വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Friday, 15 January 2016

രജപുത്രരെ തേടി

  ഇന്ത്യയുടെ സിരകളിലൂടെ – 8
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര്‍ പഴയഭാഗങ്ങള്‍ വായിക്കാന്‍ ഇത് വഴി പോയാല്‍ മതി.... 




കേന്ദ്രഭരണ പ്രദേശമായ ദ്യൂവിലേക്കുള്ള യാത്ര ഞാൻ കരുതിയതല്ല, ഗിറിൽ നിന്ന് നേരെ മൗണ്ട് അബു ആയിരുന്നു എന്റെ ലക്ഷ്യം.. ഉച്ചകഴിഞ്ഞാണ് ഗിറിൽ നിന്നും ശല്യം സഹിക്കാനാവത്തത് കാരണം ഞാൻ യാത്ര തുടർന്നത്. എത്തിച്ചേർന്നത് ദ്യൂവിലും. വേറെ അതീവ രഹസ്യമായ ഒരു അജണ്ടയും അതിനു പിന്നിലുണ്ട്, മൽസ്യം കൂട്ടിയിട്ട് ദിവസങ്ങളായി. മീൻ വിഭവങ്ങൾ ഇഷ്ടം പോലെ കിട്ടുമത്രേ ദ്യൂവിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകി സഹായിച്ചത് ദീപാവലി ആഘോഷിക്കാൻ വന്ന സുഹൃത്ത് നവീനാണ്, മുംബൈലാണ് അവന് ജോലി. സീ ഫുഡിന് പേരുകേട്ട റസ്റ്റോറന്റിലൊന്നിന്റെ വിവരം അവൻ പങ്കുവെക്കുകയും  ചെയ്തിട്ടുണ്ട്.

നമ്മുടെ മാഹി പോലെയാണ്  ഇവിടുത്ത്കാർക്ക് ദ്യൂ. മാഹിയിൽ കുറഞ്ഞ കാശിനു കള്ളും പെട്രോളും കിട്ടുമെങ്കിൽ ഇവിടെ സസ്യേതര ആഹാരവും ഒരു കാരണമാണ്, മദ്യം തന്നെയാണ് മുൻപന്തിയിലെന്ന് വഴിയിൽ കണ്ട പാമ്പുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തു. പോർചുഗീസ് അധിനിവേശകാലത്ത് പണിത ദ്യൂ ഫോർട് കാണാനാണ് ഞാൻ ആദ്യം പോയത്. നേരം ആറുമണി കഴിഞ്ഞെന്നും ഇനി അകത്തേക്ക് പ്രവേശനം കിട്ടില്ലെന്നും മനസ്സിലായത് ഫോർട്ടിന്റെ ഗേറ്റിൽ എത്തിയപ്പോഴാണ്.

