വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Wednesday 9 April 2014

അമൃതസരസ്സ് വഴി അതിര്‍ത്തിയിലേക്ക്

ഇന്ത്യയുടെ സിരകളിലൂടെ - 5

ഉറക്കം പതിവ് തെറ്റിച്ചില്ല, നേരത്തെ വിളിക്കാന്‍ പറഞ്ഞേല്‍പ്പിച്ചത് നന്നായി. പെട്ടെന്ന് തന്നെ എല്ലാം കെട്ടിപ്പെറുക്കി റെഡിയായി വന്നപ്പോള്‍ ഹൌസ്ബോട്ടിലെ കാര്യസ്ഥന്‍ കം അടുക്കളക്കാരന്‍ കട്ടനുമായി വന്നു, എന്നെ വിളിച്ചുണര്‍ത്തി അടുക്കളയില്‍ കയറിയതാവണം. തടാക്കത്തിന്റെ നടുക്കാണേലും പാന്ഥന്‍ കട്ടനെ കുടിക്കൂ എന്ന് ഇതിനോടകം അങ്ങേരും മനസ്സിലാക്കിയിരിക്കുന്നു. ബില്‍ സെറ്റില്‍ ചെയ്തപ്പോള്‍ അങ്ങേരുടെ തല ചൊറിഞ്ഞുള്ള നില്‍പ്, സംഗതി എനിക്ക് മനസ്സിലായി... യാത്രയില്‍ ചിലവ് കഴിവതും ചുരുക്കുക എന്നതാണ് പരമപ്രധാനം.. അല്ലെങ്കില്‍ രണ്ടറ്റവും മുട്ടിച്ചു കൊണ്ട് പെടാന്‍ ഞാന്‍ പാടുപെടും... യാത്ര തുടങ്ങുമ്പോള്‍ പലരും ചോദിച്ചിരുന്നു എത്രയാ ചിലവ് പ്രതീക്ഷിക്കുന്നത്, എവിടെയൊക്കെ പോകും, എന്നെല്ലാം. സത്യത്തില്‍ എനിക്കു തന്നെ ഒരു നിശ്ചയം ഇല്ലാത്ത കാര്യങ്ങള്‍ ആയിരുന്നു അതെല്ലാം... കയ്യില്‍ കുറച്ച് പൈസയുണ്ട് ഒന്നുകില്‍ അതു തീരും വരെ, അല്ലെങ്കില്‍ ശരീരവും മനസ്സും അനുസരിക്കാതാവും വരെ, അതുമല്ലെങ്കില്‍ കന്യാകുമാരി വരെ എങ്കിലും എത്തണം. ആഗ്രഹിക്കാന്‍ പരിധികള്‍ ഇല്ലല്ലോ... ആകാശത്തിനു മുകളില്‍ വരെ ആശ ചെന്നെത്തുന്ന കാലമല്ലേ...


ബില്ല് കൊടുത്തതിന്റെ ബാക്കി അയാള്‍ക്കും കൊടുത്ത് ശിക്കാരയിലേക്ക് ബാഗ് കയ്യിലെടുത്ത് ഞാന്‍ നടന്നു. പിറകെ അയാളും... തണുപ്പില്‍ കിടുകിടാ വിറക്കുന്നുണ്ട് ഞാന്‍, ഇത്ര തണുപ്പ് ഞാന്‍ പ്രതീക്ഷിച്ചില്ല. നാട് ഉണര്‍ന്ന് വരുന്നതേ ഉള്ളൂ. ശിക്കാരയില്‍ നിന്നിറങ്ങി ബാഗ് തൂക്കി ഞാന്‍ ബൈക്കിനടുത്തേക്ക് നടന്നു. സഹായിക്കാമെന്നയാള്‍ പറഞ്ഞെങ്കിലും എനിക്കിപ്പോള്‍ അതൊരു ഭാരമായി തോന്നുന്നേ ഇല്ല.. ദിവസങ്ങളായി ഏകദേശം എന്നും ചെയ്യുന്ന പണിയാണല്ലോ... തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പായി പിന്നെ. മേല്‍ക്കുപ്പായങ്ങളെല്ലാം വലിച്ച് കയറ്റി ഞാന്‍ യാത്ര തുടര്‍ന്നു. കാശ്മീര്‍ താഴ്‍വരയോട് വിടപറയുകയാണിന്ന്. ഇനിയും കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ തിരിച്ച്‍വരും, താല്‍ക്കാലികമെങ്കിലും എനിക്ക് യാത്രാ മൊഴി തന്നാലും. ഒരിക്കല്‍ കൂടി ദാല്‍ തടാകത്തിലേക്ക് ഞാന്‍ തിരിഞ്ഞ് നോക്കി, മഞ്ഞിന്റെ പുതപ്പിട്ട് നിറകണ്ണൂകളോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. തന്നെ കണ്ട് മടങ്ങുന്ന എല്ലവരിലും അവരീ നോവ് ബാക്കിവയ്ക്കുന്നുണ്ടാവും....


