വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Tuesday, 24 September 2013

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - III

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - II

എട്ടുമണിക്ക് തന്നെ ഞങ്ങള്‍ ക്യാമ്പ്‌ സൈററ്റില്‍ നിന്നിറങ്ങി. തുടക്കത്തില്‍ തന്നെ കയറ്റമാണ്. കുത്തനെയുള്ള കയറ്റങ്ങലോട് കൂടിയ നിബിഡമായ വനത്തിലൂടെയാണ് ഇന്നത്തെ ട്രെക്കിംഗ്... കുറച്ചു കയറിയപ്പോള്‍ തന്നെ എല്ലാവരും വിയര്‍ക്കാനും കിതക്കാനും തുടങ്ങി. സൂര്യന്‍റെ രശ്മികള്‍ താഴെ എത്തുന്നു പോലുമില്ല, എങ്കിലും കഷ്ടപ്പെട്ടുള്ള കയറ്റം എല്ലാവരെയും തളര്‍ത്തി. എണ്ണായിരത്തി അഞ്ഞൂറ് അടി ഉയരത്തിലുള്ള  ഗല്‍കിതച്ചില്‍ നിന്ന് ഒന്‍പതിനായിരത്തി എണ്ണൂറ് അടിയില്‍ സ്ഥിതിചെയ്യുന്ന ഖോരതച്ചിലേക്കാണ് ഇന്നത്തെ യാത്ര. ആവശ്യത്തിനു വിശ്രമിക്കാന്‍ സമയം നല്‍കി കൊണ്ടുള്ള ക്രമീകരണം ആയതിനാല്‍ ട്രെക്കിംഗ് എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു. സമയം ആവോളം കൈവശം ഉള്ളതിനാല്‍ യാത്ര വളരെ പതുക്കെ ആയിരുന്നു.. ആവശ്യത്തിനു വിശ്രമിച്ചു കൊണ്ട് തന്നെ.



ഏഴു കിലോമീറ്ററിലധികം വരും ഇന്നത്തെ യാത്ര. ഇന്നലെത്തെ പോലെ തന്നെ രണ്ടു വിശ്രമ സ്ഥലങ്ങള്‍ വഴിയില്‍ ക്രമീകരിച്ചിട്ടുണ്ട്... ഗല്‍കിതച്ചില്‍ കാന്‍റീന്‍ നടത്തിയിരുന്നവര്‍ തന്നെയാണ് ആദ്യത്തെ ടീ പോയിന്‍റില്‍ ഉണ്ടായിരുന്നത്.. ഞങ്ങള്‍ക്ക് മുന്‍പേ അവര്‍ മല കയറി അവിടെ എത്തിയിട്ടുണ്ട്.  നിശ്ചയിച്ചിട്ടുള്ള ഇടങ്ങളെ കൂടാതെ ഒന്ന് രണ്ടിടങ്ങളില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു. വഴിയില്‍ എല്ലായിടങ്ങളിലും വഴി കാണിക്കാനുള്ള ചിഹ്നങ്ങള്‍ വരച്ചു വെച്ചിട്ടുണ്ട്... എന്നിട്ടും ഇടയ്ക്കു വെച്ച് ഞങ്ങള്‍ക്ക് വഴി തെറ്റി.. ഇന്നലത്തെ പോലെ തന്നെ, എല്ലാവര്‍ക്കും പിറകിലയാണ് ഞങ്ങള്‍ നടന്നിരുന്നത്... ഇന്നലത്തേതിനു വിപരീതമായി, നാഗരികതയുടെ യാതൊരു കടന്നു കയറ്റവും ഇല്ലാത്ത വഴികളിലൂടെയാണ് ഞങ്ങള്‍ ഇന്ന് യാത്ര ചെയ്തിരുന്നത്. താല്‍ക്കാലികമായി നിര്‍മിച്ച ചായക്കടകള്‍ ഒഴിവാക്കിയാല്‍ മനുഷ്യ നിര്‍മിതമായ ഒന്നും തന്നെ ഈ വഴികളില്‍ ഇല്ലായിരുന്നു.
 ഉണങ്ങി വീഴുന്ന മരങ്ങള്‍ വരെ അവിടെ അഴുകി ചേരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് ആ നാട്ടിലെ ജനങ്ങളുടെ കൂടെ സഹകരണം കൊണ്ടാണ്..


ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന കുരങ്ങച്ചാര്‍
വഴിയില്‍ ഒരിടത്ത് പാറയില്‍ ഇനിയുള്ള വഴിയില്‍ വെള്ളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നു. കയ്യിലുള്ള കുപ്പികളില്‍ അടുത്തുള്ള  നീര്‍ച്ചാലില്‍ നിന്ന് വെള്ളം ശേഖരിച്ചു. ഇനി ക്യാമ്പിലെ വെള്ളം കിട്ടൂ.

മൂന്നുമണിയോടെ ഞങ്ങള്‍ ഖോരതച്ചിലെത്തി.  സ്വാഗതമോതി ക്യാമ്പ്‌ ലീഡര്‍ ഞങ്ങളെ കാത്ത് നിന്നിരുന്നു. എത്തിയ ഉടനെ കുടിക്കാന്‍ ഞങ്ങള്‍ക്ക് ലിച്ചി ജ്യൂസ്‌ തന്നു. ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ട് എന്നുറപ്പ് വരുത്താന്‍ കൂടിയാണിത്.  ഭക്ഷണ സമയവും മറ്റും കഴിഞ്ഞ ദിവസം പോലെ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.


ക്യാമ്പ്‌ ലീഡറോടൊപ്പം
രാത്രിക്ക് മുന്‍പ് ചുറ്റിലും കാണാന്‍ ഒരുപാട് ഉണ്ട്. ഞങ്ങള്‍ അതെല്ലാം ചുറ്റി നടന്നു കണ്ടു.  ദൂരേക്ക് പോകരുതെന്നും കരടി ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും ജൈസല്‍മീര്‍ സ്വദേശി ആയ ക്യാമ്പ്‌ ലീഡര്‍ പറഞ്ഞു.


ഖോരതച്ച്
ക്യാമ്പിനു അടുത്ത് തന്നെ രണ്ടു കാന്‍റീനുകള്‍ ഉണ്ടായിരുന്നു. രാത്രി വൈകും വരെ കാന്‍റീനിലെ അടുപ്പിനു സമീപം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഡിസംബറില്‍  ജൈസല്‍മേറില്‍ YHAI കുടുംബങ്ങള്‍ക്ക് വേണ്ടി മരുഭൂമിയില്‍ ക്യാമ്പിംഗ് നടത്തുനുണ്ട്, അതിലേക്ക് ഞങ്ങളെ ക്ഷണിക്കാനും ലീഡര്‍ മറന്നില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, പ്രഭാത കൃത്യങ്ങള്‍ ചെയ്തു തീര്‍ത്തു പ്രാതല്‍ കഴിക്കാന്‍ ഒരുങ്ങുമ്പോളേക്കും  മഴയെത്തി. അരമണിക്കൂറോളം എങ്ങോട്ടും അനങ്ങാന്‍ പറ്റാത്ത വിധം ഞങ്ങള്‍ കുടുങ്ങിപ്പോയി. മഴ വരുമ്പോള്‍ ഞങ്ങള്‍ അടുക്കളക്ക് സമീപം നില്‍ക്കുകയായിരുന്നു.  മഴ നനയാതിരിക്കാന്‍ ഇറയത്തു കയറി നിന്നു, അത് വിനയായി. ആദ്യം തുള്ളിയിട്ടു തുടങ്ങിയ മഴ പിന്നീട് ശക്തി പ്രാപിച്ചു. തിരിച്ചു ടെന്റിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. മഴയൊന്നു മാറിയപ്പോള്‍ ഞങ്ങള്‍ ടെന്റിലേക്ക് ഓടി.  ക്യാമ്പില്‍ നിന്നു ഇറങ്ങാന്‍ നേരം വീണ്ടും മഴയെത്തി. എല്ലാവരും കയ്യില്‍  കരുതിയിരുന്ന മഴക്കോട്ടെടുത്ത് ധരിച്ചു.


