ഇന്ത്യയുടെ സിരകളിലൂടെ - 6
ഇതൊരു തുടര്‍ച്ചയാണ്, രണ്ട് മാസത്തിലധികം ഞാന്‍ നടത്തിയ യാത്രയുടെ വിവരണം, ആദ്യമായി ഇവിടെ വരുന്നവരോട് പഴയഭാഗങ്ങള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു...
യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. വഴിയില്‍ പലരേയും പരിചയപ്പെടുകയും ചെയ്തു. ആ പരിചയം പുതുക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്. ശ്രീഗംഗാനഗറിലേക്കാണ് ഇന്നത്തെ യാത്ര. യാത്ര തുടങ്ങും മുന്‍പ് തന്നെ പോകേണ്ട വഴികളുടെ ഒരു ഏകദേശരൂപം മനസ്സില്‍ കണ്ടിരുന്നു, അന്നേരം തന്നെ ബൈക്ക് സര്‍വീസ് ചെയ്യാന്‍ കൊടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ഒരു ധാരണ എനിക്ക് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ അല്ലലില്ലാതെ ആദ്യത്തെ സര്‍വീസ് നടത്താന്‍ സാധിച്ചതും. ഇനി 3000 കിലോമീറ്ററില്‍ നടത്തേണ്ട സര്‍വീസാണ്, 2500 കിലോമീറ്റര്‍ ആവുന്നതേ ഉള്ളൂ. ഗംഗാനഗറില്‍ ചെയ്തില്ലെങ്കില്‍ എല്ലാം താളം തെറ്റും, ബിക്കാനേര്‍, ജൈസല്‍മേര്‍, റാന്‍ ഓഫ് കച്ച് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇനി എന്റെ യാത്ര. അവിടെ ഒന്നും എന്‍ഫീല്‍ഡിനു സര്‍വീസ് ഇല്ല താനും. ഡെല്‍ഹിയില്‍ നിന്ന് ആദ്യമായി തണ്ടര്‍ബേര്‍ഡ് എന്റെ കയ്യില്‍ കിട്ടുമ്പോള്‍ യാത്രയില്‍ ഇത്രത്തോളം എന്നോട് ഇണങ്ങുമെന്ന് ഞാന്‍ കരുതിയിരുന്നില്ല (ഇനി ഞാന്‍ വണ്ടിയോട് ഇണങ്ങിയതാണോ? ഏയ് ആവില്ല...). ബുള്ളറ്റിനെ അപേക്ഷിച്ച് നീണ്ട യാത്രക്ക് വളരെ അനുയോജ്യമാണ് തണ്ടര്‍ബേര്‍ഡ്, വണ്ടിയുടെ ഉയരവും സീറ്റും അതിനെ സാധൂകരിക്കുന്നു. എന്തായലും ആദ്യ ദിവസങ്ങളില്‍ അനുസരണയില്ലാത്ത കുതിരയെപ്പോലെ പെരുമാറിയിരുന്നെങ്കില്‍ ഇപ്പോള്‍ നന്നായി മെരുങ്ങിയ അവസ്ഥയാണ്. എനിക്ക് വണ്ടിയേയും വണ്ടിക്ക് എന്നേയും നന്നായി മനസ്സിലായി തുടങ്ങിയെന്ന് മാത്രം. ബ്രേക്കുകള്‍ ഒന്നു ചെക്ക് ചെയ്യണം പിന്നെ പതിവ് കലാപരിപാടികളും ഓയില്‍ ചെയിഞ്ചും മറ്റും തന്നെ. നന്നായൊന്നുകുളിപ്പിക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. അദ്യത്തെ സര്‍വീസ് ചെയ്തപ്പോള്‍ അവര്‍ വണ്ടി കഴുകിയിരുന്നില്ല, ധൃതിയില്‍ ഞാനത് മറക്കുകയും ചെയ്തു. പുറകിലത്തെ ബ്രേക്കിന് പ്ലേ ഇത്തിരി കുറവാണ്, അതു മാത്രമേ ഇതുവരെ എനിക്കൊരു കുഴപ്പമായി തോന്നിയിട്ടുള്ളൂ.
ശ്രീഗംഗാനഗറില്‍ വൈകീട്ടോടെ ഞാന്‍ എത്തിച്ചേര്‍ന്നു, 270 കിലോമീറ്ററില്‍ അധികം ദൂരം താണ്ടി ഇന്ന്, എങ്കിലും അഞ്ച് മണിക്കൂറോളമേ അതിന് വേണ്ടി വന്നുള്ളൂ. പഞ്ചാബിലെ റോഡുകള്‍ അത്രനല്ലതാണ്. റോഡ് വീതി കൂട്ടുന്നതിന്റെ ജോലികള്‍ നടക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതില്ല. അതിര്‍ത്തിയോട് അടുത്ത് കിടക്കുന്നതിനാല്‍ പല റോഡൂകളൂം ബി ആര്‍ ഓയുടെ കീഴില്‍ വരുന്നവയാണ്. ' Be gentle on my curves, safety on road is safe tea at home, If married divorce speed, it is a highway not a runway, Be Mr late than Late Mr.' തുടങ്ങിയ ബിആര്‍ഓ സൂക്തങ്ങള്‍ ഇതിനോടകം എനിക്ക് മനപ്പാഠമായികഴിഞ്ഞിരിക്കുന്നു.
