വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.
Showing posts with label shimla. Show all posts
Showing posts with label shimla. Show all posts

Saturday, 18 May 2013

ഉത്തരേന്ത്യയിലൂടെ Part-III

കുളു-മനാലി

 രണ്ടാം അധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


ആറുമണിയോടെ ഇരുട്ട് പരന്നു തുടങ്ങി. മുന്നോട്ട് പോകുന്തോറും റോഡ്‌  പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുക്കയായിരുന്നു. 250 കിലോമീറ്ററിലധികം ദൂരമുണ്ട് മണാലിയിലേക്ക്.  ആറുമണിക്കൂറുകൊണ്ട് മണാലിയില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍, അതെല്ലാം തെറ്റാനാണ് സാധ്യത. തണുപ്പ് കാരണം വിശപ്പിന്‍റെ വിളി നേരത്തെ തന്നെ തുടങ്ങി. 8 മണിയോടെ വഴിയരികില്‍ കണ്ട ഒരു കടയില്‍ കയറി ഭക്ഷണം കഴിച്ചു. ഇനിയും അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് ശക്തി പറയുന്നത്. പ്രവിയുടെ മൊബൈലില്‍ നിന്നൊഴുകുന്ന സംഗീതവും ആസ്വദിച്ചാണിപ്പോള്‍ യാത്ര. രണ്ടുമണിയോടടുത്ത്  മണാലിയില്‍ എത്തിച്ചേര്‍ന്നു.  ഇടത്തരം ഹോട്ടലുകളിലൊന്നില്‍ റൂം കിട്ടി, 800-രൂപയും നികുതിയും. കൂടുതല്‍ ഒന്നും ആലോചിച്ചില്ല, രാവിലെ കാണാമെന്നു പറഞ്ഞ് ശക്തി പോകാന്‍ ഒരുങ്ങി.. ഡ്രൈവര്‍മാര്‍ക്ക് താമസിക്കാന്‍ മിക്ക ഹോടെലുകളും സൗകര്യം ചെയ്തു കൊടുക്കും.
രാവിലെ എട്ടുമണിക്ക് എഴുന്നേല്‍ക്കണം എന്നുറപ്പിച്ചാണ്  കിടന്നത്.  ക്ഷീണം കാരണം അപ്പോഴേ ഉറങ്ങിപ്പോയി.. എഴുന്നേറ്റപ്പോള്‍ സമയം പത്തു കഴിഞ്ഞിരുന്നു. ചൂടുവെള്ളത്തില്‍ കുളി പാസ്സാക്കി പുറത്തിറങ്ങി..

ബിയാസ് നദി




ശക്തി പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങളുടെ വിളിയും പ്രതീക്ഷിച്ചിരിപ്പാണ്. തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍,  ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ കണ്ടപ്പോള്‍ പിന്നെ അത് തന്നെ ആക്കികളയാം ഇന്നത്തെ ഭക്ഷണമെന്നുറപ്പിച്ചു.  പതിനൊന്നരയോടെ സോളാംഗ് വാലി ലക്ഷ്യമാക്കി പുറപ്പെട്ടു.  മണാലി പട്ടണത്തില്‍നിന്നു 13 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാനുള്ള വീതിയെ റോഡിനുള്ളൂ. ഇരുവശവും മഞ്ഞുമൂടി കിടക്കുന്നു.

മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മനാലി


റോഡില്‍ വീഴുന്ന മഞ്ഞു രണ്ടുവശത്തുമായി  കോരിയിട്ടിരിക്കുന്നു.  ശക്തിയാണ് ഞങ്ങള്‍ക്ക്  സ്കിയിങ്ങിനും പാരഗ്ലൈഡിംഗിനുമുള്ള സാധനങ്ങള്‍ ഒരുക്കി തന്നത്.  ഓരോന്നിനും ഏകദേശം വരുന്ന ചാര്‍ജ് ഞങ്ങള്‍ ആദ്യമേ തിരക്കി വെച്ചിരിന്നു. വഴിയിലുടനീളം അതുപോലുള്ള കടകള്‍ ഉണ്ട്.  അതുകൊണ്ട്  തന്നെ കൂടുതല്‍ പണം ഒരിടത്തും ഈടാക്കുന്നില്ലെന്ന്‍ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.  മഞ്ഞില്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ധരിച്ച് സ്കിയിങ്ങിനും പാരഗ്ലൈഡിംഗിനും  ഉള്ള പണവും കൊടുത്ത് ഞങ്ങള്‍ സ്നോ പോയിന്‍റിലേക്ക് യാത്ര തുടര്‍ന്നു. അവിടെ നിന്ന് തന്നെ ഒരു ഗൈഡിനെയും ഒപ്പം കൂട്ടി. സോളാംഗ് വാലി തന്നെയാണ് സ്നോ പോയിന്‍റ് എന്നറിയപ്പെടുന്നത്. ആപ്പിള്‍ മരങ്ങള്‍ തിങ്ങി വളരുന്ന തോട്ടങ്ങള്‍ക്കിടയിലൂടെയാണ്  താഴ്വരയിലേക്കുള്ള വഴി. ബിയാസ് നദിയുടെ കുറുകെയുള്ള പാലം കടന്നു മുന്നോട്ട് നീങ്ങി.  റോഡിനു വശങ്ങളില്‍ ദേവദാരു വൃക്ഷങ്ങള്‍ കാണാം.
മഞ്ഞു മൂടിയ പാലം 

വഴിയില്‍ പലയിടങ്ങളില്‍ നിര്‍ത്തി ഞങ്ങള്‍ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. മിക്കവാറും എല്ലാ സ്ഥലങ്ങളും മഞ്ഞില്‍ പുതഞ്ഞു നില്‍പ്പാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ മുകളില്‍ മുഴുവന്‍ മഞ്ഞിന്റെ പാളികള്‍ കാണാം. ആപ്പിള്‍ മരങ്ങള്‍ ശിശിരത്തെ ഇലകള്‍ പൊഴിച്ച് വരവേല്‍ക്കുകയാണ്‌.  ശൈത്യം കഴിയുന്നതോടെ അവയില്‍ വീണ്ടും ഇലകള്‍ കിളിര്‍ത്തു തുടങ്ങും.
ബ്രിട്ടീഷ്‌കാര്‍  ആണ് ഇവിടെ ആപ്പിള്‍ കൃഷി ചെയ്തു തുടങ്ങിയത്, ചരിത്രാതീത കാലത്ത് കാട്ടാളര്‍ ജീവിച്ചിരുന്ന സ്ഥലമെന്ന്‍ പറയപ്പെടുന്നു. നാര്‍ (നൌര്‍) വംശം കൃഷി ചെയ്യാന്‍ വേണ്ടിയാണ് ആദ്യമായി ഇവിടേക്ക് കുടിയേറുന്നത്. പിന്നീട് ബ്രിട്ടീഷ്‌ ഭരണ കാലത്ത് ആപ്പിളും പ്ലംസും പീര്‍സും കൃഷി ചെയ്തു തുടങ്ങി, ഇന്നും മനാലിയിലെ വരുമാനത്തില്‍ നല്ലൊരു പങ്കു ഈ കൃഷി തന്നെയാണ്. മണാലിയില്‍ സഞ്ചാരികള്‍ എത്തി തുടങ്ങുന്നത് എണ്‍പതുകളില്‍ കാശ്മീരില്‍ യുദ്ധ സമാനമായ സാഹചര്യം നിലനിന്നു തുടങ്ങിയതിനു ശേഷമാണ്. ഇന്നീ ചെറിയ ചെറിയ ഗ്രാമം പട്ടണ വല്‍ക്കരിച്ചു കഴിഞ്ഞു. എങ്ങും വലിയ കോണ്‍ക്രീറ്റ് സൌധങ്ങള്‍ കാണാം.


 കാര്‍ നിര്‍ത്തി, ഇനി കുറച്ച്  ദൂരം നടക്കാന്‍ ഉണ്ട്. സ്‌നോ ജാക്കറ്റും ബൂട്ട്‌സും ധരിച്ചുള്ള നടത്തം കുറച്ച് ആയാസകരമാണ്.  താഴ്വരയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ നല്ല തിരക്കാണ്.
സോലന്ഗ് വാലി
 പലരും പല വിധ വിനോദങ്ങളില്‍ മുഴുകിയിരിക്കുന്നു. ചിലര്‍ സ്കീയിംഗ് ചെയ്യുന്നു. മറ്റുചിലര്‍ പാരാഗ്ലൈഡിംഗ്‌ നടത്തുന്നു, ചിലര്‍ കാറ്റുനിറച്ച ബലൂണില്‍ താഴേക്ക് ഉരുണ്ടു വരുന്നു. സ്നോ സ്കൂട്ടര്‍ ഓടിക്കുന്നവരും. യാക്കിന് പുറത്ത് കയറി സവാരി നടത്തുന്നവരുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൂരത്തിനുള്ള ആളുണ്ടവിടെ.  ആദ്യം സ്കീയിംഗ്, ഗൈഡ് ഞങ്ങളെ ഓരോരുത്തരെ ആയി പഠിപ്പിക്കാം എന്നായി. അത് പറ്റില്ല, ഞങ്ങള്‍ക്ക് ഒരുമിച്ചു ചെയ്താല്‍ മതി, ചുമ്മാ കളയാന്‍ സമയം ഒട്ടുമില്ലെന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു.
സ്കിയിങ്ങിനു തയ്യാറായി പ്രവി
ഒരാള്‍ക്ക് സ്കീയിങ്ങിനുള്ള സാധനങ്ങള്‍ മാത്രമേ ഞങ്ങള്‍ കൊണ്ട് വന്നിട്ടുള്ളൂ. ആദ്യമേ ഞങ്ങള്‍ പറഞ്ഞുറപ്പിച്ചിരുന്നത് കൊണ്ട്, മറുത്തൊന്നും പറയാതെ അയാള്‍ പോയി മറ്റൊരെണ്ണം കൂടെ സംഘടിപ്പിച്ചുകൊണ്ട് വന്നു. അങ്ങനെ ഉരുണ്ടു വീണും പുറകിലേക്ക് മലര്‍ന്നടിച്ചു വീണും ഞങ്ങള്‍ പിച്ച വെച്ചു തുടങ്ങി.  പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് വീഴാതെ മുന്നോട്ടു നീങ്ങാനുള്ള വിദ്യ ഞങ്ങള്‍ സ്വായത്വമാക്കി. പിന്നെ കുറെ നേരം അവിടം മുഴുവന്‍ ഞങ്ങള്‍ ഒഴുകി നടന്നു.
ഗൈഡ് പരിശീലിപ്പിക്കുന്നു
ഇന്നത്തെ ദിവസം  മുഴുവന്‍ ഇവിടെ തന്നെ ചിലവിടാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.


