വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Tuesday, 26 February 2013

ഉത്തരേന്ത്യയിലൂടെ Part-II

കാല്‍ക - ഷിംല
ഒന്നാം അധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഉത്തരേന്ത്യയിലൂടെ Part-I

എന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ച്  പ്രവിയെ കാത്തുനില്‍ക്കാന്‍ സമയമില്ലാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്താണ് കിരണ്‍ ജോലി സ്ഥലത്തേക്ക് പോയത്.    മുംബൈ   നിന്നുള്ള സ്പൈസ് ജെറ്റിന്‍റെ വിമാനം പ്രവിയേയും വഹിച്ചു കൃത്യസമയത്ത് തന്നെ ഡല്‍ഹിയിലെത്തി. അവനെയും കൂട്ടി എത്രയും പെട്ടെന്ന്‍  ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തണം. അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ ട്രെയിന്‍ പുറപ്പെടും, പ്രവി പുറത്ത് ഇറങ്ങിയാല്‍ ഉടന്‍ ടാക്സി എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആയിരുന്നു പരിപാടി. എന്നാല്‍ ടാക്സി കിട്ടുന്നതിന് മുന്‍പ്‌ റെയില്‍വേ സ്റ്റേഷന്‍ വഴി പോകുന്ന ഒരു ബസ് കിട്ടി ഞങ്ങള്‍ക്ക്, കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ബസില്‍ ചാടി കയറി. ബാക്കിലെ സീറ്റ്‌ ആണ് ഞങ്ങള്‍ക്ക് കിട്ടിയത് ഒരുപാട് ബാഗുകള്‍ ഉള്ളത് കൊണ്ട് അത് തന്നെ ആയിരുന്നു സൌകര്യവും. ഇറങ്ങാന്‍ നേരത്ത് എന്‍റെ പേഴ്സ് കാണാനില്ല. ടെന്‍ഷന്‍റെ മൂര്‍ധന്യാവസ്ഥ. ഇരുന്നിരുന്നിടം മുഴുവന്‍ അരിച്ചുപെറുക്കി. അപ്പോഴേക്കും ബസ്‌ ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് എത്തിയിരുന്നു. ഒടുക്കം എന്‍റെ ബാഗില്‍ നിന്ന് തന്നെ പേഴ്സ് കിട്ടി.  ബസ്സിലുള്ളവരോട് ക്ഷമ ചോദിച്ചു, അതില്‍ നിന്നും ഇറങ്ങി റെയില്‍വേസ്റ്റേഷന്‍റെ  അകത്തേക്ക് ഓടിക്കയറി, ട്രെയിന്‍ ലിസ്റ്റ് മുഴുവന്‍ അരിച്ചുപെറുക്കി എങ്കിലും ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ അതില്‍ കണ്ടെത്താനായില്ല. ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ അന്യേഷിച്ചപ്പോള്‍ ഓള്‍ഡ്‌ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ചെന്നാലേ ഞങ്ങള്‍ക്ക് വേണ്ട ട്രെയിന്‍ കിട്ടൂ എന്നറിയിച്ചു. പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോയില്‍ കയറി, ഇനി അകെ ഉള്ള പ്രതീക്ഷ റെയില്‍വേയുടെ കൃത്യനിഷ്ടയിലാണ്. ട്രെയിന്‍ പുറപ്പെടേണ്ട സമയം കഴിഞ്ഞെന്നു ഔടോകാരനോട് കയറിയപ്പോഴേ പറഞ്ഞിരുന്നു. സമയം ഒന്‍പതര കഴിഞ്ഞെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞിരുന്നില്ല. നയാ തിരക്കിനിടയിലൂടെ അയാള്‍ ശരവേഗത്തില്‍ വണ്ടി  ഓടിച്ചു. ഓട്ടോ നിര്‍ത്തിയതും ബാഗുകള്‍ വാരി എടുത്ത് റെയില്‍വേ സ്റ്റേഷന്‍റെ അകത്തേക്ക് ഓടുകയായിരുന്നു ഞങ്ങള്‍.
പ്രതീക്ഷ തെറ്റിയില്ല, ട്രെയിന്‍ ഒരുമണിക്കൂറോളം വൈകി ആണ് ഓടുന്നത്. ഇനിയും അരമണിക്കൂര്‍ കഴിഞ്ഞാലെ ട്രെയിന്‍ എത്തുകയുള്ളൂ. ഓട്ടപാച്ചിലിനിടയില്‍ ഭക്ഷണത്തിന്‍റെ കാര്യം മറന്നു കിടക്കുകയായിരുന്നു. ബഡ്ജറ്റ് എയര്‍ലൈന്‍സ് ആയിരുന്നത് കൊണ്ട് പ്രവിക്കും മുംബൈ വിട്ടതിന് ശേഷം കഴിക്കാന്‍ ഒന്നും കിട്ടിയിട്ടില്ല.  പ്ലാറ്റ്ഫോമില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു തീര്‍ന്നു കുറച്ച കഴിഞ്ഞപ്പോളേക്കും ട്രെയിന്‍ എത്തി.  ചാര്‍ട്ടില്‍ നോക്കി സീറ്റ് ഉറപ്പുവരുത്തി. എല്ലാ തവണത്തേയും പോലെ കൂടെ ഉള്ള സീറ്റുകളില്‍ ഉള്ളവരുടെ പേരുവിവരങ്ങളും നോക്കി വെച്ചു.   ട്രെയിനിനകത്ത് കയറി ബാഗൊക്കെ ഒതുക്കി വെച്ചു, കിടക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.  കാല്‍ക്കയില്‍ നിന്നുള്ള ടോയ് ട്രെയിന്‍ ഈ ട്രെയിന്‍ എത്തിയതിനു ശേഷമേ പുറപ്പെടൂ എന്നറിഞ്ഞപ്പോള്‍ ബാക്കി ഉണ്ടായിരുന്ന ടെന്‍ഷനും തീര്‍ന്നു.  പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിന്‍ കാല്‍ക്കയിലെത്തും അഞ്ചരക്കുള്ള വണ്ടിക്കാണ് ഷിംലക്ക് പോകേണ്ടത്.  പതിവുപോലെ യാത്രയുടെ വിവരങ്ങള്‍ എന്‍റെ കയ്യിലുള്ള പുസ്തകത്തില്‍ ഞാന്‍ കുത്തികുറിച്ചു. എല്ലാ തവണയും ആദ്യത്തെ ദിവസം ആവേശത്തില്‍ ഞാന്‍ എല്ലാം എഴുതാറുണ്ട്. പിന്നെ യാത്രയെല്ലാം കഴിഞ്ഞു തിരിച്ചു റൂമിലെത്തിക്കഴിഞ്ഞാവും ആ പുസ്തകവും ഞാനും കണ്ടുമുട്ടുന്നത്. ഇപ്രാവശ്യം എല്ലാം എഴുതി വെക്കണം എന്നുറപ്പിച്ചുള്ള തുടക്കമാണ്‌. എഴുത്ത് കഴിഞ്ഞു പുസ്തകവും മടക്കി വെച്ച് പ്രവി കൊണ്ടുവന്ന സ്ലീപിംഗ് ബാഗിലേക്ക് ഞാന്‍ ഊര്‍ന്ന്‍കയറി.

