വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday, 24 December 2016

പാതി വഴിയില്...

ഇന്ത്യയുടെ സിരകളിലൂടെ – 9

ഇതൊരു തുടര്ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന് നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര് പഴയഭാഗങ്ങള് വായിക്കാന് ഇത് വഴി പോയാല് മതി....    ഒരുതരത്തില് പറഞ്ഞാല് യാത്രയില് മറ്റൊരു ചിന്തയും ഇല്ലായിരുന്നു മനസ്സില് കയ്യിലുള്ള വിഭവങ്ങള് തീരും മുന്പ് കണ്ടുതീര്ക്കാന് പറ്റുന്നിടം വരെ കണ്ടു തീര്ക്കുക.. അത് കൊണ്ട് തന്നെ മൊബൈലില് ആകെ ചിലവാക്കുന്ന പണം ഇന്റര്നെറ്റിനു വേണ്ടി മാത്രമായിരുന്നു... പിന്നെ വല്ലപോഴും ആകാംക്ഷയോടെ വിളിക്കുന്ന സുഹൃത്തുക്കള്ടെ ഫോണ്കോളുകളും മാത്രം. അത് കൊണ്ട് കിട്ടിയിരുന്ന മനസ്സുഖം ഒന്ന് വേറെ തന്നെയാണ്. ലോകത്തിനു എന്ത് തന്നെ സംഭവിക്കുന്നു എന്ന് പോലും അറിയാതെയുള്ള ഒരു ഊരു തെണ്ടല്.. 

   ജോഥ്പൂരിൽ  വെച്ച് തന്നെ മൂന്നാമത്തെ സർവീസ്  തീര്ക്കാന് ആയിരുന്നു എന്റെ പ്ലാന്. പക്ഷെ നടന്നില്ല.. ഭയങ്കര തിരക്ക് കാരണം അത് ഒഴിവാക്കി. ആറായിരം കിലോമീറ്റര് ആവാന് ഇനിയും സമയം ഉണ്ട് താനും. എന്നാ പിന്നെ പാവം വണ്ടിയെ ഒന്ന് കുളിപ്പിക്കാന് പറഞ്ഞു... കുറെ നാളായില്ലേ... ഇരുന്നൂറോളം കിലോമീറ്റര് ഉണ്ട് അജ്മീറിലേക്ക് നേരത്തെ എത്തിയാല് പണി തീർത്ത് ദർഗയിൽ പോയി സൂഫി സംഗീതത്തില് അലിഞ്ഞു ചേരാം.    ലൂണിനദിയുടെ കുറുകെ കടന്നു അജ്മീരിലേക്ക്,    എട്ടോളം പോഷകനദികള് ഉള്ള ലൂണിനദി പുഷ്കര് താഴ്വരയില് നിന്നാണ് ഉല്ഭവിക്കുന്നത്. അജ്മീറിനും  പുഷ്കറിനും അടുത്തായി കുറെ തടാകങ്ങളും ഉണ്ട്, പുണ്യത്തിന്റെ പേരില് പുഷ്കര് തടാകം എല്ലാര്ക്കും അറിയാമെന്ന് മാത്രം.

