വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Thursday, 7 June 2012

ചാറ്റല്‍ മഴയില്‍ പറമ്പിക്കുളം

കഴിഞ്ഞ മെയ്‌ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍  കഴിയാതെ പോയ പറമ്പിക്കുളം യാത്ര എന്ത് വില കൊടുത്തും നടത്തണമെന്ന തീരുമാനപ്രകാരമാണ് രണ്ടാഴ്ചത്തെ ഒഴിവുദിനത്തില്‍ പറമ്പിക്കുളം ഉള്‍പ്പെട്ടത്. നിരക്ഷരന്‍ ജിയുടെ മഴ നനയാന്‍ പറമ്പികുളത്തേക്ക് എന്ന പോസ്റ്റ്‌ ആണ് പറമ്പികുളം എന്‍റെ സിരകളില്‍ എത്തിക്കുന്നത്.  മുന്‍ നിശ്ചയിച്ച പ്രകാരം അന്‍വറും കബീര്‍ ഭായിയും രാവിലെ എട്ട് മണിക്ക് മുന്‍പ്‌ ചെര്‍പുളശ്ശേരിയിലെത്തി,   അവിടെ നിന്ന് എന്നെയും കൂട്ടി പാലക്കാട്ടേക്ക്. പ്രാതല്‍ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞു. മഴ ചന്നംപിന്നം പെയ്തു തുടങ്ങി. പറമ്പിക്കുളത്തെ അവസ്ഥ അറിയാത്തത്‌ കൊണ്ട് കുട വാങ്ങാന്‍ തീരുമാനിച്ച്, മൂന്ന് കുടകളും വാങ്ങി നേരെ പൊള്ളാച്ചി റോഡിലെ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മാന്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കടന്ന്‍ യാത്ര തുടര്‍ന്നു.

റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന പുളിമരങ്ങല്‍ക്കിടയിലൂടെ ഉള്ള യാത്ര വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ചു. കേരളത്തിലെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്രയും നല്ല റോഡുകളായിരുന്നു തമിഴ്നാട്ടില്‍ വരവേറ്റത്‌. 

     ആനമല ടൈഗര്‍ റിസേര്‍വിന്‍റെ ചെക്ക് പോസ്റ്റ്‌ കടന്നതിനു ശേഷമുള്ള റോഡ്‌ കുറച്ച് കഠിനമായിരുന്നു. സാധാരണ കാനനപാതകളെ പോലെ തന്നെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കാനുള്ള ഒരു കുറുക്കുവഴി ആകാം ഇതും. വഴിയില്‍ വന്യമൃഗങ്ങളെ ഒന്നും കാണാത്തത് കാരണം പുറത്തിറങ്ങരുതെന്ന നിയമം ലംഘിക്കേണ്ടി വന്നില്ല. 

ടോപ്സ്ലിപ്പ്‌ കടന്ന് ഞങ്ങള്‍ നേരെ പറമ്പികുളം ടൈഗര്‍ റിസേര്‍വിലെത്തി.


മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന തെല്ലിക്കല്‍ നൈറ്റ്‌സിന് പണമടച്ച് കഴിഞ്ഞാണ് കൂട്ടത്തില്‍ കുറച്ച് പേടിയുള്ള  കബീര്‍ ഭായിയോട് രാത്രി താമസം കാടിനകത്തുള്ള തെല്ലിക്കല്‍ ഐബിയിലാണ് എന്ന വിവരം അറിയിക്കുന്നത്. ഉടനെ തന്നെ കാട്ടിലേക്കാണ് പോകുന്നത്‌ വിധി ഉണ്ടെങ്കില്‍ കാണാം എന്ന് ഭാര്യയെ തമാശ രൂപേണ മൂപ്പര്‍ വിളിച്ചറിയിച്ചു.