എന്നാൽ പിന്നെ എവിടെ എങ്കിലും മുറിയെടുത്ത് ഒരു കുളിയൊക്കെ പാസ്സാക്കി ദ്യൂ കടാപ്പുറത്ത് തെണ്ടാനിറങ്ങാമെന്ന് തീരുമാനിച്ച് ഞാൻ മുറി അന്യേഷിയായി. ദ്യൂവിൽ ചാകരയുടെ സമയമാണെന്ന് ആദ്യത്തെ ഹോട്ടലിൽ കേറിയപ്പോളെ മനസ്സിലായി... റൂമുണ്ടോയെന്ന് മുഴുവൻ ചോദിക്കുന്നതിനു മുൻപേ മറുപടി കിട്ടി, ഫുൾ. മൂന്നുനാലു ഹോട്ടലുകളിൽ കേറിയിറങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി, എന്റെ ബഡ്ജറ്റിന്റെ പത്തിരട്ടി കൊടുത്താലെ ദീപാവലി കഴിയും വരെ ദ്യൂവിൽ എവിടെ എങ്കിലും തങ്ങാൻ ഒക്കൂ. പിന്നെ ഒന്നും ആലോചിച്ചില്ല, ബൈക്കുമെടുത്ത് നേരെ അഹമദാബാദ് വഴിയിലേക്ക് കേറി, വഴിയിൽ കാണുന്ന എല്ലായിടത്തും റൂം അന്യേഷിക്കുന്നുമുണ്ടായിരുന്നു. ഒടുക്കം ഉന എന്ന സ്ഥലത്തൊരു സത്രം കിട്ടി, ഒരു രാത്രിക്ക് എഴുന്നൂറ് രൂപ. എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നതല്ലെങ്കിൽ പോലും നിവൃത്തികേട് കൊണ്ട് എടുക്കേണ്ടി വന്നു. കാർഗിലിൽ താമസിച്ചതിനു ശേഷം ഇത്ര മോശം റൂം എനിക്ക് വേറെ കിട്ടിയിട്ടില്ല, മാത്രവുമല്ല ഇത്രയും കൂടിയ സംഖ്യക്ക് ഞാൻ വേറെ റൂം ഈ യാത്രയിൽ എടുത്തിട്ടുമില്ല താനും.
കുളി മുറിയുടെ അവസ്ഥ പരിതാപകരമായിരുന്നു താനും. എങ്കിലും ഇനിയും തപ്പി നടക്കാൻ ആ സമയത്ത് എനിക്ക് കഴിയില്ലായിരുന്നു. കുളിച്ച് ക്ഷീണം മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് മാത്രമല്ല. പിറ്റേന്ന് ആ കുളി മുറിയിൽ കയറാൻ വരെ മടി ആയിരുന്നെനിക്ക്.

ബാഗെല്ലാം റൂമിലെടുത്ത് വെച്ച് ഞാൻ തിരിച്ച് ദ്യൂവിലേക്ക് പോയി. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് സത്യത്തിൽ ഞാൻ ദ്യൂവിൽ എത്തിയത് തന്നെ. അതൊഴിവാക്കി ഉനയിൽ കിടന്നിട്ട് എന്തു കിട്ടാനാണ് തന്നെയുമല്ല ഉറങ്ങാനല്ലാതെ ഒന്നിനും തിരിച്ച് ആ റൂമിലേക്ക് ഞാൻ പോകുകയുമില്ല. ഭക്ഷണം ലാവിഷായി തന്നെ കഴിച്ചു, നമ്മുടെ നാട്ടിലെ എരുവും പുളിയുമൊന്നുമില്ലെങ്കിലും മീനും കോഴിയുമൊക്കെ അങ്ങനെ പഞ്ചാബ് വിട്ടതിനു ശേഷം കിട്ടി. റസ്റ്റോറന്റ് അന്യേഷിച്ചുള്ള യാത്ര എത്തിച്ചേർന്നത് ഒരു തീരത്തിലായിരുന്നു, ഒരു വശത്ത് ഓപ്പൺ ഓഡിറ്റോറിയവും ഉണ്ടായിരുന്നു അവിടെ ബീച്ചിന്റെ പേരിപ്പോൾ ഞാൻ ഓർക്കുന്നില്ല. എന്തായാലും ദ്യൂ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എവിടെയോ ആണത്. ഭക്ഷണം കഴിച്ച് മടങ്ങും നേരം തുറന്ന വേദിയിടെ കൽ‌പ്പടവിൽ നീണ്ട് നിവർന്നു കിടന്നു ഞാൻ കുറേനേരം. ആകാശം നോക്കിയുള്ള ആ കിടപ്പിൽ നുസ്രത്ത് ഫതേഹ് അലിഖാന്റെ ഖവ്വാലിയിൽ ഞാൻ ലയിച്ച് പോയെന്ന് പറയുന്നതാവും ശരി. തണുപ്പിന്റെ കാഠിന്യം കൂടി കിടപ്പ് അസഹനീയമായി തോന്നും വരെ ഞാനവിടെത്തന്നെ കിടന്നു. ശല്യം ചെയ്യാൻ ആരും വന്നുമില്ല.