ക്യാമറയും സാധനങ്ങളുമൊക്കെ ഗൈഡിന്‍റെ കയ്യിലാണ് സൂക്ഷിക്കാന്‍ ഏല്പിച്ചിരിക്കുന്നത്.  നൂഡില്‍സ് ബ്രെഡ്‌ എഗ്ഗ് ഫ്രൈ തുടങ്ങിയവ മാത്രമേ ഉച്ച ഭക്ഷണമായി കിട്ടാനുള്ളൂ.. അത് തന്നെ കിട്ടാന്‍ തിരക്കാണ്.. പരാഗ്ലൈഡിംഗ്‌ ആണ് ഇനി ചെയ്യാനുള്ളത്കാലാവസ്ഥ അനുകൂലമാല്ലാത്തതിനാല്‍ കൂടുതല്‍ ഉയരത്തില്‍ നിന്നുള്ള ഗ്ലൈഡിംഗ്‌ നടക്കില്ല. ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നും ഗ്ലൈഡ് ചെയ്യുന്നതേ ഇന്ന് നടക്കുകയുള്ളൂ... ഗ്ലൈഡറേയും കൂട്ടിക്കൊണ്ടു മഞ്ഞിലൂടെ ട്രെക്കിംഗ് നടത്തി മുകളിലെത്തി.  ഞങ്ങളുടെ ഊഴം കാത്തു ഞങ്ങള്‍ നിന്നു. താഴെ ഒരു വശത്ത് സ്കീയിംഗ് പരിശീലിക്കുന്ന കുട്ടികളെ കാണാം, അടുത്ത ആഴ്ച അവിടെ മത്സരം നടക്കുന്നുണ്ട്. അതിന്‍റെ മുന്നൊരുക്കങ്ങളില്‍ ആണവര്‍.
മത്സരത്തിനു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്ന കുട്ടികള്‍
പ്രവിയാണ് ആദ്യം പറക്കുന്നത്. അവന്‍റെ കയ്യില്‍ ഞാന്‍ ക്യാമറ കൊടുത്തു വിട്ടു. താഴെ എത്തുമ്പോള്‍ എന്‍റെ ചിത്രം പകര്‍ത്താനും ചട്ടം കെട്ടി... ഗ്ലൈഡര്‍   പുറകിലും പ്രവി മുന്നിലുമായി അവര്‍ പറന്നുയര്‍ന്നു.
പറക്കാന്‍ തയ്യാറായി പ്രവി

 പ്രവിയെ താഴെ ഇറക്കി അയാള്‍ തിരിച്ചു വന്നിട്ട് വേണം എനിക്ക് പറക്കാന്‍.
എന്‍റെ ഊഴവും കാത്ത് ഞാന്‍ നിന്നു. പറന്നു താഴെ ഇറങ്ങാറായപ്പോള്‍ അവന്‍ താഴെ കാമറയും പിടിച്ചു ചുമ്മാ നില്‍ക്കുന്നത് ഞാന്‍ കണ്ടു, ഫോട്ടോ എടുക്കാന്‍ ഞാന്‍ വിളിച്ചു പറഞ്ഞു...






 താഴെ ഇറങ്ങിയതും ഒരാള്‍ ക്യാമറയുമായി ഓടി എന്‍റെ അടുത്തെത്തി,
പറക്കലിനിടെ ഞാന്‍
തുടക്കം മുതല്‍ അയാള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തിയിരുന്നു.  അത് കൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് ഫോട്ടോ എടുക്കാന്‍ പ്രവി മുതിരാതിരുന്നത്...


 പിന്നെയും ഞങ്ങള്‍ സ്കീയിങ്ങിലേക്ക് തിരിഞ്ഞു, എത്രയായാലും മതി വരാത്തത് പോലെ... സ്നോ സ്കൂട്ടറും യാക്കും ബാക്കി കിടപ്പുണ്ട്.. ഞങ്ങള്‍ അതും പരീക്ഷിക്കാന്‍ തീരുമാനിച്ചു...
നേരം ഇരുട്ടി തുടങ്ങി,  ഇനി കൂടുതല്‍ ഒന്നും ഇവിടെ ചെയ്യാനില്ല.. യാക്കിന്‍റെ പുറത്ത് ഒരു സവാരി നടത്തി ഇന്നത്തെ യാത്ര അവസാനിപ്പക്കാം..
യാക്കിനു പുറത്തൊരു സവാരി
പത്തിരുപതു മിനുറ്റ് നീണ്ടതായിരുന്നു ആ യാത്ര, മൃഗത്തിന്‍റെ പുറത്ത് കയറി ഒരു യാത്ര എന്നതില്‍ കവിഞ്ഞു പറയത്തക്ക ഒന്നുമില്ല. ഓരോ അടി വെക്കുംപോളും അതിന്‍റെ കാല്‍ മഞ്ഞിലേക്ക് താഴ്ന്നു പോകുണ്ടായിരുന്നു.
തിരിച്ചു പോരാന്‍ തുടങ്ങുമ്പോളാണ് അറിയുന്നത് ബൂട്ടില്‍ ഒരെണ്ണം ആരോ മോഷ്ടിച്ചിരിക്കുന്നു. ഗൈഡിനെ ഏല്‍പ്പിച്ചു പോയത് കൊണ്ട് അതിന്‍റെ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുത്തു. സ്കിയിങ്ങിനു ഉപയോഗിക്കുന്ന ബൂട്ടിട്ട് താഴോട്ടിറങ്ങേണ്ട ഗതികേടില്‍ ആയി ഞാന്‍ എന്ന് മാത്രം, അത് കൊണ്ട് തന്നെ ഒന്ന് രണ്ടു തവണ അടി തെറ്റുകയും ഒരു തവണ സാമാന്യം നല്ല നിലയില്‍ വീഴുകയും ചെയ്യാന്‍ എനിക്കൊരു മടിയും ഉണ്ടായില്ല ...  റൂമിലെത്തി ഫ്രഷ്‌ ആയതിനു ശേഷം ഞങ്ങള്‍ നടക്കാനിറങ്ങി ഗ്രേറ്റര്‍ ഹിമാലയന്‍ പാര്‍ക്ക്‌ തേടിയാണ് ആദ്യം ഇറങ്ങിയത്. റൂമിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ പാര്‍ക്കിന്‍റെ ബോര്‍ഡ് എതിര്‍ വശത്തായി കണ്ടു. പാര്‍ക്ക് അടഞ്ഞു കിടപ്പായിരുന്നു... മഞ്ഞു കാലത്ത് അവിടെ ഒന്നും കാണാനില്ല എന്നതാണ് സത്യം.  മരങ്ങള്‍കിടയിലൂടെ നടന്നു പാര്‍ക്കിന്‍റെ എതിര്‍ വശത്തെത്തി, ബിയാസ് നദി പാര്‍ക്കിന്‍റെ പിറകിലൂടെ ഒഴുകുന്നു വെള്ളം നന്നേ കുറവാണ്. കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.  രാത്രി കനത്തു വരുന്തോറും തണുപ്പിനു കാഠിന്യം കൂടുന്നുണ്ട് എങ്കിലും ഇപ്പോള്‍ തണുപ്പ് ശീലമായിരിക്കുന്നു... ശരീരം ഏകദേശം പൊരുത്തപ്പെട്ടു തുടങ്ങി.. തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുക്കണം, ട്രാവെല്സും കഫെയും ഉള്ള ഒരിടത്ത് കയറി, ഡല്‍ഹിയിലേക്കുള്ള ടിക്കെറ്റ്  എടുത്തു.  ഇമെയിലും ഫേസ്ബുക്കും ഒക്കെ ഒന്ന് തുറന്നു നോക്കി ഞങ്ങള്‍ അവിടെ നിന്നിറങ്ങി. ബിയാസ് നദിയില്‍ നിന്ന് പിടിക്കുന്ന മീന്‍ പാചകം ചെയ്തു വില്‍ക്കുന്ന ഒരു കടയെകുറിച്ച്  പ്രവി കേട്ടിരുന്നു. അതും അന്യേഷിച്ചു ഞങ്ങള്‍ നടപ്പ് തുടങ്ങി,  ശക്തിയും ഉണ്ട് കൂടെ. നമ്മുടെ നാട്ടിലൊക്കെ ഉള്ള തട്ട്കട പോലെയുള്ള  ചെറിയൊരു കട അതില്‍ മസാല പുരട്ടി വെച്ചിരിക്കുന്ന മീനും ചിക്കനും, വേണ്ടത് കാണിച്ചു കൊടുക്കുക തൂക്കതിനാണ് വില. അപ്പോള്‍ തന്നെ വറുത്ത് തരും... രണ്ടു രണ്ടര കിലോ ഞങ്ങള്‍ അകത്താക്കി. നാളെയും വരാമെന്ന് പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും റൂമിലേക്ക് തിരിച്ചു.
രാത്രി ഭക്ഷണം
പുഴ മുറിച്ചു കടക്കുന്ന മനാലി സ്ത്രീ
നേരത്തെ എഴുന്നേല്‍ക്കാന്‍ ഉറച്ചു പതിവുപോലെ കിടന്നുറങ്ങി... പതിവ് തെറ്റിക്കാതെ വൈകി തന്നെ എഴുന്നേറ്റു. രാവിലെ നേരെ പോയത് ത്രിഷ് ല ഷാള്‍ ഫാക്ടറിയിലേക്കാണ് കുളുവിലാണ് ഫാക്ടറി.
നദിക്കു കുറുകെ കാട്ടില്‍‌നിന്ന് വിറക് ശേഖരിച്ചു വരുന്ന ഒരു സ്ത്രീയെ കണ്ടു, നദിക്കു കുറുകെ കെട്ടിയിരിക്കുന്ന വടത്തിലൂടെ പ്രത്യേക തരം ഇരിപിടത്തില്‍ ഇരുന്നു, മറ്റൊരു കയറിന്റെ സഹായത്തോടെയാണ് നദി മുറിച്ചു കടക്കുന്നത്.
Add caption


