വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Sunday 23 March 2014

സ്വര്‍ഗീയ ദിനങ്ങള്‍



ഇന്ത്യയുടെ സിരകളിലൂടെ - 3

ആദ്യഭാഗം, രണ്ടാം ഭാഗം


ക്ഷീണം തീര്‍ക്കാന്‍ കുറച്ചൊന്നുമല്ല ഉറങ്ങിയത്... എഴുന്നേറ്റപ്പോള്‍ സമയം പത്തു കഴിഞ്ഞിരിക്കുന്നു. അറ്റാച്ച്ഡ് ബാത്ത് റൂം ഇല്ലാത്ത മുറിയായിരുന്നു ഇപ്രാവശ്യം കിട്ടിയത്. ഹോട്ടലില്‍ ഞാന്‍ മാത്രമേ അതിഥി ആയുള്ളൂ അതുകൊണ്ട് തന്നെ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഇന്നലെ  ഒരുകാര്യം തീര്‍ച്ചയാക്കിയിരുന്നു, ലഡാക്കില്‍നിന്നുപോകുംവരെ അത്യാവശ്യത്തിനല്ലാതെ വെള്ളത്തില്‍ തൊടില്ലെന്ന്.  അസഹനീയമായ തണുപ്പ് തന്നെയാണ് അങ്ങനെ ഒരു തീരുമാനത്തില്‍ എത്താന്‍ എന്നെ പ്രേരിപ്പിച്ചതെങ്കിലും മറ്റൊരു കാരണം കൂടി അതിനു പുറകിലുണ്ട്, ലേയിലെ ജലക്ഷാമം തന്നെയാണത്. വളരെ കുറച്ച് മാത്രം മഴലഭിക്കുന്ന പ്രദേശമാണ് ലഡാക്ക്. സിന്ധുനദി ഒഴുകുന്നത് ഒന്നുകൊണ്ട് മാത്രം മരുഭൂമിആയി മാറാത്ത മലമ്പ്രദേശം ആണിത്. പരമ്പരാഗതമായ കമ്പോസ്റ്റ് കക്കൂസുകള്‍ ഉപയോഗിക്കാനും പഴയ രീതിയിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ട് വരാനും പല സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സഞ്ചാരികളുടെ സഹകരണവും അവര്‍ തേടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ വേണ്ടിയാണിത്.


ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എടുക്കുക എന്നതാണ് ഇന്നത്തെ ആദ്യ പരിപാടി. പാങോങ് തടാകം(pangong tso),  ഖാര്‍ദൂങ് ലാ, നുബ്ര താഴ്‍വര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ പെര്‍മിറ്റ് കൂടിയേ തീരു. പെര്‍മിറ്റ് എടുക്കാന്‍ ഡിസി ഓഫീസിലേക്ക് പോകുന്നതിനു മുന്‍പ് ഒരു സിംകാര്‍ഡ് സംഘടിപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍ ചില മൊബൈല്‍ കടകളിലും എയര്‍ടെല്ലിന്റെഓഫീസിലും ഒന്നു കയറി. പുതിയ സിം കാര്‍ഡ് കിട്ടണമെങ്കില്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സ്വത്വം  തെളിയിക്കുന്ന രേഖകളും ഒരാഴ്ചയെങ്കിലും ഞാന്‍ അവിടെ താമസിക്കുകയും വേണം... ഇത് രണ്ടും നടക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ഞാന്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഒരു മൊബൈല്‍ കടയുടമ 1500 രൂപ തരുകയാണെങ്കില്‍ ഒരാഴ്ച ഉപയോഗിക്കാന്‍ അയാളുടെ പേരിലുള്ള സിംകാര്‍ഡ് താരാമെന്ന് പറഞ്ഞെങ്കിലും അത്രയും പണം മുടക്കാന്‍ എനിക്ക് മനസ്സ് വന്നില്ല. മൊബൈല്‍ ഇല്ലാത്തത് അത്രകണ്ട് എന്നെ ബാധിക്കില്ല എന്നെനിക്കറിയാമായിരുന്നു താനും. ഗൂഗിള്‍ നാവിഗേഷന്‍ ഇല്ലാതായതാണ് ആകെയുള്ള പൊല്ലാപ്പ്. കാശ്മീരില്‍ യാത്ര ചെയ്യാന്‍ ഒരു തരത്തില്‍ അതിന്റെ ആവശ്യം ഇല്ല താനും. വിരലിലെണ്ണാവുന്ന റോഡുകളെ ഇവിടെ ഉള്ളൂ എന്നത് കൊണ്ട് തന്നെ.





