ഡല്‍ഹി
"എടാ നമുക്കൊരു ട്രിപ്പ് പോയാലോ?" ഫോണെടുത്തതും പ്രവി ഇത് ചോദിച്ചതും ഒന്നിച്ചായിരുന്നു.. ഇല്ലട, ഇപ്പോ നടക്കില്ല. എന്ന് പറയാന്‍ തുടങ്ങും മുന്‍പ് അവന്‍ പറഞ്ഞു തുടങ്ങി, "ഓഫീസിലെ സര്‍ കുളു-മണാലി പോയി വന്നതിന്‍റെ ചിത്രങ്ങള്‍ കണ്ടളിയാ എനിക്കിപ്പോ അവിടെ പോണം, അങ്ങള് പോളം....."
മുംബൈക്ക് അപ്പുറം എനിക്ക് കേട്ടറിവേ ഉള്ളൂ.. ഇതുവരെ ഡല്‍ഹി പോലും കാണാന്‍ ഒത്തിട്ടില്ല... എടാ കയ്യില്‍ കാശില്ലെടാ എന്ന് പറയാന്‍ വന്നതാണ് ഞാന്‍, പക്ഷെ; മണാലിയുടെ കണ്ടും കേട്ടും അറിഞ്ഞ സൌന്ദര്യത്തിന്‍റെ ഓര്‍മകളില്‍ ഞാന്‍ ഒരുനിമിഷം എല്ലാം മറന്നു.
കുളു താഴ്വരയുടെ വശ്യമനോഹാരിതയും മഞ്ഞില്‍ ഉറഞ്ഞു കിടക്കുന്ന മണാലിയുടെ സൌന്ദര്യവും അവന്‍റെ വാക്കുകളിലൂടെ എന്നിലേക്കും പടരുന്നത് ഞാന്‍ അറിഞ്ഞു. കാണുന്ന ഓരോ ചിത്രങ്ങളെയും അവന്‍ എനിക്ക് വിവരിച്ചു തന്നുകൊണ്ടിരുന്നു. ചുറ്റിലും മഞ്ഞു മൂടിവരുന്നത് പോലെ എനിക്ക് തോന്നി, ശെരിക്കും അവിടെ എത്തിയ പ്രതീതി. കുളു താഴ്വരയെ തഴുകി ഹിമക്കാറ്റ് എന്നെ കടന്നുപോകുന്നത് പോലെ... അവന്‍റെ വാക്കുകള്‍ എന്നെ ഇത്രയധികം സ്വാധീനിച്ചുവെങ്കില്‍ ആ ചിത്രങ്ങള്‍ അവനിലുണ്ടാക്കിയ ആവേശം എനിക്കൂഹിക്കാന്‍ കഴിയുമായിരുന്നു.. "ഒരു രണ്ടുമാസം കഴിഞ്ഞിട്ടാണേല്‍ ഞാന്‍ റെഡി..."
പിന്നെ യാത്ര പ്ലാനിംഗ് തുടങ്ങി. കിട്ടാവുന്ന വിവരങ്ങളൊക്കെ ഇന്‍റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു. ആദ്യം വേറെ രണ്ടുപേരും ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം വരാമെന്നേറ്റിരുന്നു. പിന്നെ അത് ഞാനും പ്രവിയും മാത്രമായി ചുരുങ്ങി. യാത്ര മുഴുവനും പ്ലാന്‍ ചെയ്തത് പ്രവി ആയിരുന്നു.. മുംബൈയിലെ ട്രെയിനിംഗ് കഴിഞ്ഞ് അവന്‍ ഡല്‍ഹിയിലെത്തും അവിടെ നിന്ന് രാത്രിയിലെ ട്രെയിന്‍ കല്‍ക്കയിലെക്ക്. കല്കയില്‍ നിന്നും ടോയ് ട്രെയിനില്‍ നേരെ ഷിംല. അവിടെ നിന്നും കാറില്‍ കുളു മണാലി കറങ്ങുക പിന്നെ തിരിച്ച് ഡല്‍ഹി. ഇതായിരുന്നു മാസ്റ്റര്‍ പ്ലാന്‍.....
