഹൈവേയുടെ ഏകദേശം മധ്യഭാഗത്തായാണ് കാര്‍ഗില്‍ സ്ഥിതി ചെയ്യുന്നത്, ലേയില്‍ നിന്ന് 215കിലോമീറ്റര്‍ കൃത്യമായി പറഞ്ഞാല്‍.

ലേയില്‍ നിന്നു നാഷണല്‍ ഹൈവേ ഒന്നു ഡിയില്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ ഇടത് വശത്തായി എയര്‍പോര്‍ട്ട് കാണാം. വായുസേനക്കും, സൈനികേതര ആവശ്യങ്ങള്‍ക്കും ഇതേ എയര്‍പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. സിന്ധു നദിക്കരയിലൂടെയാണ് പിന്നെ യാത്ര. കുറച്ച് മുന്നോട്ട്  പോകുമ്പോള്‍ അദ്യത്തെ ഹെയര്‍ പിന്‍ വളവ് വരും അതു കയറിയ ഉടന്‍ ഇടത് വശത്തായി ഇന്‍ഡൈന്റെ ബോട്ടിലിങ്ങ് പ്ലാന്‍റ് കാണാം. ശൈത്യകാലം കഴിയുംവരേക്കുള്ള ഇന്ധനം ഇപ്പോഴെ അവര്‍ ശേഖരിച്ച് വക്കും.തണുപ്പ് കാലത്ത് ലേ മുഴുവനായും ഒറ്റപ്പെട്ട് കിടക്കുകയായിരിക്കും..


NH-1D
ആദ്യത്തെ തൊണ്ണൂറു കിലോമീറ്റര്‍ ദൂരം സിന്ധു നദിക്കരയിലൂടെയാണ് യാത്ര. നദി പിന്നെ വഴിപിരിഞ്ഞ്   മറ്റൊരു സ്വപന നഗരിയായ സ്കാര്‍ദു  ഉള്‍പ്പെടുന്ന പാക് അധിനിവേശ കാശ്മീരിലേക്ക് കടക്കും. ഇന്‍ഡസ് വാലിയിലൂടെ കടന്ന് സിന്ധു നദി പിന്നീട് പാകിസ്താനിലേക്കൊഴുകും, അവിടെ നിന്നു അറബിക്കടലിലേക്കും. ഇന്ത്യക്കാരനു എത്തിപ്പെടാന്‍ കഴിയാത്ത കാശ്മീരിലെ മറ്റൊരു സ്ഥലമാണ് സ്കാര്‍ദു.നുര്‍ല, ലാമയാരു, നുനാംചെ തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് വേണം കാര്‍ഗിലില്‍ എത്താന്‍. ഇന്നത്തെ രാത്രി കാര്‍ഗിലില്‍ തങ്ങാനാണ് എന്റെ തീരുമാനം. ലേ-കാര്‍ഗില്‍ റോഡില്‍ 110കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ലാമയാരു എത്തും രാത്രിതാമസത്തിനും ഉച്ചഭക്ഷണം കഴിക്കാനുമൊക്കെ പറ്റിയ ഒരു ഇടത്താവളം ആണു ലാമയാരു. എനിക്ക് വിശപ്പ് തോന്നിത്തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് അവിടെ വാഹനം നിര്‍ത്താതെ ഞാന്‍ യാത്ര തുടര്‍ന്നു.

രണ്ട് ചുരങ്ങളാണ് കാര്‍ഗിലിനു മുന്‍പ്  ഈ വഴിയില്‍ ഉള്ളത് ലേയില്‍ നിന്നു 125കിലോമീറ്ററോളം അകലത്തുള്ള ഫോടുലായും 160കി.മി ദൂരെയുള്ള നമികലായും. ഇതില്‍ ഉയരം കൂടിയ ഫോടുലാ സമുദ്രനിരപ്പില്‍ നിന്നും 13500 അടി ഉയരത്തിലാണ്. ലേ-മണാലി റോഡുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയരം കുറഞ്ഞ ചുരം എന്നു തന്നെ പറയാം, തന്നേയുമല്ല മഞ്ഞിന്റെ പൊടിപോലുമില്ല ഈ വഴിയില്‍ എങ്ങും.


ഉച്ച ഭക്ഷണം കഴിക്കാന്‍ വഴിയില്‍ കണ്ട ഒരു ചെറിയ ഭക്ഷണശാലയില്‍ കയറി. നൂഡില്‍സ് മാത്രമേ ഉള്ളു അവിടെ. മുട്ടപൊരിച്ചതും നൂഡില്‍സും ഞാന്‍ ഓര്‍ഡര്‍ ചെയ്തു. വിദേശികളായ രണ്ട്പേരെ ഞാന്‍ അവിടെകണ്ടു കൌതുകം തോന്നിയത് ബൈക്കിലോ കാറിലോ ഒന്നുമല്ല അവരുടെ യാത്ര. രണ്ട് സൈകിളുകളിലായാണ്. ദമ്പതികളെന്നു തോന്നിച്ച അവരോട് ഞാന്‍ സംസാരിക്കാന്‍ തീരുമാനിച്ചു. ഫിന്‍ലാന്‍ഡ്‍കാരാണവര്‍. ലേയില്‍ നിന്നു ഇന്നലെ  പുറപ്പെട്ടു. ലാമയാരുവിലായിരുന്നു ഇന്നലത്തെ പൊറുതി. അവരുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോള്‍ തന്നെ അവര്‍ യാത്ര തുടര്‍ന്നു, ഹൃദ്യമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച്.


സന്ധ്യയോടടുത്തു ഞാന്‍ കാര്‍ഗിലില്‍ എത്തുമ്പോള്‍. സുരു നദിയുടെ കരയിലാണ് കാര്‍ഗില്‍ നിലകൊള്ളുന്നത്. മറ്റൊരു അവസരത്തില്‍ ആയിരുന്നെങ്കില്‍ അവിടെ നിന്നു നേരെ സന്‍സ്കാറിലേക്ക്  തിരിഞ്ഞു യാത്ര തുടര്‍ന്നേനെ.. ഒരിക്കലും കണ്ട് മതിവരാത്തത്ര സുന്ദരമാണ് ലഡാക്ക്. ജമ്മു കാശ്മീര്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ  ഗസ്റ്റ് ഹൌസ് തിരഞ്ഞ് നടന്നു കുറച്ച് സമയം, കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ രാത്രി തലചായ്ക്കാന്‍ മറ്റൊരിടം തേടി നടന്നു, പലയിടങ്ങളില്‍ കയറി ഇറങ്ങേണ്ടിവന്നു ഒരു സ്ഥലം തരപ്പെടാന്‍. പലയിടങ്ങളിലും മുറികള്‍ ഒഴിവില്ല. ചില ഇടങ്ങള്‍ സീസണ്‍ കഴിഞ്ഞതിനാല്‍ അടച്ചിട്ടിരികുകയാണ്.  എവിടെയോ നേരത്തെ വായിച്ചത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു, ലേയില്‍ നിന്നു കാര്‍ഗിലില്‍ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുക ബുദ്ധമത വിശ്വാസികള്‍ പാര്‍ക്കുന്ന ശാന്തമായ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്ന് നാഗരികതയുടെ ധൃതിപിടിച്ച ജീവിതത്തെയാണു. തിക്കും തിരക്കും ആള്‍ക്കൂട്ടവും എവിടേയും കാണം.. ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി ഞന്‍ വേഗം പുറത്തിറങ്ങി.