ആയുധധാരിയായ ഒരു ഓഫീസറും രണ്ടു ആദിവാസികളായ ട്രെക്കേര്‍സും കൂടെ ഉണ്ടാകും എന്നായിരുന്നു ബുക്ക്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നത്. കാടിനകത്ത് ടെലിഫോണിന് റേഞ്ചും കരണ്ടും വെളിച്ചവും ഒന്നും ഉണ്ടാവില്ലെന്ന്‍ നേരത്തെ തോന്നിയിരുന്നത് കൊണ്ട് ടോര്‍ച്ചും ചെറിയ രണ്ടു ലൈറ്റുകളും ഞാന്‍ കയ്യില്‍ കരുതിയിരുന്നു. ഞങ്ങള്‍ പോകാന്‍ എല്ലാം ഒരുങ്ങി എത്തിയപ്പോള്‍ ഗാര്‍ഡ്‌സ്‌ രാത്രിയിലേക്കുള്ള എമര്‍ജന്‍സി ലൈറ്റ് തപ്പുകയായിരുന്നു. അവസാനം ചാര്‍ജ് ചെയ്യാത്ത രണ്ടു ലൈറ്റ് തപ്പി എടുത്തു. പോകുന്ന വഴിക്ക്‌ ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിക്കാം, ട്രെക്കിംഗ് തുടങ്ങാന്‍ ഇനിയും 3-4 മണിക്കൂര്‍ ഉണ്ട് അത് കൊണ്ട് അത്യാവശം ചാര്‍ജ്  ആയിക്കൊള്ളുമെന്ന്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുമണിയോടെ ഞങ്ങളുടെ കൂടെ തെല്ലിക്കല്‍ ഐബിയിലേക്കുള്ള ആയുധമേന്തിയ (കൊടുവാള്‍) രണ്ടു ഗാര്‍ഡുകളെയും  കൂട്ടി ഞങ്ങള്‍ പറമ്പികുളം ഡാമിന്‍റെ അടുത്തേക്ക്‌ പോയി.

മഴയില്‍ കുതിര്‍ന്നിരിക്കുന്ന പരുന്ത്‌ 

മഴ ചെറുതായി ചാറിക്കൊണ്ടിരുന്നു. റോഡിനിരുവശവും മാന്‍കൂട്ടം ഇടയനില്ലാതെ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റത്തെ പോലെ പുല്ലു തിന്നു നടക്കുന്നുണ്ടായിരുന്നു.

വാഹനം നിര്‍ത്തിയപ്പോള്‍ ഞങ്ങളെ നിരീക്ഷിക്കുന്ന മാന്‍ 
മഴയില്‍ നനഞ്ഞൊട്ടിയ മയിലുകളെയും വഴിയോരത്ത്‌ കണ്ടു.  ഒരുവശത്ത്‌ ആളിയാറിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് പണിത പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ കാടിന്‍റെ മനോഹരമായ പച്ചപ്പ്,  വഴിയില്‍ അങ്ങിങ്ങ്  മണ്‍തിട്ടകള്‍ ഇടിഞ്ഞിരിക്കുന്നു,  തലേ ദിവസം  ഒരുപറ്റം ആനകള്‍ ഇറങ്ങിയിരുന്നൂവെന്നും  ചിലപ്പോള്‍ അവയെ വഴിയില്‍ കാണാനായേക്കുമെന്നും  ഗാര്‍ഡില്‍ ഒരാള്‍ പറഞ്ഞു. 

ആളിയാര്‍ പറമ്പികുളം ഡാം തമിഴ്നാട് പണിതത്‌
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സഹ്യനെ തുളച്ചിരിക്കുന്നത് മഴമൂലം പകര്‍ത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് ഫോട്ടോഗ്രാഫി നിരോധിച്ചു ബോര്‍ഡ്‌ വച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോയില്ല. ഡാം സന്ദര്‍ശിച്ചു തിരിച്ചു വരുന്ന വഴിക്ക്, ദൂരെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരുപറ്റം കാട്ടുപോത്തുകള്‍ നില്‍കുന്നുണ്ടായിരുന്നു. എന്നാല്‍  ഗാര്‍ഡ്‌ ചൂണ്ടിക്കാണിക്കും വരെ ഞങ്ങള്‍ അവയെ കണ്ടിരുന്നില്ല.

സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്നിന്ന് കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന് പറയാതെ വയ്യ. രാത്രിയിലെക്കും രാവിലെക്കും വേണ്ട സാധനങ്ങളും പിന്നെ ഒരു കൂട് മെഴുകു തിരിയും  വാങ്ങിച്ചthഅവിടെ നിന്ന് തന്നെ. അപ്പോഴാണ് തൊട്ടടുത്ത്‌ അടഞ്ഞു കിടന്നിരുന്ന കടയില്‍ ഒരുപറ്റം കുരങ്ങന്മാര്‍ കേറി  പട്ടാപകല്‍ പഴക്കുല മോഷണം നടത്തിയത്‌. കടയുടെ ഓടിളക്കി മനുഷ്യനെപ്പോലെ ഇതൊക്കെ ഞങ്ങള്‍ക്കും വശമുണ്ട് എന്ന് പൂര്‍വികര്‍ കാണിച്ചു തന്നു.

മഴയില്‍ കോട ഇറങ്ങിയ കാനന പാതബ്രിട്ടിഷുകാര്‍ വെച്ചുപിടിപിച്ച തേക്കിന്‍ കാടിനിടയൂലെ കടന്ന്‍ ട്രെക്കിംഗ് തുടങ്ങുന്ന സ്ഥലത്തെത്തി. പെരുവരിപ്പള്ളം ഡാമിനുമുകളിലൂടെ നടന്നുവേണം കാട്ടിലേക്ക്‌ കയറാന്‍. കാര്‍ ഒതുക്കി പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ ട്രെക്കിങ്ങിനു തയ്യാറായി. ഏകദേശം 6 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാന്‍ ഉണ്ട് തെല്ലിക്കല്‍ ഐബിയിലേക്ക്‌. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലേക്ക് നിറച്ച് കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.


ചാറ്റല്‍ മഴയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ക്യാമറയെ സംരക്ഷിക്കാന്‍ കുട കയ്യിലെടുത്ത്‌കൊണ്ടായിരുന്നു നടത്തം തുടങ്ങിയത്. കാട്ടിലേക്ക്‌ കടന്നതോടെ മഴ കനത്തു. കേഴമാനുകള്‍ കൂട്ടത്തോടെ പുല്ലുമേഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ കാലടി ശബ്ദം കേട്ടതും എല്ലാം കാട്ടിലേക്ക്‌ ഓടിമറഞ്ഞു.  നാലുമണിയോടെ നടത്തം തുടങ്ങിയ ഞങ്ങള്‍  അഞ്ചേപത്തോടെ തെല്ലികലെത്തി.  കാട്ടിന് നടുവില്‍ ബ്രിട്ടീഷുകാര്‍ പണിത കെട്ടിടം ഒരു ചെറിയ വീട്, ചുറ്റും ആന കയറാതിരിക്കാന്‍ വലിയ കിടങ്ങ് കീറി ഇട്ടിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് താക്കൊലെടുക്കാതെയാണ്  പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബിയില്‍ എത്തിയിരിക്കുന്നത്. അകത്തുകേറാന്‍ ഒരു നിര്‍വാഹവും  ഇല്ല. ഇരുട്ടി തുടങ്ങി തിരിച്ചു പോയി താക്കോലെടുത്ത് വരാനുള്ള സമയവും ഇല്ല. ഒടുവില്‍  അടുക്കളയില്‍ നിന്ന് ഉപ്പ് കട്ട് തിന്നാന്‍ ആന വളച്ച ജനലിലൂടെ അകത്തുകടന്ന് പുറകിലെ വാതില്‍ തുറന്ന്‍ ഞങ്ങള്‍ അകത്ത് കയറി.  രാത്രി ഭക്ഷണം കഴിഞ്ഞു നേരത്തെ തന്നെ ഞങ്ങള്‍ ഉറങ്ങി. യാത്രയുടെ ക്ഷീണം എല്ലാവരെയും നല്ലവണ്ണം തളര്‍ത്തിയിരുന്നു. ശുദ്ദവായു ശ്വസിച്ച് വാഹനങ്ങളുടെ ഇരമ്പലോ  ടെലിഫോണിന്‍റെയോ ശല്യപെടുതലുകൊളോ ഇല്ലാതെ ഒരു രാത്രി.