   നീണ്ടുനിവര്ന്നു കിടക്കുന്ന പാമ്പിനെ പ്പോലെ യാണ് രാജസ്ഥാനിലെ റോഡുകള്. ഒരു പിടുത്തം പിടിച്ചാല് മണിക്കൂര് ഒന്ന് മതി എണ്പത് നൂറു കിലോമീറ്റര് താണ്ടാന്.... റോഡില് തിരക്ക് കാണുകയുമില്ല. ഉച്ചയോടെ അജ്മീരിലെത്തി, ബൈക്ക് സര്വീസിനു ഏല്പിച്ച് ഉച്ചഭക്ഷണം അകത്താക്കാന് കയറി... മെനുവില് നോക്കിയപ്പോള് ചിക്കന് ബിരിയാണി ഉണ്ട്. പൊട്ടിയ ലഡ്ഡു കഴിക്കാനുറച്ചു, പക്ഷെ കഴിച്ചു തുടങ്ങിയപ്പോ മുഖത്ത് നാലഞ്ച് രസങ്ങള് വന്നു കാണണം, ബിരിയാണി എന്നും പറഞ്ഞു എന്തോ ഒരു ചോറും ചിക്കനും... പാവം എത്ര നാളായോ എന്തോ മരിച്ചിട്ട്. വിശപ്പ് സഹിക്കാന് എന്നെക്കൊണ്ട് പറ്റാത്തത് കാരണം  കുറച്ച് കഴിച്ച് ഞാന് ഇറങ്ങി. അടുത്തൊന്നും വേറെ കടകളും ഇല്ല... യാത്രികന് ആണെന്ന് മനസ്സിലായത് കൊണ്ട് സമയം കളയാതെ  ബൈക്ക് തിരിച്ച് കിട്ടി. മുറിയെടുത്തൊരു കുളിയും പാസ്സാക്കി. പുറത്തിറങ്ങി. ദര്ഗ, പുഷ്കര് രണ്ടിലെതാണ് ആദ്യം പോകേണ്ടതെന്നായി സംശയം. സത്യത്തില് പുഷ്കറിനെ പറ്റി എനിക്ക് ഒരറിവും ഇല്ലായിരുന്നു, കുറച്ചു ദിവസം മുന്പ് സുഹൃത്ത് കിരണ് വിളിക്കുംവരെ, ഓരോരുത്തന്മാര് തരുന്ന പണികള് നോക്കിയേ, അത് മാത്രം അല്ല, ഞാന് ഇവിടെ എത്തുമ്പോളെക്കും അവനും കെട്ടിയോളും കൂടെ ഡല്ഹിയില് നിന്നും എത്തുമെന്നും പറഞ്ഞിരുന്നു. ഇപ്പൊ അവധി ഇല്ലായ്മയെ കുറിച്ച് നെടുവീര്പ്പ് ഇട്ടിരിക്കുകയാണ് കക്ഷി.


   പുഷ്കറും അജ്മീറും ഇരട്ട നഗരങ്ങളാണെന്ന് പറയാം.  അവയെ തമ്മില് വേര്തിരിച്ച് ആരവല്ലി മലനിരകളും.  വായുമാര്ഗ്ഗം പോയാല്  പതിനഞ്ച് കിലോമീറ്റര് പോലും  വേണ്ട അങ്ങെത്താന് ബൈക്കില് പോയാല് മുപ്പതു വേണമെന്ന് മാത്രം.  പുഷ്കര് തടാകത്തിന്റെ അടുത്ത് തന്നെ വണ്ടി ഒതുക്കി വെച്ച്  ഞാന് കല്പടവുകള് ഇറങ്ങി താഴെ പോയിരുന്നു.. ഏകദേശം ഒരു ചതുരത്തിന്റെ ആകൃതിയില് ആണിത്. ചുറ്റും കല്പ്പടവുകളും  ഓരോഭാഗത്തിനും പ്രത്യേകം പേരുകളും ഉണ്ട്. ഇതൊന്നും കൂടാതെ ഈ തടാകത്തിനു ചുറ്റും അഞ്ഞൂറോളം ഹിന്ദു ആരാധനാലയങ്ങളും ഉണ്ട്.

   പുഷ്കറില് ഒരു ചെറിയ കുന്നുണ്ട് അതിനു മുകളില് ഒരു അമ്പലവും. അവിടെ പോകണമെന്ന് ഒരുത്തന് പറഞ്ഞിരുന്നു, അവിടെ നിന്നും അസ്തമയം കാണാന് നല്ല ഭംഗി ആണെന്നും പറഞ്ഞു ലവന്. പോകാന് തന്നെ ആയിരുന്നു എന്റെം പ്ലാന് പക്ഷെ, ഞാന് എത്തും മുന്പ് സൂര്യന് അതിന്റെ വഴിക്ക് പോയി, ഒരു അരമണിക്കൂര് കാത്തിരുന്നേല് നല്ലോണം എനിക്കും കാണായിരുന്നു അസ്തമയം. അല്ലേലും ചക്രവാളത്തില് എത്തിയാല് മൂപ്പര് സ്പീഡ് കൂട്ടും. പിന്നെ ഒറ്റപ്പോക്കാ... ആരേം കാത്തു നില്ക്കില്ല..