ഡിസി ഓഫീസില്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് നല്‍കി. ഉടനെ തന്നെ അവര്‍ പെര്‍മിറ്റ് സീല്‍ വെച്ച് തന്നു. മൂന്നു നാലു മേശക്കു പുറകില്‍ ഇരിക്കുന്നവര്‍ എഴുനൂറിലധികം രൂപയുടെ രസീതി എഴുതിത്തന്നു അതിന്റെകൂടെ എന്നുമാത്രം. ഒരാഴ്ചവരെ സഞ്ചരിക്കാന്‍ ഉള്ള പാസ്സാണ് അവര്‍ അനുവദിച്ച് തരുന്നത്. ലേ നഗരത്തിലെ പലയിടങ്ങളില്‍ സഞ്ചരിക്കാന്‍ പാസ് ആവശ്യമില്ലെങ്കിലും വിദൂര സ്ഥലങ്ങളായ പാങോങ് തടാകം,  ഖാര്‍ദൂങ് ലാ, നുബ്ര താഴ്‍വര, മോരിരി തടാകം, ചാങ്താങ്, കര്‍ തടാകം, ദ്രോക് പാ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ പാസ് കൂടിയേതീരു.



സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയില്‍  ഏകദേശം 90 മി.മി മഴ ഓരോ വർഷവും  ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽ‌ഷ്യസ് വരെയും വേനലില്‍ താപനില 33 ° വരെയും എത്താറുണ്ട്.  പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാൽ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. പത്തൊന്‍പതാം നൂറ്റാണ്ടിൽ കാശ്മീരി സേനകൾ  ഈ കൊട്ടാരം പിടിച്ചെടുത്തു. രാജ പരിവാരങ്ങൾ പിന്നീട് ഇപ്പോഴത്തെ വീടായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുംബം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്. താഴേയുള്ള നിലകള്‍ സംഭരണത്തിനും ആലകളായും ഉപയോഗിക്കുന്നു.  (അവലംബം വിക്കി)

നശിപ്പിക്കപ്പെട്ട ലേ രാജകൊട്ടാരം, ശാന്തി സ്തൂപം, ലേ പള്ളി തുടങ്ങിയവ കാണാന്‍ പോകാം എന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ ലേ കൊട്ടാരം കേടുപാടുകള്‍ തീര്‍ക്കുന്നതിനു വേണ്ടി അടച്ചിട്ടിരിക്കുന്നതിനാല്‍  സന്ദര്‍ശകരെ അനുവദിക്കുന്നില്ലായിരുന്നു. സിന്ധുനദിക്കരയിലൂടെ ഇന്നലെ വന്ന വഴികളിലൂടെ ബൈക്ക് ഓടിച്ച് പോകാന്‍ തീരുമാനിച്ചു. ഇന്നലെ അതു വഴി വരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നതിനാല്‍ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല.  ഹെമിസ് ദേവാലയത്തിലും പോകണമെന്ന് തീരുമാനിച്ചു. ആ വഴിയില്‍ തന്നെയാണ് 3 ഇഡിയറ്റ്സ് എന്ന സിനിമ ചിത്രീകരിച്ച ദ്യൂക്ക് വൈറ്റ് ലോട്ടസ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 2010 ആഗസ്റ്റില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും ഉരുള്‍പൊട്ടലിലും സ്കൂളിന്റെ പല കെട്ടിടങ്ങളും തകര്‍ന്നിരുന്നു. എതോ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ സ്കൂള്‍ മുഴുവനായി കാണാന്‍ അനുവാദം കിട്ടിയതുമില്ല.  അവിടെനിന്നിറങ്ങി പിന്നെയും കുറേദൂരം ഞാന്‍ ബൈക്കില്‍ യാത്ര ചെയ്തു.  അഞ്ചുമണിയോടെ ഇരുട്ട് വീണു തുടങ്ങി, ഞാന്‍ തിരിച്ച് ലേയിലേക്ക് തന്നെ വണ്ടി ഓടിച്ചു, ഏകദേശം 50കിലോമീറ്റര്‍ അകലെയായിരുന്നു ഞാനപ്പോള്‍....