കഫേയില്‍ കയറി കുറച്ച് നേരം അവിടെ ഇരുന്ന് പുറത്തിറങ്ങിയപ്പോളേക്കും ആകാശം ഇരുണ്ടു കഴിഞ്ഞിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്, കുളിച്ച് കഴിഞ്ഞപ്പോള്‍ തീരെ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സോക്സ്പോലും ഇടാതെയാണ് ഞാന്‍ നടക്കാന്‍ ഇറങ്ങിയത്.  ഇരുട്ടിയതും തണുപ്പ് ആക്രമണം തുടങ്ങി.... ഭക്ഷണം കഴിച്ചേ തിരിച്ച് റൂമില്‍ കയറുന്നുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. തെരുവ് ഭക്ഷണം കഴിക്കാന്‍ ആയിരുന്നു തീരുമാനം. യാത്ര തുടങ്ങിയത് മുതല്‍ വല്ലാത്തൊരു ഓട്ടപ്പാച്ചില്‍ ആയതുകൊണ്ട് അതിനിതുവരെ സമയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഫ് കബാബ് കഴിച്ചു കൊണ്ടിരിക്കേ തെരുവു വിളക്കുകളെല്ലാം അണഞ്ഞു, ഇവിടെ ഇതു പതിവാണത്രേ... ഇടക്കിടെ ഉള്ള ഈ പവര്‍ക്കട്ട്. നാലു റോഡുകള്‍ ചേരുന്ന ഒരിടത്താണ് ഞാന്‍ നില്‍ക്കുന്നത് രണ്ട് വണ്ടിക്ക് ഒരുമിച്ച് കടന്നുപോകാനുള്ളവീതി റോഡുകള്‍ക്കില്ല... അതുകൊണ്ട് തന്നെ സദാസമയം ട്രാഫിക് പോലീസ് അവിടെ ഉണ്ടാവും, പോരാത്തതിനു എല്ലായിടത്തും പട്ടാളക്കാരുമുണ്ട് കയ്യില്‍ എടുത്താല്‍ പൊങ്ങാത്ത തോക്കുമായി.. പേരറിയാത്ത വേറെ ചിലതും കഴിച്ച് വയറു നിറച്ചു... ദെല്‍ഹി വിട്ടതിനു ശേഷം ലേയില്‍ നിന്ന് വായുസേനക്കാരുടെ കൂടെ ചൈനീസ് ഭക്ഷണം കഴിച്ചത് ഒഴിച്ചാല്‍ പറയത്തക്ക നല്ലതൊന്നും കഴിച്ചിട്ടില്ല.. പൂരി ഭാജി, ആലു പൊറോട്ട ദാല്‍ റൈസ്, ഇതൊക്കെയാണ് സ്ഥിരം ഭക്ഷണം.. യാത്രയില്‍ കഴിവതും സസ്യേതര ആഹാരം വര്‍ജ്ജിക്കല്‍ ആണ് പതിവ്, എങ്കിലും ഇതിപ്പോള്‍ ഒരാഴ്ചയില്‍ അധികമായി യാത്ര തുടങ്ങിയിട്ട്.

നാളെ നേരത്തെ പുറപ്പെടണം സോജിലാചുരം വഴിയാണ് നാളത്തെ യാത്ര, അപകടം നിറഞ്ഞ ചുരമാണതെന്ന് കേട്ടിട്ടുണ്ട്, ഉയരം കുറവാണെങ്കിലും പ്രകൃതിക്ഷോഭങ്ങള്‍ക്ക് പേരുകേട്ട ചുരം. നേരത്തെ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല, വല്ലാതെ ഒറ്റപ്പെട്ടു പോയപോലെ... ആരും കൂട്ടിനില്ലാതെ ഏതോ മരുഭൂമിയിലോ മറ്റോ പെട്ടപോലെ...യാത്രയില്‍ ഒരിക്കലും അനുഭവപ്പെടാത്ത ഒരുകാര്യമായിരുന്നിത്, ഒറ്റപ്പെടല്‍... എന്നും തുടര്‍ന്ന് വരാന്‍ പോകുന്ന കാഴ്ചകളും കഴിഞ്ഞുപോയ ദിനങ്ങളും മാത്രമേ ഉണ്ടാവറുള്ളൂ മനസ്സില്‍.. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാം... നിലവിളികളും.. എല്ലാം എന്റെ വെറും തോന്നലുകള്‍ മാത്രമാണ് എങ്കിലും.. പിന്നെ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി, അലാറത്തിന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. മനസ്സിലെ സംഘര്‍ഷങ്ങള്‍ ഒക്കെ മാറിയിരിക്കുന്നു, പഴയ ഉന്മേഷവും തിരിച്ച് വന്നു. എത്രയും പെട്ടെന്ന് യാത്ര തുടരണം... മണാലിയില്‍ നിന്നു വാങ്ങിയ പെട്രോള്‍ ഇപ്പോഴും വണ്ടിയുടെ പുറകില്‍ ഇരിപ്പുണ്ട് ഇനി അതിന്റെ ആവശ്യം വരില്ല.. വാഹനത്തിന്റെ പുറകില്‍ അതു വെച്ച് യാത്ര ചെയ്യുന്നതിന്റെ അപകടത്തെപ്പറ്റി ബ്ലോഗ്ഗര്‍ നിരക്ഷരന്‍  പറഞ്ഞത് മനസ്സില്‍ ഓര്‍ത്തു ഞാന്‍, ലാഡാക്ക് യാത്ര ചെയ്യുമ്പോള്‍ അതൊന്നും ഒരു സാഹസം ആയി കാണാന്‍ കഴിയില്ലല്ലോ.

