വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday, 24 December 2016

പാതി വഴിയില്...

ഇന്ത്യയുടെ സിരകളിലൂടെ – 9

ഇതൊരു തുടര്ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന് നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര് പഴയഭാഗങ്ങള് വായിക്കാന് ഇത് വഴി പോയാല് മതി.... 



   ഒരുതരത്തില് പറഞ്ഞാല് യാത്രയില് മറ്റൊരു ചിന്തയും ഇല്ലായിരുന്നു മനസ്സില് കയ്യിലുള്ള വിഭവങ്ങള് തീരും മുന്പ് കണ്ടുതീര്ക്കാന് പറ്റുന്നിടം വരെ കണ്ടു തീര്ക്കുക.. അത് കൊണ്ട് തന്നെ മൊബൈലില് ആകെ ചിലവാക്കുന്ന പണം ഇന്റര്നെറ്റിനു വേണ്ടി മാത്രമായിരുന്നു... പിന്നെ വല്ലപോഴും ആകാംക്ഷയോടെ വിളിക്കുന്ന സുഹൃത്തുക്കള്ടെ ഫോണ്കോളുകളും മാത്രം. അത് കൊണ്ട് കിട്ടിയിരുന്ന മനസ്സുഖം ഒന്ന് വേറെ തന്നെയാണ്. ലോകത്തിനു എന്ത് തന്നെ സംഭവിക്കുന്നു എന്ന് പോലും അറിയാതെയുള്ള ഒരു ഊരു തെണ്ടല്.. 

   ജോഥ്പൂരിൽ  വെച്ച് തന്നെ മൂന്നാമത്തെ സർവീസ്  തീര്ക്കാന് ആയിരുന്നു എന്റെ പ്ലാന്. പക്ഷെ നടന്നില്ല.. ഭയങ്കര തിരക്ക് കാരണം അത് ഒഴിവാക്കി. ആറായിരം കിലോമീറ്റര് ആവാന് ഇനിയും സമയം ഉണ്ട് താനും. എന്നാ പിന്നെ പാവം വണ്ടിയെ ഒന്ന് കുളിപ്പിക്കാന് പറഞ്ഞു... കുറെ നാളായില്ലേ... ഇരുന്നൂറോളം കിലോമീറ്റര് ഉണ്ട് അജ്മീറിലേക്ക് നേരത്തെ എത്തിയാല് പണി തീർത്ത് ദർഗയിൽ പോയി സൂഫി സംഗീതത്തില് അലിഞ്ഞു ചേരാം. 



   ലൂണിനദിയുടെ കുറുകെ കടന്നു അജ്മീരിലേക്ക്,    എട്ടോളം പോഷകനദികള് ഉള്ള ലൂണിനദി പുഷ്കര് താഴ്വരയില് നിന്നാണ് ഉല്ഭവിക്കുന്നത്. അജ്മീറിനും  പുഷ്കറിനും അടുത്തായി കുറെ തടാകങ്ങളും ഉണ്ട്, പുണ്യത്തിന്റെ പേരില് പുഷ്കര് തടാകം എല്ലാര്ക്കും അറിയാമെന്ന് മാത്രം.

   നീണ്ടുനിവര്ന്നു കിടക്കുന്ന പാമ്പിനെ പ്പോലെ യാണ് രാജസ്ഥാനിലെ റോഡുകള്. ഒരു പിടുത്തം പിടിച്ചാല് മണിക്കൂര് ഒന്ന് മതി എണ്പത് നൂറു കിലോമീറ്റര് താണ്ടാന്.... റോഡില് തിരക്ക് കാണുകയുമില്ല. ഉച്ചയോടെ അജ്മീരിലെത്തി, ബൈക്ക് സര്വീസിനു ഏല്പിച്ച് ഉച്ചഭക്ഷണം അകത്താക്കാന് കയറി... മെനുവില് നോക്കിയപ്പോള് ചിക്കന് ബിരിയാണി ഉണ്ട്. പൊട്ടിയ ലഡ്ഡു കഴിക്കാനുറച്ചു, പക്ഷെ കഴിച്ചു തുടങ്ങിയപ്പോ മുഖത്ത് നാലഞ്ച് രസങ്ങള് വന്നു കാണണം, ബിരിയാണി എന്നും പറഞ്ഞു എന്തോ ഒരു ചോറും ചിക്കനും... പാവം എത്ര നാളായോ എന്തോ മരിച്ചിട്ട്. വിശപ്പ് സഹിക്കാന് എന്നെക്കൊണ്ട് പറ്റാത്തത് കാരണം  കുറച്ച് കഴിച്ച് ഞാന് ഇറങ്ങി. അടുത്തൊന്നും വേറെ കടകളും ഇല്ല... യാത്രികന് ആണെന്ന് മനസ്സിലായത് കൊണ്ട് സമയം കളയാതെ  ബൈക്ക് തിരിച്ച് കിട്ടി. മുറിയെടുത്തൊരു കുളിയും പാസ്സാക്കി. പുറത്തിറങ്ങി. ദര്ഗ, പുഷ്കര് രണ്ടിലെതാണ് ആദ്യം പോകേണ്ടതെന്നായി സംശയം. സത്യത്തില് പുഷ്കറിനെ പറ്റി എനിക്ക് ഒരറിവും ഇല്ലായിരുന്നു, കുറച്ചു ദിവസം മുന്പ് സുഹൃത്ത് കിരണ് വിളിക്കുംവരെ, ഓരോരുത്തന്മാര് തരുന്ന പണികള് നോക്കിയേ, അത് മാത്രം അല്ല, ഞാന് ഇവിടെ എത്തുമ്പോളെക്കും അവനും കെട്ടിയോളും കൂടെ ഡല്ഹിയില് നിന്നും എത്തുമെന്നും പറഞ്ഞിരുന്നു. ഇപ്പൊ അവധി ഇല്ലായ്മയെ കുറിച്ച് നെടുവീര്പ്പ് ഇട്ടിരിക്കുകയാണ് കക്ഷി.


   പുഷ്കറും അജ്മീറും ഇരട്ട നഗരങ്ങളാണെന്ന് പറയാം.  അവയെ തമ്മില് വേര്തിരിച്ച് ആരവല്ലി മലനിരകളും.  വായുമാര്ഗ്ഗം പോയാല്  പതിനഞ്ച് കിലോമീറ്റര് പോലും  വേണ്ട അങ്ങെത്താന് ബൈക്കില് പോയാല് മുപ്പതു വേണമെന്ന് മാത്രം.  പുഷ്കര് തടാകത്തിന്റെ അടുത്ത് തന്നെ വണ്ടി ഒതുക്കി വെച്ച്  ഞാന് കല്പടവുകള് ഇറങ്ങി താഴെ പോയിരുന്നു.. ഏകദേശം ഒരു ചതുരത്തിന്റെ ആകൃതിയില് ആണിത്. ചുറ്റും കല്പ്പടവുകളും  ഓരോഭാഗത്തിനും പ്രത്യേകം പേരുകളും ഉണ്ട്. ഇതൊന്നും കൂടാതെ ഈ തടാകത്തിനു ചുറ്റും അഞ്ഞൂറോളം ഹിന്ദു ആരാധനാലയങ്ങളും ഉണ്ട്.

   പുഷ്കറില് ഒരു ചെറിയ കുന്നുണ്ട് അതിനു മുകളില് ഒരു അമ്പലവും. അവിടെ പോകണമെന്ന് ഒരുത്തന് പറഞ്ഞിരുന്നു, അവിടെ നിന്നും അസ്തമയം കാണാന് നല്ല ഭംഗി ആണെന്നും പറഞ്ഞു ലവന്. പോകാന് തന്നെ ആയിരുന്നു എന്റെം പ്ലാന് പക്ഷെ, ഞാന് എത്തും മുന്പ് സൂര്യന് അതിന്റെ വഴിക്ക് പോയി, ഒരു അരമണിക്കൂര് കാത്തിരുന്നേല് നല്ലോണം എനിക്കും കാണായിരുന്നു അസ്തമയം. അല്ലേലും ചക്രവാളത്തില് എത്തിയാല് മൂപ്പര് സ്പീഡ് കൂട്ടും. പിന്നെ ഒറ്റപ്പോക്കാ... ആരേം കാത്തു നില്ക്കില്ല..


   പുഷ്കര് തടാകത്തിനൊരു ഐതിഹ്യം ഉണ്ട്, പണ്ട് പത്നി മരിച്ച ദുഃഖത്തില് ശിവന് കരഞ്ഞു കരഞ്ഞു വെള്ളം വീണ് ഉണ്ടായ തടാകം ആണത്രേ, ഒരുകണ്ണിലെ കണ്ണീരു വീണത് അങ്ങ് പാകിസ്ഥാനിലാ... ആ തടാകത്തിന്റെ അവസ്ഥ എന്താണാവോ. എന്തൊക്കെ ആയാലും ഇന്ത്യയിലെ പ്രാചീന നഗരങ്ങളില്  ഒന്നാണ് പുഷ്കര് ചരിത്രകാരന്മാര്ക്ക് വലിയ അറിവൊന്നും ഇല്ല ഏതു നൂറ്റാണ്ടില് ഉണ്ടാക്കിയതാണെന്ന്.  പുഷക്ര് തടാകത്തിനു ചുറ്റുമായി 52 കടവുകളുണ്ട്.  ഭ്രാഹ്മാവിനു വരെ അമ്പലം ഉള്ള സ്ഥലമാണ് പുഷ്കര്. ബ്രഹ്മാവ് പണ്ടൊരു കള്ളത്തരം പറഞ്ഞതിന്റെ പേരില് ശിവന് ശപിച്ചിരുന്നല്ലോ, അങ്ങനെ ആണല്ലോ ഭ്രാഹ്മാവിനു മാത്രം എവിടേയും അമ്പലങ്ങള് ഇല്ലാതെ പോയത്.

   പുഷ്കര് തടാകത്തിനു അരികില് വെറുതെ ഇരുന്നു കുറെ നേരം.. തടാകത്തിലെ വെള്ളത്തില് ക്ഷേത്രങ്ങളില്നിന്നുള്ള വെളിച്ചം വരക്കുന്ന  ചിത്രങ്ങള്ക്ക് ഒരു പ്രത്യേക ഭംഗി തോന്നി... വെള്ളത്തില് വരച്ചിട്ട അമ്പലങ്ങള്... കുറെ നേരം ആ ഇരിപ്പ് തുടര്ന്നു...  പിന്നെ എഴുന്നേറ്റ് തെരുവിലൂടെ നടന്നു, പുഷ്കര് തടാകത്തിനു ചുറ്റിലുമായി സാമാന്യം വലിയൊരു അങ്ങാടിയുണ്ട്...  നടത്തം ബ്രഹ്മാവിന്റെ അമ്പലത്തിനു മുന്പില് അവസാനിച്ചു..  അമ്പലത്തിന്റെ അകത്ത് കയറാനൊന്നും മെനക്കെട്ടില്ല. പുറത്ത് നിന്ന് ഒരു ഫോട്ടോയും എടുത്ത് തിരിച്ച് അജ്മീരിലേക്ക് തന്നെ പോയി.. സമയം രാത്രി  ഒന്പത് കഴിഞ്ഞു. ദര്ഗയും കൂടി കാണാന് ഉണ്ട്, നാളെ ചിലപ്പോ സമയം കിട്ടി എന്ന് വരില്ല. വൈകീട്ട് ഇവിടം വിടണം.