പ്രവിയുടെ വിളിക്കേട്ടാണ് രാവിലെ ഉണര്‍ന്നത്. വഴിയില്‍ നല്ല മഴ ഉണ്ടായിരുന്നുപോലും. ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഉണ്ടായിക്കാണാന്‍ തരമുണ്ട്.  ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ തണുപ്പുണ്ട് പുറത്ത്. തണുപ്പിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു ബാഗും തൂക്കി എടുത്ത് ഞാനും പുറത്തിറങ്ങി.  ഞങ്ങള്‍ ഇറങ്ങിയ പ്ലാറ്റ്ഫോമില്‍ തന്നെ കുറച്ച് മാറിയാണ് ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് ഞങ്ങളെയും കാത്തു നിന്നിരുന്നത്. നാരോ ഗേജ് എന്നറിയപ്പെടുന്ന 762 mm വീതിയിൽ നിര്‍മിച്ചിട്ടുള്ള റയില്‍ പാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ ആണിത്. ഊട്ടിയിലേതിനു സമാനമായ മലയോരതീവണ്ടിപ്പാതയാണ് കാല്‍ക്ക മുതല്‍ ഷിംല വരെ നീണ്ടുകിടക്കുന്ന ഈ 96 കിലോമീറ്റര്‍ പാത.  ഒരു വരിയില്‍ 3 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തരത്തിലാണ്  ബോഗിക്കകത്ത് കസേരകള്‍ സ്ഥാപിച്ചിട്ടുള്ളത്.2007 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ റെയില്‍ പാതയെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു, പിന്നീട്   യുനേസ്കോ  ലോകപൈതൃക പട്ടികയില്‍ ഉള്‍പെടുത്തി.  ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത, ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം  യുനേസ്കോ  ലോകപൈതൃക പട്ടികയില്‍ ഉള്‍പെടുത്തുന്ന ഇന്ത്യൻ റെയിൽ‌വേയുടെ ലോകപൈതൃകസ്മാരകമാണ് ഇത്.  മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്‍റെ മികവായി കണക്കാക്കപ്പെടുന്നു.