   പുഷ്കര് തടാകത്തിനൊരു ഐതിഹ്യം ഉണ്ട്, പണ്ട് പത്നി മരിച്ച ദുഃഖത്തില് ശിവന് കരഞ്ഞു കരഞ്ഞു വെള്ളം വീണ് ഉണ്ടായ തടാകം ആണത്രേ, ഒരുകണ്ണിലെ കണ്ണീരു വീണത് അങ്ങ് പാകിസ്ഥാനിലാ... ആ തടാകത്തിന്റെ അവസ്ഥ എന്താണാവോ. എന്തൊക്കെ ആയാലും ഇന്ത്യയിലെ പ്രാചീന നഗരങ്ങളില്  ഒന്നാണ് പുഷ്കര് ചരിത്രകാരന്മാര്ക്ക് വലിയ അറിവൊന്നും ഇല്ല ഏതു നൂറ്റാണ്ടില് ഉണ്ടാക്കിയതാണെന്ന്.  പുഷക്ര് തടാകത്തിനു ചുറ്റുമായി 52 കടവുകളുണ്ട്.  ഭ്രാഹ്മാവിനു വരെ അമ്പലം ഉള്ള സ്ഥലമാണ് പുഷ്കര്. ബ്രഹ്മാവ് പണ്ടൊരു കള്ളത്തരം പറഞ്ഞതിന്റെ പേരില് ശിവന് ശപിച്ചിരുന്നല്ലോ, അങ്ങനെ ആണല്ലോ ഭ്രാഹ്മാവിനു മാത്രം എവിടേയും അമ്പലങ്ങള് ഇല്ലാതെ പോയത്.

   പുഷ്കര് തടാകത്തിനു അരികില് വെറുതെ ഇരുന്നു കുറെ നേരം.. തടാകത്തിലെ വെള്ളത്തില് ക്ഷേത്രങ്ങളില്നിന്നുള്ള വെളിച്ചം വരക്കുന്ന  ചിത്രങ്ങള്ക്ക് ഒരു പ്രത്യേക ഭംഗി തോന്നി... വെള്ളത്തില് വരച്ചിട്ട അമ്പലങ്ങള്... കുറെ നേരം ആ ഇരിപ്പ് തുടര്ന്നു...  പിന്നെ എഴുന്നേറ്റ് തെരുവിലൂടെ നടന്നു, പുഷ്കര് തടാകത്തിനു ചുറ്റിലുമായി സാമാന്യം വലിയൊരു അങ്ങാടിയുണ്ട്...  നടത്തം ബ്രഹ്മാവിന്റെ അമ്പലത്തിനു മുന്പില് അവസാനിച്ചു..  അമ്പലത്തിന്റെ അകത്ത് കയറാനൊന്നും മെനക്കെട്ടില്ല. പുറത്ത് നിന്ന് ഒരു ഫോട്ടോയും എടുത്ത് തിരിച്ച് അജ്മീരിലേക്ക് തന്നെ പോയി.. സമയം രാത്രി  ഒന്പത് കഴിഞ്ഞു. ദര്ഗയും കൂടി കാണാന് ഉണ്ട്, നാളെ ചിലപ്പോ സമയം കിട്ടി എന്ന് വരില്ല. വൈകീട്ട് ഇവിടം വിടണം.