പരമ്പരാഗത രീതിയില്‍ കൈത്തറിയില്‍ നിര്‍മിച്ചെടുക്കുന്നതാണ് അവിടുത്തെ ഷാളുകള്‍ അമ്മയ്ക്കും അനിയത്തിക്കും ഒന്നുരണ്ടു ഷാളുകള്‍ പ്രവി മേടിച്ചു.  കുറച്ചു നേരം ഫാക്ടറി ചുറ്റിക്കണ്ട് ഞങ്ങള്‍ അവിടെ നിന്നിറങ്ങി.
ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ഫാക്ടറി തൊഴിലാളികള്‍
ബിയാസ് നദിയില്‍ ഒരു റാഫ്റ്റിങ്ങാണ് ഇന്നിനി ഞങ്ങളുടെ ലിസ്റ്റില്‍ ഉള്ളത്. നദിയില്‍ വെള്ളം കുറവായതിനാല്‍ അധികം ആളുകള്‍ ഈ സമയത്ത് റാഫ്റ്റിങ്ങിനു മുതിരാറില്ല. താരതമ്യേനെ അപകട സാധ്യത കൂടുതലുമാണ്. എങ്കിലും ഇതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല. സാധാരണയില്‍ കൂടുതല്‍ ചിലവുമുണ്ട് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രതന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു. 5 പേര്‍ക്ക് വരെ പോകാം. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ വേറെ ആരെങ്കിലും വരുന്നത് വരെ കാത്തു നില്‍ക്കുന്നത് കൊണ്ട് വലിയ ഉപകാരം ഉണ്ടെന്നു തോന്നിയില്ല. ക്യാമറകള്‍ അവരെ ഏല്പിച്ചു, കഴിയുന്നത്ര ഫോട്ടോയും വീഡിയോയും എടുക്കാന്‍ ചട്ടവും കെട്ടി. വസ്ത്രങ്ങള്‍ മാറ്റി ഹെല്‍മെറ്റും ലൈഫ് ജാകെറ്റും ധരിച്ചു ഞങ്ങള്‍ റാഫ്റ്റില്‍ കയറി.
റാഫ്റ്റിങ്ങിനിടെ ഞങ്ങള്‍ 
വെള്ളത്തിന്‌ ഐസിനോളം തണുപ്പുണ്ടായിരുന്നു റാഫ്റ്റ് ചെരിയുമ്പോള്‍ വെള്ളം മേലേക്ക് തെറിക്കും പകുതിയും റാഫ്റ്റിനകത്തേക്ക് തന്നെ വീഴും. ഇടക് വെച്ച് റാഫ്റ്റ് കല്ലില്‍ ഉടക്കി നിന്നു റാഫ്റ്ററില്‍ ഒരാള്‍ ഇറങ്ങി തള്ളി വീണ്ടും  വെള്ളത്തിലേക്കിറക്കി, റാഫ്റ്റിലേക്ക് അയാളെയും വലിച്ചു കയറ്റി ഞങ്ങള്‍ സവാരി തുടര്‍ന്നു. ഇടുങ്ങിയ ഇടങ്ങളില്‍ നിന്ന് മാറുമ്പോള്‍ പങ്കായം ചോദിച്ചു വാങ്ങി ഞങ്ങളും തുഴഞ്ഞു, 4 കിലോമീറ്റര്‍ ആയപ്പോള്‍ മറ്റൊരു ടീം ഞങ്ങള്‍ക്ക് മുന്‍പില്‍ റാഫ്റ്റിങ്ങ് നടത്തുന്നുണ്ടായിരുന്നു... അവരെ മറികടന്ന് പോകാന്‍ പറഞ്ഞെങ്കിലും വെള്ളം കുറവായതിനാല്‍ നിശ്ചിത അകലത്തിലെ പോകാന്‍ ഒക്കൂ എന്നായി കപ്പിത്താന്‍.
  ഒരുമണിക്കൂറോളം നീണ്ടതായിരുന്നു മനോഹരമായ ആ യാത്ര. കുത്തനെയുള്ള ഇറക്കങ്ങളിലൂടെ റാഫ്റ്റ് താഴേക്ക് പതിക്കുമ്പോള്‍ തലകുത്തനെ മറിയുമോ എന്ന് തോന്നിപ്പോകും. ഓരോ ഇറക്കം എത്തുമ്പോളും റാഫ്റ്റില്‍ മുറുകെ പിടിക്കാന്‍ അറിയിപ്പ് തരും. പിന്നെ പിന്നെ ഞങ്ങള്‍ റാഫ്റ്റിനൊത്ത് അഭ്യാസിയെപ്പോലെ ശരീരം വളച്ചു ബാലന്‍സ് ചെയ്തു തുടങ്ങി മുറുകെ പിടിച്ചില്ലെങ്കിലും വീഴില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. എങ്കിലും തണുത്ത് മരവിച്ചു കിടക്കുന്ന ആ വെള്ളത്തില്‍ വീഴാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാല്‍ പിടിച്ചു തന്നെ ഇരുന്നു.  കല്ലുകളിലൂടെ തെന്നി നീങ്ങി തുറസ്സായ ഒരിടത്തെത്തി മുന്‍പില്‍ പോയിരുന്ന റാഫ്റ്റിനെ ഞങ്ങള്‍ മറികടന്നു, പങ്കായം കൊണ്ട് വെള്ളം അവരുടെ മേലേക്ക്തെ റിപ്പിച്ചു കൊണ്ടായിരുന്നു അതു..
ഇന്നാ പിടിച്ചോ!
കിട്ടുന്ന സമയം മൊത്തം ഞങ്ങളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചായിരുന്നു  മെയിന്‍ റാഫ്റ്ററുടെ യാത്ര മുഴുവന്‍. റാഫ്റ്റില്‍ നിന്ന് ഇറങ്ങുന്നതിനു മുന്പ് അയാളെ വെള്ളത്തില്‍ മുക്കണം എന്ന് ഞങ്ങള്‍ ഉറപിച്ചിരുന്നു. കരക്കടുത്തതും അയാള്‍ ഇറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു. എങ്കിലും കിട്ടിയ സമയം കൊണ്ട് ഞങ്ങള്‍ വെള്ളം തെറിപ്പിച്ചു... ഒരുപാട് ആസ്വദിച്ച ഒരു ജലയാത്രയുടെ അവസാനം ആയിരുന്നു അത്.  കാമറയും മറ്റും തിരിച്ചു വാങ്ങി ഡ്രസ്സ്‌ മാറി, ഞങ്ങള്‍  മണാലിയിലേക്ക് തിരിച്ചു. പ്രകൃതിദത്തമായ ചൂടുവെള്ളം വരുന്ന ഉറവയുടെ അരികിലൂടെയാണ്‌ യാത്ര, കുറെ പേര്‍ അവിടെ കുളിക്കുന്നുണ്ട്. സള്‍ഫര്‍ ആണതിനെ ചൂടാക്കുന്നത്. ചുറ്റും പ്രകൃതി തണുത്തുറഞ്ഞു നില്‍ക്കുമ്പോളും ചൂടോടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു....
മനാലിയിലെ അവസാനത്തെ രാത്രിയാണിന്ന്‍ നാളെ വൈകീട്ട് നാലരയോടെ മണാലിയോട് വിട ചോദിക്കണം. രാത്രി വൈകുവോളം തെരുവിലൂടെ നടന്നു.. ബുദ്ധവിഹാരങ്ങളും അമ്പലങ്ങളും നിറയെ ഉണ്ട് മണാലിയില്‍. എവിടെയും തെരിവു വാണിഭക്കാരെ കാണാം. ചെറിയ ചെറിയ കച്ചവടവുമായി ജീവിക്കുന്നവര്‍... ഗുലാബ് ജാമുന്‍ വില്‍ക്കുന്ന ഒരുവനെ കണ്ടു, 20 രൂപക്ക് 5 എണ്ണം. കഴിച്ചു നോക്കിയപ്പോള്‍ നല്ല രുചി അഞ്ചമത്തേതിനു അടി ഉണ്ടാക്കണ്ട അവസ്ഥ, വീണ്ടും അഞ്ചെണ്ണം കൂടി വാങ്ങി അടി ഒഴിവാക്കി.. ഇന്നലെ രാത്രി കഴിചിടത്ത് ചെന്ന് വയര്‍ നിറയെ മീന്‍ അകത്താക്കി തിരിച്ചു റൂമിലേക്ക് പോയി.

രാവിലെ നേരെ പോയത് അടുത്തുള്ള അമ്പലtത്തിലേക്കാണ് പ്രവി എനിക്കും കൂടെ പ്രാര്‍ത്ഥിച്ചു ഇറങ്ങി.


ഹിഡിംബാദേവീക്ഷേത്രത്തിലേക്കാണ് അവിടുന്ന്‍ ഞങ്ങള്‍ പോയത്.  പൌരാണിക ഗുഹക്ഷേത്രങ്ങളില്‍ പെടുന്നതാണ് ഇത്.  ദേവdaaരു മരങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന ക്ഷേത്രത്തിനു മുന്ന് നിലകള്‍ ഉണ്ട്.
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി.പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണു ഹിഡിംബി. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. (അവലംബം wiki) 1553 ഇല്‍ ആണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
ഹിഡിംബി മാതാ ക്ഷേത്രം.

പ്രവി അകത്തു കയറി തൊഴുതിറങ്ങി ഞാന്‍ ചുറ്റിലും നടന്നു ചിത്രങ്ങള്‍ എടുത്തു. പുറത്തേക്കുള്ള വഴിയില്‍ തനത് ഹിമാചല്‍ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ നില്പുണ്ടായിരുന്നു. അവരുടെ തനത് ശൈലിയിലുള്ള വസ്ത്രങ്ങളില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുയലിനെ (അന്ഗോറ ഇനത്തില്‍പ്പെട്ട വലിയ രോമങ്ങളുള്ള ) കയ്യിലെടുത്ത് നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു പൂകൊട്ടയും തോളില്‍ തൂക്കി, ഞങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തു.
പഞ്ചാബി സുഹൃത്തുക്കളോടൊപ്പം
 അവിടെ വെച്ച് പഞ്ചാബികളായ രണ്ടു ദമ്പതികളെ ഞങ്ങള്‍ പരിചയപ്പെട്ടു. അവരുടെ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാന്‍ ഞങ്ങള്‍ സഹായിച്ചു  പിന്നീട് എല്ലാവരും കൂടെ നിന്നുള്ള ഫോട്ടോയും  എടുത്ത് ഞങ്ങള്‍ അവിടെ നിന്നിറങ്ങി.




