വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Tuesday, 10 September 2013

SAR പാസ് ട്രെക്കിംഗ് - ii


എട്ടുമണിയോടെ ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത് എല്ലാവരും കസോള്‍ ക്യാമ്പിനോട് തല്‍ക്കാലം വിട പറയാന്‍ തയ്യാറെടുത്തു. തലേന്ന് തന്നെ ആവശ്യമുള്ളതെല്ലാം ബാക്ക് പാക്കില്‍ കുത്തി നിറച്ചിരുന്നു. തണുപ്പിനെ പ്രധിരോധിക്കാനുള്ള വസ്ത്രങ്ങള്‍ മുതല്‍ ചായ കുടിക്കാനുള്ള ഗ്ലാസ്‌ വരെ. യാത്രയപ്പ് നല്‍കാന്‍ ക്യാമ്പ്‌ ലീഡര്‍ ചൌഹാന്‍ അടക്കം എല്ലാവരും ഉണ്ടായിരുന്നു. പരിസ്ഥിതിക്ക് ഒരുതരത്തിലുള്ള കോട്ടവും വരുത്താതെയുള്ള ട്രെക്കിംഗ് ആയിരിക്കും ഞങ്ങള്‍ നടത്തുക എന്ന് പ്രതിക്ഞ എടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു വരിവരിയായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. 
ഇനി ബസ് കാത്തുള്ള നില്പാണ്, YHAI വക ബസ് വരുമെന്നൊന്നും പ്രതീക്ഷിക്കണ്ട; ലൈന്‍ ബസ് തന്നെ.  ബസ് നിന്നതും രണ്ടുപേര്‍ ബസിനു മുകളില്‍ വലിഞ്ഞുകയറി ഓരോരുത്തരുടെയായി ബാഗു മുകളില്‍ അടുക്കി വെച്ചു. ബസിനകത്തു സാമാന്യം തിരക്കുണ്ട്, ഞങ്ങള്‍ നാല്പത്തി രണ്ടു പേരുകൂടി ആയപ്പോള്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധമായി. ബസില്‍ കയറിയ ഉടനെ ഒരുത്തന്‍ മുദ്രാവാക്യം തുടങ്ങി, "വിനോദ് ഞങ്ങളുടെ നേതാവ്, എല്ലാരുടെയും ടിക്കറ്റ്‌ എടുക്കുന്നതാണ്". തിരിച്ചു ക്യാമ്പിലെത്തി ടിക്കറ്റ്‌ കൊടുത്താല്‍ ലീഡര്‍ക്ക് പണം തിരിച്ച് കിട്ടും. കുറച്ചു നേരത്തിനകം രണ്ടു ഗ്രൂപ്പ്‌ ആയി തിരിഞ്ഞ് അന്താക്ഷരി തുടങ്ങി, ഘടിഗത്തില്‍ എത്തും വരെ അത് നീണ്ടു. ദുര്‍ഘടം പിടിച്ച ആ യാത്ര ഒരുമണിക്കൂറില്‍ അധികം എടുത്തു. ഘടിഗത്തില്‍ ഞങ്ങളെ കാത്ത് ഗൈഡ് നിന്നിരുന്നു. അന്നാട്ടുകാരന്‍  തന്നെയാണ് ഗൈഡ്, അവിടെ ഒരാള്‍ കുത്തി നടക്കാന്‍ ഉള്ള വടി വില്‍ക്കാന്‍ ഇരുന്നിരുന്നു.. ഒരറ്റം കൂര്‍പിച്ച ഒരു വടി, പത്തുരൂപയാണ് ഒന്നിന്‍റെ വില. വേണ്ടവര്‍ക്ക് വാങ്ങാം, വില്‍ക്കുന്നവന്‍റെ അരിപ്രശ്നമാണ് ഗൈഡ് തമാശ രൂപേണ പറഞ്ഞു. പത്തിരുപത് പേര്‍ അയാളുടെ കയ്യില്‍ നിന്നും വടി വാങ്ങി. ഗൈഡിന് പിറകില്‍ വരിവരിയായി ഞങ്ങള്‍ നടന്നു തുടങ്ങി.  കുത്തനെയുള്ള ഇറക്കമാണ്. ചിലര്‍ വേഗത്തില്‍ ഇറങ്ങി ഉപനേതാവ് കോളന്‍ ആണ് ഏറ്റവും പിറകില്‍, ആരും പിറകിലാവുന്നില്ല എന്നുറപ്പ് വരുത്താന്‍ വേണ്ടിയാണ് അത്. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത് കാരണം അഖില പതുക്കെയാണ് നടക്കുന്നത്, വൃന്ദയാണ് കൂട്ടത്തില്‍ ഏറ്റവും പതുക്കെ നടക്കുന്നവള്‍