മുഗള്‍ സാമ്രാജ്യത്തിന്‍റെ പതനത്തെ തുടര്‍ന്നുണ്ടായ നാട്ടുരാജ്യമായ പട്യാലയില്‍ നിന്ന് 1843-ഇല്‍ ബ്രിട്ടീഷ്‌ ഇന്ത്യ ഏറ്റെടുത്ത പ്രദേശമാണ്, കാല്‍ക. ഷിംലയുടെ ഭാഗമായിട്ടായിരുന്നു ഏറ്റെടുത്തത്. ഇന്ന് ഷിംല ഹിമാചല്‍‌പ്രദേശിന്‍റെ തലസ്ഥാനവും, കാല്‍ക്ക ഹരിയാനയിലെ പഞ്ച്കുല ജില്ലയുടെ ഭാഗമായ പട്ടണവുമാണ്. രാജ്യത്തിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല.  ആറുമണിയോടെ കളിതീവണ്ടിക്ക് ചിറകുകള്‍ മുളച്ചു, കൂക്കി വിളിച്ച് മുന്നോട്ട് പോകാന്‍ തുടങ്ങി.എഞ്ചിന് തൊട്ടടുത്തുള്ള ബോഗി ആയിരുന്നു ഞങ്ങളുടേത്. നേരം പുലര്‍ന്നു വരുന്നതെ ഉള്ളൂ. പുറത്തെ കാഴ്ചകള്‍ അവ്യക്തമായി കാണാമായിരുന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ ചായയുമായി ആളെത്തി. ട്രെയിനിനു അകം വൃത്തിയായിതന്നെ സൂക്ഷിച്ചിരിക്കുന്നു. നല്ലൊരു ഭക്ഷണശാലയിലേതു പോലെയുള്ള പരിചരണം. പ്രാതലും ചായയും അടങ്ങുന്നതാണ് ഷിംലയിലേക്കുള്ള ടിക്കറ്റ്‌. .ചായ ഉണ്ടാക്കുന്നതിനുള്ള  സാമഗ്രികള്‍ ഒരു  ട്രേയില്‍ കൊണ്ടുവന്നു തന്നു.  പ്രാതല്‍ എഗ്ഗ്  സാന്റ്റ് വിച്ച് ആയിരുന്നു. കഴിച്ചു കഴിഞ്ഞയുടനെ പരിചാരകന്‍ വന്ന്‌ എല്ലാം എടുത്തുകൊണ്ട് പോവുകയും ചെയ്തു.  ഞങ്ങളുടെ ക്യാമറകള്‍ കൊണ്ടുള്ള അഭ്യാസങ്ങള്‍ കണ്ടു പലരും ഫോട്ടോ എടുത്തുകൊടുക്കാമോ എന്ന് ചോദിച്ചു വന്നു. പിന്നെ കുറെ നേരത്തേക്ക് പ്രവിക്ക് അത് തന്നെ ആയിരുന്നു ജോലി.656 മീറ്റര്‍ ഉയരത്തിലാണ് കാല്‍ക സ്ഥിധിചെയ്യുന്നത്. പുറപ്പെട്ടു കുറച്ച കഴിയുമ്പോള്‍ തന്നെ മലകയറ്റം തുടങ്ങും, സമുദ്രനിരപ്പില്‍നിന്നും മീറ്റര്‍ ഉയരത്തിലാണ് ഷിംല ഷിവാലിക് മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ നല്‍കികൊണ്ടാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. യാത്രയിലുടനീളം വര്‍ണ്ണശബളമായ കാഴ്ചകള്‍ നല്‍കുന്ന പാതയാണിത്‌. താഴെ ധര്‍മപുര്‍ പട്ടണത്തിന്‍റെ  ആകാശകാഴ്ച മനോഹരമായി കാണാമായിരുന്നു. ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം നടന്നില്ല. പണ്ടുകാലത്തെ പോലെ തന്നെ ഇപ്പോഴും സിഗ്നല്‍ കാണിക്കാന്‍ തീപന്തങ്ങള്‍ ആണ് ഉപയോഗിക്കുന്നത് ഇതെന്നില്‍ തെല്ലൊരു ആശ്ചര്യം ഉണ്ടാക്കി.