യാത്ര തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത് കഴിഞ്ഞു. നല്ല തിരക്കൂണ്ട് റോഡ് മുഴുവന്‍.  ബസും കാറും ലോറിയും എല്ലാമുണ്ട്. നാട്ടിലെ  മത്സരയോട്ടം ഇവിടുത്തെ ബസുകാര്‍ക്ക് ഒരു പൂ പറിക്കുന്ന പോലെയേ അനുഭവപ്പെടൂ, എനിക്കിവിടുത്ത്കാരുടെ വണ്ടീയോടിക്കല്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. 10 കിലോമീറ്റര്‍ വേഗതയില്‍ കയറ്റം കയറി പോകുകയാണെങ്കില്‍ പോലും ആരേയും ബസ്സുകാര്‍ കടത്തി വിടില്ല.. അതിന്റെ ഇടയില്‍ ചരക്ക് കൊണ്ട് പോകുന്ന വാഹങ്ങള്‍ വേറെയും. കയറ്റം കഴിഞ്ഞ് ഇറക്കം തുടങ്ങിയാല്‍ പിന്നെ മരണപ്പാച്ചിലാണ്. അന്നാട്ടുകാരല്ലാത്തവര്‍ ഈ ബസിലൊക്കെ ഉണ്ടെങ്കില്‍ കണ്ണടച്ച് പ്രാര്‍ഥിച്ചിരിക്കുകയാണ് നല്ലത്. ഇടക്കിടെ കിലോമീറ്ററുകള്‍ നീണ്ട ട്രാഫിക് ജാമുകള്‍ കാണാം. ബൈക്ക് ആയത് കൊണ്ട് കിട്ടുന്ന ഗാപ്പിലൂടെയെല്ലാം കേറി പതുക്കെ എല്ലാം മറികടന്ന് പോരാം. കാറുവല്ലതും ആയിരുന്നെങ്കില്‍ വലഞ്ഞേനെ. വിചാരിച്ചതിലും ഒരുപാട് പതുക്കെയാണ് യാത്ര ചെയ്യാന്‍ പറ്റുന്നത്, ഏത് നേരത്ത് ജമ്മുവില്‍ എത്തും എന്ന് ഒരു പിടിയും ഇല്ല. ശ്രീനഗറില്‍ നിന്നു പുറപ്പെട്ട് കുറച്ച് കഴിഞ്ഞതും ചൂടെടുക്കാന്‍ തുടങ്ങി, മേല്‍ക്കുപ്പായങ്ങള്‍ ഓരോന്നായി ഞാന്‍ അഴിച്ച് ബാഗില്‍ വെച്ചു. കഴിഞ്ഞ പത്തു ദിവസത്തോളം ചൂടെന്ന വാക്കുപോലും ഞാന്‍ ഓര്‍ത്തിട്ടുണ്ടായിരുന്നില്ല.  വഴിയില്‍ വണ്ടി നിര്‍ത്തി വല്ലതുമൊക്കെ കഴിക്കണം എന്നു തോന്നിയെങ്കിലും ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന വണ്ടികള്‍കൊണ്ട് റോഡ് നിറയും മുന്പ് എനിക്ക് കഴിയുന്നത്ര മുന്നോട്ട് പോകണം എന്നതായിരുന്നു മനസ്സ് മുഴുവന്‍, യാത്രക്ക് വേണ്ടി ഇനിയൊരു ദിവസം കൂടെ കളയാനില്ല. ഇന്ന് തന്നെ ജമ്മുവും കടന്ന് പോകണം. വിശപ്പിന്റെ വിളി അസഹനീയമായപ്പോള്‍ ഏകദേശം മൂന്ന് മണിയോടെ വഴിയരികല്‍ കണ്ട് പഞ്ചാബി ദാബയില്‍ കയറി രാജ്മ ദാലും ചോറും കഴിച്ചു. നേരത്തെ മത്സരം ഓട്ടം നടത്തിയിരുന്ന ബസുകള്‍ എന്നെക്കടന്ന് പോയി ആ സമയം. ഇനിയും നൂറുകിലോമീറ്റര്‍ കാണും ജമ്മുവിലേക്ക്. 7 മണിക്കൂറില്‍ ഇരൂന്നൂറ് കിലോമീറ്റര്‍ മാത്രമാണ് പിന്നിടാന്‍ കഴിഞ്ഞത്. ഝലം നദിക്കരികിലൂടെയുള്ള വഴി മനോഹരമായിരുനെങ്കിലും അതൊന്നും ആസ്വദിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. 1956 ഇല്‍  പണി കഴിപ്പിച്ച 2.85 കി.മി. നീളമുള്ള ജവഹര്‍ തുരങ്കം ഉള്ളത് കൊണ്ട് കൊല്ലം മുഴുവന്‍ ജമ്മു ശ്രീനഗര്‍ പാതയില്‍ യാത്ര സാധ്യമാകുന്നു.



ഏഴുമണിയോടടുത്ത് ജമ്മുവിലെത്തി. അവിടെ തങ്ങണോ അതോ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ചാബിലെത്താം, അതു ചെയ്യണോ എന്നു കുറേനേരമായി ഞാന്‍ ആലോചിക്കുന്നു. അവസനാം ജമ്മുവിലേക്ക് തിരിയാതെ നാഷണല്‍ ഹൈവേയില്‍ നേരെ പോകാന്‍ ഞാന്‍ തീരുമാനിച്ചു. നാലുവരിപ്പാതയാണ് ഇനിയങ്ങോട്ട് ഏറിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് പത്താന്‍കോട്ടിലെത്താം, അതായിരുന്നു മനസ്സില്‍. ഭക്ഷണം കഴിക്കാതെയുള്ള രാവിലത്തെ യാത്രയും, കാലവസ്ഥയില്‍ വന്ന മാറ്റവും എന്നെ വല്ലാതെ തളര്‍ത്തുമെന്ന് ഞാന്‍ കരുതിയില്ല. അരമുക്കാല്‍ മണിക്കൂര്‍ നല്ല വേഗത്തില്‍ വണ്ടി ഓടിച്ചുകാണും ശരീരത്തിനു മൊത്തം ഒരു തളര്‍ച്ച ബാധിക്കുന്ന പോലെ എനിക്ക് തോന്നി. അടുത്ത കണ്ട ഡാബയില്‍ ഞാന്‍ ബൈക്ക് ഒതുക്കി നിര്‍ത്തി. രാത്രി ഭക്ഷണത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതേ ഉള്ളൂ, അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്തായാലും നല്ലൊരു വിശ്രമം കിട്ടാതെ ഇനി മുഞ്ഞോട്ട് പോകുക വയ്യ. കൈകള്‍ മടക്കാനും നിവര്‍ത്താനും വയ്യ. എല്ലാം വല്ലാതെ തളര്‍ന്നിരിക്കുന്നു, അടുത്ത് വല്ല താമസ സൌകര്യവും തരപ്പെടുമോ എന്നു ഞാന്‍ അന്യേഷിച്ചെങ്കിലും ഒന്നും തരപ്പെട്ടില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞും കുറേനേരം ഞാന്‍ അവിടെ ഇരുന്നു. വയസ്സായ ഒരാളായിരുന്നു കട നടത്തിയിരുന്നത്. എന്റെ യാത്രയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍, തന്റെ കയ്യിലും ബുള്ളറ്റ് ഉണ്ടെന്നും ആയ കാലത്ത് അതില്‍ കാശ്മീര്‍ താഴവരകളെ ഒരുപാട് ചുറ്റികണ്ടിട്ടുന്നെന്നയാള്‍ പറഞ്ഞു, ആ കണ്ണുകളില്‍ പോയ കാലത്തിന്റെ വസന്തം തിളങ്ങുന്നുണ്ടായിരുന്നു അപ്പോള്‍. ശ്രദ്ധിച്ച് പോണം, പതുക്കെ പോയാല്‍ മതി, പത്താന്‍കോട് എത്തിയാല്‍ താമസിക്കാന്‍ സൌകര്യമുള്ള ഇടം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യാത്രയക്കുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പത്താന്‍കോട്ടിലെത്തി റൂമെടുത്ത് കിടക്കയിലേക്ക് മറിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും എനിക്ക് ആവതുണ്ടായിരുന്നില്ല. സമയമപ്പോള്‍ പത്ത് കഴിഞ്ഞിരുന്നു.