 കുറച്ചു നടന്നപ്പോള്‍ തന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി, കോളനു പറ്റിയ പണി തന്നെയാണ് കിട്ടിയിട്ടുള്ളത്, എങ്ങനെ ആയാലും അവന്‍ ഏറ്റവും പിറകിലെ എത്തൂ, വഴിയിലുള്ള അപ്പയോടും കുറുന്തോട്ടിയോടും വരെ സംസാരിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തുമാണ് അവന്‍റെ നടപ്പ്. ഫോട്ടോ എടുക്കാനുള്ള സൌകര്യം പരിഗണിച്ച് ഞാനും പതുക്കെയാണ് നടക്കുന്നത്.  വഴിയില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ നില്‍പുണ്ടായിരുന്നു, ബാഗ്‌ ചുമക്കുന്നതിന് സഹായിക്കാമെന്ന് അവര്‍ പലരും ഞങ്ങളോട് പറഞ്ഞു. ആരും അതിനു മുതിര്‍ന്നില്ല. പോര്‍ട്ടര്‍മാരെ ഉപയോഗിക്കരുതെന്ന്‍ നേരത്തെ തന്നെ നിര്‍ദേശം കിട്ടിയിരുന്നു താനും.വഴി നേരെ ഇറങ്ങി ചെല്ലുന്നത് ഒരു ചെറിയ പുഴയിലേക്കാണ്. അതിനു കുറുകെ കടക്കുന്നതിനു ഇടുങ്ങിയ ഒരു പാലമുണ്ട്, മരപ്പലകകള്‍ പാകിയ ഒരു ഇരുമ്പ് പാലം. പാലത്തിനു നടുവില്‍ നിന്ന് എല്ലാവരും പുഴയുടെ സൌന്ദര്യത്തെ ക്യാമറയിലേക്ക്  പകര്‍ത്തി, ഞാനും അതിനു കുറവ് വരുത്തിയില്ല.

പുഴക്കപ്പുറം കാട്ടുവഴിയാണെന്ന്  തോന്നിക്കുമെങ്കിലും ഒരു ഗ്രാമം കൂടി കടന്നു വേണം ഞങ്ങള്‍ക്ക് പോകാന്‍... . ശില എന്നാണ്  ഗ്രാമം അറിയപ്പെടുന്നത്.







 പേര് പോലെ തന്നെ ശിലകള്‍ നിറഞ്ഞ ഒരു ഗ്രാമം. ഞങ്ങളുടെ വഴിയില്‍ ആള്‍ താമസം ഉള്ള അവസാന ഇടം. ഒരു ദിവസത്തെ ട്രെക്കിംഗില്‍ രണ്ടു മൂന്നിടത്ത് ഞങ്ങള്‍ വിശ്രമിക്കും, ചായകുടിക്കാനും ഉച്ച ഭക്ഷണം കഴിക്കാനും മറ്റുമാകും ഇത്. ശില ഗ്രാമത്തിലെ ഒരു ചെറിയ വീടിനു അരികെയാണ് ആദ്യത്തെ ടീ പോയിന്റ്‌.
ചായക്കട
ചായക്കട ഒന്നുമല്ല അത്, ഒരുമാസം നീളുന്ന ട്രെക്കിഗ് മുന്‍നിര്‍ത്തിയാണ് താല്‍ക്കാലികമായി അവരിത് ചെയ്യുന്നത്. രണ്ടു നില വീടിനു ഒരു വശത്ത് ടാര്‍പായ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുന്നു. വേണ്ടവര്‍ക്ക് അവിടെ ഇരിക്കാം.