ഭക്ഷണം കഴിച്ചു നേരെ ഹിമാചല്‍‌പ്രദേശ് മ്യുസിയം കാണാന്‍ പോയി. ഇന്നത്തെ അവസാനത്തെ കാഴ്ച. സമയം നാലാകുന്നു. മ്യുസിയതിനകത്ത് നേരത്തെ കണ്ട ദമ്പതി സുഹൃത്തുക്കളെ വീണ്ടും കണ്ടു. അവരുടെ ആവശ്യപ്രകാരം ഫോട്ടോ എടുത്ത് ഇമെയില്‍ അയച്ചു കൊടുക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചു.
മ്യുസിയം
 പുരാതന ഹിമാചല്‍‌പ്രദേശ്ന്‍റെ ഒരു പകര്‍പ്പ് അവിടെ ഉണ്ടായിരുന്നു. അകത്തു മുഴുവന്‍ നടന്നു കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. രാവിലെ തന്നെ റൂം ഒഴിവാക്കി സാധങ്ങള്‍ വണ്ടിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഇനി നേരെ ബസ്‌ കയറാന്‍ പോയാല്‍ മതി... ബസ് കയറാന്‍ ചെന്നപ്പോളാണ്‌ പ്രവി നേരത്തെ വാങ്ങിച്ച ചെറിയ വിഗ്രഹവും മറ്റും മ്യുസിയത്തില്‍ മറന്നുപോയ കാര്യം അറിയുന്നത്. പിന്നെ ഒരു ഒറ്റപ്പാച്ചില്‍ ആയിരുന്നു. വീണ്ടും അവിടെ ചെന്ന് അതെടുത്ത് വന്നപ്പോളേക്കും ബസ്‌ പുറപ്പെടാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. പറഞ്ഞുറപ്പിച്ചതില്‍ കൂടുതല്‍ കൊടുത്ത് ശക്തിയോട് യാത്ര പറഞ്ഞു ഞങ്ങള്‍ ബസില്‍ കയറി... രാവിലെ ഡല്‍ഹിയില്‍ തിരിച്ചു ചെന്നിട്ടു വേണം നേരെ താജ്മഹല്‍ കാണാന്‍ ആഗ്രക്ക് പുറപ്പെടാന്‍.....



Tuesday, 26 February 2013

ഉത്തരേന്ത്യയിലൂടെ Part-II

കാല്‍ക - ഷിംല
ഒന്നാം അധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഉത്തരേന്ത്യയിലൂടെ Part-I

എന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ച്  പ്രവിയെ കാത്തുനില്‍ക്കാന്‍ സമയമില്ലാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്താണ് കിരണ്‍ ജോലി സ്ഥലത്തേക്ക് പോയത്.    മുംബൈ   നിന്നുള്ള സ്പൈസ് ജെറ്റിന്‍റെ വിമാനം പ്രവിയേയും വഹിച്ചു കൃത്യസമയത്ത് തന്നെ ഡല്‍ഹിയിലെത്തി. അവനെയും കൂട്ടി എത്രയും പെട്ടെന്ന്‍  ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തണം. അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ ട്രെയിന്‍ പുറപ്പെടും, പ്രവി പുറത്ത് ഇറങ്ങിയാല്‍ ഉടന്‍ ടാക്സി എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആയിരുന്നു പരിപാടി. എന്നാല്‍ ടാക്സി കിട്ടുന്നതിന് മുന്‍പ്‌ റെയില്‍വേ സ്റ്റേഷന്‍ വഴി പോകുന്ന ഒരു ബസ് കിട്ടി ഞങ്ങള്‍ക്ക്, കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ബസില്‍ ചാടി കയറി. ബാക്കിലെ സീറ്റ്‌ ആണ് ഞങ്ങള്‍ക്ക് കിട്ടിയത് ഒരുപാട് ബാഗുകള്‍ ഉള്ളത് കൊണ്ട് അത് തന്നെ ആയിരുന്നു സൌകര്യവും. ഇറങ്ങാന്‍ നേരത്ത് എന്‍റെ പേഴ്സ് കാണാനില്ല. ടെന്‍ഷന്‍റെ മൂര്‍ധന്യാവസ്ഥ. ഇരുന്നിരുന്നിടം മുഴുവന്‍ അരിച്ചുപെറുക്കി. അപ്പോഴേക്കും ബസ്‌ ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് എത്തിയിരുന്നു. ഒടുക്കം എന്‍റെ ബാഗില്‍ നിന്ന് തന്നെ പേഴ്സ് കിട്ടി.  ബസ്സിലുള്ളവരോട് ക്ഷമ ചോദിച്ചു, അതില്‍ നിന്നും ഇറങ്ങി റെയില്‍വേസ്റ്റേഷന്‍റെ  അകത്തേക്ക് ഓടിക്കയറി, ട്രെയിന്‍ ലിസ്റ്റ് മുഴുവന്‍ അരിച്ചുപെറുക്കി എങ്കിലും ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ അതില്‍ കണ്ടെത്താനായില്ല. ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ അന്യേഷിച്ചപ്പോള്‍ ഓള്‍ഡ്‌ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ചെന്നാലേ ഞങ്ങള്‍ക്ക് വേണ്ട ട്രെയിന്‍ കിട്ടൂ എന്നറിയിച്ചു. പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോയില്‍ കയറി, ഇനി അകെ ഉള്ള പ്രതീക്ഷ റെയില്‍വേയുടെ കൃത്യനിഷ്ടയിലാണ്. ട്രെയിന്‍ പുറപ്പെടേണ്ട സമയം കഴിഞ്ഞെന്നു ഔടോകാരനോട് കയറിയപ്പോഴേ പറഞ്ഞിരുന്നു. സമയം ഒന്‍പതര കഴിഞ്ഞെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞിരുന്നില്ല. നയാ തിരക്കിനിടയിലൂടെ അയാള്‍ ശരവേഗത്തില്‍ വണ്ടി  ഓടിച്ചു. ഓട്ടോ നിര്‍ത്തിയതും ബാഗുകള്‍ വാരി എടുത്ത് റെയില്‍വേ സ്റ്റേഷന്‍റെ അകത്തേക്ക് ഓടുകയായിരുന്നു ഞങ്ങള്‍.
പ്രതീക്ഷ തെറ്റിയില്ല, ട്രെയിന്‍ ഒരുമണിക്കൂറോളം വൈകി ആണ് ഓടുന്നത്. ഇനിയും അരമണിക്കൂര്‍ കഴിഞ്ഞാലെ ട്രെയിന്‍ എത്തുകയുള്ളൂ. ഓട്ടപാച്ചിലിനിടയില്‍ ഭക്ഷണത്തിന്‍റെ കാര്യം മറന്നു കിടക്കുകയായിരുന്നു. ബഡ്ജറ്റ് എയര്‍ലൈന്‍സ് ആയിരുന്നത് കൊണ്ട് പ്രവിക്കും മുംബൈ വിട്ടതിന് ശേഷം കഴിക്കാന്‍ ഒന്നും കിട്ടിയിട്ടില്ല.  പ്ലാറ്റ്ഫോമില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു തീര്‍ന്നു കുറച്ച കഴിഞ്ഞപ്പോളേക്കും ട്രെയിന്‍ എത്തി.  ചാര്‍ട്ടില്‍ നോക്കി സീറ്റ് ഉറപ്പുവരുത്തി. എല്ലാ തവണത്തേയും പോലെ കൂടെ ഉള്ള സീറ്റുകളില്‍ ഉള്ളവരുടെ പേരുവിവരങ്ങളും നോക്കി വെച്ചു.   ട്രെയിനിനകത്ത് കയറി ബാഗൊക്കെ ഒതുക്കി വെച്ചു, കിടക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.  കാല്‍ക്കയില്‍ നിന്നുള്ള ടോയ് ട്രെയിന്‍ ഈ ട്രെയിന്‍ എത്തിയതിനു ശേഷമേ പുറപ്പെടൂ എന്നറിഞ്ഞപ്പോള്‍ ബാക്കി ഉണ്ടായിരുന്ന ടെന്‍ഷനും തീര്‍ന്നു.  പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിന്‍ കാല്‍ക്കയിലെത്തും അഞ്ചരക്കുള്ള വണ്ടിക്കാണ് ഷിംലക്ക് പോകേണ്ടത്.  പതിവുപോലെ യാത്രയുടെ വിവരങ്ങള്‍ എന്‍റെ കയ്യിലുള്ള പുസ്തകത്തില്‍ ഞാന്‍ കുത്തികുറിച്ചു. എല്ലാ തവണയും ആദ്യത്തെ ദിവസം ആവേശത്തില്‍ ഞാന്‍ എല്ലാം എഴുതാറുണ്ട്. പിന്നെ യാത്രയെല്ലാം കഴിഞ്ഞു തിരിച്ചു റൂമിലെത്തിക്കഴിഞ്ഞാവും ആ പുസ്തകവും ഞാനും കണ്ടുമുട്ടുന്നത്. ഇപ്രാവശ്യം എല്ലാം എഴുതി വെക്കണം എന്നുറപ്പിച്ചുള്ള തുടക്കമാണ്‌. എഴുത്ത് കഴിഞ്ഞു പുസ്തകവും മടക്കി വെച്ച് പ്രവി കൊണ്ടുവന്ന സ്ലീപിംഗ് ബാഗിലേക്ക് ഞാന്‍ ഊര്‍ന്ന്‍കയറി.