ഗൂഗിള്‍ മാപ്പില്‍ വീടിന്റെ വിലാസം കൃത്യമായി രേഖപ്പെടുത്തി അയച്ച് തന്നത് കാരണം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഹര്‍ഷിന്റെ വീട്ടിലെത്തി. കുളിച്ച് വന്നപ്പോഴേക്കും അവന്റെ അമ്മ ചായ ഉണ്ടാക്കി തന്നു, അതും കുടിച്ച് ഞങ്ങള്‍ നേരെ എന്‍ഫീല്‍ഡിന്റെ ഷോറൂമിലേക്ക് പോയി. ഇവിടുത്തെ വളരെ പഴയ മെക്കാനിക്കുകളില്‍ ഒരാളാണ് എന്‍ഫീല്‍ഡ് സര്‍വീസ് സെന്റര്‍ നടത്തുന്നത്. ഹര്‍ഷിനു വളരെക്കാലമായി അവരെ ഒക്കെ പരിചയമുള്ളത്കൊണ്ട് വൈകിയാണ് ഞങ്ങള്‍ എത്തിയതെങ്കിലും സര്‍വീസ് ചെയ്ത് അപ്പോള്‍ തന്നെ കിട്ടി. ബ്രേക്കും അവര്‍ നന്നയി പരിശോധിച്ചെങ്കിലും പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താന്‍ അവര്‍ക്കായില്ല. നല്ല രീതിയില്‍ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഞാനും കരുതിയത് നാഗാലന്റില്‍ വെച്ച് പൂര്‍ണ്ണമായും ബ്രേക്ക് നഷ്ടമാവും വരെ. ശ്രീനഗറില്‍ വെച്ചാണ് ആദ്യമായി ബ്രേക്ക് മിസ്സാവുന്നത്. കൃത്യമായി പറഞ്ഞാല്‍ ഗുല്‍മാര്‍ഗില്‍ നിന്നും തിരിച്ച് വരുന്ന വഴിക്ക്. അന്നാണ് ഒരു പട്ടാളക്കാരന്‍ എന്നോട് കയര്‍ത്ത് സംസാരിക്കാന്‍ ഇടയാക്കിയ സംഭവം ഉണ്ടായതും. അത്യാവശ്യം വേഗത്തില്‍ തന്നെയാണ് ഞാന്‍ വണ്ടി ഓടിച്ച് കൊണ്ടിരുന്നത്, സന്ധ്യമയങ്ങും മുന്‍പ് ദാല്‍ തടാകം ചുറ്റിക്കാണണം അതു മാത്രമായിരുന്നു മനസ്സില്‍. പിറകിലായി ചരക്ക് കയറ്റിവരുന്ന ഒരു ലോറിയുണ്ട് ആ വണ്ടിയെ മറികടന്നതേ ഉള്ളൂ ഞാന്‍. കുറച്ച് മുന്നിലായി റോഡില്‍ ഒരു പട്ടാളക്കാരന്‍ കൈകള്‍ കൊണ്ട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്, സത്യത്തില്‍ അയാളുടെ നില്‍പ്പും ഭാവവുമൊക്കെ കണ്ടപ്പോള്‍ പിറകില്‍ വരുന്ന ലോറി നിര്‍ത്താനാണ് അയാളീ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതെന്നാണ് ഞാന്‍ കരുതിയത്. അടുത്തെത്താറായപ്പോള്‍ രണ്ട് കൈകളും ഉയര്‍ത്തി അയാള്‍ വഴി തടയാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് പന്തികേട് തോന്നിയത്. ബൈക്കിന്റെ വേഗത ഞാന്‍ കുറച്ചിരുന്നു ഇതിനകം, അതേതായാലും നന്നായി. ഇല്ലെങ്കില്‍ ചിലപ്പോള്‍ ത്രീവാദി ആണെന്നോ മറ്റോ കരുതി എന്നെ വെടിവെച്ചിടാനും മതി. വെറുതെ സര്‍ക്കാറിനു ചിലവുണ്ടാക്കണ്ടല്ലോ.. ഞാന്‍ ബൈക്ക് നിര്‍ത്തിയതും എതിര്‍വശത്ത് നിന്ന് വന്നിരുന്ന പട്ടാള വണ്ടികള്‍ റോഡ് മുറിച്ച്കടന്ന് പട്ടാളക്യാമ്പിനകത്തേക്ക് കേറിപ്പോയതും ഒരുമിച്ചായിരുന്നു. വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ നിനക്കെന്താ ഒരു മടി, അയാള്‍ ഹിന്ദിയില്‍ കയര്‍ത്തു. ഞാന്‍ ബബബ അടിക്കാന്‍ തുടങ്ങി, പണി പാളുമോ ഇവിടെ പട്ടാളക്കാര്‍ക്ക് പ്രകോപനം കൂടാതെ തന്നെ വെടിവെക്കാം എന്ന് കേട്ടിട്ടുണ്ട്, ഞാന്‍ സാര്‍ അതു പിന്നെ പുറകിലത്തെ വണ്ടി, എന്നോടല്ലായിരിക്കും നിര്‍ത്താന്‍ പറയുന്നത്..... എന്നൊക്കെ പറഞ്ഞ് തുടങ്ങിയപ്പോള്‍, അയാള്‍ പറഞ്ഞു ആര്‍സിയും ലൈസന്‍സും കാണിക്ക്. ലൈസന്സിലേക്കും എന്റെമുഖത്തേക്കും ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു; ഇനി പട്ടാളക്കാര്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ മടിക്കണ്ട, പൊക്കോ.. (പട്ടാളവണ്ടി കയറിപ്പോകും വരെ റോഡിനു നടുവിലുള്ള ഡിവൈഡറും എതിര്‍വശത്തുള്ള പട്ടാളക്യാമ്പും ഞാന്‍ കണ്ടിരുന്നില്ല.)
നെഞ്ചില്‍ ഉണ്ടയൊന്നും കൊള്ളാതെ രക്ഷപ്പെട്ട സമാധാനത്തോടെ ഞാന്‍ മുന്നോട്ട് നീങ്ങി. കുറച്ച് നേരം കഴിഞ്ഞതും എന്റെ മുന്നില്‍ പോയിക്കൊണ്ടിരുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു, തൊട്ടുപിറകിലായാണ് ഞാന്‍ വണ്ടി ഓടിച്ചിരുന്നത്, ബ്രേക്കിങ്ങ് ഡിസ്റ്റന്‍സ് ഇല്ലായിരുന്നു എന്ന് സാരം. രണ്ട് ബ്രേക്കും ഒരുമിച്ചമര്‍ത്തി വണ്ടി നിര്‍ത്താന്‍ ശ്രമിക്കുമ്പോളാണ് അത് സംഭവിച്ചത്. പുറകിലെ ബ്രേക്കിന്റെ പെഡല്‍ മുഴുവനായി താഴെപ്പോയി. ബ്രേക്കില്‍ നിന്നും കാല്‍ വഴുതുകയും ചെയ്തു. മുന്നിലെ ചക്രങ്ങള്‍ മാത്രം നിശ്ചലമായത് കാരണം, വണ്ടിയുടെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു അപ്പോളേക്കും. മറിയാതിരിക്കാന്‍ കാലുകള്‍ കുത്തേണ്ട അവസ്ഥയും വന്നു, അതിനാല്‍ എഞ്ചിന്‍ ബ്രേക്കിങ്ങിനു അവസരം കിട്ടിയില്ല താനും. എങ്ങനെയൊക്കെയോ വണ്ടി വീഴാതെ വരുതിയിലാക്കാന്‍ എനിക്ക് സാധിച്ചു. സ്പീഡ് കുറവായത് തന്നെയാണ് അതിനൊരു കാരണം. പുറകിലെ ബ്രേക്ക് പ്രവര്‍ത്തിക്കാത്തത് കാരണമാണ് പെഡല്‍ താഴേക്ക് പോയതും കാല്‍ വഴുതി മാറിയതുമെന്ന് അപ്പോളെനിക്ക് മനസ്സിലായില്ലെന്ന് മാത്രം. ഒന്നര ലക്ഷത്തിലധികം ഷോറൂം വിലയുള്ള വണ്ടിയുടെ ബ്രേക്കിന് ഇത്രമാത്രമേ വിശ്വാസ്യതയുള്ളൂ എന്നെനിക്ക് അപ്പോള്‍ തോന്നിയതുമില്ല. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും, പാന്ഥനൊക്കെ അറിയണമെങ്കില്‍ ചെറിയ ചൊറിച്ചില്‍ പോര എന്നു സാരം...