അഹമദാബാദ് നഗരത്തിൽ ഞാൻ എത്തിച്ചേരുമ്പോൾ വൈകുന്നേരമായിരുന്നു. ചിലവു കുറഞ്ഞ മുറി കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് നേരത്തെ തന്നെ ഇന്റർനെറ്റുവഴി മുറി മുന്കൂട്ടി ബുക്ക് ചെയ്തിരുന്നു. പല ദിവസങ്ങളിലും ഈ അടവ് നയം ഞാൻ പ്രയോഗിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്താൻ എന്നിട്ടും കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. നാന്നൂറ് രൂപയാ‍ണ് ഒരു ദിവസത്തെ വാടക. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ യാത്രാ ക്ഷീണമൊക്കെമാറി. ഭുജില്‍ നിന്നും പരിചയപ്പെട്ട ചൈനക്കാരന്‍  ബ്രയാനെ വിളിച്ച് നോക്കി, അവനും ജാസ്മിനും ബൈകില്‍ ജോധ്പൂരിലെക്കുള്ള യാത്രയില്‍ ആയിരുന്നു അപ്പോള്‍...നേരത്തെ അവിടെ എത്തുന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ അവര്‍ ഒരു ദിവസം കൂടി കഴിഞ്ഞേ പോകുമായിരുന്നുള്ളൂ... 


ദേവ് ആര്‍ക്  മാളില്‍ കയറി കെഎഫ്സിയും വയറ്റിലാക്കി നേരെ ഒരു പടത്തിനു കയറി, ക്രിഷ്-3. അതിനെപറ്റി ഞാന്‍ ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ! എങ്കിലും ആ രാത്രി ഞാന്‍  ഒരു റെക്കോര്‍ഡ്‌ എന്‍റെ  പേരിലാക്കി, നിരക്ഷരന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "കൃഷ് 3 കാണാനായി, ബൈക്കെടുത്ത് നോർത്ത് ഇന്ത്യ വരെ പോയ ആദ്യത്തെ മലയാളി എന്ന പദവി കാദറ് കരസ്ഥമാക്കിയിരിക്കുന്നു". 5500-ലധികം കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് വന്നു ക്രിഷ് കണ്ടതിന്‍റെ റെക്കോര്‍ഡ്‌ തന്നെ... അതിനി ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല... 


പടം കണ്ടിറങ്ങിയതിന്‍റെ പരാക്രമം ആയിരിക്കണം, റോഡില്‍ ഞാന്‍ കുറേനേരം വട്ടം കറങ്ങി എങ്ങനെ പോയാലും ഒടുക്കം റോഡ്‌ സൈഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന പോലീസ് ജീപ്പിന്‍റെ മുന്നില്‍ ഞാന്‍ എത്തും. അഞ്ചാമത്തെ തവണ പോലീസ് ജീപ്പിനെ കണ്ടപ്പോള്‍ എനിക്കൊരു കാര്യം ഉറപ്പായി ഇതുവഴി ഇനി പോയിട്ട് കാര്യമില്ല... വഴി ചോദിച്ച് പോയാലെ റൂമില്‍ തിരിച്ച് എത്തുകയുള്ളൂ.. കുറെ നേരാമായല്ലോ ഇതുവഴി കറങ്ങുന്നു, എന്താ കാര്യം, അടുത്തേക്ക് ചെന്നപ്പോള്‍ തന്നെ ഒരു പോലീസുകാരന്‍ വണ്ടിയില്‍ നിന്നിറങ്ങി  എന്നോട് ചോദിച്ചു. എന്നേയും ബൈക്കിനേയും അവരും കാണുന്നുണ്ടായിരുന്നെന്ന് അപ്പോളാണ് എനിക്ക് ബോധം വന്നത്, ഇനിയും കറങ്ങിയിരുന്നെങ്കില്‍  അവരെന്നെ തടഞ്ഞുനിര്‍‍ത്തി വഴി പറഞ്ഞു തന്നേനെ. 