പ്രവിയുടെ വിളിക്കേട്ടാണ് രാവിലെ ഉണര്‍ന്നത്. വഴിയില്‍ നല്ല മഴ ഉണ്ടായിരുന്നുപോലും. ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഉണ്ടായിക്കാണാന്‍ തരമുണ്ട്.  ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ തണുപ്പുണ്ട് പുറത്ത്. തണുപ്പിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു ബാഗും തൂക്കി എടുത്ത് ഞാനും പുറത്തിറങ്ങി.  ഞങ്ങള്‍ ഇറങ്ങിയ പ്ലാറ്റ്ഫോമില്‍ തന്നെ കുറച്ച് മാറിയാണ് ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് ഞങ്ങളെയും കാത്തു നിന്നിരുന്നത്. നാരോ ഗേജ് എന്നറിയപ്പെടുന്ന 762 mm വീതിയിൽ നിര്‍മിച്ചിട്ടുള്ള റയില്‍ പാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ ആണിത്. ഊട്ടിയിലേതിനു സമാനമായ മലയോരതീവണ്ടിപ്പാതയാണ് കാല്‍ക്ക മുതല്‍ ഷിംല വരെ നീണ്ടുകിടക്കുന്ന ഈ 96 കിലോമീറ്റര്‍ പാത.  ഒരു വരിയില്‍ 3 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തരത്തിലാണ്  ബോഗിക്കകത്ത് കസേരകള്‍ സ്ഥാപിച്ചിട്ടുള്ളത്.



2007 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ റെയില്‍ പാതയെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു, പിന്നീട്   യുനേസ്കോ  ലോകപൈതൃക പട്ടികയില്‍ ഉള്‍പെടുത്തി.  ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത, ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം  യുനേസ്കോ  ലോകപൈതൃക പട്ടികയില്‍ ഉള്‍പെടുത്തുന്ന ഇന്ത്യൻ റെയിൽ‌വേയുടെ ലോകപൈതൃകസ്മാരകമാണ് ഇത്.  മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്‍റെ മികവായി കണക്കാക്കപ്പെടുന്നു.

മുഗള്‍ സാമ്രാജ്യത്തിന്‍റെ പതനത്തെ തുടര്‍ന്നുണ്ടായ നാട്ടുരാജ്യമായ പട്യാലയില്‍ നിന്ന് 1843-ഇല്‍ ബ്രിട്ടീഷ്‌ ഇന്ത്യ ഏറ്റെടുത്ത പ്രദേശമാണ്, കാല്‍ക. ഷിംലയുടെ ഭാഗമായിട്ടായിരുന്നു ഏറ്റെടുത്തത്. ഇന്ന് ഷിംല ഹിമാചല്‍‌പ്രദേശിന്‍റെ തലസ്ഥാനവും, കാല്‍ക്ക ഹരിയാനയിലെ പഞ്ച്കുല ജില്ലയുടെ ഭാഗമായ പട്ടണവുമാണ്. രാജ്യത്തിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല.  ആറുമണിയോടെ കളിതീവണ്ടിക്ക് ചിറകുകള്‍ മുളച്ചു, കൂക്കി വിളിച്ച് മുന്നോട്ട് പോകാന്‍ തുടങ്ങി.എഞ്ചിന് തൊട്ടടുത്തുള്ള ബോഗി ആയിരുന്നു ഞങ്ങളുടേത്. നേരം പുലര്‍ന്നു വരുന്നതെ ഉള്ളൂ. പുറത്തെ കാഴ്ചകള്‍ അവ്യക്തമായി കാണാമായിരുന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ ചായയുമായി ആളെത്തി. ട്രെയിനിനു അകം വൃത്തിയായിതന്നെ സൂക്ഷിച്ചിരിക്കുന്നു. നല്ലൊരു ഭക്ഷണശാലയിലേതു പോലെയുള്ള പരിചരണം. പ്രാതലും ചായയും അടങ്ങുന്നതാണ് ഷിംലയിലേക്കുള്ള ടിക്കറ്റ്‌. .ചായ ഉണ്ടാക്കുന്നതിനുള്ള  സാമഗ്രികള്‍ ഒരു  ട്രേയില്‍ കൊണ്ടുവന്നു തന്നു.  പ്രാതല്‍ എഗ്ഗ്  സാന്റ്റ് വിച്ച് ആയിരുന്നു. കഴിച്ചു കഴിഞ്ഞയുടനെ പരിചാരകന്‍ വന്ന്‌ എല്ലാം എടുത്തുകൊണ്ട് പോവുകയും ചെയ്തു.  ഞങ്ങളുടെ ക്യാമറകള്‍ കൊണ്ടുള്ള അഭ്യാസങ്ങള്‍ കണ്ടു പലരും ഫോട്ടോ എടുത്തുകൊടുക്കാമോ എന്ന് ചോദിച്ചു വന്നു. പിന്നെ കുറെ നേരത്തേക്ക് പ്രവിക്ക് അത് തന്നെ ആയിരുന്നു ജോലി.



656 മീറ്റര്‍ ഉയരത്തിലാണ് കാല്‍ക സ്ഥിധിചെയ്യുന്നത്. പുറപ്പെട്ടു കുറച്ച കഴിയുമ്പോള്‍ തന്നെ മലകയറ്റം തുടങ്ങും, സമുദ്രനിരപ്പില്‍നിന്നും മീറ്റര്‍ ഉയരത്തിലാണ് ഷിംല ഷിവാലിക് മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ നല്‍കികൊണ്ടാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. യാത്രയിലുടനീളം വര്‍ണ്ണശബളമായ കാഴ്ചകള്‍ നല്‍കുന്ന പാതയാണിത്‌. താഴെ ധര്‍മപുര്‍ പട്ടണത്തിന്‍റെ  ആകാശകാഴ്ച മനോഹരമായി കാണാമായിരുന്നു. ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം നടന്നില്ല. പണ്ടുകാലത്തെ പോലെ തന്നെ ഇപ്പോഴും സിഗ്നല്‍ കാണിക്കാന്‍ തീപന്തങ്ങള്‍ ആണ് ഉപയോഗിക്കുന്നത് ഇതെന്നില്‍ തെല്ലൊരു ആശ്ചര്യം ഉണ്ടാക്കി.


ഡല്‍ഹിക്കാരായ മൂന്ന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങളുടേതിന് അടുത്തുള്ള സീറ്റുകളില്‍ ഉണ്ടായിരുന്നത്.  ഒന്നുരണ്ടു ദിവസം ഷിംലയില്‍ ചുറ്റിക്കറങ്ങി തിരിച്ചു പോകാനായിരുന്നു അവര്‍ പ്ലാന്‍ ചെയ്തിരുന്നത്. ചായകുടിച്ചുതീര്‍ത്ത് അവര്‍ ചീട്ടുകളി തുടങ്ങി. 

ആശിഷ്, രാഹുല്‍,സുമിത്ത്

ഞാനും പ്രവിയും പുറത്തെ കാഴ്ചകള്‍ ആസ്വദിച്ച് സംസാരിച്ചുകൊണ്ടിരുന്നു.  ഇടക്കിടെ ചാറ്റല്‍ മഴ വന്നും പോയുമിരുന്നു. വളവും തിരിവും കടന്നു തുരംഗങ്ങളിലൂടെ കയറി ഇറങ്ങിയുള്ള യാത്ര അവിസ്മരണീയമാക്കി. ചെറിയ സ്റ്റേഷനുകള്‍ കുറെ കടന്നുപോയെങ്കിലും,  ബാറോഗിലാണ് ട്രെയിന്‍ ആദ്യം നിര്‍ത്തുന്നത്.   റെയിൽ‌വേ പാതയിൽ തുരങ്കങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന എൻ‌ജിനീയറായിരുന്നു ബാറോഗ്. പക്ഷേ, ചില തുരങ്കങ്ങൾ ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി. തുരങ്കത്തിന്റെ രണ്ടു ഭാഗത്തുനിന്നും തുരന്നാണ് തുരങ്കം ഉണ്ടാക്കിയിരുന്നത്. പെട്ടെന്ന് പണി തീരുന്നതിന് അവലംബിക്കുന്ന രീതിയാണിത്. എന്നാല്‍ ഈ തുരങ്കം രണ്ടു വശവും തമ്മില്‍ കൂട്ടിമുട്ടിയില്ല. ഇതിന്റെ ശിക്ഷയായി  ബ്രിട്ടീഷ് സർക്കാർ  ഒരു രൂപ പിഴ ചുമത്തി. ഈ അപമാനം സഹിക്ക വയ്യാതെ ബാറോഗ് ആത്മഹത്യ ചെതു. പിന്നീട് പണിതീരാതിരുന്ന തുരങ്കത്തിന് സമീപം അദ്ദേഹത്തെ സംസ്കരിക്കുകയാണ് ചെയ്തത്. ഈ സ്ഥലം പിന്നീട് ബാറോഗ് എന്നറിയപ്പെട്ടു. 
ബാറോഗില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ എടുത്ത ചിത്രം.

ബാറോഗില്‍ ഏകദേശം പത്തുമിനുട്ട് തീവണ്ടി നിര്‍ത്തിയിട്ടു. ഷിംലയില്‍ നിന്നുള്ള ട്രെയിന്‍ കടന്നുപോകാന്‍ കൂടി ആയിരുന്നു ഇത്. എല്ലാവരും പുറത്തിറങ്ങി ഫോട്ടോ എടുത്തുതുടങ്ങി. ആ കാര്യത്തില്‍ ഞങ്ങള്‍ ഒട്ടും പുറകിലല്ലായിരുന്നു. കാണുന്നതെല്ലാം ഞാനും പ്രവിയും ക്യാമറയില്‍ ഒപ്പിയെടുത്തു.  ഷിംലയില്‍ നിന്നുള്ള ട്രൈയിന്‍ കടന്നുപോയതും ഞങ്ങളുടെ ട്രെയിന്‍ പുറപ്പെടാന്‍ തയാറായി കൂക്കി വിളിച്ചു. പാത പണിയുമ്പോള്‍ 107 തുരങ്കങ്ങള്‍ ആണുണ്ടായിരുന്നത്. ഇപ്പോഴത് 102 എണ്ണമായി ചുരുക്കി.  ഷിംലയോടടുക്കും തോറും വഴിയില്‍ അവിടവിടെയായി  മഞ്ഞിന്‍റെ  ചെറിയ കൂനകള്‍ കാണാമായിരുന്നു.  അത്യാഹ്ലാതത്തോടെ ഞങ്ങള്‍ ഫോട്ടോ എടുത്തു. 