നേരം ഇരുട്ടിയിരുന്നു ഓയില്‍ മാറ്റി വണ്ടി കിട്ടുമ്പോളേക്കും. ഇന്നിനി കഴുകല്‍ നടക്കില്ല. രാവിലത്തേക്ക് മാറ്റിവെക്കുകയേ നടക്കൂ. തണുപ്പ് വീണു തുടങ്ങി രാത്രി ആയതും. ഹര്‍ഷാണ് വണ്ടി ഓടിക്കുന്നത് ഹെല്‍മെറ്റിന് അവധി കൊടുത്തിരിക്കുകയാണ്, ഇറങ്ങാന്‍ നേരം ഹെല്‍മെറ്റ് എടുത്തിരുന്നെങ്കിലും അവനത് തിരിച്ച് വെപ്പിക്കുകയാണുണ്ടായത്. ഇവിടെ ഹെല്‍മെറ്റ് പതിവില്ലത്രേ. പഞ്ചാബിലും രാജസ്ഥാനിലും ഹെല്‍മെറ്റ് വെച്ച് ഓടിക്കുന്നവരെ ഞാന്‍ കണ്ടുമില്ല.
നമ്മുടെ നാട്ടില്‍ കാണാത്ത മറ്റൊരു സംഭവം കണ്ടു ഞാന്‍ പഞ്ചാബില്‍. തീവണ്ടി പോകാന്‍ വേണ്ടി ഗേറ്റ് അടച്ചാല്‍ അതിനടിയിലൂടെ നൂണ്ട് പോകുന്ന സ്വഭാവക്കാര്‍ അല്ല്ല്ലോ നമ്മള്‍. ഇവിടെ ആള്‍ക്കാര്‍മാത്രമല്ല വണ്ടിയും ഗേറ്റിനടിയിലൂടെ അവര്‍ തള്ളിക്കൊണ്ട്പോകും. ചെറിയ വണ്ടി ആണെങ്കില്‍ ഇറങ്ങി തള്ളിയും, അല്ലെങ്കില്‍ ചെരിച്ച് കൊണ്ടും അവര്‍ ഗേറ്റ് കടത്തും. ഏറിയാല്‍ 5 മിനുട്ടാണ് ഗേറ്റടച്ചിടുന്നത്. അത് പോലും കാത്ത് നില്‍ക്കാന്‍ ആര്‍ക്കും സമയമില്ല്....
രാജസ്ഥാനില്‍ ഹരിത വിപ്ലവം സൃഷ്ടിച്ച ഇന്ദിരാഗാന്ധി കനാലിന്റെ സമീപത്തിരുന്ന് കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. ലേ യില്‍ നിന്നും യാത്ര തിരിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളെപ്പറ്റിയാണ് കൂടുതലും സംസാരിച്ചത്. പഞ്ചാപികളുടെ സ്വഭാവത്തെപ്പറ്റിയും അവന്‍ അതിനിടയില്‍ സംസാരിക്കുകയുണ്ടായി. പഞ്ചാപില്‍ മിക്കവാറും ഇടങ്ങളിലൊന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ളബോര്‍ഡുകള്‍ കാണാന്‍ കഴിയില്ല, എല്ലാം പഞ്ചാബിയിലാണ്. തമിഴ്നാട്ടിലേത് പോലെതന്നെ. പിന്നെ ഇന്ത്യന്‍ എന്ന് പറയും മുന്‍പ് പഞ്ചാബി എന്നായിരിക്കും അവര്‍ പറയുക. സസ്യേതര ആഹാരത്തിന്റെ കാര്യത്തില്‍ അവര്‍ ഭയങ്കരന്മാരാണ്. രാജസ്ഥാനിലേക്ക് കേറിയ സ്ഥിതിക്ക് ഇനി നല്ല മത്സ്യമാംസാദികള്‍ കിട്ടുക പ്രയാസമാണ്, ഗുജറാത്തില്‍ പിന്നെ അഹമദാബാദിലോ മറ്റോപോകണം സസ്യേതരമായി വല്ലതും കഴിക്കണമെങ്കില്‍.
രാത്രി ഭക്ഷണം പുറത്ത് നിന്നും കഴിച്ചാണ് ഞങ്ങള്‍ തിരിച്ച് പോയത്. അധ്യാപകരാണ് ഹര്‍ഷിന്റെ മാതാപിതാക്കള്‍. ഒരു സഹോദരികൂടി അടങ്ങുന്നതാണ് അവന്റെ കുടുംബം. ഭര്‍ത്താവുമൊത്ത് അവര്‍ ആസ്ത്രേലിയയിലാണ് താമസം. പരിശീലനത്തിന്റെ ഭാഗമായി ലേയില്‍ പോയതാണെന്നാണ് ഹര്‍ഷ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്. ആകെയുള്ള അവധിയില്‍ ചുറ്റിക്കറക്കം കഴിഞ്ഞാണ് വീട്ടില്‍ എത്തിയതെന്ന് പറഞ്ഞാല്‍ അത് മതിയാകും അവര്‍ സങ്കടപ്പെടാന്‍ എന്നാണ് പരിചയപ്പെട്ടപ്പോള്‍ ഹര്‍ഷ് പറഞ്ഞിരുന്നത്. ഇനിയുള്ള യാത്രയെപ്പറ്റിയും മറ്റും ഉറങ്ങും വരെ ഞങ്ങള്‍ സംസാരിച്ചു. പ്രാതല്‍ കഴിച്ച് ഹര്‍ഷിന്റെ മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി, അവസരം കിട്ടുമ്പോള്‍ ഇനിയും അതുവഴി വരണമെന്ന് പറഞ്ഞാണ് അവര്‍ യാത്രയാക്കിയത്. മറുപടി പറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു, അത്രക്ക് ഹൃദ്യമായിരുന്നു അവരുടെ ആദിത്യ മര്യാദ. ബൈക്കെടുത്ത് ഹര്‍ഷും കൂടെ വന്നു, വണ്ടി കഴുകിന്നിടം വരെ. യാത്ര തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ കുളിയാണ്. തിരക്കില്ലാത്തതിനാല്‍ പെട്ടെന്നു തന്നെ എല്ലാം കഴിഞ്ഞു. തൊട്ടടുത്തുള്ള പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. ഹര്‍ഷിനോട് യാത്ര പറഞ്ഞു, ഇനിയൊരിക്കല്‍ കാണാമെന്നുറപ്പും കൊടുത്തു.
