വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Sunday, 23 March 2014

സ്വര്‍ഗീയ ദിനങ്ങള്‍



ഇന്ത്യയുടെ സിരകളിലൂടെ - 3

ആദ്യഭാഗം, രണ്ടാം ഭാഗം


ക്ഷീണം തീര്‍ക്കാന്‍ കുറച്ചൊന്നുമല്ല ഉറങ്ങിയത്... എഴുന്നേറ്റപ്പോള്‍ സമയം പത്തു കഴിഞ്ഞിരിക്കുന്നു. അറ്റാച്ച്ഡ് ബാത്ത് റൂം ഇല്ലാത്ത മുറിയായിരുന്നു ഇപ്രാവശ്യം കിട്ടിയത്. ഹോട്ടലില്‍ ഞാന്‍ മാത്രമേ അതിഥി ആയുള്ളൂ അതുകൊണ്ട് തന്നെ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഇന്നലെ  ഒരുകാര്യം തീര്‍ച്ചയാക്കിയിരുന്നു, ലഡാക്കില്‍നിന്നുപോകുംവരെ അത്യാവശ്യത്തിനല്ലാതെ വെള്ളത്തില്‍ തൊടില്ലെന്ന്.  അസഹനീയമായ തണുപ്പ് തന്നെയാണ് അങ്ങനെ ഒരു തീരുമാനത്തില്‍ എത്താന്‍ എന്നെ പ്രേരിപ്പിച്ചതെങ്കിലും മറ്റൊരു കാരണം കൂടി അതിനു പുറകിലുണ്ട്, ലേയിലെ ജലക്ഷാമം തന്നെയാണത്. വളരെ കുറച്ച് മാത്രം മഴലഭിക്കുന്ന പ്രദേശമാണ് ലഡാക്ക്. സിന്ധുനദി ഒഴുകുന്നത് ഒന്നുകൊണ്ട് മാത്രം മരുഭൂമിആയി മാറാത്ത മലമ്പ്രദേശം ആണിത്. പരമ്പരാഗതമായ കമ്പോസ്റ്റ് കക്കൂസുകള്‍ ഉപയോഗിക്കാനും പഴയ രീതിയിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ട് വരാനും പല സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സഞ്ചാരികളുടെ സഹകരണവും അവര്‍ തേടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ വേണ്ടിയാണിത്.


ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എടുക്കുക എന്നതാണ് ഇന്നത്തെ ആദ്യ പരിപാടി. പാങോങ് തടാകം(pangong tso),  ഖാര്‍ദൂങ് ലാ, നുബ്ര താഴ്‍വര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ പെര്‍മിറ്റ് കൂടിയേ തീരു. പെര്‍മിറ്റ് എടുക്കാന്‍ ഡിസി ഓഫീസിലേക്ക് പോകുന്നതിനു മുന്‍പ് ഒരു സിംകാര്‍ഡ് സംഘടിപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍ ചില മൊബൈല്‍ കടകളിലും എയര്‍ടെല്ലിന്റെഓഫീസിലും ഒന്നു കയറി. പുതിയ സിം കാര്‍ഡ് കിട്ടണമെങ്കില്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സ്വത്വം  തെളിയിക്കുന്ന രേഖകളും ഒരാഴ്ചയെങ്കിലും ഞാന്‍ അവിടെ താമസിക്കുകയും വേണം... ഇത് രണ്ടും നടക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ഞാന്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഒരു മൊബൈല്‍ കടയുടമ 1500 രൂപ തരുകയാണെങ്കില്‍ ഒരാഴ്ച ഉപയോഗിക്കാന്‍ അയാളുടെ പേരിലുള്ള സിംകാര്‍ഡ് താരാമെന്ന് പറഞ്ഞെങ്കിലും അത്രയും പണം മുടക്കാന്‍ എനിക്ക് മനസ്സ് വന്നില്ല. മൊബൈല്‍ ഇല്ലാത്തത് അത്രകണ്ട് എന്നെ ബാധിക്കില്ല എന്നെനിക്കറിയാമായിരുന്നു താനും. ഗൂഗിള്‍ നാവിഗേഷന്‍ ഇല്ലാതായതാണ് ആകെയുള്ള പൊല്ലാപ്പ്. കാശ്മീരില്‍ യാത്ര ചെയ്യാന്‍ ഒരു തരത്തില്‍ അതിന്റെ ആവശ്യം ഇല്ല താനും. വിരലിലെണ്ണാവുന്ന റോഡുകളെ ഇവിടെ ഉള്ളൂ എന്നത് കൊണ്ട് തന്നെ.





ഡിസി ഓഫീസില്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് നല്‍കി. ഉടനെ തന്നെ അവര്‍ പെര്‍മിറ്റ് സീല്‍ വെച്ച് തന്നു. മൂന്നു നാലു മേശക്കു പുറകില്‍ ഇരിക്കുന്നവര്‍ എഴുനൂറിലധികം രൂപയുടെ രസീതി എഴുതിത്തന്നു അതിന്റെകൂടെ എന്നുമാത്രം. ഒരാഴ്ചവരെ സഞ്ചരിക്കാന്‍ ഉള്ള പാസ്സാണ് അവര്‍ അനുവദിച്ച് തരുന്നത്. ലേ നഗരത്തിലെ പലയിടങ്ങളില്‍ സഞ്ചരിക്കാന്‍ പാസ് ആവശ്യമില്ലെങ്കിലും വിദൂര സ്ഥലങ്ങളായ പാങോങ് തടാകം,  ഖാര്‍ദൂങ് ലാ, നുബ്ര താഴ്‍വര, മോരിരി തടാകം, ചാങ്താങ്, കര്‍ തടാകം, ദ്രോക് പാ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ പാസ് കൂടിയേതീരു.



സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയില്‍  ഏകദേശം 90 മി.മി മഴ ഓരോ വർഷവും  ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽ‌ഷ്യസ് വരെയും വേനലില്‍ താപനില 33 ° വരെയും എത്താറുണ്ട്.  പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാൽ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. പത്തൊന്‍പതാം നൂറ്റാണ്ടിൽ കാശ്മീരി സേനകൾ  ഈ കൊട്ടാരം പിടിച്ചെടുത്തു. രാജ പരിവാരങ്ങൾ പിന്നീട് ഇപ്പോഴത്തെ വീടായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുംബം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്. താഴേയുള്ള നിലകള്‍ സംഭരണത്തിനും ആലകളായും ഉപയോഗിക്കുന്നു.  (അവലംബം വിക്കി)

നശിപ്പിക്കപ്പെട്ട ലേ രാജകൊട്ടാരം, ശാന്തി സ്തൂപം, ലേ പള്ളി തുടങ്ങിയവ കാണാന്‍ പോകാം എന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ ലേ കൊട്ടാരം കേടുപാടുകള്‍ തീര്‍ക്കുന്നതിനു വേണ്ടി അടച്ചിട്ടിരിക്കുന്നതിനാല്‍  സന്ദര്‍ശകരെ അനുവദിക്കുന്നില്ലായിരുന്നു. സിന്ധുനദിക്കരയിലൂടെ ഇന്നലെ വന്ന വഴികളിലൂടെ ബൈക്ക് ഓടിച്ച് പോകാന്‍ തീരുമാനിച്ചു. ഇന്നലെ അതു വഴി വരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നതിനാല്‍ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല.  ഹെമിസ് ദേവാലയത്തിലും പോകണമെന്ന് തീരുമാനിച്ചു. ആ വഴിയില്‍ തന്നെയാണ് 3 ഇഡിയറ്റ്സ് എന്ന സിനിമ ചിത്രീകരിച്ച ദ്യൂക്ക് വൈറ്റ് ലോട്ടസ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 2010 ആഗസ്റ്റില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും ഉരുള്‍പൊട്ടലിലും സ്കൂളിന്റെ പല കെട്ടിടങ്ങളും തകര്‍ന്നിരുന്നു. എതോ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ സ്കൂള്‍ മുഴുവനായി കാണാന്‍ അനുവാദം കിട്ടിയതുമില്ല.  അവിടെനിന്നിറങ്ങി പിന്നെയും കുറേദൂരം ഞാന്‍ ബൈക്കില്‍ യാത്ര ചെയ്തു.  അഞ്ചുമണിയോടെ ഇരുട്ട് വീണു തുടങ്ങി, ഞാന്‍ തിരിച്ച് ലേയിലേക്ക് തന്നെ വണ്ടി ഓടിച്ചു, ഏകദേശം 50കിലോമീറ്റര്‍ അകലെയായിരുന്നു ഞാനപ്പോള്‍....

ബൈക്ക് ഹോട്ടലിനുമുന്നില്‍ ഒതുക്കി നിര്‍ത്തി പഴയ ലേ അങ്ങാടിയിലേക്ക് ഞാന്‍ നടന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഏകദേശം അരകിലോമീറ്റര്‍ ദൂരമേയുള്ളൂ അങ്ങോട്ടേക്ക്. തണുപ്പിനെ പ്രതിരോധിക്കാനുള്ള മേല്‍ക്കുപ്പായം വാങ്ങുക, രാത്രി ഭക്ഷണം കഴിക്കുക, കഴിയുമെങ്കില്‍ ഏതെങ്കിലും കഫേയില്‍ കയറി  രണ്ട് ദിവസത്തെ വിവരങ്ങള്‍ സുഹൃത്തുക്കളെ അറിയിക്കുക എന്നിവയായിരുന്നു പരമമായ ലക്ഷ്യം.

ലേയിലെ പഴയ അങ്ങാടിയില്‍ വെച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഹര്‍ഷ്ദീപിനേയും പഞ്ചാപ് സ്വദേശിയായ ചന്‍പ്രീത് സിങിനേയും പരിചയപ്പെടുന്നത്. നേരത്തെ ഡിസി ഓഫീസില്‍ വെച്ച് രണ്ട് പേരേയും കണ്ടിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. വായുസേനയില്‍ പുതിയതായി ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് രണ്ട് പേരും. ഖാര്‍ദൂങ് ല, നുബ്ര താഴ്‍വര, പാങോങ് തടാകം എന്നീ ലക്ഷ്യങ്ങളാണ് അവര്‍ക്കുമുള്ളത്, വരും ദിവസങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഞങ്ങള്‍ അവിടെ വച്ച് തീരുമാനിച്ചു. ചണ്ഡിഗഡില്‍ നിന്നും വായുസേനയുടെ വിമാനത്തിലാണവര്‍ ലേയില്‍ എത്തിയിരിക്കുന്നത്. ലേയില്‍ വന്നതിനു ശേഷം ബൈക്ക് വാടകക്കെടുത്താണവരുടെ യാത്ര. പിറ്റേന്ന് ഖര്‍ദൂങ്ലായിലേക്ക് പോകാനായിരുന്നു തീരുമാനം.