പതിനൊന്ന് മണി വരെ കിടന്ന് കാണും ഉറക്കം ഉണര്‍ന്നിട്ട് നേരം കുറേ ആയി, എഴുന്നേല്‍ക്കാന്‍ മടിപിടിച്ചുള്ള കിടപ്പാണ്. ഇന്നലത്തെ യാത്രയെപ്പറ്റി ഒന്നാലോചിച്ച് നോക്കി എന്തിനായിരുന്നു അത്രയും തിരക്കുപ്പിടിച്ച് സാഹസം കാണിച്ച് ഇവിടെ എത്തിയത്? ഇങ്ങനെ രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച് കിടക്കാനോ. ചിലപ്പോഴൊക്കെ അങ്ങനെയാണ്, ചില തീരുമാനങ്ങള്‍. 115 കിലോമീറ്റര്‍ ദൂരമേഉള്ളൂ അമൃതസരസ്സ് അഥവാ അമൃതസര്‍‍ലേക്ക്. നേരെചെന്ന് എവിടെ എങ്കിലും റൂം എടുക്കുക പിന്നെ നേരെ ഹർമന്ദിർ സാഹിബ്  ചെന്നു അവിടെ കുറച്ച് നേരം വെറുതെ ഇരിക്കുക, ഇന്നത്തെ പരിപാടികള്‍ ഇത്രയേ ഉള്ളൂ. യാത്രയില്‍ ഉടനീളം എന്റെ വഴികാട്ടികളില്‍ ഒരാള്‍ ഗൂഗിള്‍ നാവിഗേഷനും മറ്റേ ആള്‍ ലോണ്ലി പ്ലാനെറ്റിന്റെ ഇന്ത്യ എന്ന പുസ്തകവും ആയിരുന്നു. രണ്ടും പലപ്പോഴും എന്നെ വഴി തെറ്റിച്ചിട്ടുണ്ടെന്ന് മാത്രം. ഇന്നും അങ്ങനെ ഒരു അക്കിടി പറ്റി. പുസ്തകത്തില്‍ കണ്ട ഒരു സത്രം അന്യേഷിച്ച് ചെന്നെങ്കിലും കുറെ വലത്തും ഇടത്തും തിരിഞ്ഞു ഒരു തെരുവു മുഴുവന്‍ കറങ്ങിയത് മെച്ചം, അങ്ങനെ ഒരു സത്രത്തെപ്പറ്റി അന്നാട്ടുകാര്‍ക്ക് പോലും അറിയില്ല. പിന്നെയാണ്. പിന്നെ നേരെ ഹർമന്ദിർ സാഹിബ് അഥവാ സുവര്‍ണ്ണക്ഷേത്രത്തിന്റെ അടുത്തേക്ക് വണ്ടി ഒടിച്ചു, അവിടെ എന്തായാലും മുറി കിട്ടാതിരിക്കില്ലല്ലോ.








സുവര്‍ണ്ണക്ഷേത്രത്തിനു നാലു കവാടങ്ങള്‍ ഉണ്ട്, ഇതു എല്ലാമതങ്ങളേയും അംഗീകരിക്കുന്ന സിഖ് മതത്തിന്റെ വിശാലതയെ പ്രതിനിധാനം ചെയ്യുന്നു. 1604ഇല്‍ പണി തീര്‍ത്തതാണ് ഈ ക്ഷേത്രം സിഖ് മത വിശ്വാസികളുടെ പുണ്യദേവാലയമാണിത്.  ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ഇല്‍ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരില്‍ പ്രസിദ്ധമാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നടന്ന സൈനിക നടപടി വിജയമായിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ മരിക്കാന്‍ ഇതു കാരണമായി. കവാടത്തിനു പുറത്ത് പാദരക്ഷകള്‍ ഊരി വെക്കണം, സൌജന്യമായി ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഖ് ഗുരുദ്വാരകളില്‍ തല മറക്കണമെന്നത് എനിക്കതുവരെ അറിയില്ലായിരുന്നു. അകത്ത് കയറിയപ്പോള്‍ എന്നോട് തൂവാലയോ മറ്റോ കയ്യില്‍ ഉണ്ടെങ്കില്‍ അതുപയോഗിച്ചോ അല്ലെങ്കില്‍ കയറി വരുന്ന വഴിയില്‍ ഒരു പാത്രത്തില്‍ തൂവാലകള്‍ കിടപ്പുണ്ടാവും അതില്‍ ഒന്നെടുത്തോ തലമറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടൂ. തൂവാല ഉപയോഗിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് ഞാന്‍ പുറത്തിറങ്ങി തലയില്‍ കെട്ടി തിരിച്ച് കയറി. ദര്‍ബാര്‍ സാഹിബ് സരോവര്‍ എന്ന തടാകമധ്യത്തിലെ തുരുത്തിലാണ് ഇതു പണി കഴിപ്പിച്ചിട്ടുള്ളത്.  സിക്കുമതഗ്രന്ഥമായ ഗ്രന്ഥസാഹെബ് ആണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന ഗോപുരത്തിലെ താഴികക്കുടം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞത് മുതലാണ് സുവര്‍ണ്ണ ക്ഷേത്രം എന്ന വിളിപ്പേരു കിട്ടുന്നത്. ക്ഷേത്രത്തിന്റെ തറയും ചുമരുകളുമൊക്കെ വെണ്ണക്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 1762-ലെ ആക്രമണത്തില്‍ തകര്‍ന്ന  ക്ഷേത്രം ശുദ്ധികലശം കഴിച്ച് പുതുക്കിപ്പണിതതോടൊപ്പം സിക്കുനേതാക്കന്‍മാര്‍ ചുറ്റും കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ച് നഗരത്തെ സുശക്തമാക്കി.