ബിക്കാനേറിലേക്കാണ് ഇന്നത്തെ യാത്ര. ഇതുവരെയുള്ള പോലെയല്ല ഇനി മുഴുവന്‍ ശക്തിയിലും വണ്ടി ഓടിക്കാം. റോഡാണെങ്കില്‍ മരിഭൂമിയിലൂടെയും, അതായത് സ്കെയില്‍ വെച്ച് വരച്ച വരപോലെ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. കിലോമീറ്ററുകളും മണിക്കൂറുകളും പെട്ടെന്ന് കടന്ന്പോയി. ബികാനേര്‍ വളരെ അടുത്താണെന്ന് തോന്നി. 250 കിലോമീറ്റര്‍ ദൂരം മണിക്കൂറുകള്‍ കൊണ്ട് താണ്ടി. ഇടക്ക് ഭക്ഷണം കഴിക്കാനും മറ്റുമായി ഒന്നുരണ്ട് തവണ നിര്‍ത്തിയിരുന്നു. ഇതിനോടകം ഞാനും വണ്ടിയുമായി ഒരാത്മബന്ധം ഉടലെടുത്ത് കഴിഞ്ഞിട്ടുണ്ട്. എത്ര നേരം തുടര്‍ച്ചയായി വണ്ടി ഓടിച്ചാലും മുഷിപ്പോ ക്ഷീണമോ നടുവേദനയോ എന്നെ അലട്ടാറില്ല. നേരത്തെ ഇരുക്കിന്നിടം പഴുക്കുന്നപോലെ വേദനിക്കുന്ന ഒരു തോന്നല്‍ വരുമായിരുന്നു ഒരുപാട് മണിക്കൂര്‍ തുടര്‍ച്ചയായി വണ്ടി ഓടിച്ചാല്‍. സ്വതവേ ഇരിക്കാന്‍ എനിക്കിഷ്ടമല്ല. തുടര്‍ച്ചയായി കുറേനേരം ഇരുന്നാല്‍ പുകയാന്‍ തുടങ്ങും. ഇപ്പോള്‍ അവിടെയിക്കെ പേശികള്‍ രൂപപ്പെട്ട് തുടങ്ങിയെന്ന് തോന്നുന്നു. ഇടക്കിടെ തെന്നി വീഴുക എന്റെ ഒരു വിനോദമായിരുന്നല്ലോ തുടക്കത്തില്‍, ലഡാക്കിലൂടെയുള്ള യാത്രയില്‍ ഒരുപാട് തവണ തെന്നിവീണിട്ടും ഉണ്ട്. അന്നൊക്കെ വീണാല്‍ പൊക്കിവെക്കുക വല്ലാത്തൊരു ബുദ്ധിമുട്ടുപിടിച്ച ഏര്‍പ്പാടായിരുന്നു. അടുത്തൊന്നും വണ്ടി വീണിട്ടുമില്ല.
ബിക്കാനേറിലേക്കുള്ള വഴി മദ്ധ്യേ ഒരിക്കല്‍ കൂടീ ഭൂമീദേവിയെ ചുംബിക്കാന്‍ ബൈക്കിനു അവസരം കിട്ടി. ഒരു മൂളിപ്പാട്ടും പാടി വണ്ടിഓടിക്കുമ്പോളാണ് ഒരു ജീവി റോഡ് മുറിച്ച് കടക്കുന്നത് ഞാന്‍ കണ്ടത്. എന്നെകണ്ടിട്ടാവണം ആ ജീവി വേഗത കൂട്ടി. ഞാന്‍ വണ്ടി നിര്‍ത്തിയപ്പോളേക്കും അത് റോഡിന്റെ മറുവശത്തെത്തിയിരുന്നു. മറ്റൊന്നുമല്ല. ഒരു പെരുച്ചാഴിയോളം വലിപ്പമുള്ള ഉടുമ്പ്. റോഡിന്റെ നടുവിലാണ് ഞാന്‍ വണ്ടി നിര്‍ത്തിയിരിക്കുന്നത്. ബാഗില്‍ നിന്നും ക്യാമറ വലിച്ചെടുത്ത് ഫോട്ടോ എടുക്കാന്‍ വേണ്ടി തിരിഞ്ഞതും ബാലന്‍സ് പോയി ഞാനും വണ്ടിയും നടുറോട്ടില്‍ വീണതും ഒന്നിച്ചായിരുന്നു. എന്റെ പരാക്രമം കണ്ടാവണം ആ സാധു ഇതിനോടകം എവിടെയോ ഓടി മറഞ്ഞു. ബൈക്കെടുത്ത് പൊക്കിയപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി, തുടക്കത്തിലെപോലെയല്ല കയ്യിലെ പേശികള്‍ക്കൊക്കെ അത്യാവശ്യം ബലം വന്നുതുടങ്ങിയിരിക്കുന്നു. അനായാസം എനിക്ക് നിലത്ത് നിന്നും ബൈക്ക് പൊക്കി വെക്കാന്‍ കഴിയുന്നുണ്ടിപ്പോള്‍....
യാത്രയിലെ ഇടത്താവളം മാത്രമാണ് ബിക്കാനേര്‍. അമ്പലങ്ങളും കൊട്ടാരങ്ങളും മറ്റുമായി പലതും കാണാനുണ്ട് ബിക്കാനേറില്‍. ഒരു ഓട്ടപ്രദക്ഷിണം വെക്കണമെന്ന് കരുതിയതാണ്. ഇപ്പോള്‍ ഒന്നിനും ഒരുത്സാഹം തോന്നുന്നില്ല. റൂം കിട്ടാന്‍ കുറച്ച് അലയേണ്ടിവന്നു , അത് തന്നെ കാരണം. ബിക്കാനേറില്‍നിന്ന് ജൈസാല്‍മേര്‍ വരെയുള്ള 350 കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചത് വിരസമായിട്ടായിരുന്നു. മരുഭൂമിയല്ലാതെ മറ്റൊന്നുമില്ല ഇടക്കിടെ കടന്ന് വരുന്ന ചെറിയ ഗ്രാമങ്ങള്‍ ഒഴിച്ചാല്‍ പരവതാനി വിരിച്ചപോലെയുള്ള റോഡുകള്‍ വണ്ടി ഓടുന്നതിനിടയില്‍ ഉറങ്ങിപ്പോയാലും അത്ഭുതപ്പെടാനില്ല. വെള്ളം കുടിക്കുക സൂസൂ ഒഴിക്കുക ഇതായിരുന്നു പ്രധാന പരിപാടി. വേനല്ലെങ്കിലും ചൂടിനൊരു കുറവൊന്നുമില്ല. ഉച്ചഭക്ഷണം പൊക്രാനില്‍നിന്നും കഴിച്ചു.