ബൈക്ക് ഹോട്ടലിനുമുന്നില്‍ ഒതുക്കി നിര്‍ത്തി പഴയ ലേ അങ്ങാടിയിലേക്ക് ഞാന്‍ നടന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഏകദേശം അരകിലോമീറ്റര്‍ ദൂരമേയുള്ളൂ അങ്ങോട്ടേക്ക്. തണുപ്പിനെ പ്രതിരോധിക്കാനുള്ള മേല്‍ക്കുപ്പായം വാങ്ങുക, രാത്രി ഭക്ഷണം കഴിക്കുക, കഴിയുമെങ്കില്‍ ഏതെങ്കിലും കഫേയില്‍ കയറി  രണ്ട് ദിവസത്തെ വിവരങ്ങള്‍ സുഹൃത്തുക്കളെ അറിയിക്കുക എന്നിവയായിരുന്നു പരമമായ ലക്ഷ്യം.

ലേയിലെ പഴയ അങ്ങാടിയില്‍ വെച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഹര്‍ഷ്ദീപിനേയും പഞ്ചാപ് സ്വദേശിയായ ചന്‍പ്രീത് സിങിനേയും പരിചയപ്പെടുന്നത്. നേരത്തെ ഡിസി ഓഫീസില്‍ വെച്ച് രണ്ട് പേരേയും കണ്ടിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. വായുസേനയില്‍ പുതിയതായി ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് രണ്ട് പേരും. ഖാര്‍ദൂങ് ല, നുബ്ര താഴ്‍വര, പാങോങ് തടാകം എന്നീ ലക്ഷ്യങ്ങളാണ് അവര്‍ക്കുമുള്ളത്, വരും ദിവസങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഞങ്ങള്‍ അവിടെ വച്ച് തീരുമാനിച്ചു. ചണ്ഡിഗഡില്‍ നിന്നും വായുസേനയുടെ വിമാനത്തിലാണവര്‍ ലേയില്‍ എത്തിയിരിക്കുന്നത്. ലേയില്‍ വന്നതിനു ശേഷം ബൈക്ക് വാടകക്കെടുത്താണവരുടെ യാത്ര. പിറ്റേന്ന് ഖര്‍ദൂങ്ലായിലേക്ക് പോകാനായിരുന്നു തീരുമാനം.