ഡല്‍ഹി എയര്‍പോര്‍ടില്‍ ഗള്‍ഫ് എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ പുലര്‍ച്ചെ നാലുമണി കഴിഞ്ഞിരുന്നു. റിപബ്ലിക് ദിനമായതിനാല്‍ ആകാം, എന്നോട് തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥക്ക് തൃപ്തി ആകുന്നില്ല. ഒടുക്കം സഹികെട്ട് ഞാന്‍ പറഞ്ഞു ഇന്ത്യയില്‍ എവിടെയും പോകാന്‍ ഒരു ഇന്ത്യന്‍ പൌരനായ എനിക്ക് അവകാശം ഉണ്ടെന്നാണ് എന്‍റെ അറിവ്, അതിനു മാറ്റം വന്നത് ഞാന്‍ അറിഞ്ഞില്ല, ക്ഷമിക്കുക. എന്നെ ഒന്ന് തുറിച്ചു നോക്കി ഒരുനിമിഷം പിന്നെ പാസ്പോര്‍ട്ടില്‍ സീല്‍ വെച്ച് ഒട്ടും തൃപ്തി ആകാത്ത ചേഷ്ടകളോടെ എനിക്ക് തിരിച്ചു തന്നു. ഡല്‍ഹിയില്‍ എനിക്ക് പരിചയമുള്ള വിരലില്‍ എണ്ണാവുന്ന കുറച്ച്പേരെ ഉള്ളൂ. വിയയും കിരണും കൂടിയാണ് ഡല്‍ഹിയില്‍ ആദ്യമായി വരുന്ന എനിക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തെത്തി കുറച്ച് കഴിഞ്ഞപ്പോളേക്കും കിരണ്‍ എത്തി. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു, അത് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി, കൈയില്‍ ഗ്ലൌസ് ഇട്ടിട്ടുപോലും മരവിപ്പ് അനുഭവപെടുന്നുണ്ടായിരുന്നു. രാവിലെ ബൈക്കില്‍ തണുത്ത് വിറച്ചു ദ്വാരകയിലെത്തി.
ഒന്ന് രണ്ടു വര്‍ഷത്തെ പരിചയമുണ്ടെങ്കിലും കിരണിനെയും വിയയെയും നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. പ്രാതലിനുള്ള സമയമാണെങ്കിലും, ലഞ്ചിനോ ഡിന്നറിനോ ഒക്കെ ഉള്ള അത്രയും വിഭവങ്ങള്‍ അവള്‍ ഉണ്ടാക്കി വെച്ചിരുന്നു. കഴിക്കാവുന്നതിന്‍റെ മാക്സിമം അവള്‍ കഴിപ്പിക്കുകയും ചെയ്തു.
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‍ വാങ്ങിയ Lonely Planet ന്‍റെ ഇന്ത്യയില്‍ തുടക്കം തന്നെ ഡല്‍ഹി ആയിരുന്നു. ഞാന്‍ അതില്‍ എവിടെയെല്ലാം അടുത്ത 2 ദിവസത്തില്‍ കണ്ടു തീര്‍ക്കാം എന്ന് നോക്കുകയായിരുന്നു. ആ സമയം വിയ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ എന്‍റെ ക്യാമറ കൊണ്ട് കാണുന്നതെല്ലാം പകര്‍ത്തിക്കൊണ്ടിരുന്നു. ജോലി കഴിഞ്ഞു വന്നതിന്‍റെ ക്ഷീണത്തില്‍ കിരണ്‍ മയങ്ങിപോയിരുന്നു.
ഡല്‍ഹി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിഒന്‍പതില്‍ പണി തുടങ്ങി 1129-ല്‍ ഇൽത്തുമിഷ് പണിപൂര്‍ത്തിയാക്കിയ ഖുത്ബ് മിനാർ കാണാനാണ് ആദ്യം പോയത്. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലാണ് മിനാരം സ്ഥിതി ചെയ്യുന്നത്. ഏകദേശം ഉച്ചക്ക് രണ്ടരയോടെ ഞങ്ങള്‍ അവിടെ എത്തി. ഒഴിവുദിവസമായതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. മിനാറിനു എതിര്‍വശത്തുള്ള കൌണ്ടറില്‍ നിന്ന് കിരണ്‍ ടിക്കറ്റ് എടുത്ത് വന്നു. തിരക്കിലൂടെ നടന്നു ഞങ്ങള്‍ ഖുത്ബ് സമുച്ചയത്തിനകത്ത് കടന്നു. നാനാജാതി ഭാഷകള്‍ സംസാരിക്കുന്ന സഞ്ചാരികളെ കാണാമായിരുന്നു.