മുന്നോട്ട് പോകുംതോറും മഞ്ഞില്‍ പ്രകൃതി മൂടിക്കിടക്കുന്ന കാഴ്ച കാണാമായിരുന്നു.   ഉദേശം 11 മണിയോടെ ട്രെയിന്‍ ഷിംല സ്റ്റേഷനില്‍ എത്തി. പ്രഭാത കൃത്യങ്ങള്‍ വൈകിയതിലുള്ള ശങ്ക തീര്‍ത്ത് നേരത്തെ പറഞ്ഞുറപ്പിച്ച ടാക്സിക്കാരനെ തപ്പിയെടുത്തു,  കുഫ്രിയിലെക്കാണ്  ആദ്യം പോയത്. നഗരത്തില്‍ നിന്ന് 10-15 km അകലെയാണ് ഈ മലയോര പ്രദേശം. ഡ്രൈവര്‍ ശക്തി കുഫ്രിയെപറ്റി പറയുന്നതുവരെ ഞങ്ങള്‍ക്ക് കേട്ടറിവ് പോലും ഇല്ലായിരുന്നു. ഇനിയും കണ്ടില്ലെന്ന്‍ നടിക്കാന്‍ ഞങ്ങളെക്കൊണ്ട് പറ്റില്ലെന്ന്‍ ഉറപ്പായപ്പോള്‍ വണ്ടി നിര്‍ത്താന്‍ ശക്തിയോട് പറഞ്ഞു.  ഇറങ്ങി  ഓടുകയായിരുന്നു, രണ്ടാളും. ആരോ മിക്സിയില്‍ അരച്ചെടുത്തപോലെ, അത്രയും മൃദുവായിരുന്നു  ഐസില്‍ തൊടാന്‍. തിരിച്ചു വന്ന്‌ കാറില്‍ കയറിയപ്പോള്‍ ശക്തി പറഞ്ഞു, എല്ലായിടത്തും ഇതുപോലെ തന്നെയാണ്.  മഞ്ഞില്‍ മൂടിക്കിടക്കുയാണ് എല്ലായിടവും, കുളുവും മണാലിയും പ്രത്യേകിച്ചും. ചമ്മിയത് പുറത്ത് കാണിക്കാതെ ഞങ്ങള്‍ പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ മീന്മാര്‍ക്കറ്റിലാണ് സാധാരണ ഇത്രയധികം ഐസ് ഒന്നിച്ചു കാണാറുള്ളൂ.
 കുഫ്രിയിലേക്കുള്ള വഴിയില്‍ ഒരു ചെറിയ അമ്പലം ഉണ്ട് ശിവ ഗുഹ(शिव गुफा). പ്രവി അകത്തുകയറി പ്രാര്‍ത്ഥിച്ചു.  ഞാന്‍ പുറത്ത് നിന്ന് എല്ലാം ക്യാമറയില്‍ പകര്‍ത്തി. 
ശിവ ഗുഹക്ക് മുഞ്ഞില്‍ പ്രവി

കുഫ്രിയില്‍ പ്രധാനമായും ചെയ്യാനുള്ളത് കുതിര സവാരിയും ഇന്ദിര നാച്ചുറല്‍ പാര്‍ക്ക്‌ സന്ദര്‍ശനവുമാണ്. സമയക്കുറവ്മൂലം കുതിരസവാരി മാത്രമാക്കി ചുരുക്കേണ്ടി വന്നു.  അരമണിക്കൂര്‍ നേരമാണ് സവാരി.

കുതിര സവാരിക്കിടയില്‍


ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകുന്നതിന് മുന്പ്  ഈ പ്രദേശം നേപ്പാൾ രാജാവിന്റെ ഭരണ പ്രദേശത്തിനു കീഴിലായിരുന്നു. ഹിമാലയപര്‍വത നിരകളുടെ ഹൃദ്യമായ ദൃശ്യം ഇവിടെ നിന്ന് കാണാന്‍ കഴിയും. ഒരു കുതിരയുടെ കടിഞ്ഞാണ്‍ അടുത്തിന്‍റെ മേല്‍ ബന്ദിച്ച നിലയിലാണ് സവാരി തുടങ്ങിയത്. കുതിരകള്‍ രണ്ടിനേയും ഒരേ വഴിക്ക്  നടത്താന്‍  പിന്നെ ബുദ്ദിമുട്ടുണ്ടാവില്ല. എന്നും നടന്നു പരിചയമുള്ള വഴി ആയതിനാല്‍ അവക്ക് ഒന്നും പറഞ്ഞു കൊടുക്കുകയും വേണ്ട. ഞങ്ങളെയും ചുമന്ന്‍ അവ കുഫ്രി മുഴുവന്‍ ചുറ്റിക്കാണിച്ചു. ഇടയ്ക്കു കുതിരപ്പുറത്തു നിന്നിറങ്ങി കുറച്ചുനേരം ഞങ്ങള്‍ ഫോട്ടോ എടുക്കാനും മറ്റും ചിലവഴിച്ചു.  ഗോൾഫ് കോഴ്സും അതിനടുത്തായി നാഗത്താന്‍ കാവും കണ്ടു.  ദൂരെ മലയുടെ ഒരുവശത്തുകൂടി കടന്നുപോകുന്ന വഴി ചൂണ്ടി കുതിരക്കാരന്‍ പറഞ്ഞു, ചൈനയിലേക്കുള്ള റോഡാണത്, ആവോ എനിക്കറിയില്ല.


ഷിംലയേയും തിബറ്റ്നേയും ബന്ധിപ്പിച്ചിരുന്ന പാത.


ഹിമാലയപര്‍വതതം കുഫ്രിയില്‍ നിന്നുള്ള കാഴ്ച.

ചിലപ്പോള്‍ ശെരിയായിരിക്കും. റോഡിലേക്കെത്തിയപ്പോള്‍ പ്രവി വേഗത്തില്‍ കുതിരയെ ഓടിച്ചു, പുറകെ ഞാനും ... പതുക്കെ പോകാന്‍ കുതിരക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, ഞങ്ങളത് കേട്ടില്ലെന്ന് നടിച്ചു. പുറകെ ഓടി വന്നെങ്കിലും ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യമില്ലെന്ന്‍ അയാള്‍ക്ക് തോന്നിക്കാണണം.


വിശപ്പിന്‍റെ വിളി ചെറുതായി കേട്ട്  തുടങ്ങി. തിരിച്ചു വരുന്ന വഴിക്ക് ഒരു വീടിനോട് ചേര്‍ന്ന് ചെറിയൊരു കട കണ്ടു. അവിടെ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കയറി. കടയുടെ പുറകുവശം ചെങ്കുത്തായ ചെരിവാണ്. തരക്കേടില്ലാത്ത ഊണ്. വയറു നിറച്ച് ഞങ്ങള്‍ അടുത്ത ലക്ഷ്യം ഏതാണെന്ന് ആലോചിച്ചു. നേരം നാലിനോടടുക്കുന്നു. ഇന്ന് തന്നെ ഷിംല വിടണം. എങ്കിലേ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കൂ... അനിശ്ചിതതത്ത്വങ്ങളുടെ അകെ തുകയാണ് സാധാരണ എന്‍റെ യാത്ര. ഇപ്രാവശ്യം പ്ലാന്‍ അനുസരിച് പോയില്ലെങ്കില്‍ എല്ലാം തകിടം മറയും. അതുകൊണ്ട് കുറച്ചൊക്കെ കൃത്യനിഷ്ഠ ഞങ്ങള്‍ പാലിക്കുന്നുണ്ട്.

ബ്രിട്ടീഷ് വാസ്തു ശിൽ‌പി  ഹെൻട്രി ഇർവിൻ രൂപകൽ‌പ്പന ചെയ്ത് 1888 ൽ പണി പൂർത്തീകരിച്ച രാഷ്ട്രപതി നിവാസിലേക്കാണ്  ഞങ്ങള്‍ നേരെ പോയത്.  വൈസറല്‍ ലോഡ്ജ് എന്നും ഇത് അറിയപ്പെടുന്നു. മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന് ഡഫറിൻ പ്രഭുവിന്റെ ഔദ്യോഗിക വസതി ആയിരുന്നു.  ഡോ. എസ്‌. രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരുന്ന കാലത്ത് രാഷ്ടപതി നിവാസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കൈമാറി, ഇപ്പോള്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതി വർഷത്തിൽ ഒരു പ്രാവശ്യം ഈ വസതിയിൽ ഇപ്പോഴും താമസിക്കാറുണ്ട്.

ടിക്കറ്റ്‌ എടുത്ത് അകത്തുകയറി,  ഞങ്ങള്‍ക്ക് മുന്‍പ്‌ എത്തിയവര്‍ക്ക്  വസതിക്കകത്ത് ഒരു ഉദ്യോഗസ്ഥ എല്ലാം വിശദമായി തന്നെ  പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങളും കൂടി.
English upright piano - circa 1900
പകുതിയോളം ഭാഗം അവര്‍ വിശദീകരിച്ച് കഴിഞ്ഞിരുന്നു. ഇന്നത്തെ അവസാനത്തെ ബാച്ച് ആണിത്. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം കൂടുകയല്ലാതെ ഞങ്ങള്‍ക്ക് നിര്‍വഹാമില്ലായിരുന്നു താനും.




 അകത്തെ ഓരോ മുറികളും ബ്രിട്ടീഷ്‌കാര്‍ എന്തൊക്കെ ആവശ്യത്തിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഓരോ മുറിയുടെയും പ്രത്യേകതയും, നിര്‍മ്മിതിയിലെ വൈവിദ്യങ്ങളും, വിശദമായി തന്നെ അവര്‍ പറഞ്ഞു തന്നു.

വിശദീകരങ്ങള്‍ക്ക് ശേഷം അവര്‍ ഫോട്ടോ എടുക്കാന്‍ സമയം അനുവദിച്ചു തന്നിരുന്നു.  ഞങ്ങള്‍ കാണാത്ത ഭാഗങ്ങള്‍ അവസാനം കയറിക്കാണാന്‍ അവസരം ഒരുക്കി തരികയും ചെയ്തു.





വസതിയുടെ അകത്തു അനുവദിച്ച  ഇടങ്ങളെല്ലാം ഞങ്ങള്‍ കയറി വിശദമായി കണ്ടു.

രാഷ്ട്രപതി നിവാസിന്‍റെ ഉള്‍വശം പനോരമിക് വ്യൂ.
  ഭാക്കി എല്ലാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ ഭാഗമാണ്.