ഒന്‍പത് മണിയോടെ ഞാന്‍ ലേയിലെ പഴയ അങ്ങാടിക്ക് മുന്നിലുള്ള വഴിയില്‍ എത്തി. അവിടെ വെച്ച് കണ്ട്മുട്ടാം എന്നായിരുന്നു ഇന്നലെ പിരിയുമ്പോള്‍ പറഞ്ഞുറപ്പിച്ചത്.  സമയം ഒരുപാട് പിന്നേയും കഴിഞ്ഞു അവരെത്തുമ്പോളേക്കും. എന്റെ നില്‍പ്പില്‍ പന്തികേട് തോന്നിയിട്ടാവണം ഒരു പട്ടാളക്കാരന്‍ എന്റെ അരികിലേക്ക് നടന്നുവരുന്നത് ഞാന്‍ കണ്ടു. അങ്ങേരെ തുറിച്ച്നോക്കി പുലിവാലു പിടിക്കേണ്ടെന്ന് കരുതി ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ അവര്‍ വരാന്‍ സാധ്യതയുള്ള വശത്തേക്ക് നോക്കി ഞാന്‍ നിന്നു. എന്റെ സംശയം തെറ്റിയില്ല, എന്നെ മാത്രം നോക്കിയാണ് പട്ടാളക്കാരന്റെ വരവ്. കുറേ നേരമായി ഞാന്‍ ശ്രദ്ദിക്കുന്നു, എന്താ ഇവിടെ നില്‍ക്കുന്നത്? എന്നോടായി ചോദിച്ചു. ഖാര്‍ദുങ് ലാ വരെ പോകാനാണ് പരിപാടിയെന്നും രണ്ട്പേരെ കാത്തുള്ള നില്‍പാണിതെന്നും  ഞാന്‍ പറഞ്ഞു. ചോദിക്കാതെ തന്നെ ഡിസി ഓഫീസില്‍ നിന്നും അനുവദിച്ച പാസും എടുത്ത് കാണിച്ചു. അതില്‍ നോക്കുക പോലും ചെയ്യാതെ മൂപ്പര്‍ സംസാരം തുടങ്ങി. നാടും വീടുമൊക്കെ ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വിശ്വാസം വരാത്തപോലെ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യവും എന്തു കാണാനാ ഇവിടെ വന്നത്? വല്ലതും കാണാന്‍ ഉണ്ടെങ്കില്‍ അതു ശ്രീനഗറിലേ ഉള്ളൂ.. കല്ലും മലയും തരിശുനിലവുമല്ലാതെ ഇവിടെ എന്തുണ്ട് പോരാത്തതിനു ഒടുക്കത്തെ തണുപ്പും. അമ്പരപ്പോടെ ഞാന്‍ അയാളെ നോക്കി ചോദിച്ചു, സാറിന്റെ നാട്? ഞാന്‍ ശ്രീനഗര്‍കാരനാണ്. യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചതാണ് തര്‍ക്കിക്കുക എന്ന കാര്യം. കഷ്ടപ്പെട്ട് മുഖത്ത് ചിരി വരുത്തി ഞാന്‍ ശ്രീനഗറിലെ കാര്യങ്ങള്‍ അന്യേഷിച്ചു, അവിടെ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി അയാള്‍ പറഞ്ഞു തന്നതിലും കൂടുതല്‍ ഞാന്‍  ഇതിനോടകം വായിച്ചറിഞ്ഞിരുന്നു. ഹര്‍ഷും സിങ്ങും വരുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു, പട്ടാളക്കാരനോട് വിട ചോദിച്ച് ഞാന്‍ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. വൈകിയതില്‍ ക്ഷമാപണം നടത്തിക്കൊണ്ടാണ് രണ്ടുപേരും വന്നത്.