   ഗൂഗിള് മാപ്പ് നോക്കിയാണ് ദര്ഗയിലേക്ക് നടന്നത്.ദര്ഗ എന്നും പറഞ്ഞ് അവര് കൊണ്ടെത്തിച്ചത് വേറൊരിടത്തും. പിന്നെ വഴി ചോദിച്ച് ദര്ഗയിലെത്തി.. ക്യാമറയും ചെരിപ്പും പുറത്തൊരു കടയില് ഏല്പ്പിച്ചു. (ഖ്വാജ മൊഈനുദ്ദീൻ ചിശ്തിയുടെ  ഖബറിടം ഈ ദര്ഗയിലാണ്) ദര്ഗയിലേക്ക് കയറുന്നവര് റോസാപൂക്കളും മറ്റും ഖബറില് അര്പ്പിക്കാന് വാങ്ങുന്നുണ്ട്, ഞാനും അവരെ അനുഗമിച്ചു.  രാത്രി വൈകിയെങ്കിലും നല്ല തിരക്കുണ്ട്, പ്രാര്ഥിക്കാന് പണം ആവശ്യപ്പെട്ടു ദര്ഗക്ക് അകത്ത്, ആദ്യം കൊടുക്കണോ വേണ്ടയോ എന്ന് ഞാന് ശങ്കിച്ചു, പിതാവിന് വേണ്ടി പ്രാര്ഥിക്കണ്ടേ എന്നായി അയാള്, അയാളുടെ മുഖത്തെ ഭാവം കണ്ട് ഞാന്  തെല്ലൊന്നമ്പരന്നു. ആള്ക്കാരൊക്കെ എന്നെ ശ്രദ്ദിക്കുക ആണെന്നൊരു തോന്നല് വന്നപ്പോള്  അന്പത് രൂപയെടുത്ത് ഞാന് കൊടുത്തു. അതയാള്ക്ക് മതിയായില്ല, നൂറുരൂപ കൊടുത്തിട്ടേ കയ്യിലെ പിടി അയാള് വിട്ടുള്ളൂ.     നേരത്തെ എഴുന്നേൽക്കണമെന്ന് കരുതി കിടക്കുന്ന ദിവസങ്ങളിൽ എല്ലാം വൈകി എഴുന്നേൽക്കാറാണ് പതിവ് ഇന്നും അത് തെറ്റിയില്ല. പുഷ്കർ ഫെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലെത്തുമ്പോൾ ഉച്ചിയിൽ വെയിലടിക്കാൻ തുടങ്ങിയിരുന്നു. നട്ടുച്ച വെയിലിനെ വക വെക്കാതെ ഗ്രൗണ്ടിൽ കളി നടക്കുന്നുണ്ട്. ഇന്ത്യയും റസ്റ്റ് ഓഫ് ദ വേൾഡും തമ്മിലാണ് കാൽപ്പന്ത് കളി നടക്കുന്നത്. ഫെസ്റ്റ് കാണാൻ വന്നവർ തന്നെയാണ് കളിക്കുന്നതും കളി കാണുന്നതും. സായിപ്പിനെ കാണുമ്പോൾ കളി മറക്കുന്ന ശീലം നമ്മൾ തെറ്റിച്ചില്ല, കളി നമ്മൾ തന്നെ തോറ്റു.


   കളി കഴിഞ്ഞപ്പോൾ കാണികൾ എല്ലാവരും ഗ്രൗണ്ടിലേക്കിറങ്ങി കാണുന്നതെല്ലാം കാമറയിൽ പകർത്തി ഞാനും അവിടെ അലഞ്ഞ് നടന്നു. ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് നടക്കുക, അകലെ നിന്ന് എല്ലാം നോക്കിക്കാണുക ഇതാണ് ഞാൻ ഈ യാത്രയിൽ ചെയ്ത്കൊണ്ടിരിക്കുന്നത്.  ഗ്രൗണ്ടിൽ ചിലർ കുതിരകളെ കൊണ്ട് അഭ്യാസം കാണിക്കുണ്ട്, രണ്ട് കാലുകളിൽ ശരീരം ബാലൻസ് ചെയ്ത് കുതിര നൃത്തം ചെയ്യുന്നു.
പുഷ്കറിൽ വിറ്റഴിക്കാനായി കൊണ്ട് വന്ന കാലികളെയും ഒട്ടകങ്ങളേയും കുതിരകളേയുമൊക്കെ കണ്ട്കൊണ്ട് ഞാൻ നടന്നു.  ഒരു പാമ്പാട്ടിക്ക് ചുറ്റും കുറച്ച് പേരിരുന്ന് പാമ്പിന്റെ പടം പിടിക്കുന്നുണ്ട് ഞാനും കാമറയെടുത്ത് നിസ്സഹായനായ ആ സാധുവിന്റെ ചിത്രമെടുത്തു. എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നടക്കാൻ നേരം ഒരുത്തൻ പണമാവശ്യപ്പെട്ടു, അവൻ പണം കൊടുത്ത് പാമ്പിനെ പുറത്ത് ഇറക്കിയതാണെന്നായി അയാൾ. ആദ്യമൊന്നമ്പരന്നു, എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കണ്ടപ്പോൾ തമാശയായി പറഞ്ഞതാണെന്ന മുഖവുരയോടെ അയാൾ സ്വയം പരിജയപ്പെടുത്തി ബിനോയ്, സ്വദേശം അഹമദാബാദ്. കൂടെ മൂന്നുപേരുമുണ്ട് വിരൽ കാദൽ, പാർത്ഥ് രാജ് പിന്നെ സിദ്ധാർത്ഥ്. ഇവരെ കൂടാതെ ഡെൽഹിക്കാരിയായ ഭാർത്ഥിയുമുണ്ട്, പുഷ്കറിൽ വെച്ച് പരിജയപ്പെട്ടതാണ് ഭാർത്ഥി അവരെ. ബിനോയ് എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന കൂട്ടത്തിലാണ്. പെട്ടെന്ന് തന്നെ എല്ലാവരോടും അടുപ്പം ഉണ്ടാക്കി എടുക്കും. അങ്ങനെ ഞാനും അവരുടെ കൂട്ടത്തിൽ കൂടി. ഒട്ടകം വലിക്കുന്ന ഒരു വണ്ടിയിൽ ആണ് അവരുടെ തെണ്ടൽ എനിക്കും അതിലൊരു ഇടം കിട്ടി.