താഴെ നിന്ന് ഗോപുരത്തെ കാണാമെന്നല്ലാതെ അകത്തുകയറി കാണാന്‍ നിര്‍വാഹമില്ല. 1980-ല്‍ ഉണ്ടായ അപകടത്തില്‍ 25 കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മിനാരത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഇതിന്‍റെ അവസാന രണ്ടു നിലകളൊഴികെ ബാക്കി എല്ലാം ചെങ്കല്ലില്‍ നിര്‍മിച്ചതാണ്. അവസാന രണ്ടു നിലകള്‍ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്, ഇടിമിന്നലില്‍ ഉണ്ടായ കേടുപാടുകള്‍ തീര്‍ത്തു പുതുക്കി പണിതതാണിത്. 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 379 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്...
ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഉദാഹരണമായി നിലകൊള്ളുന്ന ഈ മിനാരത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള വാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്‍റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്.
സമുച്ചയതിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന പണിതീരാത്ത ഒരു സ്തൂപമാണ് അലൈ മിനാർ. 1296 മുതൽ 1316 വരെ ദില്ലിയിലെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജി പണിതു തുടങ്ങിയതാണിത്, എന്നാല്‍ അദ്ദേഹത്തിന്‍റെ മരണസമയത്ത് 24.5 മീറ്റർ വരെയെ പണിതു തീര്‍ന്നിരുന്നുള്ളൂ.
സമുച്ചയത്തിനകത്തുള്ള പള്ളി ഖില്‍ജി ഇരട്ടി വലുപ്പത്തില്‍ പുതുക്കി പണിതിരുന്നു. അതിനു ആനുപാതികമായി മിനാരവും ഇരട്ടി വലുപ്പത്തില്‍ പുതുക്കി പണിയാനാണ് അദ്ദേഹം കരുതിയിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷമാണ് പണിതീരാത്ത മിനാരത്തിന് അലൈമിനാര്‍ എന്ന പേര് നല്‍കിയത്. ഖുവ്വത്തുൾ ഇസ്ലാം മോസ്ക് എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം പള്ളിയും ഇതിനകത്താണ്. അലൈ ദര്‍വാസ എന്ന പേരില്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തെക്കുവശത്ത് ഒരു കവാടം പണിതിട്ടുണ്ട്. രജപുത്രരെ തോല്പിച്ചത് ആഘോഷിക്കാന്‍ വേണ്ടി പണിതുടങ്ങിയതാണ് ഖുത്ബ് സമുച്ചയം. രജപുത്രരുടെ ശേഷിപ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന കൊത്തുപണികള്‍ ചിലയിടങ്ങളില്‍ കാണാമായിരുന്നു.
ഖുത്ബ് മിനാറില്‍ നിന്നിറങ്ങിയപ്പോള്‍ സമയം നാലുമണി ആകുന്നതെ ഉള്ളൂ. ഇനിയും രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞേ സൂഫി സംഗീതത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞുചേരാന്‍ നിസാമുദ്ദീന്‍ ദര്‍ഗയിലെത്തിയിട്ട് കാര്യമുള്ളൂ. വ്യാഴാഴ്ചകളില്‍ മാത്രമേ ദര്‍ഗയില്‍ സൂഫി സംഗീതം കേള്‍ക്കാന്‍ കഴിയൂ. മറ്റെവിടെ എങ്കിലും പോകാം എന്ന് വെച്ചാല്‍ അതിനുള്ള സമയം ഇല്ല താനും. ആ സമയം ഡല്‍ഹി നഗരത്തിനെ അടുത്തറിഞ്ഞ് കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ കാറില്‍ പ്രദക്ഷിണം വെച്ചു.