ഇതുവരെയുള്ള യാത്രയെക്കുറിച്ച്ഞാന്‍ ചെറിയൊരു വിശദീകരണം കൊടുത്തെങ്കിലും അയാള്‍ക്ക് അതില്‍ തൃപ്തി വന്നില്ല. ബൈകിന്‍റെ വശങ്ങളില്‍ ഉള്ള പെട്ടികള്‍ തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാം വലിച്ചു പുറത്തിട്ടു നോക്കി കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കുറച്ചൊരു വിശ്വാസം വന്നത് പോലെ എനിക്ക് തോന്നി.  ഫോണില്‍ഇതുവരെ എടുത്ത ചിത്രങ്ങളും അയാളെ ഞാന്‍ കാണിച്ചു. അതുവരെ സംശയം നിഴലിച്ച് നിന്നിരുന്ന അയാളുടെ കണ്ണുകളില്‍ അമ്പരപ്പ് പ്രകടമായി, പിന്നെ അത് യാത്രയെക്കുറിച്ചുള്ള ജിജ്ഞാസയായി മാറി.

ആത്മഗതം പോലെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, നമുക്കൊന്നും ജീവിതത്തില്‍ ഒരിക്കലും ചെയ്യാന്‍ സാധിക്കാത്തതാ ഇതുപോലുള്ള കാര്യങ്ങള്‍, നിങ്ങളെകൊണ്ടൊക്കെയേ ഇതൊക്കെ സാധിക്കൂ.  വേണമെന്ന് കരുതിയാല്‍ ആരെക്കൊണ്ടും ചെയ്യാവുന്ന കാര്യമേ ഞാന്‍ ചെയ്യുന്നുള്ളൂ താങ്കള്‍ക്കും സാധിക്കും ശ്രമിച്ച് നോക്കൂ, എന്നൊക്കെ ഉപദേശിക്കാന്‍ തോന്നിയെങ്കിലും, നന്ദി പറഞ്ഞു ഹോട്ടലിലേക്ക് അയാള്‍ പറഞ്ഞു തന്ന വഴിയെ ഞാന്‍ ബൈക്ക് ഓടിച്ചു.  വേണമെങ്കില്‍ കൂടെ വന്നു വഴികാണിച്ചു തരാന്‍ വരെ അയാളപ്പോള്‍ ഒരുക്കമായിരുന്നു... നല്ല പോലീസുകാരെ അങ്ങനെ വീണ്ടും കണ്ടുമുട്ടി.

ഗൂഗിള്‍മാപ് നോക്കിയാണ് ഇന്നത്തെയും  യാത്ര. രാവിലെ നേരെ മൌണ്ട്അബു വിലേക്ക് പുറപ്പെട്ടു. ആരവല്ലി മലനിരകളുടെ ഭാഗമായ അബു സിരോഹി ജില്ലയുടെ ഭാഗമാണ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രമാണിത്. രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം കൂടി ആണ് മൌണ്ട് അബു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1722 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു...  നക്കി തടാകം, സണ്‍സെറ്റ് പോയിന്‍റ്, ജൈനക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍.  ഹിന്ദു ക്ഷേത്രങ്ങളും ഉണ്ടിവിടെ.  ഞാന്‍ എത്തിപ്പെട്ടതാണെങ്കില്‍ ദീപാവലി സമയത്തും. സൂചി കുത്താനിടമില്ലെന്ന് പറഞ്ഞാല്‍ മതിയാവില്ല.   ഹോട്ടലുകള്‍ മിക്കതും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. YHAI യുടെ മുറികൾ പോലും താങ്ങാൻ ആവുന്നത്‌ ആയിരുന്നില്ല. ഞാൻ തിരിച്ച്‌ മലയിറങ്ങി.  ഉദയ്‌പൂർ ആണ്‌ ലക്ഷ്യം.
നക്കി തടാകം