റോഡ് വിജനമായിരുന്നു.ജൈസാല്‍മേറെത്താന്‍ മിനിട്ടുകള്‍ മാത്രം മതിയാവും ഇനി. പട്ടണം അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി, വഴിയിലിപ്പോള്‍ വാഹനങ്ങളുമുണ്ട്. രണ്ട് ചെറുപ്പക്കാര്‍ സഞ്ചരിക്കുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വരുന്നത് ഞാന്‍ കണ്ടിരുന്നു, എന്നെ കടന്ന്പോയതും അവര്‍ ബൈക്ക് വട്ടം തിരിച്ച് എനിക് പുറകേ വരുന്നത് ഞാന്‍ കണ്ടു. അവരെനിക്ക് നേരെയാണ് വരുന്നതെന്ന് തോന്നിയപ്പോള്‍ ഞാന്‍ ബൈക്കിന്‍റെ വേഗത കൂട്ടി. കൈകള്‍കൊണ്ട് ആംഗ്യം കാണിക്കുകയുമ് എന്തൊക്കെയോ വിളിച്ച് പറയുന്നതും എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു . ഇതുവരെ ഞാന്‍ 90കി മി ല്‍ കൂടുതല്‍ വേഗത്തില്‍ ബൈക്കോടിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ സ്പീഡോ മീറ്ററില്‍ 100 കടന്ന് പോയിരിക്കുന്നു വേഗത.
ഈ സ്പീഡില്‍ മുന്നോട്ട് പോകുക അത്ര സുഖകരമായ ഏര്‍പ്പാടല്ല. പ്രത്യേകിച്ചും എന്നെപ്പ്ഓലെ ഒരു തുടക്കക്കാരന് ഞാന്‍ വണ്ടിയുടെ വേഗത നിയന്ത്രിച്ചു. ഇതിനകം അവര്‍ എന്നെ മറികടന്നു. എന്നോട് സ്പ്പെഡ് കുറക്കാന്‍ ആംഗ്യം കാണീച്ചു. തെല്ലൊരു ശങ്കയോടെ ഞാന്‍ വേഗത വീണ്ടുംകുറച്ച് വശത്തേക്ക് ഒതുക്കി നിര്‍ത്തി. അവര്‍ ബൈക്ക് നിര്‍ത്തി പുറകില്‍ ഇരുന്നവന്‍ ബൈക്കില്‍ നിന്നിറങ്ങി എനിക്ക് നേരേ നടന്നുവന്നു.ഒരാക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം. പ്രത്യാക്രമണം നടത്താന്‍ എന്‍റെ കയ്യില്‍ യാതൊന്നുമില്ല. ബൈക്ക് സൈഡ് സ്റ്റാന്‍റില്‍ നിര്‍ത്തി. ഹെല്‍മറ്റ് ഊരി വലത് കയ്യില്‍ പിടിച്ചു. മരിക്കുന്നതിനുമുന്പ് ഒരുത്തന്‍റെയെങ്കിലും തല എങ്കിലും തല്ലിപ്പൊളിക്കാന്‍ അത് മതിയാവും.
അവന്‍റെ മുഖത്ത് ക്രൂരഭാവമൊന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നില്ല. എന്തായാലും ഇങ്ങോട്ട് ആക്രമിക്കുംവരെ ശാന്തനായി തന്നെ ഇരിക്കാം. കത്തിയോ മറ്റോ എടുത്ത് വീശുകയോ കുത്തുകയോ ചെയ്യുകയാണെങ്കില്‍ ഒഴിഞ്ഞു മാറാനും തയ്യാറായാണ് എന്‍റെ ഇരിപ്പ്. അവന്‍റെ വലത് കൈ പാന്‍റിന്‍റെ പോക്കറ്റിലേക്ക് നീങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. ബൈക്ക് ഇപ്പോഴും സ്റ്റാര്‍ട്ടിങ്ങില്‍ തന്നെയാണ്. അവന്‍ ആക്രമിച്ച് കഴിഞ്ഞാല്‍ ഹെല്‍മെറ്റ്‍വെച്ച് തിരിച്ചടിക്കുക, ബൈക്കെടുത്ത് കഴിയുന്നത്ര വേഗത്തില്‍ ഓടിച്ച് പോകുക. പദ്ധതികള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവന്റെ കയ്യിലേക്കാണ് എന്റെ ശ്രദ്ധമുഴുവന്‍. പെട്ടെന്നവന്‍ കൈ പോക്കറ്റില്‍നിന്ന് വലിച്ചെടുത്ത് എനിക്ക് നേരെ നീട്ടി. അപ്പോള്‍ ആ കയ്യില്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് ഉണ്ടായിരുന്നു. തടഞ്ഞ് നിര്‍ത്തിയതില്‍ ക്ഷമാപണം നടത്തി, ജൈസല്‍മേറില്‍ അവര്‍ക്ക് ഹോട്ടല്‍ ഉണ്ടെന്നും കുറഞ്ഞചിലവിലുള്ള സൌകര്യപ്രദമായ ഇടമാണെന്നും അവന്‍ പറഞ്ഞു. ഞാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്താണ് വരുന്നതെന്നും, അവിടെ നിന്നും മാറേണ്ട അവസ്ഥ വരികയാണെങ്കില്‍ പരിഗണിക്കാമെന്നും ഞാന്‍ പറഞ്ഞു. കാര്‍ഡ് വാങ്ങി പോക്കറ്റിലിട്ടു. കാര്‍മേഘങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞപോലെയൊരു പ്രതീതി. ബാഗിന്റെ സൈഡിലെ പോക്കറ്റില്‍ വെച്ചിരുന്ന കുപ്പി വലിച്ചെടുത്ത് ഞാന്‍ വെള്ളം കുടിച്ചു. പിന്നെ ശാന്തമായ മനസ്സുമായി വണ്ടിയുമെടുത്ത് യാത്ര തുടര്‍ന്നു.