ക്യാമറ  മഴ നനയാതിരിക്കാന്‍ ബാഗില്‍ എടുത്ത് വച്ചു. ചാറ്റല്‍മഴയില്‍ കുതിര്‍ന്ന്‍ ഞങ്ങള്‍ നടത്തം തുടങ്ങി. മുന്നോട്ടുള്ള കാഴ്ച പരിമിതമാണ്. മഴ പെയ്തതോടെ മുഴുവന്‍ കോടമഞ്ഞില്‍ പുതഞ്ഞു നില്‍ക്കുകയാണ് പ്രകൃതി.

പെട്ടെന്ന് തന്നെ തണുപ്പും കൂടിയപോലെ.  ഇന്നത്തെ ട്രെക്കിംഗ് ആണ് ഏറ്റവും കുറവ്. നാലു കിലോമീറ്ററില്‍ താഴെ മാത്രമേയുള്ളൂ യാത്ര. ആയിരത്തി മുന്നൂറോളം മീറ്റര്‍ കയറ്റമേ ഉള്ളൂ എന്ന് ചുരുക്കം.

പച്ചപ്പ്‌ പുതച്ച താഴ്വരകളും കുന്നുകളും കടന്നായിരുന്നു യാത്ര. ഒരുപാടിടങ്ങളില്‍ വിശ്രമിച്ചും ഫോട്ടോകള്‍ എടുത്തുമായിരുന്നു ഇന്നത്തെയും സഞ്ചാരം.  തമാശകള്‍ പറഞ്ഞും  പരസ്പരം കളിയാക്കിയും ഞങ്ങള്‍ യാത്ര രസകരമാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരും തമ്മില്‍ നല്ലൊരു സുഹൃത്ത് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിനാലാണിത്.  അനുവദിച്ച സമയമായ മൂന്നുമണിക്ക് തന്നെ ഞങ്ങള്‍ സിര്‍മിയില്‍ എത്തി.
sirmi
ഉയരത്തിലേക്ക് എത്തും തോറും ഇരുട്ട് നേരത്തെ എത്തുന്നതിനാല്‍ അത്താഴ സമയവും നേരത്തെയായി, അതുകൊണ്ട് തന്നെ ക്ഷീണം തീര്‍ക്കാനുള്ള പാനീയവും ചായയും അടുത്തടുത്ത് തന്നെ വിതരണം ചെയ്തു. തട്ടുകളിലായി സ്ഥിധി ചെയ്യുന്ന സ്ഥലമാണ് സിര്‍മി.  അകലെ നിന്നെന്നപോലെ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേള്‍ക്കാം.
കരടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അത് കൊണ്ട് ആ വഴി പോകരുതെന്ന്‍ മുന്നറിയിപ്പ് കിട്ടി. എങ്കിലും ദൂരെ നിന്നെങ്കിലും എനിക്കത് കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. ഞാനും ശ്രീനിയും, കൊളെനും അതിനു കുറച്ചെങ്കിലും അടുത്ത് വരെ പോകുകയും ചെയ്തു.
ഐസില്‍ പുതഞ്ഞു കിടക്കുന്ന നീര്‍ചോലയും വെള്ളച്ചാട്ടവും.


രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നു, തിലലോട്നിയാണ് ലക്ഷ്യ സ്ഥാനം. 12500അടി ഉയരത്തിലാണ് ഇത്. ഏകദേശം  ആറു കിലോമീറ്റര്‍ ദൂരം, നാലു മണിക്കൂര്‍വരെ എടുക്കും ഇന്നത്തെ ട്രെക്കിംഗ്.  തുടക്കത്തില്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കയറി വേണം പോകാന്‍. പിന്നെ ചെറിയ കുന്നുകളും താഴ്വരകളും താണ്ടിയും. മനോഹരമായ കാഴ്ചകള്‍ ചുറ്റിലും.  മഞ്ഞു മൂടിക്കിടക്കുന്ന കുന്നുകള്‍ ഞങ്ങള്‍ നടക്കുന്ന വഴിയില്‍ അധികം മഞ്ഞില്ല. ഞങ്ങള്‍ക്ക് മുന്‍പേ കടന്നുപോയവര്‍ക്ക്  ഒരുപക്ഷെ മഞ്ഞിലൂടെ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിരിക്കണം. പല തരത്തിലുള്ള പുഷ്പങ്ങള്‍ ചുറ്റിലും നില്‍ക്കുന്നു. അതിനടിയിലൂടെയാണ്  വഴി.  യാത്രയില്‍ ആദ്യമായി ഉയരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലരെയും ബാധിച്ചു തുടങ്ങി. (altitude sickness)



പ്രത്യേകിച്ചും ഉച്ച ഭക്ഷണത്തിനു ശേഷമുള്ള നടത്തം. വായുവില്‍ ഓക്സിജന്‍റെ അളവ് നന്നേ കുറവുള്ള പോലെ. അവസാനത്തെ കയറ്റം എല്ലാവരും ആയാസപ്പെട്ടു തന്നെയാണ് പൂര്‍ത്തിയാക്കിയത്.  കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് തന്നെ ക്യാമ്പില്‍ എത്തേണ്ടതുണ്ടെന്ന്‍ ഗൈഡ് ഞങ്ങളെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു.







ക്യാമ്പിലെത്തി കുറച്ച് കഴിഞ്ഞതും, ഗൈഡ് പറഞ്ഞത് പോലെ തന്നെ മഴയെത്തി. മഴയെന്നു പറഞ്ഞാല്‍ ചറപറാ ആലിപ്പഴം വീഴ്ച. ഐസിന്‍റെ വലിയ കഷണങ്ങള്‍ വീണു കൊണ്ടിരിന്നു. അരമണിക്കൂറോളം അത് തുടര്‍ന്നു. അവിടവിടെ കണ്ടിരുന്ന പച്ചപ്പെല്ലാം ഐസില്‍ മൂടി.  ഒരു വിധം ടെന്റുകളില്‍ എല്ലാം വെള്ളം കയറി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ടെന്റ് ഭാഗികമായി തകര്‍ന്നു.  ക്യാമ്പില്‍ ഉണ്ടായിരുന്ന ഗൈഡും ബാക്കിയുള്ളവരും ചേര്‍ന്ന് ഒന്ന് രണ്ടു മണിക്കൂര്‍ എടുത്താണ് രാത്രി അവര്‍ക്ക് അതില്‍ തങ്ങാന്‍ കഴിയും വിധം ആക്കി എടുത്തത്.




ചായയും അത്താഴവും എല്ലാം ഒരുമിച്ചു തന്നെ വിളമ്പേണ്ടിയും വന്നു.  ഇരുട്ട് പരന്നിരുന്നു അപ്പോഴേക്കും. തണുപ്പ് അതിന്‍റെ പാര്യമതയില്‍ നില്‍ക്കുന്നു.. തണുപ്പിനെ പ്രധിരോധിക്കാന്‍ എല്ലാവരും രോമക്കുപ്പായവും കമ്പിളി സോക്സും ധരിച്ചിട്ടുണ്ട്.

 നാളെയാണ് ഏറ്റവും ദീര്‍ഘമേറിയ ട്രെക്കിംഗ്.  സര്‍പാസ്‌  മുറിച്ചു കടക്കുന്ന ദിവസം.  നാലുമണിക്ക് എഴുന്നേറ്റാല്‍ മാത്രമേ യാത്ര നടക്കൂ. എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി, അത്രക്ക് ക്ഷീണം ഉണ്ടായിരുന്നു.

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - IV


2 comments:

  1. vegam onn murich kadakk.. :P

    ReplyDelete
  2. വായിച്ചു.അടിപൊളി.കൂടെ വന്നത്‌ പോലെ.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D