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നല്ല ക്ഷീണവും. കിട്ടുന്നിടത്ത് മുറിയെടുത്ത്   ഉറങ്ങിയാൽ മതിയെന്നായിരുന്നു എനിക്കപ്പോൾ.  ആദ്യം കാണുന്ന സത്രത്തിൽ മുറിയെടുക്കാൻ ഉറപ്പിച്ചാണ്‌ എന്റെ യാത്ര. ഗോഗുണ്ടയില്‍ എത്തേണ്ടി വന്നു മുറികിട്ടാന്‍. മൌണ്ട് അബുവില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ ദൂരത്ത്.  
മുറിയെടുക്കാന്‍ നേരംസത്രം ഉടമക്കൊരു സംശയം ഞാന്‍ ദാങ്ങ് വഴി ആണോ വന്നതെന്ന്, അതെയെന്ന്‌ പറഞ്ഞപ്പോള്‍ രാത്രി എന്തിനാ അത് വഴി വന്നെതെന്നായി കക്ഷി. കഥ അറിയാതെ ആട്ടം കാണുന്നവന്‍റെ അവസ്ഥയില്‍ ആയി ഞാന്‍.  ചാത്തൻ ഏറു കിട്ടാതെ ഇങ്ങെതിയത്‌ ഭാഗ്യം.. ആദിവാസികൾ ബൈകിൽ പോകുന്നവരെ എറിഞ്ഞു വീഴ്ത്തി  മോഷണം നടത്തുന്നത്‌ ഇവിടെ പതിവാണത്രെ! എനിക്കാണേൽ കൂട്ടിനു കൂരിരുട്ട്‌ മാത്രെ ഇതുവരെ ഉണ്ടായിരുന്നുള്ളു താനും... ക്ഷീണത്തിനു കുറവൊന്നും  ഇല്ലാത്തത് കാരണം നന്നായി ഉറങ്ങി. 

സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പുള്ള ഇന്ത്യയില്‍ ഒരു നാട്ടു രാജ്യമായി നിലനിന്നിരുന്ന സ്ഥലമാണ് ഉദൈപൂര്‍. അടുത്തായിരുന്നിട്ടും  ഉച്ചയായി തെണ്ടല്‍ തുടങ്ങുമ്പോള്‍.  കിഴക്കിന്‍റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന സിറ്റി പാലസ് സമുച്ചയത്തിലേക്കാണ് ആദ്യം പോയത്. നാനൂറോളം വര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണിത്.  ഹിന്ദു ക്ഷത്രിയ വിഭാഗത്തില്‍ പെട്ട രജപുത്രര്‍ നിര്‍മ്മിച്ച സിറ്റി പാലസ് പിചോള തടാകത്തിന്‍റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.  ബോണ്ട്‌ ചിത്രമായ Octopussy യുടെ ചിത്രീകരണം ഇവിടെ വച്ച്‌ നടന്നിട്ടുണ്ട്.




സിറ്റി പാലസ്

ഉദൈപൂര്‍ നഗരം



പിചോള തടാകം.