സന്ധ്യാപ്രാര്‍ത്ഥനക്ക് (മഗ്രിബ് നമസ്കാരം) ശേഷമേ ദര്‍ഗയില്‍ സൂഫി സംഗീതത്തിന്‍റെ അലയടികള്‍ ഉയരുകയുള്ളൂ. ആറര മണിയോടെ ഞങ്ങള്‍ ഹസ്രത്ത് നിസമുദ്ദീനില്‍ എത്തി. റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകത്തേക്ക് നടന്നു വേണം ദര്‍ഗയില്‍ എത്താന്‍ വ്യാഴാഴ്ച്ച ആയതുകൊണ്ടാവണം റോഡില്‍ സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നു. അതിനിടയിലൂടെ സാഹസികരായ ബൈക്ക് യാത്രികരും കടന്നുപോകുന്നുണ്ടായിരുന്നു. തിരക്കിലൂടെ ഞങ്ങളും നടന്നു.
ആദ്യമായാണ് വിയയും കിരണും സൂഫി നിസ്സാമുദ്ദീൻ ഔലിയയുടെ കബറിടമുള്ള ദര്‍ഗയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ അവിടേക്ക് മറ്റുമതസ്ഥര്‍ക്ക് പ്രവേശനമുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ചെരുപ്പിന് മാത്രമേ അവിടേക്ക് വിലക്കുണ്ടായിരുന്നുള്ളൂ. പോകെ പോകെ റോഡിന്‍റെ വീതി കുറഞ്ഞു വന്നു. രണ്ടോമൂന്നോ പേര്‍ക്ക് നടന്നുപോകാനുള്ള വീതിയേ ഉള്ളൂ.. ചുറ്റിലും കച്ചവടക്കാരുടെ തിരക്ക്. ദര്‍ഗയില്‍ അര്‍പിക്കാനുള്ള പൂക്കളും മറ്റു വസ്തുക്കളും വില്‍ക്കുന്ന കടകളാണധികവും. ചെരുപ്പ് സൂക്ഷിക്കാന്‍ മാത്രം ഉള്ള സ്ഥലങ്ങളും കാണാം.
ചെരുപ്പ് ഒരിടത്ത് സൂക്ഷിക്കാന്‍ ഏല്പിച്ചു, അവിടുത്തെ ആചാരപ്രകാരമുള്ള നിവേദ്യ വസ്തുക്കളും വാങ്ങി തിരക്കിലൊരു ഭാഗമായി ഞങ്ങളും ദര്‍ഗക്കകത്തു കടന്നു. ഖവ്വാലി സംഗീതത്തിന്‍റെ ഒരു മാസ്മരിക ലോകമായിരുന്നു അത്.
സൂഫി സംഗീതവും ആസ്വാദിച്ച് മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയായ കവ്വാലിക്ക് 700-ല്‍ പരം വര്‍ഷത്തെ പാരമ്പര്യം പറയാനുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത റോക്ക്സ്റ്റാര്‍ എന്ന സിനിമയിലെ കുന്‍ ഫയ കുന്‍ എന്ന ഗാനം ചിത്രീകരിച്ചത് ഈ ദര്‍ഗയില്‍ വെച്ചാണ്.
സുല്‍ത്താനുല്‍ മശൈഖ്, മെഹബൂബില്ലാഹി , ഹസ്രത്ത് ഷേഇഖ് ഖാജ സയിദ് മുഹമ്മദ് നിസാമുദ്ദീന്‍ ഔലിയ എന്ന സൂഫി വര്യന്‍റെ പേരിലാണ് പ്രസിദ്ദമായ ഈ ദര്‍ഗ അറിയപ്പെടുന്നത്.
സൂഫി സംഗീതത്തില്‍ നിന്നും പതുക്കെ പുറത്ത് കടന്നു നഗരത്തിന്‍റെ തിരക്കുപിടിച്ച ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.
തുടരും.....
ഉത്തരേന്ത്യയിലൂടെ Part-II
iniyumulla vivarangangal vayikanai kathirikkunnu......... nannayi ezhuthiyittund khadar........ delhi kandittillathavark neril kanda oru anubhavam kittum ee vivaranathiloode...... good
ReplyDeleteKalakitta..
ReplyDeleteI was waiting for this.. very well done bro, I must say fantastic writing style !!
ReplyDeleteWaiting for the remaining part..
super ayitundu da
ReplyDeleteBuhahahahahahah
ReplyDelete