നാഷണല്‍ ഹൈവേ 15 ഇലൂടെയാണ് യാത്ര. വലിയ ഹോട്ടലുകളുടെയും മറ്റും ബോര്‍ഡുകള്‍ കണ്ട് തുടങ്ങിയിരിക്കുന്നു, യൂത്ത് ഹോസ്റ്റലില്‍ തങ്ങാനാണ് ഇന്നത്തെ തീരുമാനം. ഗാഡ്സിസാര്‍ തടാകത്തിനു അടുത്തായാണ് ഹോസ്റ്റല്‍. അഡ്രസ്സ് ഒന്നുകൂടി ഉറപ്പ് വരുത്തണം, നേരത്തെ വയറ് നിറച്ച് വെള്ളം കുടിച്ചത് കാരണം നല്ല മൂത്ര ശങ്കയും ഉണ്ട്, വണ്ടി റോഡിന്റെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ഇറങ്ങിയതും നേരത്തെപ്പോലെ ഒരുത്തന്‍ എന്റെ അടുത്തേക്ക് ബൈക്കുമായി വന്നു. ഏതോ ഹോട്ടലുകാരന്റെ പ്രതിനിധിയാണ്. അവൻ കാർഡ് തന്നതും വെപ്രാളപ്പെട്ട് ഓടിയതും ഒരുമിച്ചായിരുന്നു. തെന്നിവീഴാതെ ബൈക്കുമായി അവൻ എങ്ങനെയൊക്കെയോ കടന്നുകളഞ്ഞു. ഞാൻ അവന്റെ പോക്ക് കണ്ട് അന്തംവിട്ട് നിന്നതും എന്റെ അടുത്തേക്കായി ഒരു ജീപ്പ് കൊണ്ടുവന്ന് നിർത്തി. ജീപ്പിന്റെ മുന്‍വശത്ത് പോലീസ് എന്നെഴുതിയ ബോർഡ് ഞാൻ കണ്ടു. അകത്തിരിക്കുന്ന രണ്ടുപേരും സാധാരണ ഡ്രസ്സിലാണു.
'അവനെന്താ പറഞ്ഞത്' അതിലൊരാൾ ചോദിച്ചു. ഞാൻ മറുപടി പറയും മുൻപ് അയാൾ തുടർന്നു. 'ഞങ്ങൾ ടൂറിസ്റ്റ് പോലീസാണ് നിങ്ങളേപ്പോലുള്ളവരുടെ പ്രൊട്ടക്ഷനുവേണ്ടി നിയമിക്കപ്പെട്ടവർ'.
'ഏയ് ഒന്നുമില്ല അവൻ ഒരു കാർഡ് തന്നു, അപ്പോഴേക്കും നിങ്ങളെക്കണ്ട് അവൻ ഓടിരക്ഷപ്പെട്ടു. എനിക്ക് പരാതിയൊന്നുമില്ല' ഞാൻ പറഞ്ഞു. 'അവൻ തന്ന കാർഡിങ്ങ് താ' അയാൾ പറഞ്ഞു. ' ഒന്നും ചെയ്യണ്ട സാർ വയറ്റിപ്പിഴപ്പല്ലേ '. അവന്റെ പരാക്രമം കണ്ട് എനിക്കെന്തോ അവനോട് സഹതാപം തോന്നിയിരിക്കണം. 'ഏയ് ഒന്നുമില്ല ചുമ്മാ വിളിച്ചൊന്നു വിരട്ടുകയേ ഉള്ളൂ. ചില കള്ളന്മാരുണ്ട് ഇവർക്കിടയിൽ, എന്നാൽ ശരി എന്തെങ്കിലും ആവശ്യമുണ്ടോ? ഞങ്ങൾ പോട്ടേ?' അവർ പോകാനൊരുങ്ങി.
'ഈ ഹോട്ടലിന്റെ അഡ്രസ്സ് അറിയാമോ?' ഞാൻ യൂത്ത് ഹോസ്റ്റലിന്റെ അഡ്രസ്സ് കാണിച്ച് കൊടുത്തു. 'ഇത് ഗാഡ്സിസാര്‍ തടാകത്തിനടുത്തല്ലേ. ഇവിടെ അടുത്ത് തന്നെയാ. ഞങ്ങളുടെ പുറകേ വാ'. ഹോട്ടലിന്റെ നമ്പർ ഇതിനോടകം മൊബൈലിൽ അയാൾ അടിക്കുന്നത് ഞാൻ കണ്ടിരുന്നു. അഡ്രസ്സ് എഴുതിയ ബുക്ക്ലെറ്റ് തിരിച്ച് വാങ്ങി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവർക്ക് പുറകേ യാത്ര തുടങ്ങി. നാലു റോഡുകൾ ചേരുന്ന ഒരിടത്തെത്തിയപ്പോൾ അവർ വണ്ടി നിർത്തി. എന്നോടും നിർത്താൻ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തി ജീപ്പിനടുത്തേക്ക് ചെന്നു. 'ഹോട്ടലിൽനിന്നൊരുത്തൻ ഇപ്പോൾ വരും, അവന്റെ കൂടെ പോയാൽ മതി'; അപ്പോഴേക്കും ഒരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്ന് നിന്നു. ശുഭദിനം നേർന്ന് വണ്ടിയുമെടുത്തവർ പോയി. ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാൻ ഞാനും മടികാണിച്ചില്ല.
ബാഗും മറ്റും മുറിയിൽ വച്ച് കുളിയും പാസ്സാക്കി ഞാൻ പുറത്തിറങ്ങി. ഗൂഗിൾ മാപ്പിൽ തപ്പി ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ കണ്ടുപിടിച്ചു. അവിടെചെന്ന് നോക്കിയപ്പോൾ നാലഞ്ച് കസേരയും, കറങ്ങുന്ന ഫാനും, കത്തുന്ന ലൈറ്റും മാത്രം. ഇനി അകത്ത് വല്ല മുറിയിലും ആരെങ്കിലും ഇരുന്ന് ഉറങ്ങിപ്പോയിട്ടുണ്ടാകുമോ? ഓഫീസ് സമയം കഴിഞ്ഞ് എല്ലാവരും പോയതാണെങ്കിൽ ഇതെല്ലാം പ്രവർത്തിക്കുമോ?