ഡല്‍ഹിക്കാരായ മൂന്ന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങളുടേതിന് അടുത്തുള്ള സീറ്റുകളില്‍ ഉണ്ടായിരുന്നത്.  ഒന്നുരണ്ടു ദിവസം ഷിംലയില്‍ ചുറ്റിക്കറങ്ങി തിരിച്ചു പോകാനായിരുന്നു അവര്‍ പ്ലാന്‍ ചെയ്തിരുന്നത്. ചായകുടിച്ചുതീര്‍ത്ത് അവര്‍ ചീട്ടുകളി തുടങ്ങി. 

ആശിഷ്, രാഹുല്‍,സുമിത്ത്

ഞാനും പ്രവിയും പുറത്തെ കാഴ്ചകള്‍ ആസ്വദിച്ച് സംസാരിച്ചുകൊണ്ടിരുന്നു.  ഇടക്കിടെ ചാറ്റല്‍ മഴ വന്നും പോയുമിരുന്നു. വളവും തിരിവും കടന്നു തുരംഗങ്ങളിലൂടെ കയറി ഇറങ്ങിയുള്ള യാത്ര അവിസ്മരണീയമാക്കി. ചെറിയ സ്റ്റേഷനുകള്‍ കുറെ കടന്നുപോയെങ്കിലും,  ബാറോഗിലാണ് ട്രെയിന്‍ ആദ്യം നിര്‍ത്തുന്നത്.   റെയിൽ‌വേ പാതയിൽ തുരങ്കങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന എൻ‌ജിനീയറായിരുന്നു ബാറോഗ്. പക്ഷേ, ചില തുരങ്കങ്ങൾ ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി. തുരങ്കത്തിന്റെ രണ്ടു ഭാഗത്തുനിന്നും തുരന്നാണ് തുരങ്കം ഉണ്ടാക്കിയിരുന്നത്. പെട്ടെന്ന് പണി തീരുന്നതിന് അവലംബിക്കുന്ന രീതിയാണിത്. എന്നാല്‍ ഈ തുരങ്കം രണ്ടു വശവും തമ്മില്‍ കൂട്ടിമുട്ടിയില്ല. ഇതിന്റെ ശിക്ഷയായി  ബ്രിട്ടീഷ് സർക്കാർ  ഒരു രൂപ പിഴ ചുമത്തി. ഈ അപമാനം സഹിക്ക വയ്യാതെ ബാറോഗ് ആത്മഹത്യ ചെതു. പിന്നീട് പണിതീരാതിരുന്ന തുരങ്കത്തിന് സമീപം അദ്ദേഹത്തെ സംസ്കരിക്കുകയാണ് ചെയ്തത്. ഈ സ്ഥലം പിന്നീട് ബാറോഗ് എന്നറിയപ്പെട്ടു. 
ബാറോഗില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ എടുത്ത ചിത്രം.