   ഉച്ച ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. വിരൽ കാദൽ നല്ലൊരു ഫോട്ടോഗ്രാഫർ ആണ് പടം പിടുത്തം ജോലിയായി തിരഞ്ഞെടുത്തവൻ. ബിനോയ് ആണെങ്കിൽ പ്രത്യേകിച്ചൊരു ജോലിയുമില്ല, ലോകം മൊത്തം കറങ്ങി നടക്കുന്ന ഒരു പടം പിടുത്തക്കാരൻ. ബിനോയ് എപ്പോഴും പുതിയ പരീക്ഷണങ്ങളിൽ ആയിരുന്നു ക്യാമറയുമായി.  കൂട്ടത്തിൽ തലമൂത്തവൻ. പാർത്ഥ് രാജ് ഒരു പ്ലസ് 2 വിദ്യാർത്ഥിയും.  ഫെസ്റ്റ് കാണാൻ ഡെൽഹിയിൽ നിന്ന് കാറോടിച്ച് വന്നതാണ് ഭാർത്ഥി. ദിവസം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരുന്നു.  വൈകീട്ടോടെ ജൈപൂരിലേക്ക് യാത്ര തിരിക്കാനായിരുന്നു എന്റെ തീരുമാനം അത് പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാൻ ഞാൻ നിർബന്ധിതനായി. ഒരു പകൽ കൊണ്ട് അവരെല്ലാം നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നു.


  രാത്രി വൈകും വരെ ഞങ്ങൾ പുഷ്കറിൽ കറങ്ങി നടന്നു, അമ്പലങ്ങളും കടകളും കേറി ഇറങ്ങി. കാണുന്നതെല്ലാം ഞങ്ങൾ ക്യാമറയിൽ പകർത്തി.  തിരിച്ച് അവർ താമസിച്ചിരുന്ന റിസോർട്ടിൽ എത്തുമ്പോൾ മറ്റൊരു സുഹൃത്ത് അവരെ കാത്ത് അവിടെ ഉണ്ടായിരുന്നു, വിദേശിയായ ജയിംസ്. ബ്രിട്ടീഷുകാരനായ ജെയിംസ് ഒരു മാസത്തിലധികമായി ഇന്ത്യയിൽ എത്തിയിട്ട്, ഒരു മാസത്തോളമായി രാജസ്ഥാനിൽ കറങ്ങി നടക്കുകയാണ് ജെയിംസ് . പഴയൊരു ബുള്ളറ്റ് വാങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ . എന്രെ പ്രായമുള്ള ഒരു ബുള്ളറ്റ് വാങ്ങി യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോളാണ് ഞങ്ങൾ പരിജയപ്പെടുന്നത്.  എന്റെ യാത്രയെപറ്റി അറിഞ്ഞപ്പോൾ ഒരുമിച്ചാക്കിയാലോ യാത്രയെന്ന് ചോദിച്ചു ജെയിംസ് . എവിടെയും നിൽക്കാതെയുള്ള യാത്ര ആയതിനാൽ എനിക്കത് നിരസിക്കേണ്ടി വന്നു. എങ്കിലും വാരാണസിയിലേക്കാണ് ജെയിംസ് പോകുന്നതെന്ന് പറഞ്ഞപ്പോൾ അവിടെവെച്ച് കാണാമെന്ന് ഞാനുറപ്പ് കൊടുത്തു. 

   ജൈപൂരിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു, ജൈപൂർ നിൽക്കാതെ നേരെ ആഗ്രയിലേക്ക് പോകാമെന്ന് കരുതിയെങ്കിലും വിചാരിച്ചത്ര ബൈക്കോടിക്കാൻ കഴിഞ്ഞില്ല ജൈപൂർ കോട്ട കണ്ടിറങ്ങി വരുന്ന വഴി വൺ വേ തെറ്റിച്ചതിനു 100 രൂപ ഫൈനും കൊടുക്കേണ്ടി വന്നു. വേറൊരു ബൈക്കിന്റെ പുറകെ പോയതായിരുന്നു ഞാൻ , ദില്ലിയിൽ ആണെങ്കിൽ ഇങ്ങനെ വൺ വേ തെറ്റിക്കുമോ എന്നും പറഞ്ഞ് നൂറു രൂപ ചോദിച്ചു.  ഒടുക്കം പൈസ കൊടുത്ത് ഒഴിവാക്കി. റൂം അന്യേഷിച്ച് ഒരുപാട്  അലഞ്ഞു. എന്റെ കൊക്കിലൊതുങ്ങുന്ന റൂം ഒന്നും കിട്ടിയില്ല. പിന്നെ ഓൺ ലൈൻ വഴി ഒരെണ്ണം കണ്ട് പിടിച്ചു. അവിടെ ചെന്നപ്പോൾ ഓൺലൈനിൽ പറഞ്ഞതിന്രെ ഇരട്ടിയാണ് അവരു ചോദിച്ചത്. ഓൺലൈനിലെ കാര്യം പറഞ്ഞപ്പോൾ അവർക്കറിയില്ല, ഓൺലൈനിൽ ബുക്ക് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള മടി മാറിക്കിട്ടി. 

   രാവിലെ തന്നെ ആഗ്രക്ക് യാത്ര തിരിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ അകത്ത് കയറി കാണാൻ പറ്റാത്തതിന്രെ വിഷമം ഇത്തവണ തീർത്തു. പാവപ്പെട്ടവർ ക്യൂവിൽ നിന്ന് ചെറിയ തുകക്ക് ടികറ്റ് എടുക്കുമ്പോൾ സായിപ്പിനു ഏഴുനൂറ്റി അമ്പത് കൊടുത്താൽ ക്യൂ ഇല്ലാതെ അകത്ത് കയറാം. പാവപ്പെട്ട സായിപ്പാണേലും അത്രയും തുക കൊടുത്തിരിക്കണം. എല്ലാവർക്കും അറിയാവുന്ന കഥ ആയത് കൊണ്ട് ആഗ്രയേയും താജ്മഹലിനേയും കുറിച്ച് ഞാൻ ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല. നാളെ രാവിലെ ഡെൽഹിയിലേക്ക് യാത്ര തിരിക്കണം.. ബൈക്കിന്റെ ബുക്കും പേപറും കൈപ്പറ്റണം.. ഒന്നു രണ്ട് ദിവസം ദില്ലിയിൽ നിന്നിട്ട് വേണം യാത്ര തുടരാൻ...


3 comments:

 1. ഇങ്ങിനെ ഒറ്റയ്ക്ക് കറങ്ങി നടക്കല്ലേ എന്ത് പറയാന്‍... ന്നാലും ഒരു കൊട്ട അസൂയ ഇവിടെ വെച്ചിട്ടുണ്ട്, അതെടുത്തോണ്ട് പോയാ മതി... :) വിവരണം ആസ്വദിച്ചുട്ടോ.

  ReplyDelete
  Replies
  1. ചിലപ്പോൾ ഒറ്റക്കുള്ള യാത്രകള്‍ തരുന്ന അനുഭവങ്ങള്‍ വേറൊന്നിനും തരാൻ കഴിഞ്ഞെന്ന് വരില്ല...
   നന്ദി... കാനഡയിൽ കറക്കം ഒറ്റക്കല്ലേ?

   Delete
  2. സത്യം.. ഒറ്റക്കുള്ള യാത്രകള്‍ തരുന്ന അനുഭവങ്ങള്‍ വളരെ വിത്യാസ്തമാണ്. അത് നമ്മുടെ സ്വഭാവത്തെയും കാഴ്ച്ചപ്പാടിനെയും വരെ ചിലപ്പോള്‍ മാറ്റി മറിയ്ക്കും..

   Delete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D