1999 ഇല്‍ കാര്‍ഗില്‍ യുദ്ധം നടന്നത് കാര്‍ഗില്‍ ദ്രാസ്, കക്സർ, മുഷ്കോ മേഖലകള്‍ ഉള്‍പ്പെടുന്ന കാര്‍ഗില്‍ ജില്ലയിലാണ്. 527 പേരുടെ മരണത്തിനിടയാക്കിയ യുദ്ധഭൂമിയിലൂടെയാണ് ഇന്നത്തെ യാത്ര.  (കാര്‍ഗില്‍ യുദ്ധത്തെപ്പറ്റി കൂടുതല്‍ വായിക്കാന്‍ വിക്കിപീഡിയയിലേക്കുള്ള വഴി)


കാര്‍ഗില്‍ യുദ്ധ സ്മാരകം

കാര്‍ഗിലില്‍ നിന്നും ശ്രീനഗറിലേക്കുള്ള വഴിയില്‍ 53 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാര്‍ഗില്‍ യുദ്ധ സ്മാരകം നിലകൊള്ളുന്ന സ്ഥലത്തെത്തും.  അവിടെ പട്ടാളം നടത്തുന്ന ഒരു കാപ്പിക്കടയുണ്ട്. നല്ല തണുപ്പാണ്, കാര്‍ഗിലില്‍ തണുപ്പ് കാലത്ത് -50 വരെ എത്താറുണ്ട്.  ബംഗാള്‍ സ്വദേശികളായ ഒരു കുടുംബം അവിടെ ഉണ്ടായിരുന്നു അപ്പോള്‍. ബൈക്കില്‍ ഒറ്റക്ക് വരുന്നത് കണ്ടതുകൊണ്ടാവണം എല്ലവരും നല്ലൊരു പുഞ്ചിരി തന്നാണ് എന്നെ വരവേറ്റത്. ബംഗാളില്‍ നിന്നും തുടങ്ങിയതാണ് അവരുടെ യാത്ര. എന്നോട് യാത്രയും യാത്രാമംഗളവും നേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു, തിരിച്ചവര്‍ക്കും മംഗളം നേരാന്‍ ഞാന്‍ മറന്നില്ല. ഞാന്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു. കൊടും തണുപ്പില്‍ കാപ്പിയും നുണഞ്ഞിരിക്കുമ്പോള്‍ പട്ടാളക്കാര്‍ ചിലര്‍ ആ വഴി വന്നു. എന്റെ യാത്രയെപ്പറ്റി ചോദിച്ചറിഞ്ഞപ്പോള്‍ കുറേക്കാലമായി മനസ്സില്‍  കൊണ്ട് നടക്കുന്ന തന്റെ ആഗ്രഹം അതിലൊരു പട്ടാളക്കാരന്‍ പങ്കുവെച്ചു. പട്ടാളത്തില്‍ നിന്നു വിരമിച്ചാല്‍ ഉടന്‍ ഇതുപോലൊരു യാത്ര താനും പോകുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു.  യാത്രയില്‍ എല്ലാവിധ നന്മകളും നേരുന്നതോടൊപ്പം പെട്ടെന്ന് പുറപ്പെടാന്‍ അദ്ദേഹം ഉപദേശിച്ചു, സോജില വഴി ഇതുവരെ ആരും കഴിഞ്ഞ ഒന്നു രണ്ട് മണിക്കൂറില്‍ ഈ വഴി കടന്നുപോകുന്നത് കണ്ടില്ല അവരാരും. അതു കൊണ്ട് തന്നെ ചിലപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് സോജില അടച്ചിട്ടുണ്ടാവാന്‍ സാധ്യത ഉണ്ട്. അങ്ങനെയെങ്കില്‍ തിരിച്ച് കാര്‍ഗില്‍ പോകേണ്ടി വരും താമസിക്കാന്‍ സ്ഥലം കിട്ടണമെങ്കില്‍, ദ്രാസില്‍ താമസസൌകര്യം കിട്ടാന്‍ സാധ്യത ഇല്ല. എന്തായാലും ഇതുവരെ വന്നു തിരിച്ചുപോകാന്‍ ഞാന്‍ ഒരുക്കമല്ല. ദ്രാസും കടന്ന് ഞാന്‍ മുന്നോട്ട് പോയി. കാര്‍ഗിലില്‍ നിന്നു 96 കിലോമീറ്റര്‍ അകലെയാണ് വിഖ്യാതമായസോജില ചുരം. ടൈല്‍സ് വിരിച്ച റോഡിനു കുറുകെ സ്ഥപിച്ച ബോര്‍ഡില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ സൊജിലയിലാണ് സമുദ്രനിരപ്പില്‍ നിന്നും 11649 അടി ഉയരത്തില്‍.


സോജില

ഇതായിരുന്നോ സോജില, അയ്യെ! ഇതു ഈസി... എന്തായാലും ചിത്രം പിടിക്കല്‍ കഴിഞ്ഞ് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. രണ്ട് മൂന്നു കിലോമീറ്റര്‍ മുന്നോട്ട് പോയിക്കാണും റോഡ് രണ്ടായി പിളരുന്നു അവിടെ വെച്ച്, ഒരു വഴി മുകളിലേക്കും മറ്റേത് താഴേക്കും. മുകളിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ഞാന്‍ താഴേക്കുള്ള വഴിയിലൂടെ വണ്ടി മുന്നോട്ടെടുത്തു 100 മീറ്റര്‍ മുന്നോട്ട് പോയിക്കാണും, റോഡിനു പകരം രണ്ട് ചാലുകള്‍ കാണാം മുന്നില്‍.  കിടിലന്‍ ഒരു ഓഫ് റോഡ് യാത്ര, അതായിരുന്നു സോജില എനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നത്. കല്ലുകള്‍ക്ക് മുകളിലൂടെ ശ്രദ്ധയോടെ വണ്ടിയോടിക്കുകയായിരുന്നു ഞാന്‍. പൊടിയും ഉരുളന്‍ കല്ലുകളും നിറഞ്ഞതാണ് സോജില ചുരം. ഒരു കല്ലില്‍ നിന്നും അടുത്തതിലേക്ക് തെന്നി തെന്നിയാണ് വണ്ടി പോകുന്നത്. അധികദൂരം അങ്ങനെ പോകേണ്ടി വന്നില്ല.