 ഇന്ന് വൈകിട്ട് തന്നെ മണാലിയിലേക്ക് തിരിക്കണം.  കുളുവിലും മണാലിയിലുമായി മൂന്നു ദിവസം ചിലവഴിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.  നാലരമണിയായി. സമയം കഴിഞ്ഞെന്നു  അറിയിച്ചു. വേണ്ടവര്‍ക്ക് കുറച്ച് സമയം കൂടെ  പുറത്ത് ചുറ്റിത്തിരിയാം. ഷിംലയോട് യാത്രാമൊഴി ചൊല്ലാന്‍  ഇനി കുറച്ച് നേരം കൂടിയെ ഉള്ളൂ, അത് ഇവിടെ തന്നെ ചിലവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മണാലിയിലേക്ക് 250 കിലോമീറ്റര്‍ ദൂരമുണ്ട് റോഡ്‌ തകര്‍ന്നു കിടക്കുന്നതിനാല്‍ 6-7 മണിക്കൂര്‍ കൊണ്ടേ അങ്ങെത്താന്‍ കഴിയൂ എന്ന് ശക്തി നേരത്തെ ഞങ്ങളെ ബോധിപ്പിച്ചിരുന്നു.  വൈസറല്‍ ലോഡ്ജിന്‍റെ പുറകുവശത്തായി ഒരു ചുറ്റ് ഗോവണി ഉണ്ട് അതിറങ്ങിയാല്‍  ഒരു നടപ്പാതയിലെത്തും. എല്ലയിടവും ഐസ് മൂടിക്കിടക്കുകയാണ്.  ചിത്രങ്ങളിലെ യൂറോപ്പിനെ ഓര്‍മിപ്പിക്കുന്ന നിര്‍മ്മിതിയാണ്‌ എല്ലായിടത്തും. അധികമൊന്നും പിന്നിട്ട നൂറ്റാണ്ടില്‍ മാറ്റം വരുത്തിക്കാണില്ല.

ഇനി കുറച്ച് നേരം  ഐസില്‍  കളിക്കാം. കുഞ്ഞായിരുന്നപ്പോള്‍  മഴവെള്ളം തെറിപ്പിച്ചു കളിച്ച അതേ ആവേശത്തോടെ ഞങ്ങള്‍  ഐസിന്‍റെ കഷങ്ങള്‍ പെറുക്കി എറിഞ്ഞു.  അതിനിടയില്‍ കാലുവഴുതി നടുവും കുത്തി വീഴുകയും  ചെയ്തു. ഇതെന്ത് കൂത്തെന്ന മട്ടില്‍ ചിലര്‍ ഞങ്ങളെ തുറിച്ചുനോക്കി നില്‍പുണ്ടായിരുന്നു.  കുറച്ച് സമയം കൂടി അവിടെ ചുറ്റിത്തിരിഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി.  പത്തുമിനിറ്റ് കൊണ്ട് ശക്തി ഞങ്ങളെ ഇറക്കിയ ഇടത്ത്  തിരിച്ചെത്തി.  ടൂറിസ്റ്റ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം കുറച്ചകലെയാണെന്നും പോകാന്‍ നേരം വിളിച്ചാല്‍ മതിയെന്നും പറഞ്ഞാണ് ശക്തി നേരത്തെ പോയത്.  പകലുള്ള യാത്രക്ക് മാത്രമേ നേരത്തെ കരാര്‍ പ്രകാരം  വകുപ്പുള്ളൂ, രാത്രി യാത്ര അതില്‍ ഉള്‍പ്പെടില്ല.  കാറില്‍ യാത്ര ചെയ്ത് കളയാന്‍ ഞങ്ങള്‍ക്ക് സമയവുമില്ല. പിന്നെ ഒരുദിവസത്തെ കൂടുതല്‍ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ശക്തി രാത്രിയില്‍ തന്നെ മണാലിയില്‍ ഞങ്ങളെ എത്തിക്കാം എന്നേറ്റു.  വളരെ സൌമ്യവും ആകര്‍ഷകവുമായ പ്രകൃതമാണ് ശക്തിയുടേത്, ഞങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു കൂടെ നില്‍ക്കുന്നത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിലും ഞങ്ങള്‍ക്കത് ഒരുപാട് സഹായം ചെയ്യുമെന്ന് നിശ്ചയമാണ്.  ഇനിയുമൊരിക്കല്‍ വിശദമായിത്തന്നെ ഷിംലയെ അറിയാന്‍ വരുമെന്ന് വാക്കുകൊടുത്ത് ഞങ്ങള്‍ വിട പറഞ്ഞു.

Friday, 22 February 2013

ഉത്തരേന്ത്യയിലൂടെ Part-I


ഡല്‍ഹി

"എടാ നമുക്കൊരു ട്രിപ്പ്‌ പോയാലോ?" ഫോണെടുത്തതും പ്രവി ഇത് ചോദിച്ചതും ഒന്നിച്ചായിരുന്നു..  ഇല്ലട, ഇപ്പോ നടക്കില്ല. എന്ന് പറയാന്‍ തുടങ്ങും മുന്‍പ് അവന്‍ പറഞ്ഞു തുടങ്ങി,     "ഓഫീസിലെ സര്‍ കുളു-മണാലി പോയി വന്നതിന്‍റെ ചിത്രങ്ങള്‍ കണ്ടളിയാ എനിക്കിപ്പോ അവിടെ പോണം, അങ്ങള് പോളം....."

മുംബൈക്ക് അപ്പുറം എനിക്ക് കേട്ടറിവേ ഉള്ളൂ.. ഇതുവരെ ഡല്‍ഹി പോലും കാണാന്‍ ഒത്തിട്ടില്ല... എടാ കയ്യില്‍ കാശില്ലെടാ എന്ന് പറയാന്‍ വന്നതാണ് ഞാന്‍, പക്ഷെ; മണാലിയുടെ കണ്ടും കേട്ടും അറിഞ്ഞ സൌന്ദര്യത്തിന്‍റെ ഓര്‍മകളില്‍ ഞാന്‍ ഒരുനിമിഷം എല്ലാം മറന്നു.
കുളു താഴ്വരയുടെ വശ്യമനോഹാരിതയും മഞ്ഞില്‍ ഉറഞ്ഞു കിടക്കുന്ന  മണാലിയുടെ  സൌന്ദര്യവും അവന്‍റെ വാക്കുകളിലൂടെ എന്നിലേക്കും  പടരുന്നത് ഞാന്‍ അറിഞ്ഞു. കാണുന്ന ഓരോ ചിത്രങ്ങളെയും അവന്‍ എനിക്ക് വിവരിച്ചു തന്നുകൊണ്ടിരുന്നു.  ചുറ്റിലും മഞ്ഞു മൂടിവരുന്നത് പോലെ എനിക്ക് തോന്നി, ശെരിക്കും അവിടെ എത്തിയ പ്രതീതി. കുളു താഴ്വരയെ തഴുകി ഹിമക്കാറ്റ് എന്നെ  കടന്നുപോകുന്നത് പോലെ...  അവന്‍റെ വാക്കുകള്‍ എന്നെ ഇത്രയധികം സ്വാധീനിച്ചുവെങ്കില്‍ ആ ചിത്രങ്ങള്‍ അവനിലുണ്ടാക്കിയ ആവേശം എനിക്കൂഹിക്കാന്‍ കഴിയുമായിരുന്നു..  "ഒരു രണ്ടുമാസം കഴിഞ്ഞിട്ടാണേല്‍ ഞാന്‍ റെഡി..."

പിന്നെ യാത്ര പ്ലാനിംഗ് തുടങ്ങി.  കിട്ടാവുന്ന വിവരങ്ങളൊക്കെ ഇന്‍റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു. ആദ്യം വേറെ രണ്ടുപേരും ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം വരാമെന്നേറ്റിരുന്നു. പിന്നെ അത് ഞാനും പ്രവിയും മാത്രമായി ചുരുങ്ങി. യാത്ര മുഴുവനും പ്ലാന്‍ ചെയ്തത് പ്രവി ആയിരുന്നു.. മുംബൈയിലെ ട്രെയിനിംഗ് കഴിഞ്ഞ്‌ അവന്‍ ഡല്‍ഹിയിലെത്തും അവിടെ നിന്ന് രാത്രിയിലെ ട്രെയിന്‍ കല്‍ക്കയിലെക്ക്. കല്കയില്‍ നിന്നും ടോയ് ട്രെയിനില്‍ നേരെ ഷിംല. അവിടെ നിന്നും കാറില്‍ കുളു മണാലി കറങ്ങുക  പിന്നെ തിരിച്ച് ഡല്‍ഹി. ഇതായിരുന്നു മാസ്റ്റര്‍ പ്ലാന്‍.....

ഡല്‍ഹി എയര്‍പോര്‍ടില്‍ ഗള്‍ഫ്‌ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തപ്പോള്‍ പുലര്‍ച്ചെ നാലുമണി കഴിഞ്ഞിരുന്നു.  റിപബ്ലിക് ദിനമായതിനാല്‍ ആകാം, എന്നോട് തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥക്ക് തൃപ്തി ആകുന്നില്ല. ഒടുക്കം സഹികെട്ട് ഞാന്‍ പറഞ്ഞു ഇന്ത്യയില്‍ എവിടെയും പോകാന്‍ ഒരു ഇന്ത്യന്‍ പൌരനായ എനിക്ക് അവകാശം ഉണ്ടെന്നാണ് എന്‍റെ അറിവ്, അതിനു മാറ്റം വന്നത് ഞാന്‍ അറിഞ്ഞില്ല, ക്ഷമിക്കുക.  എന്നെ ഒന്ന് തുറിച്ചു നോക്കി ഒരുനിമിഷം പിന്നെ പാസ്പോര്‍ട്ടില്‍ സീല്‍ വെച്ച് ഒട്ടും തൃപ്തി ആകാത്ത ചേഷ്ടകളോടെ എനിക്ക് തിരിച്ചു തന്നു. ഡല്‍ഹിയില്‍ എനിക്ക് പരിചയമുള്ള വിരലില്‍ എണ്ണാവുന്ന കുറച്ച്പേരെ ഉള്ളൂ.  വിയയും കിരണും കൂടിയാണ് ഡല്‍ഹിയില്‍ ആദ്യമായി വരുന്ന എനിക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്.  കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തെത്തി കുറച്ച് കഴിഞ്ഞപ്പോളേക്കും കിരണ്‍ എത്തി. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു, അത് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി, കൈയില്‍ ഗ്ലൌസ് ഇട്ടിട്ടുപോലും മരവിപ്പ് അനുഭവപെടുന്നുണ്ടായിരുന്നു. രാവിലെ ബൈക്കില്‍ തണുത്ത് വിറച്ചു  ദ്വാരകയിലെത്തി.