ഐബി ക്ക് പുറകിലൂടെ ഒഴുകുന്ന ചോല. രണ്ടായി ഒഴുകി വന്ന് ഇവിടെ വച്ചു ഒന്നായി ചേരുന്നു. രാവിലെ ഈ പുഴയിലാണ് കുളിയും പല്ല് തേപ്പുമൊക്കെ നടത്തിയത്‌.  ക്യാമറയെടുത്ത് രാവിലെ കുറച്ചു നേരം നടന്നു നോക്കിയെങ്കിലും കരിങ്കുരങ്ങിനെ അല്ലാതെ വേറെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല.  പ്രാതലിന് ശേഷം  തെല്ലിക്കല്‍ ഐബിയോട്‌ വിട പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബി
തിരിച്ച് നടത്തം തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് മുന്‍പായി കരടി ഐബി യുടെ അടുത്ത് വരെ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു.  പക്ഷെ നിര്‍ഭാഗ്യവശാല്‍  കരടി ഞങ്ങള്‍ക്ക്‌ ദര്‍ശനം തന്നില്ല.
ചിതലിനെ തിന്നാന്‍ കരടി കുഴിച്ച കുഴി.

വഴിയില്‍ ആനക്കൂട്ടം അടുത്തെവിടെയോ ഉള്ളതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  കുറച്ച് അകലെ നിന്നായി മരചില്ലക്കള്‍ ഓടിയുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ആനചൂര് മൂക്കിലേക്ക് അടിച്ചു കയറി. അടുത്തെവിടെയോ ആനയുണ്ടെന്ന്‍ ഗാര്‍ഡുമാര്‍ ഓര്‍മിപ്പിച്ചു. കാട്ടില്‍ നിന്ന്‍ ഇറങ്ങി വന്ന ആദിവസികളിലൊരാള്‍ ആനയെ കണ്ടെന്ന്‍ സിഗ്നല്‍ തന്നു. ആനത്താരയിലൂടെ കുറച്ച് മുന്നോട്ട് നടന്നെങ്കിലും ആനയെ കാണാന്‍ സാധിച്ചില്ല. കാട്ടിനകത്തെക്ക് കുറേക്കൂടി കയറണമെന്നും കാമറയില്‍ ഒരെണ്ണത്തിനെ എങ്കിലും പകര്‍ത്തണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെ ഉള്ളവരുടെ പിന്തുണ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു.  മുന്നോട്ടു കുറച്ചുകൂടി നടന്നപ്പോള്‍ ഒരുപറ്റം മാനുകള്‍ ഞങ്ങളെകണ്ട് ഭക്ഷണം ഉപേക്ഷിച് കാടിനുള്ളിലെക്ക് ഓടി മറഞ്ഞു.

പെരുവരിപ്പള്ളം ഡാമിനടുത്ത്  പാര്‍ക്ക്‌ ചെയ്തിരുന്ന ഞങ്ങളുടെ കാറില്‍ സാധങ്ങള്‍ ഇറക്കി വെച്ച് ഞങ്ങള്‍ ബംബൂറാഫ്ടിങ്ങിനു തയ്യാറായി.പെരുവരിപ്പള്ളം ഡാം കെട്ടിയപ്പോള്‍ ഏകദേശം 6.1 സ്കൊയര്‍ മൈല്‍ കാടു വെള്ളത്തിനടിയിലായി  ഡാമിന് നടുവില്‍ ഒറ്റപ്പെട്ടുപോയ ചെറിയൊരു തുരത്താണ് വീട്ടിക്കുന്ന്‍ ദ്വീപ്‌. അതിനെ ചുറ്റി ആയിരുന്നു റാഫടിങ്ങ്.  