ഒന്‍പത് മണിയോടെ ഞാന്‍ ലേയിലെ പഴയ അങ്ങാടിക്ക് മുന്നിലുള്ള വഴിയില്‍ എത്തി. അവിടെ വെച്ച് കണ്ട്മുട്ടാം എന്നായിരുന്നു ഇന്നലെ പിരിയുമ്പോള്‍ പറഞ്ഞുറപ്പിച്ചത്.  സമയം ഒരുപാട് പിന്നേയും കഴിഞ്ഞു അവരെത്തുമ്പോളേക്കും. എന്റെ നില്‍പ്പില്‍ പന്തികേട് തോന്നിയിട്ടാവണം ഒരു പട്ടാളക്കാരന്‍ എന്റെ അരികിലേക്ക് നടന്നുവരുന്നത് ഞാന്‍ കണ്ടു. അങ്ങേരെ തുറിച്ച്നോക്കി പുലിവാലു പിടിക്കേണ്ടെന്ന് കരുതി ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ അവര്‍ വരാന്‍ സാധ്യതയുള്ള വശത്തേക്ക് നോക്കി ഞാന്‍ നിന്നു. എന്റെ സംശയം തെറ്റിയില്ല, എന്നെ മാത്രം നോക്കിയാണ് പട്ടാളക്കാരന്റെ വരവ്. കുറേ നേരമായി ഞാന്‍ ശ്രദ്ദിക്കുന്നു, എന്താ ഇവിടെ നില്‍ക്കുന്നത്? എന്നോടായി ചോദിച്ചു. ഖാര്‍ദുങ് ലാ വരെ പോകാനാണ് പരിപാടിയെന്നും രണ്ട്പേരെ കാത്തുള്ള നില്‍പാണിതെന്നും  ഞാന്‍ പറഞ്ഞു. ചോദിക്കാതെ തന്നെ ഡിസി ഓഫീസില്‍ നിന്നും അനുവദിച്ച പാസും എടുത്ത് കാണിച്ചു. അതില്‍ നോക്കുക പോലും ചെയ്യാതെ മൂപ്പര്‍ സംസാരം തുടങ്ങി. നാടും വീടുമൊക്കെ ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വിശ്വാസം വരാത്തപോലെ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യവും എന്തു കാണാനാ ഇവിടെ വന്നത്? വല്ലതും കാണാന്‍ ഉണ്ടെങ്കില്‍ അതു ശ്രീനഗറിലേ ഉള്ളൂ.. കല്ലും മലയും തരിശുനിലവുമല്ലാതെ ഇവിടെ എന്തുണ്ട് പോരാത്തതിനു ഒടുക്കത്തെ തണുപ്പും. അമ്പരപ്പോടെ ഞാന്‍ അയാളെ നോക്കി ചോദിച്ചു, സാറിന്റെ നാട്? ഞാന്‍ ശ്രീനഗര്‍കാരനാണ്. യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചതാണ് തര്‍ക്കിക്കുക എന്ന കാര്യം. കഷ്ടപ്പെട്ട് മുഖത്ത് ചിരി വരുത്തി ഞാന്‍ ശ്രീനഗറിലെ കാര്യങ്ങള്‍ അന്യേഷിച്ചു, അവിടെ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി അയാള്‍ പറഞ്ഞു തന്നതിലും കൂടുതല്‍ ഞാന്‍  ഇതിനോടകം വായിച്ചറിഞ്ഞിരുന്നു. ഹര്‍ഷും സിങ്ങും വരുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു, പട്ടാളക്കാരനോട് വിട ചോദിച്ച് ഞാന്‍ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. വൈകിയതില്‍ ക്ഷമാപണം നടത്തിക്കൊണ്ടാണ് രണ്ടുപേരും വന്നത്.







39 കിലോമീറ്ററാണ് ലേയില്‍ നിന്നും ഖാര്‍ദുങ് ലാ വരെയുള്ള ദൂരം. സൌത്ത് പുള്ളുവിലാണ് ആദ്യത്തെ ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. വായുസേനയില്‍ ജോലി ചെയ്യുന്നത് കൊണ്ട് പാസില്ലാതെ തന്നെ അവര്‍ക്ക് ചെക്ക് പോസ്റ്റ് കടന്ന്പോകാന്‍ കഴിയുമെന്നൊരു ധാരണ രണ്ട് പേര്‍ക്കും ഉണ്ടായിരുന്നു, അതു തെറ്റായിരുന്നെന്ന് ചെക്പോസ്റ്റില്‍ മൂന്നുപേരുടെയും പാസിന്റെ കോപ്പി കൊടുത്ത് ഒപ്പിട്ട് തിരിച്ചുവന്ന ഹര്‍ഷിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. ലേയില്‍ നിന്നും സൌത്ത് പുളു വരെയുള്ള 25കിലോമീറ്ററോളം ദൂരം വളരെ നല്ലറോഡായിരുന്നു. ഇനിയങ്ങോട് പാസ്സ് വരെയുള്ള റോഡ് വളരെ മോശമാണെന്ന് അവിടെ ചായയും അത്യാവശ്യം സാധനങ്ങളും വില്‍ക്കുന്ന കടക്കാരന്‍ പറഞ്ഞു. സിങ്ങ് തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കയ്യുറ ധരിക്കാതെ ആയിരുന്നു ഇതുവരെ യാത്ര ചെയ്തിരുന്നത്. ബൈകിന്റെ പുറകിലാണ് ഇരിക്കുന്നതെങ്കിലും സാധാരണ ബൈക്ക് ഓടിക്കുമ്പോള്‍ ധരിക്കുന്ന കയ്യുറ ഉണ്ടെങ്കിലും അതു പര്യാപ്തമല്ലെന്ന് കുറേദൂരം യാത്ര ചെയ്തതിനു ശേഷമാണ് മനസ്സിലാക്കാന്‍ സിങ്ങിനു കഴിഞ്ഞത്. യാത്ര ഹിമാലയന്‍ മല നിരകളിലേക്ക് കടന്നത് മുതല്‍ കാണുന്ന കയ്യുറകള്‍ മുഴുവന്‍ ഞാന്‍ പരീക്ഷിച്ചു നോക്കുന്നുണ്ട് ഒന്നും തന്നെ പൂര്‍ണ്ണ സംതൃപ്തി തരുന്നില്ലെങ്കിലും രണ്ടെണ്ണം ഇതിനോടകം ഞാന്‍ വാങ്ങിച്ചിരുന്നു. റോഹ്താങില്‍നിന്നും വാങ്ങിയ കയ്യുറ ഉപേക്ഷിച്ചു ഞാന്‍. വഴിയില്‍ വെച്ച് ബൈകിന്റെ എഞ്ചിനില്‍നിന്നും ചൂടുപകരാനുള്ള ശ്രമത്തിനിടയില്‍ അത് ഏറെക്കുറെ ഉരുകിയത് തന്നെ കാരണം. ഇന്നലെ മറ്റൊരു കയ്യുറ വാങ്ങിയെങ്കിലും അതിനും ഇവിടുത്തെ തണുപ്പില്‍ അപര്യാപ്തമാണ്. പട്ടാളക്കാര്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് കാണിച്ചു തന്ന കയ്യുറ കുറച്ച് നല്ലതാണെന്ന് തോന്നി.. (എല്ലാ കയ്യുറയും ആദ്യം നല്ലതെന്ന് തോന്നുമെങ്കിലും വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ വിധം മാറുകയാണ് പതിവു) എന്തായാലും ഞാനും ഒരെണ്ണം വാങ്ങി. തണുപ്പകറ്റാന്‍ ഓരോ കാലിച്ചായയും കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇതുവരെ അനായാസം വണ്ടി ഓടിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇനിയങ്ങോട്ട് അതിനു കഴിയില്ലെന്ന് തുടക്കത്തിലേ മനസ്സിലായി.  റോഡേതാ കുഴിയേതാ ചാലേതാ എന്നറിയാത്ത അവസ്ഥ!



പിന്നീടുള്ള യാത്രക്ക് എകദേശം രണ്ട് മണിക്കൂര്‍ വേണ്ടി വന്നു, 15 കിലോമീറ്റര്‍ താണ്ടാന്‍.  ഒരു മണിയോടടുത്ത് ഞങ്ങള്‍ ഖാര്‍ദൂങ് ലായില്‍ എത്തി. ലോകത്തെ തന്നെ വാഹനം ഓടിക്കാന്‍ കഴിയുന്ന എറ്റവും ഉയരത്തിലുള്ള റോഡ് എന്നറിയപ്പെടുന്ന മലയോരപാതയാണിത്. ബിആര്‍ഓ യുടെ കീഴിലുള്ള ഈ പാത ലേയിനേയും നുബ്ര താഴ്‍വരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. നുബ്ര വരെ പോകണമെന്നായിരുന്നു എന്റെ തീരുമാനം, പക്ഷേ രണ്ട് ദിവസം അതിനായി മാറ്റിവെക്കേണ്ടി വരുമെന്നതിനാല്‍ ആ തീരുമാനം ഞാന്‍ ഉപേക്ഷിക്കുകയാണുണ്ടായത്. കാശ്മീരിനെ മുഴുവനായി ഈ യാത്രയില്‍ കണ്ടുതീര്‍ക്കാമെന്ന ധാരണ എനിക്കില്ലതാനും.