ബാറോഗില്‍ ഏകദേശം പത്തുമിനുട്ട് തീവണ്ടി നിര്‍ത്തിയിട്ടു. ഷിംലയില്‍ നിന്നുള്ള ട്രെയിന്‍ കടന്നുപോകാന്‍ കൂടി ആയിരുന്നു ഇത്. എല്ലാവരും പുറത്തിറങ്ങി ഫോട്ടോ എടുത്തുതുടങ്ങി. ആ കാര്യത്തില്‍ ഞങ്ങള്‍ ഒട്ടും പുറകിലല്ലായിരുന്നു. കാണുന്നതെല്ലാം ഞാനും പ്രവിയും ക്യാമറയില്‍ ഒപ്പിയെടുത്തു.  ഷിംലയില്‍ നിന്നുള്ള ട്രൈയിന്‍ കടന്നുപോയതും ഞങ്ങളുടെ ട്രെയിന്‍ പുറപ്പെടാന്‍ തയാറായി കൂക്കി വിളിച്ചു. പാത പണിയുമ്പോള്‍ 107 തുരങ്കങ്ങള്‍ ആണുണ്ടായിരുന്നത്. ഇപ്പോഴത് 102 എണ്ണമായി ചുരുക്കി.  ഷിംലയോടടുക്കും തോറും വഴിയില്‍ അവിടവിടെയായി  മഞ്ഞിന്‍റെ  ചെറിയ കൂനകള്‍ കാണാമായിരുന്നു.  അത്യാഹ്ലാതത്തോടെ ഞങ്ങള്‍ ഫോട്ടോ എടുത്തു. 


മുന്നോട്ട് പോകുംതോറും മഞ്ഞില്‍ പ്രകൃതി മൂടിക്കിടക്കുന്ന കാഴ്ച കാണാമായിരുന്നു.   ഉദേശം 11 മണിയോടെ ട്രെയിന്‍ ഷിംല സ്റ്റേഷനില്‍ എത്തി. പ്രഭാത കൃത്യങ്ങള്‍ വൈകിയതിലുള്ള ശങ്ക തീര്‍ത്ത് നേരത്തെ പറഞ്ഞുറപ്പിച്ച ടാക്സിക്കാരനെ തപ്പിയെടുത്തു,  കുഫ്രിയിലെക്കാണ്  ആദ്യം പോയത്. നഗരത്തില്‍ നിന്ന് 10-15 km അകലെയാണ് ഈ മലയോര പ്രദേശം. ഡ്രൈവര്‍ ശക്തി കുഫ്രിയെപറ്റി പറയുന്നതുവരെ ഞങ്ങള്‍ക്ക് കേട്ടറിവ് പോലും ഇല്ലായിരുന്നു. ഇനിയും കണ്ടില്ലെന്ന്‍ നടിക്കാന്‍ ഞങ്ങളെക്കൊണ്ട് പറ്റില്ലെന്ന്‍ ഉറപ്പായപ്പോള്‍ വണ്ടി നിര്‍ത്താന്‍ ശക്തിയോട് പറഞ്ഞു.  ഇറങ്ങി  ഓടുകയായിരുന്നു, രണ്ടാളും. ആരോ മിക്സിയില്‍ അരച്ചെടുത്തപോലെ, അത്രയും മൃദുവായിരുന്നു  ഐസില്‍ തൊടാന്‍. തിരിച്ചു വന്ന്‌ കാറില്‍ കയറിയപ്പോള്‍ ശക്തി പറഞ്ഞു, എല്ലായിടത്തും ഇതുപോലെ തന്നെയാണ്.  മഞ്ഞില്‍ മൂടിക്കിടക്കുയാണ് എല്ലായിടവും, കുളുവും മണാലിയും പ്രത്യേകിച്ചും. ചമ്മിയത് പുറത്ത് കാണിക്കാതെ ഞങ്ങള്‍ പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ മീന്മാര്‍ക്കറ്റിലാണ് സാധാരണ ഇത്രയധികം ഐസ് ഒന്നിച്ചു കാണാറുള്ളൂ.
 കുഫ്രിയിലേക്കുള്ള വഴിയില്‍ ഒരു ചെറിയ അമ്പലം ഉണ്ട് ശിവ ഗുഹ(शिव गुफा). പ്രവി അകത്തുകയറി പ്രാര്‍ത്ഥിച്ചു.  ഞാന്‍ പുറത്ത് നിന്ന് എല്ലാം ക്യാമറയില്‍ പകര്‍ത്തി. 
ശിവ ഗുഹക്ക് മുഞ്ഞില്‍ പ്രവി

കുഫ്രിയില്‍ പ്രധാനമായും ചെയ്യാനുള്ളത് കുതിര സവാരിയും ഇന്ദിര നാച്ചുറല്‍ പാര്‍ക്ക്‌ സന്ദര്‍ശനവുമാണ്. സമയക്കുറവ്മൂലം കുതിരസവാരി മാത്രമാക്കി ചുരുക്കേണ്ടി വന്നു.  അരമണിക്കൂര്‍ നേരമാണ് സവാരി.