ലെയ്ക്ക് പാലസ്, ജഗ് മന്ദിര്‍, മണ്‍സൂണ്‍ പാലസ്, പിചോള തടാകം തുടങ്ങിയവയാണ്‌ ഇവിടുത്തെപ്രധാന ആകര്‍ഷണങ്ങള്‍. സമയം ഇല്ലാത്തതിനാല്‍ പലതും ഒഴിവാക്കി ഞാന്‍. മെട്രോ നഗരത്തിലൂടെ ഒരു ഓട്ട പ്രതക്ഷിണം വെച്ച് നേരെ ജോധ്പൂരിലേക്ക് യാത്ര തുടങ്ങി.  ഗോഗുണ്ട വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ആരവല്ലി മലനിരകളിലൂടെ  യാത്ര ചെയ്ത് വേണം ജോധ്പൂര്‍ എത്താന്‍.  രാത്രിയില്‍ യാത്ര ചെയ്യാനുള്ള മടി കാരണം പാലിയില്‍ യാത്ര അവസാനിപ്പിച്ചു.  ഇരുപത്താറു ദിവസത്തെ ബൈക്ക് യാത്ര. പല ദിവസങ്ങളിലും ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നില്ല എന്നത് ഒഴിച്ചാല്‍ യാത്രയില്‍ ഞാന്‍ എല്ലാം കൊണ്ടും തൃപ്തനാണ്. ഒറ്റക്കുള്ള യാത്രയുടെ സുഖം  ആര്‍ക്കു വേണ്ടിയും കാത്ത് നില്‍ക്കാതെ, ആര്‍ക്കും പിടികൊടുക്കാതെയുള്ള യാത്ര.  രാവിലെ നേരത്തെ എഴുന്നേല്‍ക്കണം, കുറച്ച് ദിവസങ്ങളായി യാത്ര തുടങ്ങുമ്പോള്‍ പത്തുമണി ആവുന്നു, അതിനൊരു അറുതി വരുത്തണം. 

മടി അങ്ങനെ ഒരു ദിവസം കൊണ്ടൊന്നും എന്നെ വിട്ടു പോകില്ലല്ലോ, രാവിലെ എഴുന്നേല്‍ക്കല്‍ ഇന്നും നടന്നില്ല. നീല നഗരത്തില്‍ ഉച്ചയായി എത്തിയപ്പോള്‍.  രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരം. നീല നഗരമെന്ന പേര് ലഭിക്കാന്‍ കാരണമായ കെട്ടിടങ്ങള്‍ കാണാന്‍ ചരിത്രമുറങ്ങുന്ന മെഹ്റാന്‍ ഗര്‍ കോട്ടയിലെക്കാണ് ഇന്നത്തെ യാത്ര.

പതിനഞ്ചാം നൂറ്റാണ്ടില്‍ മാണ്ടോര്‍ രാജ്യത്തെ രാജാവ് നിര്‍മിച്ച കോട്ടയാണിത്.  ഏഴു കവാടങ്ങള്‍ ഉള്ള ഈ കോട്ട ഇന്ത്യയിലെ വലിയ കോട്ടകളില്‍ ഒന്നാണ്.   ജൈപൂര്‍, ബികാനേര്‍ പട്ടാളങ്ങള്‍ക്ക് മുന്‍പിലും മുഗളര്‍ക്ക് മുന്‍പില്‍ മുട്ട് മടക്കാതെ നിന്ന ചരിത്രം പറയാനുണ്ട് ഈ കോട്ടക്ക്.  ജോധ്പൂര്‍ നഗരത്തിനു മുകളില്‍ 125 മീറ്റര്‍ ഉയരത്തിലാണീ ഭീമാകാരന്‍ കോട്ട, അത് കൊണ്ടു തന്നെ നഗരത്തിനെ ഭംഗിയായി   കാണാം കോട്ടയില്‍ കയറിയാല്‍. കൊട്ടക്കകത്തും പുറത്തുമായി കുറേനേരം ഞാന്‍ ചുറ്റിക്കറങ്ങി.  ഈ കോട്ടക്കകത്തുള്ള ചാമുണ്ട  ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 2008 ഇല്‍ 249 പേര്‍ മരിക്കുകയുണ്ടായി.  സതി എന്ന ദുരാചാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഈ കോട്ടയില്‍ ഇപ്പോളുമുണ്ട്. 1843 ഇല്‍ അന്നത്തെ രാജാവായിരുന്ന മഹാരാജ മാന്‍ സിംഗ്  ഇഹലോകവാസം വെടിഞ്ഞപ്പോള്‍ കെട്ടുപ്രായം കഴിഞ്ഞ രാജ്ഞിമാര്‍ മഹാരാജാവിന്‍റെ ചിതയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ പോകും മുന്‍പ് കൈപ്പാടുകള്‍ പതിപ്പിച്ചത് ഇരുമ്പ് വാതില്‍ എന്നറിയപ്പെടുന്ന  അവസാന കവാടത്തിന്‍റെ ഉള്‍വശത്തായി കാണാം. നല്ലൊരു മ്യൂസിയം കൂടിയാണ് ഈ കോട്ട. പഴയ ആയുധ ശേഖരം, മരവാര്‍ ചിത്രകലയുടെ ശേഖരം, പല്ലക്കുകളുടെ ശേഖരം തുടങ്ങിയവയും ഇവിടെ കാണാം. രണ്ടാമത്തെ കവാടത്തില്‍ ജൈപൂര്‍ സൈന്യത്തിന്‍റെ പീരങ്കി ആക്രമണത്തിന്‍റെ പാടുകള്‍ ഇപ്പോളും കാണാം..