39 കിലോമീറ്ററാണ് ലേയില്‍ നിന്നും ഖാര്‍ദുങ് ലാ വരെയുള്ള ദൂരം. സൌത്ത് പുള്ളുവിലാണ് ആദ്യത്തെ ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. വായുസേനയില്‍ ജോലി ചെയ്യുന്നത് കൊണ്ട് പാസില്ലാതെ തന്നെ അവര്‍ക്ക് ചെക്ക് പോസ്റ്റ് കടന്ന്പോകാന്‍ കഴിയുമെന്നൊരു ധാരണ രണ്ട് പേര്‍ക്കും ഉണ്ടായിരുന്നു, അതു തെറ്റായിരുന്നെന്ന് ചെക്പോസ്റ്റില്‍ മൂന്നുപേരുടെയും പാസിന്റെ കോപ്പി കൊടുത്ത് ഒപ്പിട്ട് തിരിച്ചുവന്ന ഹര്‍ഷിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. ലേയില്‍ നിന്നും സൌത്ത് പുളു വരെയുള്ള 25കിലോമീറ്ററോളം ദൂരം വളരെ നല്ലറോഡായിരുന്നു. ഇനിയങ്ങോട് പാസ്സ് വരെയുള്ള റോഡ് വളരെ മോശമാണെന്ന് അവിടെ ചായയും അത്യാവശ്യം സാധനങ്ങളും വില്‍ക്കുന്ന കടക്കാരന്‍ പറഞ്ഞു. സിങ്ങ് തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കയ്യുറ ധരിക്കാതെ ആയിരുന്നു ഇതുവരെ യാത്ര ചെയ്തിരുന്നത്. ബൈകിന്റെ പുറകിലാണ് ഇരിക്കുന്നതെങ്കിലും സാധാരണ ബൈക്ക് ഓടിക്കുമ്പോള്‍ ധരിക്കുന്ന കയ്യുറ ഉണ്ടെങ്കിലും അതു പര്യാപ്തമല്ലെന്ന് കുറേദൂരം യാത്ര ചെയ്തതിനു ശേഷമാണ് മനസ്സിലാക്കാന്‍ സിങ്ങിനു കഴിഞ്ഞത്. യാത്ര ഹിമാലയന്‍ മല നിരകളിലേക്ക് കടന്നത് മുതല്‍ കാണുന്ന കയ്യുറകള്‍ മുഴുവന്‍ ഞാന്‍ പരീക്ഷിച്ചു നോക്കുന്നുണ്ട് ഒന്നും തന്നെ പൂര്‍ണ്ണ സംതൃപ്തി തരുന്നില്ലെങ്കിലും രണ്ടെണ്ണം ഇതിനോടകം ഞാന്‍ വാങ്ങിച്ചിരുന്നു. റോഹ്താങില്‍നിന്നും വാങ്ങിയ കയ്യുറ ഉപേക്ഷിച്ചു ഞാന്‍. വഴിയില്‍ വെച്ച് ബൈകിന്റെ എഞ്ചിനില്‍നിന്നും ചൂടുപകരാനുള്ള ശ്രമത്തിനിടയില്‍ അത് ഏറെക്കുറെ ഉരുകിയത് തന്നെ കാരണം. ഇന്നലെ മറ്റൊരു കയ്യുറ വാങ്ങിയെങ്കിലും അതിനും ഇവിടുത്തെ തണുപ്പില്‍ അപര്യാപ്തമാണ്. പട്ടാളക്കാര്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് കാണിച്ചു തന്ന കയ്യുറ കുറച്ച് നല്ലതാണെന്ന് തോന്നി.. (എല്ലാ കയ്യുറയും ആദ്യം നല്ലതെന്ന് തോന്നുമെങ്കിലും വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ വിധം മാറുകയാണ് പതിവു) എന്തായാലും ഞാനും ഒരെണ്ണം വാങ്ങി. തണുപ്പകറ്റാന്‍ ഓരോ കാലിച്ചായയും കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇതുവരെ അനായാസം വണ്ടി ഓടിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇനിയങ്ങോട്ട് അതിനു കഴിയില്ലെന്ന് തുടക്കത്തിലേ മനസ്സിലായി.  റോഡേതാ കുഴിയേതാ ചാലേതാ എന്നറിയാത്ത അവസ്ഥ!



പിന്നീടുള്ള യാത്രക്ക് എകദേശം രണ്ട് മണിക്കൂര്‍ വേണ്ടി വന്നു, 15 കിലോമീറ്റര്‍ താണ്ടാന്‍.  ഒരു മണിയോടടുത്ത് ഞങ്ങള്‍ ഖാര്‍ദൂങ് ലായില്‍ എത്തി. ലോകത്തെ തന്നെ വാഹനം ഓടിക്കാന്‍ കഴിയുന്ന എറ്റവും ഉയരത്തിലുള്ള റോഡ് എന്നറിയപ്പെടുന്ന മലയോരപാതയാണിത്. ബിആര്‍ഓ യുടെ കീഴിലുള്ള ഈ പാത ലേയിനേയും നുബ്ര താഴ്‍വരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. നുബ്ര വരെ പോകണമെന്നായിരുന്നു എന്റെ തീരുമാനം, പക്ഷേ രണ്ട് ദിവസം അതിനായി മാറ്റിവെക്കേണ്ടി വരുമെന്നതിനാല്‍ ആ തീരുമാനം ഞാന്‍ ഉപേക്ഷിക്കുകയാണുണ്ടായത്. കാശ്മീരിനെ മുഴുവനായി ഈ യാത്രയില്‍ കണ്ടുതീര്‍ക്കാമെന്ന ധാരണ എനിക്കില്ലതാനും.