   ഗൂഗിള് മാപ്പ് നോക്കിയാണ് ദര്ഗയിലേക്ക് നടന്നത്.ദര്ഗ എന്നും പറഞ്ഞ് അവര് കൊണ്ടെത്തിച്ചത് വേറൊരിടത്തും. പിന്നെ വഴി ചോദിച്ച് ദര്ഗയിലെത്തി.. ക്യാമറയും ചെരിപ്പും പുറത്തൊരു കടയില് ഏല്പ്പിച്ചു. (ഖ്വാജ മൊഈനുദ്ദീൻ ചിശ്തിയുടെ  ഖബറിടം ഈ ദര്ഗയിലാണ്) ദര്ഗയിലേക്ക് കയറുന്നവര് റോസാപൂക്കളും മറ്റും ഖബറില് അര്പ്പിക്കാന് വാങ്ങുന്നുണ്ട്, ഞാനും അവരെ അനുഗമിച്ചു.  രാത്രി വൈകിയെങ്കിലും നല്ല തിരക്കുണ്ട്, പ്രാര്ഥിക്കാന് പണം ആവശ്യപ്പെട്ടു ദര്ഗക്ക് അകത്ത്, ആദ്യം കൊടുക്കണോ വേണ്ടയോ എന്ന് ഞാന് ശങ്കിച്ചു, പിതാവിന് വേണ്ടി പ്രാര്ഥിക്കണ്ടേ എന്നായി അയാള്, അയാളുടെ മുഖത്തെ ഭാവം കണ്ട് ഞാന്  തെല്ലൊന്നമ്പരന്നു. ആള്ക്കാരൊക്കെ എന്നെ ശ്രദ്ദിക്കുക ആണെന്നൊരു തോന്നല് വന്നപ്പോള്  അന്പത് രൂപയെടുത്ത് ഞാന് കൊടുത്തു. അതയാള്ക്ക് മതിയായില്ല, നൂറുരൂപ കൊടുത്തിട്ടേ കയ്യിലെ പിടി അയാള് വിട്ടുള്ളൂ.  



   നേരത്തെ എഴുന്നേൽക്കണമെന്ന് കരുതി കിടക്കുന്ന ദിവസങ്ങളിൽ എല്ലാം വൈകി എഴുന്നേൽക്കാറാണ് പതിവ് ഇന്നും അത് തെറ്റിയില്ല. പുഷ്കർ ഫെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലെത്തുമ്പോൾ ഉച്ചിയിൽ വെയിലടിക്കാൻ തുടങ്ങിയിരുന്നു. നട്ടുച്ച വെയിലിനെ വക വെക്കാതെ ഗ്രൗണ്ടിൽ കളി നടക്കുന്നുണ്ട്. ഇന്ത്യയും റസ്റ്റ് ഓഫ് ദ വേൾഡും തമ്മിലാണ് കാൽപ്പന്ത് കളി നടക്കുന്നത്. ഫെസ്റ്റ് കാണാൻ വന്നവർ തന്നെയാണ് കളിക്കുന്നതും കളി കാണുന്നതും. സായിപ്പിനെ കാണുമ്പോൾ കളി മറക്കുന്ന ശീലം നമ്മൾ തെറ്റിച്ചില്ല, കളി നമ്മൾ തന്നെ തോറ്റു.


   കളി കഴിഞ്ഞപ്പോൾ കാണികൾ എല്ലാവരും ഗ്രൗണ്ടിലേക്കിറങ്ങി കാണുന്നതെല്ലാം കാമറയിൽ പകർത്തി ഞാനും അവിടെ അലഞ്ഞ് നടന്നു. ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് നടക്കുക, അകലെ നിന്ന് എല്ലാം നോക്കിക്കാണുക ഇതാണ് ഞാൻ ഈ യാത്രയിൽ ചെയ്ത്കൊണ്ടിരിക്കുന്നത്.  ഗ്രൗണ്ടിൽ ചിലർ കുതിരകളെ കൊണ്ട് അഭ്യാസം കാണിക്കുണ്ട്, രണ്ട് കാലുകളിൽ ശരീരം ബാലൻസ് ചെയ്ത് കുതിര നൃത്തം ചെയ്യുന്നു.
പുഷ്കറിൽ വിറ്റഴിക്കാനായി കൊണ്ട് വന്ന കാലികളെയും ഒട്ടകങ്ങളേയും കുതിരകളേയുമൊക്കെ കണ്ട്കൊണ്ട് ഞാൻ നടന്നു.  ഒരു പാമ്പാട്ടിക്ക് ചുറ്റും കുറച്ച് പേരിരുന്ന് പാമ്പിന്റെ പടം പിടിക്കുന്നുണ്ട് ഞാനും കാമറയെടുത്ത് നിസ്സഹായനായ ആ സാധുവിന്റെ ചിത്രമെടുത്തു. എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നടക്കാൻ നേരം ഒരുത്തൻ പണമാവശ്യപ്പെട്ടു, അവൻ പണം കൊടുത്ത് പാമ്പിനെ പുറത്ത് ഇറക്കിയതാണെന്നായി അയാൾ. ആദ്യമൊന്നമ്പരന്നു, എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കണ്ടപ്പോൾ തമാശയായി പറഞ്ഞതാണെന്ന മുഖവുരയോടെ അയാൾ സ്വയം പരിജയപ്പെടുത്തി ബിനോയ്, സ്വദേശം അഹമദാബാദ്. കൂടെ മൂന്നുപേരുമുണ്ട് വിരൽ കാദൽ, പാർത്ഥ് രാജ് പിന്നെ സിദ്ധാർത്ഥ്. ഇവരെ കൂടാതെ ഡെൽഹിക്കാരിയായ ഭാർത്ഥിയുമുണ്ട്, പുഷ്കറിൽ വെച്ച് പരിജയപ്പെട്ടതാണ് ഭാർത്ഥി അവരെ. ബിനോയ് എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന കൂട്ടത്തിലാണ്. പെട്ടെന്ന് തന്നെ എല്ലാവരോടും അടുപ്പം ഉണ്ടാക്കി എടുക്കും. അങ്ങനെ ഞാനും അവരുടെ കൂട്ടത്തിൽ കൂടി. ഒട്ടകം വലിക്കുന്ന ഒരു വണ്ടിയിൽ ആണ് അവരുടെ തെണ്ടൽ എനിക്കും അതിലൊരു ഇടം കിട്ടി.

   ഉച്ച ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. വിരൽ കാദൽ നല്ലൊരു ഫോട്ടോഗ്രാഫർ ആണ് പടം പിടുത്തം ജോലിയായി തിരഞ്ഞെടുത്തവൻ. ബിനോയ് ആണെങ്കിൽ പ്രത്യേകിച്ചൊരു ജോലിയുമില്ല, ലോകം മൊത്തം കറങ്ങി നടക്കുന്ന ഒരു പടം പിടുത്തക്കാരൻ. ബിനോയ് എപ്പോഴും പുതിയ പരീക്ഷണങ്ങളിൽ ആയിരുന്നു ക്യാമറയുമായി.  കൂട്ടത്തിൽ തലമൂത്തവൻ. പാർത്ഥ് രാജ് ഒരു പ്ലസ് 2 വിദ്യാർത്ഥിയും.  ഫെസ്റ്റ് കാണാൻ ഡെൽഹിയിൽ നിന്ന് കാറോടിച്ച് വന്നതാണ് ഭാർത്ഥി. ദിവസം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരുന്നു.  വൈകീട്ടോടെ ജൈപൂരിലേക്ക് യാത്ര തിരിക്കാനായിരുന്നു എന്റെ തീരുമാനം അത് പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാൻ ഞാൻ നിർബന്ധിതനായി. ഒരു പകൽ കൊണ്ട് അവരെല്ലാം നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നു.


  രാത്രി വൈകും വരെ ഞങ്ങൾ പുഷ്കറിൽ കറങ്ങി നടന്നു, അമ്പലങ്ങളും കടകളും കേറി ഇറങ്ങി. കാണുന്നതെല്ലാം ഞങ്ങൾ ക്യാമറയിൽ പകർത്തി.  തിരിച്ച് അവർ താമസിച്ചിരുന്ന റിസോർട്ടിൽ എത്തുമ്പോൾ മറ്റൊരു സുഹൃത്ത് അവരെ കാത്ത് അവിടെ ഉണ്ടായിരുന്നു, വിദേശിയായ ജയിംസ്. ബ്രിട്ടീഷുകാരനായ ജെയിംസ് ഒരു മാസത്തിലധികമായി ഇന്ത്യയിൽ എത്തിയിട്ട്, ഒരു മാസത്തോളമായി രാജസ്ഥാനിൽ കറങ്ങി നടക്കുകയാണ് ജെയിംസ് . പഴയൊരു ബുള്ളറ്റ് വാങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ . എന്രെ പ്രായമുള്ള ഒരു ബുള്ളറ്റ് വാങ്ങി യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോളാണ് ഞങ്ങൾ പരിജയപ്പെടുന്നത്.  എന്റെ യാത്രയെപറ്റി അറിഞ്ഞപ്പോൾ ഒരുമിച്ചാക്കിയാലോ യാത്രയെന്ന് ചോദിച്ചു ജെയിംസ് . എവിടെയും നിൽക്കാതെയുള്ള യാത്ര ആയതിനാൽ എനിക്കത് നിരസിക്കേണ്ടി വന്നു. എങ്കിലും വാരാണസിയിലേക്കാണ് ജെയിംസ് പോകുന്നതെന്ന് പറഞ്ഞപ്പോൾ അവിടെവെച്ച് കാണാമെന്ന് ഞാനുറപ്പ് കൊടുത്തു. 

   ജൈപൂരിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു, ജൈപൂർ നിൽക്കാതെ നേരെ ആഗ്രയിലേക്ക് പോകാമെന്ന് കരുതിയെങ്കിലും വിചാരിച്ചത്ര ബൈക്കോടിക്കാൻ കഴിഞ്ഞില്ല ജൈപൂർ കോട്ട കണ്ടിറങ്ങി വരുന്ന വഴി വൺ വേ തെറ്റിച്ചതിനു 100 രൂപ ഫൈനും കൊടുക്കേണ്ടി വന്നു. വേറൊരു ബൈക്കിന്റെ പുറകെ പോയതായിരുന്നു ഞാൻ , ദില്ലിയിൽ ആണെങ്കിൽ ഇങ്ങനെ വൺ വേ തെറ്റിക്കുമോ എന്നും പറഞ്ഞ് നൂറു രൂപ ചോദിച്ചു.  ഒടുക്കം പൈസ കൊടുത്ത് ഒഴിവാക്കി. റൂം അന്യേഷിച്ച് ഒരുപാട്  അലഞ്ഞു. എന്റെ കൊക്കിലൊതുങ്ങുന്ന റൂം ഒന്നും കിട്ടിയില്ല. പിന്നെ ഓൺ ലൈൻ വഴി ഒരെണ്ണം കണ്ട് പിടിച്ചു. അവിടെ ചെന്നപ്പോൾ ഓൺലൈനിൽ പറഞ്ഞതിന്രെ ഇരട്ടിയാണ് അവരു ചോദിച്ചത്. ഓൺലൈനിലെ കാര്യം പറഞ്ഞപ്പോൾ അവർക്കറിയില്ല, ഓൺലൈനിൽ ബുക്ക് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള മടി മാറിക്കിട്ടി. 

   രാവിലെ തന്നെ ആഗ്രക്ക് യാത്ര തിരിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ അകത്ത് കയറി കാണാൻ പറ്റാത്തതിന്രെ വിഷമം ഇത്തവണ തീർത്തു. പാവപ്പെട്ടവർ ക്യൂവിൽ നിന്ന് ചെറിയ തുകക്ക് ടികറ്റ് എടുക്കുമ്പോൾ സായിപ്പിനു ഏഴുനൂറ്റി അമ്പത് കൊടുത്താൽ ക്യൂ ഇല്ലാതെ അകത്ത് കയറാം. പാവപ്പെട്ട സായിപ്പാണേലും അത്രയും തുക കൊടുത്തിരിക്കണം. എല്ലാവർക്കും അറിയാവുന്ന കഥ ആയത് കൊണ്ട് ആഗ്രയേയും താജ്മഹലിനേയും കുറിച്ച് ഞാൻ ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല. നാളെ രാവിലെ ഡെൽഹിയിലേക്ക് യാത്ര തിരിക്കണം.. ബൈക്കിന്റെ ബുക്കും പേപറും കൈപ്പറ്റണം.. ഒന്നു രണ്ട് ദിവസം ദില്ലിയിൽ നിന്നിട്ട് വേണം യാത്ര തുടരാൻ...






Friday, 15 January 2016

രജപുത്രരെ തേടി

  ഇന്ത്യയുടെ സിരകളിലൂടെ – 8
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര്‍ പഴയഭാഗങ്ങള്‍ വായിക്കാന്‍ ഇത് വഴി പോയാല്‍ മതി.... 




കേന്ദ്രഭരണ പ്രദേശമായ ദ്യൂവിലേക്കുള്ള യാത്ര ഞാൻ കരുതിയതല്ല, ഗിറിൽ നിന്ന് നേരെ മൗണ്ട് അബു ആയിരുന്നു എന്റെ ലക്ഷ്യം.. ഉച്ചകഴിഞ്ഞാണ് ഗിറിൽ നിന്നും ശല്യം സഹിക്കാനാവത്തത് കാരണം ഞാൻ യാത്ര തുടർന്നത്. എത്തിച്ചേർന്നത് ദ്യൂവിലും. വേറെ അതീവ രഹസ്യമായ ഒരു അജണ്ടയും അതിനു പിന്നിലുണ്ട്, മൽസ്യം കൂട്ടിയിട്ട് ദിവസങ്ങളായി. മീൻ വിഭവങ്ങൾ ഇഷ്ടം പോലെ കിട്ടുമത്രേ ദ്യൂവിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകി സഹായിച്ചത് ദീപാവലി ആഘോഷിക്കാൻ വന്ന സുഹൃത്ത് നവീനാണ്, മുംബൈലാണ് അവന് ജോലി. സീ ഫുഡിന് പേരുകേട്ട റസ്റ്റോറന്റിലൊന്നിന്റെ വിവരം അവൻ പങ്കുവെക്കുകയും  ചെയ്തിട്ടുണ്ട്.

നമ്മുടെ മാഹി പോലെയാണ്  ഇവിടുത്ത്കാർക്ക് ദ്യൂ. മാഹിയിൽ കുറഞ്ഞ കാശിനു കള്ളും പെട്രോളും കിട്ടുമെങ്കിൽ ഇവിടെ സസ്യേതര ആഹാരവും ഒരു കാരണമാണ്, മദ്യം തന്നെയാണ് മുൻപന്തിയിലെന്ന് വഴിയിൽ കണ്ട പാമ്പുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തു. പോർചുഗീസ് അധിനിവേശകാലത്ത് പണിത ദ്യൂ ഫോർട് കാണാനാണ് ഞാൻ ആദ്യം പോയത്. നേരം ആറുമണി കഴിഞ്ഞെന്നും ഇനി അകത്തേക്ക് പ്രവേശനം കിട്ടില്ലെന്നും മനസ്സിലായത് ഫോർട്ടിന്റെ ഗേറ്റിൽ എത്തിയപ്പോഴാണ്.

എന്നാൽ പിന്നെ എവിടെ എങ്കിലും മുറിയെടുത്ത് ഒരു കുളിയൊക്കെ പാസ്സാക്കി ദ്യൂ കടാപ്പുറത്ത് തെണ്ടാനിറങ്ങാമെന്ന് തീരുമാനിച്ച് ഞാൻ മുറി അന്യേഷിയായി. ദ്യൂവിൽ ചാകരയുടെ സമയമാണെന്ന് ആദ്യത്തെ ഹോട്ടലിൽ കേറിയപ്പോളെ മനസ്സിലായി... റൂമുണ്ടോയെന്ന് മുഴുവൻ ചോദിക്കുന്നതിനു മുൻപേ മറുപടി കിട്ടി, ഫുൾ. മൂന്നുനാലു ഹോട്ടലുകളിൽ കേറിയിറങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി, എന്റെ ബഡ്ജറ്റിന്റെ പത്തിരട്ടി കൊടുത്താലെ ദീപാവലി കഴിയും വരെ ദ്യൂവിൽ എവിടെ എങ്കിലും തങ്ങാൻ ഒക്കൂ. പിന്നെ ഒന്നും ആലോചിച്ചില്ല, ബൈക്കുമെടുത്ത് നേരെ അഹമദാബാദ് വഴിയിലേക്ക് കേറി, വഴിയിൽ കാണുന്ന എല്ലായിടത്തും റൂം അന്യേഷിക്കുന്നുമുണ്ടായിരുന്നു. ഒടുക്കം ഉന എന്ന സ്ഥലത്തൊരു സത്രം കിട്ടി, ഒരു രാത്രിക്ക് എഴുന്നൂറ് രൂപ. എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നതല്ലെങ്കിൽ പോലും നിവൃത്തികേട് കൊണ്ട് എടുക്കേണ്ടി വന്നു. കാർഗിലിൽ താമസിച്ചതിനു ശേഷം ഇത്ര മോശം റൂം എനിക്ക് വേറെ കിട്ടിയിട്ടില്ല, മാത്രവുമല്ല ഇത്രയും കൂടിയ സംഖ്യക്ക് ഞാൻ വേറെ റൂം ഈ യാത്രയിൽ എടുത്തിട്ടുമില്ല താനും.
കുളി മുറിയുടെ അവസ്ഥ പരിതാപകരമായിരുന്നു താനും. എങ്കിലും ഇനിയും തപ്പി നടക്കാൻ ആ സമയത്ത് എനിക്ക് കഴിയില്ലായിരുന്നു. കുളിച്ച് ക്ഷീണം മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് മാത്രമല്ല. പിറ്റേന്ന് ആ കുളി മുറിയിൽ കയറാൻ വരെ മടി ആയിരുന്നെനിക്ക്.

ബാഗെല്ലാം റൂമിലെടുത്ത് വെച്ച് ഞാൻ തിരിച്ച് ദ്യൂവിലേക്ക് പോയി. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് സത്യത്തിൽ ഞാൻ ദ്യൂവിൽ എത്തിയത് തന്നെ. അതൊഴിവാക്കി ഉനയിൽ കിടന്നിട്ട് എന്തു കിട്ടാനാണ് തന്നെയുമല്ല ഉറങ്ങാനല്ലാതെ ഒന്നിനും തിരിച്ച് ആ റൂമിലേക്ക് ഞാൻ പോകുകയുമില്ല. ഭക്ഷണം ലാവിഷായി തന്നെ കഴിച്ചു, നമ്മുടെ നാട്ടിലെ എരുവും പുളിയുമൊന്നുമില്ലെങ്കിലും മീനും കോഴിയുമൊക്കെ അങ്ങനെ പഞ്ചാബ് വിട്ടതിനു ശേഷം കിട്ടി. റസ്റ്റോറന്റ് അന്യേഷിച്ചുള്ള യാത്ര എത്തിച്ചേർന്നത് ഒരു തീരത്തിലായിരുന്നു, ഒരു വശത്ത് ഓപ്പൺ ഓഡിറ്റോറിയവും ഉണ്ടായിരുന്നു അവിടെ ബീച്ചിന്റെ പേരിപ്പോൾ ഞാൻ ഓർക്കുന്നില്ല. എന്തായാലും ദ്യൂ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എവിടെയോ ആണത്. ഭക്ഷണം കഴിച്ച് മടങ്ങും നേരം തുറന്ന വേദിയിടെ കൽ‌പ്പടവിൽ നീണ്ട് നിവർന്നു കിടന്നു ഞാൻ കുറേനേരം. ആകാശം നോക്കിയുള്ള ആ കിടപ്പിൽ നുസ്രത്ത് ഫതേഹ് അലിഖാന്റെ ഖവ്വാലിയിൽ ഞാൻ ലയിച്ച് പോയെന്ന് പറയുന്നതാവും ശരി. തണുപ്പിന്റെ കാഠിന്യം കൂടി കിടപ്പ് അസഹനീയമായി തോന്നും വരെ ഞാനവിടെത്തന്നെ കിടന്നു. ശല്യം ചെയ്യാൻ ആരും വന്നുമില്ല.