സോജില യില്‍ നിന്നുള്ള ഒരു ദൃശ്യം

വഴിയരികില്‍ മുഴുവന്‍ ലോറികള്‍ നിരത്തി നിര്‍ത്തിയിരിക്കുന്നു. അടുത്ത വളവ് തിരിഞ്ഞതും കാര്യം മനസ്സിലായി, മറ്റൊന്നുമല്ല ചുരം ഇടിഞ്ഞിരിക്കുകയാണ്. ബി ആര്‍ ഓ യുടെ വാഹനം റോഡ് നന്നാക്കുന്നുണ്ട് ചുരം ഇടിയുന്നുമുണ്ട് അപ്പോളും.
zojila pass


ബി ആര്‍ ഓ യുടെ വക ചുരം ഇടിഞ്ഞത് നന്നാക്കുന്ന പ്രക്രിയ നടക്കുന്നുണ്ട്, മുകളില്‍ നിന്നും മണ്ണ് വീഴുന്നതും മുറയ്ക്ക് നടക്കുന്നു. ശക്തമായ ഒരു കാറ്റ് മതി മണ്ണിടിയാന്‍.  എകദേശം ഒരു മണിക്കൂര്‍ അവിടെ കാത്തു നില്‍ക്കേണ്ടി വന്നു, അവര്‍ തല്‍ക്കാലത്തേക്ക് ആ വഴി തുറന്ന് തരാന്‍, അപ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു.  എതിര്‍ ദിശയിലുള്ള വാഹനങ്ങളേയാണ് ആദ്യം കടത്തി വിട്ടത്, കുറച്ച് നേരം ഞാന്‍ വാഹനങ്ങള്‍ കടന്ന് പോകുന്നത് നോക്കി നിന്നു.


Zojila
Zojila

view from zojila


ചുരം കയറി പട്ടാളവണ്ടികള്‍ ഒരുപാട് വരുന്നുണ്ട് അവ കടന്ന് പോകാന്‍ കാത്തു നിന്നാല്‍ ഒരായുസ്സിലേക്കുള്ള പൊടി ഞാന്‍ ഒരു മണിക്കൂര്‍കൊണ്ട് അകത്താക്കേണ്ടി വരുമെന്ന് എനിക്ക് തോന്നി. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് എന്നെ കാണാനുള്ള സൌകര്യത്തിനു വേണ്ടി ഹെഡ് ലൈറ്റും ഹസാര്‍ഡ് ലൈറ്റും പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഞാന്‍ ബൈക്ക് മുന്നോട്ടെടുത്തു. പട്ടാളവാഹനങ്ങളെ മറികടന്ന് മുന്നോട്ട് പോകുന്തോറും അവയുടെ എണ്ണം കൂടി വരുന്ന പോലെ തോന്നി..... കുഴുകളും കുത്തനെയുള്ള കയറ്റത്തോട് കൂടിയ പല ഹെയര്‍ പിന്‍ വളവുകളും കയറാന്‍  ഫോര്‍വീല്‍ ഡ്രൈവ് വണ്ടികള്‍ ആയിട്ടുപോലും പട്ടാള വാഹനങ്ങളില്‍ പലതും കഷ്ടപ്പെടുന്നുണ്ട്.  ഉരുളന്‍ കല്ലുകളും പൊടിനിറഞ്ഞതുമായ സോജില ചുരത്തിലൂടെ വാഹനമോടിക്കുക അത്രകണ്ട് ദുഷ്കരമാണ്. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോജില ടണല്‍ പൂര്‍ത്തിയായാല്‍ എല്ലാ കാലത്തും ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോകാനാവും. ഡിസംബര്‍ 5 വരെയാണ് സാധാരണ സോജില ചുരം യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കാറ്, അഥവാ മഞ്ഞ് വീണ് അതിനു മുന്‍പ് അടയുകയാണെങ്കില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. സോജിലക്ക് ശേഷം സിന്ദ് നദിക്ക് അരികിലൂടെയാണ് റോഡ് കടന്ന് പോകുന്നത് ഝലം നദിയുടെ പ്രധാന പോഷക നദിയാണ് സിന്ദ്.സോജില ചുരം കടന്ന് മുന്നോട്ട് പോകുമ്പോള്‍ ഏകദേശം 26 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ സോനാമാര്‍ഗിലെത്തും. ലഡാക്കിലൂടെ മുഴുവന്‍ ബൈക്ക് ഓടിച്ച് വന്ന എനിക്ക് സോനാമാര്‍ഗ് ഒരു സാധാരണ ടൂറിസ്റ്റ് സ്ഥലം എന്നേ തോന്നിയുള്ളൂ. അത് കൊണ്ട് തന്നെ അവിടെ നിര്‍ത്തി ഒരു ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നതും ഇല്ല. പിന്നെയും 6-7 കിലോമീറ്റര്‍ യാത്ര ചെയ്തതിനു ശേഷമാണ് ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി വണ്ടി നിര്‍ത്തിയത് തന്നെ. എന്നാല്‍ ശ്രീനഗര്‍ വരെ വന്നു തിരിച്ച് പോകാന്‍ ഉദ്ദേശിക്കുന്ന യാത്രികര്‍ക്ക് ഒരു ദിവസത്തെ യാത്രകൊണ്ട് കണ്ട് തിരിച്ചുപോകാന്‍ കഴിയുന്ന ഒരിടമാണ് സോനാമാര്‍ഗ്. ലഡാക്ക് മല നിരകളുടെ വശ്യത ആവോളം നുകരാനും കുതിര സഫാരിയും മറ്റും നടത്താനും ഇവിടെ വരെ വന്നാല്‍ കഴിയും..  

ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ വാഹനമോടിച്ചാല്‍ ഇവിടെയെത്താം. വൈകീട്ടോടെ തിരിച്ച് ശ്രീനഗറില്‍ എത്താനും കഴിയും.  ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ അഞ്ച് മണിയോടെ ഞാന്‍ എത്തിച്ചേര്‍ന്നു. താമസിക്കാന്‍ ഒരു സ്ഥലം കണ്ട് പിടിക്കണം. ദാല്‍ തടാകത്തില്‍ ഒരു രാത്രി തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ഒരുപകല്‍ മാത്രമേ ശ്രീനഗറിനു വേണ്ടി ഞാന്‍ മാറ്റി വെക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ നാളെ കഴിഞ്ഞ് ശ്രീനഗര്‍ വിടണം. ഇതൊക്കെ മനസ്സില്‍ ചിന്തിച്ച് കൊണ്ടാണ് ഞാന്‍ നടക്കുന്നത്. ഒന്നുരണ്ടിടത്ത് കേറി റൂം അന്വേഷിച്ചു. വൃത്തിയും വെടിപ്പും ഇല്ലതാനും എന്നാല്‍ അവര്‍ ചോദിക്കുന്നതോ എന്റെ കയ്യില്‍ ഒതുങ്ങുന്നതും അല്ല. അപ്പോഴാണ് ഒരാള്‍ എന്റെ നേരെ നടന്ന് വരുന്നത് കണ്ടത്, സംഗതി ഹൌസ്ബോട്ടാണ്, ഭക്ഷണമില്ലാതെ ഒരു രാത്രി 800 രൂപ അയാള്‍ പറഞ്ഞു. സീസണ്‍ അല്ലാത്തതിനാല്‍ ചാര്‍ജ് ഇപ്പോള്‍ കുറവായിരിക്കുമെന്ന് എനിക്കറിയാം പക്ഷേ എത്ര കാണുമെന്ന് ഒരു ഊഹവും ഇല്ല. എങ്കിലും 500 രൂപക്കാണെങ്കില്‍ നോക്കാമെന്നായി ഞാന്‍. ഒടുക്കം മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതിച്ചു. ബോട്ട് കണ്ടതിനു ശേഷമേ പണം തരൂ എന്നു ഞാന്‍ തീര്‍ത്ത് പറഞ്ഞു. അവര്‍ തന്നെ കാണിച്ചു തന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് ശിക്കാര നിര്‍ത്തിയിട്ടിട്ടുള്ള സ്ഥലത്തേക്ക് ഞാന്‍ അയാളോടൊപ്പം നടന്നു. ബാഗും മറ്റും എടുക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചെങ്കിലും കണ്ട് തിരിച്ച് വന്നതിനു ശേഷം എടുക്കാമെന്ന് ഞാന്‍ പറഞ്ഞു.


ദാല്‍ തടാകം വൈകുന്നേരം


1400 ഹൌസ്ബോട്ടുകളുണ്ട് ദാല്‍ തടാകത്തില്‍. മുഗള്‍ ഭരണകാലത്താണ് കാശ്മീര്‍ താഴ്‍വരയിലെ ഈ സ്വപ്ന ഭൂമി വികസിപ്പിക്കുന്നത്. ദാല്‍ തടാകത്തിനരികെത്തന്നെയാണ് മുഗള്‍ ഉദ്യാനവും നിലകൊള്ളുന്നത്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും  പ്രശസ്തമാണ് ശ്രീനഗർ. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് മഞ്ഞുമൂടിക്കിടക്കുകയായിരിക്കും ദാല്‍ തടാകം. ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മിച്ചിട്ടൂള്ള ഹൌസ്ബോട്ടുകള്‍ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ തന്നെ നിര്‍മിച്ചവയാണ്. ദൊഗ്ര മഹാരാജാവ് താഴ്‍വരയില്‍ വീട് കെട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു, ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷ്കാര്‍ പണി കഴിപ്പിച്ചതാണിവ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കാശ്മീരിലെ ഹഞ്ചി ജനവിഭാഗമാണ് അവയുടെ ഉടമസ്ഥര്‍.


ദാല്‍ തടാകം

ഹൌസ് ബോട്ടിലേക്ക് വരാനും പോകാനും ശിക്കാര കൂടിയേ തീരു. എല്ലാ ബോട്ടിലും ഒരു ശിക്കാരയെങ്കിലും കാണും. ശിക്കാരയില്‍ ദാല്‍ തടാകം ചുറ്റിക്കാണണമെങ്കില്‍ മണിക്കൂറിനു 300 രൂപ കൊടുക്കണം, ഒരു ശിക്കാരയില്‍ 4 പേര്‍ക്ക് യാത്ര ചെയ്യാം. കിടന്നും ഇരുന്നും യാത്ര ചെയ്യാനുള്ള സൌകര്യം ഉണ്ട്.

കേട്ടും വായിച്ചും മനസ്സില്‍ കയറിക്കൂടിയ ഗുല്‍മാര്‍ഗ് കാണാന്‍ പോകാനാണ് നേരത്തെ എഴുന്നേറ്റത്. തണുപ്പില്‍ മൂടിപ്പുതച്ച് കിടക്കാന്‍ തോന്നിയെങ്കിലും തിരിച്ച് വന്നു ശിക്കാരയില്‍ ദാല്‍ തടാകം കണ്ട് തീര്‍ക്കാന്‍ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി പിന്നെ കിടന്നില്ല. ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഗുല്‍മാര്‍ഗ്. പൂക്കളുടെ മൈതാനം എന്നാണ് ഗുല്‍മാര്‍ഗിന്റെ അര്‍ത്ഥം. മനോഹരമായ വഴിയായിരുന്നു ഗുല്‍മാര്‍ഗിലേക്കുള്ളത്. ആസ്വദിച്ച് തന്നെ അതുവരെ വാഹനമോടിച്ചു. ഗുല്‍മാര്‍ഗ് ഗൊന്‍ഡൊല എന്നറിയപ്പെടുന്ന കേബിള്‍കാറില്‍ കയറി ഗുല്‍മാര്‍ഗ് മൊത്തം കാണുക, 1000 രൂപയാണ് രണ്ട് ഘട്ടങ്ങളില്‍ ആയുള്ള യാത്രക്ക് ഈടാക്കുന്നത്. അത്യാവശ്യം തിരക്കുണ്ടായിരുന്നു ടിക്കറ്റ് കൌണ്ടറില്‍ ഒരു മണിക്കൂര്‍ നില്‍ക്കേണ്ടി വന്നു വരിയില്‍. ടിക്കറ്റ് എടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ആദ്യഘട്ടത്തെ യാത്ര 9മിനിറ്റും രണ്ടാം ഘട്ടം 12 മിനുറ്റും ആണ്. നിരാശാജനകമായിരുന്നു ആയാത്ര. മഞ്ഞിന്റെ പുതപ്പില്ലാതെ ഗുല്‍മോര്‍ഗിനു വശ്യമായ ഭംഗി അവകാശപ്പെടാനാവില്ലെന്ന് എനിക്ക് തോന്നി.

gulmarg gondola
ഇനിയുമൊരിക്കല്‍ മഞ്ഞുപെയ്യുന്ന ശിശിരത്തില്‍ വീണ്ടും കാണാമെന്ന് വാക്കുകൊടുത്ത് ഞാന്‍ തിരിച്ച് ദാല്‍ തടാകത്തിലേക്ക് പുറപ്പെട്ടു. ശിക്കാരയില്‍ രണ്ട് മണിക്കൂര്‍ തടാകത്തില്‍ ചിലവഴിക്കുകയായിരുന്നു ലക്ഷ്യം.