വീട്ടിക്കുന്ന്‍ ദ്വീപിലെ ഒരു ഏറുമാടം.
വീട്ടിക്കുന്ന്‍ ദ്വീപിലെ ഏറുമാടത്തില്‍ താമസസൌകര്യമുണ്ട്. മുളക്കൂട്ടം പകുതിയില്‍ മുറിച്ച് അതിനു മുകളില്‍ ആണ് ഏറുമാടം കെട്ടി ഉണ്ടാക്കിയിരിക്കുന്നത്.  അരമണിക്കൂറിലധികം നീണ്ടുനിന്ന റാഫ്ടിങ്ങിനു  ശേഷം ഏഷ്യയിലെ ഏറ്റവും വലിയ  മരമായ കണ്ണിമാറ തേക്ക് സ്ഥിതി ചെയ്യുന്ന തുണക്കടവിലേക്ക്‌ ഞങ്ങള്‍ യാത്രയായി

കണ്ണിമാറ തേക്ക്
നാല്‍പത്‌ മീറ്ററോളം ഉയരവും ൭ മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക് നാനൂറ്റി അന്‍പതിലധികം വയസ്സ് കണക്കാപ്പപെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക് മരമാണ് ഇത്. 
ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടത്രേ, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്നാ പേര് ഉരുത്തിരിഞ്ഞ് വന്നത്. 

യാത്രാമൊഴിയുമായി സഹ്യന്‍റെ മക്കള്‍  
മഴ നനഞ്ഞ് വിട പറഞ്ഞ് മയിലുകള്‍ 
മഴയല്ലേ, തണുപ്പകറ്റാന്‍ ഒരു ബലപരീക്ഷണമാവാം.
പറമ്പിക്കുളത്തിനോട് വിടപറയാന്‍ നേരം  അഭിവാദ്യമേകാന്‍ കാത്തുനിന്നു കാടിന്‍റെ മക്കള്‍.  കാടിറങ്ങി വാല്പാറയുടെ മനോഹാരിത ആസ്വദിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു. 


ഇതിലുള്ള മിക്ക ചിത്രങ്ങളും അന്‍വറിന്‍റെ ക്യാമറയില്‍ പതിഞ്ഞവയാണ്.

Friday, 1 June 2012

ചിമ്മിനി ഡാം

അത്ര അധികം കേട്ടറിവുള്ള ഒരു ഡാം അല്ല ചിമ്മിനി ഡാം തൃശൂര്‍ ജില്ലക്കാര്‍ക്ക് പരിജയം കാണും എന്നുമാത്രം.  ചിമ്മിനി നദിയില്‍ 1996ഇല്‍  രാജ്യത്തിന്‌ സമര്‍പ്പിക്കപ്പെട്ടതാണ് ഈ ഡാം. നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന  ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണീ പുഴ. 