ചായയും ജ്യുസും ബിസ്ക്കറ്റും ഒക്കെ കിട്ടും, വേണ്ടവര്‍ക്ക് പൈസ കൊടുത്ത് വാങ്ങി കഴിക്കാം, ഞാന്‍ പൈസ കൊടുക്കുമെന്ന്‍ കരുതണ്ട, വിനോദ്  മുന്‍‌കൂര്‍ ജാമ്യം എടുത്തു.
ശില ഗാവ്

പത്തു-പതിനഞ്ച് മിനിറ്റ് വിശ്രമിച് വീണ്ടും നടത്തം തുടര്‍ന്നു.

ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞു ഞങ്ങള്‍ ലഞ്ച് പോയിന്റ്‌ ഇല്‍ എത്തി. ഒരു ചെറിയ ഉറവക്ക് സമീമാണ് ലഞ്ച് പോയിന്റ്‌ ക്രമീകരിച്ചിരിക്കുന്നത്.

ഹിമാച്ചലി അമ്മൂമ
അതിനടുത്ത് തന്നെ രണ്ടു ചായക്കടകള്‍ ഗ്രാമീണര്‍ താല്‍കാലികമായി നിര്‍മിച്ചിട്ടുണ്ട്. ചായ, മാഗി, ഓംലെറ്റ്‌ തുടങ്ങിയവ വേണ്ടവര്‍ക്ക് വാങ്ങി കഴിക്കാം. ക്യാമ്പ്‌ ഗല്‍കിതാച്ചിലേക്ക് ഇവിടുന്ന് കഷ്ടി ഒരു മണിക്കൂര്‍ നടക്കാനേ ഉള്ളൂ, ഗൈഡ് പറഞ്ഞു. ഒരു അമ്മൂമ്മയും മകളുമാണ് ആ കട നടത്തിയിരുന്നത്. ശില ഗ്രാമത്തില്‍നിന്ന് ഉള്ളവരനാണ് അവര്‍. !അവരുമായി നാട്ടു വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കെ, നാടന്‍ പാട്ടു പാടിതരാമോ എന്ന് ശ്രീനി ചോദിച്ചു. ഹിന്ദി പാട്ടു പാടി കൊടുത്താല്‍ പകരം നാടന്‍ പാട്ടു പാടാമെന്നായി അമ്മൂമ.  ഞങ്ങളത് സമ്മതിച്ചു.  അതിനു പകരമായി അവര്‍ ഞങ്ങള്‍ക്കൊരു പാട്ടു പാടി തന്നു.


രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞു കാണും ഞങ്ങള്‍ ലഞ്ച്പോയിന്‍റിനോട് വിട പറയുമ്പോള്‍..,.

പണി തീരാത്ത ജല വൈദ്യുത പദ്ധതിയുടെ ശേഷിപ്പുകള്‍
പാതി വഴിയില്‍ ഉപേക്ഷിപ്പെട്ട നിലയില്‍ കിടക്കുന്ന പാര്‍വതി ഹൈഡ്രോ ഇലക്ട്രിക്‌ പദ്ധതിയുടെ അരികിലൂടെ ആയിരുന്നു പിന്നീടുള്ള വഴി. ടണല്‍ നിര്‍മാണത്തിന് വേണ്ടി കൊണ്ടുവന്നതായിരിക്കണം അവിടെ തുരുമ്പെടുത്ത് ഉപേക്ഷിപ്പെട്ട നിലയില്‍ കിടക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും.  ഇനിയൊരു പത്തുമിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ ക്യാമ്പിലേക്ക്, ഗൈഡ് ഞങ്ങളോടായി പറഞ്ഞു. നാലുമണിയോടെ അവിടെ എത്തിയാല്‍ മതി, പ്രത്യേകിച്ചൊന്നും അവിടെ ചെന്നിട്ട് ചെയ്യാനില്ല എന്നറിയാവുന്നത്കൊണ്ട് കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞിട്ടാവം ഇനി യാത്രയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ചെറിയതെങ്കിലും ഭംഗിയുള്ള വെള്ളച്ചാട്ടത്തിനു അരികിലായിരുന്നു ഞങ്ങളപ്പോള്‍.