അഹമദാബാദ് നഗരത്തിൽ ഞാൻ എത്തിച്ചേരുമ്പോൾ വൈകുന്നേരമായിരുന്നു. ചിലവു കുറഞ്ഞ മുറി കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് നേരത്തെ തന്നെ ഇന്റർനെറ്റുവഴി മുറി മുന്കൂട്ടി ബുക്ക് ചെയ്തിരുന്നു. പല ദിവസങ്ങളിലും ഈ അടവ് നയം ഞാൻ പ്രയോഗിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്താൻ എന്നിട്ടും കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. നാന്നൂറ് രൂപയാ‍ണ് ഒരു ദിവസത്തെ വാടക. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ യാത്രാ ക്ഷീണമൊക്കെമാറി. ഭുജില്‍ നിന്നും പരിചയപ്പെട്ട ചൈനക്കാരന്‍  ബ്രയാനെ വിളിച്ച് നോക്കി, അവനും ജാസ്മിനും ബൈകില്‍ ജോധ്പൂരിലെക്കുള്ള യാത്രയില്‍ ആയിരുന്നു അപ്പോള്‍...നേരത്തെ അവിടെ എത്തുന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ അവര്‍ ഒരു ദിവസം കൂടി കഴിഞ്ഞേ പോകുമായിരുന്നുള്ളൂ... 


ദേവ് ആര്‍ക്  മാളില്‍ കയറി കെഎഫ്സിയും വയറ്റിലാക്കി നേരെ ഒരു പടത്തിനു കയറി, ക്രിഷ്-3. അതിനെപറ്റി ഞാന്‍ ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ! എങ്കിലും ആ രാത്രി ഞാന്‍  ഒരു റെക്കോര്‍ഡ്‌ എന്‍റെ  പേരിലാക്കി, നിരക്ഷരന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "കൃഷ് 3 കാണാനായി, ബൈക്കെടുത്ത് നോർത്ത് ഇന്ത്യ വരെ പോയ ആദ്യത്തെ മലയാളി എന്ന പദവി കാദറ് കരസ്ഥമാക്കിയിരിക്കുന്നു". 5500-ലധികം കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് വന്നു ക്രിഷ് കണ്ടതിന്‍റെ റെക്കോര്‍ഡ്‌ തന്നെ... അതിനി ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല... 


പടം കണ്ടിറങ്ങിയതിന്‍റെ പരാക്രമം ആയിരിക്കണം, റോഡില്‍ ഞാന്‍ കുറേനേരം വട്ടം കറങ്ങി എങ്ങനെ പോയാലും ഒടുക്കം റോഡ്‌ സൈഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന പോലീസ് ജീപ്പിന്‍റെ മുന്നില്‍ ഞാന്‍ എത്തും. അഞ്ചാമത്തെ തവണ പോലീസ് ജീപ്പിനെ കണ്ടപ്പോള്‍ എനിക്കൊരു കാര്യം ഉറപ്പായി ഇതുവഴി ഇനി പോയിട്ട് കാര്യമില്ല... വഴി ചോദിച്ച് പോയാലെ റൂമില്‍ തിരിച്ച് എത്തുകയുള്ളൂ.. കുറെ നേരാമായല്ലോ ഇതുവഴി കറങ്ങുന്നു, എന്താ കാര്യം, അടുത്തേക്ക് ചെന്നപ്പോള്‍ തന്നെ ഒരു പോലീസുകാരന്‍ വണ്ടിയില്‍ നിന്നിറങ്ങി  എന്നോട് ചോദിച്ചു. എന്നേയും ബൈക്കിനേയും അവരും കാണുന്നുണ്ടായിരുന്നെന്ന് അപ്പോളാണ് എനിക്ക് ബോധം വന്നത്, ഇനിയും കറങ്ങിയിരുന്നെങ്കില്‍  അവരെന്നെ തടഞ്ഞുനിര്‍‍ത്തി വഴി പറഞ്ഞു തന്നേനെ. 

ഇതുവരെയുള്ള യാത്രയെക്കുറിച്ച്ഞാന്‍ ചെറിയൊരു വിശദീകരണം കൊടുത്തെങ്കിലും അയാള്‍ക്ക് അതില്‍ തൃപ്തി വന്നില്ല. ബൈകിന്‍റെ വശങ്ങളില്‍ ഉള്ള പെട്ടികള്‍ തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാം വലിച്ചു പുറത്തിട്ടു നോക്കി കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കുറച്ചൊരു വിശ്വാസം വന്നത് പോലെ എനിക്ക് തോന്നി.  ഫോണില്‍ഇതുവരെ എടുത്ത ചിത്രങ്ങളും അയാളെ ഞാന്‍ കാണിച്ചു. അതുവരെ സംശയം നിഴലിച്ച് നിന്നിരുന്ന അയാളുടെ കണ്ണുകളില്‍ അമ്പരപ്പ് പ്രകടമായി, പിന്നെ അത് യാത്രയെക്കുറിച്ചുള്ള ജിജ്ഞാസയായി മാറി.

ആത്മഗതം പോലെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, നമുക്കൊന്നും ജീവിതത്തില്‍ ഒരിക്കലും ചെയ്യാന്‍ സാധിക്കാത്തതാ ഇതുപോലുള്ള കാര്യങ്ങള്‍, നിങ്ങളെകൊണ്ടൊക്കെയേ ഇതൊക്കെ സാധിക്കൂ.  വേണമെന്ന് കരുതിയാല്‍ ആരെക്കൊണ്ടും ചെയ്യാവുന്ന കാര്യമേ ഞാന്‍ ചെയ്യുന്നുള്ളൂ താങ്കള്‍ക്കും സാധിക്കും ശ്രമിച്ച് നോക്കൂ, എന്നൊക്കെ ഉപദേശിക്കാന്‍ തോന്നിയെങ്കിലും, നന്ദി പറഞ്ഞു ഹോട്ടലിലേക്ക് അയാള്‍ പറഞ്ഞു തന്ന വഴിയെ ഞാന്‍ ബൈക്ക് ഓടിച്ചു.  വേണമെങ്കില്‍ കൂടെ വന്നു വഴികാണിച്ചു തരാന്‍ വരെ അയാളപ്പോള്‍ ഒരുക്കമായിരുന്നു... നല്ല പോലീസുകാരെ അങ്ങനെ വീണ്ടും കണ്ടുമുട്ടി.

ഗൂഗിള്‍മാപ് നോക്കിയാണ് ഇന്നത്തെയും  യാത്ര. രാവിലെ നേരെ മൌണ്ട്അബു വിലേക്ക് പുറപ്പെട്ടു. ആരവല്ലി മലനിരകളുടെ ഭാഗമായ അബു സിരോഹി ജില്ലയുടെ ഭാഗമാണ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രമാണിത്. രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം കൂടി ആണ് മൌണ്ട് അബു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1722 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു...  നക്കി തടാകം, സണ്‍സെറ്റ് പോയിന്‍റ്, ജൈനക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍.  ഹിന്ദു ക്ഷേത്രങ്ങളും ഉണ്ടിവിടെ.  ഞാന്‍ എത്തിപ്പെട്ടതാണെങ്കില്‍ ദീപാവലി സമയത്തും. സൂചി കുത്താനിടമില്ലെന്ന് പറഞ്ഞാല്‍ മതിയാവില്ല.   ഹോട്ടലുകള്‍ മിക്കതും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. YHAI യുടെ മുറികൾ പോലും താങ്ങാൻ ആവുന്നത്‌ ആയിരുന്നില്ല. ഞാൻ തിരിച്ച്‌ മലയിറങ്ങി.  ഉദയ്‌പൂർ ആണ്‌ ലക്ഷ്യം.
നക്കി തടാകം


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നല്ല ക്ഷീണവും. കിട്ടുന്നിടത്ത് മുറിയെടുത്ത്   ഉറങ്ങിയാൽ മതിയെന്നായിരുന്നു എനിക്കപ്പോൾ.  ആദ്യം കാണുന്ന സത്രത്തിൽ മുറിയെടുക്കാൻ ഉറപ്പിച്ചാണ്‌ എന്റെ യാത്ര. ഗോഗുണ്ടയില്‍ എത്തേണ്ടി വന്നു മുറികിട്ടാന്‍. മൌണ്ട് അബുവില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ ദൂരത്ത്.  
മുറിയെടുക്കാന്‍ നേരംസത്രം ഉടമക്കൊരു സംശയം ഞാന്‍ ദാങ്ങ് വഴി ആണോ വന്നതെന്ന്, അതെയെന്ന്‌ പറഞ്ഞപ്പോള്‍ രാത്രി എന്തിനാ അത് വഴി വന്നെതെന്നായി കക്ഷി. കഥ അറിയാതെ ആട്ടം കാണുന്നവന്‍റെ അവസ്ഥയില്‍ ആയി ഞാന്‍.  ചാത്തൻ ഏറു കിട്ടാതെ ഇങ്ങെതിയത്‌ ഭാഗ്യം.. ആദിവാസികൾ ബൈകിൽ പോകുന്നവരെ എറിഞ്ഞു വീഴ്ത്തി  മോഷണം നടത്തുന്നത്‌ ഇവിടെ പതിവാണത്രെ! എനിക്കാണേൽ കൂട്ടിനു കൂരിരുട്ട്‌ മാത്രെ ഇതുവരെ ഉണ്ടായിരുന്നുള്ളു താനും... ക്ഷീണത്തിനു കുറവൊന്നും  ഇല്ലാത്തത് കാരണം നന്നായി ഉറങ്ങി. 

സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പുള്ള ഇന്ത്യയില്‍ ഒരു നാട്ടു രാജ്യമായി നിലനിന്നിരുന്ന സ്ഥലമാണ് ഉദൈപൂര്‍. അടുത്തായിരുന്നിട്ടും  ഉച്ചയായി തെണ്ടല്‍ തുടങ്ങുമ്പോള്‍.  കിഴക്കിന്‍റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന സിറ്റി പാലസ് സമുച്ചയത്തിലേക്കാണ് ആദ്യം പോയത്. നാനൂറോളം വര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണിത്.  ഹിന്ദു ക്ഷത്രിയ വിഭാഗത്തില്‍ പെട്ട രജപുത്രര്‍ നിര്‍മ്മിച്ച സിറ്റി പാലസ് പിചോള തടാകത്തിന്‍റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.  ബോണ്ട്‌ ചിത്രമായ Octopussy യുടെ ചിത്രീകരണം ഇവിടെ വച്ച്‌ നടന്നിട്ടുണ്ട്.




സിറ്റി പാലസ്

ഉദൈപൂര്‍ നഗരം



പിചോള തടാകം.