ചിമ്മിനി ഡാം 
ഒരുതരത്തില്‍ യാത്രകളുടെ അനിശ്ചിതത്വത്തിന്‍റെ ഭാഗമായി ഞാന്‍ എത്തിചേര്‍ന്നതാണ്‌ ഇവിടെ. ഏകദേശം ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നാട്ടില്‍ വിണ്ടും എത്തുന്നത്. തലേന്ന്‍ എത്തിയതെ ഉള്ളൂ നാട്ടില്‍. നാളെ ആണെങ്കില്‍ ഞായറാഴ്ചയാണ്. രാകേഷും രതീഷും പിറ്റേന്ന് സ്കൂളില്‍ ഒരുമിച്ചു പഠിച്ച സുഹ്രുത്തിന്റെ അനിയത്തിയുടെ കല്യാണത്തിനു പോകാന്‍ ഉണ്ടെന്നും അത് മുടക്കിയാല്‍ അവള്‍ പിണങ്ങുമെന്നും പറഞ്ഞു, എന്നെ വിളിക്കാത്ത കല്യാണം ആയതിനാലും കുറച്ചു നാള്‍ മുന്‍പ്‌ ചെറുതായി അവളുമായി ഉടക്കിയതിനാലും ആ കല്യാണത്തിനു പോകാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു. മാത്രവും അല്ല എണ്ണിച്ചുട്ട അപ്പത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണു താനും അത് വെറുതെ കളയാന്‍ പറ്റില്ല..  യാത്ര പോകണമെങ്കില്‍ വണ്ടി ഒന്നും കയ്യില്‍ ഇല്ലതാനും ഒടുക്കം വാടകക്ക് ഒരെണ്ണം കിട്ടി രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ, അതെങ്കില്‍ അത്, ശ്രീയെയും വിളിച്ചു പറഞ്ഞു  രാവിലെ തയ്യാറായി നിന്നോ ഒരു ചെറിയ യാത്ര, ഇത്രയും സമയം കൊണ്ട് എവിടെ എങ്കിലും നമുക്ക്‌ പോകാം എന്നത് ആലോചിച്ച്  വെക്കാനും ധാരണ ആയി. രാവിലെ വണ്ടിയുമെടുത്ത്  മൂന്നുപേരെയും കൂട്ടി യാത്ര തുടങ്ങി ശ്രീജുആണ് അവസാനം കൂടെ ചേര്‍ന്നത്,  പറമ്പികുളം, നെല്ലിയാമ്പതി,  ആതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യം ആലോചിച്ചത്‌, ഒടുക്കം ഇവിടെ ഒന്നും പോയിവരാന്‍ വേണ്ടത്ര സമയമില്ല..  അടുത്തൊരു ഡാം ഉണ്ട്  ചിമ്മിനി എന്നാണ് പേര് അങ്ങോട്ടേക്ക് പോകാം ഇത്തവണ.  ശരി, പക്ഷേ വഴി ആര്‍ക്കും അറിയില്ല. ഒടുക്കം ജി.പി.എസ് ഇല്‍ വിശ്വാസം അര്‍പ്പിച്ചു. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ ചിമ്മിനി ഡാമില്‍ എത്തി. വന്യജീവി സംരക്ഷണകേന്ദ്രം കൂടി ആയതിനാല്‍  വഴി  മദ്ധ്യേ ഉള്ള ചെക്ക് പോസ്റ്റില്‍ നിന്ന് അനുവാദം വാങ്ങി വേണം അകത്തു കയറാന്‍. നേരത്തെ എത്തിയിരുന്നുവെങ്കില്‍ ഒരു മലകയറ്റം കൂടി നടത്താമായിരുന്നു. ഇനി ഒരിക്കല്‍ കുറച്ചുകൂടി പ്ലാന്‍ ചെയ്തു വരണമെന്ന് തീരുമാനിച്ചുറപ്പിച്ചു.


തൃശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാല്‍പതു കിലോമീറ്ററോളം അകലെയായി എചിപ്പാറയിലാണ് ഡാം ഉള്‍പ്പെടെയു ള്ള  ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം ഉള്ളത്. വേനലിന്‍റെ കാഠിന്യം കൊണ്ട് ഡാമിലെ ജലനിരപ്പ്‌ ഒരുപാട് കുറവ് ഉണ്ടെങ്കിലും  മനോഹരമായ കാഴ്ച ആയിരുന്നു.


നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാട്ടുപോത്ത്, ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ  സംരക്ഷിച്ചിരിക്കുന്നു. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്.

കുറച്ചു നേരം ഡാമിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി.


തിരിച്ചുള്ള യാത്രയില്‍ ശ്രദ്ദയില്‍ പെട്ട വേനലിനെ പ്രതിരോധിക്കാന്‍ ഇല പൊഴിച്ച് നില്‍ക്കുന്ന ഒരു ആല്‍മരം.