15 കിലോമീറ്ററോളം ചുറ്റളവുള്ള ദാല്‍ ശ്രീനഗറിലെ രണ്ടാമത്തെ വലിയ തടാകമാണ്. നാലുപേര്‍ക്ക് ഇരിക്കാവുന്ന ശിക്കാരയില്‍ ഞാന്‍ തനിച്ചാണ്, വിശാലമായി ചാരി ഇരുന്ന് ദാല്‍ തടാകത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു. തടാകത്തില്‍ നിന്നും നോക്കുമ്പോള്‍ കൌതുകം തോന്നിക്കുന്നതും മനോഹരവുമായ കാഴ്ചകളാണ് ചുറ്റിലും. ഹിമാലയന്‍ മലനിരകളും ഭംഗിയായി കാണാം തടാകത്തില്‍ നിന്നും. പരുന്തുകള്‍ മുകളില്‍ വട്ടമിട്ട് പറക്കുന്നു... ഇടയ്ക്കവ തടാകത്തില്‍ നിന്നും മീന്‍ പിടിച്ച് പറന്നുയരും താറാവും മറ്റ് ചില പക്ഷികളും തടാകത്തില്‍ മീന്‍ പിടിച്ച് ജീവിക്കുന്നുണ്ട്. ഒരു തുണ്ട് കടലാസുപോലും ദാല്‍ തടാകത്തില്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ അവിടുത്തുകാര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് എത്ര പ്രശംസിച്ചാലും മതിവരാത്തതാണ്. സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ വരെ തടാകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് നന്നായറിയാം, ദാല്‍ തടാകമില്ലെങ്കില്‍ ശ്രീനഗറില്ല. തടാകത്തെ ആശ്രയിച്ച് ഒരുപാട് ആളുകല്‍ ജീവിക്കുന്നുണ്ട്, പൊങ്ങിക്കിടക്കുന്ന ഒരു ചെറിയ നാട് തന്നെയാണ് ദാല്‍ തടാകം, പോസ്റ്റ് ഓഫീസ് വരെ വെള്ളത്തിലാണ്.

ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല ഞാന്‍ മീന്‍ കബാബും ഇറച്ചിക്കബാബും ഞാന്‍ തിന്നുന്ന തക്കം നോക്കി സൂര്യന്‍ മുങ്ങിക്കളഞ്ഞു. മേഘത്തിനു പിറകില്‍ ഒളിച്ച വരുണന്‍ പിന്നെ പിറ്റേന്ന് കാലത്താണ് എനിക്ക് മുഖം തന്നത്....


ശിക്കാരയിലൊരു തട്ടുകട
സന്ധ്യാ നേരത്തെ ആകാശത്തെ ദാല്‍ തടാകത്തില്‍ ഇരുന്ന് ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് ചുരുക്കം. ദാല്‍ തടാകത്തില്‍ കുട്ടികളുടെ തുഴച്ചില്‍ മത്സരം നടക്കുന്നുണ്ടായിരുന്നു, ഞാന്‍ അത് കുറച്ച് ക്യാമറയില്‍ പകര്‍ത്തി.  വര്‍ണ്ണനകള്‍ക്കപ്പുറത്തുള്ള ഒരു അനുഭവമാണ് ദാല്‍ തടാകം, അനുഭവിച്ച് തന്നെ അറിയണം അത്. സ്പീഡ് ബോട്ടും, പോലീസ് പട്രോള്‍ ബോട്ടും എല്ലാം കാണാം തടാകത്തില്‍.  തടാകത്തിന്റെ ഒരു വശത്തുള്ള ചന്തയിലൂടെയും ശിക്കാരയില്‍ സഞ്ചരിച്ചു ഞാന്‍.
സന്ധ്യാനേരത്തെ ദാല്‍ തടാകം
നാളെ രാവിലെ നേരത്തെ പുറപ്പെടണം, കഴിയുമെങ്കില്‍ ജമ്മു കശ്മീര്‍ അതിർത്തി കടക്കണം.. മുന്നൂറിലധികം കിലോമീറ്റര്‍ താണ്ടണം ജമ്മുവില്‍ എത്തണമെങ്കില്‍, അതും നല്ല തിരക്കും അതിലുപരി മലമ്പാതയും. വെളുപ്പിനു ശ്രീനഗര്‍ വിട്ടാലെ അതു സാധ്യമാവൂ....

യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക


house boat rates in Dal lake


തുടര്‍ന്ന് വായിക്കുക: അമൃതസരസ്സ് വഴി അതിര്‍ത്തിയിലേക്ക്

49 comments:

 1. കാർഗിൽ യുദ്ധഭൂമിയിലൂടെ സോജിലാ പാസ് കടന്ന് , ശ്രീനഗറിലൂടെ, ദൽ തടാകത്തിലൂടെ, ഗുൽമാർഗിലൂടെ - ഒപ്പം സഞ്ചരിക്കുകയായിരുന്നു....

  പ്രിന്റ് മീഡിയകളിലൂടെ യാത്രകളെ വായിക്കുന്നതിനേക്കാൾ കൂടുതലായ പലതും ബ്ളോഗുകളിലൂടെ വായിക്കുമ്പോൾ ലഭിക്കുന്നുണ്ട്, വീഡിയോകളിലൂടെ ,യാത്രയിലെ അത്ഭുതങ്ങൾ നേരനുഭവമായി വായനക്കാരനു നൽകാൻ പ്രിന്റ് മീഡിയകൾക്ക് സാധ്യമല്ലല്ലോ .....

  താങ്കളുടെ യാത്രയേയും, ബ്ളോഗിനേയും വിടാതെ പിന്തുടരുന്നു.....

  ReplyDelete
  Replies
  1. നന്ദി മാഷേ.. പ്രിന്റ് വായനക്ക് അതിന്റേതായ ഗുണങ്ങളും ന്യൂനതകളും ഉണ്ട്...
   ഇത്രയും ചിത്രങ്ങള്‍ നല്ല കളറില്‍ അച്ചടിച്ച് വരണമെങ്കില്‍!!!