ലെയ്ക്ക് പാലസ്, ജഗ് മന്ദിര്‍, മണ്‍സൂണ്‍ പാലസ്, പിചോള തടാകം തുടങ്ങിയവയാണ്‌ ഇവിടുത്തെപ്രധാന ആകര്‍ഷണങ്ങള്‍. സമയം ഇല്ലാത്തതിനാല്‍ പലതും ഒഴിവാക്കി ഞാന്‍. മെട്രോ നഗരത്തിലൂടെ ഒരു ഓട്ട പ്രതക്ഷിണം വെച്ച് നേരെ ജോധ്പൂരിലേക്ക് യാത്ര തുടങ്ങി.  ഗോഗുണ്ട വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ആരവല്ലി മലനിരകളിലൂടെ  യാത്ര ചെയ്ത് വേണം ജോധ്പൂര്‍ എത്താന്‍.  രാത്രിയില്‍ യാത്ര ചെയ്യാനുള്ള മടി കാരണം പാലിയില്‍ യാത്ര അവസാനിപ്പിച്ചു.  ഇരുപത്താറു ദിവസത്തെ ബൈക്ക് യാത്ര. പല ദിവസങ്ങളിലും ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നില്ല എന്നത് ഒഴിച്ചാല്‍ യാത്രയില്‍ ഞാന്‍ എല്ലാം കൊണ്ടും തൃപ്തനാണ്. ഒറ്റക്കുള്ള യാത്രയുടെ സുഖം  ആര്‍ക്കു വേണ്ടിയും കാത്ത് നില്‍ക്കാതെ, ആര്‍ക്കും പിടികൊടുക്കാതെയുള്ള യാത്ര.  രാവിലെ നേരത്തെ എഴുന്നേല്‍ക്കണം, കുറച്ച് ദിവസങ്ങളായി യാത്ര തുടങ്ങുമ്പോള്‍ പത്തുമണി ആവുന്നു, അതിനൊരു അറുതി വരുത്തണം. 

മടി അങ്ങനെ ഒരു ദിവസം കൊണ്ടൊന്നും എന്നെ വിട്ടു പോകില്ലല്ലോ, രാവിലെ എഴുന്നേല്‍ക്കല്‍ ഇന്നും നടന്നില്ല. നീല നഗരത്തില്‍ ഉച്ചയായി എത്തിയപ്പോള്‍.  രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരം. നീല നഗരമെന്ന പേര് ലഭിക്കാന്‍ കാരണമായ കെട്ടിടങ്ങള്‍ കാണാന്‍ ചരിത്രമുറങ്ങുന്ന മെഹ്റാന്‍ ഗര്‍ കോട്ടയിലെക്കാണ് ഇന്നത്തെ യാത്ര.

പതിനഞ്ചാം നൂറ്റാണ്ടില്‍ മാണ്ടോര്‍ രാജ്യത്തെ രാജാവ് നിര്‍മിച്ച കോട്ടയാണിത്.  ഏഴു കവാടങ്ങള്‍ ഉള്ള ഈ കോട്ട ഇന്ത്യയിലെ വലിയ കോട്ടകളില്‍ ഒന്നാണ്.   ജൈപൂര്‍, ബികാനേര്‍ പട്ടാളങ്ങള്‍ക്ക് മുന്‍പിലും മുഗളര്‍ക്ക് മുന്‍പില്‍ മുട്ട് മടക്കാതെ നിന്ന ചരിത്രം പറയാനുണ്ട് ഈ കോട്ടക്ക്.  ജോധ്പൂര്‍ നഗരത്തിനു മുകളില്‍ 125 മീറ്റര്‍ ഉയരത്തിലാണീ ഭീമാകാരന്‍ കോട്ട, അത് കൊണ്ടു തന്നെ നഗരത്തിനെ ഭംഗിയായി   കാണാം കോട്ടയില്‍ കയറിയാല്‍. കൊട്ടക്കകത്തും പുറത്തുമായി കുറേനേരം ഞാന്‍ ചുറ്റിക്കറങ്ങി.  ഈ കോട്ടക്കകത്തുള്ള ചാമുണ്ട  ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 2008 ഇല്‍ 249 പേര്‍ മരിക്കുകയുണ്ടായി.  സതി എന്ന ദുരാചാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഈ കോട്ടയില്‍ ഇപ്പോളുമുണ്ട്. 1843 ഇല്‍ അന്നത്തെ രാജാവായിരുന്ന മഹാരാജ മാന്‍ സിംഗ്  ഇഹലോകവാസം വെടിഞ്ഞപ്പോള്‍ കെട്ടുപ്രായം കഴിഞ്ഞ രാജ്ഞിമാര്‍ മഹാരാജാവിന്‍റെ ചിതയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ പോകും മുന്‍പ് കൈപ്പാടുകള്‍ പതിപ്പിച്ചത് ഇരുമ്പ് വാതില്‍ എന്നറിയപ്പെടുന്ന  അവസാന കവാടത്തിന്‍റെ ഉള്‍വശത്തായി കാണാം. നല്ലൊരു മ്യൂസിയം കൂടിയാണ് ഈ കോട്ട. പഴയ ആയുധ ശേഖരം, മരവാര്‍ ചിത്രകലയുടെ ശേഖരം, പല്ലക്കുകളുടെ ശേഖരം തുടങ്ങിയവയും ഇവിടെ കാണാം. രണ്ടാമത്തെ കവാടത്തില്‍ ജൈപൂര്‍ സൈന്യത്തിന്‍റെ പീരങ്കി ആക്രമണത്തിന്‍റെ പാടുകള്‍ ഇപ്പോളും കാണാം..









നീല നഗരം..



Mehrangarh fort

Mehrangarh fort

Blue city

ഈ പകലും രാത്രിയും ജോധ്പൂരില്‍ കറങ്ങി നാളെ  അജ്മീര്‍ എത്തുക, ബൈകിന്‍റെ മൂന്നാമത്തെ സര്‍വീസ് പൂര്‍ത്തിയാക്കുക അതാണിനിയുള്ള ലക്ഷ്യം.  രാത്രിയിലെ നഗരം കാണാന്‍ ഇറങ്ങണം, സൂര്യന്‍ ഒന്നസ്തമിക്കട്ടെ....

യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇതുവഴി..

Friday, 12 June 2015

ഗാന്ധിജിയുടെ നാട്ടില്‍...

      ഇന്ത്യയുടെ സിരകളിലൂടെ – 7
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവര്‍ പഴയഭാഗങ്ങള്‍ വായിക്കാന്‍ ഇത് വഴി പോയാല്‍ മതി.... 

    ഗുജറാത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നു,  പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനമൊന്നുമില്ല ഇന്നത്തെ യാത്രക്ക്. ഭുജിലേക്കുള്ള യാത്രയിലാണ്  ഞാന്‍. ജൈസല്‍മേറില്‍ നിന്നും 650 കിലോമീറ്ററോളം ദൂരെയാണ് ഭുജ്. കഴിയുന്നത്ര യാത്ര ചെയ്യുക പിന്നെ കിട്ടുന്നിടത്ത് മുറിയെടുക്കുക. ജൈസല്‍മേറില്‍ നിന്നും രാവിലെ പുറപ്പെട്ടു. നാഷണല്‍ ഹൈവേ 15 ഇലൂടെയാണ് യാത്ര വിജനമായ റോഡുകള്‍ ബാര്‍മര്‍ സഞ്ചോര്‍ തുടങ്ങിയ പട്ടണങ്ങള്‍ കടന്നുപോയി ഇടക്കെന്ന് മാത്രം. രണ്ട് മണിയോടടുത്ത് ഗുജറാത്തിലേക്ക് പ്രവേശിച്ചു. അതിനു മുന്പ് തന്നെ ഉച്ചഭക്ഷണം അകത്താക്കിയിരുന്നു... ഗുജറാത്തില്‍ എത്തും മുന്‍പ് ഒരിക്കല്‍ക്കൂടി സസ്യേതര ആഹാരം അകത്താക്കണമെന്ന് കരുതിയാണ് കയറിയതെങ്കിലും സസ്യാഹാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

greater flamingo



തരടില്‍ വെച്ച് എനിക്ക് ചെറുതായൊന്ന് വഴി തെറ്റി, ഫലമോ നാഷണല്‍ ഹൈവേയില്‍ നിന്ന് വഴിമാറി സഞ്ചരിക്കേണ്ടി വന്നു കുറേദൂരം. തിരിച്ച് പ്രധാന വഴിയില്‍ കയറും വരെ കഷ്ടപ്പെടേണ്ടി വന്നു, അത്രക്ക് മോശം റോഡായിരുന്നു അത്. പക്ഷേ അതുകൊണ്ടൊരു മെച്ചമുണ്ടായി ഫ്ലെമിങോകളെ കാണാനും കാമറയില്‍ പകര്‍ത്താനും സാധിച്ചു. 


 രാത്രി വൈകിയാണ് ഭചാഉവില്‍ എത്തിയത്, എങ്കിലും ഭുജിനു അടുത്തെത്താനായതിലുള്ള സന്തോഷത്തിലായിരുന്നു ഞാന്‍. ഭചാഉവില്‍ താമസിക്കാനൊരിടം കണ്ടെത്താന്‍ കുറച്ച് പാടുപെടേണ്ടിവന്നു. ഭുജിലേക്കിനിയും ഒരു നൂറുകിലോമീറ്ററെങ്കിലും ദൂരം കാണും.. അത്രയും ഇന്നിനി യാത്ര ചെയ്യുക സാധ്യമല്ല, നന്നേക്ഷീണിച്ചിരിക്കുന്നു. ആകെ രണ്ട് സത്രങ്ങളേ ഭചാഉവിൽ ഉള്ളൂ. കിടന്നതും ഉറങ്ങിയതും ഏകദേശം ഒരേ സമയത്തായിരിക്കണം….
കച്ച് ജില്ലയിലെ മനോഹരമായ പട്ടണമാണ് ഭുജ്. ആയിരത്തി അഞ്ചൂറുകളിൽ മഹറാവു ഹാമിർ നിർമ്മിച്ചതാണീ പട്ടണം. കച്ചിന്റെ പഴയ കാല തലസ്ഥാനമയിരുന്നു ഭുജ്. മഹാഭാരതം മുതൽ അലക്സാണ്ടർ ചക്രവർത്തിയുടെ അധിനിവേശത്തിന്റെ വരെ കഥകൾ പറയാനുണ്ടാവും ഭുജെന്ന പ്രാചീന നഗരത്തിന്. ഗുജറാത്തിലെ ആദ്യത്തെ മ്യൂസിയമാണ് കച്ച് മ്യൂസിയം. ഒന്നാം നൂറ്റാണ്ടിലെ ക്ഷത്രപരുടെ ശേഷിപ്പുകൾ ഇവിടെ കാണാം.. ഗുജറാത്തിന്റെ ചരിത്രങ്ങളിലൂടെ ഒരു യാത്രപോകാൻ ഇവിടെ കയറിയാൽ മതി..   കാമറ അകത്ത് പ്രവേശിപ്പിക്കാത്തത് കാരണം ചിത്രങ്ങൾ ഒന്നും പകറ്ത്താൻ സാധിച്ചില്ല.. കച്ച് ഗ്രാമത്തിന്റെ ഒരു പകർപ്പും ഇവിടെ കാ‍ണാം, പഴയ കറൻസികളുടെ ഒരു ശേഖരവും ഇവിടെയുണ്ട്. വെർച്വൽ ടൂറിസം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്റെർനെറ്റിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയവും കച്ച് മ്യൂസിയമാണ്.
 ഉച്ചയോടെ ഭുജിൽ നിന്നും റൺ ഓഫ് കച്ചിലേക്ക് യാത്ര തുടങ്ങി. കച്ചിലെ പഴമയിൽ തുടരുന്ന ഉൾഗ്രാമങ്ങളിൽ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും സാധിച്ചില്ല. ഗ്രേറ്റ് റണിലേക്ക് തിരിയുന്നിടത്താണ് ചെക്ക് പോസ്റ്റ്. പണമടച്ച് പോകേണ്ട സ്ഥലങ്ങൾ എഴുതിക്കൊടുത്ത് പാ‍സ് വാങ്ങി. ഏത് രാജ്യക്കാരനാണെന്ന് എഴുതേണ്ട കോളത്തിൽ ഗുജറാത്തി അല്ലത്താവൻ എന്നായിരുന്നു എഴുതിയിരുന്നത്. ഇനി ഇപ്പൊ ഞാൻ അറിയാതെ ഗുജറാത്ത് വേറെ രാജ്യമായി പ്രഖ്യാപിച്ചോ എന്തോ… യാത്ര തുടങ്ങിയിട്ട് ദിവസങ്ങൾ കുറേ ആയല്ലോ…. ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് യാത്ര തുടർന്നു. അവിടെനിന്നും ഇടത്തേക്കുള്ള വഴി ആയിരുന്നു റൺ ഓഫ് കച്ചിലേക്കു പോകുന്നത്, ഞാൻ തിരഞ്ഞെടുത്തത് നേരെ ഉള്ള വഴിയും. (എനിക്ക് വഴി തെറ്റിയതൊന്നും അല്ല…. ആണെങ്കിലും ഞാൻ സമ്മതിക്കാനും പോണില്ല… അല്ല പിന്നെ..)