തടാകത്തിനു ചുറ്റും വെണ്ണക്കല്ലുകള്‍ പാകിയിട്ടുണ്ട്. അതിലൊരിടത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. കാല്‍ വെള്ളത്തിലേക്ക് തൂക്കി ഇട്ടു ഇരിക്കരുതെന്ന് പലയിടത്തും എഴുതി വച്ചിട്ടുണ്ട്. ചമ്രം പടിഞ്ഞുള്ള ഇരിപ്പ് എനിക്ക് പരിചയം ഇല്ല താനും. വൈദ്യുത വിളക്കുകള്‍ക്ക് വേണ്ടി നിര്‍മിച്ച തൂണുകളൊന്നില്‍ ചാരി കുളത്തിലെ മീനുകളേയും നോക്കി ഞാന്‍ ഇരുന്നു. ദിവസങ്ങളായ അലച്ചിലിനിടയില്‍ ഇതുപോലെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ഞാന്‍ ഇരുന്നിട്ടുണ്ടാവില്ല. വിശ്വാസികള്‍ ഒരുപാട് പേര്‍ പുണ്യസ്നാനം നടത്തുന്നുണ്ട്, കുറച്ച് പേര്‍ ക്ഷേത്രത്തെ വലം വക്കുന്നു. ചിലര്‍ അകത്തു കേറാനുള്ള വരിയില്‍ നില്‍ക്കുന്നു. എങ്ങും ശാന്തത മാത്രം. ഒരുപൂരത്തിനുള്ള ആളുണ്ടെങ്കിലും മറ്റിടങ്ങളില്‍ കാണുന്ന കോലാഹലങ്ങള്‍ ഇവിടെ ഇല്ല. ആ തിരക്കിനിടയില്‍ ആരുമല്ലാതെ ഒരാളായി ഞാന്‍ എത്ര നേരം ഇരുന്നെന്ന് എനിക്കുമറിയില്ല. എന്റെ അടുത്തിരുന്നവരുടെ മുഖങ്ങള്‍ മാറുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ എന്നോട് സഹായം ചോദിക്കുമ്പോള്‍ മാത്രമാണ് അതു ഞാന്‍ ശ്രദ്ധിച്ചിരുന്നതെന്ന് മാത്രം. സിഖ്സ്ത്രീകള്‍ തലയില്‍ കെട്ടുമെന്ന് എനിക്കിതുവരെ അറിയില്ലായിരുന്നു, തീവ്ര വിശ്വാസികളായ ഒരു വിഭാഗമാണതെന്ന് പിന്നീട് ഒരു സുഹൃത്തെനിക്ക് പറഞ്ഞ് തന്നു.





വീടിനകത്ത് പോലും ചെരുപ്പിടാതെ നടക്കുന്നത് വിരളമാണിപ്പോള്‍. അത്കൊണ്ട് തന്നെ ക്ഷേത്രത്തിനു ചുറ്റും വലംവയ്ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടൂ. നാളെക്കഴിഞ്ഞ് തിരിച്ച് പോകും മുന്പ് ഒരുതവണ കൂടി ഇവിടെ വരണമെന്ന് ഞാന്‍ തീരുമാനിച്ചു. പുറത്തിറങ്ങി തെരുവിലൂടെ വെറുതേ കുറെ നേരം നടന്നു ഇടുങ്ങിയ വഴികളിലൂടെ ആളുകള്‍ തിങ്ങി നെരുങ്ങി നടക്കുന്നു അതിനിടയില്‍ സൈക്കിളുകള്‍ സൈക്കിള്‍ റിക്ഷകള്‍ അതും പോരാഞ്ഞ് ബൈക്കുകാരും. കുറേദൂരം എങ്ങോട്ടില്ലാതെ അലഞ്ഞു നടന്നു, അതിലും ഒരു രസമുണ്ട് ലക്ഷ്യബോധത്തോടെ നടക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ലക്ഷ്യബോധമില്ലാത്തൊരു കോമാളിയാവാന്‍. നടന്ന് നടന്ന് അത്യാവശ്യം നന്നായി ഞാന്‍ തളര്‍ന്നു വിശപ്പ് നന്നായി തന്നെ എന്നെ ആക്രമിച്ച് തുടങ്ങി, ഇനി രക്ഷയില്ല.. വല്ലതും കഴിച്ചേ പറ്റൂ.




ഭക്ഷണപ്രിയരാണ് പഞ്ചാബികള്‍, അവരുടെ ഭക്ഷണവും പ്രസിദ്ധമാണല്ലോ. വൈദ്യുതി വകുപ്പിന്റെ കാര്യാലയത്തിനു മുന്‍പിലുള്ള തട്ടുകടയില്‍ കയറി. കോഴിയുടെ ബഹളമാണവിടെ വറുത്തതും സൂപ്പും മുട്ട ബജിയും എന്നു പറയണ്ട കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കഴിച്ചു.  സുല്‍ത്താന്‍ വിന്റ് റോഡിനു എതിര്‍വശത്തുള്ള പുരാനി ലക്കര്‍ മന്ഡി റോഡിലായിരുന്നു ഞാന്‍ മുറിയെടുത്തിരുന്നത്, അങ്ങോട്ട് നടന്നു. പത്തുമണിക്ക് ഗേറ്റ് അടക്കുമെന്നവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇനി വൈകിയാല്‍ പണി പാലും വെള്ളത്തില്‍ കിട്ടി എന്നും പറയുമ്പോലെ ആകാന്‍ ഇടയുണ്ട്.




രാവിലെ ആദ്യം പോയത് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്തേക്കാണ്.  നടക്കാവുന്ന ദൂരമേ ഉള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ  റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. (അവലംബം വിക്കി).







നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവെക്കുകയാണുണ്ടായത്. പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു. ഉധം സിങ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. അതുകൂടാതെ ആ സംഭവത്തിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഡയറിന് ഉത്തരവ് നൽകിയ പഞ്ചാബിന്റെ ലഫ്ടനന്റ് ഗവർണർ കൂടിയായിരുന്നു മൈക്കൽ ഒഡ്വയർ. ഉധം സിങിന്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു എന്നാണ് സർക്കാരിന്റെ ഒരു വക്താവ് പിന്നീട് പറഞ്ഞത്. ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. 1920 ൽ ജാലിയൻവാലാബാഗിലെ രക്തസാക്ഷികൾക്കായി ഒരു സ്മാരകം പണിയുവാനും അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ചു. 1923 ൽ ഈ ട്രസ്റ്റ് ജാലിയൻവാലാബാഗ് സ്വന്തമാക്കുകുയം ഒരു സ്മാരകം പണിയുകയും ചെയ്തു.




അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക് രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജവഹർലാൽ നെഹ്രു ഉൾപ്പടെ പല പ്രമുഖരും പങ്കെടുത്ത് സദസ്സിലാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. പട്ടാളക്കാരുടെ വെടിയേറ്റ സ്ഥലങ്ങളുള്ള ഭാഗം പ്രത്യേകം സംരക്ഷിച്ചു സൂക്ഷിച്ചിരിക്കുന്നു. വെടിവെപ്പിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു ചാടിയ കിണർ രക്തസാക്ഷികളുടെ കിണർ എന്ന പേരു നൽകി സംരക്ഷിച്ചിട്ടുണ്ട്.


ജാലിയൻവാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികള്‍ ആയവരെ മനസ്സിലോര്‍ത്ത് പാര്‍ക്കില്‍ ഞാന്‍ കുറച്ച് നേരം നടന്നു. അവരുടെ ഓര്‍മ്മക്കായി സൂക്ഷിക്കുന്ന കെടാവിളക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. വെടിയൊച്ചകളും നിലവിളികളും എനിക്ക് കേള്‍ക്കുന്നുണ്ടെന്ന് തോന്നി. രക്ഷപ്പെടാന്‍ മറ്റൊരു വാതില്‍ പോലുമില്ലാത്ത ആ മൈതാനത്തില്‍ പ്രാണനും കൊണ്ടോടുന്നവരെ എനിക്ക് കാണുന്നത് പോലെ തോന്നി. തകൃതിയായി ആളുകള്‍ ഫോട്ടോക്ക് പോസുചെയ്യുന്നുണ്ട് ചിലര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നു. വന്നു കയറിയപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.. ചുറ്റും നടന്ന് എല്ലാം ഞാന്‍ പകര്‍ത്തുകയും ചെയ്തു. വെടിയൊച്ചകള്‍ക്കും കരച്ചിലുകള്‍ക്കും അട്ടഹാസങ്ങള്‍ക്കും നടുവില്‍ ഇനി നില്‍ക്കുക വയ്യ, ഞാന്‍ ഒരു വിധം ഉദ്യാനത്തിനു പുറത്ത് കടന്നു. ഉധം സിങ്ങിനോട് എനിക്കപ്പോള്‍ വല്ലാത്ത ബഹുമാനം തോന്നി. നേരെ നടന്ന് ഞാന്‍ സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് കയറി, വൈകീട്ട് വാഗ അതിര്‍ത്തിയില്‍ പോകണം. അതിര്‍ത്തി അടക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കണം.


ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കുള്ള ഒരേ ഒരു  പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമത്തിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ ലാണ് വാഗ രണ്ടായി ഭാഗിച്ചത്. ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ"  ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ  ആവേശഭരിതമായ സൈനിക പരേഡുകൾ നടക്കാറുണ്ട്.  സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും, യഥാർത്ഥത്തിൽ വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുക മാത്രമാണ് ഇതിന്റെ ഉദ്ധേശം.  (അവലംബം വിക്കി). 


ബൈകിനു വിശ്രമം നല്‍കാമെന്ന് കരുതിയ ഒരു ദിവസമായിരുന്നു ഇന്ന്. അതു കൊണ്ട് തന്നെ വാഗയില്‍ ചടങ്ങ് കണ്ട് തിരിച്ച് വരാനുള്ള ടിക്കറ്റ് നേരത്തെ തന്നെ എടുത്ത് വച്ചിട്ടുണ്ടായിരുന്നു. രണ്ട് മണിയോടെ പുറപ്പെടണം ഒന്നെ മുക്കാലിനു തന്നെ എത്തണം എന്നെല്ലാം ചട്ടം കെട്ടിയിരുന്നു ജീപ്പ് ഡ്രൈവര്‍, അതനുസരിച്ച് രണ്ട് മണിക്ക് മുന്‍പ് തന്നെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഞാനെത്തി. ക്ഷമയുടെ അതിര്‍വരമ്പുകള്‍ കണ്ട നിമിഷങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ട്, ഒടുക്കം പണം തിരിച്ച് തരാന്‍ ആവശ്യപ്പെടേണ്ടി വന്നു അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍. ആഫ്രിക്കന്‍ വംശജനായ ഫ്രഞ്ച് പൌരന്‍ ലൂസേ ആയിരുന്നു അവസാനം എത്തിയത്. അയാളുടെ കയ്യില്‍ നിന്നും മൂന്നിരട്ടി പണം വാങ്ങിയിരുന്നെന്ന് പിന്നീട് അറിഞ്ഞു. എത്രയും പെട്ടെന്ന് വാഗയില്‍ എത്തണം, അവിടെ ഇപ്പോഴേ ആവശ്യത്തില്‍ അധികം ക്യൂ ആയിക്കാണും.  വഴിയില്‍ ഒരു അമ്പലത്തിന്റെ അടുത്ത് വണ്ടി നിന്നു എല്ലാവരും തൊഴാന്‍ അകത്ത് പോയി, ഞാനും ലൂസേയും മാത്രം അക്ഷമരായി വണ്ടിയില്‍ ഇരുന്നു. കമ്പനിയാവശ്യത്തിന് വന്നതാണ് ലൂസെ, സമയം കിട്ടിയപ്പോള്‍ ഇന്ത്യ കാണാന്‍ ഇറങ്ങിയതാണ് ആശാന്‍. മൂന്നര കഴിഞ്ഞ് കാണണം അവിടെ എത്തുമ്പോള്‍, ഒരുപൂരത്തിനുള്ള ആളുണ്ടവിടെ, ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ?? ഈ ക്യൂവില്‍ നിന്നു അകത്ത് കേറിയാല്‍ മിക്കവാറും പരേഡ് കാണല്‍ ഉണ്ടാവില്ല. തിരക്ക് അത്രക്കുണ്ട്, ഇന്നലെത്തന്നെ വന്ന് നില്‍ക്കുകയാണെന്ന് തോന്നുന്നു എല്ലാവരും. എന്റെ കൂടെ വിദേശിയെ കണ്ടപ്പോള്‍ വിദേശികള്‍ക്കും കയ്യില്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്കും വി ഐ പി കള്‍ക്ക് വേണ്ടി സംവരണം ചെയ്ത ഇരിപ്പിടങ്ങള്‍ക്ക് അരികെ ഇരിക്കാന്‍ അവസരംകിട്ടുമെന്ന് അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ബാഗുകള്‍ ഒന്നും തന്നെ അകത്തേക്ക് കടത്തി വിടില്ല, 20 രൂപ കൊടുത്താല്‍ പുറത്ത് ബാഗ് സൂക്ഷിക്കാന്‍ ആളുണ്ട്,വണ്ടിയില്‍ ഒന്നും വെക്കാന്‍ അനുവദിക്കില്ലെന്ന് ഡ്രൈവര്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ന് ഞായറാഴ്ച ആയതിനാലാണ് ഇത്രയും തിരക്ക്.




വിദേശികള്‍ക്കും വി ഐ പി കള്‍ക്കും വേണ്ടി പ്രത്യേകം ക്യൂ ആയിരുന്നു അതില്‍ തിരക്ക് കുറവായിരുന്നു താനും. ലൂസെ പാസ്പോര്‍ട്ട് എടുക്കാതെയാണ് വന്നിരിക്കുന്നത്, ക്യാമറ സഞ്ചിയില്‍ എന്റെ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും എപ്പോളും ഉണ്ട് താനും. ലൂസെ ഉള്ളത് കൊണ്ട് എനിക്കും ഞാന്‍ ഉള്ളത് ലുസെക്കും അങ്ങനെ ഉപകാരമായി. ചെക്കിങ്ങ് എല്ലാം കഴിഞ്ഞ് നാലുമണിക്ക് പത്തുമിനിട്ട് ഉള്ളപ്പോള്‍ ഞങ്ങള്‍ ഇരിപ്പിടം സ്വന്തമാക്കി. ഒരു ഗേറ്റിനപ്പുറം പാകിസ്താന്റെ ഗാലറി കാണാം, അവിടെ ആളുകള്‍ നന്നേ കുറവാണ്. നമ്മുടെ സൈഡില്‍ ആണേല്‍ ഇരിപ്പിടത്തിനായി ആളുകള്‍ പിടിയും വലിയും നടത്തേണ്ട അവസ്ഥയും.