നാലുമണിയോടടുത്ത് ഞങ്ങള്‍ യൂത്ത് ഹോസ്റ്റല്‍ ഗല്‍കിതച്ചിലെത്തി. ഞങ്ങളെ കാത്തു ക്യാമ്പ്‌ ലീഡര്‍ നില്പുണ്ടായിരുന്നു. കുടിക്കാന്‍ ശീതളപാനീയം നല്‍കി ഞങ്ങളെ സ്വീകരിച്ചു. കാടിനോട് ചേര്‍ന്നാണ് ക്യാമ്പ്‌ ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റ് സ്ത്രീകള്‍ക്കും നാലു ടെന്റ് പുരുഷന്മാര്‍ക്കും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇനിയുള്ള എല്ലാ ക്യാമ്പ്‌ സൈറ്റിലും അതങ്ങനെ തന്നെ ആയിരിയ്ക്കും.ക്യാമ്പ്‌ ലീഡര്‍ക്ക് ഒരു ടെന്റ് ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കായി മറ്റൊരെണ്ണം,
സാധങ്ങള്‍ സൂക്ഷിക്കുന്നതിന് ഇനിയൊരെണ്ണം. പിന്നെ ഒരെണ്ണം അടുക്കള. ഇതാണ് ഇവിടുത്തെ  സജ്ജീകരണങ്ങള്‍.  ക്യാമ്പിനു അരികിലൂടെ ചെറിയ ഉറവ ഒഴുകുന്നുണ്ട്, അതില്‍നിന്നും ഒരു പ്ലാസ്റ്റിക്‌ പൈപ്പ് വഴി വെള്ളം ക്യാമ്പിലേക്ക് എത്തിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയായി കക്കൂസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.. വിശാലമായി കാട് ചുറ്റിലും കിടക്കുന്നതിനാല്‍ മിക്കവാറും ആര്‍ക്കും അതിന്‍റെ ആവശ്യം വന്നില്ല. കസോളിലെ കാമ്പില്‍ ഉണ്ടായിരുന്നവര്‍ തന്നെ ആയിരുന്നു ഞങ്ങളുടെ ടെന്റില്‍, യാത്രയുടെ അവസാനം വരെ ഞങ്ങള്‍ അതിനു മാറ്റം വരുത്തിയില്ലതാനും. ബാഗെല്ലാം ടെന്റിനകത്ത് വെച്ച് ഞങ്ങള്‍ പുറത്തിറങ്ങി.
അഞ്ചുമണിയോടെ ചായ കുടിക്കാനുള്ള ചൂളം മുഴങ്ങി. എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതിനു അതായിരുന്നു ഉപയോഗിച്ചിരുന്നത്. ക്യാമ്പില്‍ എവിടെയും ഞങ്ങള്‍ക്ക് സഞ്ചരിക്കാം. ഓരോന്നിനും നിഴ്ചയിച്ചിട്ടുള്ള സമയത്തിന് എത്തിയിരിക്കണം. ഇല്ലെങ്കില്‍ ഭക്ഷണവും മറ്റും കിട്ടാതെ വരും. ഇനി ആറുമണി വരെ ഞങ്ങള്‍ സര്‍വസ്വതന്ത്രരാണ്. ക്യാമ്പിനു പുറകിലുള്ള കാട്ടിലൂടെ കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. ക്യാമ്പിനു മുന്നിലൂടെ ജല വൈദ്യുത പദ്ധതിക്കായി നിര്‍മിച്ചിട്ടുള്ള വഴി കടന്നുപോകുന്നതിനാല്‍ കാടിന്‍റെ പ്രതീതി ഒട്ടും തന്നെ ഇല്ലായിരുന്നു.  മുകളില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ താഴെ വലിയ പാറകള്‍ അത് കൊണ്ട് തന്നെ കാടിനു തീരെ നിബിഡതയില്ലായിരുന്നു. ആറുമണിയോടെ തിരിച്ചു ഞങ്ങള്‍ ക്യാമ്പിലെത്തി, ഉറങ്ങാനുള്ള സഞ്ചി (സ്ലീപിംഗ് ബാഗ്‌ ) കരസ്ഥമാക്കി. ആറരയോടെ രാത്രി ഭക്ഷണം വിതരണം ചെയ്യും.  വെളിച്ചം നല്‍കാന്‍ സൂര്യന്‍ അല്ലാതെ മറ്റു ഉപാധികള്‍ ഒന്നുമില്ലാത്തതിനാല്‍ ഇരുട്ടുന്നതിനു മുന്‍പ്‌ അത്താഴം കഴിച്ചിരിക്കണം. രാത്രി എട്ടുമണിക്ക് ബോണ്‍വിറ്റ  കുടിച്ചു ഉറങ്ങാന്‍ കിടക്കും. രാവിലെ ആറുമണിക്ക് ചായ കിട്ടും, ഏഴുമണിയോടെ പ്രാതലും. ഏഴരക്ക് ഉച്ചഭക്ഷണം പൊതിഞ്ഞെടുക്കണം. സ്ലീപിംഗ് ബാഗും പുതപ്പും തിരിച്ചു കൊടുത്ത് ടെന്റ് വൃത്തിയാക്കി  എട്ടുമണിക്ക് ക്യാമ്പില്‍ നിന്നും യാത്ര തുടരും. എല്ലാ ടെന്റുകളിലും ചര്യകള്‍ ഇതായിരിക്കുമെങ്കിലും  സമയക്രമത്തില്‍ ചെറിയ വെത്യാസങ്ങള്‍ കാണും.