സമുദ്ര നിരപ്പില്‍ നിന്നും 18380 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡ് 1973ഇല്‍ പണി തീര്‍ത്തതാണ്. സ്മാരക വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയും സഞ്ചാരികള്‍ക്ക് ഉച്ചഭക്ഷണവും മറ്റും വില്‍ക്കുന്ന ചെറിയൊരു ഭക്ഷണശാലയുമാണ് ഇവിടെ ആകെ ഉള്ളത്. ഉച്ച ഭക്ഷണം കഴിക്കാനും അവിടം ചുറ്റി നടന്നു കാണാനും മറ്റുമായി ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചിലവഴിച്ചു.
ലേയില്‍ നിന്ന് നുബ്ര താഴ്‍വരയിലേക്ക് എന്നും ബസ് സര്‍വീസ് നടത്തുന്നുമുണ്ട്.



തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ ബൈക്ക് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഞങ്ങള്‍, പൊടുന്നനെ ആലിപ്പഴവര്‍ഷം തുടങ്ങി. വീഡിയോ പകര്‍ത്താന്‍ ഒരു ശ്രമം നടത്തി ഞാന്‍.



രാത്രി ഭക്ഷണം കഴിച്ച് ഞങ്ങള്‍ പിരിയുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു. പാങോങ് തടാകം കാണാനുള്ള നാളത്തെ യാത്ര കാറില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 7 മണിക്ക് പുറപ്പെടണം. എന്നെ വിളിക്കാന്‍ ഏഴുമണിയോടെ എത്താമെന്നുറപ്പ് പറഞ്ഞ് അവര്‍ പോയി. വായുസേനയുടെ ആസ്ഥാനത്താണ് അവര്‍ താമസിക്കുന്നത്.

ഹര്‍ഷിന്റെ വാതിലുള്ള തട്ട് കേട്ടാണ് രാവിലെ ഞാന്‍ ഉണര്‍ന്നത്, ഇന്നലെ പറഞ്ഞതിലും ഒരുപാട് വൈകിയാണല്ലോ അവര്‍ എത്തിയിരുന്നത്, അതിനാല്‍ 7മണിക്ക് പോയിട്ട് എട്ട് മണിക്ക് പോലും അവര്‍ വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ടാക്സി ഡ്രൈവര്‍ വന്ന് കുത്തിപ്പൊക്കിയതാണെന്ന് യാത്രക്കിടയില്‍ ഹര്‍ഷ് പറഞ്ഞു



ലേയില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെയാണീ തടാകം. ചാങ് ലാ എന്ന ചുരം കടന്ന് വേണം ഇവിടെയെത്താന്‍. ലേ മണാലി റോഡില്‍ 35 കിലോമീറ്റര്‍ പിന്നിട്ടാല്‍ കാരു എന്ന സ്ഥലത്തെത്തും. അവിടെ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു പോകണം ചാങ് ലാ യിലേക്ക്. കാരുവില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.



ചാങ് ലാ ചുരവും കടന്ന് മഞ്ഞ് പുതച്ച് കിടക്കുന്ന വഴികളിലൂടെ സഞ്ചരിച്ച് പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ 3 ഇഡിയറ്റ്സിന്റെ അവസാന ഭാഗം ചിത്രീകരിച്ച പാങോങ് തടാകത്തിന്റെ കരയിലെത്തി. മലകള്‍ക്കിടയിലൂടെ അകലെ നിന്നു തന്നെ തടാകത്തെ കാണാമായിരുന്നു.





700 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന തടാകത്തിന്റെ 60% തിബറ്റിലാണ്. മഞ്ഞ്കാലത്ത് തണുത്ത് കട്ടിയാവുന്ന ഈ തടാകം സമുദ്ര നിരപ്പില്‍ നിന്നും 14000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉപ്പുതടാകമായ ഇതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഖുര്‍ണാക് കോട്ട ഉള്‍പ്പെടുന്ന ഭാഗങ്ങളെല്ലാം 1952 മുതല്‍ ചൈനയുടെ കൈവശമാണ്. തടാകത്തിന്റെ ഭംഗി എത്ര വര്‍ണിച്ചാലും അധികമാവില്ല.  മലകളും നീലാകാശവും ചേര്‍ന്ന് മനോഹാരിതയുടെ പരകോടിയില്‍ കൊണ്ടെത്തിക്കുന്നു. അകാശത്തിന്റെ നിറം മാറുന്നതനുസരിച്ച് തടാകത്തിന്റെ നിറത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകും, അത്രക്ക് തെളിഞ്ഞ വെള്ളമാണ് ഇതില്‍.
ഇവിടെ ഒരു കുടില്‍ കെട്ടി താമസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു അപ്പോള്‍ എന്റെ ചിന്ത മുഴുവന്‍.