  വഴി ചെന്നെത്തിയത് ഒരു പാലത്തിലാണ് പാലത്തിനപ്പുറം ഒരു റോഡും പട്ടാളക്കാരേയുമൊക്കെ കാണാം. പാലത്തിനിപ്പുറം വെച്ച് തന്നെ എന്നെ തടന്ന് നിർത്തി, പാലത്തിൽ കയറണമെങ്കിൽ മുൻകൂർ അനുമതി വേണമത്രേ… ഫോട്ടൊ എടുക്കരുതെന്ന് വെണ്ടക്കാ അക്ഷരത്തിൽ എഴുതി വെച്ചത് കൊണ്ടും വെടിയുണ്ട നെഞ്ച്കൊണ്ട് തടുക്കാൻ പ്രാപ്തി ഇല്ലാത്തത് കൊണ്ടും നേരെ തിരിച്ച് പോന്നു. പാലത്തിനപ്പുറത്ത് കൂടി ബോർഡർ റോഡ് പോകുന്നുണ്ട്, ഇന്ത്യയിൽ തന്നെയാണ് റോഡുള്ളത്, റോഡിനപ്പുറം പാകിസ്താനും. നാലുമണി കഴിഞ്ഞിരുന്നു ഗ്രേറ്റ് റണിൽ എത്തുമ്പോൾ… റോഡിന്റെ പണി നടക്കുന്നതിനാൽ ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് കാറുകൾ കടത്തി വിടുന്നില്ലായിരുന്നു. ബൈക്കിനു പോകാൻ കുഴപ്പമില്ലെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ബൈക്കിൽ തന്നെ യാത്ര തുടർന്നു, വേണ്ടായിരുന്നെന്ന് പിന്നെ തോന്നി. 
മെറ്റലിനുമുകളിലൂടെ ബൈക്കോടിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു. ചിത്രങ്ങളിൽ കണ്ട് പരിചയമുള്ള റൺനെയല്ല ഞാൻ അവിടെ കണ്ടത്, റൺ മുഴുവനായി വെള്ളപൂശാൻ ഇനിയും സമയമെടുക്കും.. ഡിസംബറ് മാസമാവണം അതിന്.



   
   ചൈനക്കാരായ ബ്രയാൻ, ഭാര്യ ജാസ്മിൻ സുഹ്രുത്ത് ടോണി എന്നിവരെ അവിടെ വച്ച് പരിചയപ്പെട്ടു. അഹമദാബാദിൽ ജോലി ചെയ്യുകയാണവർ.. നിലത്ത് ഇഴയുന്നത്രയും മുടിയുണ്ടവൾക്ക്. യാത്രപ്രിയരാണ് ബ്രയാനും ജാസ്മിനും, അവധി ദിവസങ്ങളിൽ ബുള്ളറ്റുമെടുത്ത് യാത്ര ചെയ്യൽ തന്നെയാണ്  രണ്ടുപേരുടേയും വിനോദം. അഹമദാബാദ് വഴി വരുകയാണെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് ചട്ടം കെട്ടി നമ്പറും കുറിച്ച് തന്നു ബ്രയാൻ. യാത്രികരുടെ സുഹ്രുത്തുക്കൾ എന്നും യാത്രികരാണല്ലോ…..



  റണിനപ്പുറം പാകിസ്താനാണെന്ന് പറയേണ്ടതില്ലല്ലോ…. കാലാദുങ്കർ എന്നൊരു സ്ഥലമുണ്ട് കച്ചിൽ, കച്ചിലെ ഉയരം കൂടിയ സ്ഥലമാണ് കാലദുങ്കർ. നല്ല ദിവസമാണെങ്കിൽ അവിടെ നിന്നും നോക്കിയാൽ പാകിസ്ഥാൻ വരെ കാണാൻ കഴിയും. ഞാൻ അവിടെ എത്തുമ്പോൾ മൂടിയ കാലാവസ്ഥയായിരുന്നു.  സിന്ധു നദിയെ വഴിമാറ്റി ഒഴുക്കിയ ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ. അതിനെ തുടർന്ന് അല്ലാഹ് ബണ്ട് എന്നറിയപ്പെടുന്ന പ്രകൃതി ദത്തമായ ഡാം രൂപപ്പെട്ടു. റണിനെ മുറിച്ച് കടന്നാൽ കാണാം അല്ലാഹ് ബണ്ട്.


Kaladungar
    രാജ്കോട്ടിലേക്കുള്ള യാത്രയായിരുന്നു പിറ്റേന്ന്. അടഞ്ഞ് കിടക്കുന്ന ഗാന്ധി സ്മൃതിയുടെ കവാടം കണ്ടപ്പോളാണ് ഇന്നു ഞായറാശ്ചയാണെന്ന ബോധം എനിക്ക് വന്നത്. രാജ്കോട്ട് നഗരത്തിന്റെ മധ്യത്തിലായാണ് കബ ഗാന്ധി നൊ ഡെലൊ എന്ന ഗാന്ധി സ്മൃതി നിലകൊള്ളുന്നത്. ആറുവയസ്സുമുതൽ ഗാന്ധിജി താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. രാജ്കോട്ടിന്റെ ദിവാനായി ഗാന്ധിജിയുടെ പിതാവ് സേവനമനുഷ്ടിച്ചിരുന്ന കാലത്തായിരുന്നു അത്. ഞായറും മറ്റ് അവധി ദിനങ്ങളിലും ഇവിടം അടഞ്ഞ് കിടക്കും. അകത്ത് കയറാനാവാതെ അടഞ്ഞ് കിടക്കുന്ന കവാടത്തിനു മുന്നിൽ നിന്നും ഞാൻ തിരിച്ച് പോന്നു.

ഞായർ തിരക്കിൽ‌പ്പെട്ട് നഗരത്തിൽ കുറച്ച് നേരം കുടുങ്ങിപ്പോയെങ്കിലും അധികം സമയം കളയാതെ ഗിറിലേക്കുള്ള യാത്ര തുടങ്ങി. സൌരാഷ്ട്രയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു ആ യാത്ര. നമ്മുടെ നാട്ടിലെ ഒക്കെ പോലെയുള്ള സ്ഥലങ്ങൾ തന്നെ.. ഇടുങ്ങിയ റോഡുകളും ഗൂഗിൾ മാപ്പിനുപോലും വഴി അറിയാത്ത സ്ഥലങ്ങൾ. തെങ്ങും കവുങ്ങും റബറിനും ഒക്കെ ഒക്കെ പകരം പരുത്തിയും ഗോതമ്പുമൊക്കെയാണെന്ന് മാത്രം..