കുതിര സവാരിക്കിടയില്‍


ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകുന്നതിന് മുന്പ്  ഈ പ്രദേശം നേപ്പാൾ രാജാവിന്റെ ഭരണ പ്രദേശത്തിനു കീഴിലായിരുന്നു. ഹിമാലയപര്‍വത നിരകളുടെ ഹൃദ്യമായ ദൃശ്യം ഇവിടെ നിന്ന് കാണാന്‍ കഴിയും. ഒരു കുതിരയുടെ കടിഞ്ഞാണ്‍ അടുത്തിന്‍റെ മേല്‍ ബന്ദിച്ച നിലയിലാണ് സവാരി തുടങ്ങിയത്. കുതിരകള്‍ രണ്ടിനേയും ഒരേ വഴിക്ക്  നടത്താന്‍  പിന്നെ ബുദ്ദിമുട്ടുണ്ടാവില്ല. എന്നും നടന്നു പരിചയമുള്ള വഴി ആയതിനാല്‍ അവക്ക് ഒന്നും പറഞ്ഞു കൊടുക്കുകയും വേണ്ട. ഞങ്ങളെയും ചുമന്ന്‍ അവ കുഫ്രി മുഴുവന്‍ ചുറ്റിക്കാണിച്ചു. ഇടയ്ക്കു കുതിരപ്പുറത്തു നിന്നിറങ്ങി കുറച്ചുനേരം ഞങ്ങള്‍ ഫോട്ടോ എടുക്കാനും മറ്റും ചിലവഴിച്ചു.  ഗോൾഫ് കോഴ്സും അതിനടുത്തായി നാഗത്താന്‍ കാവും കണ്ടു.  ദൂരെ മലയുടെ ഒരുവശത്തുകൂടി കടന്നുപോകുന്ന വഴി ചൂണ്ടി കുതിരക്കാരന്‍ പറഞ്ഞു, ചൈനയിലേക്കുള്ള റോഡാണത്, ആവോ എനിക്കറിയില്ല.


ഷിംലയേയും തിബറ്റ്നേയും ബന്ധിപ്പിച്ചിരുന്ന പാത.


ഹിമാലയപര്‍വതതം കുഫ്രിയില്‍ നിന്നുള്ള കാഴ്ച.

ചിലപ്പോള്‍ ശെരിയായിരിക്കും. റോഡിലേക്കെത്തിയപ്പോള്‍ പ്രവി വേഗത്തില്‍ കുതിരയെ ഓടിച്ചു, പുറകെ ഞാനും ... പതുക്കെ പോകാന്‍ കുതിരക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, ഞങ്ങളത് കേട്ടില്ലെന്ന് നടിച്ചു. പുറകെ ഓടി വന്നെങ്കിലും ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യമില്ലെന്ന്‍ അയാള്‍ക്ക് തോന്നിക്കാണണം.


വിശപ്പിന്‍റെ വിളി ചെറുതായി കേട്ട്  തുടങ്ങി. തിരിച്ചു വരുന്ന വഴിക്ക് ഒരു വീടിനോട് ചേര്‍ന്ന് ചെറിയൊരു കട കണ്ടു. അവിടെ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കയറി. കടയുടെ പുറകുവശം ചെങ്കുത്തായ ചെരിവാണ്. തരക്കേടില്ലാത്ത ഊണ്. വയറു നിറച്ച് ഞങ്ങള്‍ അടുത്ത ലക്ഷ്യം ഏതാണെന്ന് ആലോചിച്ചു. നേരം നാലിനോടടുക്കുന്നു. ഇന്ന് തന്നെ ഷിംല വിടണം. എങ്കിലേ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കൂ... അനിശ്ചിതതത്ത്വങ്ങളുടെ അകെ തുകയാണ് സാധാരണ എന്‍റെ യാത്ര. ഇപ്രാവശ്യം പ്ലാന്‍ അനുസരിച് പോയില്ലെങ്കില്‍ എല്ലാം തകിടം മറയും. അതുകൊണ്ട് കുറച്ചൊക്കെ കൃത്യനിഷ്ഠ ഞങ്ങള്‍ പാലിക്കുന്നുണ്ട്.