അഞ്ചുമണിയോടെ പതാക താഴ്ത്തല്‍ ചടങ്ങ് തുടങ്ങി. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍. രണ്ട് രാജ്യത്തേയും പട്ടാളക്കാര്‍ പ്രകനങ്ങള്‍ നടത്തുന്നു. ഉച്ചഭാഷിണിയില്‍ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടെ ദേശഭക്തി ഉയര്‍ത്തുന്ന ഗാനങ്ങള്‍ മുഴങ്ങുന്നു. ഒരു രാത്രികൊണ്ട് അന്യരായിത്തീര്‍ന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വരക്കിരുപുറവും ഇരിക്കുന്നു... അവരെ വേര്‍ത്തിരിക്കാന്‍ രണ്ട് ഗേറ്റുകള്‍. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാട് പോലെ. മുഴുവന്‍ ശ്രദ്ധയും ചടങ്ങിലേക്ക് കേന്ദ്രീകരിക്കാന്‍ ഞന്‍ ശ്രമിച്ച് കൊണ്ടിരുന്നു. എനിക്കെതിര്‍ വശത്തുള്ള ഇന്ത്യയുടെ കവാടത്തിനു മുകളില്‍ നിറതോക്കുമായി പട്ടാളക്കാര്‍, അവര്‍ക്ക് മധ്യേ ചിരിച്ച് കൊണ്ടിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം അതിനുമീതെ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക. താഴെ പാകിസ്താനിലേക്ക് കടന്ന് പോകുന്ന റോഡില്‍ പതാകയേന്തിയ വനിതകള്‍ അടഞ്ഞു കിടക്കുന്ന ഗേറ്റിനരികിലേക്ക് വരെ ഓടി തിരിചു വരുന്നു, അവരുടെ കയ്യില്‍ നിന്നും അടുത്ത ആള്‍ പതാക വാങ്ങുന്നു. അന്തരീക്ഷം ഇന്ത്യക്ക് ജയ് വിളിക്കുന്നവരുടെ ശബ്ദം കൊണ്ട് നിറയുന്നു. ക്യാമറയില്‍ ചലന ചിത്രം പിടിക്കുന്ന സമയമൊഴികെ ഞാനും ഇന്ത്യക്ക് ജയ് വിളിക്കാന്‍ മറന്നില്ല. ഒരോ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും ഇവിടെ വരണം. ഇതുപോലുള്ള മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവണം. ബി എസ് എഫിന്റെ പട്ടാളക്കാര്‍ തലയില്‍ വര്‍വര്‍ണ്ണാഭമായ തൊപ്പി അണിഞ്ഞിട്ടുണ്ട്, എകദേശം ഇതേ രംഗങ്ങള്‍ തന്നെയാണ് അതിര്‍ത്തിക്കപ്പുറവും അരങ്ങേറുന്നത്, മുഴുവനായി കാണാന്‍ കഴിയുന്നില്ലെങ്കിലും.


ഗേറ്റിനു നേരെ നടന്നടുക്കുന്ന ഒരു പട്ടാളക്കാരന്‍ ഗേറ്റ് വലിച്ചു തുറക്കുന്നു, പിന്നെ നെഞ്ച് വിരിച്ച് പോരിനു വിളിക്കുമ്പോലെ നില്‍ക്കുന്നു, ഗേറ്റിനപ്പുറത്തും ഇത് തന്നെ. മറ്റൊരു പട്ടാളക്കരന്‍ വന്ന് നേരത്തെ പോലെ പോര്‍വിളി നടത്തുന്നു. മൂന്നാമത്തെ പട്ടാളക്കാരന്‍ തുറന്നിട്ട ഗേറ്റിനപ്പുറം കയറി പാകിസ്താന്‍ പട്ടാളക്കാരനു അഭിമുഖമായി നില്‍ക്കുന്നു ഭൂമിയില്‍ ആഞ്ഞ് ചവിട്ടി ശരവേഗത്തില്‍ കൊടിമരതിനടിയിലേക്ക് ചെന്ന് പതാക കെട്ടിയ കയര്‍ അഴിക്കുന്നു.  അഴിച്ച കയര്‍ പരസ്പരം കൂട്ടി മുട്ടിച്ച് നിന്ന് ജയ് വിളിക്കുന്നു. അന്തരീക്ഷത്തില്‍ അപ്പോള്‍ വന്ദേമാതരം, ഹിന്ദുസ്താന്‍ സിന്ദാബാദ്, തുടങ്ങിയ ശബ്ദങ്ങള്‍ മാത്രം.  ഇതൊക്കെ കണ്ട് എനിക്കു മുന്നില്‍ ഇരിക്കുന്ന വിദേശികള്‍ അടക്കിപ്പിടിച്ച് ചിരിക്കുന്നുണ്ട്. അഞ്ചരക്ക് ഇരു രാജ്യങ്ങളുടേയും പതാകകള്‍ താഴ്ത്തി, പതാക അഴിച്ച് മടക്കി പിറകില്‍ നിന്ന പട്ടാളക്കാരന് കൈമാറുന്നു.




പിന്നെ അകമ്പടിയോടെ പതാകകള്‍  ബി എസ് എഫിന്റെ കെട്ടിടത്തിനകത്തെക്ക്. ഇരു വശത്തേയും ഗേറ്റുകള്‍ ഇതിനോടകം അടച്ച് കഴിഞ്ഞു. ഇതിനെല്ലാം സാക്ഷി ആയിരുന്ന സൂര്യനും അസ്തമിച്ചു.  അവിടെ നിന്നിറങ്ങി തിരക്കിലൂടെ ഞങ്ങള്‍ വാഹനം നിര്‍ത്തിയ ഇടത്തേക്ക് നടന്നു. നാളെ എനിക്ക് ഇവിടം വിടണം നേരെ ശ്രീ ഗംഗ നഗര്‍ അവിടെ നിന്നും ബിക്കാനെര്‍ പിന്നെ ജൈസല്‍മീര്‍. ശ്രീ ഗംഗാനഗറിലാണ് ലേയില്‍ നിന്നും പരിചയപ്പെട്ട ഹര്‍ഷ്ദീപിന്റെ വീട്, അവിടെ അവന്‍ ഉണ്ടാവുമെന്നും അവിടെ എത്തുന്ന ദിവസം കാണണമെന്നും നേരത്തേ പറഞ്ഞിരുന്നു. തിരിച്ചുള്ള യാത്രയിലും എന്റെ മനസ്സുമുഴുവന്‍ പഞ്ചാബിനെ രണ്ടായി മുറിച്ച സമയത്ത് അവിടുത്ത്കാര്‍ അനുഭവിച്ച വേദനയായിരുന്നു മനസ്സ് മുഴുവന്‍... അതിര്‍ത്തികളില്ലാത്ത ഒരു ലോകം, ഒന്നിനും അതിര്‍വരമ്പുകള്‍ ഇല്ലാത്ത, സ്വപ്നം പോലും കാണാന്‍ ആവില്ലെന്ന സത്യം എന്നെ നോക്കി അപ്പോള്‍ പല്ലിളിക്കുകയായിരുന്നിരിക്കണം...