Cotton
  
   ചക്ടു എന്ന് വിളിക്കുന്ന പകുതി ബുള്ളറ്റും പകുതി റിക്ഷയുമായ വാഹനത്തെ ഞാൻ ആദ്യമായി കാണുന്നത്. ഡീസൽ ബുള്ളറ്റിനെ പകുതി വെട്ടിമാറ്റി ഉണ്ടാക്കിയതാണ് ചക്ടു. സൌരാഷ്ട്രയിലെ പധാന വാഹനങ്ങളിലൊന്നാണ് ചക്ടു എന്നു തോന്നുന്നു… ട്രാക്റ്ററും ചക്ടുവുമാണ് ഏറ്റവും കൂടുതൽ ഞാൻ ആ യാത്രയിൽ കണ്ടുമുട്ടിയത്.. ധാരി, ലിംബിടി വഴി ഗിർ ഫോറസ്റ്റ് ആ‍യിരുന്നു ലക്ഷ്യം.
ഭക്ഷണത്തിനു വേണ്ടി വഴിനീളെ റസ്റ്റോറന്റുകൾ അന്യേഷിച്ചെങ്കിലും ഒന്നും കണ്ടില്ല. ഒടുക്കം ഒരു സ്റ്റേഷനറി കടയിൽ കയറി ബിസ്കറ്റും ചോക്ലേറ്റും വാങ്ങി. ബൈക്കിനടുത്തേക്ക് നടന്നപ്പോൾ കടക്കാരൻ തിരിച്ച് വിളിക്കുന്നു. ശ്ശെടാ കാശൊക്കെ കൊടുത്തതാണല്ലോ, ഇനി എന്ത് പുകിലെന്ന് കരുതി, അയാളേം തുറിച്ച് നോക്കിയാണ് തിരിച്ച് ചെന്നത്. വെള്ളം വാങ്ങി അവിടെത്തന്നെ വെച്ചാണ് വന്നത് അത് പറയാൻ തിരിച്ച് വിളിച്ചതാണ് പാവം. ബൈക്കിനു ചുറ്റും കുട്ടിപ്പട്ടാ‍ളം കൂടി നില്പുണ്ട് ഒരുത്തൻ അതിനു ചുറ്റും നടക്കുന്നുമുണ്ട്, അവരുടെ നേതാവായിരിക്കണം. എന്നെ കണ്ടതും അവൻ ചോദ്യം ചോദിക്കാൻ തുടങ്ങി.
   “ഇതു ബുള്ളറ്റല്ലെ?“
   “അതെ”
   “പെട്രോളോ? അതോ ഡീസലോ?”
   പെട്രോളാണെന്ന് പറഞ്ഞപ്പോൾ അവനമ്പരപ്പ്.... പെട്രോളൊക്കെ ആരേലും ഓടിക്കുമോ എന്നായി അവൻ...
   എത്ര മൈലേജ് കിട്ടുമെന്ന് ഉടനെ അടുത്ത സംശയം.
ബൈക്ക് സ്റ്റാറ്ട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോൾ ഞാൻ പറഞ്ഞു “25-30“
തലയിൽ കൈവച്ചുള്ള അവന്റെ നിൽ‌പ്പ് കണ്ണാടിയിൽ എനിക്ക് കാണാമായിരുന്നു....
   ഗൂഗിൾ മാപ്പെന്നെ കൊണ്ടെത്തിച്ചത് ഗിർ ദേശീയോദ്ധ്യാനത്തിലേക്കുള്ള വഴിയിലാണ്. മുന്നിൽ അടഞ്ഞ് കിടക്കുന്നു ചെക്ക് പോസ്റ്റ്. മൊബൈൽ നോക്കി വന്നതാണല്ലേ, എന്നും ചോദിച്ചാണ് ഗാർഡ് ഇറങ്ങി വന്നത്. ഇതിപ്പോ ഇങ്ങേര് ഗണിച്ച് കണ്ട് പിടിച്ചോ ആവോ.. ഇതിനകത്ത് കാ‍ണാൻ ഒന്നുമില്ല വെറും കാട് മാത്രമാണ് തിരിച്ച് 40 കിലോമീറ്റർ പോയാൽ ഇടത്തേക്ക് ഒരു റോഡുണ്ട് അതു വഴി പോയാൽ സാസൻ ഗിറിൽ എത്തും അവിടെ ചെന്നാൽ സഫാരി ഒക്കെ ഉണ്ട്, ജീപ്പിൽ കയറി സിംഹത്തിനെ ഒക്കെ കാണാം. ഗുജറാത്തി കലർന്ന ഹിന്ദിയിൽ കുറേകഷ്ടപ്പെട്ട് അയാൾ പറഞ്ഞൊപ്പിച്ചു.  അപ്പോൾ ഗൂഗിൾ നോക്കി ഇത് വഴി കുറേപ്പേര് സിംഹത്തെ കാണാൻ വന്നിട്ടുണ്ടായിരിക്കണം. അല്ലാണ്ട് അങ്ങേരു കണിയാൻ ഒന്നുമല്ല.
    ഇത്രേം കഷ്ടപ്പെട്ട് ഇതുവരെ വന്ന് തിരിച്ച് പോകുക എന്നുവച്ചാൽ അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ. മാപ്പെടുത്ത് നോക്കിയപ്പോൾ കാ‍ട്ടിലൂടെയുള്ള റോഡിൽ പോയാൽ ഗിർ കടന്ന് അപ്പുറം ചെന്നും സാസൻ ഗിറിൽ എത്താമെന്ന് മനസ്സിലായി. കോഡിനാർ ധാരി ഹൈ വേയിൽ ആണിപ്പോൾ ഞാൻ നിൽക്കുന്നത്. രാത്രി ആവാറായി തന്നേയുമല്ല ബൈക്കിൽ പോകുന്നത് അപകടവുമാണെന്ന് പറഞ്ഞ് എന്നെ കടത്തി വിടാതിരിക്കാൻ അവർ ആവുന്നത്  ശ്രമിച്ചു അവസാനം എന്റെ യാത്രയപ്പറ്റി ചെറിയൊരു വിശദീകരണം പറയേണ്ടി വന്നു, തിരിച്ച് പോകാതിരിക്കാൻ.
   സിംഹങ്ങൾ സാധാരണയായി ആക്രമിക്കാറില്ലെന്നും വഴിയിൽ ഒരു കാരണവശാലും നിർത്തെരുതെന്ന ഉപദേശവും കിട്ടി. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഹോണടിക്കരുതെന്നും അമിത വേഗത പാടില്ലെന്നും പറയാൻ മറന്നില്ല. ആവശ്യത്തിലധികം കുഴികളുള്ളതും ഇടുങ്ങിയതുമായ വഴിയാണ് ഗിർ വനത്തിലൂടെയുള്ളത്. മഴക്കാടുകൾ കണ്ട് ശീലിച്ച നമുക്ക് ഇവുടുത്തെ കാടുകൾ വെറും കുറ്റിക്കാടിന്റെ പ്രതീതി മാത്രമേ തരികയുള്ളൂ. പണ്ടൊരിക്കൽ വേനലിൽ ചിന്നാറിലെത്തിയപ്പോൾ കണ്ടത് ഇതുപോലെ കരിഞ്ഞുണങ്ങി നിൽക്കുന്ന കാടായിരുന്നു. സിംഹത്തിനെ വഴിയിൽ മുഴുവൻ നോക്കിയെങ്കിലും ഒരു സിംഹവാലൻ കുരങ്ങനെപ്പോലും കണ്ടില്ല.. സാധാരണ മാൻപറ്റത്തെ എങ്കിലും കാണുന്നതാണ് ഇവിടെ അതുപോലുമില്ല. സാസൻ ഗിറിലെത്തുമ്പോൾ സമയം എട്ടു കഴിഞ്ഞിരുന്നു. ദീപാവലി പ്രമാണിച്ച് ഒരുപാട് പേർ ഗിറിലെത്തിയിട്ടുണ്ട്. റൂം തിരഞ്ഞുള്ള അലച്ചിലിലാണ് ഞാൻ. ജോലി രാജിവെച്ച് വന്നിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ജോലി സ്ഥലത്തുള്ളവർ എന്നെ മറന്ന മട്ടില്ല. ഓരോന്ന് ചോദിച്ച് വൈകീട്ട് മുതൽ ഫോൺ വിളിയാണ്. അലച്ചിലിനൊടുവിൽ അഞ്ചൂറു രൂപ നിരക്കിൽ ഒരു റൂം കിട്ടി. നാളെ ഇവിടെത്തന്നെ തങ്ങി ഗിറിനെ മൊത്തത്തിൽ ഒന്നു ചുറ്റിക്കണ്ടിട്ടാവാം ഇനിയുള്ള യാത്ര, ഒരു ദിവസത്തെ റെസ്റ്റും കിട്ടും.
     
     ജീപ്പ് സവാരിക്ക് ടിക്കറ്റ് കിട്ടണമെങ്കിൽ രാത്രി വൈകി ക്യൂവിൽ നിൽക്കണം. മാത്രമല്ല ജീപ്പും പ്രവേശന ഫീസും ഗൈഡിനുള്ള പണവുമടക്കം 2000 രൂപ കൊടുക്കുകയും വേണം. ആറുപേർക്കുള്ളതാണ് ഒരു ജീപ്പ്. രാവിലെ 2 തവണയായി 30 വണ്ടികളെ കടത്തി വിടൂ. പാതിരാമുതൽ ക്യൂ നിന്ന് സിംഹത്തെ കാണാമെന്ന് വെച്ചാൽ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുന്നില്ല. ഇതുവരെ വന്നിട്ട് സിംഹരാജനെ മുഖം കാണിക്കാതെ മടങ്ങുന്നതെങ്ങനെ? ആകെ മൊത്തം കൺഫ്യൂഷൻ.... ഹോട്ടലുകാരൻ ദൈവദൂതനെപ്പോലെ അവതരിച്ചത് അപ്പോഴാണ്. നാലുപേരുള്ള ഒരു ഫാമിലിക്കും ടിക്കറ്റ് വേണം, പണം അഞ്ചുപേരും കൂടി ഷെയറ് ചെയ്താൽ മതി. പക്ഷേ പകരം ഞാൻ രാത്രി ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. രാത്രി എന്നു വെച്ചാൽ പന്ത്രണ്ട് ഒരു മണി മുതൽ ക്യൂ നിൽക്കണം ആറരക്ക് ഗേറ്റ് തുറന്ന് ടിക്കറ്റ് തരും വരെ. അത് കേട്ടപ്പോൾ കൺഫ്യൂഷൻ കൂടി... ദൈവദൂതന്റെ വാക്കുകൾ അപ്പോൾ വീണ്ടും വന്നു... 500 രൂപ കൊടുത്താൽ അവൻ ക്യൂ നിന്നോളാം എന്നായിരുന്നു അത്. അപ്പോ പ്രശ്നത്തിനു ഒരു പരിഹാരമായി എല്ലാരേം പോലെ തന്നെ ഇവിടേം ദൈവദൂതൻ, കാശു കിട്ടിയാൽ ചുളുവിൽ കാര്യ സാദ്ധ്യം. എന്തായാലും സംഗതി കൊള്ളാം ഞാൻ 500 കൊടുത്താൽ മതി 6 മണി വരെ ഉറങ്ങുകയും ചെയ്യാം. എന്നാൽ പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ച് കിടക്കാൻ ഞാൻ തീരുമാനിച്ചു.
  
   ഭക്ഷണം കഴിക്കണമെങ്കിൽ എ ടി എം വരെ പോകണം കയ്യിൽ കാശൊന്നുമില്ല. ഏ ടി എം തപ്പി നടക്കുമ്പോൾ എതിരെ 10-15 പേർ നടന്ന് വരുന്നത് കണ്ടു. മലയാളം സംസാരിച്ച് കൊണ്ടാണ് വരവ്. നാട്ടിൽ നിന്നും വന്നവരാണെന്ന് കണ്ടിട്ട് തോന്നുന്നില്ല. ഗുജറാത്തികളുടെ പണത്തിനുള്ള ബുദ്ധിമുട്ട് മാറ്റാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണവർ. മലയാളികൾക്ക് മാത്രമല്ലല്ലൊ പണത്തിനു ബുദ്ധിമുട്ടുള്ളത്.  
ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സമയം ആറ് മണി പോയിട്ട് മൂന്നുപോലും ആയിട്ടില്ല. ക്യൂവിൽ നിൽക്കാമെന്നേറ്റവനാണ് വിളിക്കുന്നത്. പെട്ടെന്ന് വരാൻ, ക്യൂ‍വിൽ അവൻ നിൽക്കുന്നത് പോലീസുകാരുകണ്ടാൽ ഇറക്കിവിടും പിന്നെ അവനെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല പോലും..