ഒന്ന് രണ്ടു വര്‍ഷത്തെ പരിചയമുണ്ടെങ്കിലും കിരണിനെയും വിയയെയും നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്.  പ്രാതലിനുള്ള സമയമാണെങ്കിലും, ലഞ്ചിനോ ഡിന്നറിനോ ഒക്കെ ഉള്ള അത്രയും വിഭവങ്ങള്‍ അവള്‍ ഉണ്ടാക്കി വെച്ചിരുന്നു. കഴിക്കാവുന്നതിന്‍റെ മാക്സിമം അവള്‍ കഴിപ്പിക്കുകയും ചെയ്തു.

ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‍ വാങ്ങിയ Lonely Planet ന്‍റെ ഇന്ത്യയില്‍ തുടക്കം തന്നെ ഡല്‍ഹി ആയിരുന്നു. ഞാന്‍ അതില്‍ എവിടെയെല്ലാം അടുത്ത 2 ദിവസത്തില്‍ കണ്ടു തീര്‍ക്കാം എന്ന് നോക്കുകയായിരുന്നു. ആ സമയം വിയ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ എന്‍റെ ക്യാമറ കൊണ്ട് കാണുന്നതെല്ലാം പകര്‍ത്തിക്കൊണ്ടിരുന്നു. ജോലി കഴിഞ്ഞു വന്നതിന്‍റെ ക്ഷീണത്തില്‍ കിരണ്‍ മയങ്ങിപോയിരുന്നു.


ഡല്‍ഹി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിഒന്‍പതില്‍  പണി തുടങ്ങി 1129-ല്‍ ഇൽത്തുമിഷ് പണിപൂര്‍ത്തിയാക്കിയ ഖുത്ബ് മിനാർ  കാണാനാണ് ആദ്യം പോയത്.  ദക്ഷിണദില്ലിയിലെ മെഹ്റോളിയിലാണ് മിനാരം സ്ഥിതി ചെയ്യുന്നത്.    ഏകദേശം ഉച്ചക്ക് രണ്ടരയോടെ ഞങ്ങള്‍ അവിടെ എത്തി. ഒഴിവുദിവസമായതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. മിനാറിനു എതിര്‍വശത്തുള്ള കൌണ്ടറില്‍ നിന്ന് കിരണ്‍ ടിക്കറ്റ്‌ എടുത്ത് വന്നു. തിരക്കിലൂടെ നടന്നു ഞങ്ങള്‍ ഖുത്ബ് സമുച്ചയത്തിനകത്ത് കടന്നു.  നാനാജാതി ഭാഷകള്‍ സംസാരിക്കുന്ന സഞ്ചാരികളെ കാണാമായിരുന്നു.




താഴെ നിന്ന് ഗോപുരത്തെ കാണാമെന്നല്ലാതെ അകത്തുകയറി കാണാന്‍ നിര്‍വാഹമില്ല. 1980-ല്‍ ഉണ്ടായ അപകടത്തില്‍ 25 കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മിനാരത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച  ഇതിന്‍റെ അവസാന രണ്ടു നിലകളൊഴികെ ബാക്കി എല്ലാം ചെങ്കല്ലില്‍ നിര്‍മിച്ചതാണ്. അവസാന രണ്ടു നിലകള്‍ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്, ഇടിമിന്നലില്‍ ഉണ്ടായ കേടുപാടുകള്‍ തീര്‍ത്തു പുതുക്കി പണിതതാണിത്. 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 379 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌...

ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഉദാഹരണമായി നിലകൊള്ളുന്ന ഈ മിനാരത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള  വാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന്‌ പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്‍റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്.


സമുച്ചയതിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന പണിതീരാത്ത ഒരു സ്തൂപമാണ്‌ അലൈ മിനാർ.  1296 മുതൽ 1316 വരെ ദില്ലിയിലെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജി പണിതു തുടങ്ങിയതാണിത്, എന്നാല്‍ അദ്ദേഹത്തിന്‍റെ മരണസമയത്ത് 24.5 മീറ്റർ വരെയെ പണിതു തീര്‍ന്നിരുന്നുള്ളൂ.

സമുച്ചയത്തിനകത്തുള്ള പള്ളി ഖില്‍ജി  ഇരട്ടി വലുപ്പത്തില്‍  പുതുക്കി പണിതിരുന്നു. അതിനു ആനുപാതികമായി മിനാരവും ഇരട്ടി വലുപ്പത്തില്‍ പുതുക്കി പണിയാനാണ് അദ്ദേഹം കരുതിയിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷമാണ് പണിതീരാത്ത മിനാരത്തിന് അലൈമിനാര്‍ എന്ന പേര് നല്‍കിയത്.   ഖുവ്വത്തുൾ ഇസ്ലാം മോസ്ക് എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം പള്ളിയും ഇതിനകത്താണ്.  അലൈ ദര്‍വാസ എന്ന പേരില്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തെക്കുവശത്ത് ഒരു കവാടം പണിതിട്ടുണ്ട്. രജപുത്രരെ തോല്പിച്ചത് ആഘോഷിക്കാന്‍  വേണ്ടി പണിതുടങ്ങിയതാണ് ഖുത്ബ് സമുച്ചയം.  രജപുത്രരുടെ ശേഷിപ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന കൊത്തുപണികള്‍ ചിലയിടങ്ങളില്‍ കാണാമായിരുന്നു.








ഖുത്ബ് മിനാറില്‍ നിന്നിറങ്ങിയപ്പോള്‍ സമയം നാലുമണി ആകുന്നതെ ഉള്ളൂ. ഇനിയും രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞേ സൂഫി സംഗീതത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞുചേരാന്‍ നിസാമുദ്ദീന്‍ ദര്‍ഗയിലെത്തിയിട്ട് കാര്യമുള്ളൂ. വ്യാഴാഴ്ചകളില്‍ മാത്രമേ ദര്‍ഗയില്‍ സൂഫി സംഗീതം കേള്‍ക്കാന്‍ കഴിയൂ. മറ്റെവിടെ എങ്കിലും പോകാം എന്ന് വെച്ചാല്‍ അതിനുള്ള സമയം ഇല്ല താനും. ആ സമയം ഡല്‍ഹി നഗരത്തിനെ അടുത്തറിഞ്ഞ്‌ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ കാറില്‍ പ്രദക്ഷിണം വെച്ചു.

സന്ധ്യാപ്രാര്‍ത്ഥനക്ക് (മഗ്രിബ് നമസ്കാരം) ശേഷമേ ദര്‍ഗയില്‍ സൂഫി സംഗീതത്തിന്‍റെ അലയടികള്‍ ഉയരുകയുള്ളൂ. ആറര മണിയോടെ ഞങ്ങള്‍ ഹസ്രത്ത് നിസമുദ്ദീനില്‍ എത്തി. റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകത്തേക്ക് നടന്നു വേണം ദര്‍ഗയില്‍ എത്താന്‍ വ്യാഴാഴ്ച്ച ആയതുകൊണ്ടാവണം റോഡില്‍ സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നു. അതിനിടയിലൂടെ സാഹസികരായ ബൈക്ക് യാത്രികരും കടന്നുപോകുന്നുണ്ടായിരുന്നു. തിരക്കിലൂടെ ഞങ്ങളും നടന്നു.

ആദ്യമായാണ് വിയയും കിരണും സൂഫി നിസ്സാമുദ്ദീൻ ഔലിയയുടെ കബറിടമുള്ള ദര്‍ഗയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ അവിടേക്ക് മറ്റുമതസ്ഥര്‍ക്ക് പ്രവേശനമുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ചെരുപ്പിന് മാത്രമേ അവിടേക്ക് വിലക്കുണ്ടായിരുന്നുള്ളൂ. പോകെ പോകെ റോഡിന്‍റെ വീതി കുറഞ്ഞു വന്നു. രണ്ടോമൂന്നോ പേര്‍ക്ക് നടന്നുപോകാനുള്ള  വീതിയേ ഉള്ളൂ.. ചുറ്റിലും കച്ചവടക്കാരുടെ തിരക്ക്. ദര്‍ഗയില്‍ അര്‍പിക്കാനുള്ള പൂക്കളും മറ്റു വസ്തുക്കളും വില്‍ക്കുന്ന കടകളാണധികവും. ചെരുപ്പ് സൂക്ഷിക്കാന്‍ മാത്രം ഉള്ള സ്ഥലങ്ങളും കാണാം.

ചെരുപ്പ് ഒരിടത്ത് സൂക്ഷിക്കാന്‍ ഏല്പിച്ചു, അവിടുത്തെ ആചാരപ്രകാരമുള്ള നിവേദ്യ വസ്തുക്കളും വാങ്ങി തിരക്കിലൊരു ഭാഗമായി ഞങ്ങളും ദര്‍ഗക്കകത്തു കടന്നു. ഖവ്വാലി സംഗീതത്തിന്‍റെ ഒരു മാസ്മരിക ലോകമായിരുന്നു അത്.


സൂഫി സംഗീതവും ആസ്വാദിച്ച് മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി.  ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയായ കവ്വാലിക്ക് 700-ല്‍ പരം വര്‍ഷത്തെ പാരമ്പര്യം പറയാനുണ്ട്.  എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത റോക്ക്സ്റ്റാര്‍ എന്ന സിനിമയിലെ കുന്‍ ഫയ കുന്‍ എന്ന ഗാനം ചിത്രീകരിച്ചത് ഈ ദര്‍ഗയില്‍ വെച്ചാണ്‌.
സുല്‍ത്താനുല്‍ മശൈഖ്, മെഹബൂബില്ലാഹി , ഹസ്രത്ത് ഷേഇഖ് ഖാജ സയിദ് മുഹമ്മദ്‌ നിസാമുദ്ദീന്‍ ഔലിയ എന്ന സൂഫി വര്യന്‍റെ പേരിലാണ് പ്രസിദ്ദമായ ഈ ദര്‍ഗ അറിയപ്പെടുന്നത്.
സൂഫി സംഗീതത്തില്‍ നിന്നും പതുക്കെ പുറത്ത് കടന്നു നഗരത്തിന്‍റെ തിരക്കുപിടിച്ച  ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.

തുടരും.....
ഉത്തരേന്ത്യയിലൂടെ  Part-II