അത്താഴത്തിനു ശേഷം ഞങ്ങള്‍ ഏല്ലാവരും ഒരുമിച്ചു കൂടി ബസില്‍ വെച്ച് നിര്‍ത്തിയ അന്താക്ഷരി പുനരാരംഭിച്ചു.  ബോണ്‍വിറ്റ സമയം വരെ അത് നീണ്ടു. ടെന്റില്‍ തിരിച്ചെത്തി സ്ലീപിംഗ് ബാഗിനകത്തേക്ക് ഏല്ലാവരും കയറിക്കൂടി. രാത്രി ആയതോടെ തണുപ്പിന്റെ കാഠിന്യം കൂടിയിരുന്നു. ക്ഷീണം കൊണ്ട് ഏല്ലാവരും പെട്ടെന്ന് ഉറങ്ങി. രണ്ടു വരിയായാണ് ഞങ്ങള്‍ കിടന്നത്.  സ്ഥലം കഷ്ടിയാണ്‌ എങ്കിലും ഏല്ലാവരും പെട്ടെന്ന് തന്നെ അതിനോട് പൊരുത്തപ്പെട്ടു. രാവിലത്തെ ചായയുമായി ആളെത്തും മുന്‍പേ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. ചായ കുടിച്ചതും പ്രകൃതിയുടെ വിളി വന്നു, ഒരു കൈയില്‍ ടിഷ്യൂ പേപ്പറും മറുകയ്യില്‍ ഒരു കുപ്പി വെള്ളവും എടുത്ത് കാട്ടിലേക്ക് നടന്നു.

7 comments:

  1. കാളിയാ നീ ഇങ്ങനെ വിഷമിക്കാതെ.... ഡിസംബറില്‍ ഡാര്‍ജീലിംഗ് ട്രിപ്പ്‌ ഉണ്ട്.. കൂടുന്നോ??

    ReplyDelete
    Replies
    1. insha Allah.. ഞാൻ കൂടും..

      Delete
    2. എന്നാ വേഗം ടിക്കറ്റ്‌ എടുക്ക്.. എപ്പോ തന്നെ ഏകദേശം കഴിയാറായി....

      Delete
  2. കൊള്ളാം.വേഗം പോയ്ട്ട്‌ വാ.ഞാൻ അടുത്ത ലക്കം വായിക്കട്ടെ.റ്റാറ്റാാാാ!!!!!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D