   Delete
 2. Replies
  1. നാട്ടുമ്പുറത്തുകാരന്‍ മുന്നില്‍ നടക്കാ ഞാന്‍ ദാ എത്തി.. :ഡി

   Delete
 3. യാത്രാവിവരണങ്ങളെല്ലാം നന്നായിരിക്കുന്നു... :-)

  ReplyDelete
 4. നിരാശാജനകമായിരുന്നു ആയാത്ര. മഞ്ഞിന്റെ പുതപ്പില്ലാതെ ഗുല്‍മോര്‍ഗിനു വശ്യമായ ഭംഗി അവകാശപ്പെടാനാവില്ലെന്ന് എനിക്ക് തോന്നി. I traveled different places i Kashmir, but the writing skill ,narration, photos etc are amazing and brilliant . Hats off dear...

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... :-)

   Delete
 5. നല്ല ചിത്രങ്ങള്‍ .. നല്ല വിവരണം .. ഇഷ്ടപ്പെട്ടു

  ReplyDelete
 6. കൊതിപ്പിക്കുന്നു വീണ്ടും വീണ്ടും ,,,,യാത്ര തുടരുക ,ഇഷ്ടം ഒത്തിരി , യാത്രികനോടും യാത്രാവിവരണത്തോടും .

  ReplyDelete
 7. പാന്ഥന്‍ ഇത് വളരെ പ്രോല്‍സാഹനമര്‍ഹിക്കുന്നു....ആകാംഷാഭരിതം .വീണ്ടും വരാം.

  ReplyDelete
  Replies
  1. നന്ദി.. വീണ്ടും വരണം,,,, :-)

   Delete
 8. Replies
  1. മുതലാളീ ഇങ്ങളില്ലാതെ എന്ത് ആഘോഷം,..

   Delete
 9. thank you so much for giving such a good narration of your journey. its just amazing. i felt that i traveled along with you... thank you

  ReplyDelete
 10. നല്ലൊരു യാത്രാ വിവരണം..ഞാന്‍ മൂന്നു കൊല്ലം ജീവിച്ച എന്റെ പ്രിയ കാശ്മീര്‍ ..ഓരോ പ്രാവശ്യവും നാട്ടില്‍ പോകുമ്പോള്‍ മലയിടിഞ്ഞു ബ്ലോക്ക് വരാതെ ജമ്മുവില്‍ എത്തിക്കണേ എന്നാപ്രാര്‍ത്ഥനയായിരിക്കും. എന്നിട്ടും രണ്ടു പ്രാവശ്യം ഇത് സംഭവിച്ചിട്ടുണ്ട്.ബി ആര്‍ ഒ യുടെ ആളുകള്‍ എത്തി, ജെ സി ബി വന്നു വഴി ഉണ്ടാക്കുന്നത് വരെ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ എങ്ങനെയൊക്കെയോ ജമ്മുവില്‍ എത്തി വിമാനം പോകാതെ (കൈയ്യിലെ കാശും പോകാതെ )രക്ഷപ്പെട്ടു

  ReplyDelete
  Replies
  1. കാശ്മീര്‍ യാത്രയില്‍ ഉടനീളം എനിക്കാ പേടി ഉണ്ടായിരുന്നു... പ്രവചനാതീതമാണല്ലോ അവിടുത്തെ കാലാവസ്ഥ... ഒരു മഞ്ഞ് വീഴ്ച മതി എല്ലാം താറുമാറാക്കാന്‍... തവാങിലേക്കുള്ള എന്റെ യാത്ര മുടക്കിയത് അതുപോലൊരു ഹിമപാതമാണ്...
   നന്ദി... വീണ്ടും വരിക.. :-)

   Delete

 11. എന്നും തനിച്ചാണെങ്കിലും എഴുത്തുകാരനും ഏകാന്തസഞ്ചാരിയും തന്റെ പുറകേ ചിലരെ പ്രതീക്ഷിക്കുന്നുണ്ട്. താൻ അനുഭവിച്ച വഴികൾ, അടയാളങ്ങൾ, നിഗൂഢതകൾ പുറകേ വരുന്നവൻ കണ്ടെടുത്ത് സ്നേഹാത്ഭുതങ്ങൾ പങ്കു വെക്കുന്നത് അയാൾ പ്രതീക്ഷിക്കുന്നുണ്ട്.

  യാത്ര തുടരുക സുഹൃത്തേ.. ശരീരം കൊണ്ട് താങ്കളെ പിന്തുടരുക വയ്യ.. മനസ്സുകൊണ്ട് പുറകേയുണ്ട്..

  ReplyDelete
  Replies
  1. അതെ.. ഒരോ പ്രതീക്ഷകള്‍.... നാമറിയാതെ ആരോക്കെയോ നമ്മുടെ കൂടെ ഉണ്ടെന്നുള്ള തോന്നല്‍... നന്ദി സുഹൃത്തേ... :-)

   Delete
 12. ഇതെല്ലാം കൂടി ഒരു പുസ്തകമാക്കാന്‍ മാത്രമുണ്ട് കേട്ടോ!!
  ഇനിയും കഥ തുടരൂ!!

  ReplyDelete
  Replies
  1. ആഗ്രഹമുണ്ടായിരുന്നു... വിഡിമാന്റെ ഒരു പോസ്റ്റ് കണ്ടതില്‍ പിന്നെ... അത്യാഗ്രഹം ആണൊന്നൊരു തോന്നല്‍...
   നന്ദി...

   Delete
 13. ഇതൊരു ഒന്നൊന്നര യാത്രയായി സുഹൃത്തേ, സര്‍വ്വ മംഗളങ്ങളും. കറുപ്പില്‍ വെളുത്ത ഫോണ്ട് ഒന്ന് മാറ്റിക്കൂടെ. വായനാസുഖം കൂടും. പിന്നെ ആ ചിത്രങ്ങള്‍ ഹോ! കിടിലന്‍! ഇതാ ക്യാമറ? വിവരണം കലര്‍പ്പില്ലാത്ത അത്ര ശുദ്ധമായ ഭാഷ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സസ്നേഹം.

  ReplyDelete
  Replies
  1. നന്ദി.. സുഹൃത്തേ...
   കാനണ്‍ 650ഡി... 18-135 എം എം ലെന്‍സ്

   Delete
 14. എഴുത്തും യാത്രയും തുടരുക, എന്നെപ്പോലെയുള്ള വായനക്കാര്‍ വലിയ നഷ്ടബോധത്തോടെ കാത്തിരിക്കുന്നു....

  ReplyDelete
  Replies
  1. ജോസ്ലെറ്റ് എപ്പോ വേണേലും പോകാമല്ലോ, അര അവസരം കിട്ടിയാലും മടിക്കണ്ട...
   നന്ദി സുഹൃത്തേ..

   Delete
 15. ഒരു നല്ല യാത്രാവിവരണം..നല്ല ഭാഷയും....നല്ല ചിത്രങ്ങള്‍..