വാതിലുകൾ പട്ടിയും പൂച്ചയും കയറാതിരിക്കാൻ അടക്കുകയെങ്കിലും ചെയ്യുമല്ലോ? അഞ്ച് മിനുട്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞ് എനിക്കറിയാവുന്ന ഭാഷയിലെല്ലാം ഇവിടെ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ച് ചോദിച്ചു. മേശപ്പുറത്ത് തട്ടി ഒച്ചയുണ്ടാക്കിയും നോക്കി. എന്റെ സംശയങ്ങൾ എല്ലാം അസ്ഥാനത്തായിരുന്നു.അവിടെ ആരുമില്ലായിരുന്നു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.പുറത്തിറങ്ങി ബൈക്കുമെടുത്ത് പോകാൻ തുടങ്ങിയതും ഗേറ്റ് കടന്ന് ഒരാൾ വരുന്നു. എന്നോടകത്തേക്ക് വരാൻ പറഞ്ഞ് അയാൾ അകത്തേക്ക് കയറിപ്പോയി. ജൈസൽമേറിന്റെ ടൂറിസ്റ്റ് മാപ്പും മറ്റും അയാളിൽനിന്നെനിക്ക് കിട്ടി.സാം സാൻഡ് ഡ്യൂണിനെപ്പറ്റിയും അവിടെയുള്ള ഒട്ടകസവാരിയും ഫോക്ക് ഡാൻസ് ഡിസേർട്ട് ക്യാമ്പ് തുടങ്ങിയവയെപ്പറ്റിയും പറഞ്ഞു. സാം സാൻഡ് ഡ്യൂണിൽ പോകണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്. ഏകദേശം അതിനുവേണ്ടി വരുന്ന ചിലവിനെപ്പറ്റിയും ഞാൻ ധാരണയുണ്ടാക്കിയിരുന്നു. അതിലും വളരെ കുറച്ച് ചിലവിൽ അത് ബുക്ക് ചെയ്ത് തരാൻ അയാളെന്നെ സഹായിച്ചു.
ഗാഡ്സിസാര്‍ തടാകം ജൈസൽമേർ നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായിരുന്നു പണ്ട് കാലത്ത്. 1367 ൽ റവാൽ ഗാഡ്സിംഗ് പണികഴിപ്പിച്ചതാണീ തടാകം. മഴവെള്ളം സംഭരിക്കുക വഴി കൃഷിക്കും മറ്റും വേണ്ട ജലം കണ്ടെത്തുകയായിരുന്നു ഇത് വഴി. തടാകത്തിനു ചുറ്റിലും ചെറിയ അമ്പലങ്ങളിലും കോവിലുകളും മറ്റുമുണ്ട്. കാലുകൊണ്ട് ചവിട്ടുന്ന ചെറിയ ബോട്ടിൽക്കയറി തടാകം മുഴുവൻ ചുറ്റിക്കാണാൻ തീരുമാനിച്ചു. 4 പേർക്കും 2 പേർക്കും യാത്ര ചെയ്യാവുന്ന ബോട്ടുകൾ ആണെല്ലാം. ഒരാൾക്ക് മാത്രമായി തരാൻ കഴിയില്ലെന്നവർ തീർത്ത് പറഞ്ഞു. ബാലൻസ് നഷ്ടപ്പെട്ട് ബോട്ട് മറിയാൻ സാധ്യതയുള്ളത് കൊണ്ടാണത്രേ. നടക്കല്ലുകളിലൂടെ കുറച്ചുനേരം ഞാൻ നടന്നു. തടാകത്തിലൂടെ ബോട്ടോടിക്കുന്നവരെ അസൂയയോടെ നോക്കിത്തന്നെ.
എന്നെപ്പോലെ ഒറ്റക്ക് നടക്കുന്ന വല്ലവരും ഉണ്ടോ എന്ന് നോക്കിയാണു എന്റെ നടപ്പ്.
Gadsisar Lake
ഞാനൊരു കൊറിയക്കാരനെ കണ്ടുമുട്ടി. ലോൺലി പ്ലാനെറ്റിന്റെ ബുക്കും കൊണ്ടാണു അവന്റേയും നടപ്പ്. അതിലൊരു ചിത്രം ചൂണ്ടി നമ്മൾ ഇപ്പോൾ ഇവിടെയാണോ എന്ന് ഇംഗ്ലീഷും, കൊറിയയും, ആംഗ്യവും കൂടിക്കലർന്ന ഭാഷയിൽ എന്നോട് ചോദിച്ചു. അതെ നമ്മളിപ്പോൾ ഗാഡ്സിസാര്‍ ലേക്കിലാണു, ബോട്ടിംഗിനു താൽപര്യമുണ്ടോ ഒറ്റക്ക് പറ്റാത്തതുകൊണ്ട് ഒരാളെ തപ്പി നടക്കുകയാണു എന്നെല്ലാം ഞാൻ കുറേ കഷ്ടപ്പെട്ട് അവനെ പറഞ്ഞ് ധരിപ്പിച്ചു. അരമണിക്കൂർ ബോട്ടിംഗിനു 50 രൂപയാണു ചാർജ്ജ്.ഞാൻ ടിക്കറ്റ് എടുത്ത് വന്നു അവന്റെ പങ്ക് തരാൻ അവന്റെ കയ്യിൽ ചില്ലറയില്ല. അത് സാരമില്ല. ഞാൻ ഒരാളെ കൂട്ടിനു കിട്ടാതെ വിഷമിക്കുകയായിരുന്നു. നീ ബോട്ടിൽ കയറിയാൽ മാത്രം മതി ഞാൻ പറഞ്ഞൊപ്പിച്ചു. മനസ്സില്ലാമനസ്സോടെ അവൻ എന്റെ കൂടെ വന്നു. അഭിമാനിയായ കൊച്ചൻ 21 വയസ്സേയുള്ളൂ ഇന്ത്യ ചുറ്റിക്കാണാൻ ഇറങ്ങിയതാണ്. 2 ആഴ്ച്ചയായി ഇന്ത്യയിൽ എത്തിയിട്ട് ഇതൊക്കെ ബോട്ടിംഗിനിടയിൽ അവൻ പറഞ്ഞതാണ്. ഞാനും വിട്ട് കൊടുത്തില്ല, എന്റെ സാഹസിക യാത്രയെക്കുറിച്ച് ഞാനും വാചാലനായി.