ജാലിയന്‍വാലാബാഗിലെ കൂടുതല്‍ വീഡിയോകള്‍ കാണാന്‍

വാഗ അതിര്‍ത്തിയിലെ കൂടുതല്‍ വീഡിയോ കാണാന്‍
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക

തുടര്‍ന്ന് വായിക്കുക







40 comments:

  1. സമാധാനമായി വായിച്ചു തീർത്തു ....ഈ ഒരു ചടങ്ങ് നമുക്ക് വേണ്ടായിരുന്നു അല്ലെ ?വീണ്ടും വീണ്ടും വാശി പിടിക്കാൻ ..? അടുത്തത് പോരട്ടെ

    ReplyDelete
    Replies
    1. ഒരു തമാശയുടെ ലാഘവത്തോടെ എടുക്കാവുന്നതേ ഉള്ളൂ...

      Delete
  2. ശ്രീനഗർ മുതൽ വാഗാ അതിർത്തിവരെ - അതിനിടയിൽ സുവർണക്ഷേത്രവും, ബ്ളൂസ്റ്റാർ ഓപ്പറേഷനും, ഇന്ത്യയുടെ ചരിത്രത്തിലെ ചില വേദനിപ്പിക്കുന്ന അദ്ധ്യായങ്ങളും . ഓരോ ലക്കം പിന്നിടുന്തോറും താങ്കളുടെ എഴുത്തിനും, വിവരണത്തിനും മിഴിവ് കൂടി വരുന്നു.

    വീഡിയോകളിലൂടെയും, ചിത്രങ്ങളിലൂടെയും കിട്ടുന്നതിലും ജീവസ്സുറ്റ കാഴ്ചകൾ വാക്കുകളിലും അക്ഷരങ്ങളിലും തെളിയുന്നുണ്ട്

    ഈ ഭാരതദർശനം തുടരുക .......

    ReplyDelete
  3. ചിത്രങ്ങളും എഴുത്തും നന്ന്. കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരം വായനയ്ക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പോലെ...

    ReplyDelete
    Replies
    1. കുറച്ച് വലുതാക്കിയിട്ടൂണ്ട് ആ ബുദ്ധിമുട്ടിനൊരു ആക്കം ഇനി ഉണ്ടാവേണ്ടതാണ്..

      നന്ദി..

      Delete
  4. സഞ്ചാരം തുടരട്ടെ, വിവരണവും.
    വായിയ്ക്കാന്‍ വളരെ നന്നായിരിയ്ക്കുന്നു. രക്തസാക്ഷികളുടെ കിണറില്‍ നിന്ന് അവരുടെ ആത്മാവ് വല്ലതും സംസാരിച്ചുവോ?

    ReplyDelete
    Replies
    1. അവര്‍ക്ക് കമ്പനി കൊടുക്കാന്‍ ചിലപ്പോ എനിക്ക് തോന്നിയാലോ?
      ആ ചിന്ത വരും മുന്പ് ഞാന്‍ അവിടുന്ന് പോന്നു..

      Delete
  5. ഇങ്ങനെ യാത്രാവിവരണങ്ങളും യാത്രകളും തുടരൂ. യാത്രചെയ്യാത്തവർക്കും സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമല്ലൊ. വാഗാ അതിർത്തിയിലെ പതാകതാഴ്ത്തൽ ചടങ്ങ് വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് എന്തിന് ഇപ്പോഴും ഇത് തുടരുന്നു എന്ന്.

    ReplyDelete
    Replies
    1. അങ്ങനെ ഒരു കാര്യം എനിക്കും തോന്നി.. പിന്നെ ആകെ വെടിയൊച്ചകള്‍ കേള്‍ക്കാത്ത ഒരേ ഒരു അതിര്‍ത്തി പ്രദേശമാണിവിടെ... ബാക്കി എല്ലായിടത്തും സംഘര്‍ഷം നിലനില്‍ക്കുകയല്ലേ.. എപ്പോള്‍ വേണമെങ്കിലും വെടി നിര്‍ത്തല്‍ ലംഘിക്കപ്പെടാം....

      Delete
  6. Marvelous! giving a feel of a joined travel.u could present it the best.I felt that should b with u. Really appreciating ur inborn talent but beware and believe in fate.An incomplete journey of an expatriate moreover my bro.Life is to enjoy but responsibilities never allow to it.

    ReplyDelete
  7. എന്താ പറയുക , ഒരീക്കല്‍ എങ്കിലും ഈ കാഴ്ചകള്‍ ഒന്ന് നേരില്‍ കാണണം എന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളായി അവശേഷിക്കുന്നു , എന്നെങ്കിലും ഇത്തരം ഒരു യാത്ര തരപ്പെടുന്നു എങ്കില്‍ തീര്‍ച്ചയായും ഈ ബ്ലോഗ്‌ ആയിരിക്കും എന്റെ റഫറന്‍സ് .

    ReplyDelete
    Replies
    1. :) നിങ്ങളൊക്കെയാണെനിക്ക് പ്രചോദനം... ഞാനും ഇതേ ആഗ്രഹം മനസ്സിലിട്ട് കുറേനടന്നു... പിന്നെ രണ്ടും കല്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടു...

      Delete
  8. This comment has been removed by the author.

    ReplyDelete
  9. അങ്ങോട്ടൊന്നും പോകാന്‍ പറ്റിയില്ലെങ്കിലും ഇതൊക്കെ വായിച്ചാല്‍ മതിയല്ലോ. നന്ദി സുഹൃത്തേ, ഈ പകര്‍ന്നു തന്നതിന്. കൂടുതല്‍ ആലങ്കാരികമായി പറയാന്‍ അറിയില്ല.

    ReplyDelete
    Replies
    1. :) നന്ദി... ഉയര്‍ത്തെഴുന്നേല്‍പ്പ് പോലെ ഒരു യാത്രയും തരപ്പെടട്ടെ..

      Delete
  10. നല്ല വിവരണം.
    എന്നാലും ജമ്മു ശ്രീനഗര്‍ ഹൈവെയിലൂടെ ബൈക്കില്‍...ശരിക്കും അത്ഭുതപ്പെടുത്തുന്നു...