  ReplyDelete
  Replies
  1. നന്ദി വീണ്ടും വരിക...

   Delete
 16. ഇതൊന്നുമല്ല.. ഞാൻ അസ്സാം ആണ് വെയിറ്റ് ചെയ്യുന്നത് :P :P

  ReplyDelete
  Replies
  1. ആസ്സാമിലെ അല്ല, നിനക്ക് നല്ലത് നാഗാലാന്‍ഡ് ആണ്... വരും ഇജ്ജ് ഒന്നടങ്ങ് കോയാ

   Delete
 17. യാത്ര തുടരട്ടെ ....!!!

  ReplyDelete
 18. ആദ്യം വന്ന് വായിച്ചതായിരുന്നു. വീഡിയോകളും കൂടി കാണാനായി വീണ്ടും വന്നു. ഒന്നും പറയാനില്ല.
  ഒരു ഹിമാലയത്തോളം അസൂയമാത്രം.....!!

  ReplyDelete
 19. രണ്ടുമൂന്ന് ദിവസമായി ഞാൻ ഈ ബ്‌ളോഗിൽ തന്നെ ചുറ്റിത്തിരിയുന്നു.. റോയൽ എൻഫീൽഡ് ബൈക്കിൽ ഇതുപോലൊരു യാത്ര എന്നും മനസ്സിൽ ഒരു സ്വപ്‌നമായി ഉറങ്ങുകയാണ്. ഇതിനുമുമ്പും ഇതുപോലെ ഒന്നോരണ്ടോ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്.. യാത്രകൾ ഡോട്ട്‌കോമിൽ ആണെന്ന് തോന്നുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ട ദിവസം ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചപ്പോൾ അകത്തു നിറഞ്ഞ ഒരു സുഖമുണ്ട്, അതിനേക്കാൾ നൂറിരട്ടി സന്തോഷം മനസ്സിൽ നിറയുന്നു. പ്രിയപ്പെട്ട പാന്ഥാ... താങ്കളുടെ കൂടെ ഞാനും സഞ്ചരിച്ചു....

  ReplyDelete
  Replies
  1. https://www.facebook.com/rajilal.puthantharayil?fref=ts

   Delete
  2. നന്ദി കാഴ്ചക്കാരാ... സ്വപ്നങ്ങള്‍ എല്ലാം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ...

   Delete
 20. വായിച്ചതിനുശേഷം നയനാനന്ദകരമായ കാഴ്ചകള്‍ കാണാന്‍ വീണ്ടും ബ്ലോഗില്‍ വരേണ്ടിവന്നു.കണ്ടപ്പോള്‍ സന്തോഷമായി..........നന്ദി.
  ആശംസകളോടെ

  ReplyDelete
 21. വിശ്രമമില്ലാത്ത യാത്രയുടെ വിശേഷങ്ങൾ വിശ്രമമില്ലാതെ വായിച്ചനുഭവിക്കുന്നു. വീഡിയോകൾ വളരേ ഉപകാരപ്രദം. എഴുത്തിൽ ചിലയിടങ്ങളിൽ എഡിറ്റിംഗ് നടത്തിയാൽ കൂടുതൽ ആകർഷണീയമാവും

  ReplyDelete
  Replies
  1. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ഒരുക്കമാണ്...
   നന്ദി സുഹൃത്തേ..

   Delete
 22. പാന്ഥൻ... മനോഹരമായിരിയ്ക്കുന്നു ഈ യാത്രാ വിവരണങ്ങൾ..... ഡൽഹിയിൽനിന്നും റോത്താംഗ് പാസ് വരെ ഒരു ബുള്ളറ്റ് യാത്ര നടത്തിയിരുന്നു... അത് ജനുവരിയിൽ ആയിരുന്നത്കൊണ്ട് റോത്താംഗ് പാസിനപ്പുറം മഞ്ഞൂമൂടിക്കിടക്കുകയായിരുന്നു.... അതുകൊണ്ട് യാത്ര അവിടെ അവസാനിപ്പിച്ചു..സമയക്കുറവുകൊണ്ട് അതൊന്നും എഴുതുവാൻ സാധിച്ചില്ല...... ഒരു ഹിമാലയൻ യാത്ര അടുത്ത വർഷത്തേയ്ക്ക് പ്ളാൻ ചെയ്യുന്നുണ്ട്... നടക്കുമെന്ന് കരുതുന്നു.... ഇനിയും തുടരുക് മനോഹരമായ യാത്രകൾ... എല്ലാ വിധ ആശംസകളും.... യാത്രകളെ അധികമായി സ്നേഹിയ്ക്കുന്ന മറ്റൊരു സുഹൃത്ത്.... :)

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... ഈ യാത്ര തുടങ്ങും മുന്‍പ് പല സ്ഥലങ്ങളും എനിക്ക് കേട്ടറിവ് പോലും ഇല്ലായിരുന്നു...
   എല്ലാം ഭംഗിയായി നടക്കട്ടേ...
   ആശംസകള്‍

   Delete
 23. തികച്ചും യാതിർശികമായിട്ടാണ് താഗളുടെ ബ്ലോഗിൽ എത്തിയത്, മുഴുവനും വായിച്ചു , എപ്പോൾ ഞാൻ നിങ്ങളെ ആരാധിക്കുന്നു...

  ReplyDelete
  Replies
  1. നന്ദി.. ഇനിയും വരിക.. :-)

   Delete
 24. നിങ്ങാ പൊളിക്ക് ബ്രോ നുമ്മയുണ്ട്

  ReplyDelete
 25. നേരത്തെ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല, വല്ലാതെ ഒറ്റപ്പെട്ടു പോയപോലെ... ആരും കൂട്ടിനില്ലാതെ ഏതോ മരുഭൂമിയിലോ മറ്റോ പെട്ടപോലെ...യാത്രയില്‍ ഒരിക്കലും അനുഭവപ്പെടാത്ത ഒരുകാര്യമായിരുന്നിത്, ഒറ്റപ്പെടല്‍... എന്നും തുടര്‍ന്ന് വരാന്‍ പോകുന്ന കാഴ്ചകളും കഴിഞ്ഞുപോയ ദിനങ്ങളും മാത്രമേ ഉണ്ടാവറുള്ളൂ മനസ്സില്‍.. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാം... നിലവിളികളും.. എല്ലാം എന്റെ വെറും തോന്നലുകള്‍ മാത്രമാണ് എങ്കിലും.. ...

  ഹൃദയസ്പർശിയായി!!!!

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D