സമുദ്ര നിരപ്പില്‍ നിന്നും 18380 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡ് 1973ഇല്‍ പണി തീര്‍ത്തതാണ്. സ്മാരക വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയും സഞ്ചാരികള്‍ക്ക് ഉച്ചഭക്ഷണവും മറ്റും വില്‍ക്കുന്ന ചെറിയൊരു ഭക്ഷണശാലയുമാണ് ഇവിടെ ആകെ ഉള്ളത്. ഉച്ച ഭക്ഷണം കഴിക്കാനും അവിടം ചുറ്റി നടന്നു കാണാനും മറ്റുമായി ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചിലവഴിച്ചു.
ലേയില്‍ നിന്ന് നുബ്ര താഴ്‍വരയിലേക്ക് എന്നും ബസ് സര്‍വീസ് നടത്തുന്നുമുണ്ട്.



തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ ബൈക്ക് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഞങ്ങള്‍, പൊടുന്നനെ ആലിപ്പഴവര്‍ഷം തുടങ്ങി. വീഡിയോ പകര്‍ത്താന്‍ ഒരു ശ്രമം നടത്തി ഞാന്‍.



രാത്രി ഭക്ഷണം കഴിച്ച് ഞങ്ങള്‍ പിരിയുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു. പാങോങ് തടാകം കാണാനുള്ള നാളത്തെ യാത്ര കാറില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 7 മണിക്ക് പുറപ്പെടണം. എന്നെ വിളിക്കാന്‍ ഏഴുമണിയോടെ എത്താമെന്നുറപ്പ് പറഞ്ഞ് അവര്‍ പോയി. വായുസേനയുടെ ആസ്ഥാനത്താണ് അവര്‍ താമസിക്കുന്നത്.

ഹര്‍ഷിന്റെ വാതിലുള്ള തട്ട് കേട്ടാണ് രാവിലെ ഞാന്‍ ഉണര്‍ന്നത്, ഇന്നലെ പറഞ്ഞതിലും ഒരുപാട് വൈകിയാണല്ലോ അവര്‍ എത്തിയിരുന്നത്, അതിനാല്‍ 7മണിക്ക് പോയിട്ട് എട്ട് മണിക്ക് പോലും അവര്‍ വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ടാക്സി ഡ്രൈവര്‍ വന്ന് കുത്തിപ്പൊക്കിയതാണെന്ന് യാത്രക്കിടയില്‍ ഹര്‍ഷ് പറഞ്ഞു



ലേയില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെയാണീ തടാകം. ചാങ് ലാ എന്ന ചുരം കടന്ന് വേണം ഇവിടെയെത്താന്‍. ലേ മണാലി റോഡില്‍ 35 കിലോമീറ്റര്‍ പിന്നിട്ടാല്‍ കാരു എന്ന സ്ഥലത്തെത്തും. അവിടെ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു പോകണം ചാങ് ലാ യിലേക്ക്. കാരുവില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.



ചാങ് ലാ ചുരവും കടന്ന് മഞ്ഞ് പുതച്ച് കിടക്കുന്ന വഴികളിലൂടെ സഞ്ചരിച്ച് പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ 3 ഇഡിയറ്റ്സിന്റെ അവസാന ഭാഗം ചിത്രീകരിച്ച പാങോങ് തടാകത്തിന്റെ കരയിലെത്തി. മലകള്‍ക്കിടയിലൂടെ അകലെ നിന്നു തന്നെ തടാകത്തെ കാണാമായിരുന്നു.





700 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന തടാകത്തിന്റെ 60% തിബറ്റിലാണ്. മഞ്ഞ്കാലത്ത് തണുത്ത് കട്ടിയാവുന്ന ഈ തടാകം സമുദ്ര നിരപ്പില്‍ നിന്നും 14000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉപ്പുതടാകമായ ഇതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഖുര്‍ണാക് കോട്ട ഉള്‍പ്പെടുന്ന ഭാഗങ്ങളെല്ലാം 1952 മുതല്‍ ചൈനയുടെ കൈവശമാണ്. തടാകത്തിന്റെ ഭംഗി എത്ര വര്‍ണിച്ചാലും അധികമാവില്ല.  മലകളും നീലാകാശവും ചേര്‍ന്ന് മനോഹാരിതയുടെ പരകോടിയില്‍ കൊണ്ടെത്തിക്കുന്നു. അകാശത്തിന്റെ നിറം മാറുന്നതനുസരിച്ച് തടാകത്തിന്റെ നിറത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകും, അത്രക്ക് തെളിഞ്ഞ വെള്ളമാണ് ഇതില്‍.
ഇവിടെ ഒരു കുടില്‍ കെട്ടി താമസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു അപ്പോള്‍ എന്റെ ചിന്ത മുഴുവന്‍.














പടമെടുക്കുന്നതിനിടയില്‍ കാലുതെറ്റി ഞാന്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു. ചൈനയുടെ അതിര്‍ത്തി വരെ പോകണമെന്ന് എനിക്കും ഹര്‍ഷിനും ആഗ്രഹമുണ്ടായിരുന്നെങ്കിലും സിങ്ങിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അതുപേക്ഷിക്കേണ്ടി വന്നു. കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. ഇനിയൊരിക്കല്‍ വരികയാണെങ്കില്‍ അതിനടുത്തുള്ള ഹോട്ടലുകളൊന്നില്‍ ഒരു രാത്രിയെങ്കിലും താമസിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു...








വാഹനം ഓടിക്കാന്‍ കഴിയുന്ന ഉയരം കൂടിയ ലോകത്തിലെ മൂന്നാമത്തെ ചുരം എന്ന് വിശേഷിപ്പിക്കുന്ന ചാങ് ലാ യില്‍ നിര്‍ത്തി.  ചാങ് ലായിലൂടെയുള്ള വഴിയില്‍ ഇപ്പോഴും മഞ്ഞു വീണ് കീടപ്പുണ്ട്. അതിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. രാവിലെ ഇതില്‍ക്കൂടുതല്‍ ഐസുണ്ടായിരുന്നു വഴിയില്‍ പലയിടത്തും. നാലു ചക്രം ഉണ്ടായിട്ടും പലപ്പോഴും തെന്നിത്തെറിച്ചാണ് വണ്ടി ഓടിയിരുന്നത്. രാവിലെ ഞങ്ങളെ കടന്നു പോയ ബൈക്കുകാരനെക്കുറിച്ച് ഞാന്‍ അപ്പോഴോര്‍ത്തു. അപകടമൊന്നും സംഭവിച്ചില്ലെങ്കില്‍ അവരിപ്പോള്‍ ലേയില്‍ എത്തിക്കാണും. ദമ്പതികള്‍ എന്നു തോന്നിക്കുന്ന രണ്ട്പേരായിരുന്നു ആ ബൈക്കില്‍.






തിബറ്റന്‍ വൈല്‍ഡ് ആസ്സ്






പടം പിടിക്കല്‍ കര്‍മ്മം നിര്‍വഹിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ എട്ട് മണിയോടെ തിരിച്ച് ലേയില്‍ എത്തി. രണ്ട് ദിവസത്തെ പരിചയമേ ഉള്ളുവെങ്കിലും അവരോട് വിട പറയുമ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഈ യാത്രയില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ സൌഹൃദം .





ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദിനങ്ങളോട് രാവിലെ വിടപറയണമല്ലോ എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയാത്തൊരു നൊമ്പരം നെഞ്ചില്‍ തങ്ങി നില്‍ക്കുന്നപോലെ തോന്നി.

യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ഞെക്കുക



Ride To Pangong Leh Ladakh road trips





Part 1

Jammu Kashmir Ride | Srinagar | Kargil | Leh | Khardung la | INDIA-PAKISTAN LOC | Ladakh | Part 1






Part 2

Jammu And Kashmir Ride | Kargil | Leh | Ladakh | Khardung la | Turtuk | Nubra | Pangong | Part 2

Saturday, 15 March 2014

സ്വര്‍ഗത്തിലേക്കുള്ള വഴി

ഇന്ത്യയുടെ സിരകളിലൂടെ -2 

ആദ്യഭാഗം
   

      അലാറം വെച്ചാണ്‌ കിടന്നതെങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച് വൈകി. വല്ലാത്ത തലവേദന, പല്ലുവേദന കുറവില്ല താനും. കുറച്ചുനേരം അതെ കിടപ്പ് കിടന്നുനോക്കി. കിടന്നാല്‍ അതെ കിടപ്പ് ഉച്ചവരെ കിടക്കേണ്ടി വരും, അതുകൊണ്ട് ഒരു പ്രയോജനവും കിട്ടിലെന്ന് മാത്രമല്ല, എല്ലാ പരിപാടിയും താളംതെറ്റിപ്പോകുകയും ചെയ്യും. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് വേദനസംഹാരിയും അകത്താക്കി, ബൈക്കില്‍ സഞ്ചിയും കെട്ടി വച്ചപ്പോളേക്കും സമയം അഞ്ചു കഴിഞ്ഞു. ബില്‍ സെറ്റില്‍ ചെയ്തു വേഗം യാത്ര തുടങ്ങി. ഇന്നലെ റോഹ്താങ്ങ് പാസ്സില്‍ എത്തും മുന്‍പ് തന്നെ ഒരുകാര്യം മനസ്സിലായിരുന്നു, ഞാന്‍ കയ്യില്‍ കരുതിയിട്ടുള്ള കയ്യുറ വരും ദിവസങ്ങളില്‍ ഗുണം ചെയ്യാന്‍ ഇടയില്ല എന്ന്. അത് കൊണ്ട് തന്നെ  റോഹ്താങ്ങ് പാസ്സില്‍  കണ്ട വഴിയോര വാണിഭക്കാരിയായ അമ്മൂമ്മയില്‍ നിന്നും ഒരു കയ്യുറയും വാങ്ങിയാണ് യാത്ര തുടര്‍ന്നത്. രാവിലെ വിചാരിച്ച അത്ര തണുപ്പില്ല. എങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ തയ്യാറായി തന്നെയാണ് ഞാന്‍ വസ്ത്ര ധാരണം ചെയ്തിരിക്കുന്നത് വാട്ടര്‍പ്രൂഫ്‌ ജാകെറ്റ് അടക്കം മൂന്നുനാല് വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. വഴിയില്‍ തണുപ്പ് അസഹനീയമായി തോന്നിയാല്‍ നിര്‍ത്തി വസ്ത്രം മാറുക എന്നതൊന്നും നടക്കുന്ന കാര്യമല്ല. പിന്നെ തണുപ്പും ഞാനും ഒട്ടും ചേരുകയും ഇല്ല.



    മങ്കിക്യാപ്എടുത്തു തലയില്‍ ഇട്ടു, ഹെല്‍മെറ്റ്‌ അതിനു മുകളില്‍ കൊള്ളുന്നില്ല തല മൂടാന്‍ ഹെല്‍മെറ്റ്‌ മതിയാകും കഴുത്തില്‍ കാറ്റടിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി മങ്കിക്യാപ് കഴുത്തില്‍ മാത്രമായി അണിഞ്ഞു. തുടക്കത്തില്‍ കാര്യമായ തണുപ്പ് തോന്നിയില്ല, ജിസ്പ എത്തും വരെ. കേയലോങ്ങില്‍ നിന്നു ഏകദേശം ഇരുപത്തിരണ്ടു് കിലോമീറ്റര്‍ അകലെയാണ് ജിസ്പ.  മണാലി ലേ ഹൈവേയില്‍ ആദ്യദിവസത്തെ താമസത്തിന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്ഥലമാണ്‌ ജിസ്പ .കേയലോങ്ങ്  പോലെ അല്ലെങ്കിലും ഒരു ഹോട്ടലും ടെന്റ് ചെയ്യാന്‍ സൌകര്യമുള്ള ഒരു മൈതാനവും ഇവിടെ ഉണ്ട്.  തണുപ്പ് ശരീരത്തിലെ മറ്റുഭാഗങ്ങളെ ബാധിച്ചിട്ടില്ല, പക്ഷെ കൈകള്‍ രണ്ടും വല്ലാതെ മരവിച്ചു. പ്രത്യേകിച്ചും വലത്തേ കൈ, ആക്സിലറേറ്റര്‍ പിടിക്കുന്നത് കൊണ്ട് അധികം അനക്കം തട്ടാത്തത് കൊണ്ടാവും. ബാഗിനകത്ത് വേറെയും രണ്ടു കയ്യുറകള്‍ ഉണ്ട് അതിലൊന്ന്‍ എടുത്ത് കയ്യില്‍ ധരിച്ചു, അതിനു മുകളിലായി ഇന്നലെ വാങ്ങിയ കയ്യുറയും. ഇതുവരെ ഏകദേശം നിരപ്പായ റോഡ്‌ തന്നെയായിരുന്നു. ഒരു വശത്തുകൂടി ഭാഗ നദി ഒഴുകുന്നുണ്ട്. കുറച്ചുകൂടി മുന്നോട്ട് പോയാല്‍ ഗ്രാമീണര്‍ താല്‍ക്കാലികമായി യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കുന്ന താമസസ്ഥലങ്ങള്‍ കാണാം ദര്‍ച്ച വില്ലേജില്‍.  അവിടെയൊന്നും ആരെയും കാണാനില്ല. സീസണ്‍ കഴിഞ്ഞത് കാരണം ഗ്രാമീണര്‍ എല്ലാം സ്ഥലം വിട്ടുകാണും. പിന്നീടങ്ങോട്ട് കയറ്റം തുടങ്ങുകയാണ്, പതിനൊന്നായിരം അടി ഉയരത്തിലുള്ള ദര്‍ച്ചയില്‍ നിന്നും പതിനാറായിരത്തി അഞ്ഞൂറിലേറെ അടി ഉയരത്തിലേക്ക്. ഇരുപത്തിയാറുകിലോമീറ്റര്‍ പിന്നിടുമ്പോള്‍  സിംഗ്സിംഗ് ബാര്‍ എന്ന സ്ഥലത്തെത്തും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പ്‌ ഇവിടെയുണ്ട്. സീസണില്‍ ആയിരുന്നെങ്കില്‍ ഇവിടെയും ഗ്രാമീണരെ കണ്ടേനെ. അവര്‍ ഉപേക്ഷിച്ചിട്ട് പോയ പലതും റോഡരികില്‍ കാണാമായിരുന്നു.


       വീണ്ടും ഒരു പതിനെട്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ആദ്യത്തെ ചുരം എത്തും. ബഡാ ലാചാ ലാ (Bara-lacha la) എന്ന് പേരിട്ടിട്ടുള്ള ഈ ചുരത്തിന്‍റെ  ഇരു വശങ്ങളില്‍ നിന്നുമായി രണ്ടു നദികള്‍ ഉത്ഭവിക്കുന്നു.  ഭാഗ നദിയും ചെനാബ് നദിയും. ഈ ചുരത്തില്‍ ഒന്നിലധികം നീരുറവകള്‍ റോഡിലൂടെ ഒഴുകുന്നുണ്ട്. വേനലിന്‍റെ തുടക്കത്തില്‍ ആണെങ്കില്‍ ഒരുപാട് ദൂരം അവ റോഡിലൂടെ ആണ് ഒഴുകുക. മഞ്ഞുരുകി വരുന്ന വെള്ളമാണിത്. ആദ്യത്തെ ഉറവ കാര്യമായ ബുദ്ധിമുട്ടില്ലാതെ ഞാന്‍ മുറിച്ചു കടന്നു. വെള്ളത്തിലൂടെ കുറച്ച ദൂരം ഓടിക്കണമെന്ന് മാത്രം. കുറച്ച് മുന്നോട്ട്  പോയപ്പോള്‍ വീണ്ടും വെള്ളം റോഡിലൂടെ ഒഴുകുന്നത് കണ്ടു. ബൈക്കിന്‍റെ വേഗത നന്നേ കുറച്ചാണ് ഞാന്‍ ഓടിക്കുന്നത്. ഒരുവശത്ത് അഗാധമായ കൊക്കയാണ്. മറുവശം പാറക്കെട്ടുകളും. ചുറ്റിലുമുള്ള ഭംഗി ആസ്വദിക്കുകയും വേണം എന്നാല്‍ ശ്രദ്ധയോടെ അല്ലാതെ ഒരു നിമിഷം പോലും വാഹനം ഓടിക്കാനും കഴിയില്ല. റോഡിന്‍റെ വശങ്ങളില്‍ അങ്ങിങ്ങായി മഞ്ഞു വീണു കിടപ്പുണ്ട്, കാലങ്ങളായി ഉരുകാതെ കിടക്കുന്നത് പോലെ മണ്ണും പൊടിയും പിടിച്ചുള്ള കിടപ്പാണ്. മുന്നിലുള്ള വെള്ളത്തില്‍ നോക്കിയപ്പോള്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.  വണ്ടി വീഴുംവരെ വെള്ളത്തിന്റെ മുകളിലത്തെ പാളി ഐസ് ആയി മാറിയത് എനിക്കൊട്ട് മനസ്സിലായതും ഇല്ല.  വേഗത കുറവായതിനാല്‍ വീഴ്ച കൊണ്ട് ഒന്നും പറ്റിയില്ല. പക്ഷെ, പെട്രോള്‍ അടക്കം ഇരുന്നൂറോളം കിലോ ഭാരം വരുന്ന വണ്ടിയില്‍ ഇരുപതു കിലോയോളം സാധനങ്ങള്‍ ഞാന്‍ കെട്ടി വച്ചിട്ടും ഉണ്ട്. എല്ലാത്തിലും ഉപരി തണുപ്പ്കൊണ്ട് കൈകള്‍ മടക്കാനും നിവര്‍ത്താനും പറ്റാത്ത വിധം ആയിരിക്കുന്നു. അഞ്ചു മിനിറ്റോളം എടുത്തു ഉന്തിയും തള്ളിയും വണ്ടി കരക്കടുപ്പിക്കാന്‍. ഇത്രയും ഉയരത്തില്‍ എത്തിയിട്ടും ശ്വാസം മുട്ടലോ വലിവോ ഒന്നും എനിക്കും വണ്ടിക്കും അനുഭവപ്പെട്ടില്ല എന്നത് തന്നെ വലിയ കാര്യം. കുറച്ചു നേരം വണ്ടി സ്റ്റാര്‍ട്ട്‌ആക്കി അടുത്തിരുന്ന് ചൂട് കൊണ്ടു.  കയ്യുറയില്‍ നിന്നും കൈ വലിച്ചൂരി എടുത്ത് പുകക്കുഴലിന്‍റെ അടുത്ത് കാണിച്ചു ചൂടാക്കി... ബാഗിന്‍റെ വശത്ത് വച്ചിരുന്ന കുപ്പികളില്‍ ഒരെണ്ണം എടുത്ത് വെള്ളം കുടിച്ചു.  മലകയറുമ്പോള്‍ വെള്ളം കുടിക്കല്‍ അനിവാര്യതയാണ്, നടന്നല്ല കയറുന്നതെങ്കില്‍ പോലും. കുറച്ച നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു.. പിടിച്ചതിനേക്കാള്‍ വലുതാണു മാളത്തില്‍ എന്ന് പറഞ്ഞപോലെ ആയി, മുന്നില്‍  നേരത്തെ കടന്നു വന്നതിനേക്കാള്‍ വലിയ നീരൊഴുക്ക്, വെള്ളത്തിന്‌ മുകളില്‍ മഞ്ഞിന്‍റെ പാളി വ്യക്തമായി കാണാം. വണ്ടി നിര്‍ത്തി ഞാന്‍ അടുത്ത് പോയി നോക്കി. അതിനെ മറികടക്കുക അല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല. വെള്ളത്തിന്‌ മുകളില്‍ കാണുന്ന മഞ്ഞിന്‍റെ പാളി ഷൂസ്കൊണ്ട് പൊട്ടിക്കാന്‍ ശ്രമം നടത്തി, വിജയിച്ചില്ല.  പിന്നെ രണ്ടും കല്പിച്ച് അതിനുമുകളിലൂടെ വണ്ടി ഓടിച്ചു. രണ്ടു തവണ ഐസിലും ഉരുളന്‍ കല്ലുകളിലും തട്ടി വണ്ടി മറിഞ്ഞു വീണെങ്കിലും പരുക്കുകള്‍ ഒന്നും പറ്റാതെ അതും കടന്നു പോയി. സൂര്യന്‍ ഉദിച്ചുയരുന്നതേ ഉള്ളൂ, കുറച്ചുകൂടി കഴിഞ്ഞാണ് വരുന്നതെങ്കില്‍ ഒരുപക്ഷെ എനിക്കിത്ര ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു എന്ന് തോന്നി അപ്പോള്‍. ക്ഷീണം മാറ്റാന്‍ കുറച്ച നേരം വീണ്ടും വിശ്രമിച്ചു. കൊടും തണുപ്പില്‍ ചെറിയ ജോലിപോലും ഭാരിച്ചതായി തോന്നി.




ചുരം കടന്നു സര്‍ചുവിലേക്കുള്ള യാത്രയില്‍ പിന്നെയും നീരുറവകള്‍ റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അവയൊന്നും എന്നെ ബാധിക്കുന്ന വിധത്തിലുള്ളവയായിരുന്നില്ല. പത്തുനാല്പത് കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ മല നിരകള്‍ക്കിടയില്‍ വിശാലമായ ഒരു സ്ഥലം കണ്ടു, മുകളിലായി ഒരു വലിയ ബോര്‍ഡും; സര്‍ചു.



ഗ്രാമീണര്‍ ഉപേക്ഷിച്ച് പോയതെന്ന് തോന്നിക്കുന്ന ചില  ഷെഡുകള്‍ കാണുന്നുണ്ട് ഒരുവശത്ത്. സമയം പത്തുമണിയോടടുക്കുന്നതെ ഉള്ളൂ. റോഡില്‍ നിന്നും ഇറക്കി വണ്ടി നിര്‍ത്തി കയ്യുറയില്‍ നിന്നും കൈകള്‍ പുറത്തെടുത്തു. മരവിച്ചു മടക്കാനും നിവര്‍ത്താനും കഴിയാത്ത പരുവത്തില്‍ ആയിരിക്കുന്നു രണ്ട് കൈകളും.  ചൂടുപകരാന്‍ വണ്ടിയുടെ അടുത്ത് തന്നെ ഇരുന്നു കുറെ നേരം. അന്തരീക്ഷം പക്ഷെ അത്ര കണ്ട് തണുത്തല്ല ഇരിക്കുന്നത്. പക്ഷെ വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റാണ് തണുപ്പിനെ അസഹനീയം ആക്കി മാറ്റുന്നത്. ഭാഗനദിയുടെയും ചെനാബ് നദിയുടേയും അരികിലൂടെ കടന്നു വന്ന വഴികള്‍ നല്‍കിയ യാത്രാനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയാണ്.  കേയലോങ്ങിലെ ഹോട്ടലിലെ ജോലിക്കാരന്‍ പറഞ്ഞപോലെ നേരത്തെ ഇറങ്ങാന്‍ തോന്നിയതിനെ മനസ്സാ നമിച്ച്, കയ്യില്‍ കരുതിയിരുന്ന ആപ്പിളും പഴവും ജ്യൂസും അകത്താക്കി. പ്രകൃതിയുടെ വശ്യമനോഹാരിതയെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു.

ഹിമാചല്‍‌പ്രദേശ് ഇവിടെ അവസാനിക്കുകയാണ്,  കശ്മീര്‍ താഴ്വര ഇവിടെ  തുടങ്ങുന്നു.



ഇരുനൂറ്റിയമ്പതിലധികം കിലോമീറ്റര്‍ ഇനിയും പോകാനുണ്ടെന്ന് വിളിച്ചോദിക്കൊണ്ട് തലയ്ക്കു മുകളില്‍ ബി.ആര്‍.ഓ.യുടെ ബോര്‍ഡ് കാണാം. അരമണിക്കൂര്‍ അവിടെ ഞാന്‍ ചിലവിട്ടു. ലേയിലേക്ക് പെട്രോളും പാചകവാതകവും മറ്റും കൊണ്ടുപോയി തിരിച്ചു വരുന്ന ടാങ്കര്‍ ലോറികള്‍ എന്നെക്കടന്നു പോയി.



അരക്കിലോമീറ്റര്‍ സഞ്ചരിച്ചു കാണില്ല, ഒരു ഹെയര്‍പിന്‍ വളവ് തിരിഞ്ഞതും മുന്നില്‍ അതാ ചെറിയ ടെന്റുകള്‍. എന്നെ കടന്നുപോയ ചില വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്. സ്കോര്‍പിയോ ബൊലേറോ തുടങ്ങിയ വാഹനങ്ങള്‍. ബൈക്ക് നിര്‍ത്തി ഞാന്‍ ഇറങ്ങി ഒരു കടയില്‍ കയറി മാഗ്ഗി ഓര്‍ഡര്‍ ചെയ്തു.. (വേറെ ഒന്നും കിട്ടാനില്ല).



മാഗിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് നടന്നു വരുന്നത് ഞാന്‍ കണ്ടു. കടയിലേക്കാവുമെന്നാണ് ഞാന്‍ കരുതിയത്.  ബൈക്കില്‍ വന്നത് ഞാന്‍ തന്നെ ആണോ എന്നുറപ്പ് വരുത്താനുള്ള വരവായിരുന്നു അത്. എന്‍റെ ഭ്രാന്തിനെ അഭിനന്ദിച്ച്, ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് അയാള്‍ തിരിച്ചു നടന്നു. പേരോ നാടോ ഒന്നും പരസ്പരം ചോദിച്ചതുമില്ല....
ഷെഡിനകത്ത് അത്യാവശ്യം സ്ഥലമുണ്ട്, വൃത്തിയായി താന്നെ എല്ലാം വെച്ചിട്ടുണ്ട്. കിടക്കാനായി ഒരുവശത്ത് മണ്ണിട്ട്‌ ഉയര്‍ത്തി മുകളില്‍ പായയും അതിനുമുകളില്‍ കമ്പിളികളും വിരിച്ചിട്ടിരിക്കുന്നു. പുതയ്ക്കാനുള്ള കമ്പിളികള്‍ ഒരുവശത്ത് അടുക്കി വെച്ചിട്ടുണ്ട്. ഷെഡിനകത്ത് ചൂടാക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഒരുമാസം മുന്‍പായിരുന്നു ഞാന്‍ ഇതുവഴി കടന്നു പോകുന്നതെങ്കില്‍ ഇവിടെയെല്ലാം ഒരുപാട് യാത്രികരെ ഞാന്‍ കണ്ടു മുട്ടുമായിരുന്നു. അകത്ത് തന്നെ ഒരുഭാഗം മറച്ചു അടുക്കള പോലെ ഉണ്ടാക്കിയിട്ടുണ്ട്. ബിസ്ക്കറ്റ്, മിഠായി തണുപ്പിനു വേണ്ടിയുള്ള അത്യാവശ്യം വസ്ത്രങ്ങള്‍ തുടങ്ങിയവയും വിലപ്പനക്കായി അവര്‍ ഒരുക്കിയിട്ടുണ്ട്.കുടിവെള്ളത്തിന്‍റെ കുപ്പികള്‍ കയറില്‍ തൂങ്ങി ആടുന്നുമുണ്ട്.
മാഗി കഴിച്ചു ഒരു ചായയും  കുടിച്ച് പുറത്തിറങ്ങുമ്പോള്‍ സമയം പത്തര. എട്ടു മണിക്കൂര്‍ മുന്നിലുണ്ട്, ഇരുനൂറ്റിയമ്പതോളം കിലോമീറ്ററും. ഒന്നുകില്‍ നാളെ വീണ്ടും തുടങ്ങണം, അതിലും നല്ലത് ഇന്ന് തന്നെ യാത്ര തുടരുന്നതാണെന്ന് എനിക്കപ്പോള്‍ തോന്നി. സര്‍ച്ചുവില്‍ നിന്നും പങ് വരെയുള്ള എണ്‍പത് കിലോമീറ്റര്‍ ദൂരം തകര്‍ന്നു തരിപ്പണമായ തരത്തില്‍ ആയിരുന്നു... ഇടയ്ക്കിടെ റോഡുപണി നടക്കുന്നുണ്ട്.



ബി.ആര്‍.ഓ.യുടെ റോഡുകളുമായി ഞാന്‍ അപ്പോഴായിരിക്കും പ്രണയത്തില്‍ ആയത്. ഓരോവര്‍ഷവും കഴിയുന്നിടത്തോളം റോഡുകള്‍ അവര്‍ നന്നാക്കുന്നുണ്ട്. ചെറിയൊരു പ്രകൃതിക്ഷോഭം മതി എല്ലാം അവതാളത്തില്‍ ആക്കാന്‍. ഇരുവശത്തും ഹിമാലയന്‍ മല നിരകള്‍ പല നിറത്തില്‍ കലാകാരന്‍  ചായം നിറച്ചു വരച്ചു വച്ചത് പോലെ. നീലാകാശം അതിനു ചാരുത പകരാന്‍ കൂടെത്തന്നെ എപ്പോളുമുണ്ട്. എത്ര ആസ്വദിച്ചാലും മതിവരാത്ത യാത്രയായിരുന്നു അത് സമ്മാനിച്ചത്. മൂന്ന് മണിക്കൂര്‍ എടുത്തു  പങില്‍ എത്താന്‍. രണ്ടു ചുരങ്ങള്‍ കടന്നാണീ യാത്ര. നാകീലയും ലച്ചുലുങ്ങ് ലയും (Nakee La pass and Lachulung La ).  ഇരുപത്തി രണ്ടു ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് ഈ വഴിയില്‍. പങിലെ  ചെക്പോസ്റ്റില്‍ ആരുമില്ലായിരുന്നു. പങിലെ മാത്രമല്ല, വഴിയിലുടനീളം ഇത് തന്നെ ആയിരുന്നു അവസ്ഥ.



പങ് കഴിഞ്ഞാല്‍ പിന്നെ നാല്‍പതു കിലോമീറ്റര്‍ നിരപ്പായ റോഡ്‌ ആണ്.. നീളത്തില്‍ ഒരു വര വരച്ചപോലെ. മലനിരകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന ഈ പ്രതലം സമുദ്രനിരപ്പില്‍ നിന്നും പതിനയ്യായിരം അടി ഉയരത്തിലാണ്. ഇതിനെ നടുകെ പിളര്‍ത്തുകൊണ്ടാണ് റോഡ്‌ കടന്നുപോകുന്നത്.  Sumkhel Lungpa river ന്‍റെ അരികിലൂടെ കടന്നുപോകുന്ന റോഡിലെ ഭാഗങ്ങള്‍ അവര്‍ണനീയമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുവഴി കടന്നു പോയില്ലെങ്കില്‍ അതൊരു തീരാനഷ്ടമാകും.





പിന്നീടങ്ങോട്ട് കയറ്റമാണ്, ടാഗ്  ലാങ്ങ്  ലാ വരെ.  പതിനേഴായിരത്തി അഞ്ഞൂറില്‍ പരം അടി ഉയരത്തിലൂടെ കടന്നുപോകുന്ന ഈ ചുരം ലോകത്തിലെ രണ്ടാമത്തെ വാഹനമോടിക്കാന്‍ കഴിയുന്ന രണ്ടാമത്തെ ഉയരം കൂടിയ ചുരമായി അറിയപ്പെടുന്നു. അവിടെ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീശിയടിക്കുന്ന കാറ്റും മരവിച്ച കൈകളും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ലെയിലേക്കുള്ള വഴിയിലെ അവസാന ചുരവും വെയിലുമായും മുന്‍പ് മറികടക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്‍റെ ഇന്നത്തെ യാത്ര മുഴുവന്‍.  ഫോട്ടോ എടുക്കാനും കൈ ചൂടാക്കാനും പലതവണ നിര്‍ത്തിയതൊഴിച്ചാല്‍ സമയം ഒട്ടും കളയാതെയുള്ള യാത്ര ആയിരുന്നു ഇതുവരെ.  ടാഗ്  ലാങ്ങ് ലാ എത്തുന്നതിന് 45 കിലോമീറ്റര്‍ മുന്‍പ് വലത്തോട്ടു തിരിഞ്ഞുപോയാല്‍ കര്‍ തടാകവും മോരിരി തടാകവും കാണാം. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തിലാണ് മോരിരി തടാകം കുടികൊള്ളുന്നത്.  പത്തൊന്‍പത് കിലോമീറ്റര്‍ നീളം ഉണ്ട് ഈ തടാകം. ലേ മണാലി ഹൈവേയില്‍ നിന്നും 95കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തുകയുള്ളൂ. മറ്റൊരവസരത്തില്‍  ആയിരുന്നെങ്കില്‍ ഞാന്‍ ബൈക്ക് അത് വഴി തിരിച്ചു വിട്ടേനെ!




ചുരം കടന്ന്‌ കഴിഞ്ഞ് പിന്നെ അവരോഹണമാണ്. വഴിയിലുടനീളം വളവുകള്‍ ഉണ്ടെങ്കിലും താരതമ്യേന സുഖകരമായി കടന്നുപോകാവുന്ന വഴിയായിരുന്നു, റോഡ്‌ നിര്‍മാണത്തിനായി കല്ല്‌ പതിച്ച ചുരുക്കം ചില സ്ഥലങ്ങള്‍ ഒഴിച്ചാല്‍.





വേദന സംഹാരിയുടെ ഫലം കഴിഞ്ഞു തുടങ്ങിയതും അപ്പോളാണ്. വയറുകാലി ആയതിനാല്‍ അടുത്ത വിഹിതം കഴിക്കാനും പറ്റില്ല. അവസാനത്തെ മണിക്കൂറുകളിലെ യാത്ര വേദന കടിച്ചു പിടിച്ചായിരുന്നു.  ഉപാഷിക്കടുത്തുള്ള ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങുമ്പോള്‍ തലകറങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ആരോ എന്നെ വലിച്ചു കൊണ്ടുപോകും പോലെ ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിന്നു.




ഉപാഷിയിലെത്തുമ്പോള്‍ ലേ എന്ന മലയോരനഗരത്തെ  മരുഭൂമിയാകാതെ കാത്തു സൂക്ഷിക്കുന്ന സിന്ധു നദിക്കരയിലൂടെയാവും പിന്നീടുള്ള യാത്ര. ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ളതും ചൈന ടിബറ്റില്‍ നിന്നും ഉത്ഭവിച്ചു ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകി അറബിക്കടലില്‍ പതിക്കുന്നതുമായ നദിയാണ് സിന്ധു.



എഴുമണിയോടടുത്ത് ലേയില്‍ എത്തിച്ചേരുമ്പോളേക്കും ഞാന്‍ നന്നേ ക്ഷീണിച്ചിരുന്നു. പതിമൂന്നു മണിക്കൂര്‍ നീണ്ട യാത്ര. ശ്രീനഗറില്‍ പ്രീപെയ്ഡ് മൊബൈലിനു റോമിംഗ് ഇല്ല എന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ജമ്മു കശ്മീര്‍ മുഴുവന്‍ ഈ നിരോധനം നിലവിലുണ്ടെന്ന്‍ അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇടത്തരം ഹോട്ടലുകളൊന്നില്‍ റൂം കിട്ടുന്നതിനു മുന്‍പ് എത്രയിടത്ത് ഞാന്‍ കേറിയിറങ്ങി എന്നെനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. സീസണ്‍ അവസാനിച്ചതിനാല്‍ ഒരുവിധം ഹോട്ടലുകള്‍ എല്ലാംതന്നെ അടച്ചിട്ടിരിക്കുകയാണ്. റൂമില്‍ എത്തി ജീന്‍സ് അഴിക്കുമ്പോളാണ് കാലിന്റെ മുട്ട് രാവിലത്തെ വീഴ്ചകളില്‍ എപ്പോഴോ മുറിഞ്ഞത് ഞാന്‍ അറിയുന്നത്. കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരിക്കും. അത്രക്ക് ക്ഷീണിതനായിരുന്നു ഞാന്‍ അപ്പോള്‍.


സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടുനിറഞ്ഞതുമാണ്, അതിത്ര സുന്ദരമാണെന്നറിയുന്നത് ഇപ്പോള്‍മാത്രമാണ്!!!!

തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....  

Ride To Pangong Leh Ladakh road trips





Part 1

Jammu Kashmir Ride | Srinagar | Kargil | Leh | Khardung la | INDIA-PAKISTAN LOC | Ladakh | Part 1






Part 2

Jammu And Kashmir Ride | Kargil | Leh | Ladakh | Khardung la | Turtuk | Nubra | Pangong | Part 2

Wednesday, 12 March 2014

ഏകാന്ത യാത്ര

ഇന്ത്യയുടെ  സിരകളിലൂടെ -1

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കാശ്മീരിലൂടെയുള്ള ബൈക്ക് യാത്ര. വര്‍ഷത്തില്‍ ആറുമാസത്തില്‍ താഴെ മാത്രം യാത്രികര്‍ക്ക് തുറന്ന് കൊടുക്കുന്ന മണാലി ലേ ഹൈവേയിലൂടെ തുടങ്ങി ലേയില്‍ ചുറ്റിക്കറങ്ങി ശ്രീനഗര്‍ വഴി തിരിച്ചിറങ്ങുക. ആ ആഗ്രഹം പിന്നെ ഇന്ത്യ മുഴുവന്‍ ബൈക്കില്‍ കറങ്ങുക എന്നതിലേക്ക് എത്തിച്ചേര്‍ന്നു. നൂറുദിവസം കൊണ്ട് നോര്‍ത്ത്, നോര്‍ത്ത്ഈസ്റ്റ്‌ കറങ്ങി കന്യാകുമാരി വരെ എത്തുക. മനസ്സില്‍ വരച്ച ഏകദേശരൂപം ഇതായിരുന്നു. മൂന്നുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന യാത്ര ആയതിനാല്‍ കൂട്ടിന് ആളെ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതൊരു തരത്തില്‍ നന്നായെന്ന്‍ പിന്നീട് മനസ്സിലായി. ആരുടെയും തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കണ്ട. തീരുമാനമെടുക്കുക അത് നടപ്പിലാക്കുക... ആ സ്വാതന്ത്ര്യം യാത്രയിലുടനീളം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഡല്‍ഹിയില്‍ നിന്നാണ് ഞാന്‍ ബൈക്ക് വാങ്ങിച്ചത്, നേരത്തെ ബുക്ക്‌ ചെയ്തിട്ടിരുന്നു, നാട്ടിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരെ യാത്ര തുടങ്ങാന്‍ ആയിരുന്നു പരിപാടി. ഒക്ടോബര്‍ അവസാനത്തോടെ ലേ-മണാലി ഹൈവേ മഞ്ഞുവീണ് അടയും അതിനു മുന്‍പേ ലേയില്‍ എത്തണം. ഒക്ടോബര്‍ ആദ്യവാരത്തില്‍ യാത്ര തുടങ്ങാന്‍ തയ്യാറായാണ് ഞാന്‍ എല്ലാം പ്ലാന്‍ ചെയ്ത് വെച്ചിരുന്നത്, എന്നാല്‍ രജിസ്ട്രേഷന്‍ ചെയ്തു കിട്ടാന്‍ വൈകിയതിനാല്‍ യാത്ര വീണ്ടും വൈകി, ഒക്ടോബര്‍ പകുതിയോടെയാണ് യാത്ര തുടങ്ങാനായത്.

 
വണ്ടി കിട്ടിയതിന്‍റെ പിറ്റേന്ന് തന്നെ കരോള്‍ബാഗില്‍ പോയി ലഡാക്ക് കാരിയര്‍ ഘടിപ്പിച്ചു. 1200-1500 രൂപ വിലവരുന്ന കാരിയര്‍ന് അബദ്ധത്തില്‍ ദല്ലാളിന്‍റെ കയ്യില്‍പെട്ടത് കാരണം 2500 കൊടുക്കേണ്ടിവന്നു.
എത്രയും വേഗം യാത്ര തുടങ്ങാനുള്ള വ്യഗ്രത കാരണം അതൊരു നഷ്ടമായി കാണാന്‍ എനിക്കാവില്ലായിരുന്നു.

ഡല്‍ഹിയില്‍നിന്ന് നേരെ ചണ്ഡിഗഡ്, 250 കിലോമീറ്ററില്‍ അധികം ദൂരമുണ്ട്, പുതിയ ബൈക്ക് ആയതിനാല്‍ ആദ്യദിവസത്തെ യാത്ര വളരെ പതുക്കെ ആയിരുന്നു ഒന്‍പത് മണിക്കൂറോളം എടുത്തു ചണ്ഡിഗഡ് എത്താന്‍.  ചണ്ഡിഗഡ് ബോര്‍ഡറിന് അടുത്ത് വെച്ച് ആദ്യമായി ചെക്കിംഗ് ഉണ്ടായി. പേപ്പറുകള്‍ എല്ലാം വിശദമായി നോക്കിയതിനു ശേഷം; യാത്രയുടെ ഉദ്ദേശവും ലക്ഷ്യങ്ങളും ചോദിച്ചു മനസ്സിലാക്കി. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എല്ലാവിധ ആശംസകളും നല്‍കി എന്നെ യാത്ര തുടരനാന്‍ അനുവദിച്ചു...

കുറേ കാലത്തിനു ശേഷമാണ് ഇത്രയും ദൂരം ബൈക്ക് ഓടിക്കുന്നത്. അതിന്‍റെ ക്ഷീണം ഉണ്ടായിരുന്നു.. ചിലവ് കുറഞ്ഞ ഹോട്ടലുകളിലോ സത്രങ്ങളിലോ താമസിക്കാന്‍ ആയിരുന്നു നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് താരതമ്യേന കൊള്ളാവുന്നതെന്ന് തോന്നിയ ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിയും ഭക്ഷണവും കഴിഞ്ഞ് കിടന്നതും ഉറങ്ങിപ്പോയി.. പ്രതീക്ഷിച്ചതിലും വൈകിപ്പോയി എഴുന്നേറ്റപ്പോള്‍.

ആദ്യദിവസത്തെ യാത്ര കാക്കകാലിന്‍റെ തണല്‍ പോലും ഇല്ലാത്ത ഡല്‍ഹി ചണ്ഡിഗഡ് ഹൈവേയിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് മറ്റൊരു ഹിമാലയന്‍ യാത്രയുടെ തുടക്കം ആയിരുന്നു. പഞ്ചാബില്‍ നിന്നു ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കും വരെ നല്ല റോഡുകള്‍ ആയിരുന്നു. ഇതുവരെ യാത്ര ചെയ്തുള്ള അനുഭവം വെച്ച് എനിക്കറിയാവുന്ന കാര്യമാണത്. ആദ്യത്തെ സര്‍വീസ് കഴിയാത്തതിനാല്‍ എത്ര നല്ല റോഡ്‌ ആയാലും എനിക്ക് വളരെ പതുക്കെയേ വണ്ടി ഓടിക്കാന്‍ കഴിയുകയും ഉള്ളൂ...


നാലുമണിക്ക് മണ്ടിയിലെത്തി, നേരത്തെ വിളിച്ച് ബുക്ക്‌ ചെയ്തത് കൊണ്ട് സര്‍വീസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സര്‍വിസ് കഴിഞ്ഞപ്പോഴേക്കും ഇരുട്ട് പരന്നുതുടങ്ങി. രണ്ടാം ദിവസത്തെ യാത്ര അങ്ങനെ മണ്ടി യില്‍ അവസാനിച്ചു..
മണ്ടിയില്‍ നല്ല തണുപ്പുണ്ട്... ഡല്‍ഹിയിലെ ചൂടില്‍ നിന്നും തുടങ്ങിയത് കാരണം തണുപ്പ് എനിക്ക് അസഹ്യമായി തോന്നി... തണുപ്പിന്‍റെ വെറും തുടക്കം മാത്രമെ ആയിട്ടുള്ളൂ... ഇനിയങ്ങോട്ട് എല്ലും പല്ലും കോച്ചുന്ന തണുപ്പ് വരാന്‍ ഇരിക്കുന്നതെ ഉള്ളൂ..  രണ്ടു ദിവസത്തെ യാത്ര ഒരുപാട് ആസ്വദിച്ചു... ഒരു ജന്മസാഫല്യം പോലെ തോന്നുന്നു... രണ്ടു ദിവസവും മുഷിപ്പിക്കുന്ന ഒരനുഭവവും ഉണ്ടായില്ല എന്ന് തന്നെ പറയാം... യാത്രയുടെ ഓരോ നിമിഷവും ശരിക്കും ആസ്വദിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ലേയില്‍ എത്തും വരെ കാര്യമായൊന്നും പ്ലാന്‍ ചെയ്തിട്ടില്ല... സമയം കുറവായതിനാല്‍ ഒരു ദിവസം നേരത്തെ അങ്ങെത്താന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്, അതാണിപ്പോള്‍ മനസ്സ് മുഴുവന്‍. യാത്രയുടെ വിവരങ്ങള്‍ എഴുതി വെക്കാനോ ഓണ്‍ലൈനില്‍ എന്തെങ്കിലും കുത്തിക്കുറിക്കാനോ തോന്നിയില്ല. നേരത്തെ തന്നെ ഭക്ഷണം കഴിച്ച് കമ്പിളിപുതപ്പിനകത്തേക്ക് വലിഞ്ഞ് കയറി.

രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ട് പല്ലിനു വല്ലാത്ത വേദന. അടക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതാണ്.... (അമ്മാവന്റെ മകനായത്‌കൊണ്ട് മാത്രമാണ് എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അതടച്ചത്. എപ്പോഴെങ്കിലും വേദന വരുകയാണെങ്കില്‍ ഒന്നിനും കാത്തു നില്‍ക്കരുത് നേരെ ചെന്ന് റൂട്ട് കനാല്‍ ചെയ്തോളണം, എന്ന് നിര്‍ബന്ധം പറഞ്ഞതാണ്) മണാലിയില്‍ ചെന്ന് പല്ല് ഡോക്ടറെ കാണിച്ചു, എക്സ്-റേ എടുത്ത് കഴിഞ്ഞു കോട്ടയത്ത്‌ കാരിയായ ഡോക്ടര്‍ പറഞ്ഞു അണുബാധയുണ്ട്, ഒരാഴ്ചത്തെ മരുന്ന് തരാം അത് കഴിഞ്ഞ് റൂട്ട് കനാല്‍ ചെയ്യണം. മണാലിയില്‍ എന്താണ് ജോലി? അവര്‍ ചോദിച്ചു, ഞാന്‍ എന്‍റെ അവസ്ഥ വിശദീകരിച്ചു കൊടുത്തു. ഒരാഴ്ച്ചയൊന്നും ചിലവാക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല... എനിക്ക് എത്രയും പെട്ടെന്ന് യാത്ര തുടര്‍ന്നേ പറ്റൂ.. അവസാനം ഡോസ് കൂടിയ വേദന സംഹാരി എഴുതി തന്നു. സഹിക്കാന്‍ കഴിയാത്ത വേദന വരുകയാണെങ്കില്‍ കഴിക്കാന്‍ നിര്‍ദേശിച്ചു.



ഭക്ഷണത്തിനു ശേഷം വേദന സംഹാരിയും അകത്താക്കി ഞാന്‍ യാത്ര തുടര്‍ന്നു... നൂറ്റിപതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള കേയലോങ്ങ് എന്ന സ്ഥലമാണ് എന്‍റെ ഇന്നത്തെ ഇടത്താവളം. മണാലി ലേ ഹൈവേയില്‍ കിട്ടാവുന്നതില്‍ നല്ല താമസ സൗകര്യം ഇവിടെയാണ്‌... മൂന്ന് ദിവസം കൊണ്ട് മണാലി ലേ ഹൈവേയുടെ നാന്നൂറ്റിഎണ്‍പത് കിലോമീറ്റര്‍ ദൂരം കേയലോങ്ങ് താണ്ടാന്‍ ആണ് എന്‍റെ തീരുമാനം. ആദ്യദിവസം  കേയലോങ്ങ്, പിറ്റേന്ന്  സര്‍ചു അതിനു ശേഷം നേരെ ലേ.



അപ്രതീക്ഷിത ഹിമപാതത്തിനും ഹിമവാതത്തിനും പേരുകേട്ട റോഹ്താങ്ങ് പാസ്സ് കടന്നു വേണം കേയലോങ്ങില്‍ എത്തിച്ചേരാന്‍. താരതമ്യേന ഉയരം കുറഞ്ഞ മലയോര പാതയാണിത്. പക്ഷെ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം തന്നെയാണ് ഇതിനെ ശവങ്ങളുടെ കൂമ്പാരം (pile of corpses) എന്നര്‍ത്ഥം വരുന്ന റോഹ്താങ്ങ് എന്ന് വിളിക്കപ്പെടാന്‍ കാരണം. സമുദ്ര നിരപ്പില്‍ നിന്നു പതിമൂവായിരം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മണാലിയില്‍ നിന്നു അമ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഹ്താങ്ങില്‍ എത്തിചേരാം. അപ്രതീക്ഷിതമായിഉണ്ടായ ഒരു അപകടത്തെ തുടര്‍ന്നു അന്നത്തെ യാത്ര റോഹ്താങ്ങില്‍ എത്തും മുന്‍പ് തന്നെ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. കൊടും വളവില്‍ മറ്റൊരു വാഹനത്തെ മറികടന്നുകൊണ്ട്‌ വന്ന കാറില്‍ തട്ടി എന്‍റെ വണ്ടി മറിഞ്ഞു. ബൈക്കില്‍നിന്നും തെറിച്ചു ഞാന്‍ റോഡില്‍ വീണു. കൈകുത്തി വീണത്‌കൊണ്ടും കയ്യുറ ധരിച്ചിരുന്നത് കൊണ്ടും പോറല്‍ പോലും ഏല്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു. എഴുന്നേറ്റ് നോക്കുമ്പോള്‍ വണ്ടി കാണാന്‍ ഇല്ല.
മലയുടെ വശത്തേക്കുള്ള വളവായതിനാല്‍ കൊക്കയിലേക്ക് വീഴാതെ ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ആരോ തിരിച്ചു നിര്‍ത്തി പാര്‍ക്ക്‌ ചെയ്തപോലെ എന്‍റെ വണ്ടി വശത്തുള്ള ചാലില്‍ നില്‍ക്കുന്നു... ആളുകള്‍ അപ്പോഴേക്കും എനിക്ക് ചുറ്റും കൂടി.. ആശുപത്രിയില്‍ പോണോ, വണ്ടി കേടുപാടുകള്‍ ഉണ്ടോ എന്നെല്ലാം അന്യേഷിച്ചു ചുറ്റും ആള്‍ക്കാര്‍... എനിക്കൊന്നും പറ്റിയില്ല, ഞാന്‍ പറഞ്ഞു. എന്നിട്ടും ആര്‍ക്കും സംശയം തീരുന്നില്ല. കുഴിയില്‍ വീണ ബൈക്ക് 3-4 പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത്, റോഡിലേക്ക് നിര്‍ത്തി.. ലേയിലെക്കാണെന്‍റെ യാത്ര എന്നറിഞ്ഞപ്പോള്‍, വണ്ടി മുഴുവന്‍ ഷോറൂമില്‍ കൊണ്ടുപോയി പരിശോധിച്ച യാത്ര തുടരുന്നതാവും നല്ലതെന്ന്‍ എല്ലാവരും ഉപദേശിച്ചു. ശ്രീനഗറിലെ ഇവിടം വിട്ടാല്‍ ഇവരുടെ ഷോറൂം ഉള്ളൂ, അതെനിക്ക് അറിയുകയും ചെയ്യും.. എന്‍റെ വണ്ടിക്ക് പ്രഥമ ദൃഷ്ടിയില്‍ കേടുപാടുകള്‍ ഒന്നും കാണാത്തതിനാല്‍  ഇടിച്ച വണ്ടിക്കാരനോട് എനിക്ക് പരാതിയില്ല എന്ന് ഞാന്‍ അറിയിച്ചു.. ബാഗും മറ്റും സ്ഥാനം മാറിയിട്ടില്ല എന്നുറപ്പ് വരുത്തി ഞാന്‍ തിരിച്ചു മണാലിയിലേക്ക്, വണ്ടി ഓടിക്കാന്‍ തുടങ്ങി, കുറച്ച് ദൂരം പിന്നിട്ടതും വണ്ടിയുടെ ഹാന്‍ഡില്‍ ബാറിനു കാര്യമായ വളവ് വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.. ഗൂഗിള്‍മാപ്പില്‍ ഉണ്ടായിരുന്നിട്ട് പോലും എന്‍ഫീല്‍ഡ് സര്‍വീസ് സ്റ്റേഷന്‍ തപ്പി എടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. റിപയര്‍ കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. മൂന്നാം ദിവസത്തെ യാത്ര അങ്ങനെ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിര്‍ത്തേണ്ടി വന്നു.





പ്രാതല്‍  കഴിഞ്ഞ് യാത്ര തുടങ്ങി. മണാലി ലേ ഹൈവേയില്‍, മണാലിയില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞാല്‍ കേയലോങിനു അടുത്തായി ഒരു പെട്രോള്‍ പമ്പ് ഉണ്ട്, അത് കഴിഞ്ഞാല്‍ ഏകദേശം മുന്നൂറ്റി അന്‍പതോളം കിലോമീറ്റര്‍  ദൂരത്തിനിടക്ക് പെട്രോള്‍ കിട്ടുക പ്രയാസമാണ്. അത് കൊണ്ട് തന്നെ ലഡാക്ക് കാരിയറില്‍ പെട്രോള്‍ വെക്കാനുള്ള സംവിധാനം ഉണ്ട്. അഞ്ചു ലിറ്റെറിന്‍റെ രണ്ടു കാനുകളില്‍ പെട്രോള്‍ നിറച്ച് കാരിയറില്‍ വെച്ചിട്ടുണ്ട്..
റോഹ്താങ്ങ് പാസ്സില്‍ സഞ്ചാരികള്‍ ഒരുപാട്ഉണ്ട്. പ്രകൃതി ഭംഗി ആവോളം നുകര്‍ന്ന് കുറേനേരം അവിടെ ചിലവഴിച്ചു. ഏറിയാല്‍ നാലു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ദൂരമേ ഇനിയുള്ളൂ.

  ഇറച്ചിക്കറി കൂട്ടിഉച്ചയൂണ് കഴിച്ച്കേയലോങ്ങിലേക്ക് യാത്ര തുടര്‍ന്നു. ഇനി അങ്ങോട്ടുള്ള വഴി ഇറക്കമാണ്... പലയിടങ്ങളിലും റോഡ്‌ പണി നടക്കുന്നുണ്ട്. റോഹ്താങ്ങ് വരെ സഞ്ചാരികള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മുഴുവന്‍ വിജനമായ വഴിയാണ് എന്നെ എതിരേല്‍ക്കുന്നത്. എന്നെപ്പോലെ ഏകാന്തപഥികന്‍മാരായ ചില യാത്രക്കാരെ ഞാന്‍ കണ്ടു... കൈവീശി സന്തോഷം പങ്കുവെച്ചു അവര്‍ എന്നെ കടന്നുപോയി. ലേ ഇല്‍ നിന്നു വരുന്നവരാണ്. ചുരുക്കത്തില്‍  അങ്ങോട്ട്‌  പോകുന്നത് ഞാന്‍ മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നി.. ബൈക്കില്‍ ഇപ്പോഴും സഞ്ചാരികള്‍ പോകുന്നുണ്ടെന്ന അറിവ് എനിക്ക് സമധാനം നല്‍കി.... ഈ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍, ബൈക്കില്‍ ഇതുവഴി വന്നിട്ടുള്ള എല്ലാവരും എന്നോടതിന്‍റെ ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞിരുന്നു. പക്ഷെ ശ്രമിക്കാതെ വിട്ടൊഴിയാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഒരുപക്ഷെ ഇനി ഒരിക്കല്‍ ഇതുപോലൊരു അവസരം എനിക്ക് കിട്ടിയെന്ന് വരില്ല.



മുന്നോട്ട് പോകും തോറും  തണുപ്പ് കൂടിക്കൂടി വരുന്നു. പത്തു പതിനഞ്ച് കിലോമീറ്റര്‍ ഇനിയും കാണും കേയലോങ്ങ് എത്താന്‍. നേരം സന്ധ്യ ആവുന്നത്തെ ഉള്ളൂ. ഹൈവേയിലെ ഏക പെട്രോള്‍ പമ്പില്‍ എത്തി, വീണ്ടും ടാങ്ക് ഫുള്‍ ആക്കി പത്തുമിനുട്ട് കൂടി റൈഡ് ചെയ്താല്‍ ഇന്നത്തെ യാത്ര അവസാനിക്കും. ഒന്ന് രണ്ടു ഹോട്ടലില്‍ കയറി റൂം അന്വേഷിച്ചു എല്ലാം സീസണ്‍ കഴിഞ്ഞത് കാരണം അടച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍റെ അടുത്തുള്ള ഹോട്ടലില്‍ ചിലപ്പോള്‍ മുറി കിട്ടുമായിരിക്കും, ഒരാള്‍ ഉപദേശിച്ചു. ഹോട്ടലിന്‍റെ അടുത്ത് നിര്‍ത്തി റൂം എടുത്ത് തിരിച്ച്പുറത്തേക്കിറങ്ങി, കാരിയറില്‍ വെച്ചിരുന്ന പെട്രോള്‍ കാനുകളില്‍ ഒരെണ്ണം കാണുന്നില്ല.  5 മിനിറ്റ് ആയിക്കാണില്ല ഞാന്‍ അവിടെ നിന്നു മാറിയിട്ട്. അതിനിടക്ക് അതാരോ അടിച്ചുമാറ്റി!
ലേ യിലേക്കുള്ള യാത്രാ മദ്ധ്യേ ആണെന്ന് മനസ്സിലാക്കിയ റിസെപ്ഷനിസ്റ്റ് എന്‍റെ പദ്ധതികളെ താളംതെറ്റിക്കുന്ന ചില വിവരങ്ങള്‍ പങ്കു വെച്ചു. നാളെ ഞാന്‍ തങ്ങാന്‍ തിരഞ്ഞെടുത്ത സര്‍ചുവില്‍ ഇപ്പോള്‍ ആരും ഉണ്ടാവില്ല. സീസണ്‍ അവസാനിച്ചതിനാല്‍ അവിടെ വേനല്‍ക്കാലത്ത് താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കുന്ന തകരം കൊണ്ട് മറച്ച ഷെഡുകള്‍ വിട്ടു സ്വന്തം ഗ്രാമത്തിലേക്ക് അവര്‍ തിരിച്ചു പോയിട്ടുണ്ടാവും... ഒന്നുകില്‍ തിരിച്ചു മണാലിയിലേക്ക് പോകുക, അല്ലെങ്കില്‍ രണ്ടും കല്‍പിച്ചു മുന്നൂറ്റിഅറുപതോളം കിലോമീറ്റര്‍ ഒരു ദിവസംകൊണ്ട്  യാത്ര ചെയ്തു ലേയില്‍ എത്തുക.... തിരിച്ചു പോകുന്നതിനെപ്പറ്റി എനിക്കാലോചിക്കാന്‍ പോലും വയ്യ... യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. കുറച്ച് പഴങ്ങളും ബിസ്ക്കറ്റ് ജ്യൂസ്‌ മുതലായവയും വാങ്ങി ഞാന്‍ റൂമിലേക്ക് പോയി. രാത്രി ഭക്ഷണം നേരത്തെ കഴിച്ചു കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. 4 മണിക്ക് യാത്ര തുടരണം എന്നാല്‍ രാത്രിയോടെ ലേയില്‍ എത്തിച്ചേരാം.... വാഹനത്തിനു വല്ലതും സംഭവിക്കുകയോ, അപകടമോ മറ്റോ ഉണ്ടാവുകയോ ചെയ്താല്‍ ഒരുപക്ഷേ നാളെയോടെ എല്ലാം അവസാനിക്കാനും മതി....


രണ്ടാം ഭാഗം : സ്വര്‍ഗത്തിലേക്കുള്ള വഴി













Ride To Pangong Leh Ladakh road trips





Part 1

Jammu Kashmir Ride | Srinagar | Kargil | Leh | Khardung la | INDIA-PAKISTAN LOC | Ladakh | Part 1






Part 2

Jammu And Kashmir Ride | Kargil | Leh | Ladakh | Khardung la | Turtuk | Nubra | Pangong | Part 2