    ReplyDelete
    Replies
    1. ജമ്മു ശ്രീനഗര്‍ ഹൈവേ വളരെ നല്ല റോഡാണ്... മണാലി-ലേ-ശ്രീനഗര്‍ റോഡുകളെ അപേക്ഷിച്ച്... ലേയിലേക്ക് പോയിട്ടില്ലേ?

      Delete
  11. ഓരോ ഭാഗവും വായിക്കുംതോറും കൂടുതല്‍ കൂടുതല്‍ ഇഷ്ടമാകുന്നു. പാന്ഥന്‍ വായനക്കാരന്‍റെ സ്വന്തമാണ് എന്ന ഫീല്‍.
    ഒരിന്ത്യാക്കാരന്‍ ഒരിക്കെലെങ്കിലും ഇതൊക്കെ കാണേണ്ടേ അല്ലേ?
    എന്നെങ്കിലും ഞാനും പോകും !
    നന്ദി.

    ReplyDelete
    Replies
    1. പോവുമ്പോള്‍ വിളിക്കണം .. ഞാനും ഉണ്ട്.. ഇവന്റെ മുന്നില്‍ ഒന്ന് തല പൊക്കി നില്‍ക്കണ്ടേ .. :P

      Delete
    2. പിന്നെ, വിളിക്കേണ്ട താമസം നീ വരും....

      Delete
  12. Njangalum ponu next week Amritsar .. khadarinte adutha yathravivaranam vayikan kathirikkunnu

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട്. ഈ യാത്ര ഒരു പുസ്തകമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടേ?

    ReplyDelete
    Replies
    1. ചിന്ത കഴിഞ്ഞു.. ഞങ്ങള്‍ ഉടനെ ഇറക്കും.. അവതാരിക ഞാന്‍ ആവും എഴുതുക ..! :P

      Delete
    2. ഓണ്‍ ലൈന്‍ ഉള്ള ആയിരം പേര്‍ പോലും ഒരു ഭാഗം വായിക്കുന്നില്ല... 1000 കോപ്പി എങ്കിലും അടിക്കണ്ടേ.. അതു മിക്കവാറും കെട്ടിക്കിടന്ന് ചിതലരിക്കും..
      പിന്നെ അവതാരിക എഴുതാന്‍ അനുവദിച്ചാല്‍ കാളിയന്‍ പുസ്തകം അച്ചടിക്കാനുള്ള ചിലവ് വഹിക്കാം എന്നേറ്റിട്ടൂണ്ട് അതാണൊരാശ്വാസം...

      Delete
  14. അറിയാത്ത വഴികളിൽ പാന്ഥനെ കാത്തിരിക്കുന്നത് ഇതിലും വലിയ അത്ഭുതങ്ങളാകാം...
    Just keep riding and writing...

    ReplyDelete
    Replies
    1. പിച്ച വക്കുമ്പോള്‍ തുടങ്ങി നമുക്കെന്നും ഒരോ വഴിയും അപരിചിതമായിരുന്നു... പിന്നെ എല്ലാം നമ്മള്‍ പരിചിതമാക്കി.. ഒരോ യാത്രയും അപരിചിതമായതിനെ പരിചിതവും, പരിചിതമായതിനെ ചിരപരിചിതവും ആക്കലല്ലേ... :-) യാത്ര തുടരുന്നു....
      നന്ദി.....

      Delete
  15. നിന്റെ യാത്രകള്‍ എന്നും കൊതിപ്പിചിട്ടെയുള്ളൂ ... ഇപ്പൊ എഴുത്തും..

    അസൂയ അസൂയ !!

    ReplyDelete
    Replies
    1. എന്റെ പല യാത്രകളും നീയും പ്രവിയും ചേര്‍ന്നാണ് പൂര്‍ണ്ണമാക്കിയത്... ഒറ്റക്ക് ഞാന്‍ നടത്തിയ ഈ യാത്ര അപൂര്‍ണ്ണമായതും നിങ്ങളുടെ അസാനിധ്യമാവാം.. :(

      Delete
  16. Valare nannayi yathra anubhavam pakarthiya ningalkku thanks.

    ReplyDelete
  17. എല്ലാ ലക്കങ്ങളും ഒന്നിച്ചാണ് വായിച്ചത്.. ഏറെക്കാലമായി എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൂടെ, താങ്കളുടെ സചിത്രവിവരണങ്ങളുടെ തേരിലേറിയുള്ള യാത്ര അതീവഹൃദ്യം!!

    നമിക്കുന്നു, ആ നിശ്ചയദാർഢ്യത്തെ..

    കൂടുതൽ ദൂരങ്ങൾ താണ്ടാൻ, കൂടുതൽ കാഴ്ചകൾ കാണാൻ.. സഞ്ചാരം തുടരട്ടെ..

    ReplyDelete
  18. പ്രിയപ്പെട്ട എഴുത്തുകാരാ ആദ്യം പറയാനുള്ളത് നിങ്ങൾ ഒരു മഹാ ഭഗ്യവാൻ ആണ് ഇങ്ങനെ ഉള്ള അനുഭവം ജീവിതത്തിൽ ലോട്ടറി അടിക്കുന്നത് പോലെയാണ് പിന്നെ നിങ്ങളുടെ ആത്മവിശ്വാസത്തെ ന്ഹാൻ അഭിനന്ദിക്കുന്നു , ഈ ആഗ്രഹം മനസ്സിൽ വച്ച് നടക്കുന്ന ഒരു പ്രവാസി ആണ് ന്ഹനും പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുവാൻ സാധിക്കുമെന്ന് തോന്നുനില്ല ഏതായാലും ഇങ്ങനെ ഒരു യാത്ര നടത്താൻ കഴിന്ഹതിലും ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ മനസ്സു കാടിയത്തിലും എന്റെ ആത്മര്തമായ അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഒരിക്കല്‍ ഇതെല്ലാം എനിക്കൊരു സ്വപ്നം മാത്രമായിരുന്നു... പിന്നെ ഞാന്‍ സ്വപ്നത്തിലേക്ക് നടന്നടുക്കാന്‍ തീര്‍മാനിച്ചു... അതല്ലെങ്കില്‍ ഒരിക്കല്‍ എന്റെ സ്വപ്നങ്ങളൂം എന്നോടൊപ്പം മണ്ണടിയുമായിരുന്നു...
      സ്വപ്നം യാദാര്‍ത്യമാവട്ടെ... ആശംസകള്‍....
      നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..

      Delete
  19. ജാലിയന്‍വാലാബാഗിന്‍റെ ഭാഗം വായിച്ചുതുടങ്ങിയപ്പോള്‍ ഉള്ളില്‍ നൊമ്പരമുണര്‍ന്നു!
    എഴുത്തും,ചിത്രങ്ങളും മനോഹരം!!
    ആശംസകള്‍

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D