പടമെടുക്കുന്നതിനിടയില്‍ കാലുതെറ്റി ഞാന്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു. ചൈനയുടെ അതിര്‍ത്തി വരെ പോകണമെന്ന് എനിക്കും ഹര്‍ഷിനും ആഗ്രഹമുണ്ടായിരുന്നെങ്കിലും സിങ്ങിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അതുപേക്ഷിക്കേണ്ടി വന്നു. കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. ഇനിയൊരിക്കല്‍ വരികയാണെങ്കില്‍ അതിനടുത്തുള്ള ഹോട്ടലുകളൊന്നില്‍ ഒരു രാത്രിയെങ്കിലും താമസിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു...








വാഹനം ഓടിക്കാന്‍ കഴിയുന്ന ഉയരം കൂടിയ ലോകത്തിലെ മൂന്നാമത്തെ ചുരം എന്ന് വിശേഷിപ്പിക്കുന്ന ചാങ് ലാ യില്‍ നിര്‍ത്തി.  ചാങ് ലായിലൂടെയുള്ള വഴിയില്‍ ഇപ്പോഴും മഞ്ഞു വീണ് കീടപ്പുണ്ട്. അതിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. രാവിലെ ഇതില്‍ക്കൂടുതല്‍ ഐസുണ്ടായിരുന്നു വഴിയില്‍ പലയിടത്തും. നാലു ചക്രം ഉണ്ടായിട്ടും പലപ്പോഴും തെന്നിത്തെറിച്ചാണ് വണ്ടി ഓടിയിരുന്നത്. രാവിലെ ഞങ്ങളെ കടന്നു പോയ ബൈക്കുകാരനെക്കുറിച്ച് ഞാന്‍ അപ്പോഴോര്‍ത്തു. അപകടമൊന്നും സംഭവിച്ചില്ലെങ്കില്‍ അവരിപ്പോള്‍ ലേയില്‍ എത്തിക്കാണും. ദമ്പതികള്‍ എന്നു തോന്നിക്കുന്ന രണ്ട്പേരായിരുന്നു ആ ബൈക്കില്‍.






തിബറ്റന്‍ വൈല്‍ഡ് ആസ്സ്






പടം പിടിക്കല്‍ കര്‍മ്മം നിര്‍വഹിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ എട്ട് മണിയോടെ തിരിച്ച് ലേയില്‍ എത്തി. രണ്ട് ദിവസത്തെ പരിചയമേ ഉള്ളുവെങ്കിലും അവരോട് വിട പറയുമ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഈ യാത്രയില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ സൌഹൃദം .





ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദിനങ്ങളോട് രാവിലെ വിടപറയണമല്ലോ എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയാത്തൊരു നൊമ്പരം നെഞ്ചില്‍ തങ്ങി നില്‍ക്കുന്നപോലെ തോന്നി.

യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ഞെക്കുക



Ride To Pangong Leh Ladakh road trips





Part 1

Jammu Kashmir Ride | Srinagar | Kargil | Leh | Khardung la | INDIA-PAKISTAN LOC | Ladakh | Part 1






Part 2

Jammu And Kashmir Ride | Kargil | Leh | Ladakh | Khardung la | Turtuk | Nubra | Pangong | Part 2

34 comments:

  1. കൊതിപ്പിക്കുന്ന ചിത്രങ്ങളും യാത്രാവിവരണവും. ഈ ഭഗീരഥപ്രയത്നത്തിനു എല്ലാവിധ ആശംസകളും. തനിച്ചുള്ള യാത്രയ്ക്കും അതിന്റേതായ ആസ്വാദ്യത ഉണ്ടല്ലേ?