    ഒരോരൊ പണികൾ വരുന്ന വഴികളേ….. അഞ്ചൂറും പോയി ഉറക്കവും പോയി. അങ്ങനെ 3 മണി മുതൽ ഞാൻ തന്നെ ക്യൂവിൽ. ആദ്യത്തെ 15 വണ്ടികൾ  6:30നും അടുത്ത 15 വണ്ടികൾ 7:30 നും കയറ്റിവിടും, ആദ്യത്തേതിൽ പെട്ടാലെ കാര്യമുള്ളൂ. അതിൽ പോയാൽ സിംഹത്തെ കാണാൻ സാദ്ധ്യത കൂടുതൽ ആണല്ലോ. ആൾക്കാരുടേയും വാഹനങ്ങളുടേയും ബഹളമായാൽ സിംഹം ഉൾക്കാട്ടിലേക്കെങ്ങാൻ പോയാൽ പണി പാളിയില്ലേ…

   ആർമിയിൽ നിന്നും വിരമിച്ചയാളായിരുന്നു എനിക്ക് തൊട്ട് മുൻപിൽ നിന്നിരുന്നത് ബൈക്കിലാണ് വന്നതെന്ന് പറഞ്ഞപ്പോൾ അയാൾക്കൊരു വിശ്വാസക്കുറവ്. ഒടുക്കം ഡി എൽ നമ്പറ് കാണിച്ച് കൊടുക്കേണ്ടി വന്നു സംശയം മാറാൻ. ദില്ലിയിലെത്തിയിട്ട് ബൈക്കെടുത്ത് ഒരു യാത്ര പോകണമെന്ന് ആത്മഗതം പോലെ പറയുകയും ചെയ്തു.
ആറരക്ക് തന്നെ സഫാരി തുടങ്ങി. മകനും മകളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ത്രിവേദി കുടുംബമായിരുന്നു കൂടെ ഉണ്ടായിരുന്നത്, ഞങ്ങളേയും ഡ്രവറേയും കൂടാതെ ഒരു ഗൈഡും ഉണ്ട് കൂടെ, ജീപ്പിന്റെ മുന്നിലെ സീറ്റിൽ ആദ്യം തന്നെ കയറി സ്ഥലമുറപ്പിച്ചിട്ടുണ്ട് കക്ഷി. സിംഹത്തെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എല്ലാവരും.  ഇതുവരെ ബിഗ് കാറ്റ് ഫാമിലിയിൽ പെട്ട ഒന്നിനേയും നേരിട്ട് കാണാൻ എനിക്ക് പറ്റിയിട്ടില്ല.. മൃഗശാലയിലല്ലാതെ. എന്റെ ക്യാമറക്ക് പിടി തരാൻ ആദ്യമായി വരുന്നത് വനരാജൻ തന്നെ ആവട്ടെ. ആയിരത്തിനാനൂറിൽ പരം കിലോമീറ്റർ വിസ്തൃതിയുണ്ട് ഗിർ ഫോറസ്റ്റിന്. വേട്ടയാടപ്പെട്ട് ഒരുകാലത്ത് വംശനാശ ഭീഷണിയിൽ എത്തിയിരുന്നു ഏഷ്യൻ സിംഹങ്ങൾ. അവയുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. ഇന്ന് ലോകത്ത് ഏഷ്യൻ സിംഹങ്ങൾ അവശേഷിക്കുന്നത് ഇവിടെ മാത്രമാണ്. ഇന്ന് നാനൂറിൽ പരം സിംഹങ്ങൾ ഉണ്ടിവിടെ. കാടിറങ്ങി ദ്യൂ കടപ്പുറം വരെ എത്താറുണ്ടത്രേ സിംഹങ്ങൾ.

    നല്ല തണുപ്പുള്ള പ്രഭാതം. മഞ്ഞ് പെയ്യുന്നുണ്ട്. മരങ്ങളെല്ലാം നനഞ്ഞാണ് നിൽക്കുന്നത്. ഇടക്ക് ഡ്രൈവർ വണ്ടി നിർത്തി ഇടത്തേക്ക് കൈ ചൂണ്ടി സിംഹമാണെന്ന് കരുതി ഞാനും ക്യാമറയൊക്കെ റെഡിയാക്കി നിന്നു. പുള്ളിമാനിന്റെ ഒരു പറ്റം ഭയപ്പാടൊന്നുമില്ലാതെ നിന്നു പുല്ലു തിന്നുന്നുണ്ട്. ഇടക്കിടെ ഒരൊരുത്തർ തലപൊക്കി ചുറ്റും നിരീക്ഷിക്കും വീണ്ടും തീറ്റ തുടരും.


ജീപ്പ് പിന്നെ നിർത്തിയത് കമലേശ്വർ ഡാമിന്റെ കാച്ച്മെന്റിലാണ്. ജീപ്പിൽ നിന്നിറങ്ങാൻ ഗൈഡ് അനുമതി നൽകി. വെള്ളത്തിൽ നിറയെ മീനുകളെ കാണാമായിരുന്നു. ഫോൺ വെള്ളത്തിൽ മുക്കി ഞാൻ ഒരു വീഡിയോ പകർത്തി. 
തെല്ലതിശയത്തോടെ ജീപ്പിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടി ഞാൻ ചെയ്യുന്നത് മാറി നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കൂടാതെ നാലു ജീപ്പിലെ ആളുകൾ കൂടി ഉണ്ടായിരുന്നു അവിടെ. അഞ്ചു വാഹനങ്ങളുടെ മൂന്നു ഗ്രൂപ്പുകൾ ആക്കി മൂന്നു വഴിക്കായിരുന്നു യാത്ര തുടങ്ങിയത്. സ്വന്തം വാഹനമുള്ളവർക്ക് അതുപയോഗിക്കാം. ബൈക്കൊഴികെ. ചുറ്റിലും ഞാൻ കണ്ണുകൾക്കൊണ്ട് സിംഹത്തെ പരതുന്നുണ്ടായിരുന്നു.

    മുന്നിൽ ആകെ ബഹളം നടക്കുന്ന പോലെ ശബ്ദം. കുറെ ജീപ്പുകൾ ഞങ്ങൾക്ക് മുൻപിലായി നിർത്തിയിട്ടുണ്ട്. സിംഹത്തെ കണ്ടിട്ടാണതെന്ന് എനിക്ക് മനസ്സിലായി. 2 മിനുറ്റ് വീതം എല്ലാ ജീപ്പുകാരേയും അവിടെ നിർത്താൻ അനുവദിക്കുന്നുണ്ട്. ഫോറസ്റ്റ് ഗാർഡ് മാർ തിരക്കൊഴിവാക്കി എല്ലാവർക്കും കാണാൻ അവസരം ഒരുക്കി തന്നു. 18-135 ലെൻസ് വെച്ച് പറ്റാവുന്നത്രയും വലുതാക്കി സിംഹത്തെ ഞാൻ ക്യാമറയിൽ പകർത്തി. അദ്യമായി സിംഹത്തെ കാണുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ ആയിരുന്നു.






  രാജാവിനെ തിരഞ്ഞിറങ്ങി  രാജ്ഞിപ്പടകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഞാൻ ഒരുപാട് സന്തോഷിച്ചു. ഗിർ വനത്തിൽ സിംഹങ്ങളെ കാ‍ണാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. രണ്ട് സഫാരികൾ നടത്തിയാൽ ഒരെണ്ണത്തിലെങ്കിലും സിംഹത്തെ കാണാൻ കഴിയും. എനിക്കത് ആദ്യത്തേതിൽ തന്നെ പറ്റി.  ഇതിൽ കണ്ടില്ലെങ്കിൽ രണ്ടാമത് നടത്താൻ ഒരു നിർവാഹവും ഇല്ലായിരുന്നു എന്നത് വേരൊരു സത്യം.

     തിരിച്ച് കാടിറങ്ങി സിങ് സദാൻ സാസൻ ഗിർ എന്ന ഗവണ്മെന്റ് ഗസ്റ്റ് ഹൌസിനു മുൻപിൽ ജീപ്പ് നിന്നു. ഗുജറാത്ത് ടൂറിസം ഡിപാർട്മെന്റിന്റെ കീഴിലുള്ളതാണീ ഗസ്റ്റ് ഹൌസ്. നൂറ് രൂപക്ക് ഡോർമിറ്ററി പ്രതീക്ഷിച്ചായിരുന്നു ഞാൻ വന്നത്. ദീപാവലിയുടെ കാര്യം കലണ്ടർ നോക്കി ശീലമില്ലാത്തത് കൊണ്ട് അറിഞ്ഞതുമില്ല. 

തിരിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ യാത്രയിൽ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി എന്നോട് ഞാനെടുത്ത വീഡിയോ അയച്ച് കൊടുക്കുമോ എന്നു ചോദിച്ചു.

“സിംഹത്തിന്റെ ഫോട്ടോ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ“ ഞാൻ പറഞ്ഞു.

   ഡാമിൽ വെച്ച് ഞാൻ എടുത്ത വീഡിയോ ആയിരുന്നു അവൾക്ക് വേണ്ടതെന്നവൾ വിശദീകരിച്ച് തന്നു. ഹണി ത്രിവേദി എന്ന ഒരു ആരാധിക കൂടി എക്സ്പീരിയ ഇസഡിനു ഞാൻ കാരണം ഉണ്ടായി..




   ചെന്ന് കിടന്ന് അധിക സമയം ആവുന്നതിനു മുൻപ് ഡോറിൽ മുട്ടു തുടങ്ങി. തുറന്ന് നോക്കിയപ്പോൾ ദൈവദൂതൻ നിൽക്കുന്നു, ഇന്നു പിശാചിന്റെ ചെറിയൊരു പതിപ്പാണെന്ന് മാത്രം. ഇന്ന് രാത്രി തങ്ങണമെങ്കിൽ ആയിരം രൂപ കൊടുക്കണം. അഞ്ചൂറു രൂപയ്ക്ക് തരുമ്പോൾ അവിടെ റൂമെല്ലാം ഒഴിവായിരുന്നു. ഞാൻ വന്നതിനു ശേഷമാണ് മുറിയെല്ലാം നിറഞ്ഞതെന്നും പിശാച് പറഞ്ഞു. ആയിരം തന്ന് നിൽക്കാൻ എനിക്ക് പറ്റില്ല ഞാൻ ഇറങ്ങി തന്നോളാമെന്നായി ഞാൻ, എണ്ണൂറ് രൂപ തന്നാൽ ഇന്നു രാത്രി കൂടി നിൽക്കാമെന്ന ഓഫർ എനിക്ക് വെച്ചു നീട്ടി കക്ഷി.  ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങി തന്നോളാമെന്ന് പറഞ്ഞ് വാതിലടച്ച് ഞാൻ കിടന്നുറങ്ങി.. അവൻ വീണ്ടും വന്ന് മുട്ടുന്നത് വരെ…