ബ്രിട്ടീഷ് വാസ്തു ശിൽ‌പി  ഹെൻട്രി ഇർവിൻ രൂപകൽ‌പ്പന ചെയ്ത് 1888 ൽ പണി പൂർത്തീകരിച്ച രാഷ്ട്രപതി നിവാസിലേക്കാണ്  ഞങ്ങള്‍ നേരെ പോയത്.  വൈസറല്‍ ലോഡ്ജ് എന്നും ഇത് അറിയപ്പെടുന്നു. മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന് ഡഫറിൻ പ്രഭുവിന്റെ ഔദ്യോഗിക വസതി ആയിരുന്നു.  ഡോ. എസ്‌. രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരുന്ന കാലത്ത് രാഷ്ടപതി നിവാസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കൈമാറി, ഇപ്പോള്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതി വർഷത്തിൽ ഒരു പ്രാവശ്യം ഈ വസതിയിൽ ഇപ്പോഴും താമസിക്കാറുണ്ട്.

ടിക്കറ്റ്‌ എടുത്ത് അകത്തുകയറി,  ഞങ്ങള്‍ക്ക് മുന്‍പ്‌ എത്തിയവര്‍ക്ക്  വസതിക്കകത്ത് ഒരു ഉദ്യോഗസ്ഥ എല്ലാം വിശദമായി തന്നെ  പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങളും കൂടി.
English upright piano - circa 1900
പകുതിയോളം ഭാഗം അവര്‍ വിശദീകരിച്ച് കഴിഞ്ഞിരുന്നു. ഇന്നത്തെ അവസാനത്തെ ബാച്ച് ആണിത്. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം കൂടുകയല്ലാതെ ഞങ്ങള്‍ക്ക് നിര്‍വഹാമില്ലായിരുന്നു താനും.
 അകത്തെ ഓരോ മുറികളും ബ്രിട്ടീഷ്‌കാര്‍ എന്തൊക്കെ ആവശ്യത്തിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഓരോ മുറിയുടെയും പ്രത്യേകതയും, നിര്‍മ്മിതിയിലെ വൈവിദ്യങ്ങളും, വിശദമായി തന്നെ അവര്‍ പറഞ്ഞു തന്നു.

വിശദീകരങ്ങള്‍ക്ക് ശേഷം അവര്‍ ഫോട്ടോ എടുക്കാന്‍ സമയം അനുവദിച്ചു തന്നിരുന്നു.  ഞങ്ങള്‍ കാണാത്ത ഭാഗങ്ങള്‍ അവസാനം കയറിക്കാണാന്‍ അവസരം ഒരുക്കി തരികയും ചെയ്തു.

വസതിയുടെ അകത്തു അനുവദിച്ച  ഇടങ്ങളെല്ലാം ഞങ്ങള്‍ കയറി വിശദമായി കണ്ടു.

രാഷ്ട്രപതി നിവാസിന്‍റെ ഉള്‍വശം പനോരമിക് വ്യൂ.
  ഭാക്കി എല്ലാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ ഭാഗമാണ്.