നീല നഗരം..



Mehrangarh fort

Mehrangarh fort

Blue city

ഈ പകലും രാത്രിയും ജോധ്പൂരില്‍ കറങ്ങി നാളെ  അജ്മീര്‍ എത്തുക, ബൈകിന്‍റെ മൂന്നാമത്തെ സര്‍വീസ് പൂര്‍ത്തിയാക്കുക അതാണിനിയുള്ള ലക്ഷ്യം.  രാത്രിയിലെ നഗരം കാണാന്‍ ഇറങ്ങണം, സൂര്യന്‍ ഒന്നസ്തമിക്കട്ടെ....

യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇതുവഴി..

8 comments:

  1. "കൃഷ് 3 കാണാനായി, ബൈക്കെടുത്ത് നോർത്ത് ഇന്ത്യ വരെ പോയ ആദ്യത്തെ മലയാളി എന്ന പദവി കാദറ് കരസ്ഥമാക്കിയിരിക്കുന്നു". 5500-ലധികം കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് വന്നു ക്രിഷ് കണ്ടതിന്‍റെ റെക്കോര്‍ഡ്‌ തന്നെ... അതിനി ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല...

    ReplyDelete
  2. നന്നായിട്ടുണ്ട്...

    തുടർഭാഗങ്ങൾക്കായി കാക്കുന്നു...

    ReplyDelete
  3. ഭാരതത്തിന്‍റെ ആത്മാവു തേടിയുള്ള യാത്ര വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  4. നല്ല ചിത്രങ്ങള്‍!! വിവരണവും നന്നായി. യാത്ര തുടരട്ടെ...

    ReplyDelete
  5. എന്നാലും ആ തടാകത്തിനു നക്കിയെന്നല്ലാതെ ഒരു പേരിടാമായിരുന്നു. ഹഹഹ

    ReplyDelete
  6. ജീവനുള്ള ചിത്രങ്ങളും,വെെകാരികതയുള്ള വാക്കുകളും,,, ഇതുവരെയുള്ള യാത്രക്ക് എന്ത് ചിലവായി എന്നറിയാൻ ഒരു ജിജ്ഞാസയുണ്ട്

    ReplyDelete
  7. ഇതു വരെയുള്ള ട്രാവലോഗ് വായിച്ചു കഴിഞ്ഞു.....ഒരു ഡോക്യുമെന്ററി കണ്ട പ്രതീതി.....നന്നായിട്ടുണ്ട്...ബാക്കി എപ്പോഴാ പോസ്റ്റ് ചെയ്യുന്നത്...

    ReplyDelete
  8. ഇത്‌ വരെയുള്ള എല്ലാ അധ്യായങ്ങളും കഴിഞ്ഞു.

    വേഗം ബാക്കി തായോ!!!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D