    ReplyDelete
  2. ലഡാക്കിനേയും പരിസരങ്ങളേയും കുറിച്ച് ഇത്ര വിശദമായി ഇതുവരെ വായിച്ചിട്ടില്ല . എന്നെപ്പോലുള്ളവർക്ക് ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു യാത്ര നടത്താൻ സാധ്യമാവുമെന്നു തോന്നുന്നില്ല - നന്മയുള്ള അസൂയയുണ്ട് ഈ യാത്രികനോട് .....

    എത്രയും വേഗം ഈ മനോഹരവും, വ്യത്യസ്ഥവുമായ യാത്ര പൂർത്തിയാക്കാൻ സർവ്വശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ..... എല്ലാ നന്മകളും നേരുന്നു.....

    ReplyDelete
  3. സ്വപ്നഭൂമിയിലെ യാത്ര ആസ്വദിച്ചു വായിച്ചു... ചിത്രങ്ങളും വളരെ മനോഹരമായിട്ടുണ്ട്ട്ടോ.

    ReplyDelete
  4. ..ഈ യാത്ര ഒരിയ്ക്കലും മറക്കില്ല...

    ReplyDelete
  5. ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം കൂട്ടാനും ഭൂമി കൂടുതല്‍ തുരക്കാനുമാണ് നമ്മള്‍ തുനിയുന്നത്. അവിടെ നേരെ മറിച്ചും. മനോഹരമായ ചിത്രങ്ങളും വിശദമായ വിവരണവും കൂടി ആയപ്പോള്‍ യാത്ര സുഖമായി.

    ReplyDelete
    Replies
    1. നമുക്കൊരിക്കലും ഒന്നും മനസ്സിലാവില്ല.. ഒടുക്കം ഒന്നും ചെയ്യാന്‍ കഴിയാതെ വരും വരെ... ഇന്നു ഗാഡ്ഗിലിനെ എതിര്‍ക്കുന്നു.. നാളെ കുടി വെള്ളത്തിനു വേണ്ടി സമരം ചെയ്യും...

      Delete
  6. മനോഹരമായ ചിത്രങ്ങളും എഴുത്തും
    ഇതിലെ ഇനിയും വരാം

    ReplyDelete
  7. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    എല്ലാ ഭാവുകങ്ങളും.

    ReplyDelete
    Replies
    1. എഴുതിക്കൊണ്ടിരിക്കുന്നു..
      നന്ദി...

      Delete
  8. നല്ല വിവരണം എന്നല്ല പറയണ്ടത് , മനോഹരമായ ചിത്രങ്ങള്‍ കൊണ്ടും ആകര്‍ഷിക്കുന്ന വരികളില്‍ കൂടിയും തീര്‍ത്ത യാത്രാകാഴ്ചകള്‍ എത്ര ഹൃദ്യമായിട്ടാണ് വരച്ചിരിക്കുന്നത് . കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു .

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍... വരിക വീണ്ടും...

      Delete
  9. ആദ്യം മുതലേ വായിക്കട്ടെ......
    ഫോട്ടോകള്‍ മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. വളരെ മനോഹരമായ വിവരണം. ചിത്രങ്ങൾ അതിമനോഹരം.

    ReplyDelete
  11. വായിച്ചു.
    സൌഹൃദത്തിന്‍റെ സുഗന്ധം.....
    മനോഹരം!
    ആശംസകള്‍

    ReplyDelete
  12. യാത്ര തുടരുകയാണ് ഞാനും. ഇനി നാലാം ഭാഗത്തിലേയ്ക്ക്

    ReplyDelete
  13. മനോഹരചിത്രങ്ങൾ...അനുഭവം പകരുന്ന വിവരണം...

    ReplyDelete
  14. വായ്ച്ചപ്പോൾ ഒരിക്കലെങ്ങിലും ഒന്നവിടം വരെ പോകാൻ തോനുന്നു. യാത്രകള തുടരട്ടെ...

    ReplyDelete
  15. You're Awesome, Man... Keep going... Very much appreciated... Thank you for sharing this wonderful experience.

    ReplyDelete
  16. എന്താ പറയ്യാ...... ഒന്നും പറയാനില്ല
    നമിച്ചു മാഷെ

    ReplyDelete
  17. എന്താ പറയ്യാ...... ഒന്നും പറയാനില്ല
    നമിച്ചു മാഷെ

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D