 ഇന്ന് വൈകിട്ട് തന്നെ മണാലിയിലേക്ക് തിരിക്കണം.  കുളുവിലും മണാലിയിലുമായി മൂന്നു ദിവസം ചിലവഴിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.  നാലരമണിയായി. സമയം കഴിഞ്ഞെന്നു  അറിയിച്ചു. വേണ്ടവര്‍ക്ക് കുറച്ച് സമയം കൂടെ  പുറത്ത് ചുറ്റിത്തിരിയാം. ഷിംലയോട് യാത്രാമൊഴി ചൊല്ലാന്‍  ഇനി കുറച്ച് നേരം കൂടിയെ ഉള്ളൂ, അത് ഇവിടെ തന്നെ ചിലവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മണാലിയിലേക്ക് 250 കിലോമീറ്റര്‍ ദൂരമുണ്ട് റോഡ്‌ തകര്‍ന്നു കിടക്കുന്നതിനാല്‍ 6-7 മണിക്കൂര്‍ കൊണ്ടേ അങ്ങെത്താന്‍ കഴിയൂ എന്ന് ശക്തി നേരത്തെ ഞങ്ങളെ ബോധിപ്പിച്ചിരുന്നു.  വൈസറല്‍ ലോഡ്ജിന്‍റെ പുറകുവശത്തായി ഒരു ചുറ്റ് ഗോവണി ഉണ്ട് അതിറങ്ങിയാല്‍  ഒരു നടപ്പാതയിലെത്തും. എല്ലയിടവും ഐസ് മൂടിക്കിടക്കുകയാണ്.  ചിത്രങ്ങളിലെ യൂറോപ്പിനെ ഓര്‍മിപ്പിക്കുന്ന നിര്‍മ്മിതിയാണ്‌ എല്ലായിടത്തും. അധികമൊന്നും പിന്നിട്ട നൂറ്റാണ്ടില്‍ മാറ്റം വരുത്തിക്കാണില്ല.

ഇനി കുറച്ച് നേരം  ഐസില്‍  കളിക്കാം. കുഞ്ഞായിരുന്നപ്പോള്‍  മഴവെള്ളം തെറിപ്പിച്ചു കളിച്ച അതേ ആവേശത്തോടെ ഞങ്ങള്‍  ഐസിന്‍റെ കഷങ്ങള്‍ പെറുക്കി എറിഞ്ഞു.  അതിനിടയില്‍ കാലുവഴുതി നടുവും കുത്തി വീഴുകയും  ചെയ്തു. ഇതെന്ത് കൂത്തെന്ന മട്ടില്‍ ചിലര്‍ ഞങ്ങളെ തുറിച്ചുനോക്കി നില്‍പുണ്ടായിരുന്നു.  കുറച്ച് സമയം കൂടി അവിടെ ചുറ്റിത്തിരിഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി.  പത്തുമിനിറ്റ് കൊണ്ട് ശക്തി ഞങ്ങളെ ഇറക്കിയ ഇടത്ത്  തിരിച്ചെത്തി.  ടൂറിസ്റ്റ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം കുറച്ചകലെയാണെന്നും പോകാന്‍ നേരം വിളിച്ചാല്‍ മതിയെന്നും പറഞ്ഞാണ് ശക്തി നേരത്തെ പോയത്.  പകലുള്ള യാത്രക്ക് മാത്രമേ നേരത്തെ കരാര്‍ പ്രകാരം  വകുപ്പുള്ളൂ, രാത്രി യാത്ര അതില്‍ ഉള്‍പ്പെടില്ല.  കാറില്‍ യാത്ര ചെയ്ത് കളയാന്‍ ഞങ്ങള്‍ക്ക് സമയവുമില്ല. പിന്നെ ഒരുദിവസത്തെ കൂടുതല്‍ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ശക്തി രാത്രിയില്‍ തന്നെ മണാലിയില്‍ ഞങ്ങളെ എത്തിക്കാം എന്നേറ്റു.  വളരെ സൌമ്യവും ആകര്‍ഷകവുമായ പ്രകൃതമാണ് ശക്തിയുടേത്, ഞങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു കൂടെ നില്‍ക്കുന്നത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിലും ഞങ്ങള്‍ക്കത് ഒരുപാട് സഹായം ചെയ്യുമെന്ന് നിശ്ചയമാണ്.  ഇനിയുമൊരിക്കല്‍ വിശദമായിത്തന്നെ ഷിംലയെ അറിയാന്‍ വരുമെന്ന് വാക്കുകൊടുത്ത് ഞങ്ങള്‍ വിട പറഞ്ഞു.

6 comments:

  1. നല്ല വിവരണം. പോകണം ഇവിടെ..

    ReplyDelete
    Replies
    1. ഒരിക്കലെങ്കിലും ഇന്ത്യ മുഴുവന്‍ #യാത്ര ചെയ്യണം....

      Delete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D