Gadsisar Lake
അങ്ങനെ ഗാഡ്സിസാറിന്റെ വിരിമാറിലൂടെ ഞങ്ങൽ പെഡൽ ബോട്ട് ചവിട്ടി. അവന്റെ കയ്യിൽ സെവനപ്പിന്റെ ഒരു ബോട്ടിലുണ്ടായിരുന്നു. എനിക്കവൻ ഓഫർ ചെയ്തു. സെവനപ്പ് കുടിക്കുന്ന ദുശ്ശീലം എനിക്കില്ലെന്നും പെപ്സി മാത്രമേ കുടിക്കാറുള്ളു എന്നും പറഞ്ഞ് സ്നേഹപൂർവ്വം ആ ഓഫർ നിരസിച്ചു. ബോട്ടിൽനിന്നിറങ്ങിയതും യാത്രപറഞ്ഞവൻ പോയി. ഇരുട്ടുംവരെ അവിടെ ഇരിക്കാനായിരുന്നു എന്റെ തീരുമാനം. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സിനിമയിലെ ഒരു ഗാനത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ വെച്ചാണ് ചിത്രീകരിച്ചിരികുന്നത്. അസ്തമയസൂര്യനെ ക്യാമറയിൽ പകർത്തുമ്പോൾ അവൻ എന്റെ എതിരെ ഓടിവന്നു. കയ്യിൽ ഒരു പെപ്സിയുടെ ബോട്ടിലും ഉണ്ടായിരുന്നു. നിരസിക്കാൻ എനിക്കവസരം തരാതെ ഒരിക്കൽക്കൂടി അവൻ വിടപറഞ്ഞു. എന്റെ മുഖത്തും മനസ്സിലെ പുഞ്ചിരി പ്രതിഫലിച്ചു കാണണം അപ്പോൾ.
Fish In Gadsisar Lake
കുളം നിറയേ മീനുകളാണ്. ബ്രെഡും ബിസ്ക്കറ്റും മറ്റും സഞ്ചാരികൾ അവയ്ക്ക് തിന്നാൻ കൊടുക്കുന്നുണ്ട്.
7 മണിക്ക് പാവനാടകം കാണാൻ പോണം. ടൂറിസം ഇൻഫോർമേഷൻ സെന്ററിന്റെ അരികിൽ തന്നെയാണു പാവനാടകം നടക്കുന്ന ഡിസേർട്ട് കള്‍ച്ചറല്‍ സെന്റർ. ഇരുട്ടിയതും തടാകത്തിനരികിലെ ഇരിപ്പവസാനിപ്പിച്ച് അങ്ങോട്ടേക്ക് നടന്നു.
![]() |
Sun set from Gadsisar Lake |
1156 ൽ രാജാ ജൈസൽ നിർമ്മിച്ച ജൈസൽമേർ കോട്ട കാണാൻ രാവിലെ തന്നെ ഞാൻ ഇറങ്ങി. അടുത്തായതിനാൽ ബൈക്കെടുക്കാതെയാണു ഇറങ്ങിയത്. ലോകത്തിലെ തന്നെ വലിയ കോട്ടകളിൽ ഒന്നാണിത്.
![]() |
Jaisalmer Fort |
![]() |
Jiasalmer Fort |
നാലുമണിയോടെ സാൻഡ് ഡ്യൂണിൽ എത്തണം. ഇനിയും ഒരു പാട് മണിക്കൂറുകൾ ബാക്കിയുണ്ട്. യാത്ര തുടങ്ങിയതിനുശേഷം എന്താണെന്നറിയില്ല. താടിയും മുടിയുമൊക്കെ വല്ലാതെ വളർന്നിരിക്കുന്നു, ബാറ്ബറെ കാണാത്തത് കൊണ്ടാവും. എല്ലാമൊന്ന് വെട്ടി വൃത്തിയാക്കിയേക്കാം. സൂര്യാസ്തയത്തിനു മുൻപ് ഒരു മണിക്കൂർ ഒട്ടകസവാരി പിന്നെ തിരിച്ച് ക്യാമ്പിൽ. സന്ധ്യമയങ്ങിക്കഴിഞ്ഞാൽ ഡാൻസും കലാപരിപാടികളും. പിന്നെ ഡിന്നർ കഴിച്ച് എനിക്ക് തിരിച്ച് പോരണം. ഞാനവിടെ രാത്രി തങ്ങാനുള്ള പരിപാടിയില്ല. സാമിലേക്കുള്ള വഴിയിൽ ഡെസേർട്ട് വില്ലേജിലൂടെയും ഒന്നുകയറി ഇറങ്ങി. നാലു മണിക്ക് മുൻപ് തന്നെ ഞാൻ സാമിലെത്തി. വെൽക്കം ഡ്രിങ്ക് തന്നവർ സ്വീകരിച്ചു.
![]() |
Camp |
![]() |
getting ready for night show |
അഞ്ച് മുതൽ ആറുവരെ മണൽക്കൂനകൾക്ക് മുകളിലൂടെ ഒട്ടകത്തിൽ സവാരി നടത്തി. കാണാൻ സുഖമുള്ള ഏർപ്പാടാണെങ്കിലും ഒട്ടകപ്പുറത്തിരിക്കൽ ഇടങ്ങേറുപിടിച്ച പരിപാടിയാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. മിക്കവാറും സമയം ഞാൻ മണൽക്കൂനകൾക്ക് മുകളിലൂടെ നടന്നും ഫോട്ടോ എടുത്തും ചിലവഴിച്ചു. രാജസ്ഥാനി സംഗീതത്തിനനുസരിച്ച് പെൺകുട്ടികൾ ചുവടുവച്ചു.
ഭക്ഷണം കഴിച്ച് രാത്രി വൈകി ഞാൻ തിരിച്ച് റൂമിലേക്ക് വണ്ടി ഓടിച്ചു. ഒരു കുടുംബം ബൈക്ക് കേടായതുപോലെ വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കൈ കാണിച്ച് നിർത്തിച്ചു. സംഭവം പെട്രോൾ തീർന്നതാണു. അവരുടെ കയ്യിൽ പെട്രോൾ സ്റ്റോക്കുമുണ്ട്. ഇരുട്ടായതിനാൽ ഒഴിക്കാൻ കഴിയാതെ നിൽപ്പാണ്. എന്റെ വണ്ടിയുടെ വെട്ടത്തിൽ അയാൾ കുപ്പിയിലെ പെട്രോൾ വണ്ടിയിലൊഴിച്ച് വണ്ടി സ്റ്റാർട്ടാക്കി. ഇതെന്തിനാണ് കയ്യിൽ കൊണ്ട് നടക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും ഒന്നും മിണ്ടാതെ വണ്ടിയുമെടുത്ത് ഞാൻ യാത്ര തുടർന്നു. അവരായി അവരുടെ പെട്രോളായി എന്തേലും ചെയ്യട്ട്...അല്ല പിന്നെ.
Folk Dance
